LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 18

കവിത ഒരു കുളിരല പോലെ പതഞ്ഞു വന്നതാണ്. വന് തിരമാലകള് കയറി വന്നു കുതിച്ചുയര്ന്നു . ആകാശം മുട്ടുമാറ് ഗര്ജ്ജിച്ച് അമര്ന്ന തിര പിന്വാങ്ങുന്നത് നോക്കി മേഘമാലകള് നിശബ്ദം തേങ്ങി. ഒട്ടും താമസിയാതെ അടുത്ത കുളിരല ഒഴുകി വന്നു. കുളിരലകളെ വാരി വിഴുങ്ങാന് തയ്യാറായി വന്തിരകളും. സങ്കല്പ്പത്തിനുമപ്പുറത്തു നന്ദിനിയുടെ ഹൃദയമിടിപ്പിന്റെ മന്ദവേഗങ്ങള് അതില് ചേര്ന്ന് അലിഞ്ഞിരുന്നു. പൂര്ണ്ണമാക്കി ഒന്ന് വായിക്കാന് പോലും മിനക്കെടാതെ കട്ടിലില് വന്നു വീഴുകയായിരുന്നു.

‘തെന്നലിന് കൈകളില് രണ്ടിളം തുമ്പികള് പോലെ

വിഹായസ്സില് പാറി ഉയര്ന്ന മനസ്സിന്റെ തേങ്ങല്.’

ഹോസ്‌ററലില് ഇനി ആരും അത് വായിക്കാതെയില്ല. ഒരു മണ്ടിപ്പെണ്ണിന്റെ പരാക്രമങ്ങള് നളിനി ഒരു പൂത്തുമ്പിയെ പോലെ ആ കടലാസ് കഷണവുമായി പാറി പറക്കുകയായിരുന്നു.പുലര്കാല സുന്ദര സ്വപ്നത്തിന്റെ ഒരു തിരത്തള്ളല് പോലെ നന്ദിനി നിശ്ശൂന്യയായി അത് നോക്കി കിടന്നു. മനസ്സൊരു പഞ്ഞിത്തുണ്ടായി സ്വന്തം മുന്നിലൂടെ പറന്നു നീങ്ങുന്നത് ദൂരെ നിസ്സംഗയായി നോക്കിക്കാണുന്ന പോലെ! അപ്പോഴൊക്കെ അവളുടെ മനസ്സില് തന്റെ പ്രേമ ഗായകന് വേണു  ഊതി നിന്നു. മഞ്ഞപട്ടുടുത്തു മയില്പ്പീലി ചൂടി മരതകമണി അണിഞ്ഞു മാനസനിളയിലൂടെ കാര്വര്ണ്ണന് തെന്നി നീങ്ങിക്കൊണ്ടിരുന്നു. ആ മഞ്ജീരധ്വനിയില് അലിഞ്ഞങ്ങനെ എത്ര നേരം കിടന്നു എന്നറിയില്ല. നളിനി ഒരു ചുറ്റല് കഴിഞ്ഞു മുറിയില് തിരിച്ചെത്തി.ഏതോ വലിയൊരു കണ്ടു പിടുത്തം കഴിഞ്ഞെത്തിയ ധീരത അവളില് തുടിച്ചു നിന്നു.

നന്ദിനി പുഞ്ചിരിച്ചു.

‘എടീ .പുല്ലേ ‘ എന്ന് തോന്നിക്കുന്ന ഒരു ഹാസ്യം ആ പുഞ്ചിരിയില് ഒളിച്ചിരുന്നു. കടലാസു കഷണത്തിന്റെ കൂടെ ഒരു പുഷ്പഹാരവും ഉണ്ടായിരുന്നു. പടിപ്പുരയ്ക്കടുത്തു വിരിഞ്ഞു വിലസുന്ന പവിഴമല്ലി പൂക്കള് പെറുക്കിയെടുത്തു കോര്ത്ത മാല. ആ പൂക്കളുടെ ഓറഞ്ച് ഞെട്ടും ഇളം വെള്ളനിറത്തിലുള്ള ദളങ്ങളും നന്ദിനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് അവള്ക്കറിയാം. നന്ദിനി അപ്പോഴും നിലാവ്

പോലെ ചിരിച്ചതേ ഉള്ളു. ഹൃദയം കീഴടക്കി തന്റെ കോമളാംഗന് ഇനിയും പാലാഴി മഥനം നടത്തുന്നു. ആ മര്ദനത്താല് അവളുടെ പേലവാധരങ്ങള് തളര്ന്നു പോയിരുന്നു.

