മലയാളത്തിലെ കർത്തൃപ്രാർത്ഥനാഫലകവും സെഹിയോൻ മാളികയിലെ കുർബാനാനുഭവവും
മേരി അലക്‌സ് (മണിയ)
നാലാം ദിവസം. പതിവിനങ്ങളായ വേക്കപ്പ് കോൾ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റൽ, ബ്രേക്ക് ഫാസ്റ്റ്, ബസ്സ്. അന്ന് ഞങ്ങൾ പോയത് ഒലിവ് മലയിലേക്കാണ്. അവിടെയാണ് യേശു തന്റെ ഏകാന്തതകൾ ചിലവഴിച്ചിരുന്നത്, ധ്യാനനിമഗ്‌നനായി, പ്രാർത്ഥനാ നിരതനായി മണിക്കൂറുകളോളം ഒലിവ് മരങ്ങളുടെ തണലിലും, പാറക്കൂട്ടങ്ങളുടെ ഇടയിലും, ഗുഹകളിലും ഒക്കെയായി സമയം ചിലവഴിച്ചിരുന്നത്. ഇടയ്ക്കുള്ള അവസരങ്ങളിൽ ശിഷ്യഗണങ്ങളെ ബോധവൽക്കരിച്ചിരുന്നത്. ഈ മലമുകളിൽ നിന്നാണ് യേശു സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത്. ക്രിസ്തുവിന്റെ കാൽപ്പാദം പതിഞ്ഞതായ പാറ അവിടെ ചെറിയ അഴികളിട്ടു ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. മെഴുകുതിരികൾ കത്തിച്ചും, തൊട്ടു വണങ്ങിയും, കുമ്പിട്ടു നെറ്റിതൊടുവിച്ചും ഭയഭക്തി ബഹുമാനങ്ങളോടെ ഓരോരുത്തരുടെ മനസ്സിനനുസൃതമായി പ്രാർത്ഥിച്ചു. നേരത്തെ അത് ഒരു ക്രിസ്ത്യൻ പള്ളിയായിരുന്നെങ്കിലും ഇപ്പോൾ അതൊരു മുസ്ലിംപള്ളിയായി നിലകൊള്ളുന്നു. ഈ മലമുകളിൽ നിന്ന് നോക്കിയാൽ പഴയ യെരുശലേം പട്ടണത്തിന്റെ ഒരു സുന്ദര ദൃശ്യം കാണാൻ കഴിയും. ഒരു വശത്ത് മലനിരകൾ, മറുവശത്ത് ക്രിസ്ത്യൻ, മുസ്ലിം, ജൂയിഷ് സെമിത്തേരികളാണ്. ഹെദ്രോൻ താഴ്‌വര, ഗദ്‌സമനതോട്ടം, അബ്ശാലോം രാജകുമാരന്റെ ശവകുടീരം, ഉള്ളിയുടെ ആകൃതിയിലുള്ള സുവർണ്ണ ഗോപുരങ്ങൾ ഉള്ള റഷ്യൻ ഓർത്തഡോക്‌സ് ചർച്ച് ഇവയെല്ലാം അവിടെ നിന്നാൽ കാണാവുന്ന കാഴ്ചകളാണ്.
യെരുശലേമിന്റെ പൂർണ്ണമായ ചിത്രങ്ങൾ അവിടെ ഞങ്ങൾക്ക് വാങ്ങാൻ കഴിഞ്ഞു. സ്ലീബാ അച്ചൻ നേരത്തെ സൂചിപ്പിച്ചിരുന്നതുകൊണ്ട് മറ്റു പലയിടങ്ങളിലും കണ്ടെങ്കിലും ഇവിടെ തുച്ഛമായ വിലയ്ക്കാണ് അത് വിൽക്കപ്പെടുന്നത്. പലരും ചെറുതും വലുതുമായി പല വലുപ്പത്തിലുള്ള ചിത്രങ്ങൾ വാങ്ങി, നാട്ടിലെത്തുമ്പോൾ അവിടെയുള്ളവർക്ക് സമ്മാനിക്കാൻ തക്കവണ്ണം, എന്നാൽ അത്തരമൊരു ചിത്രം വെറുതെ ചുരുട്ടി വച്ചിരുന്നാൽ ഒരു പ്രയോജനവുമില്ല മറിച്ച് വൃത്തിയായി ഫ്രെയിം ചെയ്ത് സ്ഥലങ്ങൾ അടയാളപ്പെടുത്തി എഴുതി വെച്ചാൽ അതിന്റെ ഭംഗി മാത്രമല്ല കാഴ്ചക്കാർക്ക് മനസ്സിലാകുകയും ചെയ്യും. ഇത് വായനക്കാർക്കും, യാത്ര പോകുന്നവർക്കും ഒരു സൂചന മാത്രം.
അടുത്തതായി ഞങ്ങൾ കടന്നുചെന്നത് യേശു ശിഷ്യന്മാരെ കർത്തൃപ്രാർത്ഥന പഠിപ്പിച്ച സ്ഥലത്തേക്കാണ്. നടന്ന് ചെല്ലാൻ തക്ക ദൂരം മാത്രം. ‘ചർച്ച് ഓഫ് പാസ്റ്റർ നോസ്റ്റർ’ എന്നാണതിന്റെ പേര്. ഫ്രാൻസിസ്‌കൻ കന്യാസ്ത്രീകളുടെ ഒരു കോൺവെന്റ് അതിനോടനുബന്ധിച്ചുണ്ട്. ഈ ദേവാലയം പണികഴിപ്പിച്ച ഒറല്ലാ രാജ്ഞിയുടെ ശവകുടീരവും ഇവിടെത്തന്നെ. ഒരു ചെറിയ വാതിലിൽ കൂടി നാലഞ്ചു പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുമ്പോൾ വിശാലമായ ഒരു പാറ കാണാൻ കഴിയും. അതിന്മേലിരുന്നാണ് ക്രിസ്തു ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ’ അല്ലെങ്കിൽ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് തുടങ്ങുന്ന കർത്തൃ പ്രാർത്ഥന ശിഷ്യന്മാർക്ക് ചൊല്ലിക്കൊടുത്തത്. അവർ ഇരുന്നിരുന്നതായ സ്ഥലത്തെ കുറച്ച് ഭാഗം-വേർതിരിക്കപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് ഞങ്ങൾ ആ പ്രാർത്ഥന ഉരുവിട്ടു. പുറത്തേക്കുള്ള പടിക്കെട്ടുകൾ ഓരോരുത്തരായി കയറി. വാതിൽ കടന്നു പുറത്തിറങ്ങുമ്പോൾ കാണുന്നത് ഭിത്തിയിൽ പല ഭാഷകളിലായി എഴുതപ്പെട്ട ഈ പ്രാർത്ഥനയാണ്. ഏതാണ്ട് നൂറ്റി നാൽപ്പത് ഭാഷകളിൽ കർത്തൃപ്രാർത്ഥന എഴുതപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അതുകണ്ടപ്പോൾ കേരളീയരായ ഞങ്ങളേവരും കോരിത്തരിച്ചുപോയി. 2005-ലാണ് മലയാളത്തിൽ എഴുതപ്പെട്ട ആ ഫലകം അവിടെ പതിപ്പിക്കാൻ അവസരം ലഭിച്ചത്. സ്ലീബാ അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അയ്യായിരം ഡോളർ വില കൊടുത്ത് പ്രധാന കവാടത്തിന്റെ ഇടതുവശത്തായി അത് സ്ഥാപിച്ചിരിക്കുന്നു. സ്ലീബാ അച്ചന്റെ നാമവും അതെഴുതപ്പെട്ട വർഷവും അതിൽ ആലേഖനം ചെയ്തിട്ടുണ്ട്. അച്ചന്റെ ഈ ഉദ്യമത്തെയും മനസ്സിൽ പ്രേരണ തോന്നിപ്പിച്ച് അതിനിടയാക്കുകയും ചെയ്ത ദൈവത്തെയും മഹത്വപ്പെടുത്തുന്നു.
അടുത്തതായി ഞങ്ങൾ പിൽഗ്രിംസിന്റെ ഗ്രൂപ്പായുള്ള ഫോട്ടോയെടുക്കാനുള്ള അവസരമായിരുന്നു. അതിനായി പ്രത്യേക സ്ഥലം സന്ദർശകർക്ക് നിന്ന് കാഴ്ച കാണാനും ഫോട്ടോകൾ എടുക്കാനും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു ഗ്രൂപ്പുകളായി നിന്ന് ഫോട്ടോകൾ എടുക്കാൻ സ്ലീബാ അച്ചൻ അവസരമൊരുക്കി. നിർദ്ദേശമനുസരിച്ച് കുട്ടികൾ മുന്നിലിരുന്നും ചിലർ മുട്ടുകുത്തി നിന്നും പൊക്കം ശരിയാക്കാനും ദമ്പതികൾ ഒരുമിച്ച് നിൽക്കാനുമുള്ള ക്രമീകരണങ്ങൾ ചെയ്ത് അച്ചന്മാർ എല്ലാവരും ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു. അഞ്ച് ഡോളർ കൊടുത്ത് പേരുകൾ നൽകിയാൽ കോപ്പികളും ലഭിക്കുമെന്ന് അറിയിച്ചതനുസരിച്ച് ഒട്ടുമിക്കവരും പേരും പണവും ഏൽപ്പിച്ചു. ചിലർ പറഞ്ഞത് കേൾക്കാതെ മുന്നോട്ടു നടന്നതിനാൽ പണം കൊടുക്കാനോ പേരുകൾ നൽകാനോ സാധിക്കാതെ വിഷമിച്ചു. കാരണം, എവിടെ നിന്നോ വരുത്തിയ ഫോട്ടോഗ്രാഫർ അയാൾക്ക് കിട്ടിയ നമ്പർ മാത്രം കോപ്പികളെടുത്ത് പിറ്റേന്ന് ബസ്സിനുള്ളിൽ വിതരണം ചെയ്യത്തക്കവിധത്തിലാണ് അറേഞ്ചു ചെയ്തിരിക്കുന്നത്. പിന്നീട് ഓർഡർ കൊടുത്താൽ അയാൾക്ക് കോപ്പികൾ എടുക്കാനാവില്ലത്രേ. ഒരു പ്രാവശ്യം കോപ്പികൾ എടുത്തു കഴിഞ്ഞാൽ നെഗറ്റീവ് നശിപ്പിച്ചു കളയുകയാണ് പതിവ് എന്നാണറിയാൻ കഴിഞ്ഞത്. അല്ലെങ്കിലും അവർ അത് സൂക്ഷിച്ചിട്ടെന്ത് കാര്യം. ഏതേതോ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ആളാരെന്നോ പേരെന്തെന്നോ അറിയാനാകാതെ എന്തിനതവർ സൂക്ഷിക്കണം?, മണർകാടുകാരായ ഞങ്ങൾക്ക് മാത്രമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ സമയക്കുറവു കൊണ്ടും പലരും മുന്നോട്ടു നടന്നു പോയതിനാലും വീണ്ടും ഒരു ഒരുമിപ്പിക്കലിന് സാധ്യമായില്ല.
അവിടെ നിന്നും ഞങ്ങൾ ഇറങ്ങിയത് ഗദ്‌സമനത്തോട്ടത്തിലേക്കുള്ള വഴിയിലേക്കാണ്, ഒലിവു കമ്പുകൾ വെട്ടി വഴിയിൽ നിരത്തി ഓശാന പാടിയ വീഥി-കീഴ്‌പോട്ട് കുത്തനെ ഇറക്കം. പഴയ കാലത്തു പാകിയ കല്ലുകൾ പലതും വെള്ളം ഒഴുകിയും ആളുകൾ നിരന്തരം നടന്നും മിനുസപ്പെട്ട് തെന്നിപോകുന്ന വിധത്തിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ നടക്കുമ്പോൾ വീഴ്ച ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ഇടുങ്ങിയ വഴിയായതുകൊണ്ട് പോക്കറ്റടിയും ബാഗ് തട്ടിപ്പറിക്കലും നിത്യ സംഭവങ്ങളാണെന്നും അച്ചൻ സൂചിപ്പിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ളവരെ ബസ്സിൽ അവിടെയെത്തിക്കും എന്നു പറഞ്ഞതനുസരിച്ച് ചിലരൊക്കെ ബസ്സിൽ കയറി. ബാക്കിയുള്ളവർ ഇറക്കമിറങ്ങി നടക്കാനും. എന്നിട്ടും ഒന്ന് രണ്ട് പേർ തെന്നി വീഴുകയും ചിലരുടെ പോക്കറ്റിലേക്ക് ഒലിവിന്റെ ഇലകളോടുകൂടിയ ചെറു തണ്ടുകൾ ഇറക്കി അതുവഴി പോക്കറ്റടിക്കാനുള്ള ശ്രമവും നടന്നു. യേശുവിനെ കഴുതപ്പുറത്ത് കയറ്റി ഒലിവിലകൾ വീശിയും വഴിയിൽ നിരത്തിയും ആളുകൾ ഓശാന പാടിക്കൊണ്ട് മുന്നോട്ടു നയിച്ച വഴിയിലൂടെ നടക്കുമ്പോൾ ഓശാന ഞായറാഴ്ചകളിൽ ദേവാലയത്തിനു ചുറ്റും കുരുത്തോല പിടിച്ചു കൊണ്ടു നടക്കുന്ന പ്രതീതിയായിരുന്നു മനസ്സിൽ.
താഴേക്കിറങ്ങുമ്പോൾ യേശു യെരുശലേം നഗരത്തിന്റെ നാശത്തെ ഓർത്തു വിലപിച്ചിരുന്ന് കണ്ണുനീർ തൂകിയ സ്ഥലത്ത് ഒരു പള്ളിയുണ്ട്. കണ്ണുനീർ തുള്ളികളുടെ പള്ളി അല്ലെങ്കിൽ ‘ചർച്ച് ഫ്‌ളമിറ്റ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. അവിടെ നിന്നും താഴേക്കിറങ്ങി കടന്നുചെന്നത് ഗദ്‌സമനാതോട്ടത്തിലേക്കാണ്. യേശു ചുവട്ടിലിരുന്നു പ്രാർത്ഥിക്കാറുണ്ടായിരുന്ന ഒലിവ് വൃക്ഷങ്ങൾ ഇപ്പോഴും ഗദ്‌സമനാതോട്ടത്തിൽ ഉണ്ടെന്നു ള്ളത് ഓർമ്മിക്കേണ്ട ഒരു വസ്തുതയാണ്. രണ്ടായിരത്തിനു മേൽ വർഷങ്ങൾ പഴക്കമുള്ള എട്ട് ഒലിവ് മരങ്ങൾ ഇപ്പോഴും അവിടെ നിൽക്കുന്നു. എല്ലാ വൃക്ഷങ്ങളും ഭംഗിയായി ഭദ്രമായി അഴികളിട്ടു സൂക്ഷിച്ചിരിക്കുന്നു.
തോട്ടത്തിന്റെ ഒരുവശത്തായി യേശു തന്റെ അവസാനനാളുകളിൽ ‘കർത്താവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേ’ എന്നു പ്രാർത്ഥിച്ച സ്ഥലത്ത് ഒരു ദേവാലയം പണിതിരിക്കുന്നു. ആ ദേവാലയത്തിന്റെ പേര് ‘ചർച്ച് ഓഫ് ആഗണി’ അല്ലെങ്കിൽ ‘ചർച്ച് ഓഫ് നോഷൻസ് ‘എന്നറിയപ്പെടുന്നു. ഈ ദേവാലയത്തിന്റെ പ്രത്യേകത അതിനുള്ളിൽ വെളിച്ചം ഇല്ല എന്നുള്ളതാണ്. സമ്പൂർണ്ണ നിശബ്ദത പാലിക്കണമെന്നത് എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ട്. ദുഃഖ നിമ്ഗ്നമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആ ദേവാലയം അവിടെ സ്ഥിതിചെയ്യുന്നു. അതിനുള്ളിലേക്ക് കടന്നപ്പോൾ പലരും പലയിടങ്ങളിലും തട്ടി വീഴാൻ തുടങ്ങുന്നതും ചിലർ തപ്പിത്തടഞ്ഞു കണ്ണുപൊട്ടന്മാരെ പോലെ മുന്നോട്ടു നീങ്ങുന്നതും കണ്ടു. തികഞ്ഞ കൂരിരുട്ടിൽ, പ്രത്യേകിച്ചും വെളിച്ചത്തു നിന്നും കടന്ന് ചെല്ലുന്നവർക്ക് അത് അങ്ങനയേ അനുഭവപ്പെടു.
പള്ളിക്കുള്ളിൽ യേശു ഇരുന്ന് ദുഃഖിച്ചു പ്രാർത്ഥിച്ചതായ പാറ പ്രത്യേകം അഴിക്കുള്ളിലാക്കി വേർതിരിച്ചിട്ടുണ്ട്. അഴികൾക്കിടയിലൂടെ ആ പാറയിൽ ഒന്നു തൊടാനും മുട്ടുകുത്തി ശരിക്കും തലയൊന്നു മൂട്ടിച്ചു പ്രാർത്ഥിക്കാനും എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അവിടെ ഒരു പ്രാർത്ഥനയ്ക്കുള്ള സമയമാണെന്നും എത്രയും വേഗം അവിടെ നിന്നും മാറി നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണെന്നും ഒരു പുരോഹിതൻ അറിയിച്ചു. എല്ലാവരും കാണിക്കയിട്ട് അച്ചന്റെ കൈ മുത്തി പുറത്തുകടന്ന് അവിടവിടെ ഇട്ടിരുന്ന ബെഞ്ചുകളിലിരുന്ന് നിശബ്ദരായി പ്രാർത്ഥിച്ചു.
അടുത്തതായി ഞങ്ങളെ നയിച്ചത് മറിയം കബറടക്കപ്പെട്ട സ്ഥലത്തേക്കാണ്. കിദ്രോൻ താഴ്‌വരയിലെ ഒരു ചാപ്പൽ. യെരുശലേമിൽ മറിയാമിന്റെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. എങ്കിലും ശിഷ്യന്മാർ മാതാവിനെ ഈ താഴ്‌വരയിൽ കൊണ്ടുവന്ന് കബറടക്കി എന്നാണ് ചരിത്രം പറയുന്നത്. കുത്തനെയുള്ള പടിക്കെട്ടിലൂടെ താഴേക്കിറങ്ങുമ്പോൾ വലതുവശത്തായി ഒരു ത്രോണോസ്സ് കാണപ്പെടുന്നു. അതിനുള്ളിലാണ് മാതാവിനെ കബറടക്കിയിരുന്നത്. ഇതിനുള്ളിൽ നിന്നാണ് മാതാവിന്റെ മൃതശരീരം ഉയരങ്ങളിലേക്ക് എടുക്കപ്പെട്ടതും തദവസരത്തിൽ മാതാവ് ധരിച്ചിരുന്നതായ മേലങ്കി തന്റെ പുത്രനായ യേശു തന്നെ ഏൽപ്പിച്ച അരുമ ശിഷ്യനായ യോഹന്നാന്റെ മേലേക്ക് ഊർന്ന് വീണതും എന്ന് വിശ്വസിക്കുന്നത്. ആ വാങ്ങിപ്പിന്റെ ഓർമ്മയാണ് നാം ‘ശൂനോയൊ നോയമ്പ്’ അല്ലെങ്കിൽ ‘വാങ്ങിപ്പു പെരുന്നാളായി’ ആചരിക്കുന്നത്. വിശുദ്ധ ദൈവമാതാവ് മരിച്ച ഭവനം ഇപ്പോൾ കത്തോലിക്കാ മതവിഭാഗം ഒരു ദേവാലയമായി സൂക്ഷിക്കുന്നു. എല്ലാവരും കബറിന് മുൻപിൽ ചേർന്നുനിന്ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനകൾ ചൊല്ലുകയും മാതാവിന്റെ പാട്ടുകൾ പാടുകയും ചെയ്തു. ഓരോരുത്തരെയായി കബറിനുള്ളിൽ കടത്തിവിട്ട് പ്രാർത്ഥിച്ചു മടങ്ങിവരാൻ പറഞ്ഞതനുസരിച്ച് ഓരോരുത്തരും അങ്ങനെ ചെയ്തു പുറത്തുവന്നു.
വീണ്ടും ബസ്സ് യാത്ര. ടെൽ അവീവ് വഴി ജാഫായിലേക്ക്. തബീദ എന്ന ബാലികയെ ഉയിർപ്പിച്ചത് ഇവിടെയാണ്. യോനാ കപ്പലിൽ നിന്നും യാത്ര പുറപ്പെട്ടതും ഇവിടെ നിന്നാണ്. വിശുദ്ധ വേദപുസ്തകത്തിലെ യോപ്പയാണ് ഇന്ന് ജാഫയായി അറിയപ്പെടുന്നത്. ഇടയ്ക്ക് മെഡിറ്റേറിയൻ കടൽത്തീരത്ത് ബസ്സ് നിർത്തി. തീരത്തുകൂടി അൽപ്പദൂരം നടന്ന് പത്രോസിന്റെ നാമത്തിലുള്ള ഒരു ദേവാലയം കണ്ടു. വിശുദ്ധ പത്രോസാണ് ശിഷ്യന്മാരുടെ തലവനും ലോകത്തിലെ ആദ്യത്തെ പാത്രിയാർക്കീസും. വഴിയോരത്ത് പല കടകളും കാണാനിടയായെങ്കിലും സമയക്കുറവു കൊണ്ടും ഗ്യാരന്റി ഭയന്നും ഒന്നും വാങ്ങാൻ തോന്നിയില്ല. ചിലരൊക്കെ ഓടിനടന്ന് എന്തൊക്കെയോ വാങ്ങി തിരികെ ബസ്സിൽ കയറി.
ഉച്ചയ്ക്ക് ഗാർഡൻസ് റസ്റ്റോറന്റിലായിരുന്നു ഭക്ഷണം. പലയിടത്തും പതിവ് വിഭവങ്ങളും പതിവ് രീതികളും. ചിലയിടങ്ങളിൽ മാത്രം എല്ലാം ടേബിളിൽ എത്തിക്കുവാൻ റസ്റ്റോറന്റുകളിൽ ജോലിക്കാർ കൂടുതലുണ്ടായിരുന്നു. കൂടുതൽ ആളുകൾക്കും അതായിരുന്നു താൽപര്യവും. ക്യൂ പാലിച്ചു കാത്തു നിൽക്കാനും പേരോ സ്വാദോ അറിയാത്ത വിഭവങ്ങൾ എടുക്കുവാനും ആരാണ് ഇഷ്ടപ്പെടുക? മേശപ്പുറത്താണെങ്കിൽ രുചിച്ചുനോക്കി ആവശ്യമുള്ളത് മാത്രം എടുത്ത് കഴിക്കാൻ സാധിക്കുമല്ലോ.
പിന്നീട് ഞങ്ങൾ കടന്നു ചെന്നത് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് മാലാഖമാർ ആട്ടിടയർക്ക് അറിയിപ്പ് നൽകിയ സ്ഥലത്തേക്കാണ്. ‘ഷെപ്പേർഡ്‌സ് ഫീൽഡ്’ എന്നാണാസ്ഥലം അറിയപ്പെടുന്നത്. അവിടെ പണിതുയർത്തിയിരിക്കുന്ന ദേവാലയത്തിന്റെ മുകളിൽ ഒരു നക്ഷത്രത്തിന്റെ ആകൃതി രൂപപ്പെടുത്തിയിരിക്കുന്നു. അതിന് കിഴക്ക് ദിക്കിലേക്ക് ചൂണ്ടപ്പെട്ട ഒരു വാൽ ഉണ്ട്. യേശു കിഴക്കുദിക്കിൽ ജനിച്ചിരിക്കുന്നു എന്ന ദിശ സൂചിപ്പിക്കുന്ന ചിഹ്നം. ത്രോണോസ്സിന് പുറകു വശത്തായും ഭിത്തികളിലും ആടുകളുടെയും അവയെ മേയിക്കുന്ന ആട്ടിടയന്മാരുടെയും ചിത്രങ്ങൾ വരച്ചിരിക്കുന്നു. ദേവാലയത്തിന്റെ ഒരു വശത്തു കൂടിയുള്ള പടിക്കെട്ടുകളിലൂടെ താഴേക്കിറങ്ങുമ്പോൾ ആട്ടിടയന്റേയും ആടുകളുടെയും രൂപങ്ങൾ കൊത്തി വച്ചിട്ടുള്ള ഒരു ഫൗണ്ടൻ ദൃശ്യമാകും. അതിന്റെ ഒരു വശത്തു കൂടിയുള്ള വഴിയിലൂടെ കടന്നുചെല്ലുന്നത് പഴയകാലത്തെ ആട്ടിടയന്മാരുടെ വാസസ്ഥലമായ ഒരു ഗുഹ അന്നത്തേതെന്നപോലെ സൂക്ഷിച്ചിരിക്കുന്നതിലേക്കാണ് . അകത്ത് അന്ന് ഉപയോഗത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും, പാത്രങ്ങളും ഇരിക്കാനും കിടക്കാനുമുള്ള തടുക്കുകളും മറ്റു സാധനസാമഗ്രികളും ചിട്ടയോടെ സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴും തീജ്വാല നിറഞ്ഞു കിടക്കുന്ന ഒരടുപ്പും അവിടെ കാണാൻ കഴിഞ്ഞു. ഫോട്ടോകൾ എടുക്കേണ്ടവർ പെട്ടെന്ന് ഫോട്ടോകളെടുത്ത് പുറത്തു വരാൻ പറഞ്ഞതനുസരിച്ച് വേണ്ടവരൊക്കെ ഫോട്ടോകളെടുത്ത് പുറത്തുവന്ന് അടുത്ത സൈറ്റിലേക്ക് യാത്രയായി.
പിന്നീട് ഞങ്ങൾ പോയത് സെഹിയോൻ മാളികയിലേക്കാണ്. പിറ്റേന്ന് പെന്തിക്കോസ്തി ഞായറാഴ്ച ആയതിനാലും മറ്റു സഭകളുടെ ആരാധനകൾ ആ സമയത്ത് നടക്കുന്നുള്ളതു കൊണ്ടും പെന്തിക്കോസ്തിയുടെ ശുശ്രൂഷകളും വിശുദ്ധ കുർബാനയും സെഹിയോൻ മാളികയിൽ ആണ് നടത്തപ്പെടുന്നത് എന്ന് സ്ലീബാ അച്ചൻ അറിയിച്ചിരുന്നു. ഈ മാളികയിൽ വച്ചാണ് യേശുവും ശിഷ്യന്മാരും ഒരുമിച്ചിരുന്ന് തിരുവത്താഴം കഴിച്ചത്. ആ മുറിയുടെ മുകളിലായി ഒരു ദേവാലയം പണിതിരിക്കുന്നു. അതാണ് അപ്പർ റൂം എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാവരും കുർബാനയുടെ അനുഭവത്തിലേക്ക് ആയി തീരേണ്ടതിന് ഉച്ചഭക്ഷണത്തിനു ശേഷം ആരും ഒന്നും കഴിക്കരുതെന്നും പ്രാർത്ഥനയോടും ഉപവാസത്തോടും അതിനായുള്ള ഒരുക്കം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നതുകൊണ്ട് എല്ലാവരും ശുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് പ്രാർത്ഥനാനുഭവത്തോടെയാണ് രാവിലെ തന്നെ ഹോട്ടലിൽ നിന്ന് പുറപ്പെട്ടത്. ഉച്ചഭക്ഷണത്തിനുശേഷം ആരുംതന്നെ ഒന്നും കുടിക്കുകയോ സ്‌നാക്‌സ് കഴിക്കുകയോ ചെയ്തില്ല. എടുത്തവരെ ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ അവരും അത് തിരിച്ചു വെച്ച് കുർബാന സ്വീകരിക്കാനുള്ള തയ്യാറിലായി. പിന്നീട് പ്രാർത്ഥനകളും പ്രാർത്ഥനാ ഗാനങ്ങളുമായി മുന്നോട്ടുള്ള യാത്ര തുടർന്നു.
യെരുശലേം പട്ടണത്തിന്റെ എട്ടു കോട്ട വാതിലുകളിലൊന്നായ ജാഫാ ഗേറ്റ് വഴിയാണ് ഞങ്ങൾ അകത്തു പ്രവേശിച്ചത്. സ്ലീബാ അച്ചന്റെ നേതൃത്വത്തിൽ മുന്നോട്ടു നടക്കുമ്പോൾ തിക്കും തിരക്കും വളവും തിരിവും ഉള്ള വഴികളിൽ ആർക്കും വഴിതെറ്റാതിരിക്കുവാൻ ഓരോരുത്തർ കാത്തുനിന്ന് ഞങ്ങളെ നയിച്ചു. സെഹിയോൻ മാളികയിലേക്കുള്ള വഴി ഇടുങ്ങിയതായിരുന്നെങ്കിലും മാളിക ഭംഗിയായി തീർത്തത് തന്നെയായിരുന്നു. കയ്യും കാലും മുഖവും കഴുകി ശുദ്ധമാക്കി പള്ളിക്കുള്ളിൽ കടന്നപ്പോൾ ഒരു കന്യാസ്ത്രീ അവിടെ നടന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു. ഇരിപ്പിടങ്ങളിൽ എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോൾ അവർ പ്രഭാഷണം നിർത്തുകയും കയറിയിരുന്ന ഓരോരുത്തർക്കും ക്രിസ്തുവിന്റെയും കന്യകമറിയാമും ഒക്കത്ത് യേശുക്കുഞ്ഞും ചേർന്നുള്ളതുമായ ഫോട്ടോകൾ വിതരണം ചെയ്തു. വെളിയിൽ അവരുടെ വില്പനശാലയുണ്ടെന്നും താല്പര്യമുള്ളവർക്ക് ഈ ചിത്രങ്ങളുടെ വലിയ പതിപ്പുകൾ വാങ്ങാമെന്നും അറിയിച്ചു. ഇടയ്ക്ക് ഞങ്ങളിലാരോ ക്യാമറ മിന്നിച്ചപ്പോൾ അവർ ക്ഷുഭിതയായി. വിശുദ്ധ ലൂക്കോസ് വരച്ച ഒരു ചിത്രം ആ പള്ളിയകത്തുണ്ടായിരുന്നു. ഫ്‌ളാഷ് മിന്നുമ്പോൾ അതിന് കേടുപാടുകൾ സംഭവിക്കും അതായിരുന്നു അവരുടെ കോപത്തിന് കാരണമായത്. ആദ്യം തന്നെ അവർ അത് സൂചിപ്പിച്ചിരുന്നെങ്കിലും ഇരിപ്പിടങ്ങൾ തെരഞ്ഞു പിടിക്കുന്നതിനിടയിൽ ആരോ അതു മനസ്സിലാക്കാതെ പ്രവർത്തിച്ചു പോവുകയാണുണ്ടായത്. എന്നാൽ ദേവാലയത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്തുകൊള്ളാൻ അനുവാദം തന്നപ്പോൾ എല്ലാവർക്കും സന്തോഷമായി. ഗർഭിണിയായ എലിസബത്തിനെ വൈദ്യനും ചിത്രകാരനും കൂടിയായിരുന്ന ലൂക്കോസായിരുന്നു വൈദ്യപരിപാലനം നടത്തിയിരുന്നത്. ഗർഭിണിയായ മറിയം എലിസബത്തിനെ കാണാൻ ചെല്ലുകയും ഉള്ളം തുടിച്ചു പ്രജ എലിസബത്തിന്റെ വയറ്റിൽ ചലനം സൃഷ്ടിക്കുകയും ചെയ്ത സംഭവം ക്രിസ്ത്യാനികളായ ഏവർക്കും അറിവുള്ളതാണ്. മാതാവിനെയും കുഞ്ഞിനെയും വരയ്ക്കാൻ ചിത്രകാരനായ വിശുദ്ധ ലൂക്കോസിന് കഴിഞ്ഞത് ആ പരിചയത്തിലൂടെയാണ്. ആ ചിത്രമാണ് ദേവാലയത്തിൽ സൂക്ഷിച്ചിരുന്നത്. വിതരണം ചെയ്തത് അതിന്റെ പതിപ്പുകളും.
വിശുദ്ധ കുർബാന അർപ്പിച്ചതും പെന്തക്കോസ്തിയൂടെ ശുശ്രൂഷകൾ നടത്തിയതും ഒരേ മദ്ബഹായിൽ ഒരേ ത്രോണോസ്സിൽ മൂന്ന് പുരോഹിതരും ചേർന്നായിരുന്നു. ഒരു ത്രോണോസ്സിൽ ഒന്നിൽ കൂടുതൽ അച്ചന്മാർക്ക് കുർബാന അർപ്പിക്കുവാൻ സാധിക്കും എന്നത് പലർക്കും അറിവുള്ള സംഗതിയായിരുന്നില്ല. തുടക്കമിടുന്ന ആൾ തന്നെ അവസാനവും നിർവ്വഹിക്കണമെന്നുമാത്രം. സമയക്കുറവിനാൽ പെന്തക്കോസ്തിയുടെ നീണ്ട ശുശ്രൂഷ ക്രോഡീകരിച്ച് മൂന്നുപേരും ചേർന്ന് നടത്തി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും വാഴ്‌വു നടത്തി വെള്ളം തളിച്ച് എഴുന്നേറ്റപ്പോൾ പതിവില്ലാത്ത സന്തോഷവും ഉന്മേഷവും തോന്നി. കുർബാന അനുഭവിക്കുക കൂടി ചെയ്തപ്പോൾ പൂർണ്ണമായും സമാധാനം കൈവരിച്ച പ്രതീതിയും. ആ വെള്ളം നാട്ടിലെത്തിക്കുവാൻ പലരും കുപ്പികളിൽ ശേഖരിച്ചു. ത്രോണോസ്സിന്റെ മുന്നിൽ നിന്ന് ഫോട്ടോകൾ എടുക്കുവാൻ പരസ്പരം സഹായിച്ചു. കാപ്പയണിഞ്ഞ പുരോഹിതർ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോഴും ക്യാമറയുള്ളവർക്ക് നല്ല തിരക്കായിരുന്നു. തിക്കിത്തിരക്കി മുൻപോട്ടു ചെന്ന അവരെ നോക്കി പലരുടെയും പ്രാർത്ഥനാ വ്യഗ്രത കുറഞ്ഞുപോയോ എന്ന് പോലും തോന്നിപ്പോയി.
മണർകാട് പള്ളിയുടെ നെടുംതൂണായ ചിരവത്തറ അച്ചനായിരുന്നു കുർബാന ആരംഭിച്ചതും അവസാനിപ്പിച്ചതും. എറണാകുളം മുളന്തുരുത്തിയിൽ നിന്നുള്ള വർഗീസ് പുലയത്ത് പൗലോസച്ചനും, കൊല്ലം ശൂരനാട്ടുനിന്നുള്ള ജിജു ജോണച്ചനുമായിരുന്നു മറ്റു രണ്ടുപേർ. അഞ്ചു മണിക്ക് തുടങ്ങിയ ശുശ്രൂഷകൾ എത്രമേൽ ലഘൂകരിച്ചിട്ടും മൂന്നര മണിക്കൂറെടുത്തു അവസാനിക്കാൻ. സമയത്ത് ഹോട്ടലിൽ എത്തിയില്ലെങ്കിൽ അത്താഴം ലഭിക്കാതെ വരുമെന്നുള്ളത് കൊണ്ട് എല്ലാവരും ധൃതിയിൽ ബസ്സിൽ കയറി. പിറ്റേന്ന് കുരിശിന്റെ വഴിയിലൂടെയാണ് യാത്രയെന്നും ചാവുകടലിൽ കുളിക്കാനുള്ള വസ്ത്രങ്ങൾ കരുതിക്കൊള്ളണമെന്നും നിർദ്ദേശിച്ച് സ്ലീബാ അച്ചൻ അടുത്ത ബസ്സിലേക്കും ഞങ്ങളുടേത് ഹോട്ടലിലേക്കും പോയി.
നാല് ദിവസത്തെ പരിചയം കൊണ്ട് എല്ലാവരും കുറച്ചുകൂടി അടുത്തിടപഴകി സൗഹൃദങ്ങൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കടന്നുപോന്ന വഴികളെക്കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും അനുഭവിച്ച കുർബാനയെക്കുറിച്ചും അങ്ങനെ പലതും പറഞ്ഞ് അത്താഴം കഴിച്ച് റൂമിലേക്ക് പോയി. പിറ്റേന്നും പതിവുപോലെ ഉണർന്നു പുറപ്പെടേണ്ടതാണല്ലോ എന്ന ചിന്തയിൽ പെട്ടെന്നു തന്നെ കുളികഴിഞ്ഞു കിടന്നു. കിടന്നതറിയാതെ ഉറങ്ങി പോവുകയും ചെയ്തു.
(തുടരും………)
About The Author
No related posts.