‘എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?’
ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ പോയിരിക്കുകയാണ്. നന്ദിനിക്ക് ടിക്കറ്റ് കിട്ടിയത് അടുത്ത ദിവസത്തേക്കാ യതിനാൽ ഇന്ന് ഒഴിവായി കിട്ടി.
രാവിലെ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചത് മുതൽ ഒരു സുഖം തോന്നുന്നില്ല. രണ്ടു പ്രാവശ്യം കക്കൂസിൽ പോയി. വീട്ടിൽ ആയിരുന്നെങ്കിൽ അച്ഛന് അറിയാത്ത ചോട്ടു വിദ്യകൾ ഒന്നും ഇല്ല. ഒരൊറ്റമൂലികൊണ്ട് വയറിളക്കം പമ്പ കടക്കും. ഇതിപ്പോ… ഒന്ന് പറയാനും ഇവിടെ ആരും ഇല്ലല്ലോ. നളിനിയോട് പറഞ്ഞാൽ അവളിപ്പോൾ അസ്വസ്ഥമാകും. നോക്കാം, കുറച്ചു നേരം കൂടെ. അടുക്കളയിൽ പോയി തപ്പി ഒരു കഷണം ഇഞ്ചി കണ്ടു പിടിച്ചു. ഒരു ചെറുനാരങ്ങ നോക്കിയിട്ടു കണ്ടില്ല. ഇഞ്ചി തൊലി കളഞ്ഞു പഞ്ചസാരയിൽ മുക്കി തിന്നു. കുറച്ചു നേരം ആശ്വാസം തോന്നി. പിന്നെയും കാര്യം വഷളാകുന്ന പോലെ തോന്നി.
വിവരം അറിഞ്ഞപ്പോൾ നളിനി പറഞ്ഞു കാര്യം അത്ര നിസ്സാരമല്ലെന്ന്. ഉരുളക്കിഴങ്ങൊന്നുമല്ല, നാട്ടിൽ ഇപ്പോൾ നടപ്പുള്ള ഒരു വൈറൽ പ്രശ്‌നമാണ്. കഴിഞ്ഞ ആഴ്ച അവൾ വീട്ടിൽ ചെന്നപ്പോൾ അയൽപക്കത്തെ തയ്യൽക്കാരൻ വാസുവേട്ടൻ ഇതുപോലെ വന്നു. രാവിലെ അയാൾ ‘വടി’ യായത്രേ നളിനി ഓട്ടോറിക്ഷ വിളിച്ചു. കടിച്ചു പിടിച്ചാണ് ഓട്ടോയിൽ ഇരുന്നത്. കഷ്ടകാലം വന്നാൽ കൂട്ടത്തോടെ എന്ന് കേട്ടിട്ടുണ്ട്. വഴിയിൽ ഓട്ടോയ്ക്ക് തകരാറു വന്നത്രേ. പക്ഷേ, അതൊന്നും അറിയാതെ നന്ദിനി അവളുടെ മടിയിൽ ബോധം കെട്ട് കിടന്നു. എതിരെ വന്ന ജീപ്പ് നളിനി കൈ കാണിച്ചു നിർത്തിയത്രേ. സംഭവത്തിന്റെ തീവ്രത അറിഞ്ഞു ജീപ്പ് യാത്രക്കാർ നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചതാണത്രേ.
