(യാത്രാ വിവരണം തുടരുന്നു…)
നെബോ പർവ്വതത്തിലെ പിച്ചളസർപ്പവും
താഴ്‌വരയിലെ കാഴ്ചകളും മേരി അലക്‌സ് (മണിയ)
സ്ലീബാ അച്ചനും ആൻഡ്രൂസച്ചനും ഹോട്ടലിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥരും ചേർന്ന് ഞങ്ങൾക്കുള്ള മുറികളുടെ താക്കോലുകൾ ഞങ്ങളുടെ അഡ്രസ്സ് എഴുതിയ കവറിൽ ഇട്ടു വച്ചിരു ന്നതു തന്നപ്പോൾ എത്ര ചിട്ടയായ ക്രമീകരണങ്ങളാണ് ആ ടൂർ പാക്കേജ് എന്ന് ആദ്യം തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. ദമ്പതികളായും കുടുംബമായും ഉള്ളവർക്ക് ഓരോ റൂം. അല്ലാത്തവർക്ക് അവരുടെ പ്രായം കണക്കിലെടുത്ത് ചേരും വിധത്തിൽ രണ്ടു പേർക്ക് ഒരു മുറി എന്ന കണക്കിലാണ് ക്രമീകരിച്ചിരുന്നതും താക്കോൽ തന്നതും. രണ്ട് താക്കോൽ വീതം ഉണ്ടായിരുന്ന തുകൊണ്ട് അവരവരുടെ കൈവശം അത് വെയ്ക്കുകയുമാവാമായിരുന്നു. എല്ലാവരോടും മുറികളിൽ ലഗേജ് വെച്ച് ഫ്രഷായി താഴേക്ക് വരാൻ പറഞ്ഞു. ഡൈനിംഗ് ഹാളിന്റേയും അതിനുള്ള സമയ ക്ലിപ്തതയുടെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ലിഫ്റ്റ് വഴി റൂം ബോയ്‌സ് ഞങ്ങളുടെ റൂമുകളിൽ എത്തിച്ച ലഗേജുകൾ യഥാസ്ഥാനത്താക്കി തന്നു. ചിലർ കുളി കഴിഞ്ഞു വസ്ത്രം മാറി താഴേക്കെത്താമെന്ന് കരുതി അതിനുള്ള ഒരുക്കങ്ങളായി ചിലർ കുളി വൈകുന്നേര ത്തേക്കാക്കി, അത്യാവശ്യകാര്യങ്ങൾ നിർവ്വഹിച്ചു ഡൈനിംഗ് ഹാളിൽ എത്തി.
ബുഫേ സിസ്റ്റത്തിൽ ആയിരുന്നു ഉച്ചയൂണ്, ഊണിന് പലതരം ബ്രഡുകളും സാലഡുകളും ബസുമതി അരിയുടെ ചോറ്, വെജിറ്റബിൾ റൈസ്, ബിരിയാണി അങ്ങനെ പലവിധത്തിൽ ഉള്ള ഐറ്റംസും നിരത്തിയിരുന്നു. ബീഫ് ചിക്കൻ, പോർക്ക് അങ്ങനെ സൈഡ് ഡിഷസ് വേറെ. പലരും എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ കുഴഞ്ഞു പോയ നിമിഷത്തിൽ വിദേശരാജ്യങ്ങളിൽ പോയി പരിചയിച്ചവർ മറ്റുള്ളവരെ സഹാ യിച്ചു. പ്ലേറ്റുകൾ വച്ചിരിക്കുന്നതു തുടങ്ങി മധുര പലഹാരത്തിൽ നിർത്താൻ നിർദ്ദേശിച്ചതനു സരിച്ച് എല്ലാവരും അവരവരുടെ പ്ലേറ്റിൽ വിഭവങ്ങൾ എടുത്തു തുടങ്ങി. നാട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിനുള്ള എരിവോ, ഉപ്പോ, പുളിയോ ഒുമില്ലാതെയുള്ള ഭക്ഷണവിഭവങ്ങൾ മേശമേൽ ഉള്ള ഉപ്പും കുരുമുളകും ചേർത്ത് ഭക്ഷിച്ചപ്പോൾ രുചി തോന്നിച്ചു. വിശപ്പ് ഉണ്ടായിരുന്നതുകൊണ്ട് രുചിക്കുറവ് വലുതായി കണക്കിൽ എടുക്കാനും തോന്നിയില്ല തിരക്കിനിടയിൽ പെട്ടിയിൽ നിന്നും അച്ചാറോ സമ്മന്തിയോ കയ്യിൽ എടുക്കാനും പറ്റാത്തതു കൊണ്ട് മുന്നിൽക്കണ്ട വിഭവ ങ്ങൾ ഭക്ഷിച്ച് തൃപ്തി വരുത്തി.
