അദ്ധ്യായം 9
പരീക്ഷാതിരക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു എല്ലാവർക്കും. പത്താം ക്ലാസിലെ പരീക്ഷ നന്നായി എഴുതി തീർത്ത്, നാരായണി വന്നു നന്ദിനിയെ കാണാൻ. ഇപ്രാവശ്യം മുതൽ അവരുടെ സ്‌കൂളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു വന്നിരുന്നു. അതിനാൽ അവൾ വീട്ടിൽ നിന്ന് പോയാണ് പരീക്ഷ എഴുതിയത്. എല്ലാ പരീക്ഷയും നന്നായി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. ഒരു വലിയ ചുമട് ഇറക്കി വച്ച ആശ്വാസത്തിലാണ് അവൾ. ഒഴിവു ദിവസങ്ങളിൽ പോകാൻ അവൾക്ക് ഒരിടവും ഇല്ല. സാധാരണ സ്‌കൂൾ ഒടുവിൽ അവൾ ചിലവഴിച്ചിരുന്നത് അമ്മൂമ്മയ്ക്ക് ഒപ്പമാണ്.
പഴംപുരാണം കേട്ടു, ഊഞ്ഞാൽ ആടി, പഴുത്ത മാങ്ങ ചപ്പി കുടിച്ചു അയൽപക്കത്തെ കുട്ടികളുമൊത്തു കൊത്തംകല്ലാടി, രണ്ടു മാസം തീരുന്നത് അറിയില്ല. ഇപ്രാവശ്യം നന്ദിനിയുടെ പഠനാവധിക്കാലം കഴിഞ്ഞു പോയിട്ടേ നാരായണിക്കിങ്ങോട്ടു പ്രവേശനമുള്ളൂ. അമ്മ കൊടുത്തയച്ച സാധനങ്ങൾ അമ്മൂമ്മയെ ഏൽപ്പിച്ചു നാരായണി തിരിച്ചു പോയി.
പഠനാവധിക്കാലം കഴിഞ്ഞു നന്ദിനി ഹോസ്റ്റലിൽ തിരിച്ചെത്തി. കുട്ടികൾ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. പലരും പരീക്ഷ കഴിഞ്ഞു പോയിരുന്നു. ചിലരൊക്കെ പരീക്ഷ ദിവസങ്ങളിൽ മാത്രം ഹോസ്റ്റലിൽ തങ്ങി തിരിച്ചു പോയിക്കൊണ്ടിരുന്നു. നന്ദിനി ഏതായാലും മുഴുവൻ പരീക്ഷയും കഴിഞ്ഞേ തിരിച്ചു പോകുന്നുള്ളൂ. രാത്രി ഇരുന്നു പഠിക്കുമ്പോൾ കട്ടൻ കാപ്പി ഉണ്ടാക്കി അവർ മുറിയിൽ വരും. കൂടെ കായവറുത്തതോ അച്ചപ്പമോ എന്തെങ്കിലും കാണും. ഹോസ്റ്റലിൽ എല്ലാവർക്കും അവരെ വളരെ ഇഷ്ടമായിരുന്നു. അത്രയ്ക്കും നല്ല സ്ത്രീ ആയിരുന്നു അവർ. അമ്മുക്കുട്ടിയമ്മയുടെ ഒരു വലിയ ആശ്വാസമാണ് അവർ അവിടെ ഉണ്ടെന്നത്. മൂന്നു ദിവസം തുടർച്ചയായി പരീക്ഷ ഉണ്ടായിരുന്നു. ഇനി നാല് ദിവസം കഴിഞ്ഞാണ് അടുത്തത്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും തുടരും എന്തായാലും ഇടയ്ക്കിടയ്ക്ക് ഒഴിവു കിട്ടുന്നതിനാൽ വലിയ ആശ്വാസം തോന്നി.
ഇന്ന് ഞായറാഴ്ചയാണ്. ദിനേശേട്ടൻ വരുമായിരിക്കും. കൂടെ അദ്ദേഹം ഉണ്ടായെങ്കിൽ വെറുതെ ഒരു ആശയാണെങ്കിലും അതിന് എന്തോ ഒരു അടക്കാനാവാത്ത മോഹഭാവമുണ്ടായിരുന്നു. നാല് മണിയുടെ കാപ്പി മുറിയിൽ കൊണ്ടുവന്നു തന്നിട്ട്, വെറോനിക്കാമ്മ പറഞ്ഞു’കുഞ്ഞിനു സന്ദർശകരുണ്ട്’.
ആരാണെന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു നന്ദിനിക്ക്.
