LIMA WORLD LIBRARY

കദനക്കടലിൽ😭 – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

മണലിൽ, തെങ്ങുകൾ
വിരിച്ചു തന്നൊരു
തണലിൽ, വേപഥു
കലരും ചിത്തമോ –
ടിരുന്നു;ആഴിതന്നി-
രുമ്പഴിക്കൂട്ടു
തുറന്നു കിട്ടുവാ-
നലറി, കണ്ണുക –
ളുരുട്ടി, മുഷ്ടികൾ
ചുരുട്ടി വായുവി
ലെറിഞ്ഞു തുള്ളുന്ന
തിരയെ നോക്കി ഞാൻ .

കരയെ ഞണ്ടു പോൽ
കരണ്ടു ചിന്തകൾ
കരളിൽ: ജീവിത –
ക്കടലിൽ ഞാനൊരു
തിരയായെത്ര നാൾ
തിരിയും? മോചന
സമരമെത്ര നാൾ
തുടരും? എന്നിനി –
യണയും പച്ചച്ച
കരയിലാനന്ദ
ലഹരി മോന്തു വാൻ
രസിച്ചു വീഴുവാൻ?

പരന്ന പാത്രത്തി-
ലൊരുക്കി വെച്ചുള്ള
തിളങ്ങും പഞ്ചാര –
ത്തരികളെന്നുള്ളിൽ
നിനച്ചു വെൺമണൽ
ത്തരികളെ നക്കി
തിരിച്ചു പോകുന്ന
തിരപോലെത്ര ഞാൻ
തിരിച്ചു പോന്നു ഹാ
തകർന്ന സ്വപ്നമായ്!
തരിച്ചു നിന്നെത്ര
മരിച്ച മോഹമായ്!!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px