ചേർപ്പിന്റെ
ഇടവഴിയിലും
പെരുവഴിയിലും
അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ
എന്നു മുതലാണ്
ശ്രദ്ധിക്കാൻ
തുടങ്ങിയത്?
പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത്
ആദ്യം കണ്ടു.
അമർഷത്തോടെ
വർഗ്ഗീയമുദ്രാവാക്യം
പിറുപിറുത്ത
ആരോ ആയിരിക്കും!
ആശുപത്രിയുടെ
പിന്നിലെ വഴിയിൽ
പകുതി കീറിയത് കണ്ടു.
പകുതി കടലാസ്
കുഞ്ഞുങ്ങൾക്കുള്ള
മിഠായി പൊതിയാൻ ഉപയോഗിച്ചിരിക്കണം!
ഗ്രൗണ്ട് റോഡിലും,
കുന്നത്ത്മുകൾ ഇടവഴിയിലും
തുറന്ന പൊതികൾ കണ്ടു.
പരസഹായം നൽകിയ ആരോ
സാവകാശം വീടണഞ്ഞിരിക്കണം!
എല്ലാം രാഷ്ട്രീയ
ഓർമ്മകളുണർത്തും
നാൾവഴികൾ.
തായംകുളങ്ങരയിലെ
കപ്പലണ്ടി
വിൽപ്പനക്കാരനിൽനിന്നാണ്
എല്ലാ പൊതികളും
വാങ്ങിയിരിക്കുന്നത്.
(പെരുമ്പിള്ളിശ്ശേരി-
തിരുവുള്ളക്കാവിൽ,
നിന്നായിരിക്കില്ല…)
പത്രത്തിന്റെ
ഒന്നാം പേജുമുതൽ
പത്താംപേജ് വരെ
ചിട്ടയോടെ പൊതിഞ്ഞ
കടലാസു കുമിളകൾ…
പൊതികളിലേയ്ക്ക്
കപ്പലണ്ടികൾ കുടിയേറുകയാണ്…
കൂടുമാറ്റം…നാടുകടത്തൽ!
വറച്ചട്ടിയിൽനിന്നും
വെള്ളയും,കറുപ്പും,
അക്ഷരങ്ങൾക്കൊണ്ടുതീർത്ത
ചെറിയ തടവറകളിലേയ്ക്കുള്ള
പരസ്യമായ പലായനം!
അമ്പത്തഞ്ചു കഴിഞ്ഞ
അബ്ദുൾ മജീദ്
എന്ന
കപ്പലണ്ടിവിൽപ്പനക്കാരൻ
കണ്ടതും,കേട്ടതും,
മറന്നതുമായ,
കപ്പലണ്ടിക്കച്ചവടത്തിലൂടെയുള്ള
ഇരുപത്തിയഞ്ചു വർഷത്തെ
ഗ്രാമീണ ചരിത്രസ്പന്ദനങ്ങൾ!
നല്ല കറുത്ത മുടിയായിരുന്നു… പിന്നെപ്പിന്നെ
രാഷ്ട്രീയ പ്രസംഗങ്ങൾ,
വിപ്ലവസ്വപ്നങ്ങൾ,
പ്രതിവിപ്ലവ വെല്ലുവിളികൾ,
കേട്ടുകേട്ട്
അൽപ്പം നര വന്നു.
സ്വപ്‌നങ്ങൾ കൂടുകൂട്ടിയ
തലയിൽ നഷ്ടസ്വർഗ്ഗങ്ങളുടെ
പെട്ട തെളിഞ്ഞു.
കപ്പലണ്ടിപ്പൊതികളിൽ
കറുപ്പും വെളുപ്പും
കടലാസ്സിന് പകരം,
മഴവിൽ നിറങ്ങളുള്ള
മിന്നും കടലാസുകൾ വന്നു.
കപ്പലണ്ടിയുടെ
രുചിയിൽമാത്രം
കാര്യമായ മാറ്റം വന്നില്ല.
