മുകുന്ദപുരം കൃഷ്ണരായരാണോ ടി.കെ. കൃഷ്ണേമേനോൻ ? – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

സകലമാന സാഹിത്യ സംഘടനകളിലും അംഗവും സർവ്വസാഹിത്യ വിഭാഗങ്ങളിലും കുളിച്ചു കയറി സാഹിത്യ പോഷണം നടത്തുകയും ചെയ്ത ഒരെഴുത്തുകാരൻ എറണാകുളത്തെ തോട്ടയ്ക്കാട്ട് കുടുംബത്തിൽ 1868 ൽ പിറന്നു. അന്നത്തെ ഫയർ ബ്രാന്റ് കവയിത്രി തോട്ടക്കാട് ഇക്കാവമ്മയുടെ സഹോദരൻ തോട്ടയ്ക്കാട്ട് കുഞ്ഞുകൃഷ്ണമേനോൻ എന്ന ടി. കെ. കൃഷ്ണ മേനോൻ.
ഭാഷാപോഷിണി സഭ, കൊച്ചി സാഹിത്യ സമാജം, സാന്മാർഗ്ഗ പോഷിണി സഭ, സാഹിത്യ പരിഷത്ത് … എന്നീ സംഘടനകളിലെല്ലാം സജീവാംഗമായിരുന്നു. കൊച്ചി ഭാഷാപരിഷ്ക്കരണ കമ്മറ്റി, പാഠ പുസ്തകക്കമ്മിറ്റി എന്നിവക്ക്പുറമേ 1925 ൽ കൃഷ്ണമേനോനെ കൊച്ചി നിയമസഭയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ആറു കൊല്ലം കഴിഞ്ഞാണ് വിരമിക്കുന്നത്. ഭാഷയിലെ രണ്ടാമത്തെ സാഹിത്യ മാസികയായ വിദ്യാവിനോദിനിയുടെ പത്രാധിപരായും സ്ഥാനം അലങ്കരിച്ചു. 90 വയസ്സു വരെയാണ് ജീവിച്ചിരുന്നത്.

തോട്ടക്കാട്ട് കുട്ടിപ്പാറുവമ്മയുടേയും നന്തിക്കര ചാത്തുപ്പണിക്കരുടേയും മകൻ ടി.കെ.കൃഷ്ണമേനോൻ മെട്രിക്കുലേഷനും എഫ്.എയും പഠിച്ചത് എറണാകുളത്തായിരുന്നു. ബി.എ.യ്ക്ക് വായിക്കാൻ മദിരാശിക്കു വണ്ടി കയറി. 1894 ൽ ബി.എ. ക്കാരനായി. മലയാളം മുൻഷി മൂളിയിൽ കൃഷ്ണന്റെ പ്രോത്സാഹനത്തിൽ ട്രാൻസ്‌ലേറ്റർ ഹയർ പരീക്ഷ എഴുതി ഒന്നാം ക്ലാസ്സിൽ പാസ്സായി. ബി.എൽ കോഴ്സ് പൂർത്തിയാക്കി യെങ്കിലും തടസ്സപ്പെട്ടു. എഫ്.എൽ ന്റെ ബലത്തിൽ 1899 ൽ ജില്ലാ കോടതിയിൽ വക്കീലായി.

ഇരുപത്തഞ്ച് വയസ്സിലേ വിവാഹം കഴിച്ചു. തെക്കേക്കറുപ്പത്ത് കല്യാണിയമ്മ. അതും എഴുത്തുകാരി.
കൃഷ്ണ മേനോന്റെ മരണം കൂനൂരിൽ വച്ചായിരുന്നു. സുഖവാസത്തിനായി അദ്ദേഹം കൂനൂരിൽ താമസിക്കുക പതിവായിരുന്നു. അങ്ങനെ കൂനൂരിൽ താമസിക്കുമ്പോഴാണ് ഹൃദയ സ്തംഭനം വരുന്നത്.

ടി.കെ.കൃഷ്ണമേനോന്റെ ആദ്യ കൃതി വിവർത്തനമാണ്.ആർ.സി. ദത്ത് എന്ന ഐ സി എസ് കാരൻ ഇംഗ്ലീഷിൽ എഴുതിയ Ancient India. 1895 ൽ “പ്രാചീനാര്യാവർത്തനം ” എന്ന പേരിൽ  മലയാളത്തിലാക്കി.
ഋഗ്വേദം മുഴുവൻ ഇംഗ്ലീഷിലാക്കി. എന്തിന് രാമായണവും മഹാഭാരതവും വരെ ഇംഗ്ലീഷിലാക്കി. ബംഗാളി സാഹിത്യ ചരിത്രവുമെഴുതി.

1898 ൽ ൽ ടി.കെ.കൃഷ്ണമേനോൻ എഡിറ്റുചെയ്ത് പ്രസിദ്ധപ്പെട്ടത്തിയ പുസ്തകമാണ് “ഭാഷാ കാവ്യ പ്രവേശിക ”
ഇതിൽ രസകരമായ കണ്ടെത്തലുകളാണുള്ളത്. ബി.സി 3100മുതൽ ബി.സി 100 വരെ മലയാളഭാഷയെപ്പറ്റി വലിയ വിവരമൊന്നുമില്ലത്രേ! ബിസി100 മുതൽ എ ഡി 825 വരെ അജ്ഞാത നാമാക്കളുടെ ചില ഭക്തി ശ്ലോകങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും ഏ ഡി രണ്ടാം നൂറ്റാണ്ടിൽ താമ്രശാസനങ്ങളുണ്ടായെന്നും അവ ഗദ്യത്തിലായിരുന്നെന്നും അദ്ദേഹം കണ്ടെത്തുന്നു.

എഡി 825 മുതൽ 1425 വരെയുള്ള കാലഘട്ടത്തിൽ ഈശ്വരസ്തോത്രങ്ങൾ, വടക്കൻ പാട്ടുകൾ, രാമചരിതം, കണ്ണശരാമായണം ഗണിത ശാസ്ത്രം, തച്ചുശാസ്ത്രം, നീതി ശാസ്ത്രം എന്നിവയിൽ ഗ്രന്ഥങ്ങളുണ്ടായി. പിന്നെ 1425 മുതൽ 1795 വരെ പദ്യത്തിന്റെ അയ്യരുകളിയായിരുന്നു. ചെറുശ്ശേരി, എഴുത്തച്ഛൻ തുടങ്ങി കുഞ്ചൻ നമ്പ്യാരും കേരള വർമ്മയും ഗുണ്ടർട്ടും പാച്ചു മൂത്തതും ഉൾപ്പെടെ ഒരു പടക്കവികളെല്ലേ വന്നിറങ്ങി മലയാള സാഹിത്യപ്പുരയിടം വെട്ടിക്കിളച്ച് വിത്തിട്ട് തൈ നട്ട് വെള്ളം കോരി വളർത്തിയത്. അതിന്റെ ദൃക്സാക്ഷിവിവരണം ടി.കെ.കൃഷ്ണ മേനോൻ നടത്തുന്നുണ്ട്.

1900 ൽ കൃഷ്ണ മേനോൻ വിവർത്തനം ചെയ്ത കൃതിയാണ് “ഭൂപ്രകൃതി ശാസ്ത്രം ” . പ്രൊഫസ്സർ ഗേക്കി എഴുതിയ Physical Geography യുടെ മലയാള പരിഭാഷ. ഭൂമിശാസ്ത്ര ഗ്രന്ഥമാണ്. അന്ന് മലയാളത്തിൽ ശാസ്ത്ര കൃതികൾ വന്നിട്ടു വേണ്ടേ ? അപ്പോഴാണ് മേനോൻ ഭൂമിശാസ്ത്ര കൃതിയെടുത്ത് തർജമ ചെയ്യുന്നത്. പത്തു നൂറ്റി ഇരുപത്തിരണ്ട് വർഷത്തിനുമുമ്പുള്ള കഥയാണിത്. അന്ന് പ്രാമാണികമായശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യാൻ പദകോശമെവിടുന്നു കിട്ടി ? അതു കഴിഞ്ഞ് ഒരു നൂറ്റാണ്ട് മലയാള ഭാഷയിലെ ശാസ്ത്രവിജ്ഞാന ശബ്ദതാരാവലി പൂഴ്ത്തി വച്ച താര്? ഇംഗ്ലീഷുകാരന്റെ ഷൂസ് തുടയ്ക്കാൻ പോയ തുക്കിടി സായപ്പന്മാരുടെ അരുമ സന്താനങ്ങളല്ലേ പിന്നെ ശാസ്ത്ര സാങ്കേതിക പദങ്ങൾ മലയാളമാക്കാൻ പാങ്ങില്ലെന്ന് പറഞ്ഞ് സുല്ലിട്ടുകൊണ്ടിരിക്കുന്നത്. ! തലയിൽ മുണ്ടിട്ടുകൊണ്ടൊരു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. വേണ്ടി വന്നാൽ ക്യാപ്റ്റന്റെ ബാല്യകൗതുഹലവും അച്ചടിച്ചേക്കും എന്ന് വീമ്പിളക്കിപ്പോയൊരിടക്കാല ഡയറക്ടറമ്മയും. അഹന്തയും രാഷ്ട്രീയ ദാസ്യവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കൂട്ടുകൂടി ഭാഷയെ കുട്ടിച്ചോറാക്കുകയല്ലേ ! എന്തൊരു ഗതികേടാണ് മലയാളത്തിന്റേത്.