രാവിലെ കണ്ണ് തുറന്നപ്പോൾ ദിനേശേട്ടൻ ആശ്വാസത്തോടെ പറഞ്ഞു ‘എന്റെ ഭഗവാനെ! രക്ഷപ്പെട്ടു’ പരിസര ബോധം ഉണ്ടാവാൻ പിന്നെയും സമയം എടുത്തു. കൈത്തണ്ട നീര് വന്നു വീർത്തിരുന്നു. തലേന്നു ട്രിപ്പ് തന്നത് കയറിയില്ലെന്ന്! ബെഡ്ഡിൽ എഴുന്നേറ്റ് ഇരുന്നു ചുറ്റും നോക്കി. ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്. ഹോസ്റ്റൽ കൂട്ടുകാരും വാർഡനുമൊക്കെ രാത്രി വളരെ വൈകിയപ്പോൾ തിരിച്ചു പോയി. പേടിക്കാനൊന്നും ഇല്ലെന്നു ഡോക്ടർ ഉറപ്പു നല്കിയിരുന്നു വത്രേ. പോകാതെ നിന്നത് ജീപ്പിൽ ഉണ്ടായിരുന്ന ആളും ഡ്രൈവറും ആണ്. അവരാണ് ദിനേശനെ ഫോൺ ചെയ്ത് അറിയിച്ചത്. അകലെ നില്ക്കുന്ന ആൾ അടുത്ത് വന്നു പരിചയപ്പെടുത്തി.
‘ ഞാൻ, ജോൺസൺ… ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ആണ്.’
നന്ദിനി മെല്ലെ ചിരിച്ചു.
‘ ഇന്നലെ ഓട്ടോ കേടു വന്നപ്പോൾ ഞാനാണ് ഇയാളെ എന്റെ ജീപ്പിൽ ഇവിടെ എത്തിച്ചത്. വളരെ സീരിയസ് ആയിരുന്നു. കൂടെ ഉള്ള കുട്ടി വാവിട്ടുകരയുന്നുണ്ടായിരുന്നു.’
‘ താങ്ക്യൂ.. സാർ.
നന്ദിനി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തലേ രാത്രിയിൽ ഉണ്ടായ അനുഭവം അവൾ ഓർത്തെടുത്തു. ഒരു നടുക്കം അവൾക്കുള്ളിലൂടെ കടന്നു പോയതപ്പോഴാണ്. അമ്മയെയും അച്ഛനെയും സഹോദരങ്ങളേയുമൊക്കെ ഒരു നിമിഷം ഓർത്തുപോയി.ദേവിക്ക് മുന്നിൽ നിറകണ്ണുകളുമായി നിൽക്കുന്ന അമ്മയുടെ മുഖം ഓർമ്മയിലേക്ക് കടന്നു വന്നു.
‘ദേവീ…’
വലിയ ദൈവവിശ്വാസം ഇല്ലാതിരുന്ന നന്ദിനി ആത്മാർത്ഥമായി വിളിച്ചു പോയി. പ്രതിസന്ധിയിൽ നടു റോഡിൽ ‘രക്ഷകനായി’ ഒരാളെ എത്തിച്ചത് തന്റെ ‘കാവിലെ ദേവീ’തന്നെ. സംശയം ഇല്ല. ഒരിക്കൽ കൂടെ വിളിച്ചു…’ എന്റെ ദേവീ…’
‘ വലിയ ദേവി ഭക്തയാണ് അല്ലേ?
ചോദ്യം കേട്ട് നന്ദിനി ചൂളി. തന്റെ രക്ഷകനിൽ നിന്ന് ആദ്യത്തെ ചോദ്യം!
‘ നന്ദിനി അത്രയ്ക്ക് ഭക്തയൊന്നുമായിരുന്നില്ല..’ ദിനേശൻ പറഞ്ഞു. ‘പക്ഷേ അമ്മായിയുടെ വിളി ദേവി കേട്ട് കാണും’
പിറ്റേന്ന് ഹോസ്റ്റലിലേക്ക് തിരിച്ചു പോന്നതും ജോൺസൺ സാറിന്റെ ജീപ്പിൽ തന്നെ ആയിരുന്നു. പുറകിലെ സീറ്റിൽ ദിനേശന്റെ കൂടെ ഇരുന്നപ്പോൾ മുന്നിൽ ഡ്രൈവറുടെ അടുത്തിരുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്ത് മുഴക്കമുള്ള ശബ്ദം! വടിവൊത്ത ശരീരം. ഇരു നിറം. ചുരുണ്ടിരുണ്ട തഴച്ച മുടി. എന്തൊരു ആകാര ഭംഗി എന്ത് ധീരതയുള്ള മുഖം!