ഊണ് കഴിച്ച് ലോഞ്ചിൽ കാത്തിരിക്കുമ്പോൾ ഹോട്ടലിന് മുന്നിൽ ബസ്സ് വന്ന് നിൽക്കുന്നു ണ്ടെന്നും അതിൽ കയറിക്കൊള്ളാനും അറിയിപ്പു ലഭിച്ചു. ബസ്സിൽ കയറുമ്പോൾ അച്ചൻ എല്ലാവരുടെയും നമ്പർ എടുത്തു കൊണ്ടിരുന്നു. സ്‌കൂളിൽ നിന്ന് എസ്‌ക്കർഷന് കൊണ്ടു പോകുന്നത് ഓർമ്മയിൽ വന്നു. പ്രാർത്ഥനയോടെ ബസ്സിൽ യാത്ര ആരംഭിച്ചു. വിശുദ്ധനാട് സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള യാത്ര ‘മൗണ്ട് നാബോ’ എന്ന സ്ഥലത്തേക്കാണ് ആദ്യം പോകുന്നതെന്ന് ടൂർ ഷെഡ്യൂളിൽ പറഞ്ഞിരുന്നു. മോശയുടെ കർമ്മ ഭൂമിയായ നെബോ പർവ്വതം. വിശുദ്ധ വേദപുസ്തകത്തിൽ പ്രതിപാദിച്ചിട്ടൂള്ള ഓരോ സ്ഥലവും നേരിൽ കണ്ടു മനസ്സിലാക്കാനും ആ മണ്ണിൽ സ്വന്തം കാൽ പതിപ്പിക്കാനുമുള്ള അവസരം ലഭിക്കുക എന്നത് എന്തൊരു ദൈവാനുഗ്രഹം ആണ് എന്ന് മനസ്സിൽ തോന്നിയ നിമിഷങ്ങൾ. അയ്യായിരം വർഷം പഴക്കമുള്ള ‘ഓൾഡ് കിംഗ്‌സ് ഹൈവേ’ യിൽ കൂടിയുള്ള യാത്ര ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഒലിവ് മരത്തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും വഴിയോരങ്ങളിൽ കാണാമായിരുന്നു. ബസ്സിൽ കയറിയപ്പോൾ ഡ്രൈവറെക്കൂടാതെ ആജാനുബാഹുവായ, വെളുത്തുതുടുത്ത ഒരു മനുഷ്യൻ മുൻ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നു ‘സുലൈമാൻ’ എന്നായിരുന്നു അദ്ദേഹ ത്തിന്റെ പേര്. എല്ലാവർക്കും നമസ്‌കാരം പറഞ്ഞ് അദ്ദേഹം സ്വയം പരിചയപ്പെടുത്തി വിശുദ്ധ നാട്ടിൽ ഞങ്ങൾക്കു കാണാനുള്ള കാഴ്ചകളുടെ വിശദീകരണം നൽകാനായി സ്ലീബാ അച്ചന്റെ നിർദ്ദേശത്താൽ ബസ്സിൽ കയറിയ ഗൈഡ് ആയിരുന്നു അദ്ദേഹം. ബസ്സ്‌റൂട്ടിൽ കാണാൻ പോകുന്ന കാണുന്ന സംഗതികൾ അപ്പപ്പോൾ വിവരിച്ചു നൽകാനായി അദ്ദേഹം മൈക്ക് ഓഫ് ചെയ്തപ്പോൾ എല്ലാവരും കയ്യടിച്ചു. കാരണം മുന്നിലിരുന്ന് പറയുന്ന യാതൊന്നും