വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര (അദ്ധ്യായം 1) – മേരി അലക്സ് (മണിയ)

Facebook
Twitter
WhatsApp
Email

റോയല്‍ ഒമാനിയ
യാത്രയുടെ മുന്നൊരുക്കവും വിമാനയാത്രകളും

മേരി അലക്സ് (മണിയ)

2010 മെയ് 19-ാം തീയതിയായിരുന്നു ഞങ്ങളുടെ യിസ്രായേല്‍ യാത്ര ക്രമീകരിച്ചിരുന്നത് ബഹുമാനപ്പെട്ട സ്ലീബാ കാട്ടുമങ്ങാട്ട് കോറപ്പീസ്കോപ്പാ അച്ചന്‍റെ നേതൃത്വത്തിലുള്ള റോയല്‍ ഒമാനിയായുടെ പില്‍ഗ്രീം ടൂര്‍ പാക്കേജ്. മണര്‍കാട്ടുപള്ളി സഹവികാരിയായ ആന്‍ഡ്രൂസ് ചിരവത്തറ അച്ചനായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിന്‍റെ ലീഡര്‍ . അത് അച്ചന്‍റെ രണ്ടാമത്തെ യിസ്രായേല്‍ യാത്രയായിരുന്നു. പാസ്സ് പോര്‍ട്ടും രണ്ടു ഫോട്ടോകളും യാത്രയുടെ ഫീസായ അറുപതിനായിരം രൂപയും ഏല്‍പ്പിച്ച് ഞങ്ങള്‍ കാത്തിരുന്നപ്പോള്‍ മെയ് 8 ന് ഈ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് മണര്‍കാട് പള്ളിയില്‍ വെച്ച് ഒരു ക്ലാസ്സ് ഉണ്ടെന്ന് അറിയിപ്പ് കിട്ടി. ആ ദിവസം തന്നെ വേണ്ടപ്പെട്ട ഒരാളുടെ വിവാഹം കൂടാനുണ്ടായിരുന്നെങ്കിലും ക്ലാസ്സ് അറ്റന്‍ഡ് ചെയ്യേണ്ടതു കൊണ്ട് ഞാന്‍ അതിനും ഭര്‍ത്താവ് ശ്രീ.പി.കെ അലക്സാണ്ടര്‍, പുളിക്കപ്പറമ്പില്‍, കല്യാണത്തിനും പോയി, തിരികെ എത്തുമ്പോള്‍ ക്ലാസ്സ് കഴിഞ്ഞില്ലെങ്കില്‍ അതില്‍ സംബന്ധിച്ച് ഒരുമിച്ച് മടങ്ങാം എന്ന ധാരണയില്‍.
പള്ളിമുറിയില്‍ ചിരവത്തറ അച്ചനും റോയല്‍ ഒമാനിയായുടെ രണ്ടു മൂന്നു സ്റ്റാഫും ഉണ്ടായിരുന്നു. പോകാനുള്ളവര്‍ എല്ലാവരും എത്തി എന്നുറപ്പു വരുത്തി അച്ചന്‍ പ്രാര്‍ത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു. ഞ ങ്ങളെ ഓരോരുത്തരേയും പരസ്പരം പരിചയപ്പെടുത്തി. റോയല്‍ ഒമാനിയായുടെ സ്റ്റാഫിനേയും. അവരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് യാത്രയില്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ അച്ചടിച്ച ഓരോ പേപ്പറും ഒന്‍പത് ദിവസങ്ങളില്‍ ഞങ്ങള്‍ പോകാനുള്ള സ്ഥലങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയ മറ്റൊരു സെറ്റ് പേപ്പറും തന്നു. അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും ഓരോ കപ്പ് കാപ്പിയും ബിസ്കറ്റും നല്‍കി. ഒരാള്‍ ആ യാത്രയെ ക്കുറിച്ച് ചുരുക്കമായി വിശദീകരിച്ചു. എല്ലാവരും 18-ാം തീയതി രാത്രി 9 മണിക്ക് മണര്‍കാട്ടു പള്ളിയില്‍ എത്തിച്ചേരണമെന്നും കയ്യില്‍ എടുക്കുന്ന ബാഗില്‍ ഓരോ സെറ്റ് ഡ്രസ്സും മരുന്നുകളുണ്ടെങ്കില്‍ അതും അതിനുള്ള കുറിപ്പും കരുതണമെന്നും കയറ്റി അയക്കേണ്ട പെട്ടിയില്‍ ഇരുപത് കിലോയില്‍ കൂടാതെ വസ്ത്രങ്ങളും, ഭക്ഷണത്തോടൊപ്പം ഉപയോഗിക്കാവുന്ന അച്ചാറുകളോ, സമ്മന്തിപ്പൊടിയോ എന്തെങ്കിലും പലഹാരങ്ങളോ, എടുത്തുകൊള്ളണമെന്നും പറഞ്ഞു. അത്യാവശ്യമായി മൂന്നു ലിറ്റര്‍ വെള്ളം പ്ലാസ്റ്റിക്ക് കുപ്പികളില്‍ കരുതാനും സൂചിപ്പിച്ചു. ചിലയിടങ്ങളില്‍ തണുപ്പ് കൂടുതലുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാക്കറ്റോ ,ഷാളോ സ്വെറ്ററുകളോ കരുതണമെന്നും പെട്ടെന്നു മഴയുണ്ടാകുന്ന കാലാവസ്ഥയായതിനാല്‍ ഒരു കുടയും എടുത്തു കൊള്ളുവാനും ആവശ്യപ്പെട്ടു.
