ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -19 കാര്‍മേഘങ്ങള്‍ക്കപ്പുറത്ത് | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്ന കിരണ്‍ സിവില്‍ സര്‍വീസ് എഴുതി എഴുതി ഒന്നാം റാങ്കോടെ പസ്സായി. ഐഎഎസിനുള്ള അവസരം വേണ്ടെന്നുവച്ച്, ഐപിഎസാണ് അവള്‍ തെരഞ്ഞെടുത്തത്. ട്രെയിനിംഗിന് ഇപ്പോള്‍ ഡല്‍ഹിയിലാണ്. മകളെ ഒരു ലക്ചറായി കാണാനായി ഓമന ആഗ്രഹിച്ചത്. അത് സംഭവിച്ചിച്ചില്ല. ഈ രംഗം തെരഞ്ഞെടുക്കാന്‍ കാരണം കുടുംബ പാരമ്പര്യമായിരിക്കും. ലണ്ടനിലുള്ള അനുജനും അവിടുത്തെ പോലീസ് സേനയില്‍ രഹസ്യാന്യേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയല്ലേ? അവനും നിര്‍ബന്ധിച്ചുകാണും ഈ രംഗത്തേക്കു വരാന്‍.
ഡല്‍ഹിയിലെ ട്രെയിനിംഗ് കഴിഞ്ഞാലുടന്‍ അവിടെ താല്ക്കാലികമായി ഒരു പോസ്റ്റിംഗ് കിട്ടുമെന്നാണ് ഫോണ്‍ ചെയ്തറിയിച്ചത്. ഇങ്ങനെയൊക്കെയുള്ള ജോലികള്‍ക്ക് ഒരു സ്ഥിരതയില്ലല്ലോ. എപ്പോള്‍ വേണമെങ്കിലും എങ്ങോട്ടും വലിച്ചിഴയ്ക്കാം. ഒരു കോളേജ് ലക്ചറായിരുന്നുവെങ്കില്‍ മകള്‍ ഒപ്പമുണ്ടാകുമെന്നുള്ള ചിന്തയായിരുന്നു ഓമനയ്ക്ക്. ലണ്ടന്‍ ജീവിതം യാതൊരു അനര്‍ത്ഥങ്ങളുമുണ്ടാക്കാതെയാണ് കടന്നുപോയത്. ഡല്‍ഹി ജീവിതവും പ്രയാസങ്ങളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു. ധാരാളം പെണ്‍കുട്ടികളെ നശിപ്പിച്ച നഗരമാണ്. മക്കളായാലും കുട്ടികളായാലും ഗുരുക്കന്മാര്‍ നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത്. ഇന്ന് ആ ഉപദേശങ്ങള്‍ കേള്‍ക്കാനൊന്നും കുട്ടികള്‍ കേള്‍ക്കാന്‍ തയ്യാറല്ല. അതിന്‍റെ ഫലവും അവരനുഭവിക്കുന്നു. മകളും അതില്‍ ഒട്ടും പിന്നോക്കമല്ല.
മകളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആശങ്കാജനകമായ ഒരു ഭാവിയാണ് കാണുന്നത്. ഒരു ജോലിക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത നേടാനാണ് ലണ്ടനില്‍ അയയ്ച്ചത്. ആ യോഗ്യത ഇപ്പോള്‍ മകളും അമ്മയും തമ്മിലുള്ള ദൂരമാണ് അളക്കുന്നത്. അതിന് അച്ഛന്‍റെ കൂട്ടും. ഓരോരുത്തര്‍ ഓരോരോ വാദമുഖങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ചിലരനുഭവിക്കുന്ന വേദനയെക്കുറിച്ച് ബോധവാന്മാരല്ല. എല്ലാവര്‍ക്കും അവരവരുടെ ഭാഗങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹം. ആരെയും കുറ്റപ്പെടുത്താനാകില്ല. മനുഷ്യന്‍റെ അറിവിന്‍റെ ആഴം പോലെയാണ് യാഥാര്‍ത്ഥ്യങ്ങള്‍ നിലകൊള്ളുന്നത്. അവരുടെ ചിന്തകള്‍ക്കനുസരിച്ച് അവര്‍ സഞ്ചരിക്കുന്നു. ആവശ്യമുള്ളത് തെരെഞ്ഞെടുക്കുന്നു. അത് അമ്മമാരുടെ തലേവിധിയാണ്.
അടുക്കളയില്‍ നിന്നും ആവി പറക്കുന്ന ചായയുമായി മുകളിലെ മുറിയിലേക്ക് ചെന്നു. ഭര്‍ത്താവ് മുറി അടച്ചിരുന്ന് എഴുതുന്നത് ജനാലയിലൂടെ കണ്ടു. ചായ ജനാലയ്ക്കല്‍ വച്ചിട്ട് താഴെ വന്ന് ഫോണില്‍ ബന്ധപ്പെട്ടു. ചാരുംമൂടന്‍ വാച്ചില്‍ നോക്കിയിട്ട് ചായ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഒരു പാത്രത്തില്‍ പരിപ്പുവടയും ചായയുമായി മുറിയിലേക്ക് ചെന്നു.
പുറത്ത് കരുണ്‍ നില്ക്കുന്നു. അകത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, “നീ മുകളിലേക്ക് ചെല്ല്. ഇപ്പോള്‍ ചായ കുടിക്കുന്ന സമയമാ.”
അവന്‍ മുകളിലേക്ക് നടന്നു. ഓമന അവന് ചായ ഇടാനായി അടുക്കളയിലേക്ക് പോയി.
മുക്കിലും മൂലയിലും നാട്ടുകാരുടെ ഇന്നത്തെ ചര്‍ച്ചാവിഷയം അടുത്തമാസം നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പാണ്. മന്ത്രി കാശിപിള്ള സ്വതന്ത്രനായി മത്സരിക്കുന്ന കരുണുമാണ് ഏറ്റുമുട്ടുന്നത്. കാശിപിള്ള രണ്ടു മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്. ചായയുമായി മുകളിലേക്കുപോയ ഓമന കയ്യില്‍ ഏതാനും പേപ്പറുകളുമായി താഴേക്ക് ഇറങ്ങിവരുന്ന കരുണിനെയാണ് കണ്ടത്.
“കരുണേ നിനക്ക് ചായ വേണ്ടായോ?”
ധൃതിപ്പെട്ടു പറഞ്ഞു. “വേണ്ട ടീച്ചറെ, ഇത് ഉടന്‍ പ്രസില്‍ എത്തിക്കണം.”
അവന്‍ വേഗത്തില്‍ താഴേയ്ക്ക് പോയി. സൈക്കിള്‍ ചവുട്ടി പൊയ്ക്കൊണ്ടിരിക്കെ കാശിപിള്ള തന്‍റെ അലങ്കരിച്ച വാഹനത്തില്‍ റോഡിലൂടെ പോകുന്നവരെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു പോകുന്നതാണ് കണ്ടത്. അയാള്‍ക്കൊപ്പം ശങ്കരന്‍ നായരുണ്ട്, എപ്പോഴും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു പോകുന്നത് നായര്‍ സമുദായത്തില്‍പെട്ടവരോ ക്രിസ്ത്യാനികളോ ആണ്. അതിന് കാരണം ഈ രണ്ടു സമുദായത്തില്‍ പെട്ടവരാണ് ഈ മണ്ഡലത്തില്‍ ധാരാമായുള്ളത്. മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ട് മുന്നോട്ടു പോകുന്ന ജാഥയ്ക്ക് പിറകിലായി ധാരാളം കാറുകള്‍ അകമ്പടിയായി അവരെ പിന്തുടരുന്നുണ്ട്.
ഉച്ചഭാഷിണിയിലൂടെ, നമ്മുടെ നാടിന്‍റെ പ്രിയങ്കരനായ നായകന്‍ മന്ത്രി കാശിപിള്ള ഇതാ നിങ്ങളുടെ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന അറിയിപ്പ് വന്നുകൊണ്ടിരുന്നു. കുട്ടികള്‍ക്ക് ഹരമുള്ള കാഴ്ചയായിരുന്നു അത്. ഒരുപറ്റമാളുകള്‍ അത് ആസ്വദിക്കുക തന്നെ ചെയ്തു. കരുണ്‍ സൈക്കിളില്‍ നിന്നിറങ്ങി ജനനായകനെ നോക്കി. അയാളുടെ കാറിന് ചുറ്റും അംഗരക്ഷകരുണ്ട്. കൈകളുയര്‍ത്തി കരുണും വിജയാശംസകള്‍ നേര്‍ന്നു. കരുണിന് കെട്ടിവച്ച് കാശ് നഷ്ടപ്പെടുകതന്നെ ചെയ്യുമെന്ന് ശങ്കരനും കൂട്ടരും വിധിയെഴുതി.