സന്ദർശനമുറിയിലിരുന്ന രണ്ടു പേരും ഞെട്ടി തിരിഞ്ഞു നോക്കി, അത്രയും ആവേശത്തിലാണ് നന്ദിനി പടി ഇറങ്ങി വന്നത്. ദിനേശന്റെയും, ജോൺസന്റെയും ഞെട്ടൽ കണ്ടു നന്ദിനിക്ക് ജാള്യത തോന്നി. അവളറിയാതെ വിരൽ അടിച്ചു പോയി.
‘ നാണിക്കാതെ റാണി… അത് നിനക്ക് ചേരില്ല…’ ദിനേശന്റെ കമന്റും കൂടെ ആയപ്പോൾ നന്ദിനി അങ്ങ് ഇല്ലാതെ ആയപോലെ ആയി. മനസ്സിലൊരു ചുടുകാറ്റ് ആഞ്ഞു വീശി… തുടർന്ന് ഒരു കുളിർമഴയും. എത്ര ദിവസമായി ഉള്ളിൽ അടക്കി നിർത്തിയ ഈ കൂടിക്കാഴ്ചയുടെ സുഖം! സുസ്‌മേരവദനനായി തന്നെ തന്നെ നോക്കി ഇരിക്കുന്ന ഈ മുഖം എത്ര തവണ താൻ ഓർമ്മയിൽ താലോലിച്ചു. പരീക്ഷ ചൂടിനേക്കാൾ തന്റെ പൂമേനി തളർത്തി കൊണ്ടിരുന്നത് ഈ കൂടിക്കാഴ്ചയ്ക്കായുള്ള മോഹമായിരുന്നില്ലേ?
കൈത്തണ്ടയിൽ തന്നെത്താനൊരു നല്ല നുള്ള് കൊടുത്തു നന്ദിനി.’ പിടയ്ക്കാതെടീപെണ്ണേ…’ മനസ്സിൽ അവൾ പറഞ്ഞു.
‘ എങ്ങനെ ഇരുന്നു പരീക്ഷ?’
‘ ഒക്കെ നന്നായിരുന്നു.’
‘കടലാസിന്റെ ഭംഗിയല്ല..അതിൽ എഴുതിയതിനു വല്ല ഘനവുമുണ്ടായിരുന്നോ എന്ന ചോദ്യം’ ജോൺസൺ.
നന്ദിനി മൃദുവായി ചിരിച്ചു. അവൾക്കു ഗദ്ഗദം വന്നു മുട്ടി തിരിഞ്ഞു തൊണ്ടയിൽ.
‘ നന്ദിനിക്ക് എക്‌സാം ഒന്നും അത്ര വലിയ കാര്യമല്ല..’ദിനേശൻ പറഞ്ഞു.’നല്ല തെളിഞ്ഞ ബുദ്ധിയാ അവൾക്ക്.
ജോൺസൺ വെറുതെ ചിരിച്ചു. ഒരു അഭിനന്ദനം ആ ചുണ്ടിൽ വിരിഞ്ഞു നിന്നു. ചായയുമായി വെറോനിക്കാമ്മ എത്തി.
‘ കഴിഞ്ഞാഴ്ച പള്ളിയിൽ വെച്ച് ഞാൻ അക്കാമ്മയെ കണ്ടിരുന്നു. മോളിക്കുട്ടിയുടെ കല്യാണം ഉറച്ചല്ലേ?
‘ആ… ചേടത്തീ… അമ്മ എന്നേം വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം ആണ്. കാഞ്ഞിരപ്പള്ളീന്നാ’
‘ മോളിക്കുട്ടി ഡോക്ടർ ആയതോണ്ട് ഒരു ഡോക്ടർ പയ്യൻ തന്നെ വേണംല്ലോ… അതാ ഇത്രയും ബുദ്ധിമുട്ടീത് മോനേ.’
‘ എനിക്കിപ്പോ ലീവ് കിട്ടുമോന്നു സംശയമ… പിന്നെ… നന്ദിനി.. അവധിയിലായിരിക്കും കല്യാണം. ദിനേശന്റെ കൂടെ വന്നോളണം കേട്ടോ…’
നന്ദിനിക്ക് എന്ത് പറയണം എന്ന് അറിയില്ല. തന്റെ വീട്ടിൽ നിന്നും അങ്ങനെ ഒന്നും ഒരു അനുമതി കിട്ടില്ല. ഇനി ദിനേശേട്ടന്റെ കൂടെ ആയതിനാൽ എങ്ങനെ ആവുമോ എന്തോ.
‘ നോക്കാം ‘ നന്ദിനി പറഞ്ഞു.
