‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ധാരാളം പേർ എത്തിയിരുന്നു. ആണികളുടെ കരഘോഷം ഏറ്റുവാങ്ങി കടന്നുവന്ന യുവ കോമളനെ കണ്ടു നന്ദിനി ഞെട്ടിപ്പോയി.
‘ജോൺസൺ സാർ’ ബൊക്കെ കൊടുക്കുമ്പോൾ കള്ളച്ചിരിയോടെ നന്ദിനിയുടെ കണ്ണിലേക്കു നോക്കിയ അദ്ദേഹത്തെ നേരിടാനാകാതെ അവൾ ആലിലപോലെ വിറച്ചു. തന്റെ പേലവമേനിയിൽ ആലോലം ഓടി നടന്ന ആ വിരലുകൾ ബൊക്കെയുടെ മറുവശത്തുകൂടെ അവളുടെ വിറയ്ക്കുന്ന വിരലുകളിൽ സ്പർശിച്ചുവോ സ്വാഗത പ്രസംഗത്തിൽ പിഴവ് പറ്റാതെ പറഞ്ഞൊപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമല്ലേ നടന്നിരിക്കുന്നത്. ദിനേശേട്ടനും ഇത് അറിയില്ലായിരുന്നോ? യുവസാഹിത്യകാരൻ ബ്ലോക്ക് ഓഫീസിലെ പുതിയ ഓഫീസർ ആണെന്ന് അവിടെ ആരും അറിഞ്ഞിരുന്നില്ലേ? ക്ഷണിക്കാൻ പോയവർക്കും ഇതറിയില്ലേ? ചിന്തിച്ചു നിൽക്കാൻ നേരം ഇല്ല. നന്ദിനി അണിയറയിലേക്ക് പോയി. അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗം കേൾക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് മുറിയുടെ അടച്ച വാതിൽ പഴുതിലൂടെ വീണുകിട്ടിയ ചെറിയ വാചകങ്ങളിൽ തൃപ്തിപ്പെടേണ്ടിവന്നു അവൾക്ക്.
നൃത്തവേഷമണിഞ്ഞു സ്റ്റേജിൽ വന്നപ്പോൾ കാണികളുടെ മുൻനിരയിൽ പ്രത്യേകം മാറ്റിയിട്ടിരുന്ന അതിഥികളുടെ സീറ്റിൽ, അദ്ദേഹം ‘ഓട്ടോഗ്രാഫ് ‘ ഒപ്പിട്ടു കൊടുക്കുന്ന തിരക്കിലായിരുന്നു. വികാര തീവ്രമായ നൃത്ത ചുവടുകളിലൂടെ നന്ദിനി തെന്നി നീങ്ങിയപ്പോൾ, ഒരഅപ്‌സരസ്സിന്റെ ലാസ്യവിന്യാസരസത്തിൽ സദസ്സ് ആരവം കൊണ്ടു. നൃത്തം അവസാനിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടി നിമിഷങ്ങളോളം നീണ്ടു പോയി. അണിയറയുടെ വാതിൽക്കൽ ജയദേവനും രണ്ടുമൂന്നു കൂട്ടാളികളും. ധൈര്യം അവലംബിച്ച് തന്നെ നന്ദിനി പറഞ്ഞു ‘ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ലെന്ന് അറിഞ്ഞു കൂടെ’
‘ അറിയാം… പക്ഷേ, ഒന്നഭിനന്ദിക്കണമെന്നു തോന്നി’
ഒന്നും മറുപടി പറയാതെ നന്ദിനി അകത്തു പോയി.
ഗാനമേളയ്ക്കുള്ള മറ്റു സഹായികളെയൊക്കെ പേര് വിളിച്ച് അടുത്തു നിർത്തി. സ്റ്റേജിൽ ഒരു കോമഡി പരിപാടി നടക്കുന്നുണ്ടായിരുന്നു. കാണികളുടെ കൂട്ടച്ചിരി അത്യുച്ചത്തിൽ കേൾക്കുന്നുണ്ട്. ഇനി മൂന്ന് പരിപാടികൾ കൂടിയേ ഉള്ളൂ. പിന്നെ ഗാനമേളയാണ്. ഡാൻസിന്റെ വസ്ത്രങ്ങൾ മാറ്റി വച്ച് വെള്ള പൈജാമയും ജുബ്ബയും
ധരിച്ചു മുടി അഴിച്ചിട്ടു തലയ്ക്കു മധ്യത്തിലൂടെ വെള്ള റിബൺ ചുറ്റി കെട്ടി നന്ദിനി ഒരുങ്ങി നിന്നു.
‘ ഇതെന്താടി, നീ ജൂനിയർ യേശുദാസാണോ?’ നളിനി ചോദിച്ചു. നന്ദിനി വെറുതെ ചിരിച്ചു.
‘അല്ല… ഗാനമേളയ്ക്ക് കാഞ്ചീപുരം പട്ടു സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും കനകാംബരവും ചൂടി, സ്വർണ്ണത്തിന്റെ പതക്കവുമൊക്കെ അണിഞ്ഞാണ് എല്ലാ ഗായികമാരും സ്റ്റേജിൽ വിളങ്ങുക. ഇത് കെട്ടിയവൻ ചത്തവളെ പോലെ ഇരുന്നാൽ എങ്ങനെ ശരിയാകും?’
‘ ഇത് മതി. ശുദ്ധസംഗീതത്തിന്റെ വിശുദ്ധ വേഷമാണിത്.’ സുലു പറഞ്ഞു.
‘ പൊന്നിൻകുടത്തിന് എന്തിനാടി പൊട്ട്? സുധയാണ്.
നന്ദിനി ഒന്നും പ്രതികരിച്ചില്ല. വെറുതെ പുഞ്ചിരിച്ചു നിന്നു. രണ്ടു കവിളിലും തലോടി അമ്മു അവളെ അഭിനന്ദിച്ചു.
‘ കലക്കണം കേട്ടോ… നമ്മുടെ ഹോസ്റ്റലിന്റെ അഭിമാനമാണ് നീ. ഇത്ര കാലവും പുരുഷൻമാരുടെ കുത്തക ആയിരുന്നു.’
മൂന്ന് വയസ്സ് മുതൽ സംഗീതവും നൃത്തവും അഭ്യസിക്കുന്നതാണ്. വീണയിലും ഹാർമോണിയത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സ്‌കൂളിൽ ഒരു സ്റ്റേജും വിട്ടുകളഞ്ഞിട്ടില്ല. നാട്ടുകാർ എന്നും കൈ നിറയെ സമ്മാനങ്ങൾ വാരിക്കോരി തരുമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനും അരങ്ങു തകർക്കാറുണ്ട്. ശ്രുതി എന്നും നാരായണിയാണ് മീട്ടിയിരുന്നത്. ഇന്നവരാരും അടുത്തില്ല. എന്നാലും ഇത് തന്റെ ‘ആർട്‌സ് ക്ലബ്ബിന്റെ’ വളർച്ചയുടെ ആദ്യ പടവാണ്. ഗംഭീരമായേ പറ്റൂ
സ്റ്റേജിൽ എത്തിയപ്പോൾ ഇടം കണ്ണിട്ടു നന്ദിനി മുൻ നിരയിൽ കണ്ണോടിച്ചു. വിശിഷ്ട അതിഥികൾക്കിടയിൽ ജോൺസൺ സാറുണ്ട്. കൂടെ ദിനേശനും ഇരുന്ന് എന്തോ സംസാരിക്കുന്നു. ദിനേശൻ പിടിച്ച് ഇരുത്തിയതായിരിക്കും. ഗാനമേള നന്ദിനിയാണ് നയിക്കുന്നതെന്ന് പറഞ്ഞിരിക്കും. ആദ്യത്തെ രാഗവിസ്താരം കഴിഞ്ഞപ്പോൾ നിലയ്ക്കാത്ത കൈയടി ആയിരുന്നു. രണ്ടാമത് ഒരു സിനിമാഗാനം പാടി. മൂന്നാമത്തെ പാട്ട് കോളേജിലെ കഴിഞ്ഞ വർഷത്തെ പ്രധാന ഗായകന്റെതായിരുന്നു. ഒരു ഹിന്ദി ഗാനം. ആ സമയത്ത് നന്ദിനി അകത്തു പോയി കുറച്ചു വെള്ളം കുടിച്ചു. തിരിച്ചു വന്നു തന്റെ മാസ്റ്റർ പീസ് ആയ ‘ഖരഹരപ്രിയ’ രാഗത്തിൽ ഒരു പിടുത്തം പിടിച്ചു. പിന്നെ സദസ്സാകെ ഇളകി മറിയുകയായിരുന്നു. ജനങ്ങൾ ഹർഷാരവം മുഴക്കി. സ്റ്റേജിലേക്ക് കയറി വന്ന ചെയർമാൻ നന്ദിനിയെ ഒരു സ്വർണ്ണപ്പതക്കം അണിയിച്ചു. ജോൺസൺ സാർ സ്റ്റേജിൽവന്ന് അനുമോദിച്ചു. വിദ്യാർഥികൾ ഇരച്ചുകയറാതെ നിയന്ത്രിക്കുന്നുണ്ടായിരുന്നു സംഘാടകർ.
