ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും  – മേരി അലക്‌സ് (മണിയ)

Facebook
Twitter
WhatsApp
Email

(യാത്രാ വിവരണം തുടരുന്നു…)

ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും                                                                                                                                                          മേരി അലക്‌സ് (മണിയ)

ആറര മണിയോടെ എല്ലാവരേയും ഉണർത്താനുള്ള കോളിംഗ് ബെൽ ടെലിഫോണിലൂടെ കേട്ടു. അതിനു മുൻപുതന്നെ പല മുറികളിലും ഒച്ചയും അനക്കവും കേട്ടുതുടങ്ങിയിരുന്നു. നാട്ടിലെ സമയത്തേക്കാൾ രണ്ടോ രണ്ടരയോ മണിക്കൂർ താമസിച്ചാണ് അവിടെ സൂര്യൻ ഉദിക്കുന്നതും, അസ്തമിക്കുന്നതും. അന്നും ലഗേജുകളുമായി എത്തണം എന്ന നിർദ്ദേശമുണ്ടായിരുന്നു. കയ്യിലെടുക്കുന്ന ബാഗിൽ വെള്ളവും ഇടയ്ക്ക് കഴിക്കാനുള്ള ബേക്കറി ഐറ്റംസും, ഊണിന് രുചി കൂട്ടാനുള്ള അച്ചാറും, നോട്ടുബുക്ക്, പെൻ, പ്രാർത്ഥനാപ്പുസ്തകം, പാട്ടുപുസ്തകം എന്നിവയും കരുതി റൂം പൂട്ടി താഴേക്കിറങ്ങി, താക്കോലുകൾ ഹോട്ടലിന്റെ അധികാരികളെ ഏൽപ്പിച്ച്, പെട്ടികൾ ഒതുക്കിവെച്ച്, ഡൈനിംഗ് ഹാളിലേക്ക് കടന്നു. തലേന്ന് പലരും താക്കോൽ റൂമിന്റെ വാതിലിൽ തന്നെ വെച്ചിട്ട് പോരുകയാണുണ്ടായത്. പരിചയക്കുറവുകൊണ്ടും പറയുന്ന നിർദ്ദേശങ്ങൾ കേൾക്കാൻ സാധിക്കാതെ വന്നതു കൊണ്ടുമായിരുന്നു അങ്ങനെ സംഭവിച്ചത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് തിരികെയെത്തിയപ്പോൾ ബസ്സുകൾ ഹോട്ടലിന്റെ മുൻപിൽ വന്നു കിടപ്പുണ്ടായിരുന്നു. അവരവർക്ക് കയറേണ്ട ബസ്സ് നോക്കി കയറിയപ്പോൾ എണ്ണമെടുത്തു കയറ്റിവിട്ടുകൊണ്ടിരുന്ന അച്ചൻ സൂചന തന്നു, ഒരേ സീറ്റിൽ തന്നെ ഇരിക്കാൻ നോക്കരുത്, മാറിമാറിയിരുന്ന് മറ്റുള്ളവർക്ക് കൂടി മുൻപോട്ടു കടന്നിരിക്കത്തക്ക സൗകര്യം ചെയ്തു കൊടുക്കണമെന്ന്. ആർക്കും എതിരില്ലാത്ത ഒരു സംഗതി ആയിരുന്നു അത് തികച്ചും ശരിയായതും.

പരിചയപ്പെടുത്തലുകൾ തീരാതെ വന്നതുകൊണ്ട് അന്നും അത് തുടർന്നു. ഇടയ്ക്കിടെ ഗൈഡ് മൈക്ക് വാങ്ങി വഴിയോരക്കാഴ്ചകളെക്കുറിച്ച് വിവരണം തന്നുകൊണ്ടിരുന്നു. ഗൈഡിന്റെ ഇംഗ്ലീഷ് ആക്‌സന്റ് മനസ്സിലാകാത്തത് കൊണ്ടാവണം ഏതെങ്കിലും ഒരച്ചൻ അതു തർജ്ജിമ ചെയ്യുമായിരുന്നു. അന്നത്തെ ഊഴം ജിജു ജോണച്ചനായിരുന്നു. ബസ്സിലുണ്ടായിരുന്നവരെ സൗകര്യാർത്ഥം അങ്ങോട്ടുമിങ്ങോട്ടും മാറ്റിയപ്പോൾ കൊല്ലത്തു നിന്നുള്ള ജിജു ജോണച്ചനും ബസ്‌ക്യാമ്മ ബിന്ദു സാമും അവരോടൊപ്പം ഉണ്ടായിരുന്ന കുറെപേരും ഞങ്ങളോട് ചേർന്നു. ആദ്യമാദ്യം ആരും പരസ്പരം ഉരിയാടാതെ ബസ്സിന്റെ പുറകിൽ കൂടിയ ഈ സംഘത്തെ ചിരവത്തറ അച്ചനും സ്ലീബാ അച്ചനും കൂടി ബസ്സിന്റെ മുൻവശത്തെത്തിച്ചു. അച്ചന്റെ മകൾ പതിനൊന്നു വയസ്സുള്ള കെസിയ റേച്ചൽ ജോൺ നന്നായി പാട്ടുപാടുമെന്നും ‘എസ്തീറ’ എന്ന പേരിൽ ഒരാൽബം ഇറക്കിയിട്ടുണ്ടെന്നും, സിനിമാഗാനങ്ങൾ ആലപിക്കാറുണ്ടെന്നും, ഇളയ മകൾ കൃപാ മേരി ജോണിനെയും അവളേയും അമ്മയെ ഏൽപ്പിച്ചിട്ടാണ് എത്തിയിരിക്കുന്നതെന്നും പരിചയപ്പെടുത്തലിനിടെ സൂചിപ്പിച്ചു. അടൂരുള്ള ആനന്ദപ്പള്ളി എന്ന സ്ഥലത്തെ ഒരു ഓർത്തഡോക്‌സ് പള്ളിയുടെ വികാരിയായിരുന്നു അദ്ദേഹം.

അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച സ്ഥലത്ത് പണിതുയർത്തിയിരിക്കുന്ന ‘ചർച്ച് ഓഫ് മൾട്ടിപ്ലിക്കേഷൻ’ അല്ലെങ്കിൽ ‘ചർച്ച് ഓഫ് ലോഫ്‌സ് ആന്റ് ഫിഷ് ‘ എന്നറിയപ്പെടുന്ന ദേവാലയത്തിലേക്കാണ് ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. ‘തബ്ഗാ’ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഒരുവശത്ത് ഗോലാൻ എന്നറിയപ്പെടുന്ന കുന്നുകൾ. മറുവശത്ത് പരന്നുകിടക്കുന്ന ഗലീലക്കടൽ. ഗോലാൻ കുന്നുകളിലാണ് തലേന്ന് കണ്ട ചെമ്മരിയാടുകൾ കാണപ്പെട്ടത്. അപ്പോൾ കടന്നുവന്ന വഴികളിലൂടെ തന്നെയാണോ അന്നും പൊയ്‌ക്കൊണ്ടിരുന്നത് എന്ന സംശയമുണ്ടായി. എന്നാൽ കുന്നുകളുടെ മറുവശം ആയിരുന്നു തലേന്നത്തേത് എന്ന് ഗൈഡ് മനസ്സിലാക്കി. മാത്രമല്ല ആ യാത്രയിൽ ഇങ്ങനെയൊരു കടൽ കണ്ടതുമില്ല ചെമ്മരിയാടുകളെ മേയ്ക്കുന്നവരെ ബഥനിയൻസ് എന്നാണ് വിളിക്കുന്നത്. അവർ താമസിക്കുന്ന കുടിലുകൾ പലഭാഗങ്ങളിലുമായി കാണാമായിരുന്നു. വഴിയുടെ വലതുവശത്തായി താബോർമല കാണാൻ കഴിഞ്ഞു. ക്രിസ്തുവിന്റെ മഹത്വീകരണം ഈ മലയിൽ വെച്ചാണ് നടന്നത് എന്നത് വിശുദ്ധ വേദപുസ്തകം വായിക്കുന്ന ഏവർക്കും അറിവുള്ളതാണല്ലോ. ക്രിസ്തുവിനോടൊപ്പം കണ്ട മോശയക്കും, ഏലിയാവിനും ചേർത്ത് മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കട്ടെ എന്ന് ശിഷ്യന്മാർ ചോദിച്ചത് ഇവിടെവച്ചാണ്.

ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ മലയാണ് ‘മൗണ്ട് ഓഫ് ബീറ്റിറ്റുഡ്‌സ് ‘ എന്നറിയപ്പെ ടുന്നത്. മൈക്ക് സെറ്റുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന ആ കാലഘട്ടത്തിൽ അയ്യായിരം പുരുഷന്മാരോടും അതിനടുത്ത സ്ത്രീകളോടും ഒപ്പമുള്ള കുഞ്ഞുങ്ങളോടും പ്രസംഗത്തിലൂടെ അവർക്കെല്ലാം കേൾക്കത്തക്ക വിധം യേശുവിന് എങ്ങനെ സാധിച്ചു എന്നതിന് മറുപടിയാണ് അവിടെയുള്ള കറുത്ത നിറമുള്ള പാറക്കൂട്ടങ്ങൾ. ‘ബോൾ ഗാനിക്ക് സ്റ്റോൺസ്’ എന്നാണ് ഇവയുടെ പേര്. തട്ടിയാൽ പ്രതിധ്വനിക്കുന്ന ഈ കല്ലുകൾ ആ പ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ മലയിൽ കത്തോലിക്കാ സഭാവിഭാഗം ഒരു ദേവാലയം സ്ഥാപിച്ചിരിക്കുന്നു. എട്ടു കോണുകളോടുകൂടിയ അഷ്ടസൗഭാഗ്യങ്ങളുടെ പള്ളി. അതിന്റെ ഭിത്തികളിൽ ‘ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ’ എന്തുകൊണ്ടെന്നാൽ…. എന്ന് തുടങ്ങുന്ന പ്രഭാഷണം ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രൂപ്പിലുണ്ടായിരുന്ന അഞ്ച് പേർക്ക് സ്ലീബാ അച്ചൻ അവിടെ വച്ച് വിശുദ്ധ കുർബാന നൽകി. അച്ചന് ആ ദേവാലയവും അതിന്റെ ചുമതലക്കാരുമായുള്ള അടുപ്പത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതിഫലനമായിരുന്നു അവിടെ കാണപ്പെട്ടത്. അവിടുത്തെ ത്രോണോസ്സിൽ പ്രാർത്ഥന നടത്തിയപ്പോൾ മറ്റു അച്ചന്മാരും അദ്ദേഹത്തോടൊപ്പം ചേർന്നു.

മലയുടെ താഴ്‌വാരത്തിലാണ് അഞ്ചപ്പവും രണ്ടു മീനും വാഴ്ത്തി നുറുക്കി വിളമ്പിയ സ്ഥലം. ചർച്ച് ഓഫ് ലോഫ്‌സ് ആൻഡ് ഫിഷ് അല്ലെങ്കിൽ ചർച്ച് ഓഫ് മൾട്ടിപ്ലിക്കേഷൻ എന്നറിയപ്പെടുന്ന ഒരു ദേവാലയം ഇവിടെയുണ്ട്. അതിന്റെ ത്രോണോസ്സിന്റെ അടിഭാഗത്തായി അന്ന് അപ്പവും മീനും വെച്ച് വാഴ്ത്തിയെടുത്ത പാറ സൂക്ഷിച്ചിരിക്കുന്നു. ദേവാലയത്തിന്റെ വാതിൽക്കൽ ഒലിവ് കായ്കൾ ആട്ടുന്ന ചക്കും, ഗോതമ്പു പൊടിക്കുന്ന തിരികല്ലും കാണാം. മത്സ്യത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രോട്ടോയും ആമ്പൽ പൂക്കളും വിവിധയിനം മത്സ്യങ്ങളും നിറഞ്ഞ ഒരു ജലാശയവും ആ ദേവാലയത്തിന്റെ പരിസരത്ത് കാണാൻ കഴിഞ്ഞു.

അടുത്തു തന്നെയായി ‘പ്രൈമസി ഓഫ് സെന്റ് പീറ്റർ’ എന്നറിയപ്പെടുന്ന ദേവാലയം സ്ഥിതിചെയ്യുന്നു. യേശുവിന്റെ നിർദ്ദേശപ്രകാരം പത്രോസ് വല വീശിയത് ഇവിടെവച്ചാണ്. പള്ളിയുടെ പുറകുവശത്തെ നദിയുടെ ആഴങ്ങളിൽ നിന്നാണ് നൂറ്റിഅമ്പത്തിമൂന്ന് വലിയ മത്സ്യങ്ങളെയും വിവിധയിനം ചെറിയ മത്സ്യങ്ങളെയും വലയിൽ ലഭിച്ച അത്ഭുതം നടന്നത്. പത്രോസിന് അധികാരം കൊടുത്തതും ഇവിടെ വച്ചാണ്. അവിടെ വെള്ളത്തിലിറങ്ങുവാനും അല്പം നടന്ന് കാലും, കയ്യും, മുഖവും കഴുകുവാനും സാധിച്ചു. ഉരുളൻ കല്ലുകളും ചിപ്പികളും കുപ്പിയിൽ വെള്ളവും ശേഖരിച്ചു.

യേശുവിന്റെ അനവധി അത്ഭുതപ്രവർത്തികൾ നടന്ന സ്ഥലം. പത്രോസിന്റെ ജന്മനാട് മാത്രമല്ല ജന്മ സ്ഥലം എന്നീ നിലയിൽ ഈ സ്ഥലം ശോഭിക്കുന്നു. നസ്രേത്തിൽ നിന്ന് പുറത്താക്കപ്പെട്ട യേശു കഫർന്നഹൂമിൽ വന്ന് പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും അത്ഭുത പ്രവർത്തികൾ നടത്തുകയും ചെയ്തു. പത്രോസിന്റെ അമ്മാവിയമ്മയുടെ ഭവനം, തളർവാത രോഗിയെ സൗഖ്യമാക്കിയ ഭവനം, യായിറോസിന്റെ മകളെ ഉയർപ്പിച്ചത് എല്ലാം ഇവിടെയാണ്. കർത്താവ് പലപ്രാവശ്യം പ്രസംഗിച്ച സിന്നഗോഗിന്റെ അവശിഷ്ടങ്ങൾ അവിടെ കാണപ്പെട്ടു. വലിയ ഹാളും ഉയരമുള്ള തൂണുകളും കെട്ടിടങ്ങളുടെ നാമാവശേഷമായ അവശിഷ്ടങ്ങളും അവിടെയുണ്ടായിരുന്നു. പ്രസംഗ വേദിയുടെ വെളിയിലായി ആളുകൾക്ക് ഇരുന്ന് ധ്യാനിക്കുവാനും വായിക്കുവാനുമുള്ള പീഠങ്ങളും പഴയ ശിക്ഷാവിധികൾ നടപ്പാക്കാനുള്ള കാഴ്ചവസ്തുക്കളും അവിടെ കാണാം. തണൽമരങ്ങളാൽ സമൃദ്ധമായ ആ സ്ഥലത്ത് ഞങ്ങളെ ഇരുത്തുകയും പുരോഹിതന്മാർ ധ്യാനഭാഗങ്ങൾ ഉദ്ധരിക്കുകയും പ്രാർത്ഥനയിലും ധ്യാനത്തിലും ജാഗരിപ്പിക്കുകയും ചെയ്തു. പ്രത്യേക രീതിയിൽ പണി കഴിപ്പിച്ച ഒരു ദേവാലയം പത്രോസിന്റെ അമ്മായിയമ്മയുടെ ഭവനത്തിനു മുകളിലായി അവിടെ കാണുവാനിടയായി. പത്രോസിന്റെ ഒരു പൂർണ്ണകായ പ്രതിമ വെങ്കലത്തിൽ തീർത്തത് അവിടെ ഉണ്ടായിരുന്ന ഒരു പൂന്തോട്ടത്തിലെ സൗന്ദര്യദൃശ്യം തന്നെയായിരുന്നു. കൈയിൽ താക്കോൽ പിടിച്ച ആ പ്രതിമയ്ക്ക് മുന്നിൽ നിന്നും മാറിയും ഫോട്ടോകൾ എടുക്കാൻ അവസരം ലഭിച്ചു. ഒരു മീനിന്റെ പ്രതിമയും അതോടു ചേർന്നുണ്ടായിരുന്നു പ്രൈമസി ഓഫ് സെന്റ് പീറ്റർ എന്ന പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു അവിടെ കണ്ടതെല്ലാം.

യേശുവും ശിഷ്യന്മാരും വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ കടൽ പ്രക്ഷുബ്ധമാവുകയും ശിഷ്യന്മാർ ഭയന്ന് ബഹളം കൂട്ടി ഉറങ്ങിക്കിടന്ന യേശുവിനെ വിളിക്കുകയും അലമുറയിടുകയും ചെയ്തപ്പോൾ കടലിനെ ശാസിച്ചു ശാന്തമാക്കുകയും ചെയ്തതിന്റെ ഓർമ്മ പുതുക്കുന്നതിനുള്ളതായിരുന്നു അടുത്ത യാത്ര. യേശുവും ശിഷ്യന്മാരും കയറിയ ബോട്ടിന്റെ മാതൃകയിൽ ഒരു ബോട്ട് ഇപ്പോഴും ആ കടലിൽ എവിടെയോ സൂക്ഷിക്കുന്നുണ്ടത്രെ. ബസ്സിൽ നിന്നിറങ്ങി അൽപനേരം കടൽത്തീരത്തു കൂടി നടക്കാൻ അവസരം ലഭിച്ചു. ചിലരൊക്കെ ഫോട്ടോകൾ എടുക്കാനും കക്കകൾ പെറുക്കാനും ആ അവസരം വിനിയോഗിച്ചു. എല്ലാവരും എത്തിയെന്ന് ഉറപ്പുവരുത്തി ഗൈഡ് എല്ലാവരെയും ബോട്ടിനടുത്തേക്കാനയിച്ചു. സാമാന്യം വലിയ ഒരു ബോട്ട്. അതിൽ കയറിയപ്പോൾ കുമരകത്ത് കൂടിയുള്ള ഒരു ബോട്ട് യാത്രയാണ് ഓർമ്മയിൽ ഓടിയെത്തിയത്.

ഭർത്താവിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുന്നതിനായി സഹോദരങ്ങളെയും മക്കളെയും അവരുടെ കുടുംബങ്ങളെയും ചേർത്ത് ദൂരെയായിരിക്കുന്ന സ്വന്തം പുത്രന്മാർ ഒത്തൊരുമിച്ച് ആസൂത്രണം ചെയ്ത സൽക്കാരം. ഹോട്ടൽ വിൻസർ കാസിലിൽ ഉച്ച ഭക്ഷണവും അതിനുശേഷമുള്ള ബോട്ടിംഗും. അദ്ദേഹത്തിന്റെയും എന്റെയും സഹോദരങ്ങൾ കുടുംബമടച്ച് പങ്കെടുത്ത ഒരു മേള. ചിലർ ആദ്യമായും ചിലർ അവസാനമായും നടത്തിയ ഒരു ബോട്ട് യാത്രയായിരുന്നു അത്. കോട്ടയത്താണ് താമസമെങ്കിലും കുമരകം കണ്ടിട്ടില്ലാത്തവരായിരുന്നു അവരിൽ മിക്കവരും. അദ്ദേഹത്തിന്റെ സഹോദരങ്ങളിൽ നാല്‌പേർ ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു പല അവസരങ്ങളിലായി.

വാദ്യഘോഷങ്ങളോടെ പുരോഹിതർ ഇന്ത്യൻ പതാക ഉയർത്തി, എല്ലാവരും ദേശീയഗാനം ആലപിച്ചു കൊണ്ടാണ് ബോട്ട് യാത്ര ആരംഭിച്ചത്. ബോട്ടിന്റെ ഉടമയുടെ പുത്രൻ ‘അക്കരക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി’ എന്ന ഗാനം പാടി. സ്ലീബാ അച്ചൻ മംഗ്ലീഷിൽ എഴുതിക്കൊടുത്ത് പഠിപ്പിച്ചെടുത്ത ആ ഗാനം ഒരു വിദേശിയന്റെ നാവിലൂടെ കേൾക്കാനിടയായപ്പോൾ കോരിത്തരിച്ചുപോയി. അച്ചന് നൂറ്, നൂറ് നമോവാകങ്ങൾ അർപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചുകൊള്ളുന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഹീബ്രു ഭാഷയിൽ ആ ഗ്രൂപ്പ് പാടിയ ഗാനങ്ങളും അർഥം മനസ്സിലായില്ലെങ്കിലും ഹരം പകരുന്നതായിരുന്നു. ബോട്ടിനുള്ളിൽ പല വൃത്തങ്ങളായി കൈകോർത്തു പിടിച്ച് പാടിത്തന്ന പാട്ടുകൾക്കൊപ്പം ചുവടുകൾ വെച്ചതും എല്ലാവർക്കും രസമായി. പ്രാർത്ഥനാനിരതമായ അന്തരീക്ഷത്തിൽ നിന്നും അല്പമൊരു വ്യതിയാനം. കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു ഞങ്ങളുടെ വിശുദ്ധനാട് സന്ദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആയതു കൊണ്ടും പിൽഗ്രിം ടൂർ എന്ന പദത്തിന് യോജിച്ച വിധവുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ യാത്രകൾ. ഇടയ്ക്കിടെ സ്ലീബാ അച്ചൻ ഇരുകരകളിലും കാണപ്പെടുന്ന സ്ഥലങ്ങളും, കാഴ്ചകളും മൈക്കിലൂടെ വിവരിച്ചു തന്നു കൊണ്ടിരുന്നു. തടാകമാണെങ്കിൽക്കൂടി അറിയപ്പെടുന്നത് ഗലീലക്കടൽ എന്നാണ്. ഇരുപത്തി രണ്ട് കിലോമീറ്റർ നീളവും പതിനൊന്ന് കിലോമീറ്റർ വീതിയുമുള്ള ഒരു ശുദ്ധജലതടാകം. തിബര്യാസ് കടൽ, ഗിന്നസരേത്ത് തടാകം, കിന്നരം എന്നൊക്കെയുള്ള പേരുകൾ കൂടി ഇതിനുണ്ട്. കഫർന്നഹൂം, ഗിന്നസരേത്ത്, തിബേരിയ എന്നീ നഗരങ്ങൾ കരയിൽ ഉള്ളതിനാലാവാം പല പേരുകളിൽ ഈ തടാകം അറിയപ്പെടുന്നത്. ഇതിലൂടെയാണ് യേശു വെള്ളത്തിന് മുകളിൽ കൂടി നടന്ന അത്ഭുതം നടന്നത്. അതുപോലെ കാറ്റിനേയും കോളിനേയും ശാസിക്കുന്നതും അത് ശാന്തമായി കണ്ടതും.

ഗിന്നസരേത്തിൽ കൂടുതൽ ആൾക്കാരും കൃഷിക്കാരായിരുന്നു. കൃഷിസ്ഥലം ദൂരെയും വീടുകൾ ഒരിടത്തും. ഏതെങ്കിലും ഒരു വീട്ടിൽ മാത്രം ഭക്ഷണം പാകം ചെയ്ത് എല്ലാവരും ആ വീട്ടിൽ ഒരുമിച്ചുകൂടി ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു അവിടെ. ഗലീലയിലെ ജലം കുടിക്കുന്നതിനും പാചകത്തിനും ജല സേചനത്തിനും ഉപയോഗിക്കുന്നു. കരയോടു ചേർന്നുള്ള കൂടുതൽ ആളുകൾക്ക് മത്സ്യബന്ധനമായിരുന്നു തൊഴിൽ. പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നീ ആദ്യശിഷ്യന്മാർ ഗലീലയുടെ കരകളിലാണ് താമസിച്ചിരുന്നത്. മീൻ പിടിച്ചു നടന്നിരുന്ന അവരെ മനുഷ്യരെ പിടിക്കുന്ന ശിഷ്യന്മാരാക്കി മാറ്റുകയാണ് യേശു ചെയ്തത്.

ബോട്ടിംഗ് കഴിഞ്ഞ് തടാകത്തിനിക്കരെ ഇറങ്ങിയപ്പോൾ പല ടൂറിസ്റ്റുകളും ചൂണ്ടയിട്ടു മീൻ പിടിക്കുന്നത് കാണാൻ കഴിഞ്ഞു, പത്രോസ് മീൻ പിടിച്ചതിന്റെ ഓർമ്മയിൽ. ചൂണ്ടയിൽ കൊരുത്ത മത്സ്യങ്ങളെ തിരികെ വെള്ളത്തിലേക്ക് വിടുന്നതും ശ്രദ്ധിക്കാതിരുന്നില്ല. അവിടെ നിന്നും നടന്നെത്തിയത് ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്ന ഹോട്ടലിലേക്കാണ്. കയ്യും മുഖവും കഴുകി മേശകൾ നോക്കി ഇരുന്നപ്പോൾ ബ്രെഡിന് തുല്യമുള്ള അപ്പവും പലവിധത്തിലുള്ള കൂട്ടുകറികളും ഇലത്തരങ്ങളും നിരത്തിവെച്ചിരുന്നു. ഓരോന്നെടുത്ത് രുചിച്ചുകൊണ്ടിരുന്നപ്പോൾ ഓരോരുത്തർക്കും ഓരോ പ്ലേറ്റിൽ ചോറും മീൻ പൊരിച്ചതും നൽകി. നമ്മുടെ രീതി ചോറിനു കൂട്ടാൻ മീൻ എന്നാണെങ്കിൽ അവിടെ മീനിനു കൂട്ടാനായി ഒരു പിടിച്ചോറ് എന്ന വിധമായിരുന്നു. ഒരു പ്ലേറ്റിൽ കവിഞ്ഞു നിൽക്കുന്ന മീൻ ഒപ്പം ഒരു നാരങ്ങയുടെ പീസും, പത്രോസ് പിടിച്ച മീനായിട്ടാണ് അവിടെ മീൻ വിളമ്പുന്നത്. പ്രത്യേകിച്ചുള്ള ഓർഡറും. പക്ഷേ മീനിന്റെ അവസ്ഥ ശ്രദ്ധിച്ചാൽ പലർക്കും അത് രുചിച്ചു നോക്കാൻ പോലും തോന്നുകയില്ലെന്നു മാത്രം. മീനിന്റെ ചെതുമ്പലോ, ചിറകോ, വാലോ മുറിച്ചു കളയാതെ ചെകിളകളും, കുടലും എടുത്തുകളഞ്ഞ് പൊള്ളിച്ചെടുത്തു വെച്ച മീൻ. അച്ചൻ പറഞ്ഞു മനസ്സിലാക്കിതന്നതനുസരിച്ച് തൊലി കളഞ്ഞ് നാരങ്ങ പിഴിഞ്ഞു ചേർത്ത് ഉപ്പും കുരുമുളകുപൊടിയും മുളകരച്ചതും കൂട്ടി കഴിച്ചപ്പോൾ നല്ല സ്വാദു തോന്നിത്തുടങ്ങി. മുൻപെപ്പോഴോ കടന്നുചെന്ന പിൽഗ്രിംസ്‌കാർ ആവശ്യപ്പെട്ടതനുസരിച്ച് മുളകരച്ചത് കൂടി ആ കൂട്ടത്തിൽ ഉൾപ്പെടുത്താൻ തുടങ്ങിയതാണ്. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുകളിലെയോ മുൻപ് കഴിച്ച റസ്റ്റോറന്റുകളിലെയോ മത്സ്യം ഞങ്ങൾ തികച്ചും വർജ്ജിച്ചിരുന്നു. വൃത്തിയാക്കുക പോലും ചെയ്യാതെ തിളപ്പിച്ച വെള്ളത്തിലിട്ടു വെന്തും വേകാതെയും എടുത്തുവച്ച മീനായിരുന്നു അതെന്ന് പറഞ്ഞാൽ അതിശ യോക്തിയില്ല. പ്ലേറ്റിൽ എടുത്തവർ തന്നെ എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാനാവാതെ ഉപേക്ഷിച്ച് എഴുന്നേൽക്കുകയായിരുന്നു ചെയ്തത്. പിന്നീടെപ്പോഴോ സ്ലീബാ അച്ചൻ അത് പരാമർശിച്ചു. ഭക്ഷണമേശയിൽ മര്യാദ പാലിക്കണമെന്നും ആവശ്യമുള്ളത് മാത്രമേ സ്വന്തം പ്ലേറ്റിൽ എടുക്കാവു എന്നും ഞങ്ങളെ ഉൽബോധിപ്പിച്ചു സംസാരിച്ചു. നേരിൽ കണ്ടതുകൊണ്ടോ ഹോട്ടൽ അധികാരികൾ സൂചിപ്പിച്ചതു കൊണ്ടോ എന്തുമാകാം ഒരു കാര്യം കൂടി അദ്ദേഹം കൂട്ടി ച്ചേർത്തു. ഒരു നേരത്തെ ഭക്ഷണം കിട്ടാനാകാതെ വലയുന്ന മനുഷ്യർക്ക് നാം ഈ ദുരുപയോഗം ചെയ്യുന്ന ഭക്ഷണം കിട്ടുകയാണെങ്കിൽ അത് നാം ചെയ്യുന്ന ഒരു പുണ്യപ്രവർത്തി ആയിരിക്കും എന്ന്.

ഒരാൾ അതിനു ഉപോൽബലകമായി ഒരു കഥ പറഞ്ഞു. ഒരു ഹോട്ടൽ ജോലിക്കാരന്റെ കഥ. ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോകുന്ന ആളുകളുടെ പ്ലേറ്റുകളിൽ നിന്നും ഉപയോഗിക്കാവുന്നവ അയാൾ ഒരു ബാഗിൽ സൂക്ഷിക്കും. ജോലി കഴിഞ്ഞ് ഇറങ്ങുന്ന അയാളെ പ്രതീക്ഷിച്ചു വഴിവക്കിൽ ധാരാളം കുട്ടികൾ കാത്തുനിൽക്കുമത്രേ. വീട്ടിൽ സ്വന്തം കുട്ടികളും. ആ കുട്ടികൾക്ക് ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം പോക്കറ്റിൽ നിന്ന് പണം കൊടുത്തു വാങ്ങാനോ മാതാപിതാക്കളുണ്ടെങ്കിൽ അവർ വാങ്ങിക്കൊടുത്തു രുചിച്ചു നോക്കാനോ പറ്റാത്ത വിധമുള്ള ഭക്ഷണം കിട്ടുമ്പോഴുണ്ടാകുന്ന സംതൃപ്തി അതായിരുന്നു ആ ജോലിക്കാരന്റെ ജീവിതലക്ഷ്യം. നമ്മിലും ഈ വിധത്തിലുള്ള കാരുണ്യപ്രവർത്തികൾ ഉടലെടുത്താൽ മാത്രമേ നമുക്കും ഈ ലോകത്തെ ജീവിതം കൊണ്ട് അനുഗ്രഹം ഉണ്ടാകുകയുള്ളൂ. നമ്മെ ബോധവൽക്കരിക്കാൻ പറയുന്ന ഇത്തരം കഥകൾ നമ്മിൽ പ്രചോദനം ഉണർത്തിയാൽ നാമും ഈ ലോകം തന്നെയും പുരോഗമിക്കും എന്നത് നിസ്തർക്കമാണ്.

പിന്നീട് ഞങ്ങളുടെ ബസ്സ് കടന്നു ചെന്നത് ജോർദ്ദാൻ നദിയുടെ തീരത്തേക്കാണ്. മൂന്നു നദികൾ ഒരുമിച്ചു കൂടുന്നതാണ് ജോർദ്ദാൻ. ഹെർമ്മോൻ പർവ്വതത്തിൽ നിന്ന് മഞ്ഞുരുകിയെത്തുന്ന തണുത്ത ജലം, എർമൂക്ക് പർവ്വതത്തിൽ നിന്നൊഴുകുന്ന ചൂടുവെള്ളം, യബോക്ക് പർവ്വതത്തിൽ നിന്ന് വരുന്ന സുഗന്ധ തൈലം കലർന്ന ജലം, ഈ മൂന്നും കണക്കിലെടുത്താണ് മാമോദിസ തൊട്ടിലിൽ ചൂടുവെള്ളവും തണുത്ത വെള്ളവും സുഗന്ധതൈലവും ചേർക്കുന്നത്. ഭാരതീയർക്ക് ഗംഗ പോലെയാണ് യിസ്രായേല്യർക്ക് ജോർദ്ദാൻ, ഈ നദിയെ രണ്ടാക്കി മാറ്റിയാണ് യോശുവ യിസ്രായേല്യരെ കനാൻ ദേശത്തേക്ക് നയിച്ചത്, സ്‌നാപകയോഹന്നാൻ ക്രിസ്തുവിനെ സ്‌നാനപ്പെടുത്തിയത് ഈ നദിയിലാണ്.

സന്ദർശകർക്കായി ഒരു ഭാഗം പടി കെട്ടി കമ്പികൾ കൊണ്ട് വേർതിരിച്ച് ഇട്ടിരിക്കുന്നു. ‘യാർഡി നെറ്റ്’ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. എല്ലാവരും ജലത്തിലിറങ്ങി കൈകാലുകളും മുഖവും കഴുകി. യേശുവിന്റെ സ്‌നാനം മനസ്സിൽ ഉൾക്കൊണ്ട് തലയിൽ അല്പം ജലം കോരി ഒഴിച്ചു. ചിലർ നദിക്കുള്ളിലേക്ക് കുറച്ചിറങ്ങിച്ചെന്ന് മുങ്ങി പൊങ്ങാൻ ശ്രമിച്ചു, അതിനുള്ള സമയമില്ലെന്ന് അച്ചൻ അറിയിച്ചപ്പോൾ എല്ലാവരും കയ്യിൽ കരുതിയിരുന്ന കുപ്പികളിൽ ജലം നിറച്ചു. നാട്ടിൽ പലരും ജോർദ്ദാനിലെ വെള്ളം കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജലത്തിൽ വലിയ എലികൾ തലങ്ങും വിലങ്ങും നീന്തി നടക്കുന്നത് കണ്ടപ്പോൾ അത് കൊണ്ടു പോകണോ എന്ന് ചിന്തിക്കാതിരുന്നില്ല. കുടിക്കരുതെന്ന് പ്രത്യേകം നിഷ്‌കർഷിച്ചു കൊടുക്കാം കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ മതി എന്ന് പറയാം എന്ന് ആശ്വസിച്ചു, രണ്ടാമതൊരു സ്‌നാനം നമുക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിലും ക്രിസ്തുവിന്റെ സ്‌നാനം മനസ്സിൽ കണ്ട് അവരും കുളിച്ചു കൊള്ളട്ടെ. യിസ്രായേലോ, ജോർദ്ദാനോ കാണാൻ ഭാഗ്യമില്ലാതെ നാട്ടിൽ കഴിയുന്നവർക്ക് ഇതെങ്കിലും ആശ്വാസമരുളട്ടെ. പ്രായമായ പലരും വെള്ള അങ്കി ഉടുപ്പുകൾ ധരിച്ച് സ്‌നാനപ്പെടുന്നതും, സ്ത്രീകളായ പുരോഹിതർ അവരെ സ്‌നാനപ്പെടുത്തുന്നതും കാണാൻ കഴിഞ്ഞു. ഏതോ പ്രത്യേക സഭാവിഭാഗക്കാർ ആയിരിക്കാം. അവർ ഉരുവിട്ട പ്രാർത്ഥനകൾ ഒന്നും തന്നെ ഞങ്ങൾക്ക് മനസ്സിലാക്കാനും കഴിയുമായിരുന്നില്ല.

ക്രിസ്തുവിന്റെ ജന്മദേശമായ ബേത്‌ലഹേം ആയിരുന്നു അടുത്ത ഞങ്ങളുടെ ലക്ഷ്യസ്ഥാനം. യാത്രയിൽ ധ്യാന പ്രസംഗങ്ങളും പ്രാർത്ഥനാ ഗാനങ്ങളും മുറയ്ക്കു നടന്നു കൊണ്ടിരുന്നു. തികച്ചും ആത്മീയമായ ഒരു ടൂർ എന്നാണ് ചിരവത്തറ അച്ചൻ ഞങ്ങൾക്ക് തന്നിരുന്ന നിർദ്ദേശം. ആ നിർദ്ദേശത്തെ മാനിച്ച് എല്ലാവരും ആ വിധത്തിൽ തന്നെയായിരുന്നു യാത്രയിലുടനീളം. ബോട്ട് യാത്രയിലൂടെ സ്ലീബാ അച്ചൻ അതിന് അല്പം ലാഘവത്വം വരുത്തുകയും ബസ്സ് യാത്രകളിൽ എല്ലാവരെയും രസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. വഴിക്കിരുവശവും ഈന്തപ്പനത്തോട്ടങ്ങളും കൊച്ചുകൊച്ചു ഭവനങ്ങളും കാണാമായിരുന്നു. ഇടയ്ക്കിടെ പടർന്നുപന്തലിച്ച ഫിഗ് മരങ്ങളും. ചില ഹോട്ടലുകളിൽ ബ്രെഡിനൊപ്പം കഴിക്കാനുള്ള ജാമുകളിലൊന്ന് ഫിഗ് മരത്തിന്റെ പഴങ്ങളിൽ നിന്നുണ്ടാക്കിയവയായിരുന്നു. അങ്ങനെയൊരു മരം ഉണ്ടെന്നോ അത് ഇത്ര പടർന്നു പന്തലിച്ചു വളരുന്നതാണെന്നോ ഗൈഡ് പറഞ്ഞു തന്നപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

വീണ്ടും താബോർ മല കാണപ്പെട്ടു. നേരത്തെ മറ്റൊരു വഴിയിലൂടെ വരുമ്പോൾ ഇടതു ഭാഗത്തായാണ് ഈ മല കണ്ടതെങ്കിൽ ഇപ്പോൾ വലതുവശത്തായാണത് കാണപ്പെട്ടത്. ക്രിസ്തുവിന്റെ മുഖം ശോഭാ പൂരിതമാവുകയും ശിരസ്സിനു ചുറ്റും പ്രകാശവലയം കാണപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പത്രോസും, യാക്കോബും, യോഹന്നാനും ആ മുഖത്തെ തേജസ്സ് കണ്ട് വിജ്രംഭിതരായി. വന്ദ്യവയോധികനായ മോശയും, ഏലിയാവും ക്രിസ്തുവിനോട് സംസാരിക്കുന്നതും അവർക്ക് കാണുവാൻ കഴിഞ്ഞു. യേശുവിന്റെ മഹത്വീകരണം നടന്ന മലയായതുകൊണ്ട് മഹത്വീകരണ മലയെന്നും തേജസ്‌ക്കരണ മലയെന്നും ഇതിന് പേരുണ്ട്.

വീണ്ടും ഗലീലക്കടൽ, ഗോലാൻ മലകൾ, ജോർദ്ദാൻ അതിർത്തി ഇവയെല്ലാം നോക്കിക്കണ്ട് മുന്നോട്ടു യിസ്രായേലിൽ കൂടിയാണ് യാത്രയെങ്കിലും ജോർദ്ദാൻ വാലി എന്നാണാ സ്ഥലങ്ങൾ പൊതുവേ അറിയപ്പെടുന്നത്. ഇടയ്ക്ക് അൽമുക്ക് എന്നു പറയുന്ന സ്ഥലത്ത് ബസ്സ് നിർത്തി. കാപ്പിയോ ജ്യൂസോ കുടിക്കേണ്ടവർക്ക് കുടിക്കാമെന്നും ടോയ്‌ലെറ്റ് സൗകര്യങ്ങൾ അവിടെ ലഭ്യമാണെന്നും അറിയിച്ചു, ഒരു കാപ്പി അത്യാവശ്യമായി തോന്നിയിരുന്നെങ്കിലും മൂന്ന് ഡോളർ അതായത് നൂറ്റി അൻപത് രൂപ നഷ്ടമാക്കണോ വെറും ഒരു കാപ്പിക്ക് എന്നും ചിന്തിച്ചു പോയ നിമിഷം. രണ്ടും കൽപ്പിച്ച് വാങ്ങിക്കുടിച്ചവർ വെറുതെ കാശു കളഞ്ഞല്ലോ എന്നും വിഷമിച്ചു. ‘കാപ്പച്ചീനോ’ എന്നു പറയുന്ന നല്ല കടുപ്പത്തിലുള്ള ഒരു കാപ്പി ആയിരുന്നു അത്. വലിപ്പമുള്ള ഗ്ലാസ് നിറയെ അതുണ്ടാവുകയും ചെയ്യും. വിദേശിയരുടെ ഒരു പ്രത്യേക പാനീയമാണ് അത്തരത്തിലുള്ള കാപ്പി. നമുക്കുണ്ടോ അത് ഇഷ്ടപ്പെടുന്നു? തിരികെ ബസ്സിൽ കയറുമ്പോൾ പലരും ഒട്ടകത്തിന്റെ പുറത്തു കയറുന്നു, സവാരി നടത്തുന്നു. സന്ദർശകരുടെ ആകർഷണത്തിനും അതുവഴി ലാഭം കൊയ്യാനുമുള്ള ഒരു ബിസിനസ്സ്. ഫോട്ടോയെടുക്കാൻ മാത്രം ഒരു ചാർജ്ജ്. പുറത്തിരുത്തി വലം വയ്ക്കാൻ മറ്റൊന്ന്. ഇങ്ങനെ പോകുന്നു നിരക്കുകൾ. ഞങ്ങളുടെ കൂടെയുള്ള എൽദോ ജെയിംസിന് അതിന്റെ അടുത്ത് പോകാനും തൊട്ടു തലോടാനും കയറിയിരുന്നു സവാരി ചെയ്യാനും ഫോട്ടോ എടുക്കാനുമൊക്കെ താല്പര്യമുണ്ടായിരുന്നു. പക്ഷെ അതിനൊക്കെ പോയാൽ ഷെഡ്യൂളിലുള്ള പോലെ യാത്ര പൂർത്തീകരിക്കാനാവാത്തതു കൊണ്ട് മനസ്സില്ലാമനസ്സോടെ അവൻ ബസ്സിൽ കയറി.

ബസ്സ് മുന്നോട്ടു നീങ്ങുമ്പോൾ സൺഡേസ്‌കൂളിൽ ഒരിക്കൽ അവതരിപ്പിച്ച നല്ല ശമരിയാക്കാരന്റെ കഥയിലെ ശമരിയാക്കാരന്റെ വീട് സ്ലീബാ അച്ചൻ കാണിച്ചുതന്നു. വീണ്ടും മുന്നോട്ടുപോയപ്പോൾ താഴ്‌വരയിൽ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ എന്ന് ശിഷ്യൻ കെട്ടി ഞാന്നു മരിച്ച സ്ഥലമായ രക്തനിലമെന്നൊ, കുശവന്റെ നിലമെന്നൊ ഒക്കെ വിളിക്കപ്പെടുന്ന അക്കൽദാമ കാണാൻ കഴിഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്തതിന് യഹൂദന്മാർ നൽകിയ മുപ്പത് വെള്ളിക്കാശുകൊണ്ടു വാങ്ങിയ നിലമായിരുന്നു അത്, യേശു ക്രൂശിക്കപ്പെട്ടതിനു ശേഷം കുറ്റബോധത്താൽ യൂദാ കെട്ടി ഞാന്നു മരിക്കുകയാണ് ചെയ്തത്.

പാലസ്തീനേയും യിസ്രായേലിനെയും വേർതിരിച്ചു കൊണ്ട് ഒരു വലിയ മതിൽ ഉയർത്തപ്പെട്ടിരിക്കുന്നു. ബസ്സ് നീങ്ങുമ്പോൾ ഈ വൻമതിൽ ഒരു കോട്ട പോലെ ഉയർന്നു നിൽക്കുന്നത് കാണാം, അന്തമില്ലാതെ. ബേത്‌ലഹേം, ബെജാല, ബേത്‌സഹൊ, എന്നീ മൂന്ന് ജില്ലകൾ കൂടുന്നതാണ് ഈ പ്രദേശം. ക്രിസ്ത്യാനികൾ കുറവാണിവിടെ. ഉണ്ടായിരുന്നവർ പല രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തു. വഴിയോരങ്ങളിൽ ചെറുതും വലുതുമായ കെട്ടിടങ്ങളും ഉള്ളിലേക്ക് കൃഷിയിടങ്ങളും കാണപ്പെട്ടു. ഫലവൃക്ഷങ്ങളും വൻ വൃക്ഷങ്ങളും നിറഞ്ഞുനിന്ന പ്രദേശങ്ങളും ഒന്നു മില്ലാതെയുള്ള തരിശുഭൂമികളും യാത്രക്കിടയിൽ കണ്ടു.

ബേത്‌ലഹേമിൽ ഉണ്ണിയേശു പിറന്നു വീണ കാലിത്തൊഴുത്ത് ഒരു ദേവാലയമായി രൂപപ്പെടുത്തിയിരിക്കുന്നു. ‘ചർച്ച് ഓഫ് നേറ്റിവിറ്റി’ അല്ലെങ്കിൽ ‘തിരുപ്പിറവി ദേവാലയം’ എന്നാണ് അതിന്റെ പേര്. കുരിശിന്റെ ആകൃതിയിലാണ് അത് പണിതുയർത്തിയിരിക്കുന്നത്. പള്ളിയകത്ത് അൾത്താരയുടെ വലതുവശത്തുകൂടി മുന്നോട്ടുനീങ്ങി ഒരു ചെറിയ പടിക്കെട്ടിലൂടെ ക്യൂ പാലിച്ച് താഴേക്കിറങ്ങുമ്പോൾ വലതു വശത്തായി ഒരു അൾത്താരയും അതിന്റെ അടിവശത്ത് നക്ഷത്രത്തിന്റെ ആകൃതിയിൽ പലനിറങ്ങളിലുള്ള മാർബിളുകളൊ കല്ലുകളൊ പതിച്ച് അലങ്കരിച്ച് സൂക്ഷിച്ചു വെച്ചിരിക്കുന്നതും കാണാം. അവിടെയാണ് യേശു പിറന്ന സ്ഥലം. ഇടതു വശത്ത് ഉണ്ണിയേശുവിനെ എടുത്തു കിടത്തിയ ഭാഗവും കണ്ണാടിച്ചില്ലിട്ട് ദീപാലംകൃതമായി ഭക്ത്യാദരപൂർവ്വം സൂക്ഷിച്ചിരിക്കുന്നു. നാൽപ്പത്തിയെട്ട് തൂക്കുവിളക്കുകളാണ് ആ ചെറിയ അറക്കുള്ളിൽ അലങ്കരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ലത്തീൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഫലകങ്ങളും കാണാം. രണ്ടു സ്ഥലങ്ങളിലും ഓരോരുത്തരെയായി കയറ്റിവിട്ട് പ്രാർത്ഥിച്ച് കുമ്പിട്ടു നമസ്‌കരിച്ച് നേർച്ചയും സമർപ്പിച്ച് ഇറങ്ങി എല്ലാവരും ചേർന്ന് പാട്ടുകൾ പാടി പ്രാർത്ഥനയോടെ പുറത്തേക്കുവന്നു. ഓരോരുത്തരുടെയും മനസ്സിൽ ഉണ്ണിയേശുവിനെ കണ്ട പ്രതീതിയായിരുന്നു. തൊട്ടു സ്പർശിച്ച അനുഭവമായിരുന്നു. ആ അനുഭൂതി ഉൾക്കൊണ്ട് ഞങ്ങളുടെ അടുത്ത യാത്ര തുടർന്നു.

ഏകദേശം ഒരു കിലോമീറ്ററിനുള്ളിൽ ജെറോം എന്ന പിതാവ് ബൈബിൾ പരിഭാഷപ്പെടുത്തിയ സ്ഥലമായ ‘സെന്റ് ജെറോംസ് ചർച്ച്’ രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്ന് അടക്കം ചെയ്ത സ്ഥലമായ ‘ചൈൽഡ്‌സ് റ്റോംമ്പ്’ മാതാവിന്റെ ഒരു ത്രോണോസ്സ് ‘മിൽക്ക് ഗ്രോട്ടോ’ എന്നീ സ്ഥലങ്ങൾ ഉണ്ടെങ്കിലും സമയത്തിന്റെ കുറവു മൂലം മിൽക്ക് ഗ്രോട്ടോ മാത്രം കണ്ട് പുതിയ ഹോട്ടലിലേക്ക് പോയി. മാതാവ് കുഞ്ഞിന് മുലപ്പാൽ കൊടുത്തപ്പോൾ പാൽ നിലത്ത് ഇറ്റുവീണതും പാൽ നിലത്തുവീണ ഭാഗം പാൽ നിറമായി ഇപ്പോഴും കാണപ്പെടുകയും ചെയ്യുന്നു. ഈ സ്ഥലത്ത് ഒരു ത്രോണോസ്സും ഒരു കാണിക്ക വഞ്ചിയും രൂപീകരിക്കപ്പെട്ടിരിക്കുന്നു.

പുതിയ ഹോട്ടലായ ‘സെവൻ ആർച്ചസ് ഹോട്ടൽ’ നേരത്തെ താമസിച്ച രണ്ടു ഹോട്ടലുകളേയും പിൻതള്ളുന്ന തരത്തിലുള്ളതായിരുന്നു. ഒന്നാം ദിവസത്തേയും രണ്ടാം ദിവസത്തേയും പരിചയം കൊണ്ട് ഞങ്ങൾക്ക് ആ ഹോട്ടലിൽ ഒരു വിഷമവും തോന്നിയില്ല. ഭക്ഷണത്തിനും കുളിക്കും ഒന്നും തന്നെ. ഇനിയുള്ള ദിവസങ്ങളിൽ ഈ ഹോട്ടലിൽ തന്നെയാണ് താമസം എന്നതിനാൽ ആരും ലഗേജുകൾ കൊണ്ടുവരേണ്ടതില്ല പിറ്റേന്ന് എന്ന് അറിയിച്ചിരുന്നു. അതും ഒരു സന്തോഷം തന്നെയായിരുന്നു. കാരണം ദിവസവും രാവിലെ ലഗേജുകളും കൊണ്ടിറങ്ങുക രാത്രിയിൽ അതും കൊണ്ട് തിരിച്ചു കയറുക എല്ലാം പലർക്കും പ്രത്യേകിച്ച് പ്രായമായവർക്ക് ബുദ്ധിമുട്ട് തന്നെയായിരുന്നു.

 

(തുടരും………)

 

About The Author

Leave a Reply

Your email address will not be published. Required fields are marked *