‘നന്ദിനിക്ക് ഇറങ്ങണ്ടേ?
നന്ദിനി ഞെട്ടിപ്പോയി. ഹോസ്റ്റലിന്റെ മുന്നിൽ എത്തിയിരിക്കുന്നു. കൂട്ടുകാരൊക്കെ പോടി ഇറങ്ങി വരുന്നു. അല്പം നാണത്തോടെയാണ് ജീപ്പിൽനിന്നും ഇറങ്ങിയത്.
‘ ഝാൻസി റാണിയാണ്… മറക്കേണ്ട’. ദിനേശൻ പറഞ്ഞു.
‘പോ… ദിനേശേട്ടാ..’നന്ദിനി തിരിഞ്ഞു നോക്കി.കണ്ണുകൾ ഉടക്കിയത് ജീപ്പിൽ മുൻ സീറ്റിൽ ഇരുന്ന ജോൺസൺ സാറിന്റെ മുഖത്താണ്. തലേന്ന് ആ മടിയിൽ ആണ് തളർന്നു കിടന്നത്. ആ കൈകളാണ് വാരി എടുത്ത് ഹോസ്പിറ്റൽ ബെഡ്ഡിൽ എത്തിച്ചത്. ശരീരം വെറുതെ കോരിത്തരിച്ചു പോയി.
‘ഞങ്ങൾ പിന്നെ വരാം..’ ഗേറ്റ് കടത്തി വിട്ടിട്ടു ജോൺസൺ സാറും ദിനേശേട്ടനും ജീപ്പിൽ തന്നെ തിരിച്ച് പോയി.ഒരൊറ്റ ദിവസം കൊണ്ട് ആരോഗ്യം പൂർണമായും
നഷ്ടപ്പെട്ടത് പോലെ.കുളിക്കാൻ ഒരുങ്ങിയപ്പോൾ നളിനി പറഞ്ഞു.’ഇപ്പോൾ കുളിക്കേണ്ട… ഒരു ദിവസം കഴിഞ്ഞിട്ട് ചൂട് വെള്ളത്തിൽ കുളിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.’
‘എനിക്കെന്തോ പോലെ.ഒരു ആസ്പത്രി നാറ്റം.’നന്ദിനി പറഞ്ഞു.
‘അവർ ചൂട് വെള്ളത്തിൽ ശരീരം ഒക്കെ തുടച്ചിരുന്നു.അത് മതി.പറഞ്ഞത് അനുസരിക്കൂ.’
നന്ദിനി മുറിയിൽ തന്നെ ഇരുന്നു. കൂട്ടുകാർ ഇടതടവില്ലാതെ വന്നു. ബോയ്‌സ് ഹോസ്റ്റലിൽ നിന്നും പലരും വിവരം അന്വേഷിച്ച് എത്തി. ടീച്ചർമാർ ഒക്കെ ഓരോരുത്തരായി വന്നു പോയി. ആകെ ഒരു നാണക്കേട് ഒക്കെ തോന്നി. ഈ തിരക്കിനിടയിലും മായാത്ത പുഞ്ചിരിയുമായി ഒരു മുഖം!’ ജോൺസൺ സാർ’!ക്ലാസ്സുകൾ സാധാരണ പോലെ നീങ്ങുന്നു.പഠനത്തിൽ മിടുക്കിയാണ് നന്ദിനി.പക്ഷേ,ഇടയ്ക്കിടെശ്രദ്ധ പാളി പോകുന്നു.മനസ്സിന്റെ കോണിൽ ഒരു മുഖം പുഞ്ചിരിച്ചുകൊണ്ട് മിന്നി മറയുന്നു.ഉറച്ച ശബ്ദം കാതിൽ മുഴങ്ങുന്നു.നേർത്ത നിശ്വാസം മുഖത്തു പഠിക്കുന്ന പോലെ.ആ ബലിഷ്ഠകരങ്ങളിൽ തളർന്ന താമരത്തണ്ട് പോലെ കിടന്ന വിലോല നിമിഷങ്ങൾ.
ഛെ!