മേല്‍പ്പറഞ്ഞ രീതിയില്‍ എല്ലാ ക്രമീകരണവും നടത്തി 2010 മെയ് 18-ാം തീയതി രാത്രി 9 മണിക്ക് ഞങ്ങള്‍ മണര്‍കാട്ട് പള്ളിയില്‍ എത്തിച്ചേര്‍ന്നു. ബസ്സ് വീടിന്‍റെ മുന്നില്‍ക്കൂടിയാണ് നെടുമ്പാശ്ശേരിക്ക് പോകുന്നതെങ്കിലും ഒരുമിച്ച് കൂടി പ്രാര്‍ത്ഥിച്ച് പുറപ്പെടുന്നതാണ് ഉചിതം എന്നായിരുന്നു അച്ചന്‍റെ അഭിപ്രായം. കൊണ്ടു ചെന്ന പെട്ടികളും ബാഗുകളും ബസ്സിനകത്ത് വെച്ച് അച്ചന്‍റെ ആഹ്വാനമനുസ്സരിച്ച് ഞങ്ങള്‍ പള്ളിയ്ക്കകത്തേക്ക് ചെന്നു. കൈവശമുണ്ടായിരുന്ന ലിസ്റ്റില്‍ നോക്കി അച്ചന്‍ ഓരോരുത്തരെയായി പേരു ചൊല്ലി വിളിച്ചു. പോകാനുള്ളവര്‍ എല്ലാവരും ഉണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രാര്‍ത്ഥിച്ച് നമ്മള്‍ ഒരു കൂട്ടമാണെന്നും നമ്മില്‍ ഒരാള്‍ക്ക് എന്താവശ്യം ഉണ്ടായാലും മറ്റുള്ളവര്‍ അത് സാധിച്ചു കൊടുത്ത് സഹായിക്കണമെന്നും ഒറ്റക്കെട്ടായേ എല്ലായിടത്തും പോകാവു എന്നും കൈവിട്ടു പോയാല്‍ മറ്റൊരു രാജ്യത്ത് ഭാഷ പോലും വശമില്ലാതെ അലയേണ്ടി വരുമെന്നും അങ്ങനെയുണ്ടായാല്‍ മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടായി മാറും എന്നും പറഞ്ഞു മനസ്സിലാക്കി എല്ലാവരേയും ബസ്സില്‍ കയറ്റി.ഒന്‍പതര മണിയോടെ ഞങ്ങള്‍ നേടുമ്പാശ്ശേരിക്ക് യാത്ര പുറപ്പെട്ടു. 11.30 ന് നെടുമ്പാശ്ശേരിയില്‍ എത്തി ലഗ്ഗേജുകള്‍ ഇറക്കി ഓരോ ചായയും അത്യാവശ്യം വേണ്ടവര്‍ സ്നാക്സും വാങ്ങിക്കഴിച്ച് ടോയ്ലറ്റില്‍ പോകേണ്ടവര്‍ ആ ആവശ്യവും നിറവേറ്റി വന്നപ്പോള്‍ റോയല്‍ ഒമാനിയാക്കാര്‍ ഞങ്ങളുടെ ഡോക്യുമെന്‍റുകളുമായി കാത്തുനിന്നിരുന്നു. ഓരോരുത്തരെയായി വിളിച്ച് അവരവ രുടെ പാസ്സ്പോര്‍ട്ടും ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ ലിസ്റ്റ്, മെഡിക്കല്‍ കവറേജ് പേപ്പര്‍ എന്നിവ നല്‍കി ചെറിയ ഒരു വിശദീകരണത്തിനു ശേഷം യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് പോകേണ്ട വിമാനത്തില്‍ കയറാനുള്ളവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യേണ്ട സമയമായി. വിമാനം യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിയിരിക്കണം. അതാണ് നിയമം. ബാഗുകള്‍ പരിശോധന, ടിക്കറ്റ് ഉറപ്പു വരുത്തല്‍, പോകുന്ന ആളിന്‍റെ ദേഹപരിശോധന അതാണ് ചെക്ക് ഇന്‍.
