അധ്യായം – 6
മൗനതീരങ്ങളിൽ
കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാർത്ഥികൾ നടന്നുകൊണ്ടിരുന്നു. പെൺകുട്ടികളിൽ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാൽ ഫാഷൻ പ്രദർശനത്തിന് പോകുന്നതുപോലെയുണ്ട്. മറ്റു ചിലരുടെ വസ്ത്രങ്ങൾ തിളങ്ങുന്നതുപോലെ നോട്ടങ്ങളും തിളങ്ങുന്നു. അവരുടെ മധ്യത്തിലൂടെ കാറുകളും ഓടിക്കൊണ്ടിരിക്കുന്നു. സുന്ദരദൃശ്യങ്ങളായി നിലകൊള്ളുന്ന വൻകിട കെട്ടിടത്തിന് മുന്നിലെ പൂന്തോപ്പിലും പുൽത്തകിടിയിലും രാത്രിയില്‍ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളെ പുലർകാല രശ്മികൾ ഒപ്പിയെടുത്തു. നടന്നുവരുന്നവരിൽ രണ്ടുപേർ ആരെയോ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. സംശയദൃഷ്ടിയോടെ ചിലരത് വീക്ഷിക്കുകയും ചെയ്തു. കോളജ് യൂണിയനുകളിൽ പെട്ട കുഞ്ഞാലി മുഹമ്മദും ഗണേശനുമായിരുന്നു പുതുതായി വരുന്ന കുട്ടികളെ ഭീതിയുടെ നിഴലിൽ നിർത്താനും റാഗ് ചെയ്യാനും മുതിരുന്നവർ. മദ്യപാനികൾ, കഞ്ചാവടിക്കുന്നവർ. ആരും ക്ഷണിക്കപ്പെടാതെ എവിടെയും എത്തുന്നവർ. കുഞ്ഞാലി ഒരു സമുദായ നേതാവിന്റെ മകനും ഗണേശ് മന്ത്രി കാശിപിള്ളയുടെ മകനുമാണ്. കോളേജ് സ്വന്തം തറവാടുപോലെ കാണുന്നവർ. ചോദ്യം ചെയ്യുന്നവരെ തല്ലാനും മടിയില്ലാത്തവർ.
ഒറ്റയ്ക്കുപോയ ഒരു പെൺകുട്ടിയുടെ അടുക്കലെത്തി അവൾക്കൊപ്പം മുട്ടിയും ഉരുമ്മിയുമായവർ നടപ്പു തുടർന്നു. “അരുണക്കൊച്ചേ, നിന്നോട് ഒരു കാര്യം പറയാനാ വന്നേ. നീ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണം.” ഗണേശൻ അറിയിച്ചു. അവൾ സംശയത്തോടെ നോക്കി. “എന്നെ നിർത്തിയത് നിങ്ങളല്ല. എന്നെ നിർത്തിയവര്‍ പറയട്ടെ.”
കുഞ്ഞാലി മുഹമ്മദ് അടുത്തുവന്ന് കാര്യമായിട്ടറിയിച്ചു.
“ഞമ്മള് പറേന്നത് കുട്ടി കേക്ക്. ഞമ്മടെ പാർട്ടീടെ ഒരാള് നിക്കണുണ്ട്. പിന്നെന്ത്യേ കുട്ടി നിക്കണേ”
“ഞാൻ പേരു കൊടുത്തു. മത്സരിക്കും. നിങ്ങൾ എന്നെ ഭരിക്കേണ്ട.”
“യെടാ.. ഗണേശാ. ഈ കുട്ടീടെ മേല് കൊള്ളാലോ. ഒന്ന് തൊട്ടാലോ.”
കുഞ്ഞാലി കൈ അവളുടെ നേർക്ക് നീട്ടിയതും വിദ്വേഷത്തോടവൾ ആ കൈ തട്ടിമാറ്റി. ഉടനെ ഗണേശ് വന്നറിയിച്ചു. “കൂടുതൽ വിളയല്ലേടീ.”
മന്ത്രീടെ മകനാണെന്നുള്ള അഹങ്കാരമാണവന്. മറ്റുള്ളവർ ഒന്നുമല്ലെന്നുള്ള മനോഭാവം. ഉടനെ പറഞ്ഞു. “നിന്നെ ഒന്ന് തൊട്ടാലേ ഒന്നും പൊട്ടില്ല കേട്ടോ.”
“തൊട്ടാലേ കരണത്തടി വാങ്ങും.”
തന്റെ വാക്കുകളെ ധിക്കരിക്കാൻ ഇവൾക്ക് എങ്ങനെ ധൈര്യം വന്നു. ഗണേശിന്റെ കണ്ണുകൾ ചുവന്നു. അവൻ ദേഷ്യപ്പെട്ട് വിളിച്ചറിയിച്ചു. “ഫാ പുല്ലേ, നീയാരാടി?”
അത്രയും പറഞ്ഞിട്ട് അവളെ പിറകോട്ടു തള്ളി. ഏതാനും ചുവടടി പിന്നോട്ടു പോയ അരുണ പിറകിലൂടെ വന്ന സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാർക്കൊപ്പം മറിഞ്ഞുവീണു. അത് കണ്ട് കുട്ടികൾ അടുത്തു വന്ന് അവരെ മുകളിലേക്കുയർത്തി. സ്കൂട്ടറിൽ വന്ന കിരൺ അമർഷത്തോടെ ചോദിച്ചു. “എന്താ അരുണേ, എന്താ പ്രശ്നം?”