ബസ്സിന്റെ പിൻ സീറ്റുകളിൽ ഇരിക്കുന്നവർക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല അതുവരെ. ഗൈഡ് ഓരോ സ്ഥലങ്ങളുടെയും പ്രാധാന്യം സ്ഫുടമായ ഇംഗ്ലീഷിൽ വിവരിച്ചു തന്നുകൊണ്ടിരുന്നത് ചുരുക്കം ചിലർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിച്ചതു കൊണ്ട് ചിരവത്തറ അച്ചൻ അത് പരിഭാഷ പ്പെടുത്തിക്കൊണ്ടിരുന്നു. മലയാളികൾ ഉള്ള സ്ഥലമാണ് ഇടയ്ക്ക് കണ്ട പട്ടണങ്ങൾ മിക്കവയിലും. ആരോഗ്യവകുപ്പിലോ, പത്രപ്രവർത്തനരംഗങ്ങളിലോ ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യ ക്കാർ തയ്യൽ ജോലികളും. കേരളത്തിൽ നിന്നുള്ളവർ ആയതുകൊണ്ടാണ് ഗൈഡ് മലയാളികളു ടെയും മറ്റ് ഇന്ത്യക്കാരുടെയും കാര്യങ്ങൾ വിശദീകരിച്ചത്. എങ്കിലും പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ അവിടെ ചേക്കേറി ജോലികളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
മൗണ്ട് നെബോയ്ക്ക് മുൻപായി ‘മൊസൈക്കിന്റെ സിറ്റി’ എറിയപ്പെടുന്ന പട്ടണം കാണുവാൻ ഇറങ്ങി ‘മഡാബ’ എന്നായിരുന്നു അതിന്റെ പേര് ആറാം നൂറ്റാണ്ടിൽ കണ്ടെത്തിയ മൊസൈക്കിൽ തീർത്ത ജോർദ്ദാന്റെ ഒരു രൂപരേഖയാണ് അവിടെ സൂക്ഷിക്കപ്പെട്ടിരുന്നത്. ഭിത്തിയിൽ ചേർത്ത് പിടിപ്പിച്ചിരുന്ന അതിന്റെ വിവരണം കടുന്നുചെല്ലുന്ന സന്ദർശകർക്ക് ക്ലാസ്‌റൂമിൽ അധ്യാപകർ എന്നപോലെ ഒരാൾ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. ഭാഷ മനസ്സിലാകാത്തത് കൊണ്ട് സിറിയ, ഡമാസ്‌കസ് കണ്ടു മടങ്ങിയവരുടെ കൂടെ ഉണ്ടായിരുന്ന ഒരു പുരോഹിതൻ പരിഭാഷപ്പെടുത്തി തന്നു. അദ്ദേഹത്തിന്റെ പേര് വർഗ്ഗീസ് പുലയത്ത് പൗലോസ് എന്നായിരുന്നു. എറണാകുളത്തു മുളന്തുരുത്തിയിൽ ആണ് താമസം. അദ്ദേഹത്തിന്റെ ബെസ്ക്യാമ്മയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പേര് ലിസി.