എന്തൊരു വിഡ്ഢിത്തം. ഇത്ര ലോലമാണോ തന്റെ ഹൃദയം?വലിയ തന്റേടി എന്ന് അഭിമാനിച്ചിരുന്ന നന്ദിനിയാണോ ഇത്? എവിടെപ്പോയി ആ പഴയ പ്രസരിപ്പ്? പിന്നെയുള്ള ദിവസങ്ങളിൽ സ്വയം പഴയ നന്ദിനിയാവാൻ അവൾ ശ്രമിച്ചു.
ആ ശനിയാഴ്ച ദിനേശൻ ഹോസ്റ്റലിൽ വന്നപ്പോൾ കൂടെ ജോൺസൺ സാറും ഉണ്ടായിരുന്നു.അന്ന് ആദ്യമായി ആ മുഖത്തേക്ക് നോക്കാൻ നന്ദിനിക്ക് ജാള്യത തോന്നി.
രോമാവൃതമായ ബലിഷ്ഠ കരങ്ങളിലാണ് താൻ തളർന്നു കിടന്നതെന്നോർക്കുബോൾ ശരീരം ആലില പോലെ വിറക്കുന്നു. ആ മടിത്തട്ടിലാണ് താൻ കിടന്നതെന്നോ? അദ്ദേഹം പ്രഥമ ശുശ്രൂഷ തന്നു തന്റെ ശരീരം ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നെന്നു നളിനി പറഞ്ഞു.
ഛെ
ഒരു പുരുഷന്റെ കൈകളിൽ ജീവനുവേണ്ടി തുടിച്ച്, ആ തുടിപ്പേറ്റു വാങ്ങിയ അപൂർവ്വനിമിഷങ്ങൾ!
‘എന്താ, നന്ദിനി… സ്വപ്നം കാണുകയാണോ?
ഞെട്ടിപ്പോയി. എന്തൊരു മുഴങ്ങുന്ന ചിരി!
‘ഇരിക്കു’
ദിനേശേട്ടനും ജോൺസൺ സാറും ഇരുന്നപ്പോൾ നന്ദിനി വിറയ്ക്കുന്നുണ്ടായിരുന്നു.വെറോനിക്കാമ്മ ചായയുമായി വന്നു കുശലം പറഞ്ഞു.
‘സാറിനെ കർത്താവാണ് ആ നേരത്ത് അവിടെ എത്തിച്ചത്.അതെങ്ങനെ നടക്കാതിരിക്കും? ആ പുണ്യം ചെയ്ത കുടുംബത്തിലെ കുഞ്ഞല്ലേ? അച്ഛന്റെ പാണ്ഡിത്യം കൊണ്ട് രോഗവിമുക്തനായ സ്വന്തം മകനെ തിരിച്ചു കിട്ടിയ സന്തോഷം വെറോനിക്കാമ്മ കോളേജ് മുഴുവൻ പാടി കൊണ്ട് നടക്കുന്നു.ഇന്ന് ഈ നാട്ടിലെ രോഗികൾ ക്യൂ നിൽക്കുകയാണ് വൈദ്യഗൃഹത്തിൽ!
‘എന്റെ സാർ,ഇത്രയും തങ്കപ്പെട്ട മനുഷ്യരെ ഈ ഭൂമി മലയാളത്തിൽ വേറെ
കാണില്ലാട്ടോ! അവിടുത്തെ പൊന്നുംകുടമല്ലേ? അതിനെ കർത്താവ് കൈവിടുമോ?
‘ വീട്ടിൽ അറിയിച്ചോ? ദിനേശൻ ചോദിച്ചു.
‘ഇല്ല’
‘ ഞാനും അറിയിച്ചില്ല’ദിനേശൻ പറഞ്ഞു.’ വെറുതെ അവരെ വിഷമിപ്പിക്കെണ്ടല്ലോ’
‘ ഇപ്പൊ എങ്ങനെ? ജോൺസൺ ചോദിച്ചു.