ജോൺസൺ സാറിന്റെ കുടുംബമൊക്കെ ഒന്ന് കാണാൻ അവൾക്കും കൊതിയുണ്ടായിരുന്നു. യാത്ര പറഞ്ഞു അവർ പോയപ്പോൾ, ഒരു നാടൻ പെണ്ണിന്റെ പോലെ നന്ദിനി ആദ്യമായി ഒരു നവവധുവായി ജോൺസൺ സാറിന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു. പഠിക്കാനുള്ള പുസ്തകം അടച്ചു വച്ച് ഒരാനന്ദ നിർവൃതിയിലൂടെ മേഞ്ഞു നടന്നു.
‘ഛെ..ഛെ..’
‘ എന്തായിത്.. ഞാൻ തന്നെയാണോ ഇതൊക്കെ ഓർത്തത്? നന്ദിനിക്ക് വലിയ ജാള്യത തോന്നി.
കല്യാണമുറച്ചെന്നു ജോൺസൺ നേരിട്ട് വിളിച്ചു പറഞ്ഞു.
‘ സാറിനു വഴിതെളിഞ്ഞു കിട്ടീലോ…’ നന്ദിനി പ്രതിവചിച്ചു.
‘ കിട്ടി… പക്ഷേ… ഉദ്ദേശിച്ച ആളെ കിട്ടെണ്ടേ?
‘ അങ്ങനൊരാളുണ്ടോ?’
‘ ഉണ്ടെങ്കിൽ… തയ്യാറാണോ?
‘ ഹേ… അത് ഞാനാണോ പറയേണ്ടത്? ആ ആളല്ലേ?’
‘ ആള്… ഇതാണെങ്കിലോ?’
‘ ഹെന്റെ… ഭഗവതീ…’
‘ഭഗവതിയല്ല… നന്ദിനി… അതാ ആള് ‘
നന്ദിനി ആകെ കോൾമയിർ കൊണ്ടു. ഫോണിലൂടെ ആയതിനാൽ മുഖം കാണിയ്ക്കാതെ രക്ഷപ്പെട്ടു. ഫോൺ വെക്കാൻ തോന്നിയില്ല. നിമിഷങ്ങൾ കഴിഞ്ഞു. ശരീരം ആലില പോലെ വിറയ്ക്കുന്നു. ഫോൺ കയ്യിൽ നിന്നും വീണു പോകുമോ എന്ന് ഭയപ്പെട്ടു. ചുമരിൽ ചേർന്നുനിന്ന് ഫോൺ കാതിൽ ചേർത്തു.
‘എന്താ… എന്ത് പറ്റി… നന്ദു… എന്ത് പറ്റി?
നന്ദിനി നിന്ന് വിറയ്ക്കുകയായിരുന്നു. ഒരക്ഷരം പുറത്തു വരുന്നില്ല.
‘ നന്ദു…അവിടില്ലേ? എന്താ മിണ്ടാത്തെ? ഞാൻ പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ വിട്ടേക്കു..’
‘ഞാൻ.. ഞാൻ…’നന്ദിനിക്ക് വാക്കുകൾ വിക്കി.
‘ എനിക്കിഷ്ടമാണ്. ഇയാൾക്കോ?… അത് അറിഞ്ഞാൽ മതി’
‘എനിക്ക്… എനിക്കിഷ്ടം ആണ് ‘
‘ഹേ… അങ്ങേ തലയ്ക്കൽ ആഹ്ലാദം അലതല്ലി. ഫോണിലൂടെയാണ് ആദ്യത്തെ ചുംബനം ഏറ്റു വാങ്ങിയത്. ആകെ വിറയ്ക്കുന്ന അവളുടെ ചെവിത്തടത്തിൽ ചുടുചുംബനങ്ങൾ വന്നു പതിച്ചുകൊണ്ടിരുന്നു. ഫോൺ കയ്യിൽ ഇരുന്ന വിറച്ചു. താഴെ വെക്കാനും പറ്റുന്നില്ല.
‘ ഒന്നിങ്ങു മടക്കി തരൂ…’
‘എനിക്ക്… എനിക്ക്… പേടിയാകുന്നു’
‘എന്തിന്.. ഫോണിൽ ചുംബിക്കാനോ?… അതോ എന്നെയോ?
മെല്ലെ മെല്ലെ ചുണ്ടുകൾ ഫോണിൽ ചേർത്തു. അതേ നിമിഷത്തിൽ വലിയൊരു സീൽക്കാരത്തോടെ ഒരു ശ്വാസധാര അധരങ്ങളെ തഴുകി കടന്നു പോയപോലെ.
