കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും – മേരി അലക്‌സ് (മണിയ) – അദ്ധ്യായം 3

Facebook
Twitter
WhatsApp
Email

(യാത്രാ വിവരണം തുടരുന്നു…)

കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും

മേരി അലക്‌സ് (മണിയ)

പ്രഭാതത്തിൽ ആറുമണിക്ക് എല്ലാ റൂമുകളിലേക്കും വേക്ക് അപ്പ് കോൾ വന്നു. നാട്ടിലെ സമയം അപ്പോൾ 8.30 ആയിരുന്നത് കൊണ്ട് പലരും എഴുന്നേറ്റ് അടുത്ത മുറികളിലെ ആൾക്കാരെയും ഉണർത്തി പ്രഭാതകൃത്യങ്ങൾ നടത്തി ഒരുങ്ങിത്തന്നെ ഇരിക്കുകയായിരുന്നു. രാവിലത്തെ ആഹാരത്തിനുള്ള വിശപ്പും തോന്നിത്തുടങ്ങിയിരുന്നു. ലഗേജുകളുമായി ലിഫ്റ്റിലൂടെ അഞ്ചാം നിലയിൽ നിന്ന് താഴേക്കെത്തി, ഓരോ ഗ്രൂപ്പിന്റേയും ലഗേജുകൾ വേറെ വേറെ സ്ഥലത്ത് ക്രമീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സ്ലീബാ അച്ചനും മറ്റ് അച്ചന്മാരും കാത്തുനിന്നിരുന്നു. തിരുവനന്തപുരം ഗ്രൂപ്പിനോടൊപ്പവും ഒരു അച്ചനും ബസ്‌ക്യാമ്മയും ഉണ്ടായിരുന്നു. പിന്നീടറിഞ്ഞു സ്ലീബാ അച്ചന്റെയും അമ്മായി ഒപ്പമുണ്ടെന്ന്. ഗ്രൂപ്പുകൾ വേറെ ആയിരുന്നത് കൊണ്ടും ബസ്സുകൾ വേറെ ആയിരുന്നത് കൊണ്ടും പരിചയപ്പെടാൻ അവസരം കിട്ടിയില്ലെന്ന് മാത്രം. ഒരു പക്ഷേ സ്ലീബാ അച്ചന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം എല്ലാവരും അങ്ങനെ വരാനിടയായതും.

ലഞ്ചും ഡിന്നറും പോലെതന്നെ ബ്രേക്ക്ഫാസ്റ്റും. കാപ്പി വേണ്ടവർക്ക് കാപ്പി, ചായ വേണ്ടവർക്ക് ചായ, പാൽ വേറെ പഞ്ചസാര വേറെ ഷുഗറുകാർക്കും വണ്ണം കുറയ്ക്കാനാഗ്രഹി ക്കുന്നവർക്കും പഞ്ചസാരക്കുള്ള സബ്സ്റ്റിറ്റുട്ട്. കാപ്പി, ചായ വെച്ചിരിക്കുന്നിടത്തു അതിനുള്ള കപ്പുകളും, സോസറുകളും മറ്റൊരിടത്ത് പ്ലേറ്റുകൾ ഒപ്പം പലതരത്തിലും വലിപ്പത്തിലുമുള്ള റൊട്ടികൾ, ഡെക്കറേറ്റ് ചെയ്ത കേക്കുകളും അല്ലാത്ത വയും, റൊട്ടിയിൽ പുരട്ടാൻ തേൻ, പല ഫ്‌ളേവറുകളിലുള്ള ജാം, മുട്ട പുഴുങ്ങി പൊളിച്ചു മുറിച്ചു വെച്ചതും, പൊളിക്കാതെ മുഴുവനായി വച്ചതും,മുട്ടയുടെ വെള്ള മാത്രം അടിച്ചു പതപ്പിച്ച് പാതി വേവിൽ വെന്തെടുത്തത്, ഉണ്ണി മാത്രം തക്കാളി ചേർത്ത് അങ്ങനെ വിവരിച്ചാൽ തീരാത്ത വിധം വിഭവങ്ങൾ. ഇലത്തരങ്ങളും പഴവർഗ്ഗങ്ങളും മറ്റൊരിടത്ത്, ഫ്രൂട്ട് സാലഡുകൾ. ഇതൊന്നും വേണ്ടാത്തവർക്ക് സീൽഡ് പാക്കിൽ പലവിധത്തിലുള്ള പാൽ, റോസ് മിൽക്ക് ബനാന മിൽക്ക് തുടങ്ങി പലതും. ചിലരെങ്കിലും ഓർത്തു കാണും ഇതെല്ലാം കഴിക്കാൻ ഒരു വയറു കൂടി ഉണ്ടായിരുന്നെങ്കിലെന്ന്. എല്ലാറ്റിന്റേയും പേരുകളും രുചിയും അറിയില്ലെങ്കിലും അല്പാൽപ്പം എടുത്ത് കഴിച്ചപ്പോൾ വയർ നിറയുക തന്നെ ചെയ്തു.

ഒരു കുടുംബത്തിലെന്ന വിധം പരസ്പരം സഹായിച്ച് ആഹാരത്തിന്റെ തര ഭേദങ്ങൾ മാറ്റുരച്ച് കഴിച്ചു കൊണ്ടിരുന്നപ്പോൾ ബസ്സ് വന്ന് നിൽക്കുന്നതായി അറിയിച്ചു. ആ സമയം മുതൽ രണ്ട് വണ്ടികളാണെന്നും ഇപ്പോൾ കയറുന്ന ബസ്സിൽ മുന്നോട്ടുള്ള ദിവസങ്ങളിലും, എല്ലാ യാത്രയിലും ഇറങ്ങിക്കയറുമ്പോൾ നമ്പർ നോക്കി കയറണമെന്നും നിർദ്ദേശിച്ച് ഞങ്ങളെ ബസ്സിനടുത്തേക്ക് നയിച്ചു. ഞങ്ങളുടേത് രണ്ടാം നമ്പർ ബസ്സായിരുന്നു. ഒന്നാം നമ്പറിൽ തിരുവനന്തപുരത്തു നിന്നും വന്ന ഗ്രൂപ്പുകാരായിരുന്നു. ലഗേജുകൾ കയറ്റി ഞങ്ങളും ബസ്സിൽ കയറി. എല്ലാവരും കയറിയെന്നുറപ്പു വരുത്തി പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. യേശുവിന്റെ ബാല്യകാലം കഴിച്ചു കൂട്ടിയ നസറേത്തിലേക്കുള്ള യാത്ര.

ഒന്നാം നമ്പർ ബസ്സുകാർ തലേന്ന് ഞങ്ങൾ കണ്ട മൗണ്ട് നെബോയിലെക്കാണു പോയത്. അവർ തിരുവനന്തപുരത്തു നിന്ന് ദുബായ് വഴിയാണ് അമ്മാനിൽ എത്തിയത്. അവരുടെ വിമാനത്തിന്റെ സമയ ക്രമീകരണം അങ്ങനെയായിരുന്നതുകൊണ്ട് അമ്മാനിലെത്തിയ അന്നുതന്നെ അങ്ങോട്ടു പോകുവാനുള്ള സമയം കിട്ടിയിരുന്നില്ല. ഇരുകൂട്ടരും ജോർദ്ദാന്റെ ബോർഡറിൽ ഒരുമിച്ചുകൂടി യിസ്രായേലിലേക്ക് കടക്കാം എന്നായിരുന്നു തീരുമാനം. ബസ്സ് അമാക്കൻ ഹോട്ടലിന്റെ  കോർട്ട്‌യാർഡ് വിട്ടു മുന്നോട്ടു നീങ്ങി. പട്ടണം കഴിഞ്ഞാൽ ഇരുവശവും തരിശു ഭൂമിയാണ്. ചുരുക്കം ചില ഭാഗങ്ങളിൽ ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നതായി കാണാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ കാട്ടുമരങ്ങളാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ മഞ്ഞനിറത്തിൽ ചെറു പൂക്കൾ നിറഞ്ഞു നിന്ന കുറ്റിച്ചെടികളായിരുന്നു. വാളൻ പുളിക്ക് തുല്യമായ മരങ്ങൾ വഴിയരികിൽ പലയിടങ്ങളിലും കാണാമായിരുന്നു.

ചെറിയ ചെറിയ ഗ്രാമപ്രദേശങ്ങളിൽ കൂടി ബസ്സ് കടന്നു പോയി, ഒട്ടുമിക്ക കെട്ടിടങ്ങളുടെയും ബോർഡുകൾ അറബി ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്. ചുരുക്കം ചിലതിൽ ഇംഗ്ലീഷും കാണാൻ കഴിഞ്ഞു. ഈന്തപ്പന, ഒലിവ്, മുന്തിരി, ഗോതമ്പ്, യവം, ചോളം ഇവയൊക്കെയാണ് പലയിടങ്ങളിലും കൃഷി ചെയ്യപ്പെട്ടിരുന്നത്. കപ്‌ള മരങ്ങൾ, കടുക്കൻ ചെടികൾ, വാക, ബൊഗൈൻ വില്ല ഇവയൊക്കെ ചുരുക്കം ചിലയിടങ്ങളിൽ കാണപ്പെട്ടു. അവയൊക്കെ കേരളത്തിൽ നിന്നോ മറ്റു പലയിടങ്ങളിൽ നിന്നോ കൊണ്ടുവന്നത് നട്ടു പിടിപ്പിച്ചതായിരിക്കാനാണ് സാധ്യത. കാരണം വളരെ വിരളമായേ അവ കണ്ടിരുന്നുള്ളൂ. തക്കാളി, ഉരുളക്കിഴങ്ങ്, കാബേജ്, കാപ്‌സികം ഇവ വെയിലിനെ തടഞ്ഞു നിർത്താൻ ഷെഡ്ഡ് കെട്ടി കൃഷി ചെയ്തിരുന്നു. നനക്കാനായി പലയിടങ്ങളിലും ഡ്രിഫ്റ്റ് ഇറിഗേഷനായോ ഓസ്സുഘടിപ്പിച്ച പൈപ്പുകളിട്ടോ ക്രമീകരിച്ചിരുന്നു. വഴിയരികിൽ പലയിടങ്ങളിലും പല വിധത്തിലുള്ള കള്ളിമുൾ ചെടികൾ പലതരം പൂക്കളുമായി കാണപ്പെട്ടു.

സ്ലീബാ കാട്ടുമങ്ങാട്ടച്ചൻ രണ്ടാം നമ്പർ ബസ്സിലായിരുന്നു കയറിയത്. തലേന്നു വരെ ഒന്നാം നമ്പർ ബസ്സുകാരോടൊപ്പമായിരുന്നതുകൊണ്ടാവാം, അല്ലെങ്കിൽ ഞങ്ങൾക്ക്  ഗൈഡൻസ് തരാനുമാകാം. അച്ചന്റെ നിർദ്ദേശപ്രകാരം ഓരോരുത്തരും എഴുന്നേറ്റ് ചെന്ന് മൈക്കിലൂടെ സ്വയം പരിചയപ്പെടുത്താനും കൂടെ ആരൊക്കെയുണ്ടെന്ന് അറിയിക്കാനും പറഞ്ഞു. ഓർമ്മയിൽ തങ്ങി നിൽക്കുന്ന വ്യക്തിത്വങ്ങൾ പലതും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. സിസ്റ്റർ അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ശ്രീ വർഗീസായിരുന്നു അതിൽ മുഖ്യൻ. അദ്ദേഹത്തിന്റെ കേസന്വേഷണവും അതിന് അദ്ദേഹം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ഡോക്ടറായ ഭാര്യയും. ചിരവത്തറ അച്ചന്റെ അനുജൻ ശ്രീ. ഈപ്പൻ നല്ലൊരു ഗായകൻ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ റിങ്കുവും റിങ്കുവിന്റെ അമ്മയും അമ്മയുടെ അനുജത്തിയും ഉണ്ടായിരുന്നു. എല്ലാ യാത്രാ ദിനങ്ങളിലും ശ്രീ ഈപ്പൻ ഒന്നോ രണ്ടോ പാട്ടുകൾ പാടാനാവശ്യപ്പെടുന്നതിനനുസരിച്ച് പാടി ഞങ്ങളെ ധന്യമാക്കി. ഞങ്ങളുടെ മരുമകൻ കൂടിയായ ശ്രീ ജെയിംസ് ഉമ്മൻ വേങ്കടത്ത് ക്രിസ്തീയ ഗാനങ്ങളും മാർഗ്ഗം കളിയുടെ പാട്ടുകളും പാടി യാത്രാ വേളകൾ സരസമാക്കി. അദ്ദേഹത്തോടൊപ്പം ഭാര്യ ഷേർലിയും അദ്ദേഹത്തിന്റെ സഹോദരി ശാന്തമ്മയും ഉണ്ടായിരുന്നു. ജെയിംസിന്റെ പുത്രനായ എൽദോ ജെയിംസ് ആയിരുന്നു സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. വാചാലത കൊണ്ടും സമീപന രീതികൊണ്ടും എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറിയ പതിമൂന്ന് വയസ്സുകാരൻ. ഗൈഡിനോടൊത്ത് ബസ്സിലിരുന്നും ഒപ്പം നടന്നും അവനും ഒരു കൊച്ചു ഗൈഡായി ഞങ്ങളെ നയിച്ചു. ഞങ്ങൾ അവനെയും. മറ്റു പലരും ഒറ്റക്കും കൂട്ടുകൂടിയും വന്നിരുന്നു. രണ്ടു സഹോദരിമാർ, ഒരു അമ്മയും മകളും, എഴുപത് വയസ്സിനുമേൽ പ്രായമുള്ള ചങ്ങനാശ്ശേരിക്കാരിയായ ഒരു ടീച്ചർ, ആലുവ എഫ് എ സീ റ്റി യിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ പേര് സ്വയം പരിചയപ്പെടുത്തിയത് മാണി എന്ന് വിളിക്കുന്ന ഇമ്മാനുവേൽ എന്നാണ്. കത്തോലിക്കാ സഭയിലെ അംഗമായിരുന്നു അദ്ദേഹം നൊവേനക്ക് ചൊല്ലാറുള്ള പ്രാർത്ഥനാഗാനങ്ങൾ പാടി എല്ലാവരുടെയും ഹൃദയം കവർന്നു. ഭാര്യ പാചകം ചെയ്ത് പായ്ക്ക് ചെയ്ത് ഏൽപ്പിച്ച മധുര പലഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തപ്പോൾ കടകളിൽ നിന്നും വാങ്ങി പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഞാൻ ഉൾപ്പെടെ സ്ത്രീകൾ തികച്ചും ലജ്ജിച്ചു പോയി എന്ന് തന്നെ പറയാം. പിന്നെയുമുണ്ടായിരുന്നു പലരും, മണർകാട് മെഡിക്കൽ ഷോപ്പ് ഉടമയും ഭാര്യയും, കിഴക്കേടത്ത് കോറപ്പീസ്‌കോപ്പ അച്ചന്റെ പെങ്ങൾ ശ്രീമതി അന്നമ്മ കിഴക്കേടത്ത് അങ്ങനെ…

മേൽപ്പറഞ്ഞവരുടെ കൂട്ടത്തിൽ പറയാൻ വിട്ടു പോയ ഒരാൾ എന്റെ ഭർത്താവായിരുന്നു, ബസ്സിലുണ്ടായിരുന്ന ഏവരുടെയും മനസ്സിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി. വഴി തെറ്റിപ്പോകുന്ന കുട്ടികളെ നേർവഴിക്ക് കൊണ്ടുവരുന്ന സ്ഥാപനമായ ജുവൈനൽ ഹോമിന്റെ സൂപ്രണ്ടായിരുന്ന അദ്ദേഹത്തിന് ഔദ്യോഗിക ജീവിതത്തിലെ പല അനുഭവങ്ങളും വിവരിക്കാൻ ഉണ്ടായിരുന്നു. റിട്ടയർമെന്റിനു ശേഷം അദ്ദേഹം കുടുംബയോഗങ്ങളിലും, പള്ളികളിലും, ഭവനങ്ങളിലും, പ്രാർത്ഥനായോഗങ്ങളിലും നല്ല ഒരു വാഗ്മി ആയി മാറിക്കഴിഞ്ഞിരുന്നു. അനുഭവ കഥകളും ബൈബിൾ വചനങ്ങളും കോർത്തിണക്കി അനുവാചകരെ ആ തലത്തിലേക്ക് ആഴ്ന്നിറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പല അവസരങ്ങളിലും സമയം തികഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഏക പരാതി. അദ്ദേഹം പറഞ്ഞ കുഞ്ഞുമോന്റേയും കുഞ്ഞുമോളുടെയും കഥ എല്ലാവരുടെയും കരളലിയിപ്പിച്ചു. കള്ളുകുടിക്കാൻ പണം കൊടുക്കാത്തതിന് അമ്മയെ തൊഴിച്ചു കൊല്ലുന്നത് കണ്ടു നിന്ന മക്കൾ, ഏറ്റെടുക്കാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ജുവൈനൽ ഹോമിൽ വളരേണ്ടി വന്ന ആ കൊച്ചു കുട്ടികളുടെ അച്ഛനോടുള്ള വൈരാഗ്യം, വളർന്നുവരുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ആരുമാകേണ്ട എനിക്ക് എന്റെ അച്ഛനെ കൊന്നാൽ മതി എന്ന അവന്റെ മറുപടി, ഹൃദയം കഠിനപ്പെട്ടുപോയ ആ കുട്ടിയുടെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങിയ സമ്മാനം-ഒരു ഉമ്മ-അതായിരുന്നു അദ്ദേഹം പറഞ്ഞ കഥയുടെ പൊരുൾ. പ്രസംഗവേദികൾ പങ്കിടുന്നതിനോടൊപ്പം പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായും വർത്തിക്കുന്നു.

കഥയും കാര്യങ്ങളും കലാപരിപാടികളും ബസ്സിനുള്ളിൽ തകൃതിയായി നടക്കുമ്പോൾ റോയൽ ഒമാനിയായുടെ ചുവന്ന തൊപ്പി, സ്ലീബാ അച്ചൻ ഞങ്ങൾക്ക് വിതരണം ചെയ്തു. ബസ്സിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ തൊപ്പി ധരിക്കണമെന്നും കൂട്ടം വിട്ടു പോകാതിരിക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണാടി ചില്ലുകൾക്കിടയിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു പലരും. ഓറഞ്ച് തോട്ടങ്ങളും, യൂക്കാലിപ്‌സ് മരങ്ങളും, ഇല്ലിയോ, ഈറ്റയോ പോലെ തഴച്ചു വളർന്നു നിൽക്കുന്ന കൂട്ടങ്ങളും പലയിടത്തും കാണാമായിരുന്നു. കൂട്ടം കൂട്ടമായി ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നത് കാണപ്പെട്ടു. ആ തരിശു ഭൂമിയിൽ ആടുകൾ എന്തു തിന്നും എന്ന് സംശയിക്കാമെങ്കിലും അവയ്ക്കിടയിലുണ്ടായിരുന്ന ചെറിയ ചെറിയ പച്ചപ്പുകൾ (ബുഷസ്) അവയ്ക്ക് സമൃദ്ധിയായ ഭക്ഷണം ആയിരുന്നു.

ഒമ്പതരയോടെ ഷേക്ക് ഹുസൈൻ ബ്രിഡ്ജ് കടന്ന് ബസ്സ് ജോർദാന്റെ അതിർത്തിയിലെത്തി. ഫോട്ടോ പതിപ്പിച്ച പേജ് തുറന്നു വെച്ച് പാസ്‌പോർട്ടുകൾ കയ്യിൽ പിടിച്ചു കൊള്ളാൻ സ്ലീബാ അച്ചൻ നിർദ്ദേശിച്ചു. ഒരു ഓഫീസർ ബസ്സിനുള്ളിൽ കയറി പാസ്‌പോർട്ടുകൾ പരിശോധിച്ചു. ഒരേ ഒരു നോട്ടം ഫോട്ടോയിലും പിന്നെ മുഖത്തും. അതായിരുന്നു പരിശോധന. ആ ഉദ്യോഗസ്ഥൻ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബസ്സ് മുന്നോട്ടു നീങ്ങി മറ്റൊരു സ്ഥലത്ത് നിർത്തി. ലഗേജുകൾ പരിശോധിക്കാനുള്ള സ്ഥലമായിരുന്നു അത്. ഇറങ്ങുമ്പോൾ അവരവരുടെ ലഗേജുകളും ഹാൻഡ്കാരികളും ബസ്സിൽ ഒന്നും വിട്ടുപോകാതെ എടുത്തു കൊള്ളണമെന്നും പരിശോധന കഴിഞ്ഞാൽ കയറുന്നത് യിസ്രായേലിന്റെ ബസ്സിലായിരിക്കും എന്നു പറഞ്ഞ് അച്ചൻ ബസ്സിൽ നിന്നിറങ്ങി.

പഴയതുപോലെ ആദ്യം പാസ്‌പോർട്ട് ചെക്ക് ചെയ്തു വണ്ടി മുന്നോട്ടു കൊണ്ടു പോയിട്ട് വേണം ലഗേജുകൾ ചെക്ക് ചെയ്യാൻ. ബസ്സ് അതിനായി കാത്തു കിടന്നപ്പോൾ തോക്കുധാരികളായ പട്ടാളക്കാർ അവിടെ നിൽക്കുന്നത് കാണാൻ കഴിഞ്ഞു. സ്ത്രീകളും പുരുഷന്മാരും ആയ ഉദ്യോഗസ്ഥർ പ്രത്യേക ഉപകരണങ്ങൾ കൊണ്ട് ഓരോ വണ്ടിയുടെയും പരിശോധന നടത്തിക്കൊണ്ടിരുന്നു. ബസ്സിന്റെ നാലു വശവും ലഗേജുകൾ ഇരിക്കുന്ന അറയും പെട്രോൾ/ഡീസൽ ടാങ്കിന്റെ അറയും വണ്ടിയുടെ അടിഭാഗവും ഒന്നൊഴിയാതെ പരിശോധിക്കുന്നുണ്ടായിരുന്നു അവർ. ആരും തന്നെ അനാവശ്യ ശബ്ദങ്ങൾ പുറപ്പെടുവിക്കരുതെന്നും ക്യാമറ ഓൺ ചെയ്യരുതെന്നും അവരെ യാതൊരു കാരണവശാലും ഇറിറ്റേറ്റ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എൽദോ ക്യാമറ ക്ലിക്ക് ചെയ്തത് ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ ബസ്സിനടുത്തേക്കോടി വന്ന് നോ ക്യാമറ നോ ഫ്‌ളാഷ് എന്നു പറഞ്ഞ് കർശനമായി വിലക്കി. ഞങ്ങളും മോനും ഒരു പോലെ വിരണ്ടു പോയി. അത്രമേൽ നിഷ്‌ക്കർഷയോടെയായിരുന്നു അവിടുത്തെ ചെക്കിംഗ്. ഒരു ലേഡി ഓഫീസർ ബസ്സിനുള്ളിൽ കയറി മുൻപറഞ്ഞ പോലെ പാസ്‌പോർട്ടിലെ ഫോട്ടോയും ആളുടെ മുഖവും ഒത്തുനോക്കി പുറത്തേക്ക് പോയി. ബസ്സ് വീണ്ടും മുന്നോട്ടു നീങ്ങി, ലഗേജുകൾ എടുത്ത് എല്ലാവരും ഇറങ്ങി, ഒരോഫീസറുടെ നിയന്ത്രണത്തിൽ ലഗേജുകൾ സ്‌ക്രീൻ ചെയ്ത് പുറത്തുവന്നു.

അവിടെ തിരുവനന്തപുരത്തു നിന്നുള്ള ഗ്രൂപ്പിന്റെ വരവും അവരുടെ ചെക്കിംഗും ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങളുടെ ഗ്രൂപ്പിനു അവിടെയുണ്ടായിരുന്ന കൊച്ചുകൊച്ചു കടകളിൽ കയറിയിറങ്ങാനും ആവശ്യക്കാർക്ക് സ്വീറ്റ്‌സോ, ജ്യൂസോ വാങ്ങാനും അത്യാവശ്യക്കാർക്ക് ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാനും സാധ്യമായി.

തിരുവനന്തപുരത്തുകാരുടെ ലഗേജ് സ്‌ക്രീനിംഗ് കഴിഞ്ഞ് പുറത്തുവന്നപ്പോൾ ഞങ്ങളെയും അവരേയും ചേർത്ത് ഗ്രൂപ്പ് ഒന്ന് ഗ്രൂപ്പ് രണ്ട് എന്ന് തരം തിരിച്ച് എല്ലാവരെയും രണ്ടു ബസ്സുകളിലാക്കി. ഒരു ദിവസം കൊണ്ട് പരിചയപ്പെട്ട് സുഹൃത്തുക്കളായി അടുത്തിടപഴകി തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും എത്തിയവർ പെട്ടെന്ന് പിരിയേണ്ടി വന്നതിൽ പലർക്കും ദുഃഖം തോന്നി. എന്നാൽ കാണാനുള്ള സ്ഥലങ്ങളിലെല്ലാം ഒരുമിച്ച് പോകുവാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും സാധിക്കുമെന്നതുകൊണ്ട് ആ ദുഃഖം ക്ഷണികമായി. ഞങ്ങൾ അപ്പോഴും രണ്ടാം നമ്പർ ബസ്സിലായിരുന്നു. ഒപ്പം കയറിയ പല മുഖങ്ങളും അപരിചിതമായിരുന്നു. വീണ്ടും ബസ്സ് മുന്നോട്ട് നീങ്ങിയപ്പോൾ പരിചയപ്പെടുത്തൽ വീണ്ടും ആവശ്യമായി മാറി. പലരും സ്വയം പരിചയപ്പെട്ടു, ചിലർ ബസ്സിന്റെ മുൻഭാഗത്തേക്ക് കടന്നുചെന്ന് മൈക്കിലൂടെ പരിചയപ്പെടുത്തുകയും അവരവർക്ക് അറിയാവുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ അവതരിപ്പിച്ച് എല്ലാവരെയും രസിപ്പിച്ചു കൊണ്ടുമിരുന്നു.

ഉച്ചയക്ക് യിസ്രായേലിലെ ഒരു റസ്റ്റോറന്റിലാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്. ലഞ്ച് അവരവരുടെ മേശയിൽ എത്തിച്ചു തന്നത് വളരെ ഉപകാരമായി എന്ന തോന്നലായിരുന്നു എല്ലാവർക്കും. അഹൂദ് എന്ന പട്ടണത്തിലെ ഒരു ഭക്ഷണശാല ആയിരുന്നു അത്. ഊണുകഴിഞ്ഞ് ബസ്സിൽ കയറി വീണ്ടും യാത്ര തുടർന്നു. യാത്രയിലെ പ്രധാന കാഴ്ചകൾ ഗൈഡ് വിവരിക്കുന്നുണ്ടായിരുന്നു താബോർ മല, കർമ്മേൽ പർവ്വതനിരകൾ ഇവയെല്ലാം പിന്നീട്ട് വീണ്ടും ബസ്സ് പട്ടണപ്രദേശങ്ങളിലേക്ക് കടന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. 1948-ൽ സ്വാതന്ത്ര്യം പ്രാപിച്ച യിസ്രായേലിൽ മൊട്ടുസൂചികൾ മുതൽ വജ്രാഭരണങ്ങൾ വരെ നിർമ്മിക്കുന്ന ഫാക്ടറികളും പണിശാലകളും ഉണ്ടത്രേ. അകലെ ചൂണ്ടിക്കാണിച്ച ഓയിൽ റിഫൈനറി, യിസ്രായേലിലെ ഒരേയൊരു തുറമുഖം എല്ലാം അദ്ദേഹം വളരെ വിശദമായി വിവരിച്ചു തന്നു. പാലും തേനും ഒഴുകുന്ന ദേശം എന്ന പദം അന്വർത്ഥമാക്കും വിധം അത്രമേൽ പുരോഗതി പ്രാപിച്ച ഒരു രാജ്യം തന്നെ യിസ്രായേൽ എന്ന് ബസ്സ് മുന്നോട്ടു കടന്നു പോകു ന്തോറും എല്ലാവർക്കും ബോധ്യമായി. യേശുക്രിസ്തുവിനെ സംബന്ധിക്കുന്ന പുണ്യസ്ഥലങ്ങളിൽ അധികവും യിസ്രായേലിലാണുള്ളത്. രാഷ്ട്രം അതിനെ ഒരു ടൂറിസം മേഖലയായി പ്രഖ്യാപിച്ച് ആ രീതിയിൽ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

നസ്രേത്തിൽ ആദ്യം പോയത് കാനാവിലെ കല്യാണ വീട്ടിലേക്കാണ് ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതമായ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ കല്യാണവീട്. ഇത്രയും വർഷം പഴക്കമുണ്ടായിട്ടും പഴയ കൽഭരണികളും മാതൃകകളും ഉൾക്കൊള്ളിച്ച് അത് ഒരു ദേവാലയം ആക്കി മാറ്റിയിരിക്കുന്നു. പള്ളിക്കകത്ത് വൈദികൻ പ്രാർത്ഥന നടത്തി. ദമ്പതികളായി എത്തിയിട്ടുള്ളവർ ഒരുമിച്ച് ഇരിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് എല്ലാവരും ഇരുന്നു. വിവാഹ പുതുക്കൽ പ്രതിജ്ഞ എടുപ്പിച്ച് കൈകൾ പരസ്പരം കോർത്തു പിടിപ്പിച്ച് വാഴ്‌വുകൾ നൽകി, ഫോട്ടോകൾ എടുക്കുവാൻ പരസ്പരം സഹായിച്ച് ഫോട്ടോകൾ എടുത്തു. ആവശ്യമുള്ള പക്ഷം വിവാഹ സർട്ടിഫിക്കറ്റുകൾ വാങ്ങാനും അതിനുള്ള തുക ഡോളറായി അടയക്കാനും പറഞ്ഞു മനസ്സിലാക്കി. ആവശ്യമുള്ളവർക്ക് അതിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ കയ്യൊപ്പു ലഭിക്കാനുള്ള സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.

ദേവാലയത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ പിന്നീട് കൊണ്ടുപോയത് വീഞ്ഞു വിൽക്കുന്ന കടയിലേക്കാണ്. സന്ദർശിക്കുന്ന ഏവർക്കും കടയിൽ നിന്നും വീഞ്ഞു രുചിക്കാ നായി നൽകി. അവിടെത്തന്നെ മറ്റൊരുവശത്തായി വീഞ്ഞു വിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ അവിടെ നിന്ന് വീഞ്ഞു വാങ്ങി. കാനാവിലെ കല്യാണ വിരുന്നിലെ വീഞ്ഞിന്റെ പങ്ക് നാട്ടിലെത്തിക്കാനായി ചിലർ നാല് ചെറിയ കുപ്പികളുടെ പായ്ക്ക് പത്ത് ഡോളറിന്, മറ്റു ചിലർ വലിയ കുപ്പികൾ രണ്ട് പത്ത് ഡോളറിന്,ചിലർ ഇവ രണ്ടും അതിൽക്കൂടുതലും. കയ്യിലെ ഡോളറിന്റെ കണക്കും നാട്ടിൽ കൊടുക്കേണ്ടവരുടെ ലിസ്റ്റും കണക്കിലെടുത്ത്. ഇവിടെ ഞങ്ങൾക്ക് ഒരു അത്ഭുതം ഉണ്ടായി എന്നു പറയാതിരിക്കാനാവില്ല ഞങ്ങൾ പത്ത് ഡോളറിന്റെ് നാല് ചെറിയ കുപ്പികളാണ് വാങ്ങിയത്, പണം കൃത്യമായി കൊടുക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന പലരും അദ്ദേഹത്തെ കൊണ്ടു വീഞ്ഞ് വാങ്ങിപ്പിക്കുകയും അവർ ഏൽപ്പിച്ച പണം കടയിൽ കൊടുത്ത് ബാക്കി വാങ്ങി കൊടുക്കുകയും ചെയ്തു. തിരികെ ഇറങ്ങുമ്പോൾ കയ്യിൽ പത്ത് ഡോളർ മിച്ചം. എല്ലാവരോടും ചോദിച്ചെങ്കിലും ആർക്കും ബാക്കി കിട്ടാനില്ല എന്ന് പറഞ്ഞു. പത്ത് ഡോളർ ഒരു വലിയ തുക അല്ലെങ്കിലും കല്യാണവീട്ടിൽ ആദ്യത്തെ അത്ഭുതം നടന്ന അതേ സ്ഥലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങൾക്ക് ഒരു പ്രത്യേക അനുഗ്രഹവും അനുഭൂതിയുമായി തോന്നി.

കാനാവിലേക്കുള്ള യാത്രയിൽ വിശുദ്ധ കന്യാമറിയമിനു ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട സ്ഥലവും അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പള്ളിയും കാണിച്ചു തന്നിരുന്നു. എങ്കിലും താമസിക്കാൻ പോകുന്ന ഹോട്ടലിന്റെ അടുത്തായതുകൊണ്ട് കാനാവിൽ പോയി മടങ്ങുമ്പോൾ അവിടെ കയറാം എന്നായിരുന്നു സ്ലീബാ അച്ചന്റെ നിഗമനം. പക്ഷേ ആ കണക്കുകൂട്ടൽ പാടെ തെറ്റിച്ചുകൊണ്ട് പള്ളിയുടെ മേലധികാരികൾ ഞങ്ങളെ അകത്തേക്ക് കയറ്റിയില്ല. സമയം കഴിഞ്ഞു പോയി എന്നാണ് അവർ അറിയിച്ചത് മാത്രമല്ല അവർക്ക് കുർബാനയ്ക് സമയമാകുന്നു എന്നും. എന്തായാലും സ്ലീബാ അച്ചനോടുള്ള പ്രത്യേക പരിഗണനയാൽ എത്രയും പെട്ടെന്ന് തിരിച്ചു ഇറങ്ങണമെന്നും ഫോട്ടോ എടുക്കാൻ അനുവദിക്കുന്നതല്ല എന്നും പ്രത്യേകം നിഷ്‌കർഷിച്ച് അവർ ഞങ്ങളെ അകത്തേക്ക് വിട്ടു.

അതിവിശാലമായ പള്ളിക്കകം. ഭിത്തിയിൽ ഗബ്രിയേൽ മാലാഖയുടെയും കന്യാമറിയമിന്റേയും ചിത്രങ്ങൾ. രൂപക്കൂടുകളും, ചിത്രങ്ങളും മെഴുകുതിരികളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കയ്യിലിരുന്ന ക്യാമറ കൊണ്ടു പ്രയോജനം ഇല്ലല്ലോ എന്ന് ദുഃഖത്തിൽ ആയിരുന്നു പലരും, കാരണം അകത്തേക്ക് കയറുമ്പോൾ തന്നെ നിശബ്ദത പാലിക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും നിഷ്‌കർഷിച്ചിരുന്നു. അടുക്കിലും ചിട്ടയിലും സജ്ജീകരിച്ചിരിക്കുന്ന ബഞ്ചുകളിൽ സ്ഥാനം പിടിച്ച് മൗനമായി അൽപനേരം പ്രാർത്ഥിച്ചു. അടുത്ത മാസ്സിനുള്ള (കുർബാന) സമയമായി എന്ന് ഒരു പുരോഹിതൻ അറിയിച്ചതനുസരിച്ച് എല്ലാവരും എഴുന്നേറ്റ് വിശുദ്ധ ത്രോണോസ് മുത്തി കാണിക്ക സമർപ്പിച്ച് തിരികെ ഇറങ്ങി. ധൃതിയിൽ ഇറങ്ങിയ ആരോ ഒരാൾക്ക്  നേർച്ച ഇടാൻ അവസരം കിട്ടിയില്ല എന്ന ദുഃഖം നികത്തിയത് ഒരു ഡോളർ വാതുൽക്കൽ നിന്ന പുരോഹിതനെ ഏൽപ്പിച്ച് കാര്യം സൂചിപ്പിച്ചപ്പോഴാണ്.

ആ ദേവാലയത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണ് ഔസേപ്പിന്റെ പണിശാല. സമയം കടന്നു പോയിരുന്നതിനാൽ അവിടെ കയറാൻ കഴിഞ്ഞില്ല. ഗബ്രിയേൽ മാലാഖ കന്യാമറിയാമിന് ആദ്യം പ്രത്യക്ഷപ്പെട്ടത് കിണറ്റിൽ നിന്നും വെള്ളം എടുക്കാൻ ചെന്നപ്പോഴാണ്. ആരെന്നറിയാതെ എന്തെന്നറിയാതെ ഭയന്നോടി വീടിനകത്ത് കയറിയ പന്ത്രണ്ട് വയസ്സുകാരി ബാലികക്ക് മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ വീടിന്റെ സ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കിണർ ഇപ്പോഴും ഒരു ആർച്ചിന്റെ രൂപത്തിൽ കെട്ടി മറച്ച് സൂക്ഷിച്ചിട്ടുണ്ട്. ഭംഗിയായി അലങ്കരിച്ച് മെഴുകുതിരികൾ കത്തിക്കുവാനും പ്രാർത്ഥിക്കുവാനും അവിടെയും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ അധീനതയിലാണ് ആ ദേവാലയവും, ഇതര സംഗതികളും. ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് കന്യകയായ മറിയാം ദൈവപുത്രനെ ഗർഭം ധരിച്ച് പ്രസവിക്കും എന്ന് അറിയിച്ച സ്ഥലത്തെ പള്ളിക്കു ‘ചർച്ച് ഓഫ് അനൺസിയേഷൻ’ അല്ലെങ്കിൽ ‘മംഗളവാർത്താ പള്ളി’ എന്നും അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കിണറിന് ‘മേരീസ് വെൽ’ എന്നും പേരിട്ടിരിക്കുന്നു. പള്ളിയുടെ ഒരു വശത്തു കൂടി താഴേക്കിറങ്ങുമ്പോൾ കന്യകമറിയാം താമസിച്ചിരുന്ന വീടിന്റെ ഭാഗങ്ങൾ കാണാം. ഭിത്തിയിൽ ഗ്ലാസ് വർക്കിൽ പുരോഹിതന്മാർ മറിയാമിനെ വിവാഹനിശ്ചയം ചെയ്തു ഏൽപ്പിച്ചു കൊടുക്കുന്നതിന്റേയും മറിയം ഗർഭിണി ആണെന്ന് അറിയുമ്പോൾ വിഷാദമൂകനായി ഇരിക്കുന്ന യൗസേപ്പിന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെടുന്നതും വാർദ്ധക്യത്തിൽ ആയിരുന്ന യോസഫിനെ മറിയവും യേശുവും ചേർന്ന് പരിചരിക്കുന്നതിന്റേയും അപൂർവ്വമായ മൂന്ന് ചിത്രങ്ങൾ അവിടെ കാണാൻ കഴിഞ്ഞു.

നീണ്ട യാത്രയ്ക്ക് ശേഷമുള്ള സന്ദർശനങ്ങൾ. രണ്ടാം ദിവസത്തെ പരിപാടികളിൽ ഇത്രയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. താമസിക്കാൻ ഉദ്ദേശിച്ച് ബുക്ക് ചെയ്തിരുന്ന ഹോട്ടലിനു മുൻപിൽ ബസ്സ് നിർത്തി എല്ലാവരും അവരവരുടെ ലഗേജുകൾ എടുത്ത് അകത്തേക്ക് ചെല്ലാൻ ഒരുങ്ങുമ്പോൾ അറിഞ്ഞു ആ ഹോട്ടലിൽ മറ്റേതോ പിൽഗ്രിംസ് ഗ്രൂപ്പ് എത്തിയിട്ടുണ്ടെന്ന്. അവിടെ ഞങ്ങൾക്ക് കൂടി സ്ഥലം ഇല്ലെന്നും. അവർ തന്നെ ബുക്ക് ചെയ്തു മറ്റൊരു ഹോട്ടൽ ഏർപ്പാടാക്കിയിരുന്നതുകൊണ്ട് ലഗേജുകൾ യഥാസ്ഥാനത്ത് കയറ്റി ഞങ്ങളും ബസ്സിൽ കയറി ആ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഗൈഡിന് അല്പം ജാള്യത തോന്നിയിട്ടോ എന്തോ യാത്രയിൽ അദ്ദേഹത്തിൽ നിന്നും യാതൊരു വിവരണങ്ങളും ലഭിച്ചില്ല. പുതിയ ഹോട്ടലിന്റെ മുന്നിൽ ബസ്സ് നിർത്തിയപ്പോൾ കുറെപ്പേരെങ്കിലും ഒരേ സ്വരത്തിൽ പറഞ്ഞത്, ആദ്യമേ സ്ഥലം ഉണ്ടോ എന്നന്വേഷിച്ചിറങ്ങാം എന്നാണ്, എല്ലാവരും അത് കേട്ട് ഊറിച്ചിരിച്ചു പോയി. അല്പ നേരം ശങ്കിച്ചിരുന്നെങ്കിലും എല്ലാവരും ബസ്സിൽ നിന്നിറങ്ങി, ലഗേജുകൾ എടുക്കാൻ തിടുക്കം കാട്ടി. ആരും ഒന്നും എടുക്കരുതെന്നും അതിന് ഹോട്ടലിൽ ജോലിക്കാർ പ്രത്യേകിച്ചുണ്ടെന്നും, ഇനി താമസിക്കാൻ പോകുന്നത് സ്റ്റാർ ഹോട്ടലുകൾ ആണെന്നും അതനുസരിച്ച് വേണം നമ്മൾ പെരുമാറേണ്ടതെന്നും അച്ചൻ പറഞ്ഞു തന്നു. തലേന്നത്തെ ഹോട്ടലിലെ ഞങ്ങളുടെ പെരുമാറ്റ രീതികൾ കൊണ്ടാവണം ഭക്ഷണത്തിന് വരുമ്പോൾ ആരും നൈറ്റ് ഡ്രസ്സിൽ എത്തരുതെന്നും നാടൻ രീതിയിൽ ഷർട്ടിടാതെ പലരും ലുങ്കി മാത്രം ധരിച്ചു എത്തുന്നത് കണ്ടു എന്നും അത് പാടില്ലെന്നും, ചിലർക്ക് ഭക്ഷണം ലഭിക്കാതെ വന്ന കഥയും അച്ചൻ പറഞ്ഞു മനസ്സിലാക്കി. മാനേഴ്‌സ് ആൻഡ് എറ്റിക്കേറ്റിന് വിദേശരാജ്യങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നും അതു പോലെ തന്നെ സമയ ക്ലിപ്തതയ്ക്കും.

ഒട്ടുമിക്കവരും ഭക്ഷണം കഴിച്ച് റൂമിലേക്ക് പോകുന്നതാണ് ഉത്തമം എന്ന് ചിന്തിച്ച് പുതിയ ഹോട്ടലിന്റെ റൂമിന്റെ താക്കോൽ വാങ്ങി ഡൈനിംഗ് ഹാളിലേക്ക് കടന്നു. ചുരുക്കം ചിലർ കുളികഴിഞ്ഞ് മാത്രം അത്താഴം എന്ന് ചിന്തിച്ച് റൂമിലേക്ക്. അത്താഴം കഴിഞ്ഞു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നൊരു ചൊല്ലുണ്ടല്ലോ, അത് ഭയന്നാവണം. ഭക്ഷണം എടുത്തു കടന്നുചെന്ന ഞങ്ങളെ ഇരിപ്പിടങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഹോട്ടലിലെ ജോലിക്കാർ നിന്നിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ താമസത്തിന് ഉണ്ടായിരുന്നു എന്ന് പിന്നീടറിയാൻ കഴിഞ്ഞു. പിൽഗ്രിംസിന് പ്രത്യേകം സജ്ജമാക്കിയിരുന്ന മേശകൾ ആയിരുന്നു അത്. ഭക്ഷണം കഴിച്ച് റൂം കണ്ടുപിടിച്ച് ചെന്നപ്പോൾ റൂമിന്റെ വാതിൽക്കൽ ഞങ്ങളുടെയും, മറ്റു വാതിലുകൾക്ക് മുൻപിൽ ആ റൂമിൽ താമസിക്കുന്നവരുടെയും ലഗേജുകൾ വച്ചിരുന്നു. താക്കോൽ തരുന്ന മുറയ്ക്ക് അതിനൊപ്പമുള്ള അഡ്രസ്സ് ഉള്ള സ്റ്റിക്കർ ഒട്ടിച്ചതിലൂടെയാണ് ജോലിക്കാർക്ക് പെട്ടികൾ ആ റൂം നമ്പർ നോക്കി എത്തിക്കുവാൻ സാധിക്കുന്നത്. ഹോട്ടൽ മുറികളെല്ലാം തന്നെ നല്ല രീതിയിൽ ക്രമീകരിച്ചിരുന്നു. തലേന്നത്തെ പോലെ ചൂടുവെള്ളത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. പൈപ്പിന്റെ  മാർക്ക് നോക്കി തിരിക്കുമ്പോൾ തണുത്ത വെള്ളവും ചൂടു വെള്ളവും കിട്ടുന്ന സംവിധാനമായിരുന്നു അവിടെ. ചുവപ്പ് മാർക്ക് ആണെങ്കിൽ ചൂടുവെള്ളവും പച്ച മാർക്കാണെങ്കിൽ തണുത്ത വെള്ളവും. ചൂടുവെള്ളത്തിൽ സുഖമായി ഒരു കുളി കഴിഞ്ഞപ്പോൾ യാത്രയുടെ പകുതി ക്ഷീണം മാറി. വയറു നിറഞ്ഞിരുന്നതുകൊണ്ട് ഉറക്കം വരാനും മടികാണിച്ചില്ല. ബസ്സിൽ ഇരിക്കുമ്പോൾ തന്നെ പ്രാർത്ഥനകൾ, തുടക്കത്തിലും ഒടുക്കത്തിലും ഇടയ്ക്ക് പള്ളികളിലും നടത്തിയിരുന്നത് കൊണ്ട് മൗനപ്രാർത്ഥനയോടെ ഡൺലപ്പിന്റെ മെത്തയിലേക്ക് ചരിഞ്ഞു. രണ്ടാം ദിവസത്തെ ഉറക്കം. ‘റെസ്റ്റൽ’ എന്ന ആ ഹോട്ടലിലേതും തലേന്നത്തേതുപോലെ യാത്രാ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങി.

 

(തുടരും………)

About The Author

Leave a Reply

Your email address will not be published. Required fields are marked *