 

കറുത്ത മുത്ത് കോര്ത്ത നേര്ത്ത ഒരു സ്വര്ണ്ണമാല നന്ദിനിയെ അണിയിച്ചു നളിനി പറഞ്ഞു. ‘ഇതെന്റെ സമ്മാനം.’

നന്ദിനി അവളെ വിലക്കി. ‘എന്താ ഇത്? എനിക്ക് വേണ്ടാ.’

‘കണ്ണ് തട്ടാതിരിക്കാനാടീ.. നീ ഇത് ഇട്ടു ഇന്ന് പോയാല്മതി കോളേജില്…ഇത് എന്റെ അമ്മ പ്രത്യേകം കുറുപ്പച്ചനെ കൊണ്ട് ശരിയാക്കിച്ചതാ..’

‘പോടീ… എനിക്ക് അത്തരം വിശ്വാസം ഇല്ല. അല്ലെങ്കിലും ഞാനിന്നു പ്രത്യേകിച്ചെന്തു ചെയ്തിട്ടാ?’

‘ഹേ! ഒന്നുമില്ലേ? ആ കവിത നീയല്ലേ എഴുതിയത്. അത് കണ്ടിട്ട മലയാള വിഭാഗത്തിലെ എല്ലാവരും ഞെട്ടി. ലീലാവതിയമ്മ പറഞ്ഞത് എന്താണെന്നോ? ‘രേണുക’യുടെ എഴുത്തിന്റെ ഒരു രീതിയുണ്ടെന്ന്.’

നന്ദിനി ഉള്ളാലെ ചിരിച്ചു. ‘രേണുക അത് ഞാന് തന്നെയല്ലേ. അത് ഇവര്ക്കാര്ക്കും അറിയില്ലല്ലോ. നന്നായി, ഇല്ലെങ്കില് ഇവള് അതും കോളേജില് പാട്ടാക്കും.’

നന്ദിനി എന്തായാലും അന്ന് കോളേജില് പോയില്ല. ശരീരം മുഴുവന് ഒരു തളര്ച്ച പോലെ. നേരിയ ചൂടും തോന്നി. നളിനിയുടെ പുസ്തത്തില് നിന്നും എല്ലാം പകര്ത്താം. വെറോനിക്കാമ്മ അവളെ പ്രത്യേകം പരിചരിച്ചു. ചൂടുവെള്ളം കൊണ്ട് ദേഹമൊക്കെ അവര് തുടച്ചു കൊടുത്തു. ‘മാസമുറ വരാനാകും കുട്ട്യേ…ചിലപ്പോള് ഇങ്ങനൊക്കെ ഉണ്ടാകും ചിലര്ക്ക്.’ അവര് പറഞ്ഞു. അത് തന്നെയാകാമെന്നു നന്ദിനിയും ആശ്വസിച്ചു. അതിന്റെ ദിവസവും അടുത്തിരിക്കയാണല്ലോ.

വൈകുന്നേരം ദിനേശനും, ജോണ്‌സണും, ജോബിയും കൂടെ ഹോസ്റ്റലില് എത്തി. ഒക്കെയും നളിനിയുടെ പണിയാകും. എല്ലാവരെയും വിളിച്ചു പറഞ്ഞിരിക്കുന്നു. മുന്‌പൊരിക്കല് നന്ദിനിയെ ഒറ്റയ്ക്ക് ആശുപ്രതിയിലെത്തിച്ചു രക്ഷിച്ചത് മുതല് ഒരു ‘രക്ഷിതാ’വിന്റെ സ്ഥാനം അവള് സ്വയം ഏറ്റെടുത്തിരിക്കുന്നു. സന്ദര്ശകര് ഉണ്ടെന്ന് അറിഞ്ഞു നന്ദിനി താഴെ എത്തി. അവളുടെ മുഖം അലപം വിളറിയിരുന്നു. വളരെ നേരം കിടന്നു വിശ്രമിച്ചത് കൊണ്ടായിരിക്കാം ആകെ ഒരു ആലസ്യം തോന്നിയിരുന്നു.