അവൾ നടന്ന കാര്യം വിസ്തരിച്ചു. ആൺകുട്ടികൾ പരസ്പരം കണ്ണിറുക്കി പുഞ്ചിരിയോടെ നിന്നു. കിരൺ അവരെ വെറുപ്പോടെ നോക്കി. അവരാകട്ടെ വികാരാവേശത്തോടെ തിളങ്ങുന്ന കണ്ണുകൾ കിരണിന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
“മര്യാദയ്ക്ക് ക്ഷമ ചോദിക്കുന്നതാ നിങ്ങൾക്കു നല്ലത്.”
“ഇല്ലെങ്കിൽ നീ എന്തു ചെയ്യും? പോടീ പുല്ലേ.” ഗണേഷ് തിരിച്ചടിച്ചു.
കൂടുതൽ വിശകലനത്തിന് നിൽക്കാതെ വലതുകാൽ മുകളിലേക്കുയർന്ന് അവന്റെ നെഞ്ചില്‍ ഊക്കോടെ പതിഞ്ഞു. അവൻ പുറകോട്ട് വേച്ചു വേച്ചു പോയി. ക്ഷുഭിതനായ കുഞ്ഞാലി മുന്നോട്ടുവന്നു. അതെ തൂക്കത്തിൽ അവന്റെ നെഞ്ചത്തും കിട്ടി ഒരെണ്ണം. അവന്‍ വേച്ചുവേച്ച് പിറകോട്ടു വീണു. ആവേശത്തോടെ മുന്നോട്ടുവന്ന ഗണേശിനെ അരുണ ഷർട്ടിന് പിടിച്ച് വലിച്ചെറിഞ്ഞു. കാര്യം നിസ്സാരമല്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ ദൂരേക്ക് മാറി. അവരുടെയിടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു. “നിങ്ങൾ അടി ഉണ്ടാക്കാതെ പോകൂ.”
കിരൺ കുഞ്ഞാലിയുടെ അടി തടുത്തിട്ട് തിരിച്ചടിച്ചു. ഗണേശിന് ഭയം തോന്നി. ഇവൾ കരാട്ടേ പഠിച്ചതാണെന്നു തോന്നുന്നു. അടുത്തേക്ക് ചെല്ലാതിരിക്കുന്നതാണ് ഉചിതം. ഇനിയും ചെന്നാൽ അടി കിട്ടുമെന്ന് ഉറപ്പാണ്. കിരണിന്റെ സുന്ദരമായ മുഖത്തിന്റെ ഛായതന്നെ മാറിവന്നു. കുഞ്ഞാലിയും ഗണേശും ഒട്ടുംകൂസാതെ അവളെ നോക്കി ആക്രമിക്കാൻ തക്കം പാർത്തു. ആ സമയം അവരെ ലക്ഷ്യമാക്കി കരുൺ ഓടിയെത്തി. ഗണേശിന്റെ കണ്ണുകൾ കൂടുതൽ ക്രൂരമായി. അവൻ ചുണ്ടുകൾ വക്രിച്ചു. പല്ലുകൾ ഞെരിഞ്ഞമർന്നു. ആകാശത്ത് പ്രത്യക്ഷപ്പെട്ട സൂര്യൻ പെട്ടെന്ന് അപ്രത്യക്ഷനായി. എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്നു. ഓടിക്കിതച്ചെത്തിയ കരുൺ അവരുടെ മുന്നിൽ ഒരു ജേതാവിനെപ്പോലെ നിലയുറപ്പിച്ചു. രണ്ടുപേരുടെയും ഷർട്ടിൽ അവളുടെ ഷൂവിന്റെ പാടുകൾ തെളിഞ്ഞു നിന്നു. എല്ലാവരുടെയും കണ്ണുകൾ കഴുകന്റേതു പോലെ ചുവന്നു തിളങ്ങി.
ഒരു പെണ്ണിന്റെ കാലിന്റെ ചൂട് ആദ്യമായിട്ടാണ് കുഞ്ഞാലിയും ഗണേശനും അറിയുന്നത്. മറ്റു പെൺകുട്ടികൾ അഭിമാനത്തോടെയും ആദരവോടെയും കിരണിനെ നോക്കുന്നു. യഥാർത്ഥത്തിൽ അതൊരു ബഹുമതിയായിത്തോന്നുന്നു. പെൺകുട്ടികളെ മാനഭംഗപ്പെടുത്താനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നവർക്ക് കീഴടങ്ങാതെ അവരെ നേരിടുകയാണ് വേണ്ടത്. കുട്ടികൾ തടിച്ചുകൂടി. ചില കുട്ടികൾ ഇതിൽ നമുക്കൊരു കാര്യവുമില്ലെന്ന മട്ടിൽ നടന്നകന്നു. കുഞ്ഞാലിക്കൊപ്പവും കിരണിനൊപ്പവും ചിലർ അടിപിടിക്കായി തയാറെടുത്തു. കിരണിന്റെ കണ്ണുകൾ ആളിക്കത്തുകയായിരുന്നു. കുഞ്ഞാലിയുടെ കണ്ണുകളിൽ വൈരാഗ്യം ഉണ്ടെങ്കിലും ഉള്ളിൽ ഭയമായിരുന്നു. സഹപാഠികള്‍ക്കിടയിൽ നല്ലൊരു പേര് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടികളിൽ നിന്ന് തല്ല് വാങ്ങിയത്. മുഖസ്തുതി പറയുന്നവനൊക്കെ അവന് മനോധൈര്യം കൊടുത്തുകൊണ്ടിരുന്നു.