ആദ്യത്തെ മധുര ചുംബനമേറ്റ് നന്ദിനിയുടെ പൂമേനി തരളിതമായി. കരിവണ്ടിന്റെ സ്പർശനമേറ്റ വെള്ളാമ്പൽ പോലെ അവളുടെ പൂമേനി ആന്തോളനം കൊണ്ടു.
‘മോളേ… വീട്ടിൽനിന്നാണോ?’ വേറോനിക്കാമ്മ
നന്ദിനി ഫോൺ താഴെ വെച്ചു.
‘എന്താ മോളെ മുഖം വല്ലാതെ?വീട്ടിൽ വല്ല വിശേഷം?
‘ഒന്നുല്യാ…വെറുതെ…’ വിറയ്ക്കുന്ന ശരീരം വലിച്ചു വലിച്ചു നടന്നു നന്ദിനി
മുറിയിൽ എത്തി. എന്തൊക്കെയാണ് നടന്നത്.
‘ എന്റെ ഭഗവതീ… ഞാൻ…. ഞാൻ….’
പരീക്ഷ ഉഴപ്പാതിരിക്കാൻ നന്ദിനി പാടുപെട്ടു. തന്റെ നിശ്ചയദാർഢ്യത്തിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതിരിക്കാൻ അങ്ങേ അറ്റം ശ്രമിക്കണം. ഒരു പ്രേമത്തിന്റെ പേരിൽ ബാലിശമായി സ്വയം ഹോമിക്കരുത്. നേടാനുള്ളതൊക്കെ നേടണം. അതിനു പ്രതിബന്ധങ്ങൾ ഒരുപാട് തരണം ചെയ്യേണ്ടി വന്നേക്കാം. സ്വന്തം കാലിൽ നിന്ന് യുദ്ധംചെയ്തു ജയിക്കേണ്ട അവസരങ്ങൾ ഇനിയും വർദ്ധിച്ചേക്കാം. ലോല ചിന്തകളിൽനിന്നും മനസ്സ് കടിഞ്ഞാണിട്ടു നിർത്തി നന്ദിനി. ഇനി പരീക്ഷ കഴിയുന്നതിനു മുൻപ് ജോൺസണെ കാണരുതേ അവൾ പ്രാർത്ഥിച്ചു. പ്രാർത്ഥന ദൈവം കേട്ടെന്നു തോന്നി. പിന്നീട് ഒരു ഫോൺ വിളി പോലും ഉണ്ടായില്ല. പരീക്ഷകൾ വളരെ നന്നായി തന്നെ എഴുതി തീർത്തു നന്ദിനി. പിറ്റേന്ന് ഹോസ്റ്റൽ വിടണം. ഇനി ഫലം അറിഞ്ഞിട്ടു പുതിയ വിഷയം തിരഞ്ഞെടുത്ത ശേഷം അപേക്ഷാഫോറവുമായി വന്നാൽ മതി. വൈകുന്നേരം ദിനേശന്റെ വിളി വന്നു. രാവിലെ വരാമെന്ന്. കൂടെ ജോൺസൺ ഉണ്ടാവല്ലേ എന്നും, ഉണ്ടാവണേ എന്നും മനസ്സിന്റെ സമനില തെറ്റിയ പോലെ നന്ദിനി ചിന്തിച്ചു പോയി. ഒന്ന് കാണാൻ ഒരു കൊതി, കാണുന്നതിന്റെ വൈക്ലബ്യം എല്ലാം അവളിൽ സംഘർഷം ഉണ്ടാക്കി. പെട്ടികൾ ഒക്കെ ഓതുക്കുമ്പോഴും ഈ ഒരവസരം എങ്ങനെ നേരിടണമെന്നവൾ വേപഥുപൂണ്ടു. കാണാനൊരു കൊതി, കാണാതിരിക്കാനൊരു തത്രപ്പാട്.
രാവിലെ വന്നപ്പോൾ ദിനേശൻ ഒറ്റയ്ക്കായിരുന്നു. കല്യാണ തിരക്കാണല്ലോ വീട്ടിൽ. സഹോദരിയുടെ വിവാഹത്തിന്റെ ഉത്തരവാദിത്വമായി ജോൺസൺ വീട്ടിൽ പോയിരുന്നു. കല്യാണം ക്ഷണിക്കാൻ ചിലപ്പോൾ വീട്ടിൽ നേരിട്ട് വന്നേക്കും. നന്ദിനിക്ക് തല്ക്കാലം ഒരാശ്വാസമാണ് തോന്നിയത്.