‘ വിശേഷിച്ചൊന്നും ഇല്ല…’
‘ അതൊക്കെ അങ്ങ് മറന്നേക്കു… നന്നായി പഠിക്കണം. പഴയ പോലെ തന്നെ…’ ജോൺസൺ പറഞ്ഞു.
‘ ഉം…..’ നന്ദിനി നീട്ടി മൂളി. മനസ്സിനകത്ത് ഒരു വെപ്രാളം കടന്നു കൂടിയിരിക്കുന്നെന്നു മൂളുമ്പോഴും അവൾ ഓർത്തു. തല ഉയർത്തി ഇരുവരെയും നോക്കാൻ തന്നെ നന്ദിനി വിഷമിച്ചു. ഇതൊക്കെ ആദ്യത്തെ അനുഭവമാണ്. ഝാൻസി റാണിയും ക്വീൻ വിക്ടോറിയയുമൊക്കെ തന്നെ കൈയ്യൊഴിഞ്ഞിരിക്കുന്നു. നന്ദിനിയിൽ ഒരു ചെറിയ നാണം ദിനേശനും ശ്രദ്ധിക്കാതിരുന്നില്ല.പക്ഷേ, അത് തന്റെ തോന്നൽ ആയിരിക്കുമെന്ന് അയാൾ ആശ്വസിച്ചു.
‘ ക്ഷീണം ഒന്നും ഇല്ലല്ലോ?’ ദിനേശൻ ചോദിച്ചു.
‘ ഹേയ് ‘ ഉത്തരം പറഞ്ഞത് വെറോനിക്കാമ്മയാണ്.’ കുഞ്ഞിനെ ഞാൻ പ്രത്യേകം നോക്കുന്നുണ്ട്. ഇതെന്റെ കൂടെ മോളല്ലേ?’ വെറോനിക്കാമ്മ പറഞ്ഞു.
‘ ഞങ്ങൾ പോകുന്നു… അന്നത്തെ സർക്കസ് നഷ്ടപ്പെട്ടതല്ലേ? നന്ദിനി വരുന്നോ?… നമുക്കൊരു സിനിമ കാണാം.’ ദിനേശൻ പറഞ്ഞു.
‘ ഇല്ല… ഞാനില്ല…’
നന്ദിനി ആദ്യമായി നാണം പൊതിഞ്ഞ മൃദുസ്വരത്തിൽ പറഞ്ഞു. ആ സ്വരമാറ്റം ദിനേശന് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. യാത്ര പറയുമ്പോൾ ദിനേശൻ അവളെ ആകെ ഒന്ന് നോക്കി.
‘ എന്ത് പറ്റി നന്ദിനീ… ആകെ ഒരു വിറയൽ?’
‘ ഹേയ്! ഒന്നുമില്ല… വീട്ടിൽ അറിയിക്കെണ്ടാട്ടോ, ദിനേശേട്ടാ…’ നന്ദിനി പതറിയ ശബ്ദത്തിൽ പറഞ്ഞു.
‘ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ! ജോൺസൺ നന്ദിനിയുടെ കണ്ണിലേക്കു നോക്കി പറഞ്ഞപ്പോൾ ആ നീൾമിഴികളിൽ കൂമ്പുന്ന നാണം അയാൾക്ക് അനുഭവപ്പെട്ടു. ജീപ്പ് ഓടുന്ന വഴിയേ അറിയാതെ നോക്കി നിന്നു നന്ദിനി. എന്തൊരു മാസ്മരികതയാണാ ശബ്ദത്തിന്
‘ ജോൺസൺ സാറ് ഞങ്ങടെ നാട്ടുകാരനാ… കേളികേട്ട തറവാട്ടിലെയാ… മെത്രാന്റെ കുടുംബമാ… ആ തറവാട്ടുഗുണം ഇണ്ട്‌ട്ടോ… നല്ല മനസ്സാ…’വെറോനിക്കാമ്മകപ്പുകൾ മേശപ്പുറത്തു നിന്നും എടുത്ത് അകത്തേക്ക് പോകുമ്പോൾ പറഞ്ഞു.