കിരണിന്റെ കണ്ണുകളിൽ നിഴലിച്ചു കണ്ട രൗദ്രഭാവം കണ്ട കരുൺ പറഞ്ഞു “കിരൺ എന്താ ഉണ്ടായത്?” കിരൺ കാര്യം വിവരിച്ചു. അവൻ അരുണയോടും കാര്യം തിരക്കി. അവളും കിരണിനോട് യോജിച്ചു. കരുൺ എന്തു ചെയ്യണമെന്നറിയാതെ രണ്ടുകൂട്ടരെയും നോക്കി. രണ്ടു കൂട്ടരും പൊള്ളുന്ന മനസ്സുമായി നിൽക്കയാണ്. അവരുടെയുള്ളിൽ വൈരാഗ്യവും പകയും ജ്വലിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു തീരുമാനത്തിൽ എത്തുക തന്നെ വേണം.
അവൻ ഗണേശന്റെ അടുക്കലെത്തി പറഞ്ഞു, “നമ്മൾ ഇലക്ഷനിൽ മത്സരിക്കുന്നത് പരസ്പരം തല്ലുകൂടാനല്ല. നിങ്ങൾ ചെയ്തത് ഒരിക്കലും നന്നല്ല. എന്റെ അഭിപ്രായത്തിൽ ഒരു മാപ്പുകൊണ്ടു തീരാവുന്ന പ്രശ്നമേയുള്ളൂ. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണമോ?” പകയും വിദ്വേഷവുമായി മുന്നോട്ടുവന്ന കിരൺ പറഞ്ഞു, “ഇയാളങ്ങനെ മാപ്പുകൊണ്ട് ഈ പ്രശ്നം തീർക്കാൻ നോക്കേണ്ട. അങ്ങനെ തീർക്കണമെങ്കിൽ അത് കോളജ് പിള്ളാരുടെ മുന്നിൽ വച്ചുതന്നെ വേണം.”
കുഞ്ഞാലി കളിയാക്കി ചിരിച്ചിട്ടറിയിച്ചു. “ഞമ്മള് മാപ്പ് ശോയിക്കാനോ? ഇബിലിസുകടെ ഓരോരോ ഏനക്കേട്കള്”
കരുൺ ഗണേശിനോട് പറഞ്ഞു. “ഗണേശ് നീയെങ്കിലും ഇവനെ പറഞ്ഞ് മനസ്സിലാക്ക്.”
“അതെ തല്ലു കൊണ്ടതേ ഞങ്ങളാ. ഇവളുമാരാ മാപ്പു ചോദിക്കേണ്ടത് മനസ്സിലായോ?”
“യെടാ ഗണേശാ നീ ബേജാറാവണ്ട. ഞമ്മള് ഒപ്പം ഒണ്ടെന്ന് കൂട്ടിക്കോളീ. നിങ്ങള് ബരിൻ.” അവര്‍ തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ കരുൺ പറഞ്ഞു. “കുഞ്ഞാലീ, പെൺപിള്ളാരെ അപമാനിച്ചതിന് നീ മാപ്പു പറഞ്ഞിട്ട് പോയാൽ മതി.”
കിരണും മറ്റുള്ളവരും കരുണിനെ ആശ്ചര്യത്തോടെ നോക്കി. ശാന്തമായി നിന്നവന്റെ കണ്ണുകളിൽ എത്രവേഗത്തിലാണ് രോഷത്തിന്റെ ജ്വാലകൾ കണ്ടത്. നിമിഷനേരത്തേക്ക് കുഞ്ഞാലിയും ഗണേശും പരസ്പരം നോക്കി. അവരുടെ കണ്ണുകളിലും പകയും ദേഷ്യവും ഓളം തല്ലി.
കുഞ്ഞാലിക്കൊപ്പം നിന്നവൻ മുന്നോട്ടു വരാനൊരുങ്ങിയപ്പോള്‍ കരുണ്‍ താക്കീതുചെയ്തു പറഞ്ഞു. “ഈ കാര്യത്തിൽ മറ്റൊരുത്തനും ഇടപെടേണ്ട. സ്ത്രീപീഡനക്കേസിൽ എല്ലാവരും കോടതി കയറും, പറഞ്ഞേക്കാം.”
ഗണേശ് മുന്നോട്ടുവന്ന് കരുണിനെ തള്ളിയിട്ട് പറഞ്ഞു. “നീ ആരെയാടാ പേടിപ്പിക്കുന്നത് പുല്ലേ.”