പിന്നീടുള്ള ദിവസങ്ങളിൽ കാണാൻ പോകുന്ന യെറുശലേം പട്ടണം അദ്ദേഹം ഒരു വടികൊണ്ട് തൊട്ടൂ കാണിച്ചപ്പോൾ ശരിക്കും കോൾമയിർ കൊണ്ടു. തൊട്ടൂ ചേർന്ന് ഒരു പ്രാർഥനാമുറിയും അവിടെ പ്രാർത്ഥനയും നടക്കുന്നുണ്ടായിരുന്നു ആവശ്യപ്പെടുന്നവർക്ക് നൽകാനായി മൊസൈക്ക് സിറ്റിയുടെ പല വലിപ്പത്തിലുള്ള ചിത്രങ്ങളും മോഡലുകളും അവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്നത് കാണാമായിരുന്നു. തൊട്ടൂ ചേർന്ന് ഗ്രീക്ക് ഓർത്തഡോക്‌സ് വിഭാഗത്തിലെ ഒരു ദേവാലയം ഉണ്ടായിരുന്നു. സെന്റ്‌ജോർജ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളി. മുൻപ് കണ്ട മൊസൈക്ക് സിറ്റിയുടെ യഥാർത്ഥ രൂപം, അതായത് ആറാം നൂറ്റാണ്ടിൽ ഭൂഗർഭ ഗവേഷണത്തിലൂടെ കണ്ടെത്തിയ മൊസ്സേക്ക് ചിപ്‌സ് കൊണ്ട് നിർമ്മിച്ച അതേ രൂപം, തറയിൽ പതിപ്പിച്ചിട്ടൂണ്ടായിരുന്നു. പാലസ്തീൻ നാടിന്റെ ശരിയായ രൂപരേഖ അതിൽ കണ്ടെത്താൻ നമുക്ക് കഴിയും. ആ പള്ളിയുടെ ഒരു പ്രത്യേകത കാണാൻ കഴിഞ്ഞത് മുഖവാരത്തിൽ രണ്ടു വലിയ മണികളോട് ചേർന്ന് താഴെ രണ്ട് ചെറിയ മണികളും ഉണ്ടായിരുന്നുവെന്നതാണ്. ദേവാലയ ത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചു വയ്ക്കാൻ രണ്ടു വലിയ തണ്ടുകളിൽ തളികകൾ നിർത്തി പൂഴിമണൽ നിറച്ചു വെച്ചിരുന്നു. ആദ്യമായി കയറിയ ദേവാലയം കാണിക്കയായി ഒരു ഡോളർ സമർപ്പിച്ചു. എന്തെങ്കിലും ഒന്ന് നാട്ടിലേക്ക് കൊണ്ടുവരാനായി ലഭിക്കുമോ എന്ന് ചുറ്റും നോക്കി. ഒന്നും കണ്ടുപിടിക്കാൻ പറ്റാത്തതു കൊണ്ട് മെഴുകുതിരി വെച്ചിരുന്ന തളികയിൽ നിന്നും അല്പം പൂഴിമണൽ വാരിയെടുത്തു ദേവാലയത്തിൽ നിന്നും ഇറങ്ങി ചെരുപ്പുകൾ ഇടുമ്പോൾ സ്ലീബാ അച്ചൻ പറഞ്ഞു മനസ്സിലാക്കി, ഇനിമുതൽ ഒരു പള്ളിയിൽ കയറുമ്പോഴും ചെരിപ്പ് അഴിച്ചു വയ്ക്കരുത് ,അത് ആ നാട്ടിൽ അപമര്യാദയാണത്രേ എന്നാൽ സ്ത്രീകൾ തലയിൽ മൂടുപടം ഇടണമെന്നും പുരുഷന്മാർ ഒരു കാരണവശാലും തലയിൽ തൊപ്പി വെക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും ദേവാലയത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു. സമയ നിഷ്‌കർഷ പാലിക്കേണ്ടതു കൊണ്ട് എത്രയും വേഗം അവിടെ നിന്നും പോകണമെന്നും അല്ലെങ്കിൽ ചാർട്ട് ചെയ്തിരിക്കുന്ന രീതിയിൽ ഓരോ സ്ഥലങ്ങൾ കണ്ടു മടങ്ങാനുള്ള സമയം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതു കൊണ്ട് എല്ലാവരും ബസ്സിനരികിലേക്ക് നടന്നു. അവിടെ നിന്നും ബസ്സ് പോയത് നെബോ പർവ്വതത്തിന്റെ താഴ്‌വാരത്തെക്കാണ്..
