ട്രഷറിയിൽ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു.തലേന്ന്അവധിയായിരുന്നല്ലോ.
അവർ വരാതിരിക്കുമോ? ഇന്നെല്ലാം പറഞ്ഞ് മനസ്സിലാക്കണം.ചെറിയൊരു ടെൻഷനും ഇല്ലാതില്ല
കൗണ്ടറിനടുത്തുള്ള ക്യൂവിൽ അവൾ നിൽക്കുന്നുണ്ട്.ഭാഗ്യം അയാൾ അങ്ങോട്ടു ചെന്നു.
“ഇയാളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.ഒന്നു വരുമോ?”
“എന്താ കാര്യം എന്റെ ഊഴമെത്താറായി.ധൃതിയുണ്ടേ .അച്ഛനു സുഖമില്ല”
ഭൂലോക കള്ളി. ആലുവാ മണൽപ്പുറത്തു വച്ച് കണ്ട ഭാവം നടിക്കുന്നില്ല.
ഒരു പക്ഷേ അടവായിരിക്കും.തിരിച്ച് വീട്ടിൽ ചെന്ന്
ചൂടപ്പം പോലെ ഓരോന്നും തട്ടി വിടരുത്. ഇന്ന് നിർത്തണം ഈ പരിപാടി ചോദിക്കുക തന്നെ.
കഴിയാവുന്നത്ര ശബ്ദം താഴ്ത്തിയാണ് ചോദിച്ചത്.
” ഇയാളെന്തിനാ ആവശ്യമില്ലാതെ എനിക്ക് മെസേജ് അയയ്ക്കുന്നത്.ഇയാളുടെ പ്രായത്തിന് ചേർന്ന പണിയാണോ?ഭർത്താവ് ഗൾഫിലാന്നല്ലേ പറഞ്ഞത് .അയാളുമായിട്ട് പോരേ ഇതൊക്കെ.ഒരു മാതിരി അലമ്പു പെണ്ണുങ്ങ..
“അലമ്പു പെണ്ണു ഞാനല്ലെടോ തന്റെ മരുമോളാ’ആണുങ്ങളെ വശീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ജന്തു”
മണിച്ചിത്രത്താഴിലെ നാഗവല്ലി നേരിൽ മുന്നിലെത്തിയാലെന്ന പോലെ അയാൾ ഭയന്നു പോയി.
“എന്താ സാറേപ്രശ്നം?”
“ഏയ്.ഒന്നുമില്ല”
തൊലിയുരിഞ്ഞു പോയ പോലെ.ഇനി ഏതായാലും
പെൻഷൻ ബാങ്കിലേക്കാക്കണം. എങ്ങനെ തലയുയർത്തി നടക്കും.
“സോറി സർ .ഞാനറിയാതെ” നാഗവല്ലി ഇതിനിടയിൽ ശാന്തയായി.
“ഞാൻ വല്ലാതെ ബുദ്ധി മുട്ടിച്ചല്ലേ.ക്ഷമിക്കണം.
ഞാൻ പറയുന്നതു സാറൊന്നു കേൾക്കണം.അങ്ങോട്ടിരിക്കാം.
ഇനി അടുത്ത പ്രതികരണം എങ്ങനെയാവും എന്നു
പേടിയുണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഒതുങ്ങിയ
കോണിലെ കസേരയിൽ ഇരുന്നു.
“ഞാൻ സാറിനോടു കള്ളം പറഞ്ഞു.എന്റെ ഭർത്താവ് ഗൾഫിലല്ല.ഇവിടെ പിഡബ്ള്യുഡി ഓഫീസിൽ ഹെഡ്ക്ലർക്കാണ്.അതായത് സാറിൻറെ മരുമകൾ സ്വർണയുടെ അതേ ഓഫീസിൽ.സഹപ്രവർത്തകർ എന്ന ബന്ധത്തിനും ഒത്തിരി ഒത്തിരി അപ്പുറത്താണ് സാർ അവർ തമ്മിലുള്ള റിലേഷൻ”.
” സ്വർണയെപ്പറ്റി വേണ്ടാത്തതൊന്നും പറയരുത്.
ഇത്ര നല്ല സ്വഭാവമുള്ള…
“അതു തന്നെ.എല്ലാവരേയും ആകർഷിക്കാൻ കഴിയുന്ന വാചാലതയും കാര്യപ്രാപ്തിയുംസ്വർണക്കുണ്ടായിരിക്കാം.അങ്ങനെയായിരിക്കാം അദ്ദേഹം അവളുടെ ആരാധകനായത്. സ്വർണയുടെ സ്മാർട്ട്നെസിനെയും ബുദ്ധി വൈഭവത്തെയും
ആദ്യകാലങ്ങളിലൊക്കെ അദ്ദേഹം വല്ലാതെ
പുകഴ്ത്തുമായിരുന്നു. അന്നെനിക്ക് അതിലൊരു
അപാകതയും തോന്നിയില്ല.
കാര്യങ്ങൾ എപ്പോഴാണ് തകിടം മറിഞ്ഞതെന്ന് എനിക്കറിയില്ല സാറേ.പ്രായമായ അച്ഛന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാമൊതുക്കി
രാത്രി ബെഡ് റൂമിലെത്തുമ്പോൾ അദ്ദേഹം
ഫോണുമായി ഏതോ ലോകത്താവും.മുഖത്തു പതിനെട്ടുകാരന്റെ പ്രകടനങ്ങളാണ്.ആരാണെന്ന്
ചോദിച്ചാൽ പറയില്ല.ഒരു ദിവസം അദ്ദേഹം കുളിക്കുവാൻ പോയ സമയത്ത് ഞാൻ ഫോണെടുത്തു.സ്വർണയാണെന്ന് മനസ്സിലായപ്പോഴും ഞാനോർത്തത്…അതിനെന്താ
മനുഷ്യർക്ക് സംസാരിക്കുവാൻ പാടില്ലേ.വിവാഹം കഴിഞ്ഞെന്നു വച്ച് ഭർത്താവിനു വേറെ ഒരു സ്ത്രീയോടു സൗഹൃദം പാടില്ലേ ,എന്നൊക്കെയാണ്.
ഞങ്ങളങ്ങനെ ആയിരുന്നു സാർ. എല്ലാ കാര്യങ്ങളും അന്യോന്യം സത്യസന്ധമായി പങ്കു വയ്ക്കുന്ന നല്ല ദമ്പതികളാണ് എന്നായിരുന്നു അതു വരെ എന്റെ വിശ്വാസം.ഒരു തർക്കമോ സംശയമോ ഞങ്ങളുടെ ഇടയിൽ കടന്നു കൂടിയിരുന്നില്ല.”
പറഞ്ഞു വരുന്നതിന്റെ ഒ രു രൂപം അയാൾക്കു
മനസ്സിലായിരുന്നു.എന്തു പറയും അവളോട്…
തുടരും…….
About The Author
No related posts.