“ഗണേശ്, കൈകൊണ്ടുള്ള കളി വേണ്ട. പെൺകുട്ടികളുടെ ആവശ്യം അംഗീകരിക്കുക. അതാണ് നല്ലത്.” കരുൺ ശാന്തനായി പറഞ്ഞു.
“യെടാ.. ഹമുക്കേ നീ..” കുഞ്ഞാലി കരുണിനെ ആഞ്ഞുതള്ളി. അവൻ ഏതാനും ചുവടടി പുറകോട്ട് പോയി പോയതുപോലെ മുന്നോട്ടുവന്ന് കുഞ്ഞാലിയുടെ വയറ്റില്‍ ആഞ്ഞിടിച്ചു. ഈ ഇടിയിൽ കുഞ്ഞാലി മലർന്നടിച്ചു വീണു. ഗണേശും കരുണിനെ പിറകിൽ നിന്നടിച്ചു.
ഉടനടി കിരൺ മുന്നോട്ടു വന്നെങ്കിലും കരുൺ തടഞ്ഞിട്ടു പറഞ്ഞു. “വേണ്ട കിരൺ, ഇതിൽ ഇടപെടേണ്ട.”
എന്തെന്നില്ലാത്ത പ്രതികാരവാഞ്ഛ കരുണിൽ ഉടലെടുത്തു. കണ്ണുകൾ വന്യമായി. ഒരു വന്യമൃഗത്തെപ്പോലെ അവരുടെ മേൽ ചാടിവീണു. അവരിൽ കിതപ്പും കരുണിൽ കുതിപ്പുമായി. രണ്ടുപേരും നിലംപതിച്ചപ്പോൾ കിരണും അരുണയും മറ്റു കുട്ടികളും കരുണിനെ അത്ഭുതത്തോടെ നോക്കി.
“ഈ കയ്യുണ്ടല്ലോ, അധ്വാനിക്കുന്നതാ, മേലിലും എന്റെ മേൽ കൈ പൊങ്ങരുത്. അവരോട് മാപ്പു പറഞ്ഞിട്ടു പോകാൻ മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ.”
കുഞ്ഞാലിയും ഗണേശും വിളറി വിരണ്ട കണ്ണുകളോടെ മണ്ണിൽ നിന്നെഴുന്നേറ്റ് ശരീരത്ത് പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കളഞ്ഞു നിൽക്കവേ പ്രിന്‍സിപ്പൽ മുരളീധരൻ നായർ പാഞ്ഞെത്തി. കുട്ടികളാണ് പ്രിൻസിപ്പലിനെ വിവരമറിയിച്ചത്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിപ്പോലും നിരപരാധികളായ കുട്ടികളെ ശല്യം ചെയ്യാറുള്ള കുഞ്ഞാലിയെയും ഗണേശിനെയും പലവട്ടം പ്രിൻസിപ്പൽ താക്കീത് ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. സമുദായബലം കൊണ്ടും സമ്പത്തുകൊണ്ടും അധികാരം കൊണ്ടും രണ്ടുപേരും ഉന്നതരാണ്. അതിനാൽ പോലീസും കോടതിയുമൊന്നും അവരെ പേടിപ്പിക്കുന്ന കാര്യങ്ങളല്ല. ഭരണപക്ഷത്തെ എതിർത്ത് പോലീസിനൊന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്തൊരു വിധി!
നടന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ എല്ലാവരിൽ നിന്നും മനസ്സിലാക്കിയിട്ട് പ്രിൻസിപ്പൽ കുഞ്ഞാലിയോടും ഗണേശിനോടും ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. കരുൺ നിശ്ചയദാർഢ്യത്തോടെ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു, “സർ ഉടനെ പോലീസിനെ വിളിച്ച് ഇവരുടെമേൽ കേസ് കൊടുക്കണം. ഇതത്ര നിസ്സാരകാര്യമല്ല. പെൺകുട്ടികൾക്ക് നിർഭയരായി ഇവിടെ പഠിക്കേണ്ടതല്ലേ? ഇത് ഗുണ്ടായിസമാണ്.”
“അത് വേണ്ടതുപോലെ ചെയ്യാം. നിങ്ങൾ ക്ലാസ്സിൽ പോ.”
“ഇവരെ ക്ലാസ്സിൽ നിന്ന് പുറത്താക്കാതെ ഞങ്ങള്‍ ക്ലാസ്സിൽ പോകുന്ന പ്രശ്നമില്ല.” കിരൺ മുന്നറിയിപ്പ് നൽകി.
ഒരു പറ്റം പെൺകുട്ടികളും ആൺകുട്ടികളും അവിടെ നിന്ന് മുദ്രാവാക്യം മുഴക്കി. “പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുക. പ്രിൻസിപ്പൽ നീതി പാലിക്കുക. ഈങ്കിലാബ് സിന്ദാബാദ്.”