മണര്‍കാട്ടു നിന്നുള്ള ഇരുപത്തി ഒന്ന് പേരെക്കൂടാതെ ചങ്ങനാശ്ശേരി, തിരുവല്ല, പത്തനംതിട്ട, അടൂര്‍, മൂവാറ്റുപുഴ, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പലരും ഞങ്ങളോടൊപ്പം വിശുദ്ധ നാട് സന്ദര്‍ശനത്തിനായി പോകുവാനെത്തിയിരുന്നു. വിമാനത്തില്‍ ആദ്യമായി കയറുന്നവരും മുന്‍പ് പലതവണ പോയി പരിചയമുള്ളവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പുതുതായി കയറുന്നവര്‍ക്ക് പരിചയമുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി സഹായിച്ചു കൊടുത്തു. ചിരവത്തറ അച്ചന്‍ എല്ലാവരും ലഗേജുകള്‍ കയറ്റി വിട്ട് ബോര്‍ഡിംഗ് പാസ്സ് കൈയ്യില്‍ കിട്ടുന്നത് വരെ ക്യൂവിന്‍റെ ഏറ്റവും പുറകിലായി നിലകൊണ്ട് കാര്യങ്ങള്‍ ക്രമീകരിച്ചു തന്നുകൊണ്ടിരുന്നു.
വിമാനത്തില്‍ കയറുന്നതിനുള്ള ഗേറ്റിന് മുന്‍പായി തന്നെ യാത്രക്കാരേയും അവരുടെ കൈവശമുള്ള ബാഗുകളും പരിശോധിച്ച് അകത്തേക്ക് കയറ്റി വിടുകയാണ് പതിവ്. ചുരുക്കം ചിലരോട് ബാഗിലുണ്ടായിരുന്ന കുപ്പിയിലെ ലായനി എന്താണെന്നും ജ്യൂസാണെന്ന് പറഞ്ഞപ്പോള്‍ അത് കുടിച്ചു കാണിക്കണമെന്നും ആവശ്യപ്പെട്ടു. അത് അനുവദനീയമല്ലെന്നും പില്‍ഗ്രിംസ് ആയതുകൊണ്ട് മാത്രം അകത്തേക്ക് വിടുന്നു എന്നും പറഞ്ഞു. ചിലര്‍ അറിയാതെ കയ്യില്‍ ഉണ്ടായിരുന്ന ബാഗില്‍ ഷേവിംഗ് സെറ്റിനോടൊപ്പം കത്രികയും ബ്ലേഡും വെച്ചിരുന്നു. അത് എടുത്ത് മാറ്റി വെച്ചിട്ടാണ് അകത്തേക്ക് വിട്ടത്. മൂര്‍ച്ചയുള്ളതോ, മുനയുള്ളതോ ആയ യാതൊന്നും കയ്യിലുള്ള ബാഗില്‍ കരുതാന്‍ പാടില്ല എന്ന നിബന്ധന ഉണ്ടായിരുന്നു.
ഇത്തരുണത്തില്‍ ഓര്‍മ്മ വന്നത് ഞങ്ങളുടെ ഒരു അമേരിക്കന്‍ യാത്രയാണ്. ഞങ്ങളുടെ മൂത്ത പുത്രന്‍റെ മകനെ കാണുവാനും അവന്‍റെ മാമോദീസായില്‍ സംബന്ധിക്കുവാനുമുള്ള സന്ദര്‍ശനം. ദുബായ് വിമാനത്താവളത്തിലെ ചെക്കിംഗ്. എന്നെ ദേഹപരിശോധനയ്ക്ക് ശേഷം അകത്തേക്ക് പൊയ്ക്കാള്ളാന്‍ അനുവദിച്ചു. സ്ത്രീകളുടെ സ്ക്രീനിംഗ് അതിന് പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന മറയ്ക്കുള്ളിലും, പുരുഷന്മാര്‍ക്ക് ഒരു തുറന്ന വാതിലിലൂടെ കടത്തിയുമാണ് സാധാരണ ചെയ്യാറുള്ളത്. ഭര്‍ത്താവിനെ കയറ്റിവിട്ടപ്പോള്‍ അലാറം മുഴങ്ങി, വാച്ച്,ഷൂ,ബെല്‍റ്റ്,മാല ഒക്കെ അഴിച്ചു വെച്ച് ഒരിക്കല്‍ക്കൂടി കടത്തിവിട്ടു. അപ്പോഴും അലാറം മുഴങ്ങി. ആ അലാറത്തിലൂടെയാണ് ആളിന്‍റെ ദേഹത്ത് എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധകന്‍ മനസ്സിലാക്കുന്നത്. ഭര്‍ത്താവിനെ കാത്ത് ഞാന്‍ അല്‍പ്പനേരം നിന്നു.നോക്കുമ്പോള്‍ വീണ്ടും വീണ്ടും ഒരു ഹാന്‍ഡ് ഡിക്ടക്റ്റര്‍ വെച്ച് പരിശോധിക്കുകയാണ്. ആജാനുബാഹുവായ ഒരു നീഗ്രോ ഉദ്യോഗസ്ഥന്‍ കാണുമ്പോള്‍ തന്നെ ഭയം തോന്നുന്ന മട്ടും ഭാവവും. അദ്ദേഹം ഭര്‍ത്താവിനോടു ചൊദിച്ചു എന്തെങ്കിലും സര്‍ജ്ജറി നടത്തി ശരീരത്തില്‍ കമ്പികള്‍ വല്ലതും ഇട്ടിട്ടുണ്ടോ എന്ന്.