എങ്ങനെ ആ മുഖത്ത് നോക്കും അവൾ മനസ്സിൽ ഓർത്തു. ആ മനസ്സു വായിച്ച പോലെ ദിനേശൻ ഗൂഢമായൊരു മന്ദസ്മിതം തൂകി. വണ്ടിയിൽ ഇരുന്നപ്പോൾ പഴയ നന്ദിനിയിലെ മാറ്റം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വഴിയിലെ പുല്ലിലും പുഷ്പത്തിലുംപോലും കവിത കാണുന്ന അവളുടെ വാഗ്‌ധോരണി അന്ന് മൂകമായിരുന്നു.
‘ പരീക്ഷയെ പറ്റി ഒന്നും പറഞ്ഞില്ല?
ദിനേശന്റെ ചോദ്യം കേട്ടു നന്ദിനി സത്യത്തിൽ ഞെട്ടി. കാറിനകത്തിരുന്നു നന്ദിനി വിയർക്കുന്നുണ്ടായിരുന്നു. പുറത്തും അകത്തും ഒരേ ചൂട്.
‘ നന്നായി എഴുതിയിട്ടുണ്ട്.’
‘ റാങ്ക് പ്രതീക്ഷിക്കാമോ? ദിനേശൻ.
‘ പോ… ദിനേശേട്ടാ… അത്രയ്‌ക്കൊന്നും കളിയാക്കേണ്ട…’
‘ ഞാൻ കളിയാക്കിയതല്ല… എന്റെ പ്രതീക്ഷയാണ്.’
നന്ദിനി ഒന്നും പറഞ്ഞില്ല. അത്ര നന്നായി എഴുതിയോ എന്ന് അവൾക്കും സംശയമാണ്. കോളേജിൽ ചേരാൻ വന്നപ്പോൾ പ്രിൻസിപ്പാളും മറ്റും പറഞ്ഞത് അത് തന്നെയാണ്. ഭഗവതി കാവിന്റെ അടുത്ത കൂടെ കടന്നു പോയപ്പോൾ നന്ദിനി പ്രാർതഥിച്ചു.’ദേവി… ചതിക്കല്ലേ… രകഷിക്കണേ.’
വീട്ടിൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അമ്മൂമ്മയും ഉണ്ടായിരുന്നു. നന്ദിനിയും ദിനേശനും ഒന്നിച്ചു കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അമ്മൂമ്മയുടെ
കണ്ണ് നിറഞ്ഞു. പണിക്കാർക്കൊപ്പം നന്ദിനിയുടെ ചെറിയ പെട്ടി കയ്യിലെടുത്തു ദിനേശൻ ഉമ്മറത്ത് കടന്നപ്പോൾ എല്ലാവരുടെയും ഉള്ളിലും വരാൻ പോകുന്ന ഒരു മംഗളമുഹൂർത്തം നിഴൽ വീശി നിന്നിരുന്നു. അതിന്റെ കതിരൊളി എല്ലാ മുഖത്തും തെളിഞ്ഞു കത്തി നിന്നു.
മുറിയിൽ കയറുമ്പോൾ ഒരു പുതിയ വ്യക്തി കടന്നു വന്ന പോലെ, അവിടുത്തെ നിശ്ശബ്ദത നന്ദിനിയെ തുറിച്ചു നോക്കി. ഒന്നും കയ്യിൽ പുതിയതായി ഇല്ല. എല്ലാ ഘനവും ഹൃദയത്തിൽ തൂങ്ങി നിൽക്കുന്നു. നിശബ്ദതയെ കീറി മുറിക്കാൻ നാരായണി ഓടി എത്തി. നന്ദിനിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു.
‘ നന്ദിനി ചേച്ചി വല്ലാതെ ക്ഷീണിച്ചു പോയി.’
നന്ദിനി പുഞ്ചിരിച്ചതേ ഉള്ളൂ. അലമാരയിൽ ഉറപ്പിച്ച് നിലക്കണ്ണാടിയിൽ നോക്കിയപ്പോൾ കൺതടത്തിൽ അല്പം കറുപ്പ് പടർന്നപോലെ തോന്നി. നാരായണി ഇലപ്പൊതി തുറന്നു നീട്ടിയ ദേവി പ്രസാദം വായിലിട്ടു അവൾ പുഞ്ചിരിച്ചു.
‘ ഞാൻ ഇറങ്ങാ…. ട്ടോ…’
അമ്മുമ്മയുടെ കൂടെ അകത്തു കടന്നു വന്നു ദിനേശൻ. മുറിയാകെ വിസ്തരിച്ചൊന്നു കണ്ണോടിച്ചു.
