അവളുടെ കണ്ണിൽ കടലുകളുണ്ട്
അവളുടെ കണ്ണിൽ തീക്കനലുണ്ട്
അവളേതോ വഴി ചുറ്റിവരുന്നു
അവളിരുൾ മെല്ലെ നുകർന്ന് വരുന്നു
അവളൊരു ചന്ദ്രനിലാവിൽ തൊട്ട്
കുളിരും പൂവും ചൂടി വരുന്നു
മഴയിഴ നെയ്തൊരു പുടവത്തുമ്പിൽ
ഇലകൾ കൊണ്ടൊരു ചിത്രം തുന്നി,
മലയിലൊരല്പമിരുന്ന് രസിച്ച്
കുതികുതികൊള്ളും കാറ്റിൽ തുള്ളി
മുളയിലോരോടക്കുഴൽ വായിച്ചും
കിളികളെയെല്ലാം കൂടെ വിളിച്ചും
നറുതേനുണ്ണാൻ വനമൊന്നേറി
കുടിലിൽ ആദിമദൈന്യം കണ്ടും
ഗുഹകളിൽ നിന്നും കല്ലിലുലരച്ചും
ചെറുതീക്കനലിൽ തൊട്ടു തലോടി
വഴിയിൽ വന്നൊരു മാൻ കൂട്ടത്തിൻ
മിഴിയിൽ കൗതുകസ്നേഹം കണ്ടും
ആകാശത്തൊരു തേരിൽ സൂര്യൻ
തൂവും സ്വർണ്ണം കൈയിലെടുത്ത്
ഉലയിൽ രാകിമിനുക്കി കൈയിൽ
സ്വയരക്ഷയ്ക്കൊരു ഏലസ്സ് കെട്ടി
പാടം കൊയ്തു നെല്ലറയിൽ നിന്നൂറി-
യിറങ്ങി വിഷത്തിൻ പുകമറ
കാലത്തിൻ്റെ പെരുക്കപ്പട്ടിക
താങ്ങനാവാതല്പമിരുന്നു.
ചതിയും, യുദ്ധപ്പുകയും, പകയും
അധികാരത്തിൻ ദുരയും കണ്ട്
അവളതിരുകളിൽ നിലവിളികൾ
കേട്ടതിദയയോടത് മനസ്സിൽ ചേർത്തു
ഉടൽ പൊള്ളുമ്പോൾ ഉഷ്ണക്കാറ്റിൽ
വലയും നേരം നദിയിൽ മുങ്ങി
ചുരുളും മേഘക്കീറിൽ നിന്നും
ജലമന്ദാരപ്പൂക്കളടർത്തി
കണ്ണീരൊഴുകിയ പുഴയിൽ നീന്തി
കണ്ണാന്തളിയിൽ കവിതകളെഴുതി
അവളാരാണാവളാരെന്നുള്ളൊരു
പഴയൊരു ചൊല്ല് കടങ്കഥ പോലെ!
അവളാരാണവളാരെന്നുള്ളത്
അവളുടെ മാത്രം ഗൂഢരഹസ്യം
അവളുടെ രൂപം ദർപ്പണമൊന്നിൽ
പ്രതിബിംബിക്കും ചിരിതൂകിടും
അവളുടെയുള്ളിൽ മറ്റൊരു രൂപം
മിഴിനീരിയൊപ്പിയിരിക്കുന്നുണ്ടാം
ആൾക്കൂട്ടത്തിൻ നടുവിൽ പോലും
അവളൊറ്റയ്ക്ക് നടക്കുന്നുണ്ടാം
ആരും കാണാതുള്ളൊരു ദ്വീപിൽ
അവളൊരു ധ്യാനതപസ്സിലുമാവാം.
അവൾ പാടത്തായ് ഞാറ് നടുന്ന
പാതികരിഞ്ഞൊരു മൺ തരിയാകാം
ഉടവാളേന്തിയുറഞ്ഞു വരുന്നൊരു
മിഴികൾ ചോന്നൊരു ഭഗവതിയാകാം
നിറുകയിലുമ്മകൾ വച്ച് മുലപ്പാൽ
പകരും അമ്മയുമാധിയുമാകാം
അലകടലിൻ ജലകന്യകയാകാം
മഴയിൽ തെളിയും മഴവില്ലാകാം
അവളൊരു മഞ്ഞിൻ കണമായീടാം
അവളൊരു കിളിയുടെ ചിറകായീടാം
അവളൊരു ചിപ്പിക്കുള്ളിലുറങ്ങും
മുത്തായീടാം, കൗതുകമാകാം
അവൾ ഞാനാകാം അവൾ നീയാകാം
അവളോ സർവം സഹയായീടാം
അവളാരാണവളാരെന്നുള്ളത്
അവളുടെ മാത്രം ഗൂഢരഹസ്യം