ഇല്ല എന്ന് മറുപടി കൊടുത്തപ്പോള്‍ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി. പുറകില്‍ നിന്നിരുന്ന ഓരോരുത്തരെയായി പരിശോധിച്ച് അകത്തേക്ക് വിടുവാന്‍ തുടങ്ങി. അപ്പോഴും ഞാന്‍ അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ, അദ്ദേഹത്തെ തിരിച്ചയച്ചാല്‍ ഞാന്‍ ഒറ്റയ്ക്ക് എങ്ങനെ പോകും? തലതൊടാനുള്ളത് വല്യപ്പനാണ്. അദ്ദേഹം ഇല്ലാതെ പോകാമോ? പോകാതിരിക്കാമോ? പെട്ടികളാണെങ്കില്‍ ഒരുമിച്ചുള്ള പാക്കിംഗ് എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞ നിമിഷങ്ങള്‍. വിമാനം പുറപ്പെടാനുള്ള സമയം ആകുന്നു താനും. അരമണിക്കൂര്‍ മുമ്പേ വിമാനത്തില്‍ കയറ്റി ഇരുത്താന്‍ തുടങ്ങും. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ആ ഉദ്യോഗസ്ഥന്‍റെ അടുത്ത് ചെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യം ബോധിപ്പിച്ചു.അദ്ദേഹം വെയ്റ്റ് എന്ന് പറഞ്ഞ് അകത്തേക്ക് പോയി മേലുദ്യോഗസ്ഥനോട് അഭിപ്രായം ചോദിച്ച് മടങ്ങിയെത്തി, കൈകൊണ്ട് അകത്തേക്ക് പൊയ്ക്കൊള്ളാന്‍ അനുവാദം തന്നു.ഞങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തി ഉള്ളിലേക്ക് പോയി. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഞങ്ങളെ നമ്പര്‍ വിളിച്ച് അകത്തേക്ക് കടത്തിവിട്ട്, അതാത് സീറ്റുകളില്‍ ഇരുത്തി. ഷര്‍ട്ട് വലിച്ചിട്ട് സീറ്റ് ബെല്‍റ്റ് ഇടാന്‍ നോക്കുമ്പോള്‍ കാണാം രണ്ടു മൊട്ടുസൂചികള്‍ ഭംഗിയായി അകത്തു വശത്തു കുത്തി വച്ചിരിക്കുന്നു. പുതിയ ഷര്‍ട്ട് ഇടാന്‍ നിവര്‍ത്തെടുത്തപ്പോള്‍ കോളറില്‍ നിന്നൂരിയ രണ്ട് മൊട്ടു സൂചികള്‍.ഇത്രയും സമയം നമ്മളെ കുഴപ്പത്തിലാക്കിയത് ഈ രണ്ട് കുഞ്ഞു സാധനങ്ങളാണല്ലോ എന്നോര്‍ത്ത് വേഗത്തില്‍ അത് ഊരിയെടുത്ത് സീറ്റിന് മുന്‍പിലുള്ള വേസ്റ്റ് ബാഗിലേക്കിട്ടു. അല്ലെങ്കില്‍ അതുമതി വീണ്ടും കുഴപ്പങ്ങള്‍ക്ക് കാരണമാകാന്‍. ആദ്യത്തെ വിമാനയാത്രയും ആ മകന്‍റെ അടുത്തേക്കായിരുന്നു. ആ യാത്രയിലും അമേരിക്കയിലെ അവന്‍റെ താമസത്തോടൊപ്പവും പലയിടങ്ങളിലും വിമാനത്തില്‍ കൊണ്ടുപോയതുള്‍പ്പെടെ പത്തൊന്‍പത് വിമാനയാത്ര ചെയ്തവരായിരുന്നു അന്നു ഞങ്ങള്‍.എന്നിട്ടും ഇതുപോലൊരമളി വന്നു ഭവിച്ചല്ലോ എന്ന ജാള്യതയില്‍ സ്വയം രസിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനു ശേഷം രണ്ടാമത്തെ മകന്‍റെ ഇരട്ട പെണ്‍കുട്ടികളെ കാണാനും അവരെ ആറു മാസത്തേക്ക് ലാളിക്കാനും ഇംഗ്ലണ്ടിലേക്കും പോയി വരാന്‍ ദൈവം ഇടയാക്കി. പിന്നീടുള്ള വിമാന യാത്രയായിരുന്നു ഈ യിസ്രായേല്‍ യാത്ര. എല്ലാം ദൈവത്തിന്‍റെ അളവറ്റ കൃപ.
