ചാരുംമൂടൻ കാർ പാർക്ക് ചെയ്തിട്ട് നേരെ പോയത് പ്രിൻസിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ പ്രിൻസിപ്പൽ ഒന്നുകൂടി വിയർക്കാൻ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യം തോന്നി. മനസ്സാകെ ഞെരിപിരി കൊള്ളുകയാണ്. തൊഴുതുകൊണ്ട് ഇരിക്കാനാവശ്യപ്പെട്ടു. കസേരയിൽ ഇരുന്നു.
“സാറിന് കുടിക്കാൻ എന്തെങ്കിലും?”
“ഒന്നും വേണ്ട.”
പ്രിൻസിപ്പൽ മേശപ്പുറത്തിരുന്ന ഗ്ലാസിലെ മുഴുവൻ വെള്ളവും ദാഹിച്ചു വലഞ്ഞവനെപ്പോലെ കുടിച്ചു തീർത്തു. എന്നിട്ടു ക്ഷീണിതനായിട്ടറിയിച്ചു.
“എന്തു ചെയ്യാനാ സാറെ കുരുത്തംകെട്ട ചില പിള്ളാരെക്കൊണ്ടു മടുത്തു. എന്തെങ്കിലും ഉപദേശം കൊടുക്കാൻ ചെന്നാൽ ഞങ്ങളുടെ സ്വകാര്യതയിൽ പ്രിൻസിപ്പലിനെന്താ കാര്യം എന്നാ ചോദ്യം. എന്റെ ഭാഗത്തുനിന്ന് ഒരാനുകൂല്യവും കൊടുത്തിട്ടില്ല. അവരെ പുറത്താക്കാനുള്ള പ്രതിഷേധമാ പുറത്തു നടക്കുന്നത്. സത്യത്തിൽ രണ്ടുപേർക്കും നല്ല തല്ലുകിട്ടി. അടി ഇരന്നു വാങ്ങുകയായിരുന്നു. ഞാൻ കണ്ടില്ല. ഇത് കണ്ടുനിന്ന കുട്ടികൾ പറഞ്ഞതാണ്. സത്യത്തിൽ എന്തുചെയ്യുമെന്ന് ഒരു രൂപവുമില്ല. കോളേജിലെ മറ്റധ്യാപകരും ഇതുതന്നെയാണ് പറയുന്നത്. അവർ മറ്റേതെങ്കിലും കോളേജിൽ പോയി പഠിക്കട്ടേയെന്ന്. കുട്ടികളല്ലേ? പുറത്താക്കാനുള്ള വകുപ്പുമുണ്ട്. കാരണം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതല്ലേ?”
പ്രിൻസിപ്പല്‍ പരാജയപ്പെട്ടവനെപ്പോലെ നിഷ്കളങ്കഭാവത്തിൽ ചോദിച്ചു. “ഇതിൽ ഞാൻ എന്തു തീരുമാനമാണ് എടുക്കേണ്ടത്. പ്രതിഷേധക്കാരാണെങ്കിൽ അവരെ പുറത്താക്കണമെന്നുള്ള വാശിയിലാണ്.”
പ്രിൻസിപ്പൽ ഒരു ദുരന്തത്തിൽ പെട്ടുഴലുന്നതായി ചാരുംമൂടൻ മനസ്സിലാക്കി. സാറ് വിഷമിക്കേണ്ട. ഇതിന് ഞാൻ പരിഹാരം കാണാം. പ്രിൻസിപ്പല്‍ പ്രതീക്ഷയോടെ നോക്കി.
പ്രിൻസിപ്പൽ ആശങ്കയോടെ നോക്കി. നിമിഷങ്ങൾ മൗനം ഭജിച്ചു. മറ്റുള്ളവരെക്കാൾ വ്യത്യസ്തനായി ചിന്തിക്കുന്ന വ്യക്തി ആയതുകൊണ്ടാകാം. മകൾക്കുണ്ടായ അപമാനത്തിൽ നിന്നുകൊണ്ടും എന്നെ മാനിക്കാന്‍ ശ്രമിക്കുന്നത്. ആ വാക്കുകള്‍ പ്രതീക്ഷാനിർഭരമായിരുന്നു. അദ്ദേഹത്തിൽ നിന്നും വെറുപ്പുളവാക്കുന്ന വാക്കുകളാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. വാക്കുകൾ സ്നേഹം പുരണ്ടതും മൃദുവുമായിരുന്നു. ആ നോട്ടം പോലും ആത്മവിശ്വാസം തരുന്നതാണ്. ആ വാക്കുകള്‍ ആശ്വാസമാരി പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി. ചാരുംമൂടൻ കോളേജിൽ വന്ന നിമിഷം മുതൽ മനസ്സാകെ അങ്കലാപ്പിലായിരുന്നു. വിഷമിക്കേണ്ടതില്ലെന്നുള്ള വാക്കുകൾ കേട്ടപ്പോഴാണ് ഒരാശ്വാസമായത്.
ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇപ്പോഴും സമരധ്വനികൾ ഉയരുന്നുണ്ട്. ഇദ്ദേഹം എന്നിൽനിന്ന് എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ? ചാരുംമൂടൻ പ്രിന്‍സിപ്പലിനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു. അവർ കുട്ടികളുടെ മുന്നിലേക്ക് ചെല്ലുന്നതു കണ്ട് മുദ്രാവാക്യങ്ങൾ നിർത്തി അവരെ ആകാംക്ഷയോടെ നോക്കി.
ചാരുംമൂടൻ അറിയിച്ചു, “നിങ്ങൾ പ്രതിഷേധിക്കുന്നത് വളരെ ന്യായമാണ്. അത് സാറിനും പോലീസിനും എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ഇപ്പോൾ അവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നുതന്നെ കണ്ടെത്തും. നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം എന്താന്നുവച്ചാൽ, ഇന്നിവിടെ നടന്നത് മാനസികമായ മാനഹാനിയാണ്, ശാരീരികമായ മാനഭംഗമല്ല.”
അവർ ആശ്ചര്യത്തോടെ നോക്കി. ഇദ്ദേഹം എന്താണീ പറയുന്നത്.
“പെൺകുട്ടികളെ പീഡിപ്പിക്കാൻ ഒരിക്കലും അവർ ശ്രമിച്ചിട്ടില്ല. കോടതിയിൽ ഈ വാദം ഉന്നയിക്കാനും സാദ്ധ്യമല്ല. കാരണം കോളജ് വഴിയിലാണ് ഇതുണ്ടായത്.”
കിരൺ ആശങ്കയോടെ നോക്കി. പപ്പയെ പ്രിൻസിപ്പൽ സ്വാധീനിച്ചിരിക്കുന്നോ?
“നടന്നതെല്ലാം നിങ്ങളുടെ കൺമുന്നിലാണ്. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിങ്ങളുടെ ആവശ്യവും അതാണ്. പ്രിൻസിപ്പലും അംഗീകരിക്കുന്നു. നമ്മൾ അറിയേണ്ട ഒരു കാര്യം, കുറ്റവാളികളെ ശിക്ഷിക്കുന്നത് ഇവിടെയുള്ള നീതിന്യായ വകുപ്പാണ്. അതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. നമ്മുടെ പരാതി ഇപ്പോൾ പോലീസിലാണ്. ഒരേസമയം ഒരാൾക്ക് ഒന്നിലധികം ശിക്ഷ കൊടുക്കണോ? അവരും നിങ്ങളെപ്പോലെ പഠിക്കാൻ വന്നവരാണ്. അവർ പഠിക്കുകയും ഒപ്പം കോടതിയിൽ കയറിയിറങ്ങി അവർക്കുള്ള ശിക്ഷ വാങ്ങുകയും ചെയ്യട്ടെ. അവർ ചെയ്ത പ്രവൃത്തിക്കു നിങ്ങൾ ശിക്ഷ കൊടുത്ത കാര്യവും ഓർക്കണം. നിങ്ങൾ ഇപ്പോൾ സമരത്തിൽ നിന്ന് മാറി ക്ലാസ്സുകളിലേക്ക് പോകുക. പഠനമാണ് മുഖ്യം. ഈ കാര്യം പറയാനാണ് ഇവിടേക്ക് ഞങ്ങൾ വന്നത്.”
ആ തീരുമാനം നല്ലതെന്ന് എല്ലാവർക്കും തോന്നി. മറ്റൊന്നുകൂടി പറയാനുള്ളത് വെറുക്കുന്നവരെ സ്നേഹിക്കാൻ ശീലിക്കുക എന്നുള്ളതാണ്. നമ്മുടെ ജനാധിപത്യത്തിൽ വോട്ടു ചോദിക്കാന്‍ വരുന്നവരെ നമ്മുടെ ജനപ്രതിനിധികൾക്ക് തീർത്താൽ തീരാത്ത സ്നേഹമല്ലേ. അവർ അധികാരത്തിൽ വന്നു കഴിയുമ്പോൾ സ്നേഹം നമുക്കു ലഭിക്കാറില്ല. എന്നിട്ടും നമ്മെ തിരിഞ്ഞു നോക്കാത്തവരെ നാം സ്നേഹിക്കുന്നു.
പ്രിൻസിപ്പൽ സന്തോഷവാനായിരുന്നു. ഈ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ.
“ഇനിയൊരിക്കലും അവരില്‍ നിന്ന് ഒരു പ്രയാസവും നിങ്ങൾക്കുണ്ടാവില്ല”, പ്രിൻസിപ്പൽ അറിയിച്ചു.
കുട്ടികൾ ഓരോരുത്തരായി പിരിഞ്ഞുപോയി. ചാരുംമൂടൻ കരുണിനെ അടുത്തു വിളിച്ചു പറഞ്ഞു, “നീ ആ അരുണയുടെ വീടുവരെ തുണ പോകണം കേട്ടോ.”