മുദ്രാവാക്യങ്ങൾ മറ്റുള്ളവർ ഏറ്റുവിളിക്കുന്നത് കണ്ട് പ്രിൻസിപ്പാളിന്റെ ഹൃദയമിടിപ്പ് കൂടുക തന്നെ ചെയ്തു. പഠനത്തിൽ ശ്രദ്ധിക്കേണ്ട കുട്ടികളുടെ ശ്രദ്ധ തിരിയുന്നത് മറ്റു ചിന്തകളിലേക്കാണ്. ഈ വിഷയത്തിൽ എന്താണ് ചെയ്യുക. തെറ്റ് ചെയ്തിരിക്കുന്നത് സമ്പന്നരുടെ അധികാരികളുടെ മക്കളാണ്. അവരെ ധിക്കരിച്ചാൽ ഭരണത്തിലിരിക്കുന്നവന്മാർ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. അധികാരം എന്ത് അനീതിക്കും കൂട്ടുനിൽക്കുന്ന കാലമാണ്. ഇവർ തന്നെയാണല്ലോ നാട്ടിൽ തീവ്രവാദം നടത്തുന്നതെന്ന് തോന്നാറുണ്ട്. സത്യത്തിൽ അനീതിയെ നീതീകരിക്കുന്നത് തെറ്റല്ലേ? ഇവിടെ ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്. അല്ലാതെ അധികാരമുള്ളവന്റെ മുന്നിൽ അടിയറവ് പറയുകയല്ല വേണ്ടത്. ഇതുപോലെയുള്ള വിദ്യാർത്ഥികളെ മാതൃകയാക്കി ശിക്ഷിക്കണം. വിദ്യാർത്ഥി സംഘടനകൾ ഇടപെടാത്തത് നന്നായി. തിരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. കോളജ് രാഷ്ട്രീയം ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. പ്രതിഷേധ പ്രകടനവുമായി മുന്നോട്ടു പോയവർ കോളജിന്റെ മുന്നിൽത്തന്നെ ഇരിപ്പുറപ്പിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു.
പ്രിന്‍സിപ്പൽ മൊബൈൽ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടു. അവരെല്ലാമറിയിച്ചത് രമ്യതയിൽ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുക. മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന വിഷയമാകയാൽ ശക്തമായി മാനേജ്മെന്റ് ഇതിൽ ഇടപെടുകതന്നെ ചെയ്യും.
പ്രിൻസിപ്പൽ അവരെ അമ്പരപ്പോടെ നോക്കി. അവരുടെ മുന്നിൽ ചെന്നിട്ട് പറഞ്ഞു. “നിങ്ങൾ കുറെ മുതിർന്ന കുട്ടികളാണ്. ഇപ്പോൾ ആവശ്യം പഠനമാണ്. മുദ്രാവാക്യമല്ല. പ്രതികാരത്തോടെ ഇതിനെ കാണരുത്. അവരോട് ക്ഷമിച്ചുകൂടെ?” കിരൺ വാശിയോടെ പറഞ്ഞു. “ഇവിടെ നടന്നതു സ്ത്രീപീഡനമാണ്. അതെങ്ങനെ ക്ഷമിക്കും? സാറിന്റെ മോളാണെങ്കിൽ ക്ഷമിക്കുമോ? എന്നാൽ ഞങ്ങള്‍ ക്ഷമിക്കാൻ തയാറല്ല.”
മുരളിയുടെ മനസ്സിൽ മുളച്ചുപൊന്തിയ വാക്കുകൾ അവരുടെ മുന്നിൽ തൊണ്ടയിൽ കുടുങ്ങിപ്പോയി. മനസ്സാകെ അസ്വസ്ഥമായി. അവരെ കുറ്റപ്പെടുത്താനും കഴിയുന്നില്ല. ഈ അഹങ്കാരികൾ മൂലം മറ്റുള്ളവർക്കും തലവേദനയായി. അധികാരവും പണവും വരുത്തുന്ന നാശങ്ങൾ. കിരണിൽ നിന്ന് ഞാനത് പ്രതീക്ഷിച്ചതാണ്. കാരണം ചാരുംമൂടന്റെ മകളാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ അദ്ദേഹം പുറംതിരിഞ്ഞ് നിൽക്കുന്നയാളല്ല. അതെ, ശക്തരായിട്ടുള്ളവർ തമ്മിൽ ഏറ്റുമുട്ടട്ടെ. രണ്ട് കൂട്ടരുടെ മാതാപിതാക്കളെയും വിവരമറിയിച്ചിട്ട് പോലീസിനെ വിളിക്കുന്നതാണ് നല്ലത്. സമാധാനശ്രമങ്ങള്‍ നഷ്ടപ്പെട്ടാൽ അതിനെ വഴിയുള്ളൂ.
അവരുടെ മുഖത്ത് നോക്കി സൗമ്യനായി പറഞ്ഞു, “നോക്കൂ നിങ്ങളുടെ ഈ പ്രതിഷേധം മറ്റു കുട്ടികളെക്കൂടി ബാധിക്കുന്നതിനാൽ എനിക്ക് പോലീസിനെ വിളിക്കാതെ നിർവ്വാഹമില്ല.”
ആ വാക്കുകൾ അവർക്ക് തൃപ്തികരമായിരുന്നു. ഇപ്പോഴെങ്കിലും സത്യത്തിനൊപ്പം നിൽക്കാൻ മനസ് കാണിച്ച പ്രിൻസിപ്പാളിനെ കിരൺ അഭിനന്ദിച്ചു പറഞ്ഞു, “വളരെ നന്ദി സർ. പോലീസ് വരട്ടെ. കേസെടുക്കട്ടെ.”