‘ ആ… നല്ല മനസ്സാ…’ നളിനിക്ക് അദ്ദേഹത്തെ പുകഴ്ത്താൻ രണ്ടു നാവാണ്. അവളുടെ അങ്കലാപ്പ് മനസ്സിലാക്കി, ദൈവദൂതനെപ്പോലെ കടന്നുവന്ന്, എന്തൊക്കെ സഹായം ചെയ്യാമോ, അതൊക്കെ ചെയ്തതല്ലേ? നളിനി ജോൺസൺ സാറിനെ ഫോൺ ചെയ്തു സംസാരിച്ചെന്നു പറഞ്ഞു. നന്ദിനിയേയും അവൾ നിർബന്ധിച്ചു. പക്ഷേ, ആദ്യമായി നന്ദിനിയുടെ ധൈര്യമൊക്കെ ചോർന്നു പോയിരുന്നു.
‘ ശക്തമായ ആ കരങ്ങളിൽ ഒരു താരിളം പെൺകിടാവായി തളർന്നു കിടന്ന നിമിഷങ്ങൾ ഓർക്കുമ്പോൾ, മുഴുവൻ കരുത്തും ചോർന്നുപോകുന്നു. ഇതെന്താ ഇങ്ങനെ?
പലവുരു അവൾ ഓർത്തു. ഉത്തരം ഇല്ലാത്ത ഒരു ജാള്യത. നറുനിലാവിൽ ഉദിച്ചു നിൽക്കുന്ന തേഞ്ഞ ചന്ദ്രക്കല പോലെ ആ മുഖകമലം മനസ്സിൽ മൃദുവായി തലോടുന്നു.
നാരായണി ഫോൺചെയ്തപ്പോൾ ‘സംഭവം’ നന്ദിനി ചെറുതായി സൂചിപ്പിച്ചു. വീട്ടിൽ അറിയേണ്ടെന്നും പറഞ്ഞു. ‘ ‘എന്നാലും, നന്ദിനി ചേച്ചി വീട്ടിൽ ഒന്ന് വാ… കാവിലെ ഭഗവതിക്കൊരു ചുറ്റുവിളക്ക് നടത്തണം. ഉത്സവം കഴിഞ്ഞ് പോയിട്ട് ചേച്ചി വന്നില്ലല്ലോ. ഭഗവതീ കടാക്ഷം കൊണ്ടാ ചേച്ചി രക്ഷപ്പെട്ടത്. മറക്കേണ്ട.’
‘ ശരി… മോളേ… ഞാൻ അടുത്ത ആഴ്ച വരാം’ നേർച്ചകളെ ഒക്കെ പുച്ഛിച്ചു പറഞ്ഞിരുന്ന നന്ദിനിക്ക് ആദ്യമായി അതിനു കഴിഞ്ഞില്ല.ദേവി അറിയാതെ ഒന്നും സംഭവിക്കില്ലെന്ന അമ്മയുടെ അഭിപ്രായം ശരിയായിരുന്നെന്ന് നന്ദിനി മനസ്സിലാക്കി. ദേവി തന്നെയാണ് ആ സമയത്ത് ജോൺസൺ സാറിനെ എത്തിച്ചത്. ദേവിക്ക് എന്താ ജാതിനോട്ടം ഇല്ലേ? ഒരു അന്യമതക്കാരനെത്തന്നെ തേടിപ്പിടിച്ചു തന്റെ മുന്നിൽ എത്തിച്ചത്? ഹാ കൈകളിൽ ഒരു മന്ദാരമലരാക്കി തന്നെ നിവേദിച്ചതാര്? ദേവി തന്നെയോ? പുസ്തകത്താളിൽ അമ്മ വച്ചുതന്ന രൗദ്രഭാവമുള്ള ദേവിയുടെ ചിത്രം അന്നാദ്യമായി നന്ദിനി പുറത്തെടുത്തു. സാകൂതം ആ ചിത്രത്തിലേക്ക് നോക്കി ഇരുന്നപ്പോൾ അതിനു ജീവൻ വെക്കുന്നത് പോലെ.