‘നളിനി പറഞ്ഞു നന്ദിനിക്ക് വയ്യാ എന്ന്.. എന്ത് പറ്റി? ‘ദിനേശന് തുടക്കമിട്ടു.

‘കേട്ടപ്പോള് ഞെട്ടിപ്പോയി. മുന്പ് എല്ലാവരെയും വിഷമിപ്പിച്ചുതല്ലേ. ഇപ്പോള് എങ്ങനെ ഉണ്ട്?’ജോണ്‌സണ് ചോദിച്ചു.

നന്ദിനിക്ക് അല്പം ലജ്ജ തോന്നി. വിളര്ത്ത ഒരു ചിരിയോടെ നന്ദിനി പറഞ്ഞു.. ‘അവള്ക്കു വട്ടാ..എനിക്കൊന്നും ഇല്ല്യാ..’

 

‘എടീ..എടീ ..എടീ ..എനിക്ക് വട്ടാന്നോ? എന്താ നീ പറഞ്ഞെ?’നളിനി ഓടി വന്നു. കയ്യില് എഴുതി വച്ച കവിതയും.

നന്ദിനി പുഞ്ചിരിച്ചു. നനഞ്ഞ ചെന്താമര പോലെ തല കുനിച്ചു നിന്നു അവള്.

‘ഛേ! ഈ നളിനി.. ‘ അവള് ഉള്ളില് പറഞ്ഞു.

‘ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്നു കവിത എഴുതിയിട്ടാ ഈ വയ്യായ്ക! മെഴുകുതിരി കത്തിച്ചു വച്ച് ഇവള് ഈ പണി ഒപ്പിച്ചത് ഞങ്ങള് ആരും അറിഞ്ഞില്ല. എന്തായാലും കസറീട്ടുണ്ട്.മലയാളം വിഭാഗത്തില് നിന്നും പറഞ്ഞതെന്താണെന്നോ? നമ്മുടെ പ്രശസ്ത കവയിത്രി ‘രേണുക’ യില്ലേ.. അവരുടെ എഴുത്ത് പോലുണ്ടെന്ന് ‘

ദിനേശന് പൊട്ടിച്ചിരിച്ചു. ‘അതില് എന്താ ഇത്ര അത്ഭുതം? രേണുകയല്ലേ ഇത്?’

‘ആഹാ! അങ്ങനെയും ഒരു കള്ളം ഇവള് സൂക്ഷിക്കുന്നുണ്ടോ?’ നളിനി നന്ദിനിയുടെ ചെവിക്കു പിടിച്ചു. ജോണ്‌സണ് കവിതയിലൂടെ ഒഴുകുകയായിരുന്നു.വാക്കുകള് മുല്ലമലരു പോലെ ഭംഗിയില് കോര്‌ത്തെടുത്തു ചാര്ത്തിയിരിക്കുന്നത് തന്റെ തന്നെ കഴുത്തിലാണെന്ന് അയാള്ക്ക് മനസ്സിലായി. മുഖം താഴ് വ്രീളാവിവശയായി നില്ക്കുന്ന ഈ പൂമുത്തിനെ കൈയ്യിലൊതുക്കി മാറില് ചേര്ത്തു ചുടുചുംബനങ്ങളാല് മൂടാന് അയാളുടെ കയ്യും മെയ്യും തരിച്ചു. പരിസരം അനുകുലം അല്ലല്ലോ.

‘കവിത ഉഗ്രന്! ഇതിനൊരു സമ്മാനം വേണ്ടേ?’ അയാള് ചോദിച്ചു.