കരുണിന് ഉള്ളിന്‍റെ ഉള്ളില്‍ ഒരു അങ്കലാപ്പുണ്ടായിരുന്നു. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിന്നതാണ്. രാഷ്ട്രീയത്തിലെ ഈ ഭീമന്മാരോട് ഏറ്റുമുട്ടി തോല്ക്കാനായിരിക്കും നിയോഗം. ജനനായകനെ കണ്ടുനില്ക്കാനുള്ള ഭാഗ്യമെങ്കിലും ഉണ്ടായല്ലോ. ആ മനുഷ്യന്‍റെ ഏഴയലത്ത് നില്ക്കാനുള്ള എന്ത് യോഗ്യതയാണ് തനിക്കുള്ളത്. അവരുടെ രാഷ്ട്രീയ പാരമ്പര്യമെടുത്താല്‍ എവിടെയെല്ലാം എന്തെല്ലാം പദവികള്‍ വഹിച്ചവരാണ്. അനുഭവസമ്പത്തുള്ളവരാണ്. അതൊന്നുമോര്‍ത്ത് ഭാരപ്പെട്ടിട്ട് കാര്യമില്ല. നിറച്ചാര്‍ത്തുള്ള ചിത്രങ്ങളുടെ മധ്യത്തില്‍ മിന്നിത്തിളങ്ങുന്ന ബള്‍ബുകള്‍ക്കിടയില്‍ അയാള്‍ മിന്നിത്തിളങ്ങുകയാണ്. അങ്ങനെയൊരു വാഹനത്തിലിരിക്കാന്‍ ഭാഗ്യമില്ലാത്തവന്‍ എന്തിനാണ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായത്.
വല്ലാത്ത നിരാശ മനസ്സിനെ അലട്ടുന്നു. ലക്ഷക്കണക്കിന് പണമിറക്കിയാണ് അയാള്‍ പ്രചരണ പരിപാടികള്‍ നടത്തുന്നത്. എന്നാലും ഇത്രമാത്രം പണം ഇവര്‍ക്ക് എവിടുന്നു കിട്ടുന്നു. അവന്‍ അതിന് ഉത്തരം കണ്ടെത്തി. ഭരണത്തെക്കാള്‍ പണാധിപത്യമാണ് ഇപ്പോള്‍ നടക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന കാലം. ഈ വേലിക്ക് പകരം നാടിന്‍റെ ജനസേവകരെ ഈ മനുഷ്യര്‍ കണ്ടെത്തുമോ? ഈ ചഷകവര്‍ഗ്ഗത്തിനല്ലേ അവര്‍ വിലയേറിയ വോട്ട് കൊടുത്തുകൊണ്ടിരിക്കുന്നത്. വ്യക്തിത്വവും ധാര്‍മ്മികതയും സ്വഭാവശുദ്ധിയുമില്ലാത്തവരെ എന്താണ് ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നത്. നാട് മുടിക്കുന്ന പദ്ധതികളുമായി വന്ന് കുടിവെള്ളംപോലും കൊടുക്കാതെ കോടികള്‍ വിഴുങ്ങുന്നവരെ ജയിപ്പിച്ച് വിടുന്നത് എന്തിനാണ്? കോടികളല്ലേ ഇതുപോലുള്ള തെരെഞ്ഞടുപ്പുകളില്‍ ഒഴുകുന്നത്. പണം കൊടുത്ത് വോട്ടുവാങ്ങുന്നവനരെയാണെല്ലോ ജനപ്രതിനിധികള്‍ എന്ന് വിളിക്കുന്നത്. ദരിദ്ര്യരെയും പാവങ്ങളെയും സംരക്ഷിക്കാത്ത ഇവര്‍ സ്വന്തം സംതൃപ്തിയും സംരക്ഷണവും മാത്രമല്ലേ നോക്കുന്നത്. ഈ അന്തരീക്ഷമലിനീകരണം നടത്തി പോകുന്ന മന്ത്രിക്ക് ജനങ്ങളുമായി ബന്ധമുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടോ? സ്വന്തം അധ്വാനത്തിലൂടെ അത് തെളിയിക്കേണ്ടത്?
ജാഥ മുന്നോട്ടുപോയിട്ടും കരുണ്‍ സാമൂഹ്യ പരിവര്‍ത്തനത്തെപ്പറ്റി ചിന്തിച്ചു നിന്നു. ഒരു കാര്യം അവന്‍ തീര്‍ച്ചപ്പെടുത്തി. തെരെഞ്ഞെടുപ്പില്‍ തോറ്റാലും രാഷ്ട്രീയസേവനത്തിനില്ല. രാഷ്ട്രസേവനവുമായി മുന്നോട്ടു പോവുകതന്നെ ചെയ്യും. ജനന്മയാണ് ലക്ഷ്യം. കരുണ്‍ കയ്യിലിരുന്ന നോട്ടീസിലേക്ക് നോക്കി. ചാരുംമൂടന്‍ സാര്‍ ഓരോരോ വീടുകളില്‍ കൊടുക്കാന്‍ തനിക്കായി തയ്യാറാക്കിയ ഒരു ലഘുലേഖ. അവന്‍ സൈക്കിള്‍ ചവുട്ടുമ്പോഴും മനസ്സിലേക്ക് ലഘുലേഖയിലെ ചില വരികള്‍ കടന്നുവന്നു.
ഞാനൊരു പാവം മത്സരാര്‍ത്ഥി. താങ്കള്‍ക്ക് തരാന്‍ എന്‍റെ കൈവശം കള്ളപ്പണവും കള്ളുകുപ്പിയുമില്ല, പൊള്ളയായ വാഗ്ദാനങ്ങളുമില്ല. എന്നെ സഹായിക്കാന്‍ വന്‍കിട മുതലാളിമാരോ മതങ്ങളോ രാഷ്ട്രീയക്കാരോ ഇല്ല. മറ്റുള്ളവര്‍ക്കുള്ളതുപോലെ എന്നോടൊപ്പം സഞ്ചരിക്കാന്‍ പരിവാരങ്ങളുമില്ല. എനിക്കുവേണ്ടി മുക്കിലും മൂലയിലും ചുവരെഴുത്തു നടത്താനോ വര്‍ണ്ണചിത്രങ്ങള്‍ നിറയ്ക്കാനോ ആരുമില്ല. ഞാനിപ്പോഴും ഒരു പഴഞ്ചന്‍ സൈക്കിളിലാണ് യാത്ര. എനിക്ക് സ്വന്തമായുള്ളത് ഇത് മാത്രമാണ്. എന്‍റെ അമ്മയ്ക്ക് പത്ത് സെന്‍റ് പുരയിടവും അതില്‍ ഒരു പഴയ കൊച്ചുവീടുമുണ്ട്. എനിക്കുവേണ്ടി സംസാരിക്കാന്‍ പത്രക്കാരോ ചാനലുകളോ ഇല്ല. നാടിളക്കി പ്രൗഢഗംഭീര പരിപാടി നടത്താന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ ലഘുലേഖയില്‍ എന്‍റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ചെറുപ്രായം മുതല്‍ നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ കഴിയാവുന്നവിധം നാടിനെ സേവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. താങ്കളുടെ മനഃസാക്ഷി അനുവധിക്കുമെങ്കില്‍ എന്നെ വിജയിപ്പിക്കുക. ഈ തെരെഞ്ഞെടുപ്പില്‍ എന്നെ ജയിപ്പിച്ചാലും തോല്‍പ്പിച്ചാലും എന്‍റെ കര്‍മ്മങ്ങള്‍ തുടരുകതന്നെ ചെയ്യും.
പ്രസിലെത്തി ലഘുലേഖ കൊടുത്തപ്പോഴാണ് മനസ്സിന് ഒരാശ്വാസമായത്. പ്രസുകാരന്‍ ബാബു അത് വായിച്ച് പുഞ്ചിരിക്കുക മാത്രമല്ല ആദരവോടെ നോക്കുകയും ചെയ്തു. അയാള്‍ മനസ്സിലോര്‍ത്തു. കരുണ്‍ നിന്നെപ്പോലെ എത്രപേര്‍ക്ക് ഇങ്ങനെയാകാന്‍ കഴിയും. നിന്‍റെ മനസ്സിന്‍റെ വലുപ്പം വലിതാണ്. സാക്ഷരതയില്‍ മുന്‍പന്തിയിലെന്ന ജനത ഈ വിഷയത്തില്‍ വളരെ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്നു. അധികാരമെന്നാല്‍ അഴിമതിയെന്ന് നിത്യവും നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യത്തിലാണ് പുരോഗതിക്കായി നമ്മള്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്. ആ വികസനത്തിലും കാണുന്നത് അഴിമതിയാണ്.
കരുണിന്‍റെപോക്കറ്റില്‍ കിടന്ന മൊബൈല്‍ ശബ്ദിച്ചു. അവന്‍ ഫോണെടുത്തു നോക്കി. അത് കിരണിന്‍റെ കോളായിരുന്നു.
