കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്‌സണും, വൈസ് ചെയറും,ആർട്‌സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്‌സ് സെക്രട്ടറിയായി ഒരു ജൂനിയർ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കണമെന്നു തീരുമാനവും ഉണ്ടായി. ആരൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞു. അവസാനം ആ സ്ഥാനത്തേക്ക് നന്ദിനിയുടെ പേര് നിർദ്ദേശിച്ചെന്നറിഞ്ഞു. വിവരം അറിഞ്ഞപ്പോൾ നന്ദിനി അപ്പാടെ നിരസിച്ചു. ഒരു പുതുമുഖമായി കോളേജിൽ എത്തിയതെയുള്ളൂ. ഇത്ര വലിയ സ്ഥാനമൊക്കെ ഏറ്റെടുത്ത് ഉള്ള സമാധാനം കളയാനൊന്നും അവൾ തയ്യാറല്ലെന്നു പറഞ്ഞു. പക്ഷേ ലേഡീസ് ഹോസ്റ്റൽ മുഴുവൻ അത് അംഗീകരിച്ചു കഴിഞ്ഞിരുന്നു. വാർഡൻ നേരിട്ട് മുറിയിൽ വന്ന് അവളെ അഭിനന്ദിച്ചു. ലേഡീസ് ഹോസ്റ്റലിനു തന്നെ നന്ദിനി ഒരു അഭിമാനമാണെന്ന് പറഞ്ഞു. കഴിവും, കലയും ഒന്നിച്ചു വിളങ്ങുന്ന അപൂർവ്വവ്യക്തിത്വത്തിനുടമയാണ് നന്ദിനി എന്ന് എല്ലാവർക്കും അറിയുന്നതിനാൽ ആ പദവിക്ക് തികച്ചും അർഹയായ
ഒരു വ്യക്തി ആ ഹോസ്റ്റലിനു കൂടെ അഭിമാനമാണെന്നു പറഞ്ഞ് എല്ലാവരും കൂടെ അവളെ കൊണ്ട് സ്ഥാനാർത്ഥിത്വം ഒപ്പിട്ടു വാങ്ങിച്ചു. കഴിവുള്ളവർ ആ സ്ഥാനത്ത് എത്തണം. ചെയർമാൻ ആയി രണ്ട് അവസാന വർഷ വിദ്യാർത്ഥികൾ മത്സരത്തിന് ഇറങ്ങി. ആസ്ഥാനത്തേക്ക് രണ്ടു വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു. പക്ഷേ നന്ദിനിക്ക് എതിരായി ആരും ഉണ്ടായില്ല. അതിനാൽ നന്ദിനി ഭൂരിപക്ഷ അഭിപ്രായത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ ചരിത്രത്തിൽ തന്നെ അത് ആദ്യത്തെ സംഭവം ആയിരുന്നു. നന്ദിനിയുടെ സൗന്ദര്യം കോളേജിൽ ഒരു അഭിമാനമായിരുന്നു. പൊന്നിൻകുടത്തിനു പൊട്ടുപോലെ അവൾ തികഞ്ഞ ഒരു കലാകാരിയാണെന്നു ഹോസ്റ്റൽഡേയിലെ പ്രകടനത്തിലൂടെ പരസ്യമായി. അവളുടെ കഥകളും കവിതകളും ചിത്രരചനയും കണ്ടെത്തി പ്രചാരണോപാധികളാക്കിയിരുന്നു. ആരോടും വോട്ട് ചോദിച്ച് ഒരു മത്സരത്തിന് ഇറങ്ങേണ്ട എന്ന് മനസ്സിലായതോടെ നന്ദിനിക്ക് ഒരല്പം ആശ്വാസം തോന്നി. ഏറ്റവും വിഷമിച്ചത് ആ കാര്യം ഓർത്തായിരുന്നു. പിന്നെയൊക്കെ നേരിടാവുന്നതെയുള്ളൂ. ഒരുപാട് പേർ അവൾക്കു പിന്തുണയായി ഉണ്ടെന്നു മനസ്സിലായി. നേതൃത്വത്തിൽ ഒന്നും നിന്ന് കൊടുത്താൽ മാത്രം മതി എന്ന് എല്ലാവരും പറഞ്ഞു. കഴിഞ്ഞ വർഷത്തെ സെക്രട്ടറി ഈ കൊല്ലം അവസാനവർഷ വിദ്യാർഥിനിയാണ്. അതിനാൽ കൂടുതൽ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞാണ് ഒഴിഞ്ഞു നിൽക്കുന്നത്. കൂടാതെ ഇത് ആദ്യമായാണ് കഴിവുള്ളൊരു പുതുമുഖം എതിരാളി ഇല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. നന്ദിനി ആദ്യത്തെ അമ്പരപ്പിൽനിന്നും മോചിതയായിരുന്നു. സ്‌കൂളിൽ ഝാൻസി റാണിയായിരുന്നവൾ ഇന്ന് ക്വീൻ വിക്ടോറിയ ആവണമെന്ന് ദിനേശൻ വിളിച്ചു പറയുകയും ചെയ്തു.
ആർട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ആര് വേണമെന്ന് ചർച്ച ഉയർന്നു.
‘ ജോണി പാറക്കുന്നേൽ’ എന്ന യുവ സാഹിത്യകാരനെ ക്ഷണിക്കണമെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. ആ ആദരണീയ വ്യക്തി തന്നെ വരട്ടെ എന്ന് നന്ദിനിക്കും തോന്നി. ആ കലാകാരന്റെ ശക്തമായ ഭാഷയിലൂടെ കടന്നു പോകുമ്പോൾ അവളുടെ ഹൃദയം പലപ്പോഴും ആകാംക്ഷയോടെ മിടിച്ചിട്ടുണ്ട്. വാക്കുകൾക്കു പുതിയ മാനങ്ങൾ കൊടുക്കുന്ന അയത്‌നലളിതമായ വാക്‌ധോരണി. അദ്ദേഹത്തെ ഒന്ന് കാണാൻ ഇത്തരം ഒരു അവസരം എന്തിന് പാഴാക്കണം! അദ്ദേഹത്തിന്റെ കൂടുതൽ വിശേഷങ്ങളും വിലാസവുമൊക്കെ തേടി പിടിക്കാൻ ഉത്സുകരായി രണ്ടു മൂന്നു പേർ പുറപ്പെട്ടു കഴിഞ്ഞു. ഉദ്ഘാടന ദിവസം വേണ്ട പരിപാടികളൊക്കെ മനസ്സിൽ ഇട്ടു രൂപപ്പെടുത്തുകയായിരുന്നു നന്ദിനി. സ്‌കൂളിന്റെ നിലവാരം വരെയേ അവൾ എത്തിയിരുന്നുള്ളൂ.ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്നു. കൂട്ടത്തിൽ ആരും കോളേജിൽ പഠിച്ചവരായില്ല. ആരിൽ നിന്നും ഒരനുഭവവും പങ്കുവച്ച് ലഭിച്ചിട്ടുമില്ല. സഹായിക്കാൻ ഒരു വ്യക്തി ആര്?
പെട്ടെന്നാണ് ദിനേശേട്ടനെ വിളിക്കാൻ തോന്നിയത്. ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. വൈകുന്നേരം തന്നെ ദിനേശൻ വന്നു. കഴിഞ്ഞ വർഷങ്ങളിലെ പരിപാടികളുടെ ഒരു ഏകദേശരൂപമൊക്കെ ദിനേശൻ ഓർത്തെടുത്തു പറഞ്ഞു. എല്ലാവിധത്തിലും അതിനേക്കാൾ മെച്ചമായ ഒരു ചടങ്ങിന്റെ രൂപരേഖ ഉണ്ടാക്കാൻ ആ വിവരണങ്ങൾ നന്ദിനിക്ക് ധാരാളം മതിയായിരുന്നു. എല്ലാറ്റിനും ദിനേശന്റെ സഹായം അവൾക്കു നിർലോഭം ലഭിക്കുമെന്ന് ഉറപ്പും ലഭിച്ചു. ഐസ്‌ക്രീം പാർലറിൽ ആദ്യമായാണ് അത്രയും നേരം ദിനേശനോട് ഒത്തു ചിലവഴിച്ചതെന്ന് ഓർത്തപ്പോൾ നന്ദിനിക്ക് വല്ലായ്മ തോന്നി..
‘ഇനി എന്തായാലും ആ നാട്ടിൻപുറമൊക്കെ നന്ദിനി മറന്നേ മതിയാകൂ.’ദിനേശൻ പറഞ്ഞു.തന്റെ ഉള്ളിലിരിപ്പ് എത്ര വേഗമാണ് ദിനേശേട്ടൻ മനസ്സിലാക്കിയത്. എന്തായാലും ദിനേശേട്ടൻ ഇല്ലെങ്കിൽ ഇടത്തരം സാഹചര്യങ്ങൾ ഒക്കെ എങ്ങനെ നേരിടും?ഇനി മുഖ്യാതിഥിയെ ക്ഷണിക്കാൻ പോണം. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പലരെയും ആശ്രയിക്കേണ്ടി വരും. ദിനേശൻ തന്റെ സഹോദരസ്ഥാനത്ത് ഉള്ളത് ഒരു വലിയ ആശ്വാസം തന്നെ. രാത്രി വളരെ വൈകിയാണ് നന്ദിനി ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ എന്തൊക്കെയോ മധുരസ്വപ്നങ്ങൾ ഉണ്ടായിരുന്നു.
ഓർമയിൽ തങ്ങി നിൽക്കുന്നതായി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉണർന്നപ്പോൾ പതിവിൽ കൂടുതൽ ഉത്സാഹം തോന്നി.ആർട്‌സ് ക്ലബ് ഉദ്ഘാടനം മഹാമഹം ഒരു വലിയ വിഷയം തന്നെ ആയിരുന്നു പെൺകുട്ടികൾക്കിടയിൽ. മുതിർന്ന ക്ലാസ്സിൽ ഉള്ളവർ സഹായത്തിനെത്തി പഠനത്തിൽ പിന്നോക്കം പോകാതിരിക്കാനും നന്ദിനി വളരെ ശ്രമിച്ചു. തന്റെ ജീവിത സാഫല്യം തന്നെ അതിലാണ്. കൂടെ കടന്നു വരുന്ന വൈതരണികൾ കണ്ടില്ലെന്നു വെക്കാനും പറ്റുന്നില്ല. ഇപ്പോഴാണെങ്കിൽ അറിയാതെ പലപ്പോഴും ദേവിയെ വിളിക്കുന്നു.
‘ഹെന്റെ ദേവീ…’
‘ദേവനെ വിളിക്കെന്റെ നന്ദു…’ നളിനിയാണ്. അവൾ ഇപ്പോൾ എങ്ങനെ മുറിയിൽ എത്തി… ഈ കൊച്ചു വെളുപ്പാൻ കാലത്ത്?
‘എന്റെ നന്ദിനിക്കുട്ടി ഇങ്ങനെ വീർപ്പുമുട്ടുമ്പോൾ എനിക്കെങ്ങനെ കൂർക്കം വലിച്ചുറങ്ങാൻ പറ്റും?’
‘ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. സ്റ്റേജിൽ നിന്റെ നൃത്തം.എന്തൊരു അഴകായിരുന്നു അതിന്! കുട്ടികളൊക്കെ കാത്തിരിക്യാ…നിന്നെ നിർബന്ധിക്കാൻ എന്നെ പറഞ്ഞു വിട്ടിരിക്കുകയാ..’
‘പോ… മോളേ…ഞാൻ പാട്ടും ഡാൻസും ഒക്കെയായി നടന്നാൽ ആരാ കാര്യമായി പ്രവർത്തിക്കാൻ?
നന്ദിനി ഒഴിഞ്ഞു മാറാൻ തീവ്ര ശ്രമം നടത്തി.പക്ഷേ, അവസാനം എല്ലാവരുടെയും നിർബന്ധത്താൽ നന്ദിനി പാടാനും, ആടാനും തയ്യാറായി.അത്രയ്ക്കുണ്ടായിരുന്നു എല്ലാവരുടെയും അഭ്യർത്ഥന. മറ്റു ഭാരങ്ങൾ ഒക്കെ സസന്തോഷം ഏറ്റെടുത്തു സഹപാഠികൾ. വിവരം അറിഞ്ഞപ്പോൾ ദിനേശനും അഭിനന്ദിച്ചു. പരസ്യമായി സ്റ്റേജിൽ നന്ദിനിയുടെ നൃത്തവും ഗാനവും ആസ്വദിക്കാൻ കോളേജിന് ഒരവസരം ഉണ്ടായാൽ അത് നന്ദിനിക്ക് ഗുണമേ ഉണ്ടാക്കൂ എന്നായിരുന്നു ദിനേശനും പറയാനുണ്ടായിരുന്നത്. പക്കമേളക്കാരെയൊക്കെ നാട്ടിൽ നിന്നും വരുത്താമെന്നു ഏറ്റു ദിനേശൻ.
‘ നന്ദിനിയുടെ കുടുംബവും പരിപാടി കാണാൻ വരട്ടെ’ ദിനേശൻ പറഞ്ഞു.
ആൺകുട്ടികളും പെൺകുട്ടികളും ഉത്സാഹത്തോടെ സ്വന്തം കഴിവുകൾ തേച്ചു മിനുക്കി എടുത്തു. ഒരു ഉത്സവ പ്രതീതിതന്നെ ഉണ്ടായിരുന്നു കലാലയത്തിൽ. കുട്ടികൾക്കിതൊക്കെ വലിയ ഹരമായിരുന്നു. ഇവിടെ എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കുന്നത് എത്ര നല്ല കാര്യമാണ്.
ലൈബ്രറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ബോട്ടണി റെക്കോർഡ് ഇന്ന് തന്നെ വയ്ക്കണം എന്ന് ഓർത്തത്. റെക്കോർഡ് ശരിയാക്കി മുറിയിൽ വച്ചിട്ടുണ്ട്. രാവിലെ ധൃതിയിൽ ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നുപോയി. അടുത്ത മണിക്കൂർ ക്ലാസ്സില്ല.
ആരെയെങ്കിലും കൂട്ട് കിട്ടിയാൽ പോയി എടുത്തിട്ട് വരാമായിരുന്നു. പലരെയും സമീപിച്ചെങ്കിലും ആർക്കും കൂടെ വരാൻ പറ്റിയില്ല. ആരും കൂടെ ഇല്ലെങ്കിലും മുറിയിൽ പോയി റെക്കോർഡ് എടുത്തു വരാൻ പേടിക്കാൻ എന്തിരിക്കുന്നു. നന്ദിനി പിന്നെ ഒട്ടും വൈകിച്ചില്ല. നേരെ ഗേറ്റ് കടന്നു ഹോസ്റ്റലിലേയ്ക്ക് നടന്നു. നല്ല നട്ടുച്ച വെയിൽ തലയ്ക്ക് മേലെ എരിയുന്നുണ്ടായിരുന്നു. നാട്ടിലൽ ആണെങ്കിൽ ഇത്തരം വെയിലിൽ കുട ഇല്ലാതെ നടക്കാനൊന്നും അമ്മ സമ്മതിക്കില്ല. പക്ഷേ ഇവിടെ ആരും അങ്ങനെ കുട ചൂടി നടക്കാറില്ല. കോളേജിൽ വന്ന ആദ്യ ദിവസങ്ങളിൽ നന്ദിനി എപ്പോഴും കുട കയ്യിൽ കരുതുമായിരുന്നു. എന്തൊക്കെ പരിഹാസ വാക്കുകളാണ് അന്നൊക്കെ കേട്ടത്.
‘ വെണ്ണ നെയ്യാണോ?… ഉരുകുമോ..’ ഇതൊക്കെ ആണ് സമീപത്തുകൂടെ കടന്നു പോകുന്നവർ കാതോരത്തു വന്നു ചോദിച്ചിരുന്നത്. ഇപ്പോൾ നന്ദിനി കുട എടുക്കാറില്ല.അമ്മയും മുത്തശ്ശിയും ഒന്നും അടുത്തില്ലാത്തത് ഭാഗ്യം. ഇത് നാട്ടിൻപുറം അല്ല. ഇവിടെ പട്ടണപരിഷ്‌കാരങ്ങൾ എന്നാൽ ഇതൊക്കെയാണ്.
ഉച്ച വെയിൽ കത്തിക്കരിഞ്ഞു തലയ്ക്കു മേലെ നിന്നത് വകവെക്കാതെ ഗേറ്റ് കടന്നു കാൽ പാദങ്ങൾ നീട്ടി വെച്ച് നടന്ന നന്ദിനിയുടെ മുന്നിൽ ഒരു കാറു വന്നു പെട്ടെന്ന് നിന്നു. ഒരൊറ്റ നിമിഷം തുറന്ന വാതിലിലൂടെ അവളെ കാറിനകത്ത് അടിച്ചിട്ട് വാതിൽ അടച്ചു കാറ് പാഞ്ഞു പോയി. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നതിനുമുബ്,കാർ ലേഡീസ് ഹോസ്റ്റലിനു മുന്നിൽനിന്നും. നന്ദിനി സ്വപ്നത്തിൽ നിന്നെന്ന പോലെ ഇറങ്ങി. അവൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. കാലുകൾ തളർന്നിരുന്നു. എങ്ങനെ അകത്തു കടന്നെന്ന് അറിഞ്ഞില്ല. വേച്ചു പോകുന്ന അവളെ മുറ്റത്ത് മുളക് ഉണക്കി നിന്നിരുന്ന വെറോനിക്കാമ്മ മാറോടു ചേർത്ത് പിടിച്ചു അകത്തു കൊണ്ടുപോയി കിടത്തി. സംഭവിച്ച കാര്യങ്ങൾ വെറോനിക്കാമ്മയോട് പറയാൻ കഴിയാതെ നന്ദിനി വിമ്മിഷ്ടപ്പെട്ടു.
സംഭവം അറിഞ്ഞു ചിലരൊക്കെ ഓടി വന്നു. എല്ലാവരോടുമായി വെറോനിക്കാമ്മ പറഞ്ഞു’ നിങ്ങൾ ഒക്കെ പൊയ്‌ക്കോ മക്കളെ… നന്ദിനി മോൾക്ക് ഒന്നും പറ്റീട്ടില്ല… ആ കോളജ് വിടാതെ നിക്കണ റൗഡി ജയദേവനില്ലേ.. അവന്റെ ചില വേലത്തരങ്ങളാ!
‘ ജയദേവനോ!’ നന്ദിനിക്ക് അങ്ങനെ ഒരാളെ അറിയില്ല.’ അവൻ… അവന്…’
‘ സാരല്യ മോളെ… ഇതൊക്കെ അവന്റെ ചെറിയ കളികളല്ലേ… മോൾ സമാധാനപ്പെട്…’
കുട്ടികൾ എല്ലാം പിരിഞ്ഞു പോയപ്പോൾ വെറോനിക്കാമ്മ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു.
‘ നെറ്റിയിൽ കഷണ്ടി കയറിയ ജയദേവൻ ഈ കോളേജിലെ വിദ്യാർത്ഥി ആണെന്നോ.
‘ അതെ, മോളെ, അവൻ ഒന്ന് പഠിച്ചു കഴിഞ്ഞാൽ അടുത്തതിനു ചേരും.അച്ഛൻ വലിയ പണക്കാരനും,മോളിൽ ഒക്കെ പിടിപ്പുള്ളവനുമാകയാൽ അദ്ധ്യാപകർക്കൊക്കെ പേടിയാണ്. ഇവനെ എല്ലാവരും സഹിക്കുന്നു’
‘ ഛെ’ നന്ദിനിക്ക് സ്വയം വെറുപ്പ് തോന്നി.
‘ മോളൊക്കെ വിട്ടു കള… അവൻ നിസ്സാരക്കാരനല്ല ‘
പിറ്റേന്ന് ക്ലാസ്സിൽ പോകുമ്പോൾ നന്ദിനിക്ക് വലിയ അമർഷവും ഒപ്പം ഒരുതരം വെറുപ്പും ഭയവുമൊക്കെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. നന്ദിനി ക്ലാസ് റൂമിന്
ReplyForward
മുന്നിൽ ഒരു കൂട്ടം ആൺകുട്ടികളെ കണ്ടു. വോട്ട് തന്നു വിജയിപ്പിച്ചവരെ അനുമോദിക്കാൻ വന്നവരാണത്രേ!
നന്ദിനിയെ കണ്ടതും എല്ലാവരും അവളെ വട്ടമിട്ടു. നന്ദിനി ചെറുതായി ഒന്ന് വിറച്ചില്ല എന്ന് പറയാതെ വയ്യ. എന്നിട്ടും സ്വതസിദ്ധമായ ധൈര്യം മുഖത്ത് എടുത്ത് അണിഞ്ഞു അവൾ പറഞ്ഞു ‘മാറി നിൽക്ക്…’
പെട്ടെന്ന് ജയദേവൻ മുന്നിൽ വന്നു ഗർജിച്ചു.’എല്ലാവരും മാറി കൊടുക്കെടാ…നമ്മുടെ നന്ദിനി മോളല്ലേ’
നന്ദിനിക്ക് അടിമുടി വിറച്ചു. ഇവൻ ഇങ്ങനെ കയറൂരി നടന്നാൽ പറ്റില്ല. ‘നീ ആരെടാ… നാണം കെട്ടവൻ!’
അറിയാതെ വന്ന വാക്കുകൾ! വാവിട്ട വാക്കും, കൈവിട്ട ആയുധവും ആർക്ക് തടുക്കാൻ കഴിയും? പക്ഷേ അത്ഭുതം എന്ന് പറയട്ടെ, ജയദേവനിൽ നിന്നും പ്രതീക്ഷിക്കാത്തതാണുണ്ടായത്.
‘ എല്ലാവരും മാറി കൊടുക്കാൻ പറഞ്ഞിട്ട് മോളകത്ത് പൊയ്‌ക്കോ… ചേട്ടൻ ഉണ്ട്… കൂടെ!’
കൈകളിലൂടെ ഒരു തരിപ്പ് കടന്നു വന്നതായി തോന്നി. പിന്നെ താമസം ഉണ്ടായില്ല. നന്ദിനിയുടെ വലതു കൈ ജയദേവന്റെ മുഖത്ത് വീണു.
‘ട്ടെ… ട്ടെ…’
രണ്ടു വട്ടം ഇരു കവിളിലും അവൾ ആഞ്ഞടിച്ചു. കൂട്ടം കൂടി നിന്നവരൊക്കെ നിമിഷം കൊണ്ട് പിരിഞ്ഞു പോയി. സൂചി വീണാൽ കേൾക്കാം ആ ശബ്ദം. വലിയൊരു കൊടുങ്കാറ്റ് അടങ്ങിയത് പോലെ. ആരൊക്കെയോ ചേർന്ന് നന്ദിനിയെ ക്ലാസ് മുറിയിലേക്ക് കൊണ്ട് പോയി.ശരീരം ആസകലം വിറയ്ക്കുന്നുണ്ടായിരുന്നു.
പതിവുപോലെ ക്ലാസ്സ് നടന്നെങ്കിലും നന്ദിനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഏതോ ഒരു ഭൂകമ്പത്തിനു മുമ്പുള്ള ശാന്തത പോലെ ക്യാമ്പസ് തന്നെ മൂകമായിരുന്നു. പ്രിൻസിപ്പാൾ വിളിക്കുമെന്നും,അദ്ദേഹത്തിന് പോലും ഭയമുള്ള ജയദേവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നും എല്ലാവരും ഉറ്റു നോക്കി. എന്നാൽ അത്ഭുതം എന്ന് പറയട്ടെ ഒന്നും സംഭവിച്ചില്ല. ജയദേവന് നേരിട്ട അപമാനത്തിനു പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചു പലരും തല പുകച്ചു. കോളേജിൽ ഒരു അച്ചടക്കം പെട്ടെന്ന് വന്നതുപോലെ. പക്ഷേ, അത് വലിയൊരു കോളിളക്കത്തിന്റെ നാന്ദി ആണെന്ന് എല്ലാവരും കരുതി. പക്ഷേ, ഒന്നും തന്നെ ഉണ്ടായില്ല. ദിനേശൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഇനി എന്ത് തന്നെ ഉണ്ടായാലും, പ്രകോപിത ആകരുതെന്ന് ഉപദേശിച്ചു. അടുത്ത ആഴ്ചയാണ് ആർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം. ജയദേവൻ അത് ‘കലക്കു’മെന്ന് ഒറ്റയ്ക്കു തെറ്റയ്ക്കും എല്ലാവരും പറഞ്ഞു നടന്നു. വിവരമൊക്കെ നന്ദിനിയും കേട്ടിരുന്നു. അതാണ് സംഭവിക്കുന്നതെങ്കിൽ അങ്ങനെ ആവട്ടെ. അവൾ മനസ്സിൽ ഉറച്ചു.
‘എന്റെ ദേവി…. രക്ഷിക്കണ്ണേ’ അവൾ മനസ്സിൽ പറഞ്ഞു. വീട്ടിൽ ഒന്നും അറിയരുതേ എന്നായിരുന്നു നന്ദിനിയുടെ പ്രാർത്ഥന. വീട്ടിൽ ഇതൊക്കെ അറിഞ്ഞാൽ അതോടെ തന്റെ പഠിപ്പു നില്ക്കും. പ്രതീക്ഷകളൊക്കെ കാറ്റിൽ പറക്കുമെന്ന് അവൾക്കുറപ്പുണ്ട്. ഇതൊക്കെ അറിഞ്ഞാൽ പിന്നെ ഒരു ചെവി അറിയാതെ അച്ഛൻ വിവാഹം ഉറപ്പിക്കും. ഇനിയുള്ള കാലമൊക്കെ ദേവിയേച്ചിയെ പോലെ കുടുംബവും കുട്ടികളുമൊക്കെയായി ഒരു ജീവിതം മാത്രം പ്രതീക്ഷിച്ചാൽ മതി.
ദേവി തുണച്ചു അന്ന് പറയാം. ഇത്രയൊക്കെ നടന്നിട്ടും വീട്ടിൽ ആരും ഒന്നും അറിഞ്ഞില്ല. പ്രത്യേകിച്ചൊരു ഭൂകമ്പവും കോളേജിലും നടന്നില്ല. പതിവ് പോലെ ശാന്തമായി എല്ലാ ദിവസവും കോളേജ് നടന്നു. കുട്ടികൾ പരസ്പരം പിറുപിറുത്തതൊക്കെ മറന്ന പോലെയായി. ഓഡിറ്റോറിയം മനോഹരമായി അലങ്കരിക്കുന്നതിന് നേതൃത്വം നൽകി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു ജയദേവൻ. സീനിയേഴ്‌സ് പോലും മൂക്കത്ത് വിരൽ വച്ചു. ചോദിച്ചവരോടെല്ലാം മൂകതയാണ് ജയദേവന്റെ പ്രതികരണമെന്ന് അറിഞ്ഞു. അത് നന്ദിനിയിൽ ചെറിയ പേടി ഉയർത്താതിരുന്നില്ല. എങ്കിലും മനസ്സിൽനിന്നും അവൾ അതൊക്കെ തുടച്ചു മാറ്റാൻ പ്രയാസപ്പെട്ടു. ഒരാഴ്ചയ്ക്കകം ഒരു വലിയ ഭൂകമ്പം അടങ്ങി എന്ന വിശ്വാസം ആർക്കും ഇല്ലായിരുന്നു. എല്ലാവരും കാത്തിരുന്നത് ആർട്‌സ് ക്ലബ് ഉദ്ഘാടന ദിവസം ആണ്.
‘ അന്നെന്തൊക്കെ നടക്കുമോ ആവോ? അധ്യാപകരും പരസ്പരം പറഞ്ഞു. പുതിയ പ്രിൻസിപ്പാൾ വന്നിട്ട് വെറും ആറുമാസമേ ആയിരുന്നുള്ളൂ. അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. ഒരു വലിയ ബോംബ് പൊട്ടാതെ പുകഞ്ഞു കൊണ്ടിരിക്കുന്ന അനുഭവം
നന്ദിനി സ്വയം ആശ്വസിച്ചിരുന്നു, വരുന്നത് വരട്ടെ.ജീവിതത്തിൽ നല്ലതും ചീത്തയുമായ അനുഭവങ്ങൾ പലതും ഉണ്ടാകാം. എല്ലാം വരുന്നിടത്ത് വച്ച് കാണാനല്ലേ പറ്റൂ.
‘ ആകാശം ഇടിഞ്ഞു വീഴുമെന്നു കരുതി ആരെങ്കിലും മുട്ട് കൊടുക്കാറുണ്ടോ? നന്ദിനിയുടെ അഭിപ്രായം കേട്ട് നളിനിയും മറ്റു കൂട്ടുകാരുമൊക്കെ മൗനം പാലിച്ചു.
പടപട മിടിക്കുന്ന നെഞ്ച് അമർത്തിപ്പിടിച്ചാണ് എല്ലാവരും വേദിയിൽ എത്തിയത്. പതിവിൽ കൂടുതൽ മനോഹരമായി ഓഡിറ്റോറിയം ഒരുങ്ങി നിന്നു. കാണികൾ നിരന്നു. വീട്ടിലേക്ക് അറിയിക്കേണ്ടന്നു നന്ദിനി തീരുമാനിച്ചിരുന്നു. ഇവിടത്തെ’ പുക’ എങ്ങാനും അവിടെ അറിയുമോ എന്ന ഭയമാണ് കാരണം. ദിനേശനെയും അവൾ വിവരം പറഞ്ഞു വിലക്കിയിരുന്നു.
ദിനേശന്റെ കൂട്ടുകാരൊക്കെ ഒരുങ്ങി തന്നെയാണ് വന്നത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നന്ദിനിയെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിക്കാൻ അവർ ജാഗരൂകരായിരുന്നു. നന്ദിനിക്ക് വലിയ ഭയം ഒന്നും തോന്നിയില്ല. എന്ത് സംഭവിച്ചാലും വിദ്യാഭ്യാസത്തിനു തടസ്സം വരരുതേ എന്ന് മാത്രം അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ആയിരുന്നെങ്കിലും, ഡാൻസ്, ഗാനാലാപനം എന്നിവയിലൊക്കെ അവൾ പങ്കെടുക്കുന്നതിനാൽ സ്വാഗത പ്രസംഗത്തിന് ശേഷം ബാക്കി എല്ലായിടത്തും അവളെ സഹായിക്കാൻ ഒരുപാട് സ്‌നേഹിതകൾ ആത്മാർത്ഥതയോടെ തയ്യാറായി വന്നു. നാലുമണിക്കാണ് പരിപാടികൾ തുടങ്ങുന്നത്. അഹോരാത്രം അദ്ധ്വാനിച്ചു എല്ലാം തന്നെ ഭംഗിയാക്കിയിരുന്നു. വലിയ കാലതാമസം കൂടാതെ ഒക്കെ നടക്കുമെന്ന് അവൾ പ്രത്യാശിച്ചു.കൃത്യസമയത്ത് അധ്യക്ഷ സ്ഥാനം അലങ്കരിക്കാനുള്ള യുവസാഹിത്യകാരന്റെ ആഗമനമുണ്ടായാൽ എല്ലാം സമയോചിതമായി നടക്കുമെന്ന് എല്ലാവരും കരുതി. ചെറിയ ഉൾഭയം ഉള്ളിലൊതുക്കി വളരെ ലാഘവത്തോടെ പരിപാടികൾക്കായി സ്റ്റേജും പരിസരവും ഒരുങ്ങി. വിശിഷ്ടാതിഥികളും അദ്ധ്യാപകരും കുട്ടികളുമൊക്കെ നേരത്തെ ഒരുക്കിയിട്ട ഇരിപ്പിടങ്ങളിൽ നിർദ്ദേശാനുസരണം അണിനിരന്നു. സദസ്സ് നേരത്തെ തന്നെ നിറഞ്ഞു കവിഞ്ഞു. എല്ലാവരും അദ്ധ്യാക്ഷനെ പ്രതീക്ഷിച്ച് ആകാംക്ഷയോടെ ഇരുന്നു. യുവ
സാഹിത്യകാരനെ കാണാൻ ഉള്ള ഒരു ഉൾത്തുടിപ്പ് നന്ദിനിക്കും ഉണ്ടായിരുന്നു. അദ്ദേഹവും വന്നു കഴിഞ്ഞാൽ’ സ്വാഗത പ്രസംഗം ‘ കഴിഞ്ഞു പിന്നെ വേഷംമാറാൻ അണിയറയിലെത്തണം. ഗാനമേള അവസാന പരിപാടിയാണ്. നൃത്തം ആണ് ആദ്യം. ഭരതനാട്യവും കുച്ചിപ്പുടിയും ചേർന്ന ഒരു പ്രത്യേക സംവിധാനമാണ് നന്ദിനി ഒരുക്കിയിരുന്നത്.
പെട്ടെന്ന് ഗേറ്റിൽ ഒരു കൂട്ട ഇളക്കം. യുവ സാഹിത്യകാരനെ അദ്ധ്യക്ഷ പദവിയിലേക്ക് ആനയിക്കുന്ന തിരക്കാണ്. എല്ലാ കണ്ണുകളും ആ ഒരൊറ്റ ദിക്കിനെ കേന്ദ്രീകരിച്ചിരുന്നു. പുറത്തു കതിനാ വെടി മുഴങ്ങി. എന്തൊരാവേശം എന്തൊരാരവം!