കൃത്യം 3.25 നാണ് എയര്‍ അറേബ്യയുടെ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയ്ക്ക് പുറപ്പെടുന്നത്. അതിന് അരമണിക്കൂര്‍ മുന്‍പ് യാത്രക്കാരെ പുറകില്‍ നിന്നുള്ള നമ്പര്‍ മുറയ്ക്ക് വിമാനത്തിനുള്ളിലേയ്ക്ക് വിട്ടു. വാതില്‍ക്കല്‍ സുന്ദരികളായ എയര്‍ ഹോസ്റ്റസ്സുമാര്‍ കൈകൂപ്പി നിന്ന് സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. കയ്യിലെ ബാഗുകള്‍ മുകളിലുള്ള കാബിനില്‍ വച്ച് സീറ്റിലിരുന്നപ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്നും സെല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും അറിയിപ്പു കിട്ടി. അറിയിപ്പു ലഭിക്കുന്നതിനനുസരിച്ച് ബെല്‍റ്റു മാറ്റി എഴന്നേല്‍ക്കുകയോ വെറുതെ ഇരിക്കുകയോ ഒക്കെയാകാമെന്ന് സ്മാര്‍ട്ടായി യൂണിഫോം ധരിച്ച യുവതീ യുവാക്കള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പലര്‍ക്കും കയ്യിലിരുന്ന ബാഗുകള്‍ കാബിനില്‍ വെച്ച് അത് അടയ്ക്കാനും അവര്‍ സഹായിച്ചു കൊണ്ടിരുന്നു. വിമാനം ഉയര്‍ന്നപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനാ നിമഗ്നരായിരുന്നു.മുന്നിലുണ്ടായിരുന്ന ടി വി സ്ക്രീനുകളില്‍ ബെല്‍റ്റു ധരിക്കേണ്ട വിധവും എന്തെങ്കിലും ആകസ്മിക സംഭവങ്ങള്‍ ഉണ്ടായിപ്പോയാല്‍ രക്ഷപെടാനുള്ള വിധങ്ങളും എമര്‍ജന്‍സി വാതിലുകളിലൂടെയുള്ള രക്ഷപെടലിനെപ്പറ്റിയും ശുദ്ധവായു ലഭിക്കാതെ വരുന്ന അവസരത്തില്‍ ധരിക്കേണ്ട ഓക്സിജന്‍ മാസ്ക്കുകളെക്കുറിച്ചും അത് സീറ്റിനടിയില്‍ നിന്ന് എടുക്കേണ്ട വിധവും ധരിക്കേണ്ട രീതിയും നമ്മെ മനസ്സിലാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. യാത്രയ്ക്കിടയില്‍ ഞങ്ങള്‍ക്ക് കുടിക്കാനും കഴിക്കാനും തന്നത് റോയല്‍ ഒമാനിയായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നത് സ്തുത്യര്‍ഹമായ ഒരു സംഗതിയാണ്. മറ്റു യാത്രക്കാര്‍ക്ക് യാത്രയുടെ ദൈര്‍ഘ്യം വളരെ കുറവായതു കൊണ്ട് ഭക്ഷണം ക്രമീകരിക്കാറില്ല, ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്താല്‍ നല്‍കുമെന്ന് മാത്രം.
രാവിലെ 6.30ന് ഞങ്ങള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങി.ചിരവത്തറ അച്ചന്‍റെ നിര്‍ദ്ദേശ പ്രകാരം എല്ലാവരും ട്രാന്‍സിറ്റ് കൗണ്ടറിലേക്ക് ചെന്ന് പാസ്സ്പോര്‍ട്ട് ഏല്‍പ്പിച്ചു. റോയല്‍ ഒമാനിയായുടെ നിര്‍ദ്ദേശങ്ങള്‍ നേരത്തെ ലഭിച്ചിരുന്നതു കൊണ്ട് അമ്മാനിലേക്കുള്ള ബോര്‍ഡിംഗ് പാസ്സ് അധികം വൈകാതെ ആ കൗണ്ടറില്‍ നിന്ന് ഓ.കെ ആക്കാന്‍ കഴിഞ്ഞു. കൗണ്ടറിലിരുന്ന ജീവനക്കാര്‍ക്ക് ഇന്ത്യക്കാരായ പ്രത്യേകിച്ച് കേരളീയരായ ഞങ്ങളുടെ പേരുകള്‍ ഉച്ഛരിക്കാനുള്ള പ്രയാസം ഞങ്ങള്‍ക്കവിടെ ബോധ്യമായി. ചിലരുടെ പേരുകളും വീട്ടുപേരുകളും ഉച്ഛരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിരിക്കാനുള്ള വകയുമായി.