അവൻ സമ്മതം മൂളിയത് കിരണും കേട്ടു. കിരൺ പപ്പായ്ക്ക് നന്ദി പറഞ്ഞിട്ട് തിരികെ പോയി. പ്രിന്‍സിപ്പലും ചാരുംമൂടനും ഓഫീസിലേക്ക് നടന്നു. പ്രിന്‍സിപ്പല്‍ ചായ വരുത്തി ചാരുംമൂടന് നൽകി. ഇതിന്റെ ബാക്കി പത്രം എന്തെന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരു നല്ല സഹായിയായി ചാരുംമൂടന്‍ കടന്നുവന്നത്. ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ ആളിക്കത്തിക്കാനാണ് പലരും ശ്രമിക്കാറ്. പ്രിൻസിപ്പാളിന്റെ മുഖത്ത് സന്തോഷം അലയടിച്ചു. പുസ്തകങ്ങളിലൂടെ മാത്രമേ ചാരുംമൂടനെ അറിഞ്ഞിട്ടുള്ളൂ. മകളെ കോളജിൽ ചേർക്കാനെത്തിയതും മറ്റുകാര്യങ്ങൾക്കുമെല്ലാം എത്തുന്നത് ഭാര്യയാണ്. കൃഷിയും പ്രകൃതിസംരക്ഷണവുമൊക്കെയായി സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ആളെ കണ്ടതുതന്നെ ഭാഗ്യം. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് ആ കണ്ടുമുട്ടൽ ഉണ്ടായതെന്നു മാത്രം. വക്കീൽ പരീക്ഷ പാസ്സായെങ്കിലും കോടതിയിൽ വാദത്തിനായി പോകാറില്ലെന്നാണ് അറിവ്.
ആകാംക്ഷയോടെ ചോദിച്ചു, “സാറ് കേസുകൾ വാദിക്കാറുണ്ടോ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.”
താടി തടവിയിട്ട് പറഞ്ഞു, “സത്യത്തിൽ എന്റെ വക്കീൽ പണി നടക്കുന്നത് കൃഷിയിലാണ്, അതിന് കോട്ടിന്റെ ആവശ്യമില്ലല്ലോ. പിന്നെ നീതി ലഭിക്കാതെ ഏതെങ്കിലും പാവങ്ങൾ വന്നാൽ ഈ കറുത്ത കോട്ട് ഞാൻ അണിയും, അത്രേയുള്ളൂ. എന്നാൽ ഞാനിറങ്ങട്ടെ..”
“സാറിനെ ഞങ്ങളുടെ കോളജ് ഡേയുടെ ഉദ്ഘാടനത്തിനായി വിളിക്കാൻ തീരുമാനിച്ചിരിക്കയായിരുന്നു. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ്. മുഖ്യഅതിഥി കളക്ടറാണ്. കോളജിലെ ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുത്തിരിക്കുന്നത് കരുണിനെയാണ്.”
“അവൻ എന്നോട് പറഞ്ഞിരുന്നു. കൃഷിയിലെ അവന്റെ ഗുരുനാഥന്‍ ഞാൻ തന്നെയാണ്.”
പ്രിൻസിപ്പലിന് അതൊരു പുതിയ അറിവായിരുന്നു. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“അതെനിക്കറിയില്ലായിരുന്നു. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയെന്നാണ് അറിവ്.”
“സത്യമാണ്. അവനെ പഠിപ്പിച്ച് ഇവിടെ വരെ എത്തിച്ചതും ഞാനാണ്.”
ഒരിക്കൽക്കൂടി അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി.
ജീവകാരുണ്യപ്രവർത്തനത്തിലും സജീവമാണെന്നു തോന്നുന്നു. ധാരാളമായി കേട്ടിരിക്കുന്നത് ഇദ്ദേഹം പാവപ്പെട്ടവര്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്നാണ്. കുറെ ഡിഗ്രികളെടുത്ത് ഉന്നത പദവിയിലിരുന്ന് ശമ്പളം പറ്റുന്ന തന്നെപ്പോലുള്ളവർക്ക് ഇതിനൊന്നും കഴിയില്ലെന്ന് കുറ്റബോധത്തോടെ ഓർത്തു. മുന്നിലിരിക്കുന്നത് ഒരു മഹാത്മാവാണോ? അടിത്തറയില്ലാത്തവന്റെ ജീവിതത്തിന് അടിത്തറയുണ്ടാക്കിക്കൊടുക്കുന്ന മഹാൻ. ഒരു വ്യക്തിയെ രക്ഷപെടുത്താൻ മനഃസാക്ഷിയുള്ള ഒരു വ്യക്തിക്ക് കഴിയും.
ചാരുംമൂടൻ പറഞ്ഞു, “ഞാനീ പറഞ്ഞത് എന്റെ നാട്ടുകാർക്കുപോലും അറിയില്ലാത്ത രഹസ്യമാണ്. അതിനാൽ താങ്കളും ഇതാരോടും പറയരുത്. ഇതുപോലെ മറ്റ് ഒൻപതു കുട്ടികൾക്ക് ഞാൻ സഹായം ചെയ്യുന്നുണ്ട്. അവർ പഠിക്കുന്നത് എന്റെ ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലും മറ്റു കോളജുകളിലുമാണ്. ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് കരുത്തു പകരും. ഇന്നുള്ള രാഷ്ട്രീയമുദ്രാവാക്യം ജീവിത മുദ്രാവാക്യമാക്കിയാൽ നാം പുലർത്തിപ്പോരുന്ന പല തെറ്റായ സമീപനങ്ങള്‍ക്കും കാഴ്ചപ്പാടുകൾക്കും ഉത്തരം കണ്ടെത്താൻ കഴിയും. ആ തെറ്റായ സമീപനങ്ങളിലൊന്നാണ് നദിയിലേക്കും റോഡിലേക്കും നാം മാലിന്യം വലിച്ചെറിയുന്നത്. പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കാനും മാനിക്കാനും ആദരിക്കാനും മനുഷ്യർ പഠിക്കണം. മറിച്ചായാൽ പ്രകൃതിയുടെ കോപത്തെ തടയാനാകില്ല. അത് വലിയ ദുരന്തമായി മാറും. കാറ്റും ചുഴലിക്കാറ്റും വെറുമൊരു മുന്നറിയിപ്പു മാത്രമാണ്. എല്ലാം മനുഷ്യമനസ്സുകളിൽ കുടികൊള്ളുന്ന ദുഷ്ടലാഭചിന്തകളാണ്. അതിൽ നിന്ന് പുറത്തുവരുന്നത് നന്മയല്ല തിന്മയാണ്. ആ തിന്മ ചെറിയൊരു തീപ്പൊരിയാണ്. അത് തീയായി ആളിക്കത്തുന്നു. ഇന്നത്തെ അഴിമതി, കൈക്കൂലി, സ്ത്രീപീഡനം മുതലായവ അതിനുദാഹരണങ്ങളാണ്. സ്വന്തം ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടം നൽകാൻ പ്രാപ്തിയില്ലാത്തവൻ പ്രകൃതിയെ എങ്ങനെ പ്രകാശിപ്പിക്കും. എല്ലാ മനുഷ്യരും ഭാവിയെപ്പറ്റി ധാരാളം സ്വപ്നങ്ങൾ ഉള്ളവരാണ്. അത് സ്വാർത്ഥതാൽപര്യങ്ങളെന്ന സ്വപ്നങ്ങൾ മാത്രമാകാതെ പ്രകൃതിയെ പ്രകാശിപ്പിക്കുന്ന സ്വപ്നം കൂടിയാകുമ്പോഴാണ് ഒരു മനുഷ്യൻ പൂർണ്ണനാകുന്നത്.”
പ്രിൻസിപ്പലിന്റെ കണ്ണുകളും കാതുകളും അദ്ദേഹം മടങ്ങിപ്പോകുന്നതുവരെ തുറന്നുതന്നെയിരുന്നു. പല വാക്കുകളും മനസ്സിനെ തന്നെ മാറ്റിമറിച്ചു. ജീവിതത്തിൽ സമ്പാദിക്കാൻ മാത്രമേ താനും ശ്രമിച്ചിട്ടുള്ളു. ഇനിയുമെങ്കിലും അതിന്റെ ഒരംശം പാവപ്പെട്ടവർക്കായി മാറ്റി വെക്കാനും കുട്ടികളെ മാലിന്യ വിമുക്തമായ കുടുംബമാക്കാനും അദ്ദേഹം തീരുമാനിച്ചു. ആ മുറിയിലേക്ക് കടന്നുവന്ന ഒരദ്ധ്യാപകൻ അദ്ദേഹം ഏതോ സ്വപ്നലോകത്ത് ആണെന്ന് മനസ്സിലാക്കി മടങ്ങിപ്പോയി.
ക്ലാസ്സ് കഴിഞ്ഞയുടൻ കിരൺ അരുണയ്ക്കൊപ്പം പുറത്തിറങ്ങി. രണ്ടുപേരും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്.
“ഇന്ന് നിന്റൊപ്പം ഞാനും വരുന്നുണ്ട്, നിന്റെ വീടുവരെ. നിന്നെ ഇന്ന് ശല്യപ്പെടുത്തിയവര്‍ പുറത്തുണ്ടോന്ന് അറിയില്ലല്ലോ, അതാ വരുന്നത്. ഇവനൊക്കെ വൃത്തികെട്ട രാഷ്ട്രീയകളിക്കാരാണ്.”
അരുണ ഉടനടി പറഞ്ഞു, “എനിക്കങ്ങിനെ പേടിയൊന്നുമില്ല.”
“ഇന്നത്തെ പെൺകുട്ടികൾ അങ്ങനെ പറഞ്ഞൊഴിയരുത്. ഇന്ന് നീ എന്റെ സ്കൂട്ടറിൽ തട്ടി വീണതുകൊണ്ട് ഞാൻ അവർക്ക് കൊടുക്കാനുള്ളത് കൊടുത്തു. അതേസമയം, നിനക്കതിന് കഴിഞ്ഞോ? കഴിഞ്ഞില്ല. അതുകൊണ്ട് ഈ പൂവാലന്മാരില്‍ നിന്ന് രക്ഷപെടാൻ ഒരൽപം കരാട്ടെയൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.”
എല്ലാം കണ്ടതും കേട്ടതും അമ്പരപ്പോടെ അവൾ ഓർത്തു. കോളജ് ഇലക്ഷനിൽ പങ്കെടുത്തത് ഇത്ര കുഴപ്പമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് കാണുന്ന നാട്യരാഷ്ട്രീയത്തിൽ മടുപ്പുള്ള ധാരാളം പേർ നാട്ടിലുണ്ട്. കരുൺ മുന്നോട്ടുവച്ച ആശയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് കേരളദേശം സംഘടനയിൽ അംഗമായത്. അവിടെ വ്യക്തികൾക്കാണ് പ്രാധാന്യം. അല്ലാതെ സമൂഹത്തിനല്ല. മറ്റുള്ളവരെപ്പോലെ നാട്ടിലെങ്ങും പ്രകടനം നടത്തി നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നതിനെക്കാൾ സ്വയംസംരക്ഷണ കർമ്മസേനയായിട്ടാണ് അതിനെ കണ്ടത്. അതിൽ കൂടുതലും പോലീസ്, പട്ടാളസേനയിൽ നിന്നും വിരമിച്ചവരാണ്. പരാതികൾക്ക് പരിഹാരം കാണുക എന്നതാണ് കേരളദേശത്തിന്റെ പ്രധാനലക്ഷ്യം. അംഗങ്ങളാകുന്നവര്‍ കാരുണ്യപ്രവൃത്തികളിൽ താൽപര്യമുള്ളവരാകണം. കാശുംവാങ്ങി കള്ളുംകുടിച്ച് പ്രചരണപരിപാടികളിൽ പങ്കെടുക്കുന്നവരാകരുത്. കരാട്ടേ കളരികൾക്കൊപ്പം ആഴ്ചയിൽ ഒരു പ്രാവശ്യം ധ്യാനത്തിൽ മുഴുകുന്നവരുമാകണം. ഇന്ന് ഇന്ത്യ നേരിടുന്ന സംഘർഷങ്ങളെ നേരിടാൻ കരുൺ മുന്നോട്ടുവച്ച ആശയങ്ങൾക്ക് കഴിയുമെന്ന് അരുണയെപ്പോലെ കിരണും വിശ്വസിച്ചു. ഇങ്ങനെയൊരു രൂപരേഖ കരുണിന് വരച്ചുകൊടുത്തത് തന്റെ പപ്പയാണെന്നും കിരണിന് അറിയാം. ഇന്നത്തെ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ അരാജകത്വമാണ്. യുവജനങ്ങളെ ആകർഷിക്കാൻവേണ്ടി പപ്പ കരുണിനെ ഒരായുധമാക്കുകയാണ്.
കോളജ് വാതിൽക്കൽ നിന്ന കരുൺ അവരുടെയടുത്തേക്ക് നടന്നുവന്ന് വിനയത്തോടെ പറഞ്ഞു. അരുണയ്ക്കൊപ്പം വീടുവരെ വരണമെന്നാണ് ചാരുംമൂടൻസാർ പറഞ്ഞത്. ഒരാൾ ഇടത്തും മറ്റൊരാൾ വലത്തും കാവൽക്കാരായി വരുന്നതില്‍ തനിക്ക് എതിർപ്പൊന്നുമില്ലെന്ന് അരുണ അറിയിച്ചു. കിരൺ ചിന്തകളിൽ മുഴുകി. കരുണിനെ സ്വന്തം വീട്ടിലെ ഒരു വേലക്കാരനായിട്ടാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. അവനെ പപ്പ സഹായിക്കുന്നതുപോലെ പല പാവപ്പെട്ട കുട്ടികളെയും സഹായിക്കുന്നുണ്ട്. പക്ഷേ, ഇവനോട് പപ്പയ്ക്ക് പ്രത്യേക സ്നേഹമാണ്. ഇന്നുണ്ടായത് യാദൃശ്ചിക സംഭവമാണ്. അത് ശക്തിയായി മനസ്സില്‍ ആഞ്ഞടിക്കുകതന്നെ ചെയ്തു. വീട്ടിലെ പല ജോലികളും അവൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ആകര്‍ഷകമായി തോന്നിയത് കൃഷിപ്പറമ്പിൽ പയറും പാവലും അനായാസമായി നട്ടുവളർത്തുന്നതാണ്. അപ്പോഴൊക്കെ അവനോട് ഒരു ആരാധനയായിരുന്നു. എന്നിട്ടും ഇന്നുവരെ ആ ആരാധനാമൂർത്തിയോട് ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. അത് തെറ്റായീന്ന് ഇപ്പോൾ തോന്നുന്നു. അത് അവനൊരു വേലക്കാരനായി കണ്ടതുകൊണ്ടല്ലേ? കൃഷിയിൽ മാത്രമല്ല മൃഗങ്ങളോടുള്ള സമീപനത്തിലും ഒരു പ്രത്യേകതയുണ്ട്. പശുവിനും അവനെ ഇഷ്ടമാണ്.
ഇന്ന് അരുണയെ വീട്ടിലാക്കാൻ പപ്പ അവനോട് ആവശ്യപ്പെട്ടപ്പോൾ ഒരു കല്ലുകടി ഉള്ളിലുണ്ടായി. ഹൃദയത്തുടിപ്പ് വർദ്ധിക്കുകയും ചെയ്തു. എനിക്കെന്തോ അവനെ അവൾക്കൊപ്പം ഒറ്റയ്ക്കു വിടാൻ കഴിയുന്നില്ല. അങ്ങിനെ പോയാൽ അവനോ അവളോ ഹൃദയത്തോട് പറ്റിച്ചേരില്ലെന്ന് ആരറിഞ്ഞു. അങ്ങനെയൊരു അസ്വസ്ഥതയുണ്ടായതുകൊണ്ടാണ് സ്കൂട്ടർ എടുക്കാതെ ഇവർക്കൊപ്പം യാത്ര തിരിച്ചത്.
കരുൺ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ ആ കാര്യം ചോദിക്കുകയും ചെയ്തു. അതിന് കൊടുത്ത മറുപടി അരുണയ്ക്ക് വേണ്ടി കുറച്ചു ദിവസം ബസ് യാത്ര മതിയെന്ന് തീരുമാനിച്ചുവെന്നാണ്. അവളുടെ മനസ്സിൽ കരുണിനൊപ്പം ബസ് യാത്ര ചെയ്യാമല്ലോ എന്നതായിരുന്നു. അവളുടെ കണ്ണുകളിൽ ഉത്സാഹം തുടിച്ചുനിന്നു. അവർ ഒപ്പം വരുന്നതിൽ അരുണയും സന്തോഷിച്ചു. കിരൺ കരാട്ടേ പഠിക്കുന്ന സ്ഥാപനത്തിൽ അവൾക്കും പഠിക്കണമെന്ന് ആഗ്രഹം മുന്നോട്ടു വച്ചു. ആഴ്ചയിൽ രണ്ടു ദിവസമാണ് പഠിക്കുന്നത്. അത് ശനിയും ഞായറും മാത്രം. നമ്മുടെ മാതാപിതാക്കൾ പെൺകുട്ടികളെ അത്യാവശ്യം കരാട്ടെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവൻ സംസാരിച്ചു. കരാട്ടേ മാസ്റ്ററോടു പറഞ്ഞിട്ട് അറിയിക്കാമെന്ന് കിരൺ ഉറപ്പുകൊടുത്തു.
ഒപ്പം നടക്കുന്ന കരുണിനെ ഇടയ്ക്കിടെ അവൾ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളിൽ ആരുമറിയാതെ ഒരു പ്രണയം ഒളിച്ചിരുന്നു. എത്രശ്രമിച്ചിട്ടും അതു പുറത്തുപറയാൻ അവൾക്കു കഴിയുന്നില്ല. അതൊരു നഷ്ടമായി മനസ്സില്‍ കൊണ്ടുനടക്കുന്നു. എത്രനാളിങ്ങനെ കൊണ്ടുനടക്കും. പഠനകാലത്ത് ഇതൊക്കെ നിയന്ത്രിക്കേണ്ടതാണ്. മാത്രവുമല്ല ഇതൊക്കെ പപ്പായുടെ മുഖത്തുനോക്കി പറയാനുള്ള ധൈര്യവുമില്ല. എനിക്കു വിശക്കുന്നു, ചുരിദാർ വേണം എന്നൊക്കെ പറയുന്നതുപോലെ കല്യാണം കഴിക്കണമെന്ന് മാതാപിതാക്കളോട് പറയാൻ പറ്റുമോ? പ്രണയം ഒരു ദുർഘട പാതതന്നെയാണ്. എന്തായാലും പ്രണയപരവശയായി പ്രണയത്തിന്റെ ഊടുവഴികളിലൂടെ നടക്കാൻ താൽപര്യമില്ല. അത് ജീവിതത്തെ ശ്വാസം മുട്ടിക്കുക മാത്രമല്ല അന്ധകാരത്തിലാഴ്ത്തുകയും ചെയ്യും. അതിനെക്കാൾ നല്ലത് ആ പ്രണയനിഴലിനെ താലോലിച്ച് ഉറങ്ങുന്നതാണ്. അത് സംതൃപ്തിയുടെ നിമിഷങ്ങളാണ്. അവിടെ വഴക്കില്ല, ഭയമില്ല, ഭീഷണിയില്ല, ശാസനകളില്ല, വേണമെങ്കിൽ അതിനെ പ്രണയജീവിതത്തിന്റെ നേരമ്പോക്കുകളായി കാണാം.
ബസിനായി കാത്തുനിന്ന സമയം ഒരു ചെറിയ ജന്മവൈകല്യമുള്ള പെൺകുട്ടിക്കൊപ്പം എല്ലുന്തിയ, മുലകൾ ശോഷിച്ച ഒരു മദ്ധ്യവയസ്കയായ സ്ത്രീ ഭിക്ഷാപാത്രം നീട്ടി യാചിച്ചു. അവള്‍ ബാഗ് തുറന്ന് അമ്പതു രൂപയുടെ നോട്ടെടുത്ത് അതിലേക്ക് ഇട്ടത് ഭിക്ഷക്കാരി സന്തോഷത്തോടെ നോക്കി. വാസ്തവത്തിൽ ഇത്രയും തുക പ്രതീക്ഷിച്ചില്ല അവർ. എന്നാൽ, കിരൺ ആ തുക കൊടുത്തത് ഇന്ത്യയിലെ ഭരണാധികാരികളുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഉണ്ടാകാതിരിക്കാനാണ്. ഒപ്പം സ്ത്രീപീഡനത്തിന്റെ മറ്റൊരു മുഖവും അവൾ കണ്ടു. അവർ ബസ്സിലേക്ക് കയറുന്നതുംനോക്കി ഭിക്ഷക്കാരി നിന്നു.
അരുണയെ വീട്ടിലാക്കിയ ശേഷം തിരികെയെത്തി മമ്മിയോട് എല്ലാം വിവരിച്ചു. ഭക്ഷണം കഴിഞ്ഞ് കിടക്കയെ അഭയം പ്രാപിച്ചെങ്കിലും ഉറങ്ങാനാകുന്നില്ല. അധികം ബസ് യാത്ര ചെയ്യാത്ത തനിക്ക് നല്ല ക്ഷീണമുണ്ടെന്ന് കരുതി നിഷ്കളങ്കമായ മനസ്സോടെയാണ് കരുൺ തനിക്ക് ഓറഞ്ച് ജ്യൂസ് വാങ്ങിത്തന്നത്. സത്യത്തിൽ നല്ല ദാഹമുണ്ടായിരുന്നു. എത്ര ഉത്സാഹത്തോടെയാണ് അവനൊപ്പം നടന്നത്.
ബസ്സിൽ യാത്ര ചെയ്തതുമൂലം ഒരു വഴക്കുണ്ടാക്കി. മുകളിലെ ഇരുമ്പുപാളിയിൽ പിടിച്ചു നിൽക്കവെ സീറ്റിലിരുന്ന ഒരുത്തന്റെ കണ്ണുകൾ തന്നിലേക്ക് പാളിവന്നു. ആ നോട്ടത്തിൽ ബസ്സിലെ എൻജിൻ കിതയ്ക്കുന്നതുപോലൊരു കിതപ്പുണ്ടായിരുന്നു. അത് കണ്ടയുടനെ ഉള്ളിൽ ദേഷ്യം നുരഞ്ഞു കയറി. തന്നിലെ എന്ത് പ്രത്യേകതകളാണ് അയാൾ കണ്ടെത്തിയത്. തന്റെ സൗന്ദര്യമോ? തന്റെ വസ്ത്രങ്ങളോ? അതോ വസ്ത്രങ്ങളിൽ ഒതുങ്ങാത്ത മറ്റെന്തെങ്കിലുമോ? ഏതൊരു പുരുഷനും സുന്ദരികളായ സ്ത്രീകളെ നോക്കുന്നത് സ്വാഭാവികമാണെങ്കിലും അയാളുടെ നോട്ടത്തിൽ അസ്വാഭാവികതയാണ് അനുഭവപ്പെട്ടത്. ഒരാള്‍ കണ്ണുരുട്ടി നോക്കുന്നതും പുഞ്ചിരിയോടെ നോക്കുന്നതും ബഹുമാനത്തോടെ നോക്കുന്നതും മനസ്സിലാകും. ഇതങ്ങനെയല്ല. ഒരു വഷളത്തം നിറഞ്ഞ നോട്ടം. അത് ചില ആണുങ്ങളുടെ ജന്മവാസനയോ അല്ലെങ്കിൽ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേർന്നതോ ആകാം. ഇത്തരം കാമഭ്രാന്തന്മാർക്ക് ശിക്ഷകളുണ്ടെങ്കിലും അത് വേണ്ടുംവിധം നടപ്പാക്കുന്നില്ല. അതിന്റെ പ്രധാനകാരണം കൈക്കൂലിയാണ്. അപ്പോൾ ശിക്ഷ താൻ തന്നെ നടപ്പാക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ ഒരു സ്ത്രീയെ നോക്കുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും മനഃപ്പൂർവ്വം നോക്കുന്നു. സാധാരണ സ്ത്രീകൾ മുഖം തിരിച്ച് നടക്കാറാണ് പതിവ്. ചിലർ അകന്നു മാറി പോകും.
എന്നെക്കാൾ പ്രായം കൂടിയ മറ്റൊരു സ്ത്രീയും അടുത്ത് നിൽപുണ്ട്. പ്രായം അമ്പതിലധികം കാണും. ഇതിന് ഒരു പരിഹാരം കാണാൻ തന്നെ അവൾ തീരുമാനിച്ചു. അയാളുടെ മുഖത്തേക്ക് ഒന്നുനോക്കി. അപ്പോൾ അയാൾ കണ്ണിറുക്കി കാട്ടി. പെട്ടെന്നവൾ അയാളുടെ മൂക്കിൽ ആഞ്ഞിടിച്ചു. അതോടെ അയാളുടെ ഭാവം മാറി.
“എന്താ കുട്ടീ ഇത്” അടുത്തിരുന്ന ആൾ ചോദിച്ചു.
“അത് ഇയാൾക്കറിയാം” അവൾ മറുപടി കൊടുത്തു.
“എന്തായാലും ഞാൻ പോലീസിനെ അറിയിക്കുന്നില്ല. തന്റെയീ സൂക്കേടുണ്ടല്ലോ, ഇതോടെ അവസാനിപ്പിച്ചേക്കണം.” അവൾ താക്കീതു ചെയ്തു. അയാൾ ഒരു ശവത്തെപ്പോലെയിരുന്നു.
ബസിനുള്ളിൽ മുൻഭാഗത്ത് നിന്ന കരുണോ പിറകിലുണ്ടായിരുന്ന കണ്ടക്ടറോ ഇതൊന്നുമറിഞ്ഞില്ല. ആടുമാടുകളെപ്പോലെ മനുഷ്യരെ കുത്തി നിറയ്ക്കുന്ന ബസിനുള്ളിലെ നിശബ്ദമുഖങ്ങള്‍. സഹജീവികളെ സഹാനുഭൂതിയോടെ കാണാൻ കഴിയാത്തവരോട് അവൾക്ക് പുച്ഛമാണ് തോന്നിയത്. ഇതിൽ നിന്നൊക്കെ എന്ത് ആഹ്ലാദമാണ് ഇക്കൂട്ടർക്ക് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇവനൊക്കെ മണ്ണിലെ പിശാചിന്റെ ജന്മങ്ങളാണ്. സ്വന്തം വികാരങ്ങൾ നിയന്ത്രണത്തിലാക്കാതെ അത് ദുർബലരായ സ്ത്രീകളിൽ കുത്തി നിറയ്ക്കുന്നവർ. ഇവനൊപ്പം കിടപ്പറയിൽ കഴിയുന്ന സ്ത്രീ എന്തെല്ലാം പീഡനങ്ങളാവും സഹിക്കുക. പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവരിലെ അപരിഷ്കൃതവർഗ്ഗം.
അവൾ അതോർത്ത് ഊറിച്ചിരിച്ചെങ്കിലും വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു. മനസ്സിൽ കൊണ്ടു നടക്കുന്ന ആത്മവിശ്വാസം നല്ലതാണ്. അത് സ്വഭാവത്തിലും പെരുമാറ്റത്തിലും കാണിക്കണം.
ബസിൽ നിന്നിറങ്ങിയ കരുണ്‍ ചോദിച്ചു, “ഞാൻ ഒപ്പം വരണോ? അതോ തനിച്ചു പോകുമോ?”
“ഞാൻ തനിച്ചു പൊക്കോളാം. അതിനുള്ള ധൈര്യമുണ്ട്.”
അത് തൃപ്തികരമായ ഒരു ഉത്തരമായാണ് തോന്നിയത്. എന്നാൽ സത്യം വെളിപ്പെടുത്താനുള്ള ഒരു അവസരം നഷ്ടപ്പെടുത്തിയില്ലേ. അവനൊപ്പം രണ്ടു മണിക്കൂർ ചെലവഴിച്ചിട്ട് മനസ്സിലുള്ള ആഗ്രഹം തുറന്നു പറയാൻ കഴിഞ്ഞോ? ഓറഞ്ച് ജ്യൂസ് വാങ്ങിത്തന്നപ്പോഴും അവസരമുണ്ടായിരുന്നു.
അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിയിൽ ഉലാത്തി. സ്നേഹിക്കുന്ന പുരുഷനിൽ നിന്ന് അകലാനല്ല ശ്രമിക്കേണ്ടത് അടുക്കാനാണ്. അവൾ നിരാശയോടെ ലൈറ്റണച്ചിട്ട് കട്ടിലിൽ കിടന്ന് പുതപ്പ് ശരീരത്തിലൂടെ മൂടി. കണ്ണുകൾ അടച്ചു കിടന്നെങ്കിലും മനസ്സിൽ അനുരാഗത്തിന്റെ കുഞ്ഞലകൾ പൂമാനം പോലെ തെളിഞ്ഞു നിന്നു.
About The Author
No related posts.