കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതിൽ കൈകാൽ നഷ്ടപ്പെട്ടവരും അംഗവൈകല്യമുള്ളവരും മൂക്കള ഒലിപ്പിക്കുന്നവരും മുറിവു കെട്ടിവച്ചവരും വടിയൂന്നി നടക്കുന്നവരും പ്രായാധിക്യത്തിൽ നടക്കുന്നവരും ഉണ്ടായിരുന്നു. അവരുടെയുള്ളിൽ കത്തിയെരിയുന്ന വിദ്വേഷവും വീർപ്പുമുട്ടലും ഉണ്ടായിരുന്നു.
ചാരുംമൂടൻ എല്ലാവരെയും പരിചയപ്പെട്ടു. അവിടുത്തെ ഹതഭാഗ്യരായ മനുഷ്യർക്ക് ഒരു പുനരധിവാസം ആവശ്യമാണെന്ന് ചാരുംമൂടന് തോന്നി. മനസ്സില്‍ കുഷ്ഠരോഗം ബാധിച്ച ബന്ധുമിത്രാദികൾ അവരെ സ്വീകരിക്കില്ലെന്ന് ഉറപ്പുണ്ട്. വൃദ്ധന്റെ വാക്കുകൾ മനസ്സിനെ തൊട്ടുണർത്തി, “പ്രായമായില്ലേ ഇനിയെങ്ങോട്ടു പോകാനാണ്.” വൃദ്ധന്റെ ചുമലിൽ തട്ടി ചാരുംമൂടൻ പറഞ്ഞു, “ഉള്ളസമയം സന്തോഷമായി ഇവിടെ കഴിയുക.”
പിന്നെ ലൈബ്രറിയിലേക്ക് നടന്നു. അവിടെ കുട്ടികളുടെ തിരക്കായിരുന്നു. കരുണും കിരണും അവിടെയുണ്ടായിരുന്നു. അലമാരയിലെ പുസ്തകങ്ങൾ കണ്ട് കരുണിന് ആശ്ചര്യമായിരുന്നു. ഇത്രമാത്രം പുസ്തകങ്ങൾ ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. അഗാധമായ ദുഃഖത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ സംഗീതവും സാഹിത്യവും സഹായിക്കും. ഞാനും എത്രയോ വായിച്ചു. അതിനുള്ളിലേക്ക് ചാരുംമൂടൻ വന്നത് അവര്‍ കണ്ടില്ല. വലിയ ഹാളിന്റെ ഒരു ഭാഗത്തുനിന്ന് അദ്ദേഹം താളിയോലഗ്രന്ഥങ്ങൾ മറിച്ചു നോക്കിക്കൊണ്ടിരുന്നു.
സൂക്ഷ്മദൃഷ്ടിയോടെ ഒരു നോവലിൽ മുഴുകി നിന്ന കിരണിനോട് അരുണ ചോദിച്ചു, “എന്താടീ, പ്രണയനോവലാണോ?”
“ഹേയ് പപ്പായുടെ നോവലാണ്.”
ഇതിനിടയിൽ മൈക്കിലൂടെ പുറത്ത് നിൽക്കുന്നവർ ഹാളിലേക്ക് കയറിയിരിക്കാനുള്ള അറിയിപ്പ് വന്നു. അവർ ഹാളിലേക്ക് നടന്നു. ഒരുഭാഗത്ത് അവിടുത്തെ അന്തേവാസികളും മറ്റൊരു ഭാഗത്ത് കുട്ടികളും കസേരകളിൽ ഇരുന്നു. മുൻനിരയിൽ സന്നിഹിതരായിരുന്ന ജില്ലാ കളക്ടർ രമേശനും വേദിയിലെത്തി. ഇതിനിടയിൽ വിദ്യാർത്ഥികൾ കരുതിവച്ചിരുന്ന സമ്മാനപ്പൊതികൾ അന്തേവാസികൾക്കായി വിതരണം ചെയ്തു. യാതൊരു മടിയോ സങ്കോചമോ കൂടാതെ കുഷ്ഠരോഗികളെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ കുട്ടികളെ ഉള്ളാലെ അഭിനന്ദിച്ചു. ഇതവർക്ക് അപൂർവ്വമായ അനുഭവം നൽകുന്നു. ഈ ജന്മത്തിൽ ഇങ്ങനെയൊരു സംഗമം അവർ പ്രതീക്ഷിച്ചതല്ല. ഇതിനിടയിൽ കിരണിന്റെ കണ്ണുകൾ കരുണിനെ പരതി. ആ നോട്ടത്തിൽ ഒരു പ്രണയം പ്രകടമാണ്. അതിൽ ഒളിഞ്ഞിരിക്കുന്ന ആശങ്ക അരുണ അവനെ പ്രേമിക്കുന്നുണ്ടോ എന്നതാണ്. അവളുടെ സംസാരത്തിൽ നിന്നും കുറച്ചത് വായിച്ചെടുക്കാം. ഞാനവനെ പ്രണയിക്കുന്ന കാര്യം അവൾക്കറിയില്ല.
പെട്ടെന്ന് സെക്രട്ടറി റഹീം സ്റ്റേജിലെത്തി. എല്ലാവരും അതാത് സ്ഥാനങ്ങളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എല്ലാവരെയും സ്നേഹപുരസ്സരം സ്വാഗതം ചെയ്തിട്ട് പ്രിൻസിപ്പലിനെ വേദിയിലേക്ക് ക്ഷണിച്ചു. കുട്ടികൾ ഒന്നടങ്കം കയ്യടിച്ചു. ഇങ്ങനെ ഒരവസരം ഉണ്ടാക്കിത്തന്ന എല്ലാ ഭാരവാഹികളോടും അന്തേവാസികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
“ഞങ്ങൾ എല്ലാവർഷവും കോളജ് ദിനം ആഘോഷിക്കുന്നത് സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവരോട് ഒപ്പമാണ്. പുതിയ വർഷം 2014 ഞങ്ങള്‍ തിരഞ്ഞെടുത്തത് ലെപ്രസി സാനിട്ടോറിയമാണ്. നമ്മുടെ കുട്ടികൾ അക്ഷരവെളിച്ചം കാണുന്നതിനൊപ്പം ജീവകാരുണ്യപ്രവർത്തനത്തിലും പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് ഇത്. നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഇത്തരം സംവിധാനങ്ങൾ ലോവർ പ്രൈമറി സ്കൂൾ മുതൽ നമ്മൾ തുടങ്ങണം. ഇതിനാവശ്യമായ പ്രചോദനവും പിന്തുണയും കൊടുക്കാൻ സർക്കാർ മുന്നോട്ടുവരണം.”
ജില്ലാ കളക്ടർ അത് ശ്രദ്ധയോടെ കേട്ടിരുന്നു. ഇതിൽ പങ്കാളികളായ എല്ലാ കുട്ടികൾക്കും ഒപ്പം ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബഹുമാനപ്പെട്ട ജില്ലാകളക്ടർക്കും, ചാരുംമൂടന്‍ സാറിനും നന്ദി അർപ്പിച്ചുകൊണ്ട് പ്രിൻസിപ്പൽ പിൻവാങ്ങി. ഒരു അന്തേവാസിയുടെ വിപ്ലവഗാനത്തിന് ശേഷം ചാരുംമൂടൻ പരിപാടി ഉദ്ഘാടനം നടത്തി. എല്ലാവരോടും നന്ദി രേഖപ്പെടുത്തി പ്രസംഗത്തിലേക്ക് കടന്നു.
“പ്രിയപ്പെട്ട വിദ്യാർത്ഥികളെ. അന്തേവാസികളെ, അറിവിന്റെ വിശാലതയിലേക്ക് നിങ്ങൾ വളർന്നു വരുന്നതിനൊപ്പം നമ്മുടെ ദേശീയ പാഠ്യപദ്ധതിയിൽ പെടാത്ത ഒരു വ്യക്തമായ നിശാബോധകാൽവയ്പാണ് ഇവിടെ ഇന്ന് കാണാൻ കഴിഞ്ഞത്. പഠനത്തിനൊപ്പം വ്യഥകളും നൊമ്പരങ്ങളുമായി കഴിയുന്ന പാവങ്ങളെ തേടി ഒരാശ്വാസ സാന്ത്വനമായി ക്ലാസുമുറികളിൽ നിന്നും ഇവിടെ എത്തിയ കുഞ്ഞുങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസരംഗത്തുള്ളവർ നിങ്ങളെ കണ്ടുപഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ പാഠ്യപദ്ധതിയിൽ കൈക്കൂലി, അഴിമതി, ഇങ്ങനെയുള്ള വിഷയങ്ങളിൽ വേണ്ടുന്ന ശ്രദ്ധയില്ല. ഇവിടെയെല്ലാം വിദ്യാഭ്യാസത്തിന് വലിയൊരു പങ്കുണ്ട്. അറിവും കാര്യക്ഷമതയുമുള്ള ഒരു ഭരണത്തിന് മാത്രമേ മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരാൻ കഴിയൂ. വേലി തന്നെ വിളവുതിന്നുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ കൂട്ടർ നമ്മുടെ മുന്നിൽ പറന്നു നടക്കുന്ന ഈച്ചയ്ക്ക് തുല്യമാണ്. എന്താണ് ഈച്ചയുടെ പ്രത്യേകത. അത് എല്ലാ അശുദ്ധിനിറഞ്ഞ വസ്തുക്കളിലും വന്നിരിക്കും ഭക്ഷിക്കും. നിങ്ങള്‍ അതുപോലെയാകാന്‍ പാടില്ല.
നിങ്ങൾ ഓരോരുത്തരും തേനീച്ചകളായി വളരേണം. തേനീച്ചകൾ ഒരിക്കലും അശുദ്ധിയിൽ വളരുന്നവ അല്ല. അവർ അധ്വാനശീലരാണ്. തേനീച്ചകൾ നൽകുന്നത് മധുരമാണ്. നിങ്ങളും നമ്മുടെ സമൂഹത്തിന് മധുരം നൽകണം. ഇന്ന് കാണുന്ന അധികാരമധുരം നിങ്ങളെ ആകർഷിക്കരുത്. അത് സമൂഹത്തിനും നിങ്ങൾക്കും ആപത്താണ്. അധികാരതിമിരം ബാധിക്കാത്ത ഒരു തലമുറയാണ് നമുക്കു വേണ്ടത്. അധികാരികളുടെ കാൽകഴുകി അല്ലാത്തതിനാൽ എനിക്ക് ഒരു പുരസ്കാരവും ലഭിക്കില്ല. എനിക്ക് നിങ്ങളോട് ഒരു ചോദ്യമേ ഉള്ളൂ. അത് ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ്. നിങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ സൂര്യനെപ്പോലെ പ്രകാശിക്കൂ. മറ്റുള്ളവരുടെ നിഴലുകളായി എന്തിനിങ്ങനെ ജീവിക്കണം. മറ്റുള്ളവരുടെ ഉൽപന്നമായി ഉൽപാദനച്ചരക്കായി നിങ്ങൾ മാറുന്നത് വരും തലമുറയ്ക്ക് ആപത്താണ്. അങ്ങിനെ മാറുന്നതുകൊണ്ടാണ് നമ്മുടെ സമ്പത്ത് വിദേശബാങ്കുകളില്‍ ഈ കൂട്ടർ കൊള്ളയടിച്ചു കൊണ്ടുപോകുന്നതും ഇന്ത്യ പട്ടിണിയിലാകുന്നതും.
ഇതൊക്കെ സൂക്ഷ്മദൃഷ്ടിയോടെ കാണണമെന്നുണ്ടെങ്കിൽ നിങ്ങൾ ധാരാളമായി വായിച്ച് അറിവുണ്ടാക്കണം. ആ അറിവ് നിങ്ങളെനോക്കി പുഞ്ചിരിക്കും. നിങ്ങൾ നാളെയുടെ മുഴങ്ങുന്ന ശബ്ദമായി മാറണം. എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട്. ജയ് ഹിന്ദ്.”
ചാരുംമൂടന്‍ പ്രസംഗം അവസാനിപ്പിച്ചു. തുടർന്നു നടന്ന കലാപരിപാടികളിൽ കോളജിന്റെ ഹരവും അഭിമാനവുമായ കരുണിന്റെ ഗാനമായിരുന്നു. പുഞ്ചിരി തൂകുന്ന മുഖവുമായി മൈക്കിന് മുന്നിലെത്തി. പെൺകുട്ടികളിൽ പലർക്കും അവനോട് പ്രത്യേക സ്നേഹമാണ്. ഇത്തവണ കോളജ് തിരഞ്ഞെടുപ്പിൽ അവൻ ജയിക്കുമെന്നറിയാം. അവനു പാടാനുള്ള ഗാനം എഴുതിക്കൊടുത്തത് ചാരുംമൂടനാണ്. അതിനായിരുന്നു അവർ തമ്മിലുള്ള രഹസ്യചർച്ചകൾ.
അവന്റെ പാട്ടിൽ ലയിച്ചിരുന്നുപോയി ആ സദസ്സ്. അതൊരു പ്രണയഗാനമായിരുന്നു. സുഖകരമായ ഒരനുഭൂതി കിരനുണ്ടായി. അവളുടെ മനസ് പാറിപ്പറന്ന് നിറപ്പകിട്ടാർന്ന ഒരു പൂന്തോപ്പിലെത്തി. ഓരോ വരികളിലും അസാധാരണവും അഗാധവുമായ ഒരു തീവ്രത തോന്നി. പ്രണയം ആലിംഗനം ചെയ്യപ്പെട്ട നിമിഷങ്ങൾ.
പാട്ട് തീർന്നപ്പോൾ എല്ലാവരും കയ്യടിച്ചു. എന്നാൽ, ഒരാളുടെ മാത്രം കയ്യടി തീർന്നില്ല. പലരും പിറകിലേക്ക് തിരിഞ്ഞുനോക്കി. അടുത്തിരുന്ന അരുണ കിരണിന്റെ കൈകളിൽ പിടിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. അവൾ ലജ്ജിച്ച് തലതാഴ്ത്തിയിരുന്നു. എന്താണ് സംഭവിച്ചത്?
മനസ്സാകെ വസന്തം പൂത്തുലഞ്ഞ പൂന്തോപ്പിലായിരുന്നു. മ്ലാനമായ കണ്ണുകളോടെ മുഖമുയർത്തി വേദിയിലേക്ക് നോക്കി. അന്തേവാസികൾ നടത്തിയ തമാശരംഗങ്ങൾ പലരിലും ചിരിയുണർത്തി. പിന്നീട് നടന്നത് അവാർഡ് വിതരണമായിരുന്നു. കളക്ടർ എല്ലാവർക്കും അവാർഡ് സമർപ്പിച്ചു. കരുൺ അവാർഡ് വാങ്ങിയപ്പോൾ കിരണിന്റെ കണ്ണുകൾ തിളങ്ങി നിന്നു. ആ നോട്ടത്തിന് നിരവധി നിറങ്ങളുണ്ടായിരുന്നു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കരുൺ അതിനെ കണ്ടു. എന്നെ ഇതിന് അർഹനാക്കിയ ചാരുംമൂടന്‍ സാറിന് ഞാനിത് സമർപ്പിക്കുന്നതായി പറഞ്ഞപ്പോൾ കരഘോഷമുയർന്നു. അവൻ ട്രോഫിയുമായി വന്ന് ചാരുംമൂടന്റെ കാലിൽ തൊട്ടു വന്ദിച്ചു പുറത്തേക്കു പോയി. അവൻ വികാരാധീനനായി മാറിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. അത് സ്നേഹമാണോ സന്തോഷമാണോ സങ്കടമാണോ ഒന്നുമറിയില്ല. അകത്തുനിന്നും അഭിനന്ദിക്കാനെത്തിയ കിരൺ അവൻ കണ്ണീർ പൊടിക്കുന്നതുകണ്ട് അമ്പരന്നു നിന്നു.
ആരുടെയും ശ്രദ്ധയിൽ പെടാതെ ഇവൻ പുറത്തുവന്നത് കരയാനാരുന്നോ? ഇതിൽ ഇത്രമാത്രം സങ്കടപ്പെടാൻ എന്തിരിക്കുന്നു? ഒരുപക്ഷേ, ഇങ്ങനെയുള്ള അപൂർവ്വ മുഹൂർത്തങ്ങളിൽ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടായി അടക്കാനാവാത്ത വികാരം പുറത്തുവന്നതായിരിക്കും. അവൻ കണ്ണുകൾ തുടച്ച് അവളെ നോക്കി. അവൾ അഭിനന്ദനമറിയിച്ച് അവനെ പ്രശംസിച്ചു. ഇങ്ങനെയുള്ള അവസരങ്ങളിൽ മനോധൈര്യം നഷ്ടപ്പെടുത്തരുതെന്നും അവൾ കൂട്ടിച്ചേർത്തു. ആത്മധൈര്യം പകർന്നുതന്ന സുഹൃത്തിനെ ആത്മാർത്ഥതയോടെ നോക്കി.
ചെറുപ്പം മുതലെ അവളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ജീവിച്ചത്. വീട്ടിലെ വെറുമൊരു ജോലിക്കാരൻ എന്നതിൽ കവിഞ്ഞ് അവൾ തന്നെ പരിഗണിച്ചില്ല. ഇന്നതിന് ഒരു മാറ്റം കണ്ടതിൽ ഉള്ളം സന്തോഷിച്ചു. അവന്റെ നോട്ടത്തിൽ മധുരമായിട്ടൊന്ന് മന്ദഹസിച്ച് അവനെയും കൂട്ടി അകത്തേക്കു വന്നു. കളക്ടർ കരുണിനെ പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിലെ കിസാൻ കൃഷിവകുപ്പും കരുണിനെ ആദരിക്കാൻ മുന്നോട്ടുവരുന്നത് കേട്ട് എല്ലാവരും കരഘോഷം മുഴക്കി.
“കോളജിലെ പച്ചക്കറിത്തോട്ടം ഞാൻ നേരിൽ കണ്ടപ്പോൾ എനിക്കാശ്ചര്യമാണ് തോന്നിയത്. നിങ്ങളിൽ ഓരോരുത്തർക്കും അതിന് കഴിയും. അധ്വാനമില്ലാത്ത ഒരു വ്യക്തിയോ രാജ്യമോ വളരില്ല. കരുണിനെപ്പോലെയുള്ള ഊർജ്ജം ചെറുപ്പത്തിൽ എനിക്കുമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഞാനീ നിലയിലെത്തിയത്. ഇന്ന് കുട്ടികളിൽ കാണുന്ന ഒരു ദുഷിച്ച പ്രവണതയാണ് മദ്യപാനം, പുകവലി മുതലായവ. ഇത് നമ്മിൽ മാനസികരോഗം, കാൻസർ പോലുള്ള രോഗങ്ങൾ മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് വിശുദ്ധി, വിജ്ഞാനം, വിവേകം എല്ലാംതന്നെ നഷ്ടപ്പെടുത്തുന്നു. നിങ്ങൾ ഇതിൽ നിന്ന് പിൻമാറുന്നില്ലെങ്കിൽ നിങ്ങളിൽ ഒരു ചെകുത്താൻ വളർന്നു വരുന്നുണ്ടെന്ന് ഓർക്കുക. ഇങ്ങനെയുള്ള അലസന്മാരും മടിയന്മാരും ചാരുംമൂടൻ സാർ പറഞ്ഞതുപോലെ സാമൂഹ്യരംഗത്ത് കൂട്ടിലടച്ച എലികളെപ്പോലെ ജീവിക്കേണ്ടിവരും. അതിനാൽ ഇവിടുത്തെ അന്തേവാസികളെപ്പോലെ നിങ്ങളും ആത്മവിശ്വാസം നഷ്ടപ്പെടാത്തവരായി രാജ്യത്തെ സേവിക്കാൻ മുന്നോട്ടു വരിക. എല്ലാവർക്കും ഭാവുകങ്ങൾ” കളക്ടർ വാക്കുകൾ ഉപസംഹരിച്ചു. സെക്രട്ടറിയുടെ നന്ദിയോടെ കാര്യപരിപാടികൾ അവസാനിച്ചു.
ജീവിതത്തിലാദ്യമായി കരുണിന് ഒരു വെള്ളിവെളിച്ചം പകർന്ന ദിനമായിരുന്നു അത്. എല്ലാവരിലും ഉന്മേഷവും ഉത്സാഹവും നിറഞ്ഞുനിന്നു. കിരൺ അരുണയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. കരുണുമായി അവള്‍ സംസാരിക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിച്ചു. സ്വതന്ത്രമായി സംസാരിക്കാന്‍ അവൾക്കും ആഗ്രഹം കാണാതിരിക്കില്ല. കരുണിനെ നോക്കിയപ്പോൾ അവൻ പപ്പായുടെ അടുത്താണ്. കുട്ടികൾ പപ്പായ്ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്. അവൾ അവിടേക്ക് നടന്നു. ബാഗിൽ കിടന്ന ക്യാമറ അരുണയെ ഏൽപിച്ചിട്ട് പറഞ്ഞു. എടീ എന്റെ ഫോട്ടോ കൂടിയെടുക്ക്. അവൾ പപ്പായ്ക്കൊപ്പം ചേർന്നു നിന്നപ്പോൾ കരുണിനെയും അടുത്ത് പിടിച്ചു നിർത്തിയതിൽ ആഹ്ലാദം തോന്നി. അവനൊപ്പമുള്ള ഫോട്ടോ വളരെ ആഗ്രഹിച്ചതാണ്.
കരുണിനും കിരണിനോട് ഒരു മമത തോന്നാതിരുന്നില്ല. അവളുടെ വാക്കുകൾ പ്രശംസകൾ ഹൃദയത്തെ സ്പർശിക്കതന്നെ ചെയ്തു. മറ്റുള്ളവരും ഫോട്ടോയെടുക്കാന്‍ മുന്നോട്ടുവന്നു. അവൻ മാറി നിന്ന് ഒരു നിമിഷം ആലോചിച്ചു. എന്റെ ജീവിതം എത്ര വേഗത്തിലാണ് മാറിമറിയുന്നത്. ഇത്രമാത്രം അറിയപ്പെടാൻ കാരണം ഗുരുതുല്യനായ ചാരുംമൂടൻസാർ തന്നെയാണ്. ഈ ലോകത്ത് എത്രയോ മനുഷ്യർ പട്ടിണിയിലും നിരാശയിലും ദുഃഖത്തിലും ജീവിക്കുന്നു. സഹജീവികളോട് കാരുണ്യം തോന്നുന്ന ഈശ്വരന്റെ സന്താനങ്ങൾ ഈ മണ്ണിൽ ധാരാളമുണ്ട്. അതിൽ ഒരാളാണ് അദ്ദേഹം. മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ ചിലരുടെ വാക്കുകൾ, പുസ്തകങ്ങൾ ധാരാളമായി ഗുണം ചെയ്യുമെന്നവൻ മനസ്സിലാക്കി. അറിയപ്പെടാതിരുന്നവനെ പൊടുന്നനെ അറിയപ്പെട്ടവനാക്കിയ ആ മുഖത്തേക്ക് പ്രസന്നനായി നോക്കിനിന്നു.
കുട്ടികളുടെ എല്ലാ ചോദ്യത്തിനും ചാരുംമൂടന്‍ ഒരു ധിക്കാരിയുടെ ഭാവത്തിലും നോട്ടത്തിലും ഉത്തരം കൊടുത്തുകൊണ്ടിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് കുട്ടികൾ അവരവരുടെ വാഹനങ്ങളിൽ കയറി. അവരുടെ അടുത്ത ലക്ഷ്യം കായംകുളം കടൽ കാണാനായിരുന്നു. അവിടെ ആർത്തിരമ്പി വരുന്ന തിരമാലകൾ കരയ്ക്ക് തലതല്ലി തകരുന്നത് കാണുന്നതിനെക്കാൾ അവര്‍ ഇഷ്ടപ്പെട്ടത് സുനാമിയിൽ പൊലിഞ്ഞുപോയവരുടെ കുടുംബാംഗങ്ങളെ കാണുന്നതിലായിരുന്നു.
ചാരുംമൂടന്റെ മനസ്സിൽ കുട്ടികൾ മായാതെ നിന്നു. നല്ല മഹാമനസ്കതയുള്ള കുഞ്ഞുങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കിരണിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോളന്റിയർ ക്ലബിൽ അംഗങ്ങളായിട്ടുള്ളവരും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുമാണ് ഇവിടേക്ക് വന്നത്. ആ ക്ലബിന്റെ രക്ഷാധികാരിയാണ് പ്രിൻസിപ്പലെങ്കിലും നല്ല കാര്യങ്ങൾക്ക് അനുമതി നൽകുന്ന ചുമതല മാത്രമേ അദ്ദേഹത്തിനുള്ളൂ. മകൾ വഴി വേണ്ടുന്ന സഹായം ചെയ്യുന്നുണ്ട്. കുറെ ധനം അതിനായി മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ഒരു ലക്ഷ്യമേ അതിന്റെ പിറകിലുള്ളൂ. കുട്ടികളുടെ വായനാശീലവും വ്യക്തിപ്രഭാവവും വളർത്തുക. അവരിലെ നന്മകൾ കാണാൻ ശ്രമിക്കുക. ഒരാളുടെ വിജയപരാജയത്തിന് പ്രധാന കാരണം അവനിലെ വ്യക്തിപ്രഭാവത്തിന് വളർച്ചയില്ലെന്നുള്ളതാണ്. യഥാർത്ഥ സേവനം എന്നത് സ്വയം പരിത്യാഗം ചെയ്യുകയെന്നാണ്. അത് വ്യക്തിയുടെ സമർപ്പണമാണ്. ആ വഴി തെരഞ്ഞെടുക്കുന്നവർ അപൂർവ്വമാണ്. ഈ ലോകത്തിന്റെ കാപട്യത്തിൽ വിശ്വാസിയാകാതെ സ്വന്തം മകളെയും കരുണിനെയും മുന്നേറ്റാനേ ശ്രമിച്ചിട്ടുള്ളൂ. തന്റെ പിതാമഹന്മാരും അതുതന്നെയാണ് ചെയ്തിട്ടുള്ളത്.
മകളെക്കുറിച്ച് എന്നും അഭിമാനം മാത്രമേ ഉള്ളൂ. കരുണിനെപ്പോലെ അവളെയും മറ്റുള്ളവർ അറിയുന്ന കാലം വരും. ഒരു വ്യക്തിയുടെ വ്യക്തിത്വം അനാവരണം ചെയ്യാൻ അവരവരാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനാവശ്യം അറിവും കഠിനാധ്വാനവുമാണ്. അവിടെ കൂടിനിന്ന അന്തേവാസികളോടും സെക്രട്ടറിയോടും യാത്ര പറഞ്ഞ് കരുണിനൊപ്പം ചാരുംമൂടൻ യാത്ര തിരിച്ചു.
ആഴ്ചകൾ കഴിഞ്ഞു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് പപ്പയും കരുണും കൂടി പാവൽ കൃഷിയിടത്തിലാണ്. അവർക്കൊപ്പം കിരണുമുണ്ട്. അവൾ പയർ അടർത്തിയെടുക്കുന്നു. അവനെ ഒറ്റയ്ക്കൊന്ന് കിട്ടാൻ യാതൊരു വഴിയുമില്ല. വീട്ടിലാണെങ്കിൽ എപ്പോഴും പപ്പയുടെ പിന്നാലെയാണ് അവൻ. കോളജിലെ സ്ഥിതിയും മറിച്ചല്ല, കൂട്ടുകാരൊക്കെ കണ്ടാൽ അവരൊക്കെ എന്താണ് പറഞ്ഞു പരത്തുക എന്ന് പറയാൻ പറ്റില്ലല്ലോ.
അവൾ നായ്ക്കൂട്ടിനടുത്തേക്ക് നടന്നു. അവ സ്നേഹത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. സൂര്യന്റെ ശക്തി കുറഞ്ഞുവന്നു. ഒരിളംകാറ്റ് അവളെ തഴുകി കടന്നുപോയി. കൂടിനുള്ളിൽ കിടക്കുന്ന മുയലുകളെ നോക്കിയവൾ പുഞ്ചിരിച്ചു. പത്തോളം മുയലുകളുണ്ട്. ഇതിനെ ഇങ്ങനെ കൂട്ടിലിട്ടു വളർത്തുന്നത് നന്നല്ലെന്ന് അവൾക്കുതോന്നി. ആണും പെണ്ണും ഒന്നിച്ചുള്ളതുകൊണ്ട് അവരുടെ ജീവിതം ഏകാന്തമല്ല. അവനെപ്പോലെ പപ്പായ്ക്കും ഇതിനോട് താൽപര്യമുള്ളതുകൊണ്ടല്ലേ വിൽപന വരെ നടത്തുന്നത്. ഒരു പ്രസവത്തിൽ ആറു കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ട്. കമ്പിവലയ്ക്കുള്ളിലെ മുയലിന്റെ നേർക്ക് പ്ലാവില നീട്ടിയപ്പോൾ രണ്ടെണ്ണം ഓടിയെത്തി അവൾ നീട്ടിയ ഇലയിൽ പിടുത്തമിട്ടു. അവ അത് കടിച്ചുമുറിച്ചു തിന്നുന്നതുകാണാൻ നല്ലരസം തോന്നി.
അപ്പോൾ ഓമനയുടെ വിളി കാതിലെത്തി, “നീ കരാട്ടേ ക്ലാസ്സിൽ പോകുന്നില്ലേ..?”
അവൾ തിരിഞ്ഞുനോക്കി. പെട്ടെന്നവൾ വീട്ടിലേക്ക് നടന്നു. വസ്ത്രം മാറി വന്ന് മമ്മിയോട് യാത്ര പറഞ്ഞിട്ട് സ്കൂട്ടറിൽ യാത്ര തിരിച്ചു. യാത്രയിലും അവളുടെയുള്ളിൽ കരുണായിരുന്നു. അവനോടുള്ള താൽപര്യം ഓരോ ദിവസം ചെല്ലുന്തോറും ഏറി വരികയാണ്. അവൻ കണ്ണിൽ പെടുമ്പോഴൊക്കെ സംസാരിക്കാനുള്ള വ്യഗ്രത അനുരാഗത്തിന്റെ ലക്ഷണമല്ലേ. മാധുര്യമൂറി നിന്ന നിമിഷത്തിൽ പിറകിൽ വന്ന ഒരാൾ ഹോൺ അടിച്ചത് അവൾ ശ്രദ്ധിച്ചു.
വണ്ടിയോടിക്കുന്നത് നന്നായി ശ്രദ്ധിച്ചു തന്നെയാണ്. നിത്യവും ഇവിടുത്തെ റോഡുകളില്‍ പൊലിയുന്ന മനുഷ്യരെ കാണുമ്പോൾ ഉള്ളിൽ ഭയമാണ്. നാട്ടിൽ റോഡുകൾ മിക്കതും മരണശയ്യയിലാണ്. നോക്കുകുത്തികളായ ഭരണകർത്താക്കൾ. വാഹനം വാങ്ങി കയ്യിൽ തരുമ്പോൾ പപ്പ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു. വാഹനമോടിക്കുമ്പോൾ മറ്റൊരു ചിന്തയും മനസ്സിലേക്ക് കടന്നു വരരുത്. അടുത്തുകൂടി വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളെ സംശയത്തോടെ കാണുക. മദ്യപിച്ചും അലസന്മാരായും വാഹനമോടിക്കുന്ന ധാരാളം പേരുള്ള സ്ഥലമാണിത്. സ്വന്തമായിട്ടെടുത്തിരിക്കുന്ന ഒരു ശപഥത്തെയാണ് ബോധതലം കീഴ്പ്പെടുത്തിക്കളഞ്ഞത്. ഇനി അതുണ്ടാകരുത്. പെട്ടെന്ന് അവളുടെ മനസ്സിൽ കുടിയേറിയത് മാതാപിതാക്കള്‍ തന്നെയായിരുന്നു. പപ്പായുടെ വാക്കുകള്‍ ഓർത്തു. എല്ലാ മനുഷ്യനും ഒരിക്കൽ മരിക്കും. അത് അപകടം വരുത്തി സ്വയം മരിക്കണോ? റോഡുകളില്‍ പതുങ്ങിയിരിക്കുന്ന ഒരു വന്യമൃഗമല്ലേ അപകടം. എത്ര വേഗത്തിലാണ് മനുഷ്യശരീരം മാംസതുണ്ടുകളായിത്തീരുന്നത്. വാഹനമോടിക്കുമ്പോൾ ക്ഷമയും അച്ചടക്കവും വേണം.
പറമ്പിൽ നിന്ന് കൊട്ട നിറയെ പച്ചക്കറിയുമായി കരുൺ കയറിവന്നു. ഒരുപിടി ചീരയുമായി ചാരുംമൂടനും ഒപ്പമുണ്ടായിരുന്നു.
കരുണിനോട് പറഞ്ഞു, “നിനക്ക് ആവശ്യമുള്ളത് എടുക്ക്. ബാക്കി കടക്കാർ വന്ന് കൊണ്ടുപൊയ്ക്കോളും.”
അകത്തേക്ക് നോക്കി ഓമനയോട് ചായ ഇടാൻ ആവശ്യപ്പെട്ടു. അവന്‍ ആവശ്യമുള്ള പച്ചക്കറി കവറിലാക്കി മാറ്റിവച്ചു. കാലും മുഖവും കഴുകി വന്ന ചാരുംമൂടൻ അവനോടും കാലും കയ്യും കഴുകാൻ പറഞ്ഞു.
“കഴിഞ്ഞ വർഷത്തെപ്പോലെ ഫലം കിട്ടുന്നില്ല അല്ലേ?”
“ഈ വർഷം വല്ലാത്ത ചൂടല്ലേ സാറെ, അതാ.”
അപ്പോഴാണ് സ്വന്തം ശരീരത്തുനിന്നു വന്ന വിയർപ്പും കരുൺ ശ്രദ്ധിച്ചത്. പച്ചക്കറിക്കാരനോട് വണ്ടിയുമായി വരാൻ ചാരുംമൂടൻ ഫോൺ ചെയ്തു. ഓമന കാപ്പിയും പലഹാരങ്ങളുമായി മുറ്റത്തേക്കു വന്നു. കാപ്പി കഴിക്കവെ ചെറിയൊരു പെട്ടിവണ്ടി മുറ്റത്തേക്കു വന്നു. അതിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങി. പെട്ടെന്ന് ഓമനയും തനിക്കാവശ്യമുള്ള പച്ചക്കറികൾ മാറ്റിവച്ചു. സാധാരണ പറമ്പിൽ നിന്ന് എടുക്കാറാണ് പതിവ്.
“എന്താ ഷാജീ നാട്ടുകാർ ഇതുപോലെ പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കിയാൽ തമിഴ്നാടിന്റെ വിഷം കഴിക്കേണ്ടി വരുമോ? ഈ ഭൂമി സ്വർഗ്ഗതുല്യമെന്ന് പറയുന്നത് ഇതുപോലുള്ള സൃഷ്ടികൾ നടത്തുമ്പോഴാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചെങ്കിൽ നമുക്കും ഇതുപോലുള്ള സൃഷ്ടികൾ നടത്താം. എന്തായാലും ഞങ്ങളായി കുറച്ചുപേർ നല്ല പോഷകാഹാരങ്ങൾ കഴിക്കട്ടെ. അല്ലേ കരുൺ.”
അവൻ പുഞ്ചിരിച്ചു. ഇതൊക്കെ അവന്റെ അധ്വാനഫലമാണ്. എന്നെക്കാൾ അതിൽ ശ്രദ്ധിക്കുന്നതും അവനാണ്. അര്‍പ്പണബോധവും ആത്മാർത്ഥതയും ഈ കാര്യത്തിൽ അവനുണ്ട്. മരക്കൊമ്പുകളിലിരുന്ന് കിളികളും കാക്കകളും ചിലച്ചു. രണ്ടു ഓന്തുകൾ അവരെ തുറിച്ചുനോക്കി. അകത്തേ മുറിയില്‍ നിന്നും ക്ലോക്കിൽ നിന്നുള്ള സമയമറിയിപ്പെത്തി. പച്ചക്കറി തൂക്കുന്നതും കണക്കെഴുതുന്നതും കരുണിനോട് പറഞ്ഞിട്ടാണ്. അവൻ മൊത്തത്തിൽ കണക്കുകൂട്ടി തുക കരുണിനെ ഏൽപിച്ചു.
“കരുൺ എന്റെ കൂടെ അത്യാവശ്യമായി ഒന്നുവരണം. മൂന്നു വീടുകളിലും പച്ചക്കറി വിത്തുകൾ വാങ്ങി വച്ചിട്ട് ആഴ്ചകൾ ആയി. കരുണിനെ കണ്ടാൽ ഉടന്‍ കൂട്ടിച്ചെല്ലണം എന്നാണ് അവരുടെ ഓർഡർ.” കരുൺ അവനൊപ്പം പോയി.
“കരുണേ നീ എല്ലാ ജോലിയും ഏറ്റെടുക്കാതെ ചെയ്യാവുന്ന ജോലി മാത്രം ഏറ്റെടുക്കൂ,” ചാരുംമൂടൻ പറഞ്ഞു.
“നാളെ നിനക്ക് മീൻ പിടിക്കണ്ടായോ?”
“സാറെ മീൻ വിൽക്കാൻ കാണുമോ?” ഷാജി ചോദിച്ചു.
“ഇത് അലങ്കാര മീനാ ഷാജീ. ചൂടുകാരണം എല്ലാം ചത്തുപൊങ്ങുവാ, അതാ. ഞാൻ നാളെ വരാം.” കരുൺ പറഞ്ഞിട്ട് പുറത്തേക്കു നടന്നു.
ആകാശത്തുനിന്ന് ഒഴുകിയിറങ്ങുന്ന പ്രകാശത്തിന് ശക്തി കുറഞ്ഞുവന്നു. അകത്തുവന്ന ചാരുംമൂടന്റെ മനസ്സിലൂടെ കരുണിന്റെ ചിന്തകൾ കടന്നുപോയി. ഏതൊരു പണിയും ചെയ്യാൻ മടിയില്ലാത്ത പയ്യനാണ് അവൻ. ഇന്നത്തെ കുട്ടികൾക്ക് മണ്ണിൽ തൊടാൻതന്നെ മടിയാണ്. അധ്വാനിക്കാൻ താൽപര്യമില്ല. എന്തിനും കുറുക്കുവഴിയും എളുപ്പവഴിയുമാണ് കണ്ടെത്തുക. അതിലൊന്നാണ് ഫാസ്റ്റ് ഫുഡ്. ആധുനിക ഇന്റർനെറ്റ് സംവിധാനം വഴി എന്തും ഏതും പണമടച്ച് ഓർഡർ ചെയ്താൽ ഏതു സാധനവും വീട്ടിലെത്തും. ഫാസ്റ്റ് ഫുഡും അതുപോലെയാണ് യൗവ്വനക്കാർ കടയിൽ നിന്ന് വരുത്തി കഴിക്കുന്നത്. അത് ശരീരത്തിന് ഹാനികരമാണെന്ന് അവർ ചിന്തിക്കുന്നില്ല.
About The Author
No related posts.