അവന്‍ ധൃതിയില്‍ പണിപ്പെട്ടു പറഞ്ഞു, “ബാബുച്ചായ ഞാന്‍ നാളെ വൈകിട്ടു വരും കെട്ടോ.”
ബാബു അവനെ സ്നേഹവായ്പോടെ നോക്കി. അവന്‍ കാലത്തിന്‍റെ കണ്ണാടിയാണ്. അര്‍പ്പണമനോഭാവമുള്ള ചെറുപ്പക്കാരന്‍!
കിരണ്‍ നട്ടു വളര്‍ത്തുന്ന പ്ലാവ് വളര്‍ന്നതുപോലെ രാവും പകലും വളര്‍ന്നു. നാട്ടിലെങ്ങും ഒരു രാജാധിരാജനെപ്പോലെ കാശിപ്പിള്ളയും കൂട്ടരും പ്രചരണപരിപാടികളും യോഗങ്ങളും വിവിധ കലകളും നടത്തി ജനങ്ങളുടെ പ്രീതി സമ്പാദിച്ചുകൊണ്ടിരുന്നു. കരുണാകട്ടെ തന്‍റെ പ്രചാരണവാഹനവും തെരഞ്ഞെടുപ്പ് ചിഹ്നവുമായ സൈക്കിളില്‍ ഓരോ വീടുകളില്‍ കയറിയിറങ്ങി ലഘുലേഖ വിതരണം ചെയ്ത് വോട്ടുകള്‍ ചോദിച്ചു. വിശപ്പും ദാഹവും അവനെ വല്ലാതെ അലട്ടിയിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മനസ്സില്ലാത്ത കരുണിന് ഉച്ചയ്ക്കുള്ള ഊണു നല്കിയത് നാട്ടുകാരാണ്. രാവിലെ മുതല്‍ സൈക്കിള്‍ ചവുട്ടി ഓരോരോ വീടുകള്‍ കയറിയിറങ്ങി. ഉച്ചയ്ക്ക് എവിടെ ചെല്ലുമോ അവിടെയുള്ള ഏതെങ്കിലും ഒരു വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സമയമായിരിക്കും. പുറത്ത് സൈക്കിളിന്‍റെ ബല്ലടി കേള്‍ക്കുമ്പോള്‍ വീട്ടമ്മ ഉമ്മറത്തേക്കു വരും. അവന്‍ സ്വയം പരിചയപ്പെടുത്തിയിട്ട് ലഘുലേഖ കൊടുക്കും. സ്നേഹാദരവോടെ അമ്മയെന്നോ ചേച്ചിയെന്നോ വിളിച്ചിട്ട് യാചകനെപ്പോലെ ചോദിക്കും. നല്ല വിശപ്പുണ്ട്. ഒരല്പം ഭക്ഷണം തരുമോ? മക്കളെ സ്നേഹിക്കുന്ന അമ്മമാരുടെ കണ്ണുകള്‍ നിറയും. സ്നേഹത്തിന്‍റെയും കനിവിന്‍റെയും മുഖമുദ്രകള്‍ ആ മനസ്സിനെ പൊതിയുക മാത്രമല്ല അഗാധമായ ഒരാദരവുകൂടിയാണ് അപ്പോള്‍ ലഭിക്കുന്നത്. മുറ്റത്തേ പ്രകാശംപോലെ അവരുടെ കണ്ണുകള്‍ പ്രകാശിക്കും. സത്യം അകലെയെങ്ങോ ആണെന്ന് കണ്ടുമടുത്തവര്‍ക്ക് അടുത്തുതന്നെ ആ സത്യത്തെ കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആനന്ദം നല്കും.
ആഹ്ലാദകരമായ ആ നിമിഷങ്ങളില്‍ ഉദാരമതിയായ അമ്മ അകത്തേക്ക് വിളിച്ചിരുത്തി ഭക്ഷണം വിളമ്പി കൊടുക്കും. ആര്‍ദ്രമായി നോക്കുന്ന് അമ്മയുടെ സ്നേഹം ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നായി മാറുന്നു. നല്ലൊരു സുഹൃദ്ബന്ധം വളരുന്നു. ആ ബന്ധം മറ്റുളഅളവരിലേക്കും പകരുന്നു. അവന്‍റെ യാചനയുടെ വാക്കുകള്‍ പലരെയും ആശ്ചര്യപ്പെടുത്തുക മാത്രമല്ല നീണ്ട വര്‍ഷങ്ങളായി അവരൊക്കെ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയായിരുന്നുവെന്നറിഞ്ഞ് ചിന്താകുലരാകുന്നു. ജനങ്ങള്‍ കാറ്റിലെ വെറും കരിയിലകളായി മാറുന്നു.
ലഘുലേഖനത്തിലെ ഉള്ളടക്കവും അതുതന്നെയാണ്. പലരും ചിന്തിച്ചു. സത്യമാണ്. കുചേലന്‍റെ ഓലക്കുടയും ചൂടി എത്രനാളിങ്ങനെ ജീവിക്കും? കാലം പിഴച്ച് പെറ്റുകൊണ്ടിരിക്കയാണ്. അത് കാലംതന്നെ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. കാലത്തിനൊത്ത് കോലം കെട്ടരുത് ലഘുലേഖയില്‍ പറ്റുന്നവയെല്ലാം നഗ്നസത്യങ്ങളാണ്. കീഴടക്കപ്പെട്ട ഒരു സമൂഹം സ്വാതന്ത്ര്യത്തിനായി സ്വപ്നം കാണുകയാണ്. പുതിയൊരു നാളെ സ്വപ്നം കാണുന്നവര്‍ നിലവിലിരിക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരുത്താന്‍ തയ്യാറാകണം. എന്തിനാണീ പാവങ്ങളുടെ നടുവൊടിക്കുന്ന നാടിനെ നാണം കെടുത്തുന്ന മന്ത്രിമാര്‍. ഒരു ഗവര്‍ണ്ണര്‍ക്കും കീഴില്‍ ഓരോ ജില്ലകളിലെ കളക്ടറുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണാധികാരം കൊടുത്തുകൊണ്ട് ഭരിച്ചുകൂടെ? മന്ത്രിമാര്‍ ഒത്തുകൂടുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ജില്ലയുടെ പഞ്ചായത്തു തലവന്‍മാരും മറ്റും ഒന്നായി പരസ്പര ധാരണയോടെ ഒരു സമ്പൂര്‍ണ്ണ വികസന കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. നിത്യവും എത്രയെത്ര തെറ്റായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് കണ്ടുകൊണ്ടിരിക്കുന്നത്? നിലവിലുള്ള സംവിധാനത്തിന് ഒരു വിശാലമായ കാഴ്ചപ്പാട് വരേണ്ടതല്ലേ? എല്ലാവരിലും സ്വാര്‍ത്ഥതയാണ് വളരുന്നത്. ആ വളര്‍ച്ച എത്തി നില്ക്കുന്നത് സമ്പത്തിലാണ്. ഇന്നവര്‍ കാട്ടുകോഴികളായി വളര്‍ന്നിരിക്കയാണ്. അവര്‍ക്കൊരിക്കലും വീട്ടുകോഴിയാകാനാകില്ല. കാട്ടിലെ ആനയെ മെരുക്കാന്‍ താപ്പാനകളുണ്ട്. എന്നാല്‍ നാട്ടിലെ കാട്ടാനയെ ആരു മെരുക്കും? കാട്ടിലെ ചന്ദനമരം വെട്ടുവാന്‍ കോടാലിയുടെ സമ്മതം വേണോ?
ലഘുലേഖയില്‍ ചാരുംമൂടന്‍ പറയുന്നവ പലതും വളരെ സുപ്രധാനമായ വസ്തുതകളാണ്. ഇന്നത്തെ സാമൂഹ്യ തിന്മയ്ക്ക് സാമൂഹ്യ സംഘര്‍ഷത്തിനും കാരണം അധികാരത്തോടും പണത്തിനോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണ്. മതങ്ങളും പിടിമുറുക്കുകയാണ്. മരങ്ങള്‍, കുന്നുകള്‍, പുഴകള്‍, മലകള്‍, മൃഗങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അധികാരമില്ലാത്തതിനാല്‍ അവരും ശിക്ഷിക്കപ്പെടുന്നു. അവരുടെ മനഃശാസ്ത്രം മനുഷ്യര്‍ക്കറിയില്ല. രാജ്യസ്നേഹമോ ധാര്‍മ്മികബോധമോ സാമൂഹ്യബോധമോ ഉള്ളവര്‍ ലക്ഷങ്ങളും കോടികളും മുടക്കി എന്തിനാണ് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വോട്ടിന്‍റെ വിലയറിയാത്തവനല്ലേ ഇവര്‍ക്ക് വോട്ടു കൊടുക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ഒരു രാജ്യത്തെ എന്തിനാണീ തെരെഞ്ഞെടുപ്പ്. ഈ ജനാധിപത്യം രാജവാഴ്ചപോലെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃതിയെ ആരാധിക്കുന്നവരാകണം നമ്മെ ഭരിക്കേണ്ടത്. അല്ലാതെ കുറ്റവാളികളുടെ സമൂഹമാകരുത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലിരുന്ന് അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തുന്നവരെയാണല്ലോ ഭരണാധികാരികള്‍ എന്ന് വിളിക്കേണ്ടി വരുന്നത്.ഇന്ത്യന്‍ ജനാധിപത്യം കാണാന്‍ കൊള്ളാവുന്ന ഒരു ശവകുടീരമാണ്.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ആ ശവകുടീരം ഉത്സവപ്പറമ്പാകുന്നു. ദൈവത്തിനും കൈക്കൂലി കൊടുക്കുന്ന നമ്മല്‍ യഥാര്‍ത്ഥ ഉത്തരം കണ്ടെത്തുന്നില്ല. വായിച്ചു വളര്‍ന്നവര്‍ ആ ഉത്തരം കണ്ടെത്തും. വിവരങ്ങള്‍ ശേഖരിക്കുന്നതല്ല വിജ്ഞാനമെന്നു പറയുന്നത്. അധ്വാനത്തിലൂടെ മാത്രമെ ഒരു നാടും നഗരവും വളരുകയുള്ളൂ. ഇന്നിവിടെ കരുണിനെതിരെ മത്സരിക്കുന്ന മന്ത്രിക്ക് ഇവയില്‍ എന്തെങ്കിലും അവകാശപ്പെടാനുണ്ടോ? പ്രകടനപത്രികയും വാഗ്ദാനങ്ങളും സ്വന്തം പാര്‍ട്ടിയിലെ പദവിയുമല്ലാതെ എന്താണ് അദ്ദേഹം നമുക്കായി നല്കുന്നത്. രാഷ്ട്രസേവനമെന്നാല്‍ കര്‍മ്മം ചെയ്യുകയെന്നുള്ളതാണ്. അല്ലാതെ പ്രസംഗമല്ല. ജനാധിപത്യത്തിന്‍റെ മനഃസാക്ഷിയെ വ്രണപ്പെടുത്തുന്നവരെ ഇനിയും ഇങ്ങനെ കയറൂരി വിടണോ? നാട്ടുകാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം രാഷ്ട്രസേവകര്‍. അവര്‍ രാഷ്ട്രീയ-സമുദായങ്ങളുടെ നേതാക്കന്മാരാകരുത്. ഒരു ജനതയ്ക്ക് വഴികാട്ടികളാകേണ്ടവരാണ് നമ്മെ ഭരിക്കുന്നവര്‍. അവരെപ്പോഴും വഴികാട്ടികളായിക്കൊണ്ടിരിക്കുന്നത് മാഫിയ സംഘങ്ങള്‍ക്കും കുത്തകമുതലാളിമാര്‍ക്കും സമുദായ ശക്തികള്‍ക്കുമാണ്. ജനാധിപത്യത്തിന്‍റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇവര്‍ക്കാകുന്നില്ല. അതുകൊണ്ടാണ് അഴിമതിയുടെയും നിയമലംഘനത്തിന്‍റെയും വക്താക്കളായി ഇവര്‍ മാറുന്നത്. ഇന്നിവിടെ നിങ്ങളുടെ മുന്നില്‍ സ്ഥാനാര്‍ത്ഥിയായി നില്ക്കുന്നത് സ്വന്തം അദ്ധ്വാനത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കരുണാകരനാണ്. പുതിയ കാലത്തിന്‍റെ പുതിയ മുഖം. നമ്മള്‍ രക്ഷപെടണമെങ്കില്‍ ഇതുപോലുള്ള യുവതീയുവാക്കള്‍ രംഗത്ത് വരണം. അത് ആള്‍ക്കൂട്ടത്തെ മുന്‍നിര്‍ത്തി അവരോധിക്കുന്നവരാകരുത്. ഇന്നത്തെ സാമൂഹ്യ വിപത്തുക്കള്‍ക്കെതിരെ കരുണാകരനെപ്പോലുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. മഹാത്മാഗാന്ധിയുടെ വ്യക്തിത്വമാണ് അവനിലുള്ളത്. കരുണ്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈച്ചയല്ല മറിച്ച് തേനീച്ചയാണ്. കര്‍മ്മസേനയിലെ അംഗങ്ങളെല്ലാം തേനീച്ചകളാണ്. കരുണ്‍ ജയിച്ചുവന്നാല്‍ വീണ്ടുമൊരു തെരെഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പുതിയൊരു മുഖമായിരിക്കും അടുത്തതായി വരിക. ഈ തെരെഞ്ഞെടുപ്പ് രാജ്യസേവനമാണ്. അല്ലാതെ മരണം വരെ അധികാരത്തിലിരുന്ന് രാജകീയസുഖങ്ങള്‍ അനുഭവിക്കുന്നതല്ല. രാജ്യത്തിന്‍റെ വളര്‍ച്ച അദ്ധ്വാനമാണ്. അധ്വാനിക്കുന്നവരാകണം രാഷ്ട്രസേവനത്തിന് മുന്നോട്ടു വരേണ്ടത്. ഇന്ന് യാതൊരു തൊഴിലും ചെയ്യാതെ മടിയന്മാരും അലസന്‍മാരുമായ ഒരുപറ്റമാളുകളാണ് വിദ്യാസമ്പന്നരും അധ്വാനിക്കുന്നവരുമായ ജനങ്ങളെ ഭരിക്കുന്നത്. ഇത് അന്യായമാണ് അനീതിയാണ്. ഏതൊരു തൊഴില്‍ ചെയ്യുന്നവനും അഞ്ചുവര്‍ഷം അവധിയെടുത്ത് ജനസേവകരായി വരാവുന്നതേയുള്ളൂ. ഇതാണ് കര്‍മസേനയിലെ കരുണിനെപ്പോലെയുള്ളവര്‍ ചെയ്യാനാഗ്രഹിക്കുന്നത്. അതിനാലാണ് പുതിയൊരു സ്വാതന്ത്ര്യസമരത്തിന് തയ്യാറായിരിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. സത്യമാണ് ദൈവമെന്ന ചിന്ത നമ്മെ ഭരിക്കട്ടെ. ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവന്‍ അറിയണമെന്നുള്ള വാക്കുകളോടെയാണ് ചാരുംമൂടന്‍റെ വാക്കുകള്‍ അവസാനിക്കുന്നത്. അത് വായിച്ചവരെയെല്ലാം ആശങ്കാകുലരായിരുന്നു.
നാടാകെ കാശിപിള്ള നിറഞ്ഞുനിന്നു. കരുണ്‍ നിശബ്ദനായി ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് സഞ്ചരിച്ചു. കര്‍മ്മസേനയിലുള്ളവരും അവന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു, പ്രാര്‍ത്ഥിച്ചു. നമ്മുടെ വിലയേറിയ വോട്ടുകള്‍ വിഷപ്പാമ്പുകള്‍ക്കും തേളുകള്‍ക്കുമല്ല കൊടുക്കേണ്ടതനെന്ന് അവര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
കാശിപ്പിള്ളയുടെ ആള്‍ക്കാര്‍ക്ക് തെരഞ്ഞെടുപ്പ് മധുരനാളുകളായിരുന്നു. നാട്ടിലെങ്ങും വിദേശമദ്യമൊഴുകി. മദ്യം കഴിക്കാത്തവനും അതിന്‍റെ മാധുര്യമറിഞ്ഞു. സ്വര്‍ണ്ണനിറം പൂശിയ വാഹനത്തില്‍ അവര്‍ തിളങ്ങി. മാധ്യമങ്ങളും അനുകൂലമായിരുന്നു. ജനങ്ങളെ സ്വന്തം കരവലയത്തിലാക്കാന്‍ കാശിപ്പിള്ള ധാരാളം വാഗ്ദാനങ്ങള്‍ നല്കി. പണം വാരിയെറിഞ്ഞു. കാശിപിള്ള മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അയാളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി കഠിനാധ്വാനം ചെയ്തു കൊണ്ടിരുന്നു. ശക്തനായ എതിരാളിയില്ലാത്തതിനാല്‍ രണ്ടിടത്തുനിന്നും ജയിച്ചുവരുമെന്ന് അവര്‍ വിധിയെഴുതി. രണ്ട് മണ്ഡലങ്ങളിലും ഒരുത്സവത്തിന്‍റെ പ്രതീതിയാണ് അനുഭവപ്പെട്ടത്. കപടവിശ്വാസികള്‍ക്കൊപ്പം പല ആരാധാനാലയങ്ങളിലും കാശിപിള്ള കൈകൂപ്പി വിജയത്തിനായി കൈകൂപ്പി പ്രാര്‍ത്ഥിച്ചു.