നന്ദിനി മുഖം ഉയര്ത്തി ഒരു വിളര്ത്ത ചിരി ചിരിച്ചു. ദിനേശന് പറഞ്ഞു… ‘സമ്മാനം വാരിക്കൂട്ടാന് ഇരിക്കുന്നതേയുള്ളൂ.’

കോളേജില് ഒരു പുതിയ വാര്ത്തകൂടെ പരന്നു. പ്രശസ്ത കവയിത്രി രേണുക ഈ കോളേജിലെ വിദ്യാര്ത്ഥിനി നന്ദിനിയാണെന്ന് അങ്ങനെ പരസ്യമായി. അദ്ധ്യാപകരും വിദ്യാര്ത്ഥികളുമൊക്കെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമായി അവള അനുമോദിച്ചു. ഒറ്റ ദിവസം കൊണ്ട് കോളേജിന്റെ അഭിമാന താരമായി മാറി നന്ദിനി.

ഒരു ഉജ്ജല നക്ഷ്രതം. പലരും വാഴ്ത്തി പാടി. അഭിനന്ദനത്തിന്റെ അത്ര തന്നെ അസൂയയും പെരുകുന്നുണ്ടായിരുന്നു. കഴിവുള്ളവരുടെ യഥാര്ത്ഥ ശ്രതുക്കള് ഇവരാണല്ലോ. അതൊന്നും കാര്യമാക്കേണ്ടെന്ന് എപ്പോഴും മനസ്സിന് ആശ്വാസം നലകാറുള്ളതുപോലെ ഇതും എന്ന് സ്വയം തീരുമാനിച്ചു. ഇതൊക്കെ ലോകത്തിന്റെ വഴികളല്ലേ! ഒരു കലാകാരനും കലാകാരിയും ജനിക്കുന്നത് ദൈവത്തിന്റെ ഹൃദയത്തില് നിന്നാണ്. അവിടെ കളങ്കം ഏല്ക്കാത്ത പ്രദേശമാണ്. ആ പ്രദേശത്ത് നിന്ന് ദൈവം വളര്ത്തി വലുതാക്കുന്ന വിത്തുകളാണ് ഭൂമിയില് പറിച്ചു നടുന്നത്. സത്യവും, സമാധാനവും, സ്‌നേഹവും അതിനു വളമാക്കുന്നതും ദൈവം തന്നെ. അതിന്റെ വളര്ച്ച മുരടിപ്പിക്കാന് കളകള് അടുത്ത് തന്നെ വളര്ന്നു പന്തലിക്കും. ദൈവം നട്ട ചെടികള് ഫലം ചൂടുമ്പോള് കളകള്ക്ക് എന്ത് ചെയ്യാന് കഴിയും? അവയില് പൂക്കുന്ന മുള്പൂക്കള് കാറ്റില് ആടി വന്നു ദേഹത്ത് ഉരസ്സി വേദനിപ്പിക്കും. കാലക്രമേണ കള നശിച്ച് പോകും. നല്വ്യക്ഷം വളര്ന്നു പന്തലിക്കും. പാവം പക്ഷികള് അതില് കൂട് കൂട്ടും. പുങ്കുയിലുകള് ഗാനവര്ഷം പൊഴിക്കും. മേഘപാളികള് ഇലച്ചാര്ത്തിനിടയിലൂടെ നിറങ്ങള് ചാലിച്ച് ചാര്ത്തും. സുഗന്ധ പുഷ്പങ്ങള് വിടര്ന്നു വികസിച്ചു കാറ്റില് ആടി നില്ക്കും . തളര്ന്ന പഥികന് വൃക്ഷം കുളിരേകും. കാറ്റ് അതിന്റെ ചില്ലകളില് ഊഞ്ഞാല് ആടും.