ഗ്രീൻറൂമിൽ എത്തിയപ്പോൾ നന്ദിനി സന്തോഷത്താൽ വീർപ്പുമുട്ടി. ഹോസ്റ്റൽ വാർഡൻ ഓടി വന്ന് അവളെ നാരങ്ങാ നീര് കുടിപ്പിച്ചു. ദിവസത്തെ അദ്ധ്വാനവും അങ്കലാപ്പും അടങ്ങി. ഹാളിൽ നിന്ന് ആളുകൾ ഇറങ്ങി പോകുന്നതിന്റെ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഇത്രയും കാലം തന്റെ കൊച്ചുഗ്രാമത്തിൽ ഒതുങ്ങി നിന്ന ‘കലാപ്രതിഭ’ പട്ടം ഇന്നൊരു വലിയ സമൂഹം അവളെ അണിയിച്ചിരിക്കുന്നു. രാവിലെ ചായ കപ്പിന്റെ കൂടെ വെറോനിക്കാമ്മ ഒരു കത്ത് നൽകി. മുറിയിൽ വന്നു തുറന്നപ്പോൾ ഒരൊറ്റ വാക്ക് ‘അഭിനന്ദനങ്ങൾ-ജോൺസൺ.’
അമൂല്യനിധിപോലെ നന്ദിനി ആ കവർനെഞ്ചോടുചേർത്തു. ഹൃദയം ശക്തിയായി
മിടിക്കുന്നുണ്ടായിരുന്നു. അത് ഹൃദയത്തോടു ചേർത്തുവച്ച അവൾ കട്ടിലിലേക്ക് വീണു. കുറെ നേരം കൂടെ അങ്ങനെ കിടക്കാനൊരു കൊതി.നെഞ്ചിൽ ചേർത്തുവയ്ക്കാനൊരു സ്‌നേഹവചനവും.എത്ര നേരം അങ്ങിനെ കിടന്നു എന്ന് അറിയില്ല. മുറിയിൽ ആരൊക്കെയോ നടക്കുന്നത് കണ്ടു കണ്ണു തുറന്നു. റൂംമേറ്റ്‌സ് ആണ്. തന്നെ ഉണർത്താതെ ആണ് എല്ലാവരും നീങ്ങുന്നത്.നന്ദിനി കവർ തപ്പിനോക്കി.അത് നെഞ്ചോട് ചേർന്നു തന്നെ ഇരിക്കുന്നു.ആരും കാണാതെ ഉടുപ്പി നടിയിലാക്കി നന്ദിനി എഴുന്നേറ്റു.
‘ഗുഡ് മോർണിംഗ് ‘
‘ ഗുഡ്‌മോർണിംഗോ?ഗുഡ് ഈവനിംഗ് ആയടീ…നിന്നെ സുഖസുഷുപ്തിയിൽനിന്നുണർത്താൻ ആർക്ക് കഴിയും?’ എന്തായാലും ആ പകലുറക്കം അവൾക്ക് ഉന്മേഷം നൽകി.
സുന്ദര സ്വപ്നത്തിൽ ആമഗ്‌നയായി ഒരാനന്ദ നിർവൃതി. ആരൊക്കെയോ കൂടെ ഉണ്ടായിരുന്നല്ലോ ആരായിരുന്നു? എന്തുതന്നെ ആയാലും ഈ പകലുറക്കം അവളെ ഉന്മേഷവതിയാക്കിയിരുന്നു . ദിവസങ്ങളായി വലിയ അലച്ചിലും അസ്വസ്ഥതയുമായിരുന്നല്ലോ. നാളെ കോളേജ് ഉള്ളതാണ്. പുസ്തകങ്ങളൊക്കെ അടച്ചു വച്ച്ത് ഒന്ന് തുറന്നു പോലും നോക്കിയില്ല. നല്ല വിശപ്പുണ്ട്. ഉച്ചയ്‌ക്കൊന്നും കഴിച്ചില്ല എന്ന് അപ്പോഴാണ് ഓർത്തത്. അടുക്കളയിൽ വേറോനിക്കാമ്മയുണ്ടായിരുന്നു. പുഴുങ്ങിയ ഏത്തപ്പഴം അവർ കരുതിവെച്ചിരുന്നു. നന്ദിനി അത് രുചിയോടെ തിന്നു.
‘ ജോൺസൺ സാർ വിളിച്ചിരുന്നു. ദിനേശനും വിളിച്ചിരുന്നു. ഉറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു.ഇവിടെ ആരും ഇല്ലായിരുന്നു. കുഞ്ഞു ഉറങ്ങട്ടെ എന്നു രണ്ടു പേരും പറഞ്ഞു. ക്ഷീണം ഒക്കെ പോയോ മോളെ…? കുളിക്കാൻ ചൂട് വെള്ളം വേണോ?’