‘ എന്താ എന്റെ ദേവി, ഇങ്ങനെ? നന്ദിനിയുടെ ചോദ്യത്തിനു ദേവി പുഞ്ചിരി തൂകിയതുപോലെ! രൗദ്രഭാവത്തിനകത്തൊരു പ്രണയ ഭാവമോ? പറയേണ്ടെന്നു പറഞ്ഞിട്ടും നാരായണിയിൽനിന്നും വിവരമൊക്കെ വൈദ്യഗൃഹത്തിൽ അറിഞ്ഞു. അമ്മയ്ക്ക് ഇരിപ്പുറച്ചില്ല.ഞായറാഴ്ച രാവിലെ തന്നെ വൈദ്യരും അമ്മുക്കുട്ടിയമ്മയും ഹോസ്റ്റലിൽ എത്തി.
‘ നന്ദിനി… വന്നിരിക്കുന്നത് തന്റെ അമ്മയോ, ചേച്ചിയോ?’ നളിനിക്ക് വിശ്വസിക്കാൻ ആയില്ല. പിടിച്ച പിടിയാലെ നന്ദിനിയെ വീട്ടിലേക്കു കൊണ്ടുപോയി അമ്മ. ഒരാഴ്ചത്തെ ക്ലാസ്സെല്ലാം നഷ്ടപ്പെടുമെന്നു പറഞ്ഞിട്ട് സമ്മതിച്ചില്ല. ചുറ്റു വിളക്കും, അതിനോട് അനുബന്ധമായി ഒരു താലപ്പൊലിയും നടത്തണമെന്ന് അമ്മുക്കുട്ടിയമ്മയ്ക്ക് നിർബന്ധം. സർവ്വാപരാധങ്ങളും പൊറുത്തു കുടുംബത്തെ രക്ഷിക്കണമെന്ന് അവർ ദേവിയോട് കരുണയോടെ യാചിച്ചു. ഇത്തരം ആചാരങ്ങളൊക്കെ പുച്ഛിച്ചു തള്ളിയിരുന്ന നന്ദിനിയോടെ ക്ഷമിച്ചു രക്ഷിക്കണേ എന്ന് മനമുരുകി പ്രാർത്ഥിക്കാൻ അവർ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി നന്ദിനി ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല.
അഞ്ചരമുഴം തറ്റുടുത്തു, മേലെ കസവ് മുണ്ടുടുത്തു. പാലയ്ക്കാ മോതിരവും, നാഗപടത്താലിയും പവിത്രക്കെട്ടുമണിഞ്ഞു കല്ലുവളകൾ കൊഞ്ചുന്ന കയ്യിൽ താലമെടുത്തു തോഴികൾക്ക് മധ്യത്തിലൂടെ നന്ദിനി നീങ്ങിയപ്പോൾ, ദേവിയുടെ മുഴുക്കാപ്പണിഞ്ഞ മുഖത്ത് നോക്കി അമ്മുക്കുട്ടിയമ്മ ആനന്ദാശ്രുതൂകി. നെറ്റിതടത്തിൽ മഞ്ഞൾക്കുറിയും സിന്ദൂരവുമണിഞ്ഞ നന്ദിനിയുടെ അരുണ വദനത്തിൽ തീനാളങ്ങൾ ചിത്രം രചിക്കുന്നത് നോക്കി ദൂരെ മാറി ദിനേശനോട് ചേർന്ന് നിന്നു ജോൺസൺ. പുറകിൽ താളം അടിക്കുന്ന നീളൻമുടിത്തുമ്പത്തിരുന്നു മുല്ലമൊട്ടുകൾ മൃദുസ്‌മേരമുതിർക്കുന്നത് അയാൾ ഇമ അനങ്ങാതെ നോക്കി നിന്നു.