നന്ദിനി കുളിമുറിയില് കയറി ഒന്ന് നന്നായി കുളിച്ചു. വയ്യാതിരുന്നു പച്ചവെള്ളത്തില് കുളിച്ചതിനു വേറോനിക്കാമ്മ ശാസിച്ചു. അമ്മയുടെ സ്വരമാണ് പലപ്പോഴും അവര്ക്ക്. ഭക്ഷണം കഴിക്കാനുള്ള സമയം ആയി. പകലൊക്കെ കാര്യമായൊന്നും കഴിച്ചിരുന്നില്ല. അതിനാല് വേഗം കയറിയിരുന്നു നന്നായി ഉണ്ടു. പരിപ്പ് കറിക്കും ചീരത്തോരനും ഒക്കെ നല്ല രുചിയുണ്ടെന്ന് തോന്നി. വേറൊനിക്കാമ്മയുടെ കരവിരുത് ശ്ലാഘനീയം തന്നെ! ഊണ് കഴിഞ്ഞു മുറിയില് എത്തിയതും ഫോണ് ഉണ്ടെന്നു വന്നു പറഞ്ഞു. നന്ദിനി ഹാളില് എത്തി. ആരും ഇല്ല. എല്ലാവരും  മുറിയിലാണ്.

‘നന്ദു… ഇന്നലെ ഉറങ്ങിയില്ല അല്ലെ?’ ജോണ്‌സണ് ആണ്.

‘എന്ത് പറ്റിയെന്നു ചോദിക്കുന്നില്ല. ഞാനും ഉറങ്ങിയില്ല. രാത്രിയിലൊരു കഥ എഴുതി. ഇന്ന് തന്റെ കവിത വായിച്ചപ്പോള്, എന്തൊരു സമാനത! നമ്മുടെ ഹൃദയം മിടിക്കുന്നത് പോലും ഒരു പോലെയാണല്ലോ’

നന്ദിനി ഉത്തരം പറയാന് ആവാതെ വീര്പ്പു മുട്ടി

‘നന്ദു.. എന്താ മിണ്ടാത്തെ? ‘

‘എന്നെ ഇനിയും പരവശയാക്കല്ലേ ജോണ്‌സേട്ടാ’

‘ഞാനും അങ്ങനെ തന്നെ..ഇനി എത്ര നാള് എന്നോര്ക്കുമ്പോഴാ.’