ഷാര്‍ജയില്‍ നിന്ന് അമ്മാനിലേക്കുള്ള എയര്‍ അറേബ്യയുടെ വിമാനത്തിന് രണ്ട് മണിക്കൂര്‍ താമസം ഉണ്ടായിരുന്നു.പ്രഭാതകൃത്യങ്ങള്‍ നടത്തേണ്ടത് പലര്‍ക്കും ആവശ്യമായിരുന്നു താനും. എവിടെയും ടോയ്ലറ്റുകളുടേയും ഇതര സംവിധാനങ്ങളുടേയും സൈന്‍ബോര്‍ഡുകള്‍ക്രമീകരിച്ചിരുന്നതു കൊണ്ട് എല്ലാവരും ആ വക ആവശ്യങ്ങള്‍ക്കായി പലവഴിക്കു തിരിഞ്ഞു.എങ്ങോട്ടു മാറിയാലും രണ്ടു മണിക്കൂറിനു മുന്‍പ് അടുത്ത വിമാനത്തില്‍ കയറാനുള്ള ഗേറ്റില്‍ എത്തണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ച് അച്ചന്‍ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാന്‍ ഇടം തേടി മുന്നോട്ടു പോയി ഒപ്പം അച്ചന്‍റെ ബസ്ക്യാമ്മ ശ്രീമതി.സാലമ്മ ആന്‍ഡ്രൂസും. ആദ്യത്തെ യാത്രയില്‍ അച്ചന്‍ മാത്രമായിരുന്നു വിശുദ്ധനാട് സന്ദര്‍ശിച്ചത്. ഇപ്പോള്‍ അമ്മായിയും കൂട്ടത്തില്‍ കൂടിയത് ഞങ്ങള്‍ക്കും സന്തോഷകരമായ സംഗതിയായിരുന്നു. പ്രായം കൊണ്ട് ഇളയ ആളാണെങ്കിലും യാക്കോബായ/ഓര്‍ത്തഡോക്സ് സഭകളിലെ പുരോഹിതന്മാരുടെ ഭാര്യമാരെ അമ്മായിമാര്‍ എന്നാണറിയപ്പെടുന്നത്, വിളിച്ചിരുന്നത്, പ്രൊട്ടസ്റ്റന്‍റു സഭകളിലാണെങ്കില്‍ കൊച്ചമ്മയെന്നും. ആദ്യ വിമാനത്തില്‍ കിട്ടിയ ഭക്ഷണം അച്ചന്‍ കയ്യില്‍ സൂക്ഷിച്ചു, ആവശ്യം തോന്നാതിരുന്നിട്ടും ഞങ്ങളില്‍ പലരും അത് വിമാനത്തില്‍ വച്ചു തന്നെ കഴിച്ചു.ചിലര്‍ അസമയം ആയിരുന്നതു കൊണ്ട് വേണ്ടാ എന്ന് പറഞ്ഞ് ഒഴിവാക്കി. അച്ചന്‍ മാത്രം അത് കയ്യില്‍ കരുതിയത് ആദ്യയാത്രയിലെ പരിചയമാകാം. പലര്‍ക്കും നഷ്ടപ്പടുത്തിയ ഭക്ഷണത്തെക്കുറിച്ച് ഓര്‍മ്മ വരികയും അല്പം ജാള്യത തോന്നുകയും ചെയ്തു. കാരണം പ്രഭാത ഭക്ഷണത്തിന്‍റെ സമയം ആയിരുന്നു അതെന്നതു തന്നെ. സമയം പിന്നെയുമുണ്ടായിരുന്നതു കൊണ്ട് പലരും ഷാര്‍ജ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും മറ്റു കടകളിലും കട എന്നു പറയുന്നത് ശരിയല്ല മാള്‍ എന്നാണ് വിദേശരാജ്യങ്ങളില്‍ അതിന്‍റെ പേര്. ഒരു കടയില്‍ തന്നെ എല്ലാ അവശ്യസാധനങ്ങളും കണ്ടെത്താനാവില്ല. എന്നാല്‍ മാളില്‍ അത് ലഭ്യമാണ്. അതാണ് ഒരു മാളും കടയും തമ്മിലുള്ള വ്യത്യാസം.കയറിയിറങ്ങി, വെറുതെ കാഴ്ചക്കാരായി, കാരണം അങ്ങോട്ടുള്ള യാത്രയില്‍ എന്തു വാങ്ങിയാലും അതൊരു ഭാരമായി മാറും എന്നതു തന്നെ.
8 മണിക്ക് എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഗേറ്റ് 21-ലേക്ക് ചെന്നു. വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് എല്ലാവരുടേയും പാസ്സ്പോര്‍ട്ടും ബോര്‍ഡിംഗ് പാസ്സും പരിശോധിച്ച് പ്രത്യേകം സജ്ജമാക്കുന്ന ഒരു വണ്ടിയില്‍ കയറ്റി വിമാനത്തിനടുത്തെത്തിച്ചു.ഗ്രൗണ്ടില്‍ കിടന്നിരുന്ന വിമാനം ആയതുകൊണ്ട് അതിന്‍റെ രണ്ടു വാതിലുകളും തുറന്നിരുന്നു. ഞങ്ങളെ പുറകു വശത്തെ വാതിലിലൂടെയാണ് അകത്തേക്ക് കയറ്റി വിട്ടത്. മറ്റു പല രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ അങ്ങോട്ടുണ്ടായിരുന്നതു കൊണ്ട് അവരെ മുന്നിലേ വാതിലില്‍ക്കൂടിയും പില്‍ഗ്രിംസിനെ പുറകിലെ വാതിലിലൂടെയും കയറ്റാനായിരുന്നു നിര്‍ദ്ദേശം.സീറ്റിന്‍റെ നമ്പര്‍ സൗകര്യവും ടിക്കറ്റിന്‍റെ ചാര്‍ജു നിരക്കും അങ്ങനെയായിരുന്നു. ആദ്യ യാത്രയിലെപ്പോലെ തന്നെ സീറ്റുകള്‍ നമ്പര്‍ നോക്കിയിരുന്ന് ബെല്‍റ്റുകള്‍ മുറുക്കി. ഒരു പ്രത്യേകത കണ്ടത് ആ വിമാനത്തിലും ആദ്യ വിമാനത്തിലുണ്ടായിരുന്ന എയര്‍ഹോസ്റ്റസ്സുമാരായിരുന്നു എന്നതാണ്. ചുരുക്കം ചിലര്‍ കൂടി അവിടെ നിന്നും കയറുകയും ചെയ്തു.ഒന്നോ രണ്ടോ പേര്‍ പഴയ വിമാനത്തില്‍ തിരിച്ചു പോകുന്നവരും ആയിരുന്നിരിക്കാം. ഡ്യൂട്ടിയില്‍ അഡ്ജസ്റ്റ് ചെയ്ത് സ്വന്തം വീട്ടിലും നാട്ടിലും കഴിച്ചു കൂട്ടാനുള്ള സൗകര്യം നേടിയെടുത്തവരായിരുന്നു അവര്‍.