മോശ ജനത്തെ നാല്പതു സംവത്സരം കനാൻ ദേശത്തേക്കുള്ള പ്രയാണം നടത്തി യെങ്കിലും മോശക്ക് ആ ദേശം കാണാൻ ഭാഗ്യമുണ്ടായില്ല. ജനത്തോടൊപ്പം മോശയും ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയിൽ ചിന്തിച്ചു പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാൽ മോശ ആ പർവ്വതത്തിനു മുകളിൽ നിന്ന് കനാൻ ദേശം നോക്കിക്കണ്ടു. ഇപ്പോഴും കടുന്നുചെല്ലുന്ന ഓരോ സന്ദർശകനും അവിടെ നിന്ന് നോക്കിയാൽ ഒരു വശത്ത് സുന്ദരമായ കനാൻ ദേശവും മറു വശത്തു നീണ്ടു പരന്നു കിടക്കുന്ന ചാവു കടലും കാണാൻ കഴിയും, മൂടൽ മഞ്ഞിന്റെ അതിപ്രസരം ഇല്ലെങ്കിൽ മാത്രം. കനാൻ ദേശത്തിന്റെയും ചാവുകടലിന്റേയും ദിക്കുകൾ സൂചിപ്പിക്കുന്ന ഒരു ഫലകം അവിടെ സ്ഥാപിച്ചിട്ടൂള്ളത് നോക്കിയാൽ അവയുടെ യെല്ലാം ദിശ സൂചിപ്പിച്ചു കൊണ്ടുള്ള മാർക്കുകൾ കാണാൻ കഴിയും എല്ലാവരും ഗ്രൂപ്പുകളായി, കുടുംബങ്ങളായി, സ്‌നേഹിതർ ചേർന്നും അതിന്റെ ചുവട്ടിൽ നിന്ന് ഫോട്ടോകൾ എടുത്തു. ഈ സ്ഥലത്തു തന്നെ ഒരു വശത്തായി മോശ ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി നാട്ടിയതിന്റെ ഓർമ്മയ്ക്കായി ഒരു തൂണും അതിൽ പിച്ചളയിൽ തീർത്ത ഒരു സർപ്പത്തിന്റെ രൂപവുമുണ്ട്. അവിടെയും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആർക്കെങ്കിലും ഈ മാതൃക എവിടെയെങ്കിലും കണ്ടതായി, കാണാറുള്ളത് ഓർമ്മയിൽ വരുന്നുണ്ടോ എന്ന് സ്ലീബാ അച്ചൻ ചോദ്യമുന്നയിച്ചു. ഒട്ടു മിക്കവരും തിരുമേനിമാരുടെ അംശവടി അല്ലേ എന്ന മറു ചോദ്യത്തിൽ ഉറച്ചുനിന്നു. അതല്ലാതെ എന്തെങ്കിലും എന്നായി സ്ലീബാ അച്ചൻ. ആര്‍ക്കും ഒരു ഉത്തരവും നൽകാനാവാതെ വന്നപ്പോൾ ഫാർമസിയുടെ ചിഹ്നം ഇതാണ് എന്ന് അദ്ദേഹം ഞങ്ങൾക്ക് ബോധ്യമാക്കി തന്നു. ഒരു പുതിയ അറിവായിരുന്നു അത്.