സൗന്ദര്യം പാലിച്ച സ്ത്രീരത്‌നങ്ങൾ അണിനിരന്നു നീങ്ങിയപ്പോൾ ആകാശത്ത് അമ്പിളിക്കല നിശ്ചലമായിനിന്നു. താലം ചൊരിഞ്ഞു പിന്തിരിഞ്ഞപ്പോൾ നന്ദിനി ഞെട്ടിപ്പോയി. താമരമിഴികൾ നാണത്തിൽ കൂമ്പി. നിർന്നിമേഷനായി ജോൺസൺ ദിനേശന്റെ തോളിൽ കൈ ചേർത്ത് നിൽക്കുന്നു. ആ നോട്ടത്തിനു മുന്നിൽ താൻ നഗ്‌നയാക്കപ്പെട്ട പോലെ! താൻ തലോടി ചൂട് പകർന്ന ഈ താരിളം മേനിയുടെ നഗ്‌ന സൗന്ദര്യം ആവോളം നുകരാൻ ജോൺസന്റെ നേത്രങ്ങൾ ആർത്തി പൂണ്ടുവോ
അച്ഛന്റെ പ്രത്യേക ക്ഷണം ഉണ്ടായിരുന്നു ജോൺസണ് എന്ന് അപ്പോഴാണ് അറിഞ്ഞത്. കുന്നത്തെ നിറയെ പൂത്ത കണിക്കൊന്ന പോലെ നന്ദിനി തലതാഴ്ത്തി നിന്നു. ആ ഭാവം ആ മുഖത്തിന് ഒട്ടും ചേരുന്നില്ലെന്ന് ദിനേശന് തോന്നി. ചാരുലജ്ജയിൽ തുടുത്തു താഴുന്ന ഈ മുഖം എത്രയോ തവണ താൻ സ്വപ്നം കണ്ടിട്ടുള്ളതാണെന്ന് ദിനേശൻ ഓർത്തു. ആ തിരുനെഞ്ചിൽ ഒരു തേൻകണമായി ഒഴുകി ഇറങ്ങാൻ തനിക്കു യോഗമില്ല. പക്ഷേ, ജോൺ സെന്റ് അല്പം ഇരുണ്ട കവിൾത്തടം ചെന്താരിതൾതുടപ്പിൽ വിജ്യoഭിക്കുന്നത് കണ്ടു ദിനേശൻ നടുങ്ങി. നന്ദിനിയുടെ കൂമ്പിയ നീലലോചനങ്ങളിൽ നിന്ന് എയ്തുവിട്ട കൂരമ്പുകൾ അവിടെ തറയ്ക്കുന്നതാണ് കാരണമെന്നവൻ തിരിച്ചറിഞ്ഞു. തറവാടിന്റെ ഉജ്ജ്വല പ്രഭാവം തൂത്തെറിഞ്ഞു നന്ദിനി എന്ന ഝാൻസി റാണി ജോൺസന്റെതാകുമോ
‘ നന്ദിനീ…’ വിറയ്ക്കുന്ന ശബ്ദത്തിൽ ദിനേശൻ വിളിച്ചു. മറ്റാരും കാണരുത് നന്ദിനിയുടെ ചാപല്യങ്ങൾ എന്ന് അയാൾ കരുതിയിരുന്നു.
‘ ഉം..’നന്ദിനി മുഖം മാറ്റി. തന്റെ ചാപല്യങ്ങൾ ദിനേശൻ കണ്ടുവോ?
‘ ഞങ്ങൾ വീട്ടിലേക്കു വരുന്നു.. അച്ഛൻ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്, ദിനേശൻ പറഞ്ഞു. നന്ദിനിയുടെവ്രീളാവിവശമായ മുഖം നോക്കി മറ്റൊരാൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. നാരായണി!
ചേച്ചിയുടെ മനംവായിക്കാനാവുന്നില്ല. അവിടെ ഈ വിലോലഭാവം സൃഷ്ടിച്ചത് ദിനേശനോ അതോ…
ഒരു നിമിഷം അവൾ ഞെട്ടിപ്പോയി. ചേച്ചിയെ നോക്കി അകലെ നിന്ന പുതുമുഖമാര്.
About The Author
No related posts.