യാത്രയ്ക്കിടയില്‍ ഞങ്ങള്‍ക്ക് പ്രത്യേകം ഭക്ഷണം ക്രമീകരിച്ചിരുന്നതുകൊണ്ട് ആര്‍ക്കും തന്നെ വിശപ്പ് അനുഭവപ്പെട്ടില്ല. കുടിക്കാനുള്ള വെള്ളം മാത്രം വളരെ പരിമിതപ്പെടുത്തിയാണ് തന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ട സംഗതിയായിരുന്നു. അരകുപ്പി വെള്ളത്തിന് രണ്ട് ഡോളര്‍ ചോദിച്ചുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമായി തോന്നി. ദൈവകൃപയാല്‍ വിമാനം യാതൊരു പ്രതിസന്ധിയും കൂടാതെ ജോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമ്മാനിലെ ക്വീന്‍ ഏലിയാ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ക്രിസ്തു കാല്‍പതിപ്പിച്ച മണ്ണില്‍ ചവിട്ടാനുള്ള ആവേശത്തില്‍ എല്ലാവരും ധൃതിയില്‍ ബാഗുകള്‍ കയ്യിലെടുത്ത് വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങി. അച്ചന്‍ ഗൈഡു ചെയ്ത വഴിയെ മുന്നോട്ടു നടന്നു. എല്ലാവരുടേയും പാസ്സ്പോര്‍ട്ടുകള്‍ ഒരുമിച്ചു വാങ്ങി റോയല്‍ ഒമാനിയായുടെ അമ്മാനിലെ ഒരു ലോക്കല്‍ സ്റ്റാഫ് അവിടെ കാത്തു നിന്ന ആളെ ഏല്‍പ്പിച്ചു. ഒരോരുത്തരായി കൗണ്ടറിനടുത്തേക്ക് ചെല്ലാതെ പില്‍ഗ്രീം ടൂറിസ്റ്റുകള്‍ക്ക് മാത്രം ക്രമീകരിച്ചിരിക്കുന്ന ഒരു സംവിധാനമായിരുന്നു അത്. പ്രത്യേകം ശ്രദ്ധ ചെലുത്തി ജോര്‍ദ്ദാന്‍റെ എന്‍ട്രി പതിപ്പിച്ച് കൊണ്ടു വരുമ്പോഴേക്ക് എല്ലാവരും അവരവരുടെ ലഗേജുകള്‍ എടുത്ത് പുറത്തേക്കുള്ള വാതിലിനരികിലുള്ള ലോഞ്ചില്‍ കാത്തിരിക്കുകയായിരുന്നു. കണ്‍വേയറിലൂടെ പെട്ടികളും ബാഗുകളും ഒഴുകി നീങ്ങി എത്തുന്നത് കണ്ടു നില്‍ക്കേണ്ട ഒരു കാഴ്ചതന്നെയായിരുന്നു. ആരുടേയും ലഗേജ്ജുകള്‍ മാറി പോവുകയോ നഷ്ടപ്പെടുകയോ ചെയ്യാതിരുന്നത് യാത്രക്കാര്‍ കൂടുതലും പില്‍ഗ്രിം ടൂറിസ്റ്റുകള്‍ ആയതിനാലാവാം.ചില യാത്രകളില്‍ ബാഗുകള്‍ നഷ്ടമാകുകയോ ഉള്ളിലെ സാധനസാമഗ്രികള്‍ കേടുപാടുകള്‍ ഉണ്ടാവുകയോ ഒക്കെ പതിവായ കാര്യങ്ങളാണ് ഓരോരുത്തരുടെയും പാസ്പോര്‍ട്ടുകള്‍ തിരികെ തന്നതിനു ശേഷം പുറത്തു കാത്തുകിടന്ന ഫിലഡല്‍ഫിയ ടൂറിസ്റ്റ് ബസ്സില്‍ കയറ്റി. ലഗേജുകള്‍ കയറ്റാന്‍ പ്രത്യേക അറകള്‍ ഉള്ളതായിരുന്നു ആ ബസ്സ്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കത്തക്ക വിധം ഒരു ടോയ്ലറ്റും അതിലുണ്ടായിരുന്നു ഒരിടത്തും കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങള്‍ നോട്ട് ചെയ്ത് മനസ്സില്‍ കുറിച്ചു എഴുതാന്‍ പേനയും ഡയറിയും കരുതിയിരുന്നു ബാഗില്‍.സൗകര്യം പോലെ കുറിക്കാം എന്ന് മനസ്സില്‍ കരുതി പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു.