‘ ഒന്നും വേണ്ട….തണുത്ത വെള്ളം മതി’
നന്ദിനി കുളിമുറിയിൽ കയറി… തണുത്ത വെള്ളം നൂലിഴകൾപോലെ ഒഴുകി ഇറങ്ങിയപ്പോൾ ഒരു പുതിയ ഉണർവ്.. വളരെ നേരം എടുത്തു കുളിച്ചു,വസ്ത്രം മാറി പുറത്തുവന്നപ്പോൾ കുട്ടികൾ ഒക്കെ കോമൺ റൂമിൽ ഇരുന്ന് തലേന്നത്തെ കാര്യങ്ങൾ വർണ്ണിക്കുകയായിരുന്നു.
‘ എടീ ആ യുവ സാഹിത്യകാരൻ ഇപ്പോൾ ഇവിടുത്തെ ബ്ലോക്ക് ഓഫീസർ ആണത്രേ’. രമണി
‘ആ… വേറൊരു പേരാണ് എഴുതാൻ ഉപയോഗിക്കുന്നത്. ‘ജോൺസൺ’ എന്നാ ബ്ലോക്ക് ഓഫീസറുടെ യഥാർത്ഥ പേര്.’ രാധിക
‘ആ… അത് ഇന്നലെ അല്ലേ മനസ്സിലായത്.ഇന്നാളൊരിക്കൽ എന്റെ അമ്മാവൻ ഇവിടെ ബ്ലോക്ക് ഓഫീസിൽ വന്നിരുന്നു.അന്ന് ഇവിടെ വന്ന് എന്നെ കണ്ടിട്ടാ പോയത്.പുതിയ ഓഫീസർ ഒരു തങ്കപ്പെട്ട മനുഷ്യനാണെന്നാ പറഞ്ഞത്. അന്ന് നമുക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നല്ലോ.’ കമലം
‘ ഇപ്പോഴല്ലേ യുവ സാഹിത്യകാരനാണെന്ന് തിരിച്ചറിഞ്ഞത്. എടീ നന്ദു…നിന്റെ പ്രകടനവും ഉഗ്രൻ തന്നെ… നിന്നെയും ഞങ്ങൾ ഇപ്പോഴാ തിരിച്ചറിയുന്നത്.’രമണി.
‘ ഇനി നീയും വല്ല പേരിലും എഴുതുന്നുണ്ടോടി?’രാധിക.
നന്ദിനി ഒന്നും പറയാതെ മുറിയിലേക്ക് പോയി. മുഖം അവർ കാണാതെ ഇരിക്കട്ടെ! തന്റെ കള്ളത്തരവും ഒരിക്കൽ ഇവർ കണ്ടെത്തും.
പിറ്റേന്ന് കോളേജ് വൻ ആരവത്തോടെയാണ് നന്ദിനിയെ സ്വീകരിച്ചത്. ബോയ്‌സ് ഹോസ്റ്റലിന്റെ വരാന്തയിൽ നിന്നും ‘ജയ്’ വിളികളും ആർപ്പുവിളികളും ഉയർന്നുകേട്ടു. ചിലർ ‘കോളേജ് ബ്യൂട്ടി’ എന്നും മിടുമിടുക്കി’ എന്നും ഒക്കെ ഉറക്കെ ഉറക്കെ വിളിച്ചു കൂവി. പെൺകുട്ടികൾ ഒരു അൽഭുതം കാണുന്ന പോലെ അവളെ നോക്കി നിന്നു.
‘ എന്താ ഭംഗി…’ ആരോ പറയുന്നത് കേട്ടു ‘നമ്മുടെ കോളേജിന്റെ ഭാഗ്യം’
നന്ദിനി കാലുകൾക്ക് വേഗത കൂട്ടി.
‘ഒന്ന് നിക്കെടീ…ഓടാതെ…’നളിനി
‘വേഗം നടക്കാം ‘ നന്ദിനി ധൃതി കൂട്ടി.
‘ഓ… ഇതൊക്കെ കേട്ടിട്ട് പോയാ മതി… തെറി ഒന്നും അല്ലല്ലോ… അഭിനന്ദനമല്ലേ എനിക്കിഷ്ടമായി’
നന്ദിനി നടത്തത്തിന്റെ വേഗത കുറച്ചില്ല. ഒന്ന് വേഗം ക്ലാസിൽ എത്തിയാൽ മതിയായിരുന്നു. സ്‌കൂളിൽ എല്ലാവരും തന്നെ കുഞ്ഞിലേ അറിയുന്നവരാകയാൽ ഇത്തരത്തിൽ വീർപ്പു മുട്ടിച്ചിട്ടില്ല. ഇവിടെ ഇതൊക്കെ ഒരു പുതുമ അല്ലേ?
‘ നിന്റെ കൂടെ നടക്കുന്നത് തന്നെ എനിക്കൊരു ഗമയാടീ…’
നന്ദിനിയുടെ കൂടെ എത്താൻ നളിനി കഷ്ടപ്പെട്ടു. കൂട്ടത്തിൽ അവളുടെ ‘വായാടിയും ‘. നന്ദിനി കൂസാതെ കാല് നീട്ടി വെച്ച് തന്നെ നടന്നു.
‘ അരയന്നത്തിന് ഒട്ടകപ്പക്ഷി ആകാൻ പറ്റുമോ?’ഒരു കൂട്ടം പെൺകുട്ടികൾ കൂടെ കൂടി.എല്ലാവർക്കും നന്ദിനിയുടെ കൂടെ നടക്കാൻ ഉത്സാഹം. കുറെ കുട്ടികൾക്ക് നടുവിൽ ഒരു ആശ്വാസമാണ് നന്ദിനിക്ക് തോന്നിയത്.ക്ലാസിൽ വന്ന ഓരോ അധ്യാപകരും അവളെ എഴുന്നേൽപ്പിച്ചു നിറുത്തി അഭിനന്ദിച്ചു. കൂട്ടുകാർ സന്തോഷത്തോടെ കൈയ്യടിച്ചു. ഒരൊറ്റ ദിവസം കൊണ്ട് കോളേജിന്റെ അഭിമാനമായി അവൾ മാറി. എന്നാൽ ജോൺസൺ സാറിന്റെ ‘തനി രൂപം’ മനസ്സിലായതാണ് നന്ദിനിക്ക് ഏറെ സന്തോഷം നൽകിയത്. താൻ ഏറ്റവുമധികം ആരാധിച്ച യുവസാഹിത്യ കാരൻ തന്റെ ജോൺസൺ സാറാണെന്ന സത്യം അവൾക്ക് ഉന്മേഷം നൽകി.അടുത്ത ആഴ്ച ദിനേശൻ വന്നപ്പോൾ പറഞ്ഞു ഞായറാഴ്ച ജോൺസൺ സാറിന്റെ പിറന്നാളാണ്. ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത് ഇവിടെത്തന്നെയാണ്. നമ്മൾ രണ്ടുപേരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
വാർഡന്റെ അനുമതിയോടെയാണ് പിറന്നാളിന് പോയത്. യുവ സാഹിത്യകാരൻ നന്ദിനിയെ രക്ഷിച്ച ആളാണെന്ന അറിവ് അവർക്ക് ആശ്ചര്യകരമായിരുന്നു. ആഘോഷം എന്ന് പറഞ്ഞാൽ നന്ദിനിയും, ദിനേശനും, ജോൺസണും മാത്രം ആയ ഒരു ദിവസം. ഒരു കേക്ക് മുറിക്കലും ഹോട്ടലിൽനിന്ന് വരുത്തിയ ഭക്ഷണവും.
‘ നമ്മൾ മാത്രം മതി എന്ന് എനിക്ക് നിർബന്ധമായിരുന്നു.’
നന്ദിനിയും ദിനേശനും നീട്ടിയ ബൊക്കെയും കാർഡും സ്വീകരിച്ച് ജോൺസൺ പറഞ്ഞു.
‘ നമുക്ക് ഇന്നിവിടെ ഇരുന്നു മതിയാവോളം സംസാരിക്കാം… പാടാം ‘
നന്ദിനിക്ക് ആശ്വാസമാണ് തോന്നിയത്. ഒരുകൂട്ടം ആളുകളെ അവർ പ്രതീക്ഷിച്ചിരുന്നു. ആൾക്കൂട്ടത്തിനു മധ്യത്തിൽ ഇരുന്നു പാടാനും ആടാനും ജോൺസണും ദിനേശനും ആവശ്യപ്പെട്ടാൽ നിരസിക്കുന്നതെങ്ങനെ എന്ന ആധിയായിരുന്നു മനസ്സിൽ.
ജോൺസണും നന്നായി പാടും. ദിനേശനും നന്ദിനിയും പാടും. മണിക്കൂറുകൾ നിമിഷങ്ങളായി ചുരുങ്ങിപ്പോയി. വൈകുന്നേരം ഇരുട്ട് വീഴുന്നതിനു മുൻപ് നന്ദിനിയെ ഹോസ്റ്റലിൽ ആക്കാൻ ദിനേശൻ കൂടെ ജീപ്പിൽ കയറുമ്പോൾ ജോൺസന്റെ മൂന്നു നോവലുകളുടെയും കോപ്പികൾ ഇരുവരുടെയും കൈകളിൽ ഉണ്ടായിരുന്നു. പുതിയ നോവൽ അച്ചടിയിലാണ്. അതിന്റെ കൈയെഴുത്ത് പ്രതി വായിച്ചു നന്ദിനി ഞെട്ടി. അതിൽ നായകന്റെ പ്രേമഭാജനമായ പെൺകുട്ടി ആശുപത്രി കട്ടിലിൽ നായകന്റെ കരങ്ങളിൽ തളർന്നു കിടന്ന ഭാഗം വായിച്ചപ്പോൾ നന്ദിനി വീണ്ടും ഞെട്ടി. നായകന്റെ ചുടുചുംബനങ്ങൾ ഏറ്റു വാങ്ങി ജീവിതത്തിന്റെ വഴിയിലേക്ക് പിച്ചവച്ച് കയറിയ അതിലെ നായിക ഈ ഞാൻ തന്നെ അല്ലേ? പല വട്ടം നന്ദിനി മനസ്സിൽ പറഞ്ഞു.
‘ അതെ… അത് ഞാനാണ്… നന്ദിനിയാണ്’
പുസ്തകക്കെട്ടുകൾ മാറത്ത് അടുക്കി ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ ദിനേശനോട് യാത്ര പറഞ്ഞത് പോലും യാന്ത്രികമായിരുന്നു. മുറിയിൽ കയറി കുറെ നേരം ജോൺസന്റെ നന്ദിനിയായി ഒറ്റയ്ക്കിരിയ്ക്കണം. ആഗ്രഹത്തിന് വിഘാതമായി കൂട്ടുകാർ ഓടി എത്തി. പുസ്തകക്കെട്ട് അവർ കൊണ്ടുപോയി. ജോൺസന്റെ ഫോൺ നമ്പർ എല്ലാവരും ചോദിച്ചു വാങ്ങി. രാത്രി ലേഡീസ് ഹോസ്റ്റലിന്റെ ഫോൺ നിരന്തരം പ്രവർത്തന നിരതമായി. ജോൺസണെയും ആരും ഉറക്കി കാണില്ല. പിറന്നാൾ ദിവസം എല്ലാവരും മണത്തറിഞ്ഞു.
‘ ഒരു കലാകാരന് എങ്ങനെ ഒളിച്ചിരിക്കാൻ കഴിയും?
പിറ്റേന്ന് ജോൺസന്റെ പരിഭവത്തിനു നന്ദിനി അങ്ങനെയാണ് ഉത്തരം കണ്ടെത്തിയത്.
ഫോണിൽ സംസാരിക്കുമ്പോൾ നന്ദിനിയുടെ കവിൾത്തടം പനിനീർപ്പൂപോലെ തുടുത്തിരുന്നു.
‘ ആരാടീ ഫോണിൽ? നളിനി ഫോൺ പിടിച്ചു വാങ്ങി. വിളിച്ച നമ്പർ പരിശോധിച്ച് അവൾ പൊട്ടിച്ചിരിച്ചു.
‘ അമ്പടി… കേമി… കളി തുടങ്ങിയോ?
നന്ദിനി മിണ്ടാതെ പിന്തിരിഞ്ഞു. ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രേമകഥകൾ ഹോസ്റ്റലുകളിൽ ഒരു രസമാണ്. അതിന് ‘ചൂട്ടു’ പിടിക്കാൻ കുറെ പേരുണ്ട്. നളിനി ആ കൂട്ടത്തിൽ ഉണ്ടോ എന്നു നന്ദിനിക്ക് അറിയില്ല. മൗനം തന്നെ നല്ലത്. ക്ലാസ്സുകൾ മുറയ്ക്ക് നടന്നു. ക്ലാസ്സ് ടെസ്റ്റുകളിൽ എന്നും നന്ദിനി മുന്നിൽ തന്നെ ആയിരുന്നു. ബുദ്ധിയും സൗന്ദര്യവും ഒരുപോലെ ദൈവം അവൾക്കു വാരി കൊടുത്തിരുന്നു. നന്ദിനിക്ക് എഞ്ചിനീയറിംഗോ മെഡിസിനോ നോട്ടം ഇല്ലായിരുന്നു. ഉപരിപഠനം കഴിഞ്ഞു കോളേജിൽ തന്നെ അധ്യാപികയാകണമെന്നായിരുന്നു അവളുടെ മോഹം. എത്ര വേഗമാണ് മാസങ്ങൾ ഓടിഓടി പോയത്. എന്നും സംഭവബഹുലമായിരുന്നു. ഹോസ്റ്റൽ ഡേ യും, കോളേജ് ഡേയുമൊക്കെ പതിവിലും ഗംഭീരമായി നടന്നു. മുതിർന്നവരുടെ പരീക്ഷകൾ തുടങ്ങി. നന്ദിനിക്കും കോളേജ് അടവായി. രണ്ടാഴ്ച ഹോസ്റ്റലിൽ തന്നെ നിന്ന് പഠിച്ചു നന്ദിനി. ഇനി ഹോസ്റ്റലും അടയ്ക്കുകയാണ്. വീട്ടിൽ ചെന്നാൽ പഠിയ്ക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകാം. പഴയ സ്‌കൂൾകുട്ടി അല്ലല്ലോ താനിന്ന്. നാട്ടിൽ നിന്ന് കോളേജിൽ പഠിക്കാൻ പോയ ആദ്യത്തെ പെൺകുട്ടിയാണ്. കൂടെ പഠിച്ച പലരുടെയും വിവാഹത്തിനോ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പലരും അമ്മയാകാനുള്ള ഒരുക്കത്തിലാണ്. വീർത്തവയറും വിളർത്ത മുഖവുമായി അവരെയൊക്കെ കാണേണ്ടി വരും. ശ്രീദേവി ചേച്ചിയും ഗർഭിണിയാണ്. അതിന്റെ ചടങ്ങുകളുമുണ്ട് വീട്ടിൽ.
പേരക്കുട്ടിയുടെ ജനനത്തെപ്പറ്റിയുള്ള ചിന്ത തന്നെ വീട്ടിൽ ആഘോഷത്തിന്റെ കോളിളക്കം സൃഷ്ടിച്ചിരിക്കും. ഈ തിരക്കുകൾക്കിടയിൽ ഇരുന്നു പഠിച്ചാൽ ശരിയാവില്ല. പക്ഷേ അല്ലാതെ എന്ത് ചെയ്യും?
മനസ്സില്ലാമനസ്സോടെയാണ് നന്ദിനി വീട്ടിലേക്കു പോയത്. മനസ്സ് തുറക്കാവുന്ന ഒരു ഇടം ഉള്ളത് അമ്മൂമ്മയുടെ വീടാണ്. മദ്യപിച്ചു വന്ന് അമ്മാവൻ ഉണ്ടാക്കുന്ന ചെറിയ പ്രശ്‌നങ്ങൾ ഒഴിച്ചാൽ അവിടം നിശബ്ദം ആണ്. നന്ദിനി വിവരം അമ്മുക്കുട്ടിയമ്മയോടു തുറന്നു പറഞ്ഞു. മാസങ്ങൾക്ക് ശേഷം വന്ന മകളെ വിശിഷ്ട വിഭവങ്ങളാൽ ഊട്ടാനാണ് അമ്മുക്കുട്ടിയമ്മ തത്രപ്പെട്ടത്. പക്ഷേ, നന്ദിനി പറയുന്നതിലും പല ശരികളുമുണ്ട്. വിവരം അറിഞ്ഞു വൈദ്യരും പറഞ്ഞു ‘അത് ശരിയാണ്’.
നന്ദിനി വന്ന പോലെ തന്നെ അമ്മുമ്മയുടെ വീട്ടിൽ എത്തി. അയൽപക്കത്തെ പലരുമായി സൊറ പറയലാണ് അമ്മൂമ്മയുടെ പണി. അതിനാൽ നന്ദിനി അവിടെ ഒരതിഥി ആയിരിക്കാനൊന്നും ശ്രമിച്ചില്ല. പഠിയ്ക്കാൻ വന്നതാണെന്ന ബോധം മനപ്പൂർവ്വം മനസ്സിലാക്കി നന്ദിനി കഴിവതും ഒളിവിൽ കഴിഞ്ഞു. മകൾ പഠിക്കുന്നെങ്കിൽ മെഡിസിൻ എടുക്കട്ടെ എന്നാണ് അച്ഛൻ.വൈദ്യഗൃഹത്തിന് ഒരു ഇംഗ്ലീഷ് പാരമ്പര്യം ലഭിക്കുമല്ലോ.ഇനി അങ്ങോട്ട് ആയുർവേദത്തിന്റെ ഭാവി എന്തെന്ന് പറയാനാവില്ല. പക്ഷേ നന്ദിനിയുടെ മനസ്സിൽ മെഡിസിൻ ഒന്നുമില്ല. ഒരു പെൺകുട്ടിക്ക് ഒരു ഉത്തരവാദിത്വമല്ല, അവൾ ഭാര്യയും അമ്മയുമൊക്കെയായി രണ്ടു മൂന്നു വ്യക്തിത്വങ്ങൾ നന്നായി നിറവേറ്റേണ്ടവളാണ്.
വീട് സ്ത്രീയുടെ സാന്നിദ്ധ്യം വളരെ ആവശ്യമുള്ള ഒരു സ്ഥലമാണ്. അതിന് അനുയോജ്യമായ ഒരു ഒതുക്കമുള്ള ജോലിയാണ് സ്ത്രീക്ക് ആവശ്യം. രാവും പകലും ഓഫീസുമായി കഴിയാൻ പുരുഷനാണ് എളുപ്പം.
ദിനേശനും പരീക്ഷയ്ക്കു മുൻപുള്ള അവധി തുടങ്ങിയിരുന്നു. നന്ദിനി അമ്മൂമ്മയുടെ വീട്ടിൽ ആണെന്ന് അറിഞ്ഞപ്പോൾ സ്വന്തം അച്ഛന്റെ വീട്ടിലേക്കു ദിനേശനും എത്തി. അമ്മൂമ്മയ്ക്ക് ഇനി ഇത്ര വലിയ സന്തോഷം വരാനില്ല. വളരെ ചെറിയ കുട്ടിയായിരുന്ന കാലത്ത് അച്ഛന്റെ കൈ പിടിച്ച് ഒരിക്കൽ അവിടെ വന്നിട്ടുണ്ട് അവൻ. കല്യാണം കഴിഞ്ഞു മരുമകൾ ഒരു ആഴ്ച പോലും അവിടെ താമസിച്ചിട്ടില്ല. അമ്മുമ്മയും,മകന്റെ ഭാര്യ വീട്ടിൽ അധികം പോയിട്ടില്ല. മകന്റെ നല്ലതല്ലാത്ത അവസ്ഥ ഭാര്യ വീട്ടുകാർക്ക് അത്ര പിടിത്തവുമില്ലല്ലോ! ദിനേശന്റെ ബൈക്കിന്റെ ശബ്ദം നന്ദിനി തിരിച്ചറിഞ്ഞിരുന്നു. ഓടി വന്നപ്പോൾ ചെറുതായി കിതച്ചു പോയി. ദിനേശൻ ചിരിച്ചു. തമാശയായി പറഞ്ഞു.
‘ ഞാൻ ഒറ്റയ്‌ക്കേ ഉള്ളൂ… എന്താ ഓടി കിതച്ചിങ്ങനെ?
നന്ദിനി ആകെ ജാള്യതയിലായി. വല്ലായ്മ മറയ്ക്കാൻ പാടുപെട്ടു.
‘ദിനേശേട്ടനെ കണ്ടിട്ട് എത്ര ദിവസമായി?
‘ഉം..ഉം.. പഠിപ്പൊക്കെ എങ്ങനെ?
‘ ഞാൻ പഠിക്കുന്നുണ്ട്. ഈ പറയുന്ന ആളോ?
‘ എനിക്ക് തടസ്സം ഒന്നുമില്ല. പഠിപ്പും… ചുറ്റിയടീം ‘
‘ ഇപ്പൊ എവിടെയാ… ചുറ്റിയടി?’
‘എവിടെയും സ്ഥിരമായി ഇല്ല… വീട് വിട്ടാൽ അങ്ങാടി..’
‘ അതെന്താ? അവിടെ വല്ല മീൻകാരി കളും വല വീശിയോ?
‘ നിറുത്ത്… എന്താ.. പറഞ്ഞേ? എന്താ നീ എന്നെപറ്റി കരുതീരിക്കണ്?
‘ഞാൻ… വെറുതെ… ദിനേശേട്ടൻ ഇരിക്ക്.. ഞാൻ കാപ്പി ഇടാം. അമ്മൂമ്മ പഴംപൊരി ഇണ്ടാക്കണ മണം വരുന്നുണ്ട്.’
കാപ്പിയും പഴംപൊരിയും ഒക്കെ കഴിച്ചു അമ്മൂമ്മയുടെ കൈപുണ്യത്തെപ്പറ്റി പുകഴ്ത്തി ഒരു ഉമ്മയും കൊടുത്തു പേരക്കുട്ടി പടി ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അമ്മൂമ്മ സന്തോഷം കൊണ്ട് കണ്ണുതുടച്ചു. മനക്കണ്ണിൽ ഒരു സ്വപ്നം വിടർന്നാടി. നന്ദിനിയും ദിനേശനും കൈ പിടിച്ചു മണ്ഡപം വലംവെക്കുന്നത്! ദക്ഷിണ വച്ച് അമ്മൂമ്മയെ വണങ്ങി മണിയറയിൽ കയറുന്നത്! മുണ്ടിന്റെ കോന്തലയിൽ കയ്യും മുഖവും തുടച്ച് അവർ നന്ദിനിയെ ചേർത്തുനിറുത്തി മൂർദ്ധാവിൽ ചുംബിച്ചു.
About The Author
No related posts.