പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ മലയാള കൃതികൾ വായിച്ചാൽ ചിരിച്ചു മണ്ണുകപ്പും. അതിലൊന്നാണ് “പറങ്ങോടീപരിണയം”. പേരു കേൾക്കുമ്പോൾ തന്നെ ചിരി വരുന്നില്ലേ? 1892 ൽ എഴുതപ്പെട്ട കൃതിയാണിത്. നോവൽ. ലക്ഷണയുക്തമായ ആദ്യ നോവൽ “ഇന്ദുലേഖ” പുറത്തിറങ്ങിയതിനു പിന്നാലെ അതിനെ അനുകരിച്ച് ഓരോ ഇന്ദുലേഖാമാധവന്മാർ പുറത്ത് വരാൻ തുടങ്ങി. അത്തരം പ്രവണതകളെ ആക്ഷേപിച്ചു കൊണ്ടും ഇന്ദുലേഖയെ ഒന്നു കളിയാക്കിയും എഴുതിയ കൃതിയാണ് “പറങ്ങോടീപരിണയം” കിഴക്കേപ്പാട്ട് രാമൻ മേനോനാണ് ഈ ചെറു നോവലിന്റെ കർത്താവ്. മുപ്പത്തിനാലാം വയസ്സിൽ അന്തരിച്ച അദ്ദേഹം മരിക്കുന്നതിന് രണ്ടു കൊല്ലം മുമ്പ് എഴുതിയ ആക്ഷേപഹാസ്യ കൃതിയാണിത്. സബ്ജഡ്‌ജിയായിരുന്ന കൃഷ്ണമേനോന്റെ അനന്തരവനും പാട്ടത്തിൽ കൃഷ്ണമേനോന്റെ മകനുമാണ് കിഴക്കേപ്പാട്ട് രാമൻ മേനോൻ. അവരൊരു ചെറുപ്പക്കാരുടെ സെറ്റായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും അപ്പു നെടുങ്ങാടിയും കിഴക്കേപ്പാട്ടും. യാഥാസ്ഥിതിക ചെറുപ്പക്കാർ. അവരുടെ ഉള്ളിലൊരു കിരുകിരുപ്പുണ്ടായിരുന്നു. അപ്പു നെടുങ്ങാടി ആദ്യമായി നോവലെഴുതിയിട്ടും ഇന്ദുലേഖയെ ചുമന്നു നടക്കുന്നവർക്കുള്ള മറുപടി. നർമ്മം കൊണ്ട് കൊല്ലുന്ന കാലം.
ഇന്ദുലേഖയിലെ ചിരി സൂരിനമ്പൂതിരിയും പഞ്ചുമേനോനും കൂടിയാണു കത്തിക്കുന്നതെങ്കിൽ പറങ്ങോടീപരിണയത്തിൽ അത് തുക്കടി സായിപ്പും “കുത്താങ്കീരി” ജാതിയുമാണ്.
താമരക്കുളത്തിൽ ഇട്ടിച്ചിരിയമ്മയുടെ മകൻ പണ്ടശ്ശമേനവനെക്കൊണ്ടു പറങ്ങോടിക്കുട്ടിക്കു സംബന്ധം തുടങ്ങിക്കണമെന്ന ബന്ധുജനങ്ങൾ എട്ടാം അദ്ധ്യായത്തിൽ ആലോചിക്കുന്നു. എന്നാൽ പറങ്ങോടൻ വിട്ടു കൊടുത്തിട്ടു വേണ്ടേ!
പന്ത്രണ്ട് അദ്ധ്യായങ്ങളാണിതിലുള്ളത്. കഷ്ടിച്ച് അൻപത് പുറം. ഇതിലെ പത്താം അദ്ധ്യായം ശ്രദ്ധേയമാണ്
“ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അദ്ധ്യായം”പച്ചക്കങ്ങ് ഇന്ദുലേഖയുടെ പതിനെട്ടാം അദ്ധ്യായത്തെ കൊല്ലുകയാണ്. മാത്രമോ ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ഇന്ദുലേഖാ മാധവന്മാരുടെ മേന്മക്ക് കുടപിടിക്കുന്നതെങ്കിൽ പറങ്ങോടീ പറങ്ങോടന്മാരുടെ അഹങ്കാരത്തിനും ചാപല്യത്തിനുമാണ് ആ വിദ്യാഭ്യാസം കാരണമായത്. ഇന്ദുലേയ്ക്ക് എതിരായിട്ടാണ് പറങ്ങോടീപരിണയം സംസാരിക്കുന്നത്.
“പ്രഹരിച്ചത് കണ്ണടച്ചിട്ടാകയാൽ അർഹരല്ലാത്ത ചിലർക്കു കൂടി കൊണ്ടിട്ടുണ്ടെന്ന്” വിദ്യാവിനോദിനി അന്നെഴുതിയിട്ടുണ്ടായിരുന്നു. പത്താം ക്ലാസ്സുകാരൻ നോവലിസ്റ്റ് രാമൻകുട്ടിമേനോൻ ആധുനിക വിദ്യാഭ്യാസത്തിന്റെ നവോത്ഥാനത്തിനെതിരെ ദുർമുഖമാണ് കാട്ടുന്നത്. ആധുനിക വിദ്യാഭ്യാസം നേടിയ പറങ്ങോടീപറങ്ങോടന്മാരെ പരിഹാസ്യരായും ഇംഗ്ലീഷു പഠിക്കാത്ത ചെണ്ടകൊട്ടുകാരൻ പങ്ങശ്ശമേനോനേയും കണ്ടപ്പ മേനോനെയും ബഹുമാന്യരായും അവതരിപ്പിക്കുന്നു.
സൂക്ഷിച്ചു നോക്കിയാൽ ചന്തുമേനോന്റെ എതിർചേരിയിലെ മൂരാച്ചിത്തലവന്മാരുടെ കയ്യാളായിരുന്നിരിക്കണം “പറങ്ങോടീപരിണയ”ത്തിന്റെ കർത്താവ്. ഇംഗ്ലീഷ് പഠിപ്പിനേയും അതിന്റെ വക്താക്കളുടെ കൃതികളേയും ആക്ഷേപിച്ചു തള്ളുന്നതിന് ഉപയോഗിക്കുന്നതാകട്ടെ സംസ്കൃത പദങ്ങൾ, പഴയ അലങ്കാരങ്ങൾ, ഭാഷാ പ്രയോഗങ്ങൾ, നാടൻ ശൈലി…
ഓരോ അദ്ധ്യായങ്ങളും ഒന്നും അരമുറി പേജുകളുമാണ്. ഇങ്ങനെ കൃതിയങ്ങ് ചുരുക്കിയതെന്തിനെന്നുള്ള ചോദ്യത്തിനുത്തരം അവതാരികയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
“ആദി മലയാള ഭാഷാ നോവൽ കർത്താവ്” എന്ന് പേരു വച്ചാണ് എഴുതുന്നത്. അവിടെയും ആദ്യ നോവൽ കർത്താവായ ചന്തുമേനോനിട്ടൊരു കുത്താണ്. അതിനുള്ള ഉദാഹരണമാണ് ബഹുരസം.
“ഇപ്പോഴത്തെ ചെറുപ്പക്കാരായ യോഗ്യന്മാർ മുഖം മാത്രമല്ലേ ക്ഷൗരം ചെയ്യുന്നുള്ളൂ. എന്ന് ആലോചിക്കരുതോ.” ഈ പരാമർശത്തിൽ എല്ലാമുണ്ട്. പുതുമയെ കളിയാക്കുന്ന നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ പേരു തന്നെ പരിഹാസത്തിൽ തുടങ്ങുകയാണ്: “കുളത്തിൽപ്പോയതും നീർക്കോലിയെ കണ്ടതും”
വടക്കേ വളപ്പിലെ ഒരു പൊട്ടക്കുളത്തിൽ ചെന്നപ്പോൾ അവർ തമ്മിലുള്ള സംഭാഷണം ഇങ്ങനെ…
പറങ്ങോട്ടി:- എടെടോ! ഇതാ ഒരു നീർക്കോലി നോക്കൂ. അതാതാ അവിടെയതാ!
പറങ്ങോടൻ:- കണ്ടു. അനക്കാതിരിക്കു. നോക്ക് അതിനെ പിടിക്കണം. ഞാൻ ഈർക്കിലി കൊണ്ട് ഒരു കുടുക്ക് ഉണ്ടാക്കാം.
എന്നു പറഞ്ഞു കുളക്കടവിൽ നിന്നു കയറി വടക്കേ വേലിക്കു സമീപം നിൽക്കുന്ന തെങ്ങിന്റെ ചുവട്ടിൽ ചെന്നു പട്ട ഏന്തിപ്പിടിക്കുമ്പോൾ അതിന് എത്രേയോ സമീപമായി കിടക്കുന്ന നിരത്തിൽക്കൂടി ഒരു സായവ് കുതിരപ്പുറത്തു കയറി ചടപട, ചടപട എന്നു പോകുന്നതു കണ്ടു.
പങ്ങമാരാർക്കു പറങ്ങോടൻ എന്ന ഒരു മരുമകനും ചരിക്കാം പാച്ചിയിൽ മുക്കാണ്ടിയമ്മ എന്നൊരു ഭാര്യയും പറങ്ങോടീ എന്നൊരു മരുമകളും ഉണ്ടായിരുന്നു.
രണ്ടാം അദ്ധ്യായം “ഒരത്ഭുത”മാണ്. മുക്കാണ്ടിയമ്മ മുറ്റത്തിരിക്കുമ്പോൾ ഒരു കാഴ്ചകാണുന്നു. പകുതി മനുഷ്യ രൂപവും പകുതി മൃഗരൂപവുമായൊരു പിശാച് ഓടിപ്പോകുന്നു. അത് തുക്കിടി സായ്പ് ആയിരുന്നു. ഒരു ഖണ്ഡികയിൽ തീരുന്ന അദ്ധ്യായം.
മൂന്നാം അദ്ധ്യായം “ചെണ്ടകൊട്ടിയത്”, നാലാം അദ്ധ്യായം ” ഒരു ആണ്ടിയൂട്ടാ”ണ്. അഞ്ചാം അദ്ധ്യായം “മരുമകൻ വക്കീലായതും മകൾ തിരണ്ടതും.” ആറാം അദ്ധ്യായം “കൊടുങ്ങല്ലൂർ ഭരണി”, ഏഴാം അദ്ധ്യായത്തിന്റെ ശീർഷകം “തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും” എട്ടാം അദ്ധ്യായം “പറങ്ങോടിയുടെ പരിഭ്രമവും പറങ്ങോടന്റെ പരിങ്ങലും” ഇത്തരത്തിൽ നർമ്മം വഴിഞ്ഞൊഴുകുന്ന ശീർഷകങ്ങൾ.
ഡോ.ജോർജ് ഇരുമ്പയമാണ് പ്രാചീന മലയാള നോവലിനെപ്പറ്റി പഠിച്ച് അവ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗവേഷണം പോലും ആദ്യകാല മലയാള നോവലിനെപ്പറ്റിയാണ്. “മലയാള നോവൽ 19-ാം ശതകത്തിൽ” എന്നൊരു പ്രൗഢ ഗ്രന്ഥം അദ്ദേഹത്തിന്റേതായിട്ടുണ്ട്.
അവഗണിച്ചു നിസ്സാരമായി ചിരിച്ചു തള്ളിയിട്ടിരുന്ന കൃതികൾ പ്രസക്തമായിത്തീരുന്നു. ഇന്ന് പുറത്തിറക്കിയാലും പെട്ടന്ന് വിറ്റുപോകുന്ന കൃതിയാണ് “പറങ്ങോടീപരിണയം”. അതിന്റെ പാരഡീ സ്വഭാവമാണ് കാരണം. ബഷീർ കൃതി പോലെ ഒറ്റയിരുപ്പിന് വായിക്കാം.
എന്തായാലും നാടകത്തിൽ മുൻഷി രാമക്കുറുപ്പിന്റെ “ചക്കീചങ്കരം” പോലെ നോവലിലുണ്ടായ ആക്ഷേപഹാസ്യ കൃതിയാണ് “പറങ്ങോടീപരിണയം”. സത്യാനന്തരകാലത്ത് ഈ രണ്ട് കൃതികളും മലയാളത്തിൽ താരശോഭയോടെ വിളങ്ങുകയാണ്.
About The Author
No related posts.