എല്ലാവരും ബസിനുള്ളില്‍ കയറി എന്ന് ഉറപ്പു വരുത്തിയപ്പോള്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ ഞങ്ങളെ അഭിവാദ്യം ചെയ്ത് സ്വയം പരിചയപ്പെടുത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തു. കടന്നു പോകുന്ന വഴിയില്‍ കാണുന്ന സംഗതികളുടെ ഒരു ചെറു വിവരണം നല്‍കി. ഒന്നോരണ്ടോ വളവുകള്‍ തിരിഞ്ഞ് ഞങ്ങള്‍ അഞ്ചാറു നിലകളുള്ള ഒരു പടുകൂറ്റന്‍ ഹോട്ടലിന്‍റെ മുന്നിലെത്തി അയാള്‍ തന്നെ ബസ്സില്‍ നിന്നിറങ്ങി സൈഡിലുള്ള അറ തുറന്ന് ബാഗുകളും പെട്ടികളും പുറത്തെടുത്തു വച്ചു. ഒപ്പം ഞങ്ങളും അവരവരുടെ ലഗേജുകള്‍ കണ്ടെത്തി ഹോട്ടലിന്‍റെ അകത്തളത്തിലേക്ക് കടന്ന് ലഗേജ് ഒരിടത്ത് വെച്ച് മുന്നോട്ടു ചെന്ന ഞങ്ങളെ എതിരേറ്റത് ട്രേകളില്‍ ജ്യൂസ് നിറച്ച ഗ്ലാസുകളും ആയി ഹോട്ടലിലെ ജോലിക്കാരില്‍ ഒന്നുരണ്ട് പേരാണ് ഗ്ലാസ് മടക്കിക്കൊടുത്ത് ഹോട്ടലിന്‍റെ വലിപ്പവും വിസ്തൃതിയും കണ്ടു മയങ്ങി ഇരുന്നപ്പോള്‍ മെയ് 16-ന് സ്ലീബാ കാട്ടു മങ്ങാട്ടു കോറപ്പീസ്കോപ്പ അച്ചന്‍റെ നേതൃത്വത്തില്‍ സിറിയ ഡമാസ്കസ് കണ്ടു മടങ്ങിയവര്‍ എത്തിച്ചേര്‍ന്നു. മണര്‍കാട്ടു നിന്നുള്ള 9 പേര്‍കൂടി ആ സംഘത്തിലുണ്ടായിരുന്നു ഞങ്ങള്‍ തിരുവഞ്ചൂര്‍ക്കാര്‍ തന്നെ പതിനഞ്ചും മണര്‍കാട് നിന്നുള്ള ആറും ചേര്‍ത്ത് ആകെ 30 പേര്‍ മണര്‍കാട് നിന്നുള്ളവരായി മാറി.
സിറിയ ഡമാസ്കസ് കാണാന്‍ പോയവര്‍ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ സന്ദര്‍ശിക്കാനും അദ്ദേഹത്തോടൊപ്പം ഇരുന്നു ഫോട്ടോ എടുക്കുന്നതിനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും ഭാഗ്യം സിദ്ധിച്ചു. പരിശുദ്ധ ബാവയുടെ കൈമുത്തുവാനും അദ്ദേഹത്തിന് പാരിതോഷികങ്ങള്‍ നല്‍കുവാനും അവര്‍ക്ക് സാധിച്ചു എന്നത് ഒരു അനുഗ്രഹമായ വസ്തുതയായിരുന്നു സ്ലീബ കാട്ടു മങ്ങാട്ട് എന്ന് പത്രങ്ങളില്‍ പലതവണ വായിച്ചിട്ടുണ്ടായിരുന്നെങ്കിലും അച്ചനെ നേരില്‍ കാണുന്നത് അപ്പോള്‍ മാത്രമായിരുന്നു. കറുത്ത കോട്ടും സൂട്ടും ധരിച്ച മെലിഞ്ഞ് പൊക്കമുള്ള അച്ചനെ കണ്ടപ്പോള്‍ വളരെ ആദരവ് തോന്നി.വര്‍ഷങ്ങളായി വിശുദ്ധ നാട് സന്ദര്‍ശനത്തിന് പല ദേശക്കാര്‍ക്കും അവസരമൊരുക്കി അവരോടൊത്ത് വര്‍ഷത്തില്‍ പല തവണ പോവുകയും വരികയും ചെയ്യുന്ന അദ്ദേഹമൊരു ധന്യന്‍ തന്നെ. അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്ത നവും ശ്ലാഘനീയം. ഉയരങ്ങളില്‍ ഉള്ള പിതാവ് അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് ഇത്തരുണത്തില്‍ പ്രാര്‍ത്ഥിച്ചു പോവുകയാണ്.
(തുടരും………..)

About The Author

Leave a Reply

Your email address will not be published. Required fields are marked *