കാശിപിള്ള മണ്ഡലത്തിലുള്ള ദിവസമെല്ലാം ഉറങ്ങിയുണര്‍ന്നത് ശങ്കരന്‍റെ വീട്ടിലാണ്. ആ ബംഗ്ലാവില്‍ മറ്റാര്‍ക്കും പ്രവേശനമില്ലായിരുന്നു. അവിടെ ഏറ്റവുംകൂടുതല്‍ സന്തുഷ്ടനായത് മണ്ടന്‍ മാധവനാണ്. അവര്‍ വീട്ടുമുറ്റത്ത് വന്നിറങ്ങുമ്പോള്‍ തന്നെ തോര്‍ത്തും പിടിച്ച് ബഹുമാനത്തോടെയും ഭവ്യതയോടെയും നില്ക്കും. അതിന്‍റെ യഥാര്‍ത്ഥകാരണം കോഴിക്കാലും മദ്യക്കുപ്പിയില്‍ ബാക്കി വരുന്ന മദ്യവുമാണ്. അവര്‍ കഴിച്ചുകൊണ്ടിരിക്കുന്നത് ഉമിനീരിറക്കി വരാന്തയിലയാള്‍ കാത്തിരിക്കും. അകത്ത് നിന്ന് എപ്പോഴാണ് വിളി വരുന്നതെന്നറിയാന്‍ വരാന്തയിലെ ബെല്ലിലേക്ക് നോക്കിയിരിക്കും. മനസ്സ് നിറയെ തങ്ങി നില്ക്കുന്നത് കോഴിക്കാലും കള്ളുകുപ്പിയുമാണ്. കുപ്പിയില്‍ മദ്യം കൂടുതലുണ്ടെങ്കില്‍ അത് അടുത്ത പകലിനായി മരച്ചുവട്ടില്‍ സൂക്ഷിച്ചുവയ്ക്കും. ഒഴിഞ്ഞ പാത്രങ്ങളുമായി തറവാട്ടിലേക്ക് പോകുന്നതിനിടയില്‍ മരത്തിന്‍റെ മറവിലിരുന്നാണ് കോഴിക്കാലും മദ്യവും കഴിക്കുന്നത്. രാത്രിയായതിനാല്‍ ആരും കാണുകയുമില്ല. മണ്ടന്‍ മാധവന് ഏറ്റവും വലിയ ആശ്വാസം അത് തന്നെയാണ്.
കാശിപിള്ള ബംഗ്ലാവിലുള്ള രാത്രികളില്‍ അവിടേക്ക് സ്ത്രീപുരുഷന്മാര്‍ കാറില്‍ വന്നുപോകാറുണ്ട്. അവരൊക്കെ എന്തെങ്കിലും ആവശ്യത്തിന് വരുന്നവരായിട്ടാണ് മാധവന്‍ മനസ്സിലാക്കിയിരിക്കുന്നത്. സംശയദൃഷ്ടിയോടെ ഇന്നുവരെ ആരെയും കണ്ടിട്ടില്ല. ആരോടും ഒന്നും സംസാരിക്കാറുമില്ല. റോമില്‍ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കാന്‍ പുകക്കുഴലില്‍ നിന്ന് വരുന്ന വെള്ളപുകയെങ്കില്‍ മണ്ടന്‍ മാധവന് അകത്തേക്ക് ചെല്ലാന്‍ ഭിത്തിയിലുള്ള ബെല്‍ ശബ്ദിച്ചാല്‍ മതി. വരാന്തയില്‍ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തിരിക്കാതെ വിളി വരാറില്ല.
വളരെ ജിജ്ഞാസയോടെ അകത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ബെല്‍ ശബ്ദിച്ചു. ചാടിയെഴുന്നേറ്റ് അകത്തേക്ക് ചെന്നു. രണ്ടുപേരും തീന്‍മേശയുടെ മുന്നില്‍ നിന്നെഴുന്നേറ്റ് കൈ കഴുകാന്‍ പോയി. അവരുടെയാവശ്യം മണ്ടന്‍ മാധവനെ അവിടെനിന്നും ഒഴിവാക്കുകയാണ്. കുപ്പിയില്‍ ബാക്കി വരുന്ന മദ്യം അകത്താക്കിക്കഴിഞ്ഞാല്‍ ചായിപ്പിന്‍റെ കോണില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങിക്കൊള്ളും. മാധവന്‍ മേശപ്പുറത്തേക്ക് സൂക്ഷിച്ചുനോക്കി. അവന്‍റെ മുഖം സന്തോഷം നിറഞ്ഞു. മേശപ്പുറത്തിരുന്ന രണ്ടു ഗ്ലാസ്സുകള്‍ കഴുകാനായി അകത്തേക്കു കൊണ്ടുപോയിട്ട് മടങ്ങി വന്ന് പ്ലേറ്റിലിരുന്ന കോഴിക്കാലുകളും മദ്യക്കുപ്പിയും എടുത്ത് പുറത്തേക്കു പോയി.
ഒരു കാര്‍ മുറ്റത്തുവന്നു നിന്നു. അതില്‍ നിന്ന് രണ്ട് സ്ത്രീകളും കാറിന്‍റെ ഡ്രൈവറും അകത്തേക്കു പോയി. സ്ത്രീകള്‍ അടുത്തുകൂടി പോയപ്പോള്‍ നല്ല സുഗന്ധം മാധവന് അനുഭവപ്പെട്ടു. മരമൂട്ടിലെത്തിയ മാധവന്‍ ചുറ്റുപാടുകള്‍ നോക്കിയിട്ട് കുടിയും കടിയും നടത്തിക്കൊണ്ടിരുന്നു. ബംഗ്ലാവിനുള്ളില്‍ നഗ്നശരീരങ്ങള്‍ ഞെരിഞ്ഞമര്‍ന്നതും കാല്‍മുട്ടുകള്‍ മടങ്ങിയതും വികാരാവേശത്താല്‍ ഇളകിയതുമൊന്നും മാധവനറിഞ്ഞില്ല. അവര്‍ തളര്‍ന്നുവീണപ്പോള്‍ മാധവനും മദ്യലഹരിയില്‍ തളര്‍ന്നുവീണു. മണ്ണിന്‍റെ മെത്തയില്‍ തളര്‍ന്നവശനായി മരമൂട്ടിലുറങ്ങി. പ്ലാവിന്‍ മുകളില്‍ വവ്വാലുകള്‍ ചിലച്ചതും അടുത്തുകൂടി പറന്നുപോയതും ഒരു പാമ്പ് ശരീരത്തുകൂടി ഇഴഞ്ഞുപോയതും മാധവനറിഞ്ഞില്ല. അയാള്‍ ഉണങ്ങിയ ഒരു തണ്ടുപോലെ ഉറക്കത്തിലായിരുന്നു.
തെരെഞ്ഞെടുപ്പ് ചൂടു പിടിച്ചു. നാടിന്‍റെ മുക്കിലും മൂലയിലും പ്രമുഖരായ രാഷ്ട്രീയനേതാക്കള്‍ പ്രസംഗിക്കാനെത്തി. അതില്‍ പ്രായം കുറഞ്ഞവള്‍ കാശിപിള്ളയുടെ പാദം തൊട്ടുവണങ്ങിയാണ് പ്രസംഗിച്ചത്. എവിടെ നോക്കിയാലും വന്‍ റാലികളും പൊതുയോഗങ്ങളുമാണ് മന്ത്രിക്ക് വേണ്ടി നടക്കുന്നത്. പലയിടത്തും സൗജന്യ ഭക്ഷണവിതരണം ചെയ്തു. ഒപ്പം നടന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചവരുടെ പോക്കറ്റില്‍ ആയിരത്തിന്‍റെ നോട്ടുകള്‍ തിളങ്ങി. വിദ്യാസമ്പന്നരായവര്‍ ആ കൂട്ടത്തില്‍ നിന്ന് മാറി നടന്നു. അധികാരത്തിലിരുന്നുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവെന്ന് കര്‍മ്മസേനയിലുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്കി. പ്രതിപക്ഷം ശക്തനായ ഒരു എതിരാളിയെ നിര്‍ത്താന്‍ തയ്യാറില്ലായിരുന്നു. ഒരിക്കല്‍പ്പോലും ഭരണകക്ഷിയില്‍ നിന്ന് ആ മണ്ഡലം തിരിച്ചുപിടിക്കാനാവില്ലെന്ന് അവര്‍ വിചാരിച്ചു.
കാശിപ്പിള്ളയുടെ വിജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. അവരുടെ മുദ്രാവാക്യങ്ങള്‍ കരുണിനെ മനഃപ്പൂര്‍വ്വം അധിക്ഷേപിക്കാനുള്ളതുകൂടിയായിരുന്നു. കരുണാകരാ മോനെ നീ എവിടെയാണ്? ഏത് മാളത്തിലാണ് നീ ഒളിച്ചിരിക്കുന്നത്? നിന്നെ ഞങ്ങള്‍ പുകച്ച് ചാടിക്കും. രംഗത്ത് വരൂ. എല്ലായിടത്തും അവര്‍ക്ക് നല്ല പ്രോത്സാഹനവും സഹകരണവുമാണ് കിട്ടിയത്. വാശി തോന്നിയ തെരഞ്ഞെടുപ്പ് മത്സരം കണ്ട് കരുണിനെ സ്നേഹിച്ചവര്‍ക്ക് നിരാശ തോന്നി. അവരെ ഭയപ്പെടുത്തിയ മറ്റൊന്നുമായിരുന്നില്ല. ഭരണപക്ഷം നാട്ടില്‍ കള്ളും പണവും ധാരാളമായി ഒഴുക്കി. കള്ളവോട്ടിന്‍റെ കാര്യമില്ലെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. നാട്ടിലോടുന്ന വാഹനങ്ങളില്‍പോലും കാശിപ്പിള്ളയുടെ ചിരിക്കുന്ന മുഖമാണ്. നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് കാശിപിള്ളയുടെ സ്വഭാവത്തെപ്പറ്റി അധികമറിയില്ല. ആകെയറിയാവുന്നത് നാട്ടുകാരുടെ പ്രിയംകരനെന്നാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അയാള്‍ ഇവിടെ നിന്നാണ് ജയിച്ചിട്ടുള്ളത്. തെരെഞ്ഞെടുപ്പ് കാലത്തുമാത്രം ജനങ്ങളെ കാണാന്‍ വരുന്ന ജനസേവകന്‍.
തെരെഞ്ഞെടുപ്പ് വേളയില്‍ കൊഴുത്ത രണ്ട് ഗുണ്ടകള്‍ കരുണിനെ കാണാനെത്തി. അത് സംഭവിച്ചത് കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ്. അവനെ പരിഹസിച്ച ചിരിച്ചപ്പോള്‍ അവന്‍ ഒഴിഞ്ഞുമാറി. കടയ്ക്കുള്ളില്‍ ഇരുന്നവര്‍ അത് പ്രത്യേകം ശ്രദ്ധിച്ചു. ഈ നാട്ടുകാര്‍ അല്ലെന്ന് അവര്‍ക്ക് മനസ്സിലായി.
കടക്കാരന്‍ രാമചന്ദ്രന്‍ ചോദിച്ചു. “നിങ്ങള്‍ എന്തിനാ കടയില്‍ വന്നത്? വഴക്കുണ്ടാക്കാനാ? വെറുതെയിരിക്കുന്ന ഒരാളെ ആക്ഷേപിക്കുന്നത് ശരിയല്ല.”
അതിലെ ഒരു മീശക്കാരന്‍ രാമചന്ദ്രന്‍റെ അടുത്തേക്ക് ദേഷ്യപ്പെട്ട് ചെന്നിട്ട് അയാളുടെ താടിരോമങ്ങള്‍ തടവിയിട്ട് ചോദിച്ചു. “ഇയാള്‍ക്ക് എന്തിന്‍റെ കേടാ? ഇയാള് ഇവന്‍റെ ആരാ?”
വളരെ ക്ഷമയോടിരിക്കുന്ന കരുണ്‍ ഭയവിഹ്വലതയോടെ നിന്ന രാമചന്ദ്രനെ നോക്കി. സൈക്കിള്‍ ചവുട്ടി ക്ഷീണിച്ചപ്പോള്‍ ഒരു ചായ കുടിക്കാന്‍ കയറിയതാണ്. യാതൊരു മാന്യതയും കാണിക്കാതെ അവര്‍ കുലുങ്ങിച്ചിരിച്ച് അധിക്ഷേപിച്ചപ്പോഴും ഒന്നും പറഞ്ഞില്ല.
അവന്‍ ചെറുപുഞ്ചിരിയോടെ എഴുന്നേറ്റ് അവിടേക്കു ചെന്നു ചോദിച്ചു. “എന്താ നിങ്ങളുടെ പ്രശ്നം.”
ഗുണ്ടാനേതാവ് സൂക്ഷിച്ചൊന്നു നോക്കി. ഉത്സാഹഭരിതനായി മറ്റൊരാളും മുഖം കറുപ്പിച്ച് മുന്നോട്ടുവന്നു.
ഗുണ്ടാനേതാവ് കരുണിന്‍റെ ഉടുപ്പിന് പിടിച്ചിട്ട് ചോദിച്ചു, “നിനക്ക് മന്ത്രിക്കെതിരെ മത്സരിക്കാന്‍ എങ്ങിനെ ധൈര്യം വന്നു?”
കരുണ്‍ പുഞ്ചിരിയോടെ പറഞ്ഞു. “ഓഹോ, ഇതാണോ കാര്യം. പിടി വിട്ടിട്ട് പുറത്തേക്കിറങ്ങ്.”
അയാള്‍ പിടി വിട്ട് പുറത്തുവന്നു. ഒരാള്‍ക്ക് നല്ല വിയര്‍പ്പുനാറ്റം അനുഭവപ്പെട്ടു.
കരുണ്‍ സ്നേഹത്തോടെ പറഞ്ഞു. “നിങ്ങളുടെ പാര്‍ട്ടി നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ജയിക്കുമെന്ന് ഉറപ്പുമുണ്ട്. ഇതിനിടയില്‍ ഒരു ഗുണ്ടാ വിളയാട്ടത്തിന്‍റെ ആവശ്യമുണ്ടോ? ദുഷ്ടരായ മനുഷ്യരെ കണ്ടാല്‍ അകന്നു പോകുന്നതല്ലേ നല്ലത്. നിങ്ങടെ ശക്തി ഈ ദുര്‍ബലരോട് വേണോ? ഞാന്‍ എന്‍റെ വഴിക്ക് പോട്ട്.”
തിരിഞ്ഞു നടന്ന കരുണിന്‍റെ കിട്ടിയത് ഒരു ചവിട്ടായിരുന്നു. ജ്വലിക്കുന്ന കണ്ണുകളുമായി കരുണ്‍ തിരിഞ്ഞു നോക്കി. ചവുട്ടിയവന്‍റെ നെഞ്ചത്ത് അവന്‍റെ കാലും പതിഞ്ഞു. അവന്‍ പിറകോട്ട് മറിഞ്ഞു. മുന്നോട്ട് വന്നവനെയും അവന്‍ തല്ലിക്കൊണ്ട് അവന്‍റെ ശക്തി തെളിയിച്ചു. കടക്കാരന്‍ രാമചന്ദ്രന്‍ മുന്നോട്ടുവന്നെങ്കിലും കരുണ്‍ അയാളെ തടഞ്ഞു. അടുത്ത കടയില്‍ നിന്ന കര്‍മസേനയിലെ ഒരു വിമുക്തഭടന്‍ കരുണിന്‍റെ സഹായത്തിനെത്തി. ഗുണ്ടകള്‍ ഭയന്നോടി. രാമചന്ദ്രന്‍ ഗുണ്ടകളെ പുച്ഛത്തോടെ നോക്കി. നാണംകെട്ടവര്‍. കത്തി കാണിച്ച് ആള്‍ക്കാരെ വിരട്ടി കാര്യം കാണുന്നു. ഉള്ളാലെ ഒരല്പം ഭയം തോന്നി.
വിമുക്തഭടനും കരുണും സംസാരിച്ചുനില്‍ക്കെ രാമചന്ദ്രന്‍ കടയ്ക്കുള്ളിലെ മേശയ്ക്കുള്ളില്‍ നിന്ന് ഒരു ചെറിയ മടക്കുകത്തി കയ്യില്‍ ഏല്പിച്ചിട്ട് പറഞ്ഞു, “ഇത് വച്ചോളൂ. ഇനിയും അവര്‍ വരുന്നത് വടിവാളുമായിട്ടായിരിക്കും. ഇവനെയൊന്നും നാട്ടില്‍ ജീവനോടെ വാഴിക്കരുത് കരുണ്‍.”
അതിന്‍റെയാവശ്യമില്ലെന്ന് പറഞ്ഞ് കത്തി മടക്കി കൊടുത്തു. എന്നാലും മന്ത്രിമാരുടെ ഗുണ്ടാബന്ധങ്ങള് നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ. ഈ നാട് ഇങ്ങനെ പോയാല്‍ നശിക്കതന്നെ ചെയ്യും. നാട്ടില്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ പിന്നിലും അധികാരികളുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായി. ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്നത് ഇതുപോലുള്ള മന്ത്രിമാരെന്ന് രാമചന്ദ്രന്‍ പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞിട്ട് അവന്‍ സൈക്കിളില്‍ യാത്ര തുടര്‍ന്നു.