അൽപ്പം
ഉപ്പുരസം കുറച്ചു.
(ഹൈ ബി.പി.യുള്ളവർ
കൂടിവരുന്നു…ശ്രദ്ധിക്കണമല്ലോ!)
ഉപ്പിന്റെയും, മണലിന്റെയും
നിറവും മണവും മാറി.
രാസവളമണമേറി…
അത്രമാത്രം!
അളവിൽ കാര്യമായ
മാറ്റം വന്നില്ല…
പൊതിയ്ക്ക് കുറച്ച്
വലുപ്പം കൂട്ടിയെങ്കിലും
കപ്പലണ്ടിമണിയുടെ
എണ്ണത്തിൽ
പതിവുപോലെയുള്ളത്
നിലനിർത്തി!
അബ്ദുൾ മജീദിന്റെ
കണ്ണുകൾക്ക് ചുറ്റും
ചരിത്രത്തിന്റെ നിഴലുകൾ
കൂടുകൂട്ടി!
മക്കളുടെ ഭാവി
സുരക്ഷിതമാക്കാൻ
കപ്പലണ്ടിയോളമാരും,
ഒപ്പമണിനിരന്നില്ല!
അതിലയാൾ
അഭിമാനം കൊള്ളും!
ഒരു വലിയ കെട്ടിടം
ഉയർത്താതെ തെരുവിന്റെ
ഒരു കോണിലൊതുങ്ങിക്കൂടി
ധന്യമായ ജീവിതം!
മറ്റു
കൊടിമരങ്ങളുണ്ടെങ്കിലും,
ഉൾക്കരുത്തിന്
തൊട്ടു ചേർന്നുതന്നെ
ചെങ്കൊടിക്കാലുണ്ട്!
അതുനോക്കി
നിത്യവരുമാന
നേർവഴി തെളിക്കാം…
ആവർത്തനപ്പണിയാരംഭിക്കാം…
കപ്പലണ്ടിപ്പൊതിക,
ളൊരുക്കുമ്പോൾ
ബസ്സ്സ്റ്റോപ്പിൽ വരുന്നവരുടെ
കൈകളിൽ നോക്കി
ചരിത്രം പറയാം…
ഗണിക്കാം…ഗുണിക്കാം
ആദ്യമാദ്യം…
കുപ്പിവളകളിട്ട കൈകൾ,
സ്വർണ്ണ വളകളിലേയ്ക്കും,
പിന്നീട്…
റോൾഡ് ഗോൾഡിലേയ്ക്കും
ചരിത്രമാറ്റം നടത്തിയത്,
അയാൾ ശരിക്കും
തൊട്ടറിഞ്ഞു.
റാഡോ വാച്ചുള്ള
പുരുഷകരങ്ങളിൽ
ചോരക്കറ പുരണ്ടതും
മണത്തറിഞ്ഞു!
കടം പറയുന്നവർ
കൂടുന്ന നാളുകളെ
അയാളെണ്ണിത്തുടങ്ങി…
കപ്പലണ്ടി
വറക്കുമ്പോഴുള്ള താളം
പരമാവധി
സ്വച്ഛമാക്കാനും, സമാധാനപരമായിരിക്കാനും
അയാൾ ശ്രദ്ധിച്ചു.
നിരന്തര വിപ്ലവങ്ങൾ
നടന്നില്ലെങ്കിലും,
ഒരു മണി കപ്പലണ്ടിപോലും
കറുത്തുപോകരുതെന്ന്
അയാൾക്ക്
നിർബന്ധമുണ്ടായിരുന്നു.
‘മാങ്ങൻസ് മെഡിക്കൽസി’ൽ കയറുന്നവരും, വിവേകാനന്ദ കോളേജിൽനിന്നിറങ്ങുന്നവരും,
സൂര്യ സ്റ്റോർസിൽ
നിന്നിറങ്ങുന്നവരും,
പലചരക്കുക്കടകളിൽനിന്നും, തുണിക്കടകളിൽനിന്നു,
മിറങ്ങുന്നവരും
കപ്പലണ്ടിക്കാരനെ സമീപിക്കുന്നതിൽ
ആദ്യകാലത്ത് പിശുക്ക് കാണിച്ചിരുന്നില്ല.