‘മതി… ഞാനിന്നൊന്ന് ഉറങ്ങിക്കോട്ടെ.’ ശുഭരാത്രി പറഞ്ഞു അവള് പുറത്തേക്കു പോന്നു. കുളിച്ചപ്പോള് ലഭിച്ച കുളിര്മ്മ വീണ്ടും നഷ്യപ്പെട്ട പോലെ. ശരീരവും മനസ്സും ഒരിക്കല് കൂടി ചുട്ടു പഴുക്കുന്ന അനുഭവം. ജീവിതത്തില് ആദ്യമായി നളിനി നല്കിയ ഉറക്ക ഗുളിക കഴിച്ചു കട്ടിലില് മൂടി പുതച്ചു കിടന്നു. ഏതോ കായല്ക്കരയിലൂടെ ആരുടെയോ വിരല്ത്തുമ്പില് പിടിച്ചു നീങ്ങുന്ന പോലെ. തീരത്ത് നനഞ്ഞ മണ്ണില് ഞണ്ടുകള് മാളം തീര്ത്തിരിക്കുന്നു. ഒരു ഞണ്ടിന്റെ പിന്നാലെ ഓടിയോടി നന്ദിനി വലഞ്ഞു. പിടിച്ചു, പിടിച്ചില്ല എന്ന മട്ടിലെത്തുമ്പോള്, ഞണ്ട് ഒരു പൊത്തില് ഒളിക്കും. കുറച്ചു കഴിഞ്ഞു പുറത്തു ശത്രു  ഇല്ലെന്നു കരുതി ഓട്ടം തുടങ്ങും. ഒരു തമാശ പോലെ പിന്നാലെ നന്ദിനിയും. കറുത്ത വസ്ത്രം അണിഞ്ഞ മഞ്ഞ കാലുള്ള ഞണ്ടിന്റെ പിറകെ ഓടിയോടി നന്ദിനി തളര്ന്നു. ഞണ്ടിനു ഒരു തളര്ച്ചയുമില്ല. അവസാനം ഞണ്ട് മാളത്തില് നിന്നും പുറത്തിറങ്ങിയില്ല. ഒരു പക്ഷെ അതായിരിക്കാം അതിന്റെ സ്വന്തം മാളം. കുറെ നേരം കാത്തു നിന്നിട്ട് നന്ദിനി നിരാശയോടെ ചുറ്റും നോക്കി. അങ്ങകലെ ഓളക്കൈകളില് തീരത്തേക്ക് കുതിക്കുന്ന ചെറു വള്ളത്തില് ജോണ്‌സണ് തുഴ എറിയുന്നു. വഞ്ചി മെല്ലെ അടുത്ത് വന്നു. കരയില് കിതച്ചുകൊണ്ട് നിന്ന നന്ദിനിയെ വാരിയെടുത്ത് അയാള് വള്ളത്തില് ഇട്ടു. ഒരു കൈ കൊണ്ട് അവളെ താങ്ങി, മറുകയ്യാല് തുഴ എറിഞ്ഞ് അകലേക്ക്, അകലേക്ക് നീങ്ങുമ്പോള് ഉരുണ്ടു കൊഴുത്ത പേശികളുടെ ചലനം നോക്കി അവളിരുന്നു. പെട്ടെന്ന് അയാള് ഈണത്തില് പാടാന് തുടങ്ങി. നന്ദിനി എഴുതി മുഴുമിപ്പിച്ച കവിത മനോഹരമായ ഈണത്തില് ജോണ്‌സന്റെ മുഴങ്ങുന്ന ശബ്ദത്തില് അലയടിച്ചു ഉയര്ന്നു. നന്ദിനി കൂടെ പാടി. ഭാഗിയുള്ള ഒരു യുഗ്മ ഗാനം പോലെ അതിലെ ഈരടികള് രൂപം കൊണ്ടു. പ്രേമത്തിന്റെ ഉത്തുംഗശ്യംഗത്തില് കാമുകി കാമുകന്മാര് ചേര്ന്നാലപിച്ച പോലെ അത് അന്തരീക്ഷത്തില് പ്രകമ്പനം കൊണ്ടു. ‘മോഹനരാഗമാണെന്നു’ നന്ദിനിക്ക് മനസ്സിലായി.

അങ്ങകലെ ചക്രവാളസീമയില് ഒരു വന്വ്യക്ഷ ചുവട്ടില് ജോണ്‌സണ് വഞ്ചി കെട്ടിയിട്ടു. അവളെ കോരിയെടുത്ത് അയാള് മരം കയറി. മരത്തില് വിശ്രമിച്ചിരുന്ന ഒരുപാട് പക്ഷികള് ചിറകടിച്ചു പറന്നു പോയി. വന്മരത്തിന്റെ ഒരു കൊമ്പില് മഞ്ഞയും, ചുവപ്പും, നീലയും പുക്കള് ഒന്നിച്ചു വിരിഞ്ഞു വിലസ്സിയിരുന്നു. കാറ്റില് ആടി രസിക്കുന്ന പുമരക്കൊമ്പില് ഒന്നില് അവളെ ഇരുത്തി അയാള് ഊഞ്ഞാല് ആട്ടി. കൂട്ടം കൂട്ടമായി പൂക്കള് താഴേക്കു പതിച്ചുകൊണ്ടിരുന്നു. അവസാനം പുങ്കൊമ്പ് കാലിയായി. നേര്ത്ത ഒരു പ്രകാശം മാത്രം അവശേഷിച്ചു. അപ്പോള് ആ കൊമ്പില് അവള് കണ്ടു… താനും ജോണ്‌സേട്ടനും… രണ്ടു വവ്വാലുകള് നന്ദിനി ഞെട്ടി ഉണര്ന്നു. മേശപ്പുറത്തെ വെള്ളപ്പാത്രത്തില് നിന്നവള് കുടുകുടെ വെള്ളം കൂടിച്ചു.

‘എന്