പിന്നീട് എല്ലാവരെയും പർവ്വതത്തിന്റെ മറുഭാഗത്തേക്കാണ് കൊണ്ടുപോയത്. താഴ്‌വാ രത്തായി ഫലപുഷ്ടിയുള്ള ഒരു ഭൂപ്രദേശം കാണാം. അവിടെയാണ് മോശ പാറമേൽ അടിച്ചു വെള്ളം വരുത്തിയത്. ഇപ്പോഴും ആ നീരുറവ അവിടെ നിലനിൽക്കുന്നു സമൃദ്ധമായി ജലം ഒഴുകി കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട്. സംഖ്യാപുസ്തകം ഒന്നിന്റെ ഇരുപതാം അധ്യായം ഒന്ന് മുതൽ പന്ത്രണ്ട് വരെ വാക്യങ്ങളിൽ ഈ ഭാഗം പ്രതിപാദിക്കുന്നു ‘മോസസ് സ്പ്രിംഗ് ‘എന്നാണ് ഈ അരുവി ഇപ്പോഴും അറിയപ്പെടുന്നത്. മോശ മരണമടഞ്ഞത് ഈ നെബോ പർവ്വതത്തിൽ വെച്ചാണെങ്കിലും കബറടക്കം നടന്നത് മോവാബ് ദേശത്ത് ബേത്ത് പ്രയോറിനെതിരെയുള്ള താഴ്‌വരയിൽ ആണെന്ന് വേദപുസ്തകം പറയുന്നു. ആവർത്തന പുസ്തകം 34-ആം വാക്യത്തിൽ ആണ് ആ ഭാഗം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ മോശയുടെ ശവക്കുഴിയുടെ സ്ഥാനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
തിരിച്ചു താഴേക്കിറങ്ങുമ്പോൾ ഒരുവശത്തായി വൃത്താകൃതിയിൽ ഒരു ഒറ്റ കല്ല് വെട്ടി നിർത്തിയിരിക്കുന്നതും അതിന്റെ താഴെയായി ഏതോ ഭാഷയിൽ എന്തൊക്കെയോ രേഖപ്പെടു ത്തിയിരിക്കുന്നതും കാണാൻ കഴിഞ്ഞു. മറു ഭാഗത്തായി മനുഷ്യ മുഖത്തിന്റെ ആകൃതിയിൽ ഒരു കൽഭിത്തി പണിതുയർത്തിയിരിക്കുന്നത് കാണാം. അതിൽ പലരുടെയും പേരുകൾ ആണ് ആലേഘനം ചെയ്യപ്പെട്ടിട്ടുള്ളതെന്നും കാലാകാലങ്ങളായി നെബോ പർവ്വതത്തിന്റെ സൂക്ഷിപ്പു കാരയിരുന്നിട്ടുള്ളവരുടെ പേരുകളാണ് അവയെന്നും ഗൈഡ് പറഞ്ഞു മനസ്സിലാക്കി. ഇപ്പോൾ അവിടെ ഒരു പഴയ ദേവാലയത്തിന്റെ പുനർനിർമ്മാണം നടുവരന്നു. ഒപ്പം ഒരു മ്യൂസിയവും. ഒരു താൽക്കാലിക ഷെഡ്. പഴയകാലത്ത് ഉണ്ടായിരുന്ന പല സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നു. ധാരാളം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സ്ഥലം ആയതുകൊണ്ട് ഈ സാധനങ്ങളെല്ലാം തന്നെ പുതിയ മ്യൂസിയത്തിലേക്ക് മാറ്റി സന്ദർശകരെ ആകർഷിക്കാൻ തക്കവിധം സജ്ജമാക്കാൻ ആണ് അതിന്റെ മേലധികാരികളുടെ തീരുമാനം.
രണ്ടു വിമാനയാത്രയുടെ ക്ഷീണം കൊണ്ടും രാത്രിയുള്ള യാത്ര ഉറക്കത്തിന് ഭംഗം വരുത്തിയതു കൊണ്ടും ആദ്യ ദിവസം ഈ രണ്ട് സ്ഥലങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ബസ്സ് ഹോട്ടലിന്റെ മുമ്പിൽ ചെന്നു നിന്നപ്പോഴാണ് എല്ലാവരും പാതിമയക്കത്തിൽ നിന്നും ഉണർന്നത്. നിയോണ്‍ ലൈറ്റിന്റെ വെളിച്ചത്തിൽ ആ പടുകൂറ്റൻ ഹോട്ടലിന്റെ ബോർഡ് തെളിഞ്ഞുനിന്നു ‘ഹോട്ടൽ അമാക്കൻ’ അതായിരുന്നു അതിന്റെ പേര്. നടുവിലൊരു അകത്ത ളവും നാലുവശത്തും പടുത്തുയർത്തിയ കെട്ടിടസമുച്ചയവും ചേർന്ന ഹോട്ടൽ. നാനാവിധത്തി ലുള്ള ചെടികൾ നിറഞ്ഞു നിന്നു അതിന്റെ മട്ടുപ്പാവ്.