ഇപ്പോൾ വയസ്സന്മാരും
വയസ്സത്തികളും
കപ്പലണ്ടി വാങ്ങുന്നതിൽ മടികാണിക്കുന്നില്ല.
പക്ഷേ,പുതിയ
വൈറ്റ്ക്കോളർ തലമുറ,
കപ്പലണ്ടിപ്പൊതികളെ
പുച്ഛത്തോടെ നോക്കുന്നത്
അയാൾ
തിരിച്ചറിഞ്ഞു.
2002ൽ ‘ഗോന്ധ്രാ’
കലാപത്തിനു ശേഷം,
കുറിതൊട്ട യുവാവ്,
അയാളുടെ പേര്
ചോദിച്ചറിഞ്ഞപ്പോൾ,
പുച്ഛം നിറഞ്ഞതിന്റെ
പൊരുൾ,
92ൽത്തന്നെ,
‘ബാബറി മസ്ജിദ്’
തകർക്കപ്പെട്ടപ്പോൾ,
അബ്ദുൾ മജീദ്
വിറയലോടെ ഓർത്തിരുന്നു!
ഇപ്പോഴുമോർക്കുന്നുണ്ട്!
കപ്പലണ്ടിയുടെ വേവിനോപ്പം
ഉള്ളവും വേവുന്നുണ്ട്!
അയാൾ ഇടയ്ക്കിടെ
നെടുവീർപ്പിടും!
വിപ്ലവം നടക്കുന്നതിൽ,
കപ്പലണ്ടിക്കും,
പരിപ്പുവടയ്ക്കും,
ചായക്കുമുള്ള
പങ്കിനെക്കുറിച്ച്
ഇപ്പോളയാൾ
വേവലാതിപ്പെടാറില്ല!
കൃത്യമായി പൊതിയണം… പൊതിയഴിക്കുന്നവരുടെ
രാഷ്ട്രീയ-ദാർശനിക
വേവലാതിയെക്കുറിച്ച്
അയാളെന്തിനു
ചിന്തിക്കണം?
അയാളെന്തു
ചിന്തിക്കുന്നു,
എങ്ങനെ
ചിന്തിക്കുന്നുവെന്ന്,
തൊട്ടപ്പുറത്തെ
മഹാത്മാഗാന്ധി
മൈതാനത്തിലെ
പ്രതിമയ്ക്ക്,
യാതൊരു
വേവലാതിയുമില്ലല്ലോ!
ആ മൈതാനത്ത്,
നാടക-സിനിമാ
സ്വപ്‌നങ്ങളുള്ളവർ
പതിവായി വന്നിരുന്നു…
കുശലവും പരദൂഷണവും
പറഞ്ഞ്,
നേരാനേരത്ത് സ്വന്തം
‘ഇട’ങ്ങളിലേയ്ക്ക്
തിരിച്ചു പോകുന്നത്
അയാളറിയുന്നുണ്ട്.
കപ്പലണ്ടിവണ്ടി തള്ളി
രാത്രി വീട്ടിലേയ്ക്ക്
തിരിച്ചു പോകുമ്പോൾ
അയാളോർക്കും:
ഏറ്റവും കൂടുതൽ
ചെവിയിൽ മുഴങ്ങുന്നത്
‘വിപ്ലവം’-‘പ്രതിവിപ്ലവം’
എന്ന,
ഇരുതലമൂർച്ചയുള്ള,
കാലം മൊരിയിച്ചെടുത്ത
അനശ്വരമായ
വാക്കുകൾ തന്നെയല്ലേ?