മനസ്സാകെ അസ്വസ്ഥമായിരുന്നു. സഹജീവികളെ സ്നേഹിക്കാനറിയാത്തവര്‍ അക്രമകാരികളും അത്യാഗ്രഹികളുമാകുക സ്വാഭാവികമാണ്. ഇതിനെ നേരിടാനും പരാജയപ്പെടുത്താനും ശ്രമിക്കേണ്ടവര്‍ അതിന് കൂട്ടുനില്ക്കുന്നു. മനുഷ്യര്‍ എന്താണ് ഇവരുടെ പക്ഷം ചേരുന്നത്. അവരുടെ യഥാര്‍ത്ഥമുഖം കാണാത്തതുകൊണ്ടാണോ? എന്നാണ് നമ്മിലെ വഴങ്ങുന്ന സ്വഭാവം മാറുക. ചെറുത്തു തോല്‍പ്പിക്കാനാകാത്ത മനുഷ്യര്‍ ഈ മണ്ണില്‍ എങ്ങിനെ ജീവിക്കും. പക്ഷിക്ക് ആകാശമുണ്ട്. മത്സ്യത്തിന് വെള്ളമുണ്ട്. മനുഷ്യനാരുണ്ട്.
കരുണ്‍ തെരെഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയത് ചാരുംമൂടന്‍റെ ലഘുലേഖകള്‍ മാത്രമായിരുന്നു. സമൂഹത്തിലെ ചൂഷകരെ കണ്ട് നിശ്ശബ്ദരാകാതെ അവരുടെ പിടിയിലമരാതെ പുതിയൊരു ജീവിതം പടുത്തുയര്‍ത്താന്‍ ശബ്ദമുഖരിതമായ ഒരു നാളേയ്ക്ക് വേണ്ടി എല്ലാവരും മുന്നോട്ടു വരിക. നമ്മുടെ സമ്പത്ത് തമ്മില്‍ നിന്ന് അഴിമതിക്കാര്‍ അപഹരിച്ചുകൊണ്ടുപോകുന്നു. ഇതിന്‍റെയെല്ലാം അടിവേരുകള്‍ ഉന്നതരിലാണ്. അഴിമതിയും അനീതിയും നടത്തി ആദര്‍ശം പ്രസംഗിക്കുന്ന ഹരിചന്ദ്രന്‍മാരാണ് നമ്മുടെ മുന്നില്‍. അവരെ നാം തിരിച്ചറിയണം. നിയമവ്യവസ്ഥയില്‍ പല കേസുകളും അട്ടിമറിക്കപ്പെടുന്നു. ഇത് ഭരണത്തിലുള്ളവരും നീതിന്യായ വകുപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ്. ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഇരയ്ക്ക് നീതി ഉറപ്പാക്കി കുറ്റക്കാരെ ശിക്ഷിക്കണം. അതാണ് വേണ്ടത്. നമ്മുടെ ജനാധിപത്യം ഇന്ന് വെറുമൊരു നോക്കുകുത്തിയാണ്. ഇത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. സാമൂഹ്യബോധമോ രാഷ്ട്രീയബോധമോ ഇല്ലാത്തവരെ മാധ്യമങ്ങളും ജനനായകന്മാരാക്കുന്നു.
ഒരു മാധ്യമങ്ങളും കരുണാകരനുമായി സംസാരിക്കാന്‍ ഇങ്ങോട്ടു വന്നില്ല. അവിടെയും സമ്പത്താണ് പ്രധാനം. അതിന്‍റെ ദുഃഖദുരിതങ്ങള്‍ പേറി ജീവിക്കുന്നവര്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലുമുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രവാസി ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളോ എത്ര ഇന്ത്യക്കാര്‍ ജയിലില്‍ ഉണ്ടെന്നോ ഇന്ത്യന്‍ ഭരണകൂടത്തിനറിയില്ല. കേരളത്തിന് സാമ്പത്തികാടിത്തറ ഉണ്ടാക്കിയത് പ്രവാസികളെന്ന കാര്യം ഭരണാധികാരികള്‍ മറക്കുന്നു. ഇന്ന് രാഷ്ട്രീയത്തില്‍ കടന്നു വരുന്നവരെല്ലാം എങ്ങനെ സമ്പത്തുണ്ടാക്കാന്‍ കഴിയും എന്ന കാഴ്ചപ്പാടോടെയാണ്. ഇതുമൂലം നിയമവ്യവസ്ഥയിലും ഭരണത്തിലുമുള്ള മനുഷ്യരുടെ വിശ്വാസിയത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഉന്നതസ്ഥാനങ്ങളിലുള്ളവരുടെ ജീവതം സുരക്ഷിതമാണ്. എന്തുകൊണ്ട് പാവങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവതത്തിന് സുരക്ഷിതത്വമില്ല. ഇവരൊക്കെ ഈ പാവങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയത് സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്താനായിരുന്നോ? സത്യത്തില്‍ ഇന്ത്യ ഭരിക്കുന്നത് കാട്ടാളന്മാരുടെ ഒരു കൂട്ടമല്ലേ? അവരുടെ അപ്പക്കഷണങ്ങള്‍ കിട്ടാന്‍വേണ്ടി അവര്‍ക്കുവേണ്ടി ആമീന്‍ പാടുന്നത് നമ്മള്‍ കാണുന്നില്ലേ? ചരിത്രത്താളുകള്‍ നമ്മോടു പറയുന്നത് പുസ്തകം പൊന്നുപോലെ സൂക്ഷിക്കണമെന്നാണ്. നമ്മള്‍ വിശുദ്ധമായി കണ്ടുകൊണ്ടിരിക്കുന്ന രണ്ടു കൂട്ടര്‍ നമ്മില്‍ നിന്ന് അകന്നു മാറിക്കൊണ്ടിരിക്കുന്നു. ആരാണീ വിശുദ്ധര്‍. പുസ്തകങ്ങളും സ്ത്രീകളും. ഈ രണ്ടു കൂട്ടരും പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നതുപോലെയാണ്. ഇതില്‍ സ്ത്രീ രക്ഷപെട്ടാലും സാഹിത്യകാരന് രക്ഷപെടാനാകില്ല. അവര്‍ സൃഷ്ടികര്‍ത്താക്കളാണ്.
ഈ പുലിയുടെ മുന്നില്‍ എലികള്‍ രാജാവായി വാഴുകയാണ്. തലയുള്ളവരുടെ തലയില്‍ പലരും കയറി നിരങ്ങുകയാണ്. ഒരു സ്ത്രീ മാനഭംഗപ്പെട്ടാല്‍ പോലീസും ഭരണകൂടവും കൂട്ടുനിന്ന് ആ കേസ് ഒതുക്കിത്തീര്‍ക്കുന്നു. ഇതുമൂലം സ്ത്രീപീഡനം ഈ നാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കയല്ലേ? സ്ത്രീയെ ഒരു പുരുഷന്‍ ബലാത്സംഗം ചെയ്യുകയെന്നു പറഞ്ഞാല്‍ അവനെ മൃഗമായിട്ടേ കാണാനാകൂ. ഇവിടെ മത്സരിക്കുന്ന മനത്രി കാശിപ്പിള്ള എത്രയോ സ്ത്രീകളെ പീഡിപ്പിച്ചവനും പല കുടുംബങ്ങളെ വഴിയാധാരമാക്കിയവനുമാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളാണ് ഇതെല്ലാം. എന്നിട്ടും അവനെ വോട്ടു ചെയ്ത് വിജയിപ്പിക്കുന്നു. വോട്ട് ചെയ്യുന്നവന്‍റെ തെറ്റാണ് ഇതെല്ലാം.അത്തിവൃക്ഷങ്ങളെ കണ്ടു പഠിക്കൂ. അത് ഫലങ്ങള്‍ തരുന്നില്ലെങ്കില്‍ വെട്ടി തീയിട്ട് നശിപ്പിക്കുന്നതാണ് ചെയ്യുന്നത്. നമ്മള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് വെറും അവസരവാദ രാഷ്ട്രീയമാണ്. അവര്‍ ബഹുജനമുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ പോലീസും പീരങ്കിയും കണ്ണീര്‍വാതകങ്ങളും വേണ്ടിവന്നാല്‍ പട്ടാളത്തെയും നിരത്തിലിറക്കും. നമ്മുടെ സഹോദരിമാരെ ബലാത്സംഹം ചെയ്യും. ഇവിടെ ജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ അധികാരാധിപത്യമല്ല. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ വ്യവസ്ഥിതികള്‍ക്കും മാറ്റമുണ്ടാകണം. ഇത് മാറാത്തിടത്തോളം സമ്പന്നനും അധികാരമുള്ളവനും സമ്പന്നനായും ദരിദ്ര്യന്‍ ദരിദ്ര്യനായും മാറിക്കൊണ്ടിരിക്കും. ദൈവങ്ങളുടെ മുന്നില്‍ വിളക്ക് കത്തിച്ചും പ്രസാദമെറിഞ്ഞും പോയാല്‍ നമ്മുടെ ദുഃഖങ്ങള്‍ മാറില്ല. മനുഷ്യനെ കീഴ്പ്പെടുത്തുന്ന ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ് ഭക്തിയും രാഷ്ട്രീയവും. ഈ രണ്ടുകൂട്ടരാണ് നമ്മെ ദുഃഖത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കായി മാറ്റപ്പെട്ടവരാണ് ഭരണകര്‍ത്താക്കള്‍ എന്നാല്‍ അവരുണ്ടാക്കുന്ന പാപകര്‍മ്മങ്ങള്‍ക്ക് കണ്ട് അവരെ ആര് രക്ഷപെടുത്തുമെന്നാണ് ഈ ബഹുജനം ആലോചിക്കുന്നത്.