എല്ലാവരും അവരവരുടെ റൂമുകളിൽ പോയി തിരികെ വന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും പാശ്ചാത്യനാടുകളിൽ ഓരോ ഭക്ഷണത്തിനും ഹോട്ടലുകളിലും വീടുകളിലും സമയ ക്ലിപ്തത ഉണ്ടായിരുന്നതു കൊണ്ട് പലരും അത് ഒഴിവാക്കി ഡൈനിംഗ് ഹാളിലേക്ക് നടന്നു. ലഞ്ച് കഴിച്ചപ്പോൾ ഉണ്ടായ പരിചയം എല്ലാവർക്കും ഭക്ഷണം ക്രമമായി എടുക്കുവാനും അവരവർക്ക് ഇഷ്ടമായ സ്ഥലത്ത് ഏതെങ്കിലും മേശമേൽ കൊണ്ടുവന്ന് വച്ചു കഴിക്കുവാനും സാധിച്ചു. ഈ അവസരത്തിൽ തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു ഗ്രൂപ്പ് കൂടി ഞങ്ങളോട് ഒത്തുചേർന്നു. എല്ലാവരും ഒരുമിച്ച് രാത്രി എട്ടര മണിക്ക് പ്രാർത്ഥിച്ച്, പരസ്പരം പരിചയപ്പെടുത്തി. പിറ്റേന്ന് രാവിലെ ആറ് മണിക്ക് ഡൈനിംഗ് ഹാളിൽ എത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പുറത്തേക്ക് പോകുവാൻ തയ്യാറായി എത്തണം എന്നും, വരുമ്പോൾ ലഗേജുകൾ കൂടി കൊണ്ടുപോരണ മെന്നും നിർദ്ദേശം ലഭിച്ചു. ആ ഒരു രാത്രി മാത്രമേ ആ ഹോട്ടലിൽ ഞങ്ങൾ താമസിക്കുന്നുണ്ടായി രുന്നുള്ളൂ.
ബാത്‌റൂമിൽ ഗീസർ വെച്ചിരുന്നെങ്കെിലും പലർക്കും പരിചയക്കുറവ് മൂലം കുളിക്കുവാൻ ചൂടു വെള്ളം കിട്ടിയില്ല. ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാവുന്ന, കുളിക്കാൻ മാത്രം ഉണ്ടാക്കി യിട്ടുള്ള കണ്ണാടിക്കൂടുകളിൽ കയറി പൈപ്പ് തുറന്നു വെള്ളം ദേഹത്ത് വീണ് കഴിഞ്ഞപ്പോഴാണ് പലർക്കും അമളി അനുഭവപ്പെട്ടത്. കൊടും തണുപ്പിൽ തണുത്ത വെള്ളത്തിൽ കുളിച്ച കുളിരു മായി പലരും പുറത്തേക്ക് വന്നു, ചിലർ ചൂടു വെള്ളം കിട്ടുന്ന മുറികളിൽ പോയി കുളിച്ചു. യാത്ര യുടെ ക്ഷീണം കൊണ്ടും മുറികൾ എയർകണ്ടീഷൻ ചെയ്തിരുന്നതിനാലും കിടന്നതറിയാതെ ഉറങ്ങിപ്പോയി എന്നതാണ് സത്യം.
(തുടരും………)
About The Author
No related posts.