‘പിന്നെ വരാം… നന്ദിനീ…’
‘നിൽക്ക് മോനേ… എന്താ ഇത്ര ധൃതി? ഇവിടിരിക്കൂ ‘
അമ്മൂമ്മ നന്ദിനിയുടെ കട്ടിലിൽ വിരിച്ചിട്ട മെത്ത ചൂണ്ടി പറഞ്ഞു. ഒരു നറു നിലാവ് പോലെ മുത്തശ്ശിയുടെ മുഖം വികസിച്ചിരുന്നു. വരാൻ പോകുന്ന സുന്ദര ദിനങ്ങൾ മുത്തശ്ശി സ്വപ്നം കാണുകയായിരിക്കാം.
‘ പോട്ടെ… മുത്തശ്ശി… അമ്മ കാത്തിരിക്കും.’
ദിനേശൻ മുറി വിട്ടിറങ്ങി.
‘ ഞാൻ പിന്നെ വരാം… ട്ടോ…’ ഇറങ്ങുമ്പോൾ അയാൾ നന്ദിനിയുടെ നേരെ നോക്കി പറഞ്ഞു. കയ്യിൽ പായസം നിറച്ച ഗ്ലാസ്സുമായി അമ്മുക്കുട്ടിയമ്മ കടന്നു വന്നു.
‘ ഇത് വാങ്ങൂ… മോനേ… നെയ്പ്പായസ്സമാ…’
ദിനേശൻ ചിരിച്ചു. അമ്മായി കൊണ്ടുവന്ന നെയ്പ്പായസ്സം വാങ്ങി ചുണ്ടോടു ചേർത്തു.
‘ ഇത്ര ധൃതി എന്തിനാ…?’ വൈദ്യരും കടന്നു വന്നു. ആതിഥ്യ മര്യാദ എല്ലാവരിലും നിറഞ്ഞു നിന്നു.
‘ പിന്നെ വരാലോ…’
ദിനേശൻ കാറിൽ കയറി. കൈ വീശി. അകത്തു നിന്നും ഓടി വന്നു നന്ദിനിയും കൈ വീശി. തന്റെ കൂടെ പിറക്കാത്ത സഹോദരൻ ആ വാക്കുകൾ തികഞ്ഞ അർത്ഥത്തിൽ ദിനേശൻ സ്വീകരിച്ചിരിക്കുന്നു. എന്നും തുണയും ആശ്വാസവും തന്നു തന്നെ സംരക്ഷിക്കുന്നു.
‘ ജോൺസൺ സാർ എന്തെങ്കിലും പറഞ്ഞിരിക്കുമോ?’ നന്ദിനി ഓർത്തു. പറഞ്ഞിരിക്കില്ല. അതെങ്ങാനും ദിനേശേട്ടൻ അറിഞ്ഞാലത്തെ പ്രതികരണമെന്തായിരിക്കും? നന്ദിനിക്ക് വീണ്ടും ഹൃദയമിടിപ്പ് കൂടി. എന്തായാലും ആരും നല്ല മനസ്സോടെ സ്വീകരിക്കാത്ത ഒരു കാര്യം. ഓർക്കുമ്പോൾ കാലിലൂടെ ഒരു വിറയൽ ഓടി നടക്കുന്നു. എല്ലാവരും അറിയുമ്പോഴത്തെ ഒരു അവസ്ഥ… അതെങ്ങനെ
നേരിടും? ദിനേശന്റെ സഹായം പ്രതീക്ഷിക്കാമോ? ഓർക്കുമ്പോൾ ഭയം ഇരച്ചുകയറുന്നു. എന്നിട്ടും ജോൺസൺ സാറിന് ഇങ്ങനെ ഹൃദയത്തിൽ ഒളിച്ചിരുന്ന് ചിരിക്കാൻ കഴിയുന്നല്ലോ. നന്ദിനി തോർത്ത് എടുത്തു കുളിമുറിയിൽ കയറി. കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു. പെട്ടെന്ന് ചെവിക്കരികിൽ ഒരു ചുടു നിശ്വാസം പതിക്കുന്ന പോലെ. ശരീരം മുഴുവൻ രോമങ്ങൾ എഴുന്നുനിൽക്കുന്നു. എന്തൊരു മാസ്മരികതയാണാ സ്വരത്തിന്!
‘ ആള് ഇതാണെങ്കിലോ?
