യു ദ്ധ ണ്! – വി. കെ. എൻ.

Facebook
Twitter
WhatsApp
Email

മഹാഭാരതം ബാലേയ്ക്ക് ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഈനാശു വക ആയിരുന്നു. പരിപാടി കഴിഞ്ഞു വന്ന ഈനാശു കിടന്നതേ ഉറങ്ങിപ്പോയി.

ഉറക്കത്തില്‍ ഈനാശുവിന്റെ സ്വപ്നത്തില്‍ തൃശൂര്‍ അരിയങ്ങാടിയില്‍ വച്ച് മഹാഭാരതയുദ്ധം അരങ്ങേറുകയായിരുന്നു.

18 അക്ഷൗഹിണികളായി സൈന്യം കൗരവപക്ഷത്തും പാണ്ഡവപക്ഷത്തുമായി റോഡിന്നിരുവശം നിലകൊണ്ടു. ഭീഷ്മപിതാമഹന്‍ ശംഖ് എടുത്ത് ഊതാന്‍ തുനിഞ്ഞപ്പോഴേക്കും അര്‍ജ്ജുനന്റെ രഥം രണ്ട് സൈന്യത്തിനും നടുവിലായി വന്നുനിന്നു. വില്ല് നിലത്തിട്ട അര്‍ജുനന്‍ തേരില്‍ കുന്തിച്ചിരുന്നു. പിതാമഹന്‍ അന്തം വിട്ടു!

“ഈ ചെക്കനിതെന്തിന്റെ കേടാണ്”,അദ്ദേഹം പിറുപിറുത്തു.

ദുര്യോധനന്‍ മനസ്സില്‍ വിചാരിച്ചു:

“ഇപ്പൊ ഒരു കാച്ചാ കാച്ച്യാ കൊച്ചപ്പന്റെ മോന്റെ പണ്യാ തീരും . അതോടെ യുദ്ധോം തീരും!”

പൗത്രന്റെ മനസ്സ് വായിച്ച പിതാമഹന്‍ കണ്ണുരുട്ടി.

“മോനേ ദുര്യോ,
അനങ്ങ്യാ അന്റെ മോന്തക്ക് ഒന്ന് വീക്കും ഞാന. യുദ്ധത്തിന്റെ നിയമോം കുന്തോം കൊടച്ചക്ക്രോം ഒക്കെ ആദ്യം ഒപ്പിട്ടകാര്യം നിയ്യ് മറക്കണ്ട”.

ദുര്യോധനന്‍ അര്‍ജുനനും കൃഷ്ണനും തമ്മില്‍ സംസാരിക്കുന്നത് നോക്കി പിറുപിറുത്തു.

“ദെന്തൂട്ട് കൂത്തണ്. കൊല്ല്ണ്ടങ്കി കൊല്ല്,
അല്ല ചാവ്ണ്ടങ്കി ചാവ്, ശവ്യോള്!”

കുനിഞ്ഞിരിക്കുന്ന അര്‍ജ്ജുനനെ നോക്കി കൃഷ്ണന്‍ ചോദിച്ചു.
“ദെന്തിന്റെ കേടാണ് അർജൂ നെണക്ക്? കുനിഞ്ഞിരിക്കാണ്ട് എണീച്ച് ആണുങ്ങളെ പോലെ യുദ്ധം ചെയ്യട!”

അര്‍ജ്ജുനൻ,
“യുദ്ധണ് ത്,
യുദ്ധണ്.
അപ്പാപ്പന്റെ നെഞ്ചത്തയ്ക്ക് ഞാന്‍ അമ്പെയ്യണെ?
ന്നെ നാലക്ഷരം പഠിപ്പിച്ച മാഷ്ണ് ആ നിക്കണത്. അവരടെ നെഞ്ചത്തയ്ക്കാ ഞാന്‍ അമ്പെയ്യണെ?
ന്നെ കൊണ്ട് കൂട്ട്യാ കൂടില്ല കൃഷ്ണാ!”

കൃഷ്ണൻ,”ഈ യുദ്ധം യുദ്ധംന്ന് പറഞ്ഞാ ക്ഷത്രിയ ധര്‍മ്മണ്. അത് ചെയ്യാന്‍ പറ്റില്ലന്ന് പറഞ്ഞാ പിന്നെ നിയ്യെന്തൂട്ടു ക്ഷത്രിയനാടാ? ആവശ്യല്ലാത്ത ബന്ധോം കുന്തോം ഒക്കെ ആലോയ്ച്ച് മനസ്സ് പുണ്ണാക്ക്വെണ്,
ദേ ഇങ്ങട് നോക്ക്യേ…
നെണക്ക് പേടിണ്ടാ? പേടിത്തൂറീന്ന്ള്ള പേര് കേപ്പിക്കാനായിട്ട്. കുനിഞ്ഞിരിക്കാണ്ടെ ഇനീറ്റ് പോയി യുദ്ധം ചെയ്യട കന്നാലീ!”

അര്‍ജ്ജുനൻ,
“സ്വന്തക്കാരെ കൊല്ലണ ക്ഷത്രിയ ധര്‍മ്മം ഇയ്ക്ക് വേണ്ട മാധവാ. നീയും ആ ശകുനീം കൂടി അപ്പുറത്തും ഇപ്പുറത്തും തീയിട്ട് തമ്മിത്തല്ലാക്കി. എന്നിട്ടിപ്പ ഞാനിവര്യൊക്കെ കൊല്ലണംന്ന് ല്ലേ? നന്നായിണ്ട്. ആ പൂത്യാ മറന്നോ കൃഷ്ണ,
ഈ അര്‍ജ്ജു വില്ല് കയ്യോണ്ടാ തൊടില്ല്യാന്ന് പറഞ്ഞാ തൊടില്ല്യാന്നന്ന്യാ.
മ്മക്ക് രാജ്യോം വേണ്ട, കുന്തോം വേണ്ട, കൊടച്ചക്ക്രോം വേണ്ടാ!”*

കൃഷ്ണൻ,”അയ്യ്യേ…
എന്തൂട്ടാണ്ടാ പാര്‍ത്ഥാ ദ്. നിന്റെ മനസ്സില് ആവശ്യല്ല്യാത്ത കാര്യങ്ങള് ചുമ്മാ കണകൊണ ബഹളണ്ടാക്ക്വണ്. നീയൊന്നാലോചിച്ചു നോക്ക്യേ,ജീവിതം ന്ന് പറഞ്ഞാ എന്തണ്?
മരണം ന്ന് പറഞ്ഞാ എന്തണ്? എല്ലാം ഓരോ തോന്നലല്ലേടാ ഗഡീ.
എല്ലാം മായ്യേ ണ്. നിയ്യ് വിചാരിക്കിണ്ടാവും നിയ്യ് പറേണതാണ് ശെരീന്ന്. വിവരല്ല്യാന്നാ കൂട്ടിക്കോ. ഇത്തിരീ കൂടി നന്നായി ആലോയ്ച്ചാ നെണക്കന്നെ പിടി കിട്ടണ കാര്യണ്. ദേ സമയാ പോണ്!
ഇണീച്ച് പോയി യുദ്ധം ചെയ്യ്‌ടാ!”

അര്‍ജ്ജുൻ,”യ്യ് പോയ്‌ പണ്യോക്ക് കൃഷ്ണാ”.

കൃഷ്ണൻ,”ദാപ്പൊ നന്നായ്യ്യെ. അവര് മരിക്കണേനു വിഷമിക്കണ്ട കാര്യോന്നൂല്ല്യ കിരീടീ .
നിയ്യ് വെറുതെ കിടികിടി പറയാണ്ട് എണീയ്ക്ക്. ജനിച്ചവര്‍ക്കൊക്കെ മരണം ണ്ട്. രാത്രീം പകലും പോലെ തന്ന്യേണ് ജനനോം മരണോം. ആത്മാവ് ന്ന് പറഞ്ഞൊരു സാധനംണ്ട്, നെണക്കറിയോ? അതാണ്‌ ശെരിക്ക്ള്ള നീയ്. അല്ലാണ്ട് ഈ തോലീം മാംസോം ആയിക്കാണണ ശരീരല്ല. മനസ്സിലാവ്ണ് ണ്ടാ നെണക്ക്. ആത്മാവിന് മരണല്ല്യ. ഒരു ശരീരം കളഞ്ഞ് മറ്റൊരു ശരീത്തില്‍ കയറും. അതിന് ജനനം ന്ന് പറയും. ജനിക്കുമ്പോ ആള്വോള്‍ക്ക് സന്തോഷം, മരിയ്ക്കുമ്പോ സങ്കടം . വല്ല കാര്യോണ്ടാന്ന് നോക്ക്യേ! ഈ ജനനമരണ സത്യം മനസ്സിലാക്ക്യ പിന്നെ സുഖം ദുഃഖോം മണ്ണാങ്കട്ട്യേം ഒന്നൂല്ല്യ.
ഒന്നിലും മനസ്സ് മയങ്ങരുത്. യുദ്ധം നെന്റെ കര്‍ത്തവ്യണ്.
ദേ,ആ ദുര്യോധനന്‍ നെന്നെ നോക്കി ചിരിക്ക്യാണ്. നാണണ്ടാ ശവീ നെനക്ക്. എണീറ്റ് രണ്ട് അമ്പാ വിടറാ!
അല്ല പിന്നെ.

അര്‍ജ്ജുനൻ,”പറ്റില്ല്യാന്നന്ന്യാ ഞാൻ പറഞ്ഞേ കൃഷ്ണാ. വെളുപ്പാംകാലത്ത് തണുപ്പത്ത് ഒരു ചൂടുള്ള കട്ടന്‍ കാപ്പി ഊതി ഊതി കുടിക്കാന്‍ കിട്ട്യാ അതൊരു സന്തോഷം തന്ന്യാ. ഓടി നടക്കണേലെടക്ക് നടൂം തല്ലി വീണു തണ്ടലൊടിഞ്ഞാല്‍ അതൊരു ദു:ഖം തന്ന്യാ.
സന്തോഷം വന്നാ ഞാന്‍ ചിരിക്കും. വെഷമം വന്നാ നെലോളിയ്ക്കും. ഇതൊന്നൂല്ല്യാതെ മരപ്പാവ പോലെ ഇരിക്കണ പരിപാടിണ്ടല്ലാ അത് ഈ അര്‍ജ്ജുനനെ കൊണ്ട് പറ്റില്ല്യാന്നാ പറഞ്ഞേ!
മനസ്സിലാവ്ണ് ണ്ടാ?”

കൃഷ്ണൻ,”നിയ്യ് ചിന്തിയ്ക്കണ രീതി തീരെ ശെരിയല്ല പാര്‍ത്ഥാ. ക്ഷത്രിയ ധര്‍മ്മംച്ചാല് യുദ്ധണ്. ഫലം കാംക്ഷിക്കാതെ കര്‍മ്മം ചെയ്യ്. സ്വന്തക്കാരെ കൊല്ലാന്‍ വയ്യാന്നു ചിന്തിക്കണേന് പകരം ഇങ്ങനെ ചിന്തിക്ക്, സ്വന്തം കര്‍മ്മം പ്രതിഫലം കാംക്ഷിക്കാതെ അനുഷ്ഠിക്കണോന്റെ ആത്മാവ് മരണ ശേഷം എന്നില്‍ – അതായത് പരമാത്മാവില്‍ ലയിക്ക്യണ്.
ഞാന്‍ എല്ലാവരിലും കുടികൊള്ള്വാണ്. ഞാനാണ് നിയന്ത്രാവ്. ധര്‍മ്മസംസ്ഥാപനത്തിനായി അവതാരമെടുക്കണ എന്നെ ഭജിക്ക.
ഫലങ്ങളെ കുറിച്ച് ചിന്തിക്കാതെ സ്വന്തം കര്‍മ്മം ചെയ്യാ”

അര്‍ജ്ജുനൻ,
” അസ്സലായി, എല്ലാവരിലും കുടികൊള്ളുന്നു എന്ന് പറഞ്ഞത് കസറി . അതായത് എന്റെം ദുര്യോധനന്റെം ഒക്കെ ഉള്ളിലിരുന്നു തമ്മിത്തല്ലിക്കണ എടവാടാണ് ഈ പരമാത്മാവ്‌ ല്ലേ?
സങ്കടോം സന്തോഷോം ഒന്നൂല്ല്യങ്കില്‍ പിന്നെ എന്തൂട്ടിനണ് യുദ്ധ?
രാജ്യം ആര്‍ക്ക് വേണം?കാട്ടില് പോയി തപസ്സിരുന്നാ പോരെ?കാടെന്താ മോശണ്? പന്ത്രണ്ട് കൊല്ലം കാട്ടീ കഴിഞ്ഞിട്ടാണ് ഈ വരവ്. അനക്ക് തിരിഞ്ഞാ കൃഷ്ണാ?
രാജ്യം മ്മക്ക് പുല്ലണ്. കൊല്ലാനും പിടിക്കാനും നിക്കാണ്ട് മ്മക്ക് പൂവ്വ്വാ. പോണോട്ത്ത് ഒരു സമാധാനെങ്കിലും കിട്ടും.

*പര്മാത്മാവാത്രേ,
മനുഷ്യന് തിരിയാത്ത ഭാഷേല് ഓരോന്ന് പറയും. ഓരോ വരിക്കും മൂന്ന് നാല് തരത്തില് അര്‍ത്ഥം തോന്നും. ആളേ പറ്റിയ്ക്കണ്.
പൂതി കയ്യില് വയ്ക്ക് ന്റെ കൃഷ്ണാ! ന്റെ പട്ടി വരും യുദ്ധത്തിന്. നീ യ്യീ വണ്ടി തിരിക്ക്”

കൃഷ്ണന(ആത്മഗതം)

മാനം കെടുംന്നാ തോന്ന്ണ്. ഈ കുരിപ്പിനെ പറഞ്ഞ് പറ്റിയ്ക്കാന്‍ എളുപ്പല്ല ശ്ശൊ!

(പ്രകാശം)

“അര്‍ജ്ജുനാ,എന്നാല്‍ യുദ്ധം വേണ്ട എന്ന് വയ്ക്കാം. നമ്മളായിട്ട് തുടങ്ങണ്ട എന്ന് വയ്ക്കാം. പക്ഷെ പോണേനുമുന്‍പ് എനിക്ക് വേണ്ടി ആ ശംഖൊന്നുവിളിച്ച് ഞാന്‍ പറയുന്നോട്ത്തയ്ക്ക് ഒരു മൂന്നു അമ്പെയ്യ്!

അര്‍ജുനൻ,”ശംഖ് വിളിയ്ക്കാം. മൂന്ന് അമ്പ് ആള്‍ക്കാരടെ നേര്‍ക്ക് പറ്റില്ല.
വേറെന്തു വേണേലും പറഞ്ഞോ. അര്‍ജ്ജുനന്‍ വാക്ക് പറഞ്ഞാ വാക്ക്ണ്.”

കൃഷ്ണൻ,”എന്നാ വിട്. ഒന്ന് പിതാമഹന്റെ മുന്നില് മണ്ണില്‍ കുത്തി നിക്കണം.രണ്ടാമത്തേത് ദ്രോണന്റെ മുന്നില്.
മൂന്നാമത്തേത് ദുര്യോധനന്റെ രഥത്തിന്റെ കുടയ്ക്ക് തന്നെ വിട്ടോ!”

അര്‍ജ്ജുനൻ,”മണ്ണീ കളയാനാച്ചാ അമ്പീസിന്റെ അമ്പ് മത്യാ?”

കൃഷണന്‍,”അത് പറ്റില്ല, എട്ടണടെ കുഞ്ഞ്യേ അമ്പ് പോരാ,ഒന്നര ഉറുപ്പ്യക്കാരന്‍ തന്നെ എടുക്ക്. അമ്പ് പോണതും വരണതും കാണാന്‍ പറ്റണം.”

വില്ലുമായി അര്‍ജ്ജുനന്‍ തനിക്ക് നേരെ തിരിയുന്നത് കണ്ട ദുര്യോധനന്‍ അലറി.”ആക്രമണ്‍ കരോ!” തങ്ങള്‍ക്ക് നേരെ ചറപറ അമ്പുകള്‍ വരുന്നത് കണ്ട കൃഷ്ണന്‍ ചിരിച്ചു.

“ഡാ ശവീ അർജൂ,ദേ വരണ് അമ്പ്വോള് വേണെങ്കില്‍ നേരിട്ടോ!”

പിന്നെ നടന്നത് ഊക്കൻ യുദ്ധാണ്. ഉന്നം തെറ്റിയ അമ്പുകള്‍ തന്റെ നേരെ വരുന്നത് കണ്ട ഈനാശു പുതപ്പ് വലിച്ചെറിഞ്ഞ് ഉറക്കെ അലറിയോടി!

“എന്റമ്മച്ചീ വരണത് അമ്പാണ്. അത് അപ്പടി തുരുമ്പാണ്”! 😀

വി.കെ.എൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *