ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -5 പുതിയ ഗർഭങ്ങൾ

Facebook
Twitter
WhatsApp
Email

ആകാശവിതാനത്തിൽനിന്ന് അദൃശ്യമായ കരങ്ങൾ നീട്ടിയ പാതി മുറിച്ച തിരുവോസ്തി പോലെ ചന്ദ്രബിംബം തെളിഞ്ഞു. മീനച്ചൂടിലെ കറുത്ത മേഘങ്ങൾ അതിനു മുന്നിൽ കുനിഞ്ഞുനിന്നു.. അമാവാസിക്ക് മൂന്ന് നാൾ മുൻപുള്ള നിലാവെളിച്ചം, കല്ലറയ്ക്ക് പുറത്തുവെച്ചു ”എന്നെ തൊടരുത്” എന്ന് യേശു മഗ്ദലനക്കാരി മറിയത്തോട് പറഞ്ഞ പുലർക്കാല ഇരുട്ട് പോലെയായിരുന്നു. ഇരുണ്ടുവന്ന വൃക്ഷത്തലപ്പുകൾക്ക് അപ്പുറം നേവൽബേസിൽ നിന്നുയർന്ന ഒരു ഹെലികോപ്റ്റർ മിന്നാമിനുങ്ങിനെ പോലെ വട്ടം കറങ്ങി.

മോളിക്കുട്ടി ടെറസ്സിലേക്കു കയറിവന്നു മുൻഭാഗത്തേക്ക് പോയി. ചുറ്റുപാടും ക്യാമറയിൽ പകർത്താൻ തുടങ്ങി. ടെറസ്സിന്റെ ഓരോ മൂലയിലും ചെന്ന് താഴെ നടക്കുന്നതു ഷൂട്ട് ചെയ്യുന്നു. എഡിറ്റിംഗ് ഘട്ടത്തിൽ അതൊക്കെ ആവശ്യം വരുമല്ലോ! ടോപ് ആങ്കിൾ ഷോട്ടുകൾക്കു അർത്ഥം പകരാനാവും. ഒരു പ്രൊഫഷണൽ ആവുക എന്നത് പലർക്കും സാധിക്കാത്ത കാര്യമാണ്. എങ്ങിനെയാണ് ഒരാൾ പ്രൊഫഷണൽ ആവുന്നത്? ഒരു അമേച്വറിൽ നിന്നാണ് ഒരു മാസ്റ്റർ വികസിക്കുന്നത്! തുടക്കം മുതൽക്കേ ഡീറ്റെയിൽസ് ശ്രദ്ധിക്കണം.

താഴെ മുറ്റത്തെ പന്തലിൽ ആണുങ്ങളുടെ ബഹളവും ആൺകുട്ടികളുടെ ചിരിയും ഫാന്റത്തിന്റെ കുരയും കേൾക്കാം. ടെറസ്സിൽ സിഎൽഎഫ് ബൾബ് അവിടമാകെ വെള്ളപൂശി.

ടെറസ്സിന്റെ ഒത്ത നടുവിൽ കസേരകളിൽ കൂട്ടംകൂടലിന്റെ തിരക്കിൽനിന്ന് ഒഴിവായി ഡെയ്സിയും ആലീസും നിശബ്ദരായി മൊബൈൽ ഫോണിൽ തെളിഞ്ഞ ടെലിവിഷൻ ചാനൽ ചർച്ച കാണുകയാണ്.

ഡെയ്സി ഇടയ്ക്കിടെ ആലീസിനെ കണ്ണ് തെന്നിച്ചു ശ്രദ്ധിക്കുന്നുണ്ട്.

പണ്ടത്തേക്കാൾ സൗന്ദര്യം കൂടിയിട്ടുണ്ടോ എന്ന് സംശയം. ജർമ്മനിയിലായിട്ട് പതിന്നാലു വർഷമാകും. നേഴ്‌സിങ് ഫീൽഡിൽ തന്നെ. നല്ല ശമ്പളമുണ്ട്. ഇന്ത്യൻ രൂപയിലേക്കു മാറുമ്പോൾ നാട്ടിലെ ബാങ്കിൽ നല്ല നിക്ഷേപമാകും. ആലീസിന് ഒരു പ്രത്യേക സ്വഭാവമാണ്. സ്വത്തുക്കൾ വാങ്ങി കഴിഞ്ഞിട്ടേ മറ്റുള്ളവർ അറിയൂ. എല്ലാം രഹസ്യമായിരിക്കും. പൂർണമായും വിശ്വസിക്കാൻ കൊള്ളില്ല. അത്യാവശ്യത്തിനു പണം ചോദിച്ചാൽ വലിയ വിഷമത്തിന്റെ കഥകളുടെ ചാക്ക് കെട്ടഴിക്കും. ലക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കുടഞ്ഞിടും. കേട്ടുനിൽക്കുന്നവർ മിണ്ടാതെ തിരിച്ചുപോകും. ആരെയും വിശ്വാസമില്ല. സ്വന്തമായി കെട്ടിപ്പടുത്ത ഒരു നിഗൂഡ ലോകത്തിൽ ആരെയും അടുപ്പിക്കാതെ ജീവിക്കുക. അതേ സമയം രഹസ്യമായി വിലയേറിയ സമ്മാനങ്ങൾ ചിലർക്ക് നൽകുകയും ചെയ്യും. അതും പരമ രഹസ്യമായി. ആരോടും പറയരുതെന്ന നിർദേശവുമുണ്ടാകും. ഒരുപക്ഷത്തും നിൽക്കില്ല. പക്ഷെ രണ്ടുപക്ഷത്തും നിശബ്ദ സാന്നിധ്യം ഉണ്ടാകുകയും ചെയ്യും. എല്ലാം അംഗീകരിക്കും. എന്നാൽ സമയമാകുമ്പോൾ ഒന്നിലും സഹകരിക്കില്ല. ജർമ്മനിയിൽ പോകും മുൻപ് ഇങ്ങനെയല്ലായിരുന്നു. നാട്ടിലെ ടൂറിസം രംഗത്താണ് കൂടുതൽ നിക്ഷേപം. ആയുർവേദിക് റിസോർട്ടുകൾ രണ്ടെണ്ണം. ഒരെണ്ണം ബീച്ച് റിസോർട്ട്. മറ്റേതു ഇടുക്കിയിൽ കുമളി ഭാഗത്തു ഒരു മലയ്ക്ക് മുകളിൽ. പക്ഷെ കഴിഞ്ഞ ജനുവരി മുതൽ ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ഇറ്റലിയിൽ കൊറോണ വ്യാപിച്ചതാണ് കാരണം. മാത്രമല്ല കുമളിയിലേതു വ്യാജപ്പട്ടയമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ലക്ഷങ്ങൾ വാരിയെറിഞ്ഞെങ്കിലും അത് റദ്ദുചെയ്യാൻ കോടതി ഉത്തരവായിട്ടുണ്ട്. ബീച്ച്‌റിസോർട്ടും അനധികൃത നിർമ്മാണമായതിനാൽ പൊളിക്കേണ്ടിവരും. ഷെവലിയർ ഹൗസിലെ ആറാമത്തെ സന്തതി അന്തപ്പായിയുടെ ടൂറിസം പദ്ധതികൾ അങ്ങനെ അവതാളത്തിലാണ്.

കല്യാണം കഴിഞ്ഞിട്ട് പത്തൊൻപതു വർഷമായിക്കാണും. ഇപ്പോൾ ആലീസിനു നാല്പതിനാല് വയസ്സ് തീർച്ചയായും ഉണ്ട്. മൂത്തവൻ ഫ്രാൻസീസിന് പതിനാലും ഇളയവൾ എയ്ഞ്ചലിന് പത്തും പ്രായം. മിടുക്കരായ വിദ്യാർത്ഥികൾ. അവർ ജർമ്മനിയിൽ ജനിച്ചുവളർന്നവരെങ്കിലും കേരളം ഒരു ഹരമാണ്. ദൈവത്തിന്റെ സ്വന്തം നാടല്ലേ!

ആലീസിന്റെ കണ്ണുകൾ മൊബൈൽ ഫോണിലാണെങ്കിലും മനസ്സ് മറ്റെവിടെയോ ആണ്.

അഭയാർഥികളുടെയും വംശീയതയുടേയും പ്രശ്‌നങ്ങൾക്കിടയിൽ ജർമ്മനിയുടെ സാമ്പത്തിക നട്ടെല്ലായ കാർ വ്യവസായത്തെ കൊറോണ വേട്ടയാടിക്കഴിഞ്ഞു. ചെകുത്താന്റെ നൃത്തമാടുന്ന കൊറോണവൈറസ് ജർമ്മനിയേക്കാൾ കൂടുതൽ ഇംഗ്ലണ്ടിൽ പടർന്നു പിടിച്ചാൽ എന്താണ് സംഭവിക്കുക?

ഡെയ്സി ഇംഗ്ലണ്ടിലായിട്ടു ഇരുപതു വർഷം. നല്ല ശമ്പളമുള്ള നേഴ്‌സ്. പൗണ്ട് ഇന്ത്യൻ രൂപയിലാക്കുമ്പോൾ നാട്ടിലെ ബാങ്കുകളിൽ കനത്ത നിക്ഷേപം കാണേണ്ടതാണ്. ഇതൊക്കെ എവിടെക്കൊണ്ടുപോയി വെയ്ക്കുന്നു? എപ്പോഴും പ്രാരാബ്ധം തന്നെ.

തന്നെക്കാൾ ഒരു വയസ്സ് മൂപ്പേ ഉള്ളൂ. സേവ്യറുകുട്ടിക്കാണങ്കിൽ അന്തപ്പായിയേക്കാൾ രണ്ടു വയസ്സ് മൂപ്പ്. കല്യാണം കഴിച്ചിട്ട് ഇരുപത്തിനാലു വർഷം. കല്യാണം കഴിക്കുമ്പോൾ ഗർഭിണിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞു മാസങ്ങൾക്കുള്ളിലല്ലേ പ്രസവിച്ചത്? മൂത്തമകൻ ആന്റണിയും ഇളയവൾ കിറ്റിയും നാട്ടിൽ തന്നെ ജനിച്ചവരാണ്. കിറ്റിയ്ക്കു രണ്ടു വയസ്സുള്ളപ്പോഴാണ് ഡെയ്സി ഇംഗ്ലണ്ടിലേക്കു പോയത്. ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെട്ടെന്ന് ഒരു മദാമ്മയായതു പോലെ. വേഷവും സ്വഭാവവും ഒക്കെ മാറി. പക്ഷെ കാക്ക കുളിച്ചാൽ കൊക്കാവുമോ? അവിടെ കുടുംബമായി താമസിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലെ കുടുംബബന്ധങ്ങളും വേണ്ടെന്നു വെച്ചു. പരിഷ്‌ക്കാരി ആയിപ്പോയെന്നൊരു തോന്നൽ. സ്റ്റോക്ക്മാർക്കറ്റിൽ നല്ല നിക്ഷേപമുണ്ട്. അതിപ്പോൾ വലിയ ഏടാകൂടത്തിലായിരിക്കുന്നു. ഓഹരിക്കു വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സേവ്യറുകുട്ടിക്ക് പങ്കാളിത്തമുള്ള കൊച്ചിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. അവയവമാറ്റത്തിന്റെ ദുരൂഹ കഥകൾ സാമൂഹിക മാധ്യമങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള ആവശ്യക്കാർക്ക് കണ്ണും കരളും വൃക്കയും ഹൃദയവും ഒക്കെ കുറഞ്ഞ നിരക്കിൽ കിട്ടും. അങ്ങനെ ആവശ്യമുള്ള രോഗികൾ നേരത്തേ തന്നെ ഇംഗ്ലണ്ടിൽനിന്നു ഹോസ്പിറ്റലിൽ എത്തും. ഏതാനും ആഴ്ചകൾക്കുള്ളിൽ ചില അപകടമരണങ്ങൾ നാട്ടിൽ നടക്കും. അതല്ലെങ്കിൽ ഹോസ്പിറ്റലിൽ കിടക്കുന്ന ചില രോഗികൾ ഹൃദയ സ്തംഭനംവന്നു മരണപ്പെടും. എല്ലാം ദുരൂഹമാണ്. മരണപ്പെടുന്നവരുടെ വീട്ടുകാർക്ക് പത്തും ഇരുപതും ലക്ഷങ്ങളാണ് ഹോസ്പിറ്റൽ കൊടുക്കുന്നത്. നഷ്ടപരിഹാരമെന്നോണം. ചാരിറ്റി! കൊറോണ കൂടി വന്നതോടെ വിദേശ രോഗികൾ ഇല്ലാതായി. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ പൂട്ടേണ്ട അവസ്ഥ.

അവയവക്കച്ചവടം സംബന്ധിച്ച വാർത്തകൾ കള്ളക്കഥകളാണെന്നാണ് ഡെയ്സി പറയുന്നത്. സോഷ്യൽ മീഡിയ എന്ന പേരിൽ കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്. അവർ ഒരു കഥ ഉണ്ടാക്കും. വാർത്ത പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ ചോദിക്കും. പഴയ മഞ്ഞപ്പത്രങ്ങൾപോലെ. ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ പലതരം കഥകൾ പ്രചരിക്കും. നേഴ്‌സിങ് പഠിച്ചിറങ്ങിയ എത്രയോ പേർക്കാണ് അവിടെ ജോലി കൊടുക്കുന്നത്! രണ്ടു വർഷം കഴിഞ്ഞാൽ അവർ ഗൾഫിൽ എത്തും. പിന്നെ അവിടെനിന്ന് ഐ.ഇ.എൽ.ടി.എസ് പാസ്സായി ഇംഗ്ലണ്ടിലേക്കോ അയർലണ്ടിലേക്കോ കാനഡയിലേക്കോ പോകുന്നു! ഈ സാമൂഹിക സേവനം ആരും കാണുന്നില്ല.

മറ്റുള്ളവരുടെ പ്രീതി കിട്ടാൻ ഡെയ്സി എവിടെയും വലിഞ്ഞുകേറി ചെല്ലും. രണ്ടുപക്ഷത്തും നിൽക്കും. രണ്ടിടത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്നാലും ഭാഗ്യം ഉള്ളവളാണ്. പൊക്കവും നിറവും സൗന്ദര്യവും അറിവും പണവും തന്നേക്കാൾ കുറവാണെങ്കിലും ഇരുപതിനാലാമത്തെ വയസ്സിൽ ഇംഗ്ലണ്ടിലെത്തി!

ഡെയ്സിയും ആലീസും മൊബൈൽ ഫോണിലെ ചാനൽ ചർച്ച നിരീക്ഷിക്കുകയാണ്.

കൊറോണകാലത്തിനുശേഷമുള്ള ലോകമാണ് വിഷയം. സ്ലാവോജ് സിസേക്കിന്റെ ‘പാന്റെമിക് കോവിഡ് പത്തൊൻപത് ലോകത്തെ കുലുക്കുന്നു’ എന്ന പുസ്തകത്തിലെ ഉള്ളടക്കം രണ്ടുപേർ നിരൂപണം ചെയ്യുന്നു. പുസ്തകനിരൂപകൻ ടിവിയാണ് സംപ്രേഷണം.

ചുവപ്പ് കുർത്ത ധരിച്ച നീണ്ടതാടി തടവി കട്ടക്കണ്ണട വെച്ച ഒരാൾ പറഞ്ഞു.

”ഇത് മനുഷ്യരാശിയുടെ രാത്രി.!. മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുന്ന സാമൂഹിക അകലത്തിന്റെ രാത്രി. ചരിത്രത്തിൽ നിന്ന് നാമൊന്നും പഠിച്ചിട്ടില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അത്രമാത്രം കോവിഡ് പത്തൊൻപതു ലോകത്തിന്റെ അടിസ്ഥാനങ്ങളിൽ സ്പർശിച്ചു കഴിഞ്ഞു.”

കാവിജുബ്ബ ധരിച്ച മൊട്ടത്തലയനായ ചിന്തകൻ വാ പൊളിച്ചു.

”വളരെ ശരിയാണ്. സ്ലാവോജ് സിസേക്ക് പറയുന്നത് വാക്‌സിൻ കണ്ടുപിടിച്ചാലും ഇനി ഇതുവരെയുള്ള ലോകം ഉണ്ടാവണമെന്നില്ല എന്നാണ്. പകരം പുതിയ രീതിയിലുള്ള ലോകമായിരിക്കും ഉണ്ടാവുക. കാപ്പിറ്റലിസ്റ്റ് ബാർബേറിയനിസത്തിൽ നിന്നും യഥാർത്ഥ കമ്മ്യൂണിസത്തിലേക്ക്.! കമ്മ്യൂണിസം എന്ന പദപ്രയോഗം വളരെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകൾ ഉണ്ടാക്കിയ പ്രശ്‌നമാണിത്.”

”കമ്മ്യൂണിസത്തെ ഇന്ത്യൻ ദർശനത്തിൽ ചുരുക്കി പറഞ്ഞാൽ വസുധൈവ കുടുംബകം! അല്ലേ?”

” ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുകൂടി ചേർത്താൽ അർത്ഥം പൂർണമായി.”

”കൊറോണ വൈറസ് ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ ലീ വെൻ ലിയാങ്ങ് മരണപ്പെട്ടതിനു പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങൾക്കിടയിൽ തീ പുകയുന്നുണ്ട്.”

”മനുഷ്യാവകാശങ്ങളുള്ള ഒരു ജനാധിപത്യത്തിലേക്ക് ചൈന മാറിയെന്നു വരാം.”

”ജനങ്ങളുടെ നിശബ്ദത പൊട്ടിത്തെറിക്കുമോ?”

”ചൈനയിൽ മാർക്‌സിസ്റ്റുകളായ വിദ്യാർത്ഥികളും തൊഴിലാളികളും പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളും പട്ടാളക്കാർ പോലും ചിന്തിക്കുന്നു. മാവോയിസ്റ്റ് വെബ്‌സൈറ്റുകൾ പോലും ഗവണ്മെന്റ് പൂട്ടിച്ചു. യൂണിവേഴ്‌സിറ്റികളിൽ മാർക്‌സിസ്റ്റ് ചർച്ചകളും നിർത്തി. ഭരണകൂടകമ്മ്യൂണിസം എന്ന സങ്കല്പം കൊറോണക്കാലത്തു തകരാൻ തുടങ്ങും.”

”നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ തീർച്ചയായും മൂന്നിൽ രണ്ടുഭാഗം ലോകജനസംഖ്യയെ കൊറോണ ബാധിക്കും. ചൈനയിൽ മാത്രമല്ല,  ലോകത്തു എമ്പാടും ഇതുവരെയുള്ള ഭരണവർഗ്ഗ പാർട്ടികൾക്കെതിരെയും ചിന്തകളുയരും.”

”ഇതിലൊരു പ്രശ്‌നം സോഷ്യൽ മീഡിയ ആണ്. സത്യമായതും അല്ലാത്തതും പ്രചരിപ്പിക്കുന്നു.”

”പൗരസമൂഹത്തിനു സത്യത്തിലേക്ക് കടക്കാൻ…..?”

”ഇവിടെയാണ് പുതിയ ചിന്തയുടെ ആവശ്യം. മനുഷ്യനെ പരസ്പരം അകറ്റിക്കൊണ്ടിരുന്ന ഒരു വ്യവസ്ഥയിൽ നിന്ന് മനുഷ്യനെ അടുപ്പിക്കുന്ന ഒരു പുതിയ ചിന്ത. പഴയ തട്ടിൽ പന്ത് കളിച്ചിട്ട് കാര്യമില്ല.”

”മനുഷ്യവംശം ഒരു കമ്മ്യൂൺ ആവാത്തതിന് കാരണം ആഗോളസാമ്പത്തിക സാമ്രാജ്യമാണ്. യഥാർത്ഥ ജനാധിപത്യം ഉണ്ടാവാത്തതിനു കാരണം അതാണ്. ഒരു കമ്മ്യൂൺ ആവുന്നതാണ് കമ്മ്യൂണിസം. വസുധൈവ കുടുംബകം.”

”ശരിയാണ്. പ്രകൃതിയിലെ ജീവികളുടെ ജീവിതസ്വഭാവം കമ്മ്യൂൺ ആയിട്ടാണ്. അത് ഉറുമ്പുകളിൽ പോലും കാണാൻ കഴിയും. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ ക്രൈസ്തവർ ഒരു കമ്മ്യൂൺ ആയിരുന്നു. ഓരോരുത്തർക്കുമുള്ളതു പൊതുസ്വത്തായിരുന്നു. അവരിൽ ആരും തന്നെ ധനികരോ ദരിദ്രരോ ഉണ്ടായിരുന്നില്ല എന്ന് അപ്പസ്‌തോല പ്രവൃത്തികളിൽ പറയുന്നുമുണ്ട്. അതാണ് ക്രിസ്ത്യൻ സോഷ്യലിസം.”

”അതെ. ലക്ഷ്യം ഒന്നാവുമ്പോൾ പലതരം ജനാധിപത്യ പാർട്ടികളുടെ ആവശ്യമില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ പോലെയാണ് ഇപ്പോൾ പാർട്ടികൾ.”

”പൗരസമൂഹത്തിനു അധികാരമുള്ള ഒരു തുറവി ഉണ്ടാകണം.”

”അധികാര രാഷ്ട്രീയത്തെ മാറ്റിനിർത്തി മനുഷ്യർക്ക് പരസ്പരം യോജിക്കാനുള്ള അവസരം,  പരസ്പരം അകറ്റിനിർത്തുന്ന ഈ പാന്റമിക് അവസ്ഥ ഉണ്ടാക്കാം.”

”ശരിയാണ്. ഇത് അകന്ന മനുഷ്യരെ അടുപ്പിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പാലസ്തീനെ സഹായിക്കാൻ തയ്യാറാവുന്നു. ഇത് മഹാമനസ്‌കത കൊണ്ടൊന്നുമല്ല. യഹൂദരും പലസ്തീനികളും കൊറോണയ്ക്കു മുന്നിൽ വ്യത്യസ്തരല്ല. ഒരാൾക്ക് പിടിപെട്ടാൽ മറ്റേയാൾക്കും പിടിക്കും. അതുകൊണ്ടു ഒന്നിക്കുക എന്നത് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി കൊടുത്തത് മറ്റൊരു അടുപ്പത്തിന്റെ കഥ!”

”കേരളത്തിൽ വോട്ടുബാങ്കായ പൗരസമൂഹത്തെ ഒറ്റ ലക്ഷ്യത്തിനു വേണ്ടി ഒന്നിപ്പിക്കുക എന്നത് ഒരു സിദ്ധാന്തം മാത്രമല്ലേ?”

”അധികാര രാഷ്ട്രീയത്തിന് പൗരസമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്കും ആവശ്യങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ചൈനയിൽ ഭരണകൂടം വലിയ തോതിലുള്ള ക്വാറന്റൈനാണ് പട്ടാളത്തെ കൊണ്ട് ഉപയോഗിച്ചത്. ശരിയായ സംഭവങ്ങൾ പുറത്തു വരാനിരിക്കുന്നേയുള്ളൂ. മാത്രമല്ല കൊറോണ വൈറസ് എന്ന സത്യത്തെ അപവാദമെന്നും പ്രചരിപ്പിച്ചു.”

”റഷ്യൻ ടെലിവിഷനും തുടക്കത്തിൽ സത്യത്തെ ഒളിപ്പിക്കുന്നതു പോലെ തോന്നി. അമേരിക്കയിൽ അങ്ങനെയല്ല. ഭരണകൂടവും പൗരസമൂഹവും കൈകോർത്തുകൊണ്ടാണ് നീങ്ങുന്നത്.”

”പക്ഷെ നിലവിലുള്ള ആഗോള വിപണിരാഷ്ടീയ പ്രത്യയശാസ്ത്രം തകരും.”

”പണ്ട്, ബൈസാന്റിയൻ സാമ്രാജ്യം തകർന്നത് പ്ലേഗ് മൂലമാണ്. ഒരിക്കലും തിരികെവരാൻ സാധിച്ചില്ല”

”അതെ. ഇക്കാലത്തു ഉൽപ്പാദന വിതരണരീതി മാറുമെന്നാണ് തോന്നുന്നത്. ആഗോള വിപണിരാഷ്ട്രീയ സാമ്രാജ്യത്തിന് പുറത്തുള്ള സ്വാശ്രിത സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാധാന്യമേറും. വാസ്തവത്തിൽ അന്യന്റെ മുതൽ കട്ടെടുക്കാനുള്ള പ്രവണതയാണ് മനുഷ്യരെ തമ്മിൽ അകറ്റുന്നത്.”

”തീർച്ചയായും ഭരണകൂട ലാഭക്കച്ചവടത്തിനു മാറ്റം വരണം. ഞാനോർക്കുന്നത് ആയിരത്തി എണ്ണൂറ്റി നാൽപ്പതുകളിൽ അയർലണ്ടിലുണ്ടായ ഉരുളക്കിഴങ്ങു ക്ഷാമമാണ്. അവിടെ പതിനായിരങ്ങൾ പട്ടിണിമൂലം മരിച്ചുവീണു. അത്രതന്നെ പേർ നാടുവിട്ടു. പക്ഷെ അപ്പോഴും വിപണിസാമ്രാജ്യം പിടിച്ചു നിർത്താനായി ബ്രിട്ടൻ അവിടെനിന്നും ഉരുളക്കിഴങ്ങു കയറ്റുമതി ചെയ്തുകൊണ്ടിരുന്നു.”

”ഇതുതന്നെ ബ്രിട്ടീഷ് ഇന്ത്യയിലും ഉണ്ടായി. ബീഹാറിലെ ചമ്പാരനിൽ നീലം തോട്ടവിളയാക്കിയപ്പോൾ ക്ഷാമമുണ്ടായി. കർഷകർ പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ആദ്യത്തെ സത്യഗ്രഹ സമരം. അവിടെയായിരുന്നു..”

”അത്തരം ആഗോള ഭരണകൂട കച്ചവടരാഷ്ട്രീയത്തിന് അവസാനമുണ്ടാകും. ജനങ്ങൾക്കു വേണ്ടിയുള്ള ഉൽപ്പാദന വിതരണ രാഷ്ട്രീയം ഉണ്ടാവണം. അങ്ങനെ കൊറോണക്കാലം ലോകത്തു ബാർബേറിയൻ കാപ്പിറ്റലിസത്തിൽ നിന്നും യഥാർത്ഥ കമ്മ്യൂണിസത്തിനു വഴിയൊരുക്കുമെന്നാണ് സിസേക് പറയുന്നത്.”

”മുതലാളിത്ത സമ്പന്നത കെട്ടിപ്പൊക്കിയ ഒരു സൂപ്പർ വേൾഡ് ഉണ്ട്. ഭൂമിയെയും മനുഷ്യരെയും മൃഗങ്ങളെപ്പോലും ക്രൂരമായി ചൂഷണം ചെയ്യുന്ന ലോകം. അവിടെയാണ് കൊറോണ തിരിച്ചടിക്കുന്നത്. മറിഞ്ഞുകിടക്കുന്ന ഒരു കപ്പൽ നേരെയാക്കണെമെങ്കിൽ ഒന്നുകൂടി മറിക്കണം. അത് പ്രകൃതി തന്നെ കൊറോണയിലൂടെ ചെയ്യുന്നു.”

”അപ്പോൾ ദൈവം കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയാം!”

ചാനൽ ചർച്ചയിൽ പങ്കെടുത്ത ഇരുവരും ചിരിച്ചു.

ആലീസ് മൊബൈൽ ഫോൺ ഓഫ് ചെയ്തു. മനസ്സിൽ അമർഷം ജ്വലിക്കുന്നുണ്ടായിരുന്നു.

”ഇത് ചൈനീസ് ഗൂഢാലോചനയാണ്. സമ്പന്ന രാഷ്ട്രങ്ങളിലെ സാമ്പത്തിക ശാസ്ത്രത്തെ ഇല്ലാതാക്കുന്നു! ജർമ്മനിയിൽ അങ്ങനെ ചിന്തിക്കുന്നവരുണ്ട്.”

ഡെയ്സിക്കു മറ്റൊരു അഭിപ്രായമുണ്ടായി.

”പൗരസമൂഹം ഒന്നിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിലെ ലേബർ പാർട്ടിക്കാർ അങ്ങനെ പറയുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ കുടുംബം നോക്കൂ. എല്ലാവരും പല കുടുംബങ്ങളിൽ നിന്നുള്ളവർ. പല രാജ്യങ്ങളിൽ ജീവിക്കുന്നവർ. പല സങ്കല്പങ്ങൾ ഉള്ളവർ. ഒരു കാര്യം വന്നപ്പോൾ എല്ലാരും സമയത്തു തന്നെ ഒത്തുകൂടിയില്ലേ?”

”ഇതെന്തോന്നാ ആന്റിമാരെ വലിയ ചർച്ച? വല്യമ്മച്ചി അന്വേഷിക്കുന്നുണ്ട്. ദാ ഇതുകണ്ടോ,  പ്രാർത്ഥനാമുറിയിൽ വല്യമ്മച്ചീടെ കൂടെ ഇരിക്കുന്നത് ആരാണെന്ന് നോക്കിയേ!” മോളിക്കുട്ടി അടുത്തേക്ക് വന്നു ക്യാമറയുടെ ഡിസ്‌പ്ലെ കാണിച്ചു.

അന്നാമ്മയ്ക്കു അരികിൽ ഒരു സന്യാസിനി!

വെളുത്ത സാരിത്തലപ്പ് കൊണ്ട് നരച്ച തലമുടി മൂടിയിരിക്കുന്നു. പ്രസാദിക്കുന്ന മുഖം. നെറ്റിയിൽ ചന്ദനക്കുറി.

”ഇത് സ്വാമിനിയമ്മയല്ലേ?” ഡെയ്സി അത്ഭുതപ്പെട്ടു.

”ദേവികയുടെ ബന്ധു?” ആലീസ് തിരിച്ചറിഞ്ഞു.

”വല്യമ്മച്ചീടെ വല്യകൂട്ടാ. ശാരദാപീഠം ആശ്രമത്തീന്നു എത്തിയതേയുള്ളൂ. ഞാൻ പോണു.” മോളിക്കുട്ടി പടിക്കെട്ടിലേക്കു നടന്നു.

അപ്പോഴതാ പടിക്കെട്ടു കയറിവരുന്നു സൂസി.

സൂസിയുടെ കയ്യിൽ ട്രേ. അതിൽ രണ്ടു ഗ്ലാസുകളിൽ ജ്യൂസ്. പൂവൻപഴം. ആപ്പിൾക്കഷണങ്ങൾ.

ഡെയ്സി സൂസിയെ ശ്രദ്ധിച്ചു.

അന്തപ്പായിക്ക് താഴെയുള്ള യോഹന്നാന്റെ കെട്ടിയവൾ. അഞ്ചുമാസം ഗർഭിണി. മുപ്പത്തെട്ട് വയസ്സായി. അവരുടെ കല്യാണം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം. ഷെവലിയർ ഹൗസിൽ ഏഴാമത്തെ സന്തതിയായ യോഹന്നാന് ബുദ്ധിക്കു അൽപ്പം വൈകല്യമുണ്ട്. സംസാരിക്കുമ്പോൾ തിരിയുകയില്ല. അവനു ഇരുപത്തിയെട്ട് വയസ്സായപ്പോൾ പാപ്പു വക്കീലിന് ഒരാശ. അവനെയും പെണ്ണ് കെട്ടിക്കണം.

പൊക്കാളിപ്പാടത്തു ചെമ്മീൻകെട്ടിനു മേൽനോട്ടം വഹിച്ചിരുന്ന ലോനപ്പന്റെ മകളെ തിരഞ്ഞെടുത്തു. അറബിക്കല്യാണം പോലെ പെണ്ണുവീട്ടുകാർക്കു പണം കൊടുത്താണ് കാര്യം നടത്തിയത്. അങ്ങനെ സൂസി ഷെവലിയർ ഹൗസിലെ മരുമകളായി. ഒരു വീടും വെച്ചുകൊടുത്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ പാപ്പു വക്കീൽ മരിച്ചു.

പൊക്കാളിപ്പാടത്തിന്റെ വരുമാനമൊക്കെ സൂസിയുടെ കയ്യിലാണ്. അവൾ പറയുന്നതാണ് കണക്ക്. വല്ലതും കൊണ്ടുവന്നു അന്നാമ്മയെ ഏൽപ്പിക്കും. മിസ്സിസ് ഡിസൂസ അവളെ കാണുമ്പോഴൊക്കെ ചോദിക്കും. വിശേഷം വല്ലതും ഉണ്ടോന്ന്. ആ പൊട്ടനെ കൊണ്ട് എന്ത് നടക്കാൻ!

പക്ഷെ പൊട്ടൻ കൊറോണക്കാലത്ത് ഒരു ഷാജഹാൻ ചക്രവർത്തിയായി. സൂസിയുടെ സ്വപ്നപ്പാത്രത്തിൽ ഒരു താജ്മഹൽ നിർമ്മിച്ചു.

കഴിഞ്ഞ നവംബറിൽ ആ സ്പോർട്‌സ് ന്യൂസ് ലോകമൊട്ടുക്കും പരന്നു.

പതിനഞ്ചു വർഷം കൊണ്ട് യോഹന്നാന് നൽകിയ വിദഗ്ധ പരിശീലനത്തിന് സൂസിയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു

സൂസി നേരെ ടെറസ്സിന്റെ മുൻഭാഗത്തേക്കാണ് പോയത്. അവിടെ നിന്ന് താഴേക്കു നോക്കുന്നുണ്ടായിരുന്നു. ഒരു വാഹനം വന്നുപോകുന്ന ശബ്ദം!

ആലീസ് സൂസിയുടെ നടപ്പും നിൽപ്പും ശ്രദ്ധിച്ചു..

നെല്ലിന്റെ നിറമുള്ള സൂസിക്ക് ഗ്രാമീണമായ ശാലീനതയുണ്ട്. വിനയമാർന്ന ശബ്ദം. ഡിഗ്രി പൂർത്തിയാക്കും മുൻപ് ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് പോയി. അതും പൂർത്തിയാക്കാതെ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി. കുറച്ചൊക്കെ പഠിച്ച ശേഷം കന്യാസ്ത്രീ മഠത്തിൽ ചേരാൻ ശ്രമിച്ചു. ത്രേസ്സ്യാമ്മ കന്യാസ്ത്രീ പറഞ്ഞതുപ്രകാരം ബധിരരും മൂകരുമായ കുട്ടികൾക്കുള്ള ശുശ്രുഷാസംഘത്തിൽ ചേർന്ന് പരിശീലനം നേടി. ഒരു വർഷം കഴിഞ്ഞപ്പോൾ ഇൻഡിജെനസ് ടൂറിസം പദ്ധതിയിൽ ജൈവകൃഷി സംഘത്തിലെത്തി. ഒരിടത്തും പച്ച പിടിച്ചില്ല.

ഒരിക്കൽ യോഹന്നാനോടൊപ്പം പാപ്പു വക്കീൽ പൊക്കാ ളിപ്പാടത്തു പോയപ്പോൾ സൂസി ആംഗ്യഭാഷ യോഹന്നാനെ പഠിപ്പിക്കുന്നത് കണ്ടു. എന്നാൽപ്പിന്നെ സൂസിയെക്കൊണ്ട് തന്നെ കല്യാണം കഴിപ്പിച്ചാലോ എന്ന് പാപ്പു വക്കീൽ ലോനപ്പനുമായി ആലോചിച്ചു.

യോഹന്നാന് അപ്പോൾ ഇരുപത്തെട്ടു വയസ്സും സൂസിക്ക് ഇരുപത്തിമൂന്നു വയസ്സും.

സൂസിയുടെ ഒരു പ്രത്യേക സ്വഭാവം ആലീസിനു നന്നായറിയാം. സൂസി എന്തെങ്കിലും ഒരു ചടങ്ങുണ്ടായാൽ ഇരുണ്ട നിറമുള്ള സാരിയാണ് ധരിക്കുക. മിക്കവാറും പഴയത് ഉടുക്കും. ആരു വന്നാലും അങ്ങിനെ തന്നെ. സ്വർണ്ണം ഇടാറേയില്ല. ഏതാനും കുപ്പിവളകളും ഒരു കരിമണിമാലയും.

ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും വരുന്നവരൊക്കെ വിലകൂടിയ വസ്ത്രങ്ങൾ സമ്മാനിക്കും. ആഭരണങ്ങൾ നൽകും. താൻ തന്നെ എത്രയോ ആരുമറിയാതെ സൂസിക്ക് കൊടുത്തിട്ടുണ്ടെന്നു ആലീസ് ഓർത്തു. പക്ഷെ അതൊന്നും നാലുപേർ കൂടുന്നിടത്തു ധരിക്കാറില്ല. എപ്പോഴും പ്രാരബ്ധതയുടെ ചുറ്റുവട്ടത്തിലാണ്.

അടുത്ത കാലത്താണ് മറ്റൊരു വിവരം അറിഞ്ഞത്. ത്രേസ്യാമ്മ കർമ്മലീത്ത സന്യാസിനി സഭയിൽ ചേർന്നപ്പോൾ മഠത്തിലേക്കുള്ള വിഹിതം കൊടുത്ത ശേഷം അവശേഷിച്ച ചില സ്വത്തുവിഹിതങ്ങൾ കൂടിയുണ്ട്. അന്നാമ്മയുടെ പേരിലുള്ള വസ്തുക്കളാണ്. അതിലുള്ള ഓഹരി സൂസിക്ക് കൊടുക്കാൻ ത്രേസ്യാമ്മകന്യാസ്ത്രീ ആഗ്രഹിച്ചത്രേ!

എന്തൊരു വിചിത്രമാണിത്!

തന്റെ മകൾ ഏയ്ഞ്ചൽ ആണ് ഏറ്റവും ഇളയ പേരക്കുട്ടി. അവൾക്കു കൊടുക്കാനായിരുന്നു മുൻപ് അന്നാമ്മയുടെയും ത്രേസ്യാമ്മയുടെയും ആഗ്രഹം.

അവിടെ കായലിന്റെ കരയിൽ ബാക്ക് വാട്ടർ ടൂറിസവുമായി ബന്ധപ്പെടുത്തി ഒരു ഹോംസ്റ്റേ പണിയാനുള്ള സ്വപ്നപദ്ധതി പിറവിയെടുക്കാൻ പോകുകയാണ്. ഇനിയിപ്പോൾ ഹൈറേഞ്ചിലും കടൽത്തീരത്തുമുള്ളതു നഷ്ടപ്പെട്ടാൽ കായൽത്തീരത്തുള്ള വിഹിതം ആവശ്യമായി വരും. ഇതൊക്കെ ഇത്ര പെട്ടെന്ന് മാറിമറിയാൻ കാരണമെന്ത്?

യോഹന്നാനും സൂസിക്കും പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയോ?

വിദേശത്തു നേഴ്‌സുമാരായി പണിയെടുക്കുന്ന മരുമക്കൾ കൊടുത്തിട്ടുള്ളതിന്റെ കാൽഭാഗം പോലും വിഹിതമായി കിട്ടുന്നുമില്ല. ജർമ്മനിയിലായാലും ഇംഗ്ലണ്ടിലായാലും നേഴ്‌സിങ് ജോലി എന്നത് മരണത്തിന്റെ ചുറ്റുപാടിലാണ്. അത്യാസന്നരായ രോഗികൾക്ക് നേഴ്‌സുമാർ ശുശ്രുഷ മാത്രമല്ല,  മാനസികമായ ഉത്തേജനം കൂടി നൽകണം. ഈ രണ്ടു പ്രവൃത്തികൾക്കിടയിൽ രക്ഷപ്പെട്ടു നില്ക്കാൻ സ്വയം മാനസികമായ ക്വാറന്റൈനിൽ ആവുകയും വേണം. ഒരേസമയം സ്വയം യജമാനനും അടിമയും ആവുന്ന അവസ്ഥ!. ജർമ്മനിയിലേക്ക് തിരിച്ചുചെല്ലുമ്പോൾ പഴയ അവസ്ഥ പാടെ മാറിയിരിക്കും. വ്യാധി പടരുമ്പോൾ ആധിയും ഉയരുന്നു. നാളേയ്ക്കുവേണ്ടി പുതിയത് എന്തെങ്കിലും ആവശ്യമായിരിക്കുന്നു.

”ആലീസേ അവൾ ജീവിക്കാൻ പഠിച്ചവളാണ്.” ഡെയ്സി രഹസ്യമായി പറഞ്ഞു.

”ആരുടെ ഗർഭമാണോ ആവോ! എനിക്ക് തോന്നുന്നില്ല ആ പൊട്ടനെക്കൊണ്ട് ഇതൊക്കെ കഴിയുമെന്ന്!” ആലീസിന്റെ ചുണ്ടുകൾ വിടർന്നു.

ട്രേയുമായി സൂസി തിരിച്ചു വരുമ്പോൾ മുഖത്ത് അസ്വാസ്ഥ്യം നിഴലിച്ചു. കൊറോണക്കാലത്തു മുപ്പത്തിയെട്ടാമത്തെ വയസ്സിൽ ആദ്യമായി ഗർഭം ധരിക്കുമ്പോൾ സൂക്ഷിക്കണമല്ലോ!

ട്രേ നീട്ടിക്കൊണ്ടു സൂസി അറിയിച്ചു. ”താഴെ നാല് മുസ്ലിം സ്ത്രീകൾ വന്നിട്ടുണ്ട്. കറുത്ത പർദ്ദയിട്ടവർ. കത്രീനേടെ ഫാഷൻ ഡിസൈൻ ടീമിലെ പെണ്ണുങ്ങളാണെന്നു തോന്നുന്നു. അവരിവിടെ ഇടയ്ക്കിടെ വരാറുണ്ട്.”

”ഇംഗ്ലണ്ടിലും ജർമ്മനിയിലും ഉള്ളതുപോലെ അഭയാർഥികളല്ലല്ലോ!  കൂട്ടുകാർ തന്നെയല്ലേ?” ഡെയ്സി ആലീസിനെ നോക്കി. ”ഇതാണ് ഞാൻ മുൻപേ പറഞ്ഞത്. ഒരു കാര്യം വരുമ്പോൾ മനുഷ്യർ ഒന്നിക്കും. ഏതു രാജ്യത്തായാലും ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഒക്കെ മാറും. എല്ലാവരും മനുഷ്യരാവും.”

ട്രേയിൽ നിന്ന് ജ്യൂസ് ഗ്ലാസ്സുകൾ എടുത്തു ഡെയ്സിയും ആലീസും സൂസിയോട് അന്വേഷണം തുടങ്ങി.

”നീയെന്താ നല്ല സാരിയൊന്നും ഉടുക്കാത്തെ?”

”എല്ലാം പഴയതായി.”

”അപ്പോ സ്വർണ്ണമോ?”

”പണയം വെച്ചു.”

ആലീസും ഡെയ്സിയും പരസ്പരം നോക്കി. സൂസിയെ വിശ്വാസം വരുന്നില്ല. എവിടെയോ എന്തൊക്കെയോ ഒളിക്കുന്നു.

സൂസി അമ്മച്ചിയുടെ അനുകമ്പ പിടിച്ചെടുത്തു കഴിഞ്ഞു. കുറവുള്ളിടത്തു കൂടുതൽ കൊടുക്കുന്ന സ്വഭാവമാണ് അമ്മച്ചിക്ക്. ചിന്നമ്മയും ഏലിശ്വായും മറിയവും ദേവികയും അവളിൽ സഹതാപമുള്ളവരാണ്.

യോഹന്നാൻ കഴിഞ്ഞാൽ ഷെവലിയർ ഹൗസിൽ ജനിച്ചത് ത്രേസ്യാമ്മയാണ്. അവർ തമ്മിൽ എട്ടു വയസ്സിനു പ്രായവ്യത്യാസമുണ്ടെങ്കിലും കുട്ടിക്കാലത്തെ ബലമുള്ള കൂട്ടുകെട്ടാണ്. ബുദ്ധിക്കുറവും വൈകല്യവുമുണ്ടെങ്കിലും യോഹന്നാൻ മറ്റുള്ളവരെ സ്‌നേഹിക്കുന്ന കാര്യത്തിൽ തനിത്തങ്കം!.

ത്രേസ്യാമ്മകന്യാസ്ത്രീ സൂസിയെ സഹായിക്കുന്നതിൽ അത്ഭുതപ്പെടാനില്ല!

കന്യാസ്ത്രീയുടെ വിഹിതം യോഹന്നാന് തന്നെ.

”ഈ ജ്യൂസ് മാങ്ങകൊണ്ടു ഉണ്ടാക്കിയതാണോ? അതോ കെമിക്കൽസ് കലക്കിയതോ?”

”തെക്കേ പറമ്പിലെ മാവിലെ മാങ്ങയാ. നല്ല രുചിയുണ്ട്.”

”ഈ ആപ്പിൾ നല്ലവണ്ണം കഴുകീതാണോ? കീടനാശിനി കാണും. ഇതൊക്കെ വെട്ടിത്തിന്നു കേരളത്തിൽ കാൻസർ കൂടുകയാ. ജർമ്മനീലും ഇംഗ്ലണ്ടിലുമൊക്കെ ചികിത്സയ്ക്ക് വല്യ ചെലവാ. ഈ മുടിഞ്ഞകാലത്തു എല്ലാം സൂക്ഷിക്കണം.”

”നന്നായി കഴുകീതാ.”

”ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

”എന്തോന്നാ?”

”നാളെ ദേവികയുടെ ആരെങ്കിലും വരുമോ?”

”എന്തിനു വരുന്നു? അതൊക്കെ പ്രശ്‌നമാവില്ലേ? നമ്മുടെ ആൾക്കാര് വെറുതെ ഇരിക്കുമോ?”

”കുഴപ്പം വല്ലതും ഉണ്ടോ?”

”ഒന്നുമില്ല”

”നീ ഗൈനക്കോളജിസ്റ്റിനെ കണ്ടോ?”

”ഉവ്വ്. സൂക്ഷിക്കണമെന്നാ പറഞ്ഞത്. അടിവയറ്റിൽ വേദനയുണ്ട്.”

”അവിടെ വല്ലയിടത്തും ഇരുന്നാൽ പോരായിരുന്നോ?”

”ഇരുന്നാലും വേദന മാറുന്നില്ല.”

”ങ്ഹാ – പുതിയ ഗർഭമാകുമ്പോൾ അതൊക്കെ കാണും. അങ്ങിനെയാണ് ഗർഭം!”

ഡെയ്സിയും ആലീസും ഒരുമിച്ചാണ് ഒരേ താളത്തിൽ ചോദിച്ചത്.

”ഇപ്പോൾ കത്രീനയും അര്‍പ്പിതും തമ്മിലെങ്ങിനെ?”

സൂസി കുഴങ്ങി.

എങ്ങനെ ഉത്തരം പറയും? എല്ലാവർക്കും അറിയാം കത്രീനയും അര്‍പ്പിതും തമ്മിലുള്ള അടുപ്പം. ആ ബന്ധം കത്രീനയുടെ ഉള്ളിലുണ്ട്.

സൂസി മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു.

”കത്രീന ചാടും.!”

ഇടിത്തീ വീണതുപോലെ ഡെയ്സിയും ആലീസും നടുങ്ങിപ്പോയി. അവർ തുറിച്ച കണ്ണുകളുമായി സൂസിയെ നോക്കിയിരുന്നു.

ഷെവലിയർ ഹൗസിനു ചുറ്റുമുള്ള ഇരുട്ടിൽ മൂങ്ങ മൂളി.

ഇത് മനുഷ്യരാശിയുടെ രാത്രിയാണ്!

About The Author

Leave a Reply

Your email address will not be published. Required fields are marked *