സംശയം പെരുകുമ്പോൾ,
അവസാനത്തെ കപ്പലണ്ടിമണി
അയാൾ വായിലിടും,
ചവച്ചരയ്ക്കും!
ഒരിക്കൽ മാത്രം,
വെള്ളാരംകല്ല് കടിച്ചതിലൂടെ അണപ്പല്ലിന്റെ
മൂർച്ച ചോർന്നതും,
അയാളെന്നുമൊർക്കും!
അപ്പോഴും,
പഴയ ആണ്ടവർ
സിനിമാ കൊട്ടകയിലെ
“ഞാനാണയിട്ടാൽ…”
എന്ന
എം.ജി.ആർ.
സിനിമയിലെ ഗാനം
ദഹിക്കാത്ത
കപ്പലണ്ടിക്കൊപ്പം തേട്ടിവരും!
രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ
കൊടികൾക്ക്
തിളക്കം കൂടിയാലും
വറുത്ത കപ്പലണ്ടിയ്ക്ക്
തിളക്കം കൂട്ടിയാൽ
അതിനെ മര്യാദയുള്ള,
അന്തസ്സുള്ള
കപ്പലണ്ടിക്കച്ചവടം
എന്ന വാക്കിലൊതുക്കാൻ കഴിയില്ലയെന്നും അയാൾക്കറിയാം!
ആ,രെങ്ങിനെയൊക്കെ
മാറിയാലും,
ചരിത്രം മാറ്റിമറിയ്ക്കപ്പെട്ടാലും, കപ്പലണ്ടിക്കച്ചവടത്തിന്റെ
രൂപവും ഭാവവും മാറ്റാൻ
കഴിയില്ലെന്ന്,
ചരിത്രമുറങ്ങും ചേർപ്പിന്റെ
മണൽത്തരികളിലൂടെ,
ചട്ടുകത്തിൽ
മുറുകെപ്പിടിച്ചുള്ള,
കൊച്ചുകപ്പിത്താനായി,
വഴിവിളക്കുകൾ തകർക്കപ്പെട്ട
(തന്റെ കപ്പലണ്ടി
കൊറിച്ചവരായിരിക്കില്ല!)
ഇരുട്ടിലൂടെ നടന്ന്,
കപ്പലണ്ടിവണ്ടിയെന്ന
കൊച്ചുകപ്പൽ
മുറ്റത്ത് നങ്കൂരമിടുമ്പോഴും,
അയാളോർക്കും!
ആരൊക്കെ
നേരാനേരത്തു
വൻ ലാഭംകൊയ്യും
കടകൾ
തുറന്നാലു,മില്ലെങ്കിലും,
അയാൾ എത്തിയില്ലെങ്കിൽ,
ആ ബസ്സ്റ്റോപ്പിൽ,
എളിയ ജീവിതത്തെ
വിഴുങ്ങുമൊരു
ചെറിയ താമോഗർത്തം
നിറയുന്നത്,
മങ്ങിയ ഗാന്ധിപ്രതിമക്കൊപ്പം
കാലം…
ആരോടോ
വിളിച്ചു പറയുന്നില്ലേ?
സൂക്ഷിച്ചുനോക്കിയാൽ,
ലെനിന്റെയും,
ഗാന്ധിജിയുടെയും,
തന്റെയും
പെട്ടകൾക്ക്
ഒരു സാദൃശ്യം,
ഏതെങ്കിലും
കവികൾ,
എന്നെങ്കിലും,
കണ്ടെത്താതിരിക്കുമോ?
ആശ്വാസത്തിനായി
വിയർപ്പ് പൊടിഞ്ഞ
പെട്ട,
വെറുതെ തലോടും.
കൂടുതൽ മൊരിഞ്ഞ,
അൽപ്പം കരിഞ്ഞ
കപ്പലണ്ടികൾക്കൊണ്ട് ,
പ്രാവുകൾക്കും കോഴികൾക്കും
അത്താഴമൂട്ടും!
About The Author
No related posts.