‘ എന്റെ ഭഗവതീ…’
‘ ഭഗവതി അല്ല… നന്ദിനി… അതാ ആള്…’
നന്ദിനി നിന്ന് വിയർത്തു. കുളിമുറിയിലെ ഏകാന്തതയിൽ ജോൺസൺ ഒളിച്ചുനിൽക്കുന്നോ? നന്ദിനി വാതിലിന്റെ കുറ്റി ഒന്ന് കൂടെ പിടിച്ച് ഉയർത്തി. ശരീരം വിറപൂണ്ട പൂക്കുല തുള്ളുന്നു. തണുത്ത വെള്ളം ഒഴുകി ഇറങ്ങുമ്പോൾ ഒരു ഘനമുള്ള കൈ കഴുകുന്ന പോലെ. നനവിനെ കുളിരേറ്റു കണ്ണുകൾ അടഞ്ഞു പോകുമ്പോൾ, ഒരു പായുന്ന വാഹനത്തിന്റെ സീറ്റിൽ തളിർ മേനി കുഴഞ്ഞു കിടന്ന നിമിഷങ്ങൾ! ബലിഷ്ഠമായ കൈകൾ താങ്ങി നെഞ്ചോടു ചേർത്ത് മൂർദ്ധ്യാവിൽ ചുംബിക്കുന്ന പോലെ. മഴക്കൈകൾ പോലെ ഒരു ശക്തി ചിറകുകൊണ്ട് പൊതിയുന്നുവോ? ചുടുനിശ്വാസം കവിളിൽ മുട്ടിരസിക്കുന്നുവോ?
‘ ഇതാണോ പ്രേമം ഇതാണോ തന്നെ കീഴ്‌പ്പെടുത്തുന്നത്! എന്തൊരു മാസ്മരികത… എന്തൊരു ആലസ്യം!’
സമയം എത്രയായെന്ന് അറിയില്ല. സുഖദമായോരാലസ്യത്തിൽ നന്ദിനി മുങ്ങി നിവർന്നു. മണിക്കൂറുകൾ തന്നെ ജല കരങ്ങൾ അവളെ വാരി പുൽകി!. സുഖകരമായ മുഴങ്ങുന്ന സ്വരം കാതിൽ തങ്ങിനിന്നു.
‘ ആളിതാണെങ്കിലോ… ഇതാണെങ്കിലോ?
‘എന്റെ… എന്റെ… എന്റെ…’
‘പറയൂ… എന്റെ…’
‘എന്റെ… എന്റെ…’
‘ഉം… ഉം… മുഴുവൻ പറയൂ..’
‘എന്റെ… ജോൺസൺ സാർ ‘
‘അല്ല… അല്ല… ജോൺസൺ ഏട്ടൻ…’
‘ ഹെ… ഹെന്റെ… ജോൺസേട്ടാ!…’
ബലിഷ്ടമായ കരങ്ങൾ അവളെ ഇറുകെ പുണർന്നു. ചിരപരിചിതം പോലെ ചുടുനിശ്വാസം കവിളിൽ ഒഴുകി തഴുകി. കാതോരം നനഞ്ഞു കുതിർന്നു, ആലിംഗനത്തിൽ അമർന്നു ശ്വാസം മുട്ടുന്ന പോലെ തോന്നി. നന്ദിനി നിന്ന് കിതച്ചു. വികാര വിവശയായി…
വാതിലിൽ ശക്തിയായ മുട്ട് കേട്ട് അവൾ ഞെട്ടിപ്പോയി.
‘ ഇതെന്തു കുളിയാ… നന്ദിനി ചേച്ചി’ വാതിലിനു മുന്നിൽ നാരായണി.
‘ കുളിമുറീന്നു ഇറങ്ങണില്യെ?..’
‘ആ… പരീക്ഷ ചൂടൊക്കെ ഒന്ന് കഴുകി കളഞ്ഞതാ..’
‘ ചേച്ചിയെ അച്ഛൻ ഉമ്മറത്തേക്ക് വിളിക്കുന്നു.’
‘എന്തേ വിശേഷിച്ച്?’
‘നിക്ക് അറിയില്ല… ആരോ ഒന്ന് രണ്ടു പേർ വന്നിട്ടുണ്ട് ‘
‘ആരാ?.. നിനക്കറിയില്ലേ…?
‘കണ്ടിട്ട്… ചേച്ചിക്കൊരു കല്യാണാലോചനയാണെന്നാ തോന്നുന്നേ.’
‘കല്യാണമോ?… എനിക്കോ?’
‘ പിന്നല്ലാതെ, ചേച്ചിയല്ലേ എന്റെ വഴി മുടക്കി.’
‘എടീ… എടീ….’