നമുക്ക് ടി.കെ.കൃഷ്ണ മേനോനിലേക്ക് വരാം. 1924 ൽ മലയാള ഭാഷക്കുവേണ്ടി അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. “ശബ്ദാദ്ധ്യായനം ” ശുണ്ഠി , കശുമാവ്, അഹമ്മദി, നേരം പോക്ക്, ഗൃഹാചാരം, കമ്പിളി , നല്ലരിക്ക എന്നീ പദങ്ങൾ എങ്ങനെ ഉണ്ടായി എന്നതിന്റെ ഭാഷാപരമായ അന്വേഷണമാണ്. ബ്രാഹ്മണർ ശ്രീദേവിയെ ചിരുതയാക്കിയതും കൃഷ്ണനെ കിട്ടുവാക്കിയതും നാരായണനെ നാണുവാക്കിയതും കൃഷ്ണമേനോന്റെ ശൈലിയിൽ 1912 ൽ എഴുതി. “ലേഖനമാല ” എന്ന ബൃഹത്ഗ്രന്ഥവും അക്കാലത്തു തന്നെയാണ് വന്നത്. കൊതുക്, ചിതൽ, കാക്ക എന്നിങ്ങനെ സകല പ്രാണികളും കുഞ്ഞികൃഷ്ണ മേനോന്റെ ശൈലിയിൽ എഴുതപ്പെട്ടിട്ടുണ്ട്.

“ആധുനിക ഭാഷാനാടകങ്ങൾ ” എന്നൊരു പുസ്തകം1922 ൽ  പുറത്തു വന്നു. ആദ്യത്തെ നാടക സാഹിത്യ ചരിത്ര ഗ്രന്ഥമാണിത്. അതായത് ഈ ഗ്രന്ഥത്തിന് 2022 ൽ നൂറു വർഷം തികയുകയാണ്. ഇതൊക്കെ ആരോടു പറയാൻ !

സാഹിത്യം, ചരിത്രം, ഭാഷാശാസ്ത്രം, പ്രകൃതി ശാസ്ത്രം, തത്ത്വശാസ്ത്രം, തുടങ്ങി കൃഷ്ണ മേനോൻ വിവിധ വിഷയങ്ങളെ അധികരിച്ച് എഴുതിയ ലേഖനങ്ങൾ ഇന്നും ഓരോ പാഠപുസ്തകങ്ങളാണ്.

കൃഷ്ണ മേനോന്റെ കൃതികളിൽ ഏറ്റവും പ്രചാരം നേടിയത് “ചന്ദ്രഹാസ” നാണ്.  “ചന്ദ്രഹാസ” നിലെ കഥ ഹൈന്ദവേതിഹാസങ്ങളിൽ നിന്നെടുത്ത് മുകുന്ദപുരം കൃഷ്ണരായർ രചിച്ച ഒരു ഇംഗ്ലീഷ് നാടകമാണ്. അതിനെ ഭാഷാപരിഷ്ക്കാരതത്പരരായ മൂന്നുപേർ ചേർന്ന് നോവൽ രൂപത്തിൽ പരുവപ്പെടുത്തി.
“ചന്ദ്രഹാസൻ -പി.കൃഷ്ണമേനോനും സി.ഗോവിന്ദനിളേടവും ടി.കെ.കൃഷ്ണമേനോനും ചേർന്ന് രചിച്ചത് ” എന്നാണ് 1893 ലെ ആദ്യ പതിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിൽക്കാലത്ത് അത് ടി.കെ.കൃഷ്ണമേനോന്റെ പേരിൽ അറിയപ്പെട്ടു. ഇംഗ്ലീഷിലേക്ക് അദ്ദേഹം തന്നെ നോവൽ തർജമ ചെയ്ത് പ്രസിദ്ധപ്പെടുത്തി.
ഇടക്ക് ഒരു രഹസ്യം, ഈ മുകുന്ദപുരം കൃഷ്ണരായർ, ടി.കെ.കൃഷ്ണമേനോന്റെ കള്ളപ്പേരായിരുന്നെന്ന് ഒരു ശ്രുതിയും പരക്കുന്നുണ്ട്.

ജൈമിനീയാശ്വമേധത്തിലുള്ളതാണ് “ചന്ദ്രഹാസൻ ” . അശ്വമേധത്തിന്റെ ഏറ്റവും വലിയ കഥയാണിത്. “ജൈമിനീയാശ്വമേധം” അക്കാലത്ത് കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന ഒരു ഗ്രന്ഥമായിരുന്നില്ല. കാത്തുള്ളിൽ അച്ചുത മേനോനാണ് അതിന്റെ പരിഭാഷ
നടത്തിയത്.ഒരു തമിഴ് ഗ്രന്ഥത്തിൽ നിന്ന് തുടങ്ങി വച്ചത്. പിന്നീട് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് സംസ്കൃതത്തിലുള്ള അശ്വമേധം അച്യുത മേനോന് കൊടുത്തത്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പക്കൽ നിന്ന് കൃഷ്ണമേനോനും കൂട്ടരും മുമ്പേ അത് കണ്ടിരിക്കാം.

എന്തായാലും ഭാഷാപോഷണത്തിന് പല കസർത്തുകളും ടി.കെ.കൃഷ്ണമേനോൻ നടത്തി. പിന്നെ ബസ്ക്കിയെടുപ്പായി,
സർ ടി.മാധവ റാവുവിന്റെ The Hints of Trainig Native children എന്ന കൃതി കൃഷ്ണ മേനോൻ നേരിട്ട് മലയാളത്തിലാക്കി.

1926 ൽ “ഭാരതീയ വനിതാ ദർശങ്ങൾ ” എന്ന പേരിൽ ഒരു ഗ്രന്ഥം എഴുതി. പഞ്ചാനന ഭട്ടാചാര്യർ ഇംഗ്ലീഷിൽ എഴുതിയ കൃതിയുടെ തർജമയാണിത്. കൃഷ്ണമേനോടൊപ്പം ടി.സി. കല്യാണിയമ്മയും ടി.സി. ജാനകിയമ്മയും ചേർന്നാണ് വിവർത്തനം. ഇരുപത് മഹതികളാണ് വിഷയം. അരുന്ധതി , സാവിത്രി, സതീദേവി, സീതാദേവി, ചന്ദ്രമതി, മീരാ ദേവി, സംയുക്ത, പന്നാ ബായി പത്മിനി, ചാന്ദ സുൽത്താന, ദുർഗാവതി, അഹല്യാ ബായി, ഗോപ, സുപ്രിയ……

1907 ൽ രണ്ടു വാല്യങ്ങളിലായി ഒരു ബൃഹത്ഗ്രന്ഥം പുറത്തിറക്കി.ജെ.പി. പിള്ള ഇംഗ്ലീഷിലെഴുതിയ “Representative Indians “, “ഇന്ത്യയിലെ മഹാൻമാർ ” എന്ന പേരിൽ മലയാളത്തിലാക്കി.
24 മഹാൻമാരുടെ ജീവചരിത്രമാണിത്. ജീവചരിത്ര ശാഖയിൽ മലയാളത്തിൽ കൃതികളില്ലാതിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഈ യത്നം.

1931 ൽ ഒരു ജീവചരിത്രം എഴുതി. “സരോജ നളിനി ” പതിനൊന്ന് അദ്ധ്യായങ്ങൾ. ഐസിഎസ് കാരനും
അഹങ്കാരിയും കുടിയനുമായ ഭർത്താവിന്റെ കുടി നിർത്തി വരച്ചവരയിൽ  കൊണ്ടുവന്ന ഒരു ബംഗാളി വീട്ടമ്മയുടെ മാതൃകാപരമായ ജീവചരിത്രമാണിത്.
വ്രജേന്ദ്രനാഥദേവന്റെ നാലാമത്തെ മകളായ സരോജം പള്ളിക്കൂടം കണ്ടിട്ടില്ല. ഇംഗ്ലീഷ് ,ബംഗാളി, ചരിത്രം, ഭൂമിശാസ്ത്രം എല്ലാം വീട്ടിലിരുന്നു പഠിച്ചു. ജപ്പാൻ , ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഭർത്താവിനോടൊപ്പം സഞ്ചരിച്ച ആദ്യ ഇന്ത്യൻ വനിതയാണ്. 1906 ലായിരുന്നു വിവാഹം. ആഭരണ ഭ്രമമില്ല. ആർഭാഡമില്ല. വീട്ടിൽ ചടഞ്ഞു കൂടി ഇരിപ്പില്ല. സാമൂഹ്യ പ്രവർത്തനത്തിൽ മുഴുകി.
1925 ൽ അവർ അന്തരിച്ചു.

ബംഗാളിലെ സ്ത്രീസമാജങ്ങള ഒറ്റച്ചരടിലാക്കാൻ, പെൺകുട്ടികളെ സ്കൂളിലയച്ചു പഠിപ്പിക്കാൻ, ജാതിമത ഭേദമന്യേ മനുഷ്യരെത്തമ്മിലിണക്കാൻ പരിശ്രമിച്ചൊരുവനിതയായിരുന്നു സരോജ. കൂടാതെപാശ്ചാത്യ ഭ്രമമുള്ള അഹങ്കാരിയായൊരു ഐ സി. എസുകാരനെ തനി ബംഗാളിയാക്കി മാറ്റിയ സ്ത്രീ ശക്തിയുടെ കഥ കൂടിയാണത്. നമ്മുടെ വീട്ടമ്മമാർക്ക് ഇന്നും അതൊരു  കൈപ്പുസ്തകമാക്കാം.

1940 ൽ ടി.കെ.കൃഷ്ണ മേനോൻ ഒരു യാത്രാവിവരണവും എഴുതി.  “ഒരു തീർഥയാത്ര. ”
വടക്കേ ഇന്ത്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷം “ദീപം” പത്രാധിപരുടെ ആവശ്യപ്രകാരം എഴുതിയ ഗ്രന്ഥമാണിത്.
ഹിന്ദുമതം എന്നാലെന്ത്, കേരള സംസ്ക്കാരം, ഭാസ കാവ്യപ്രകാശിക , ഗീതാമാഹാത്മ്യം, ഗ്രാമശാസ്ത്ര പ്രവേശിക, ഭൂമിശാസ്ത്ര പ്രവേശിക എന്നീ ഗ്രന്ഥങ്ങളും പുറത്തിറക്കി.

ടി.കെ.കൃഷ്ണമേനോന്റെ “കേരള സംസ്ക്കാരം ” കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. “The Dravidian culture and Diffusion ” എന്ന സുദീർഘ ലേഖനം ഭാഷാന്വേഷിളും ഗവേഷകരും വായിച്ചിരിക്കേണ്ടതാണ്. ടി.കെ.കൃഷ്ണമേനോന്റെ
The History of  Kerala എന്ന നാലു വാല്യം ചരിത്രത്തിൽ ആ ലേഖനവും ചേർത്തിട്ടുണ്ട്.
പിൽക്കാലത്ത് പല കേരള ചരിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ ശോഭ മങ്ങിയിട്ടില്ല.

പത്രമാസികകളിൽ ചിതറിക്കിടന്നിരുന്ന വെൺ മണി കവിതകൾ ആദ്യമായി സമാഹരിക്കുന്നതും ശുകസന്ദേശം, മാലതീമാധവം, സുഭാഷിതരത്നാകരം എന്നീ പുസ്തകങ്ങൾ ആദ്യമായി പുറത്തിറക്കിയതും അദ്ദേഹമാണ്.

മലയാള ഭാഷക്കും സാഹിത്യത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം.
“The Days that were – Memoirs ” എന്നൊരാത്മകഥ അദ്ദേഹത്തിന്റേതായിട്ടുണ്ട്. മലയാളത്തിലേക്ക് കൊണ്ടും കൊടുത്തും വക്കീലാണെങ്കിലും എറെ സമയവും സാഹിത്യ പ്രവർത്തനങ്ങൾക്ക്  നീക്കിവച്ച ടി.കെ.കൃഷ്ണ മേനോൻ ഒരു സംഭവം തന്നെ!

About The Author

Leave a Reply

Your email address will not be published. Required fields are marked *