പ്രിൻസിപ്പൽ മടങ്ങിപ്പോയി. ഓഫീസിലിരുന്ന് പരാതി എഴുതി തയ്യാറാക്കി. മാതാപിതാക്കളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ട് പോലീസിനെ വരുത്തി. രണ്ട് പോലീസ് ജീപ്പുകൾ പാഞ്ഞുവന്നു. അതിൽ നിന്ന് ഇൻസ്പെക്ടർ സുനില്‍ കോശിയും രണ്ട് പോലീസുകാരും പുറത്തിറങ്ങി. അതിൽ ഒരാൾ വനിതാ പോലീസായിരുന്നു.
കരുണും കിരണും അടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റി. ഇവരെല്ലാം മത്സരരംഗത്തുള്ളവരാണ്. സ്വതന്ത്രസ്ഥാനാർത്ഥികൾ.
കുഞ്ഞാലിയെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയെങ്കിലും ഗണേശിനൊപ്പം ക്ലാസ് മുറിയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. ആ സൂത്രവാക്യം പറഞ്ഞുകൊടുത്തത് പിതാവ് കാശിപിള്ളതന്നെയാണ്. സർക്കാർ തന്നെ ഇതുപോലെ കുറ്റവാളികളെ രക്ഷപെടുത്തുന്നത് കണ്ടിട്ടുണ്ട്. അവരെ ജീപ്പിൽ കൊണ്ടുപോകുന്നതിനെതിരേ പെൺകുട്ടികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പ്രിൻസിപ്പലിനെ ഘരാവോ ചെയ്ത് മുദ്രാവാക്യങ്ങൾ വിളിച്ചു.
“പ്രിൻസിപ്പൽ നീതി പാലിക്കുക, ഗുണ്ടകളെ പുറത്താക്കുക.”
യൂണിയനിലുള്ള കുറെ കുട്ടികൾ ഇതിൽ നിന്ന് മാറി നിന്നു. അവരുടെ ആ ഭാവം പെൺകുട്ടികൾ കാര്യമാക്കിയില്ല.
സംഭവമറിഞ്ഞ് വക്കീൽ വേഷത്തിലെത്തിയ ചാരുംമൂടൻ പോലീസ് സ്റ്റേഷൻ വരാന്തയിൽ നിന്ന് മകളടക്കമുള്ള കുട്ടികളെ കണ്ട് എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. പപ്പയെ കണ്ടപ്പോൾ ആശ്വാസമായി.
ഒടുവിലായി അദ്ദേഹം പറഞ്ഞു, “നിങ്ങൾ ആരും വിഷമിക്കേണ്ട. ഒരുത്തനെയും രക്ഷപ്പെടാൻ നമ്മൾ അനുവദിക്കില്ല.”
എല്ലാവരും ദീർഘമായിട്ടൊന്നു നിശ്വസിച്ചു. എസ്.ഐയുടെ മുറിയിലെത്തിയ ചാരുംമൂടന്‍ കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്തു. “ഈ അഹങ്കാരികൾ കോളജിൽനിന്ന് എങ്ങനെ രക്ഷപ്പെട്ടു. ആരാണ് രക്ഷപെടാൻ സഹായിച്ചത്? നിരപരാധികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യുന്ന ഒരു രീതിയാണല്ലോ. എന്തുകൊണ്ടവരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തില്ല. ഇപ്പോഴും പെൺകുട്ടികൾ സ്വതന്ത്രമായി നടക്കാൻ നമ്മുടെ ചുറ്റുപാടുകൾ സുരക്ഷിതമല്ലെന്ന് പറഞ്ഞാൽ അത് നീതിവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലേ? അത് ഉറപ്പു വരുത്തേണ്ട ചുമതല പോലീസിനാണ്. നിയമവ്യവസ്ഥയെ കീഴടക്കാൻ ഒരുത്തനെയും അനുവദിച്ചുകൂടാ. അങ്ങനെ വന്നാല്‍ പോലീസിന്റെ പേരിലും എനിക്ക് കേസ് കോടതിയിൽ കൊടുക്കേണ്ടി വരും. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി പരാതിക്കാരുടെ സംശയങ്ങൾ ദൂരീകരിക്കുക. എന്റെ കുട്ടികളുടെ കേസ് അട്ടിമറിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.”
എസ്.ഐ എല്ലാം കേട്ടിട്ട് പറഞ്ഞു, “ഇല്ല സർ. ഒരിക്കലും ഇത്തരക്കാര്‍ രക്ഷപ്പെടില്ല. പോലീസ് അവരെ തിരക്കി പോയിട്ടുണ്ട്.”
മേശപ്പുറത്തിരുന്ന ടെലിഫോണ്‍ ശബ്ദിച്ചു. “സോറി സർ. തെളിവുകൾ എല്ലാം അവർക്കെതിരാണ്. കുട്ടികളുടെ മാതാപിതാക്കളും സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങൾ കാക്കി ഇട്ടുപോയില്ലേ. എത്രയും വേഗം ഇവിടെ കൊണ്ടു ഹാജരാക്കാൻ പറയുക. സോറി, ഇതങ്ങനെ പേടിപ്പിച്ച് വിടാൻ പറ്റുന്ന കേസാണോ? ചാരുംമൂടൻ സാറും എന്റെ മുന്നിലുണ്ട്. ങാ, ഞാൻ ചോദിക്കാം.”
ഫോൺ ചെവിയിൽനിന്നു മാറ്റി ചോദിച്ചു, “എംഎൽഎയ്ക്ക് സാറുമായിട്ടൊന്ന് സംസാരിക്കണമെന്ന്.”
ചാരുംമൂടന്‍ അമർഷത്തോടെ പറഞ്ഞു, “എന്നോട് എന്തു സംസാരിക്കാൻ. അധികാരമുപയോഗിച്ച് എന്തും കാട്ടാമെന്നാണോ അവർ പഠിച്ചു വച്ചിരിക്കുന്നത്. ഒരു കാര്യം പറയാം, അധികാരത്തിലിരുന്നുള്ള രാഷ്ട്രീയ പീഡനം പാടില്ല. ഈ പീഡനം ജനങ്ങൾ സഹിച്ചുകൊണ്ടിരിക്കയാണ്. മറ്റൊന്ന് മക്കളെ അച്ചടക്കത്തോടെ വേണം വളർത്താൻ.”
ചാരുംമൂടന്റെ പ്രതിഷേധത്തിന് മുന്നിൽ മറ്റൊന്നും ചോദിക്കാൻ മനസു വന്നില്ല. ഫോൺ വച്ചു കഴിഞ്ഞിട്ട് ഏതാനും വെള്ള പേപ്പർ പരാതി എഴുതാനായി എടുത്തു കൊടുത്തിട്ട് അകത്തേ മുറിയിലേക്കു പോയി. അകത്തിരുന്ന പോലീസുകാരോട് പറഞ്ഞു. “ഈ കേസിൽ വെള്ളം ചേർക്കാൻ ആരും ശ്രമിക്കരുത്. എനിക്ക് കോടതി കേറിയിറങ്ങി സസ്പെൻഷൻ വാങ്ങാന്‍ വയ്യ. അകത്തിരിക്കുന്ന സാധനത്തെ കണ്ടല്ലോ.”
പോലീസ് സ്റ്റേഷനിൽ വരുന്ന കേസ്സുകൾ പലപ്പോഴും തിരിമറി നടത്തി വാദിയിൽ നിന്നും പ്രതിയിൽ നിന്നും കാശുണ്ടാക്കുക പതിവാണ്. ഇവിടെ ആ മഹാ മനസ്കത നടക്കില്ലെന്ന് ചുരുക്കം. അടുത്ത വീട്ടിലുള്ള രണ്ട് നായ്ക്കൾ കടിപിടി കൂടുന്ന ശബ്ദം സ്റ്റേഷനിലെത്തി. ചാരുംമൂടന്‍ കുട്ടികളുടെ ഒപ്പുകൾ ഓരോ പേപ്പറുകളിലായി വാങ്ങി. അകത്തേക്കു ചെന്ന് എഫ്ഐആർ രജിസ്ട്രർ ചെയ്തിട്ട് കോപ്പി രണ്ടെണ്ണം വീതമെടുക്കാനായി കരുണിനെ കടയിലേക്ക് വിട്ടിട്ട് കുട്ടികളുമായി കുശലാന്വേഷണങ്ങൾ പങ്കുവച്ചു.
അവിടെ മറ്റൊരാളും പരാതിയുമായി വന്നിട്ടുണ്ട്. ആദ്യം തലയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന വണ്ടിനെ പറഞ്ഞയച്ചിട്ടുവേണം എസ്ഐക്ക് അടുത്ത പരാതിക്കാരനെ സ്വീകരിക്കാൻ. അതുവരെ കൂടുതല്‍ ചോദ്യോത്തരങ്ങളുമായി നിർത്തിയാൽ മതി. അകത്തിരുന്ന രണ്ടു പോലീസുകാരുടെ മുഖങ്ങള്‍ തെളിഞ്ഞു.
ഇടയ്ക്കിടെ ഒരു പോലീസുകാരൻ കിരണിന്റെ വശ്യസൗന്ദര്യത്തിൽ ശ്രദ്ധാലുവായി. ആദ്യമായിട്ടാണ് ഇത്രമാത്രം അഴകാർന്ന ഒരു പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ കാണുന്നത്. അയാളുടെയുള്ളിൽ അടക്കാനാവാത്ത ആഗ്രഹങ്ങൾ ഉടലെടുക്കുകതന്നെ ചെയ്തു.
കരുൺ ഫോട്ടോ കോപ്പിയുമായി വേഗത്തിലെത്തി. ചാരുംമൂടനെ ഏൽപ്പിച്ചു. അത് വാങ്ങി തിരിഞ്ഞപ്പോൾ പോലീസുകാരന്റെ നോട്ടം മറ്റൊരു ഭാഗത്തേക്കായി. ഇയാള് കണ്ടു കഴിഞ്ഞാൽ മറ്റൊരു കേസു കൂടി തലയിലാകും.
എന്തായാലും വാദിയും പ്രതിയും ശക്തരാണ്. ഒരു കൂട്ടർ അധികാരമുപയോഗിച്ച് തോക്കുണ്ടാക്കുന്നു. മറ്റൊരു കൂട്ടർ അക്ഷരങ്ങളെ ബോംബുകളാക്കി കത്തിക്കുന്നു. രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും സാഹിത്യസൗന്ദര്യത്തിന്റെ അലകളും തമ്മിലുള്ള പോരാട്ടം.
എസ്.ഐ. ചാരുംമൂടനെ സൂക്ഷിച്ചുനോക്കി. അന്തസും അഭിമാനവും വിശ്വാസപ്രമാണങ്ങളും രാജ്യസ്നേഹവും ദർശനങ്ങളും കാത്തുപാലിക്കുന്ന വ്യക്തിത്വം. ആ കണ്ണുകളിലും ആ ദർശനമുണ്ട്. മകൾക്കും ആ കണ്ണുകളുടെ തിളക്കമാണ്. പരാതി എസ്.ഐ.യെ ഏൽപിച്ചു. അയാളത് ആശങ്കയോടെയാണ് വായിച്ചത്. എന്തെല്ലാം വകുപ്പുകളാണ് എഴുതിയിരിക്കുന്നത്. മന്ത്രിയറിഞ്ഞാല്‍ അയാളുടെ ആത്മവീര്യം നഷ്ടപ്പെടുക തന്നെ ചെയ്യും. കാലത്തിന്റെ പോരാളിയാണ് മുന്നിലിരിക്കുന്നത്. സാഹിത്യകാരികൾ വിപ്ലവകാരികളാകുന്നത് മനുഷ്യത്വം ചവുട്ടി മെതിക്കുമ്പോഴാണല്ലോ. ബുദ്ധിജീവികൾ എപ്പോഴും സത്യസന്ധതയുള്ളവരും ശുദ്ധിയുള്ളവരുമാണ്. അതുകൊണ്ടാണല്ലോ ഊതിക്കഴിച്ച സ്വർണംപോലെ അവരുടെ അക്ഷരങ്ങളും ശുദ്ധിയുള്ളതാകുന്നത്. എസ്ഐക്കും അദ്ദേഹത്തോട് ബഹുമാനം തോന്നി. സത്യത്തിന്റെയും നീതിയുടെയും വക്താവാണദ്ദേഹം. പാവപ്പെട്ടവന്റെ ഒപ്പം നിൽക്കുക അതൊക്കെ എല്ലാവർക്കും കഴിയുന്ന കാര്യമല്ല. അളവറ്റ സ്നേഹമുള്ളവർക്കേ അതിന് കഴിയൂ. ഈ പരാതിയിലും അത് നിഴലിക്കുന്നുണ്ട്. ഒരു പെൺകുട്ടിക്കും ഒരുവിധ പീഡനങ്ങളും ലഭിക്കാനിടയാകരുത്. അത്തരത്തിലുള്ള വൃത്തികെട്ട മനുഷ്യർ പാർക്കേണ്ടത് ജയിലറകളിലാണ്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്മാരാണ്. വേലി തന്നെ വിളവു തിന്നുന്ന കാലം.
ചാരുംമൂടൻ എഴുന്നേറ്റിട്ടു പറഞ്ഞു, “ഈ കേസുമായി ബന്ധപ്പെട്ട് ഞാൻ താങ്കളെ വിളിക്കും. അങ്ങയുടെ സഹകരണത്തിനും കുട്ടികളെ എന്റെ ജാമ്യത്തിൽ വിട്ടതിനും നന്ദി. ഇപ്പോഴും കുറ്റം ചെയ്യാത്തവർ അകത്തും കുറ്റവാളികൾ പുറത്തുമാണ്.”
എസ്.ഐ. ഉറപ്പോടെ പറഞ്ഞു. “ഇല്ല സർ, അവന്മാർ ഉടനെ അകത്താകും.”
“ഒരു സഹായം കൂടി ചെയ്യണം. കുട്ടികളെ തിരികെ കോളേജിൽ കൊണ്ടുവിടണം. ഞാനും അങ്ങോട്ടാണ്.” ചാരുംമൂടൻ ആവശ്യപ്പെട്ടു
“അതിനെന്താ. അത് ഞങ്ങടെ ജോലി അല്ലേ?”
സുനിൽ അടുത്ത മുറിയിൽ ചെന്ന് ഡ്രൈവറോട് കുട്ടികളെ കോളജിൽ കൊണ്ടുവിടാൻ നിർദേശിച്ചു. ജീപ്പ് മുന്നിലും കാർ പിറകിലുമായി അവർ യാത്ര തുടർന്നു.
കോളജിനു മുന്നിൽ ധാരാളം പെൺകുട്ടികളും ഏതാനും ആൺകുട്ടികളും മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. “നിരപരാധികളെ വിട്ടയയ്ക്കുക, കുറ്റവാളികളെ ശിക്ഷിക്കുക, പ്രിൻസിപ്പൽ രാജി വയ്ക്കുക, ഈങ്കിലാബ് സിന്ദാബാദ്.” പോലീസ് ജീപ്പിൽ നിന്നിറങ്ങിയ കരുണിനെ ആൺകുട്ടികൾ മുകളിലേക്കുയർത്തി ജയ് വിളിച്ചു.
About The Author
No related posts.