നാരായണി ഓടി കളഞ്ഞു. പെണ്ണിന്റെ ഒരു നാക്ക്. മുറിയിൽ ചെന്ന് വസ്ത്രം മാറി മുടിയൊന്നു ചീക്കിയിട്ടു കവിൾ നന്നായി തുടച്ചു. ആകെ മരവിച്ചിരിക്കുന്നു. എത്രനേരം ആണ് വെള്ളം ഒഴുകി വീണത്. കുറച്ചു പൗഡർ എടുത്തിട്ടു. ഒരു ചുവന്ന പൊട്ടും കുത്തി. ഭഗവതീടെ കുങ്കുമമാണ്ണ്.
നല്ല മണം!അതിന്റെ തേജസ് അറിയാതെ കവിളിലും അരുണിമ പരത്തി. ദാവണി എടുത്തു ചുറ്റി വേഗം പുറത്തിറങ്ങി.
‘ആരാണാവോ വന്നിരിക്കുന്നത്? കല്ല്യാണക്കാരാവാതിരുന്നാൽ മതിയായിരുന്നു.’
പൂമുഖത്ത് സംസാരം കേൾക്കുന്നുണ്ട്. അമ്മ അവിടെ ആയിരിക്കുമോ? ഇവിടെ ഒന്നും കാണുന്നില്ലല്ലോ. നന്ദിനി വേഗം പൂമുഖത്തേക്ക് നടന്നു. അച്ഛന് ദേഷ്യം വന്നുകാണും. വാതിൽക്കൽനിന്നും ഒന്ന് എത്തി നോക്കി. സുന്ദരിയായ ഒരു മധ്യവയസ്‌ക!ആരാണ് ഇവർ? നല്ല കുലീനത്വമുള്ള മുഖം, മുൻപ് കണ്ട ഒരു പരിചയവുമില്ല… ആരാണാവോ? നന്ദിനി നേരെ അച്ഛൻ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു. അമ്മയും ഉണ്ട് അച്ഛന്റെ പിറകിൽ. മുന്നിലെ മേശയിൽ ചായക്കപ്പുകൾ ഇരിക്കുന്നു. കായവറുത്തതും മുറുക്കുമൊക്കെ പാത്രങ്ങളിൽ ഉണ്ട്. ഒരു നിമിഷം വാതിലിൽ മറഞ്ഞു നിന്ന് പരിസരം നിരീക്ഷിക്കാമെന്നു കരുതി. പക്ഷേ കാലൊച്ച അമ്മ തിരിച്ചറിഞ്ഞിരിക്കുന്നു.
‘ നന്ദിനീ… മോള് വന്നൂല്ലോ’
നന്ദിനി മുഖം ഉയർത്തി നോക്കി. സുസ്‌മേരവദനനായി ജോൺസൺ! അടിമുടി വിറച്ചു നന്ദിനി.’ സ്വപ്നമോ! മിഥ്യയോ’
‘ മോളെ, സാറും… അമ്മയും കല്യാണം ക്ഷണിക്കാൻ വന്നിരിക്കുകയാ…’
ശരീരം ആലില പോലെ വിറയ്ക്കുന്നെ ന്നു തോന്നി നന്ദിനിക്ക്. ആ മുഖത്ത് നോക്കാൻ ഒരു ശക്തി കുറവ്. അദ്ദേഹത്തിന്റെ അമ്മ അടുത്ത് വന്നു.
‘ മോളെ, വിവരം ഒക്കെ ഇവൻ പറഞ്ഞിരുന്നു.’
നന്ദിനി ഒന്ന് കൂടെ ഞെട്ടി. ഇതിനകം അദ്ദേഹം എല്ലാവരോടും ഈ രഹസ്യം പറഞ്ഞുവോ? വിറയൽ ഒന്നുകൂടെ കൂടി. കസേര കൈയിൽ താങ്ങായി പിടിച്ചു നന്ദിനി.
‘ ആ സമയത്ത്, കർത്താവ് ഇവനെ അവിടെ എത്തിച്ചത്. ഈ പൊന്നിൻ കുടത്തിനെ രക്ഷിയ്ക്കാൻ മാലാഖയെ അയച്ചിരിക്കും ദൈവം.’
ആ അമ്മ ഓടി വന്നു ആശ്ലേഷിച്ചു. അമ്മയുടെ കൈപ്പുറത്തു കൂടി നന്ദിനി കണ്ടു… പരൽമീൻ പിടിക്കുന്ന രണ്ടു കണ്ണുകൾ!
‘ ജോൺസൺ സാർ…’ ചുണ്ടുകൾ വിറച്ചു.
About The Author
No related posts.