ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ദുബായിലേക്ക് പോയ
അച്ഛൻ ലീവിന് നാട്ടിൽ പറന്നിറങ്ങി…
വിമാനത്താവളത്തിൽ നിന്നും അച്ഛനോടൊപ്പം കാറിലിരിക്കുമ്പോഴും അച്ഛനെ കണ്ട സന്തോഷത്തിലേറെ പെട്ടികളിൽ എന്തൊക്കെ കാണുമെന്ന ആകാംഷയാണ് മനസ് നിറയെ…
വീട്ടിനകത്ത് വെച്ച പെട്ടികളെ മണത്ത് മണത്ത് ഞാൻ പെട്ടിയുടെ ചുറ്റും നടന്നു…
ഗൾഫുകാരൻ വന്നാൽ
ആഘോഷമായി നടത്താനുള്ള രണ്ട് ചടങ്ങുകളുണ്ട്…
പെട്ടി പൊട്ടിക്കലും
കുപ്പി പൊട്ടിക്കലും…
വീട്ടു മുറ്റത്ത് തണലും തണുപ്പും നൽകിയിരുന്ന വലിയൊരു പ്ലാവുണ്ട്…
വീടിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഒരാളിന് കിടക്കാൻ കഴിയുന്ന വീതിയിലൊരു തിണ്ണയുമുണ്ട്…
മരുഭൂമിയിൽ നിന്നും വന്ന അച്ഛൻ പ്ലാവിന്റെ തണലും തണുപ്പുമേറ്റ് തിണ്ണയിൽ ചുമരും ചാരിയിരുന്നു…
കൂട്ടുകാരും നാട്ടുകാരും അച്ഛനെ കാണാൻ വന്നു…
അയൽവാസികളായ കാട്ടിലമ്മക്കും തോയക്കാരി തങ്കമ്മയമ്മക്കും സംശയങ്ങളുടെ പെരുമഴയായിരുന്നു…
“എടാ ശ്രീധരാ..,നീ അറബിയെ കണ്ടോടാ…?”
“എടാ ശ്രീധരാ..,പ്ലയിനിൽ കേറിയപ്പോ നീ പേടിച്ചോടാ…?”
“എടാ ശ്രീധരാ..,നീ ഒട്ടകത്തെ കണ്ടോടാ…?”
എല്ലാ സംശയങ്ങൾക്കും അച്ഛൻ മറുപടി പറഞ്ഞു…
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ഏട്ടൻമാരായ അച്യുതൻ വൈദ്യരും
സുകുമാരൻ വൈദ്യരും വന്നു…
അവരുടെ സാന്നിദ്ധ്യത്തിൽ പെട്ടി പൊട്ടിച്ചു…
യാഡ്ലി സോപ്പിന്റേയും പൗഡറിന്റേയും വിവിധതരം സ്പ്രേകളുടേയും മണം അന്തരീക്ഷത്തിൽ ഒഴുകി പരന്നു…
അന്നത്തെ ഷാമ്പുവിന് ഇന്നത്തെ അത്തറിനോളം മണമുണ്ടായിരുന്നു…
പെട്ടികൾക്കുള്ളിലെ
അത്ഭുത ലോകത്ത് നിറവും മണവുമുള്ള പെൻസിലുകളും ‘റബ്ബർകട്ട’കളും സ്കെയിലുകളും പേനകളും കളിപ്പാട്ടങ്ങളും കണ്ടാണ് എന്റെ കണ്ണുകൾ തള്ളിയത്…
പെട്ടി പൊട്ടിക്കൽ കഴിഞ്ഞപ്പോൾ ബന്ധുക്കളൊക്കെ പോയി…
ഇനി കുപ്പി പൊട്ടിക്കലാണ്…
നെഞ്ച് കലങ്ങുന്ന ബീഡിയും ചാർമിനാറും മാത്രം വലിച്ചിരുന്ന അച്ഛന്റെ കൂട്ടുകാർ ആദ്യമായി റോത്ത്മാൻസ് സിഗററ്റ് ആസ്വദിച്ച് വലിച്ചു കൊണ്ടിരുന്നു….
കുപ്പി പൊട്ടിക്കലും കഴിഞ്ഞു…
അച്ഛൻ കൂട്ടുകാരോട് ഗൗരവമായി ഗൾഫ് വിശേഷങ്ങൾ പറയാൻ തുടങ്ങി…
അച്ഛന്റെ മടിയിൽ കൗതുകത്തോടെ കഥകൾ കേട്ടിരുന്ന എനിക്ക് അച്ഛൻ പറഞ്ഞ രണ്ട് കാര്യങ്ങൾ വിശ്വസിക്കാൻ കഴിഞ്ഞില്ല…
അച്ഛൻ നുണ പറയുകയാണോ എന്നൊരു സംശയം…
ഓടി കൊണ്ടിരിക്കുന്ന കാറിൽ കാസറ്റിട്ടാൽ പാട്ട് കേൾക്കാമെന്നാണ് അച്ഛൻ പറയുന്നത്…
അങ്ങനെ കാറിൽ പാട്ട് കേൾക്കാൻ പറ്റുമോ…?
എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല…
കറണ്ടില്ലങ്കിൽ വീട്ടിലെ റേഡിയോ പോലും കേൾക്കില്ല,
പിന്നെയാണ് ഓടുന്ന കാറിൽ പാട്ട് കേൾക്കുന്നത്…
ദുബായ് കാണാത്ത കൂട്ടുകാരെ അച്ഛൻ പറ്റിക്കുകയാണോ എന്നൊരു സംശയം….
അടുത്തതായി അച്ഛൻ പറഞ്ഞത് കുടിക്കാനുള്ള വെള്ളം പൈസ കൊടുത്ത് വാങ്ങാമെന്ന്…
ലോകമുള്ള കാലത്തോളം മഴയും കിണറും ഉള്ളപ്പോൾ കുടിക്കാനുള്ള വെള്ളം ആരെങ്കിലും പൈസ കൊടുത്ത് വാങ്ങുമെന്നോ….?
കുടിക്കാനുള്ള വെള്ളം പൈസ കൊടുത്ത് വാങ്ങുമെന്ന് എനിക്കൊരിക്കലും വിശ്വസിക്കാൻ തോന്നിയില്ല…
കാറിലെ പാട്ടും
കുപ്പിയിലെ വെള്ളവും
അച്ഛൻ പറഞ്ഞ വലിയ നുണകളായാണ് എനിക്ക് തോന്നിയത്….
തുലാമഴയും
ഇടവപ്പാതിയും
തകർത്തു പെയ്യുന്ന,
എണ്ണിയാലൊടുങ്ങാത്ത
നദികളും
കിണറുകളും
ആറുകളുമുള്ള
കേരളത്തിലെ റോഡിലൂടെ ശീതീകരിച്ച കാറിനുള്ളിൽ പാട്ടും കേട്ട്
യാത്ര ചെയ്യുമ്പോൾ കടകൾക്ക് മുന്നിൽ വിൽക്കാൻ നിരത്തി വെച്ചിരിക്കുന്ന
വെള്ളം നിറച്ച കുപ്പികൾ
കണ്ടപ്പോൾ വെറുതേ
പഴയതൊക്കെ ഓർത്തു പോയി…………………………………………..
About The Author
No related posts.