മതങ്ങളില്‍ സ്നേഹവും സഹിഷ്ണതയും കുറഞ്ഞിരിക്കുന്നു. ആത്മീയജ്ഞാനും വളര്‍ത്തേണ്ടവര്‍ ഇന്ന് ദേവാലയങ്ങളുടെ ആര്‍ഭാടത്തിനാണ് വില കല്പിക്കുന്നത്. മുമ്പുണ്ടായിരുന്ന പുരോഹിതര്‍ ഇന്നുള്ളവരെക്കാള്‍ വിശുദ്ധന്മാരായിരുന്നു. ആഡംബരങ്ങളില്‍ വെറും അഹന്തയല്ലാതെ എന്താണ്? രാഷ്ട്രീയത്തിലേതുപോലെ ഭക്തിയും വിശ്വാസവും ഇന്നൊരു പ്രകസനവും പ്രകടനവും കച്ചവടവുമായിരിക്കുന്നു. പൗരോഹത്യവും ജനസേവകരെപ്പോലെ ഒരു കര്‍മ്മമല്ല. അത് പ്രവൃത്തിയാണ്. നല്ലൊരു പൗരോഹിത്യജീവിതം നല്ലൊരു സുവിശേഷമാകുന്നത് അങ്ങിനെയാണ്. നമ്മള്‍ ഈ മണ്ണിലെ കാര്യസ്ഥന്മാര്‍ മാത്രമാണ്. എന്നാല്‍ പലരും ഉടമസ്ഥന്മാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജനത്തിന് വേണ്ടി സ്വയം അര്‍പ്പിക്കുന്നവരാണ് ജനസേവകരും പുരോഹിതന്മന്മാരും. ജീവിതം നല്ലൊരു സുവിശേഷമാകുന്നത് അങ്ങിനെയാണ്. നമ്മള്‍ ഈ മണ്ണിലെ കാര്യസ്ഥന്മാര്‍ മാത്രമാണ്. എന്നാല്‍ പലരും ഉടമസ്ഥന്മാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജനത്തിന് വേണ്ടി സ്വയം അര്‍പ്പിക്കുന്നവരാണ് ജനസേവകന്മാരും പുരോഹിതന്മാരും. അത് ഏത് മതപുരോഹിതനായാലും. അവര്‍ കാലത്തിന്‍റെ രക്ഷകരാണ്. അവര്‍ ഒരിക്കലും സ്വന്തം സുരക്ഷിതത്വം നോക്കുന്നവരല്ല. അതാണ് ആത്മാവിലും ജനങ്ങളിലുമുള്ള സമര്‍പ്പണം. ഈ സ്വഭാവശുദ്ധിയില്ലാത്തവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ചെകുത്താന്‍മാര്‍. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നമ്മെ വിഡ്ഢികളാക്കുന്നു. അധികാരത്തിന്‍റെ സുഖമറിഞ്ഞവര്‍ ആദര്‍ശം മറക്കുമെന്ന് നാം തിരിച്ചറിയുക. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മരണം വരെ അധികാരത്തിലിരിക്കുന്നത്. എന്തുകൊണ്ട് ഇവര്‍ക്ക് പെന്‍ഷന്‍ പ്രായമില്ല. മതനിരപേക്ഷതയാണ് ആവശ്യം അല്ലാതെ മതമല്ല. പട്ടി തന്‍റെ യജമാനനെ നോക്കി വാലാട്ടുന്ന ജനാധിപത്യസംവിധാനം മാറണം. സത്യത്തില്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ വരേണ്ടവര്‍ ആരാണ്. ജനാധിപത്യത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണം. അങ്ങിനെയുള്ള ഒരു ബഹുജനമുന്നേറ്റമാണ് കരുണാകരനിലൂടെ കാണുന്നത്. കരുണ്‍ മണ്ണിന്‍റെ മണമുള്ള ജനനായകനാണ്. അവനെ നിങ്ങള്‍ വോട്ടു ചെയ്ത് വിജയിപ്പിക്കുക. ഞാനീ എഴുതിയത് എന്‍റെ സാഹിത്യഭാഷയാണ്. നല്ല സാഹിത്യകൃതികള്‍ സത്യത്തെ വിവരിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതിയെന്ന് മാത്രമേയുള്ളൂ. വാക്കുകള്‍ ചുരുക്കുന്നു. ജയ് ഹിന്ദ്. കരുണിന് വേണ്ടി ചാരുംമൂടന്‍ അവസാനമായി എഴുതിയ ലഘുലേഖനമായിരുന്നു ഇത്. രാജ്യത്തെ കൊള്ളയടിക്കുന്നവരെ സൂക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ആ വാക്കുകള്‍ ഒരു ഊര്‍ജ്ജമായി പലരുടെയും മനസ്സില്‍ ജീവിച്ചു. അരമനകളില്‍ കഴിയുന്നവരുടെ രഹസ്യങ്ങള്‍ തുറന്നു കാട്ടാന്‍ മടിക്കുന്നവരുടെ കാലത്താണ് ചാരുംമൂടന്‍ പലതും വെളിപ്പെടുത്തുന്നത്. ലഘുലേഖകള്‍ ഒരു പ്രകാശബിന്ദുവായി വെളിച്ചത്തിന്‍റെ നേര്‍ത്ത മഞ്ഞുതുള്ളികളായി ഒരു കുളിരായി മണ്ണില്‍ തെളിഞ്ഞു നിന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം ഒട്ടനവധി ആഡംബര കലാശപരിപാടികളോടെയാണ് ടൗണില്‍ അവസാനിച്ചത്. അവസാനമായി കാഴ്ചവച്ചത് സുന്ദരികളുടെ നൃത്തമായിരുന്നു. അവരില്‍ ഒരാളില്‍ കാശിപിള്ളയും ശങ്കരന്‍നായരും കണ്ണുംനട്ടിരുന്നു. അവളുടെ കണ്ണുകളും അരക്കെട്ടും ഇളകിയാടുന്ന മുലകളും അവരില്‍ ആവേശം പകര്‍ന്നു. നര്‍ത്തകിമാരില്‍ ഒരാള്‍ അവരുടെ മുഖത്തേക്കും ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അവള്‍ വളരെ ചെറുപ്പമെന്ന് അവര്‍ മനസ്സിലാക്കി. അവളുടെ വേഷവിധാനത്തിലും അവര്‍ ആകര്‍ഷിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി. ആ രൂപവും ഭാവവുമെല്ലാം മനസ്സില്‍ തളം കെട്ടിക്കിടന്നു. അവളുടെ പുഞ്ചിരിയില്‍ അവര്‍ മയങ്ങി വീഴുകതന്നെ ചെയ്തു. തെരഞ്ഞെടുപ്പില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന തെരുവീഥികളെല്ലാം വിജനമായിരുന്നു. ആരാണ് ജയിക്കുക അതാണ് എല്ലാവരുടെയും ചോദ്യം. പലര്‍ക്കും ഇന്നത്തെ ഇലക്ഷന്‍ പ്രചാരണത്തോടെ വെറുപ്പുതന്നെ തോന്നി. നാട്ടിലെ ഡങ്കിപ്പനിയെക്കാള്‍ വരുതായി തോന്നി തെരഞ്ഞെടുപ്പ് മാമാങ്കം.
കരുണിന്‍റെ വിജയസാധ്യത കര്‍മ്മസേനയിലുള്ളവര്‍ ഭയാശങ്കകളോടെയാണ് കണ്ടത്. രാജ്യസ്നേഹിക്കും ജനങ്ങളുടെ പ്രിയംകരനുമായ കാശിപ്പിള്ള ജയിക്കുമെന്ന് ഒരു കൂട്ടര്‍ വാദിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു. കരുണ്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിന്‍റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. കാശിപ്പിള്ളയുടെ വിജയത്തിനായി ആദ്യന്തം ആര്‍ത്തുവിളിച്ചവര്‍ നിരാശരായി. ശങ്കരനും വിയര്‍ത്തു. വിജയം വരിച്ച കരുണനെ കാണാന്‍ കിരണ്‍ ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു.
പക്ഷേ, രണ്ടാം മണ്ഡലത്തില്‍ രണ്ടായിരം വോട്ടിന് ജയിച്ച കാശിപ്പിള്ള നിയമസഭയില്‍ ഇക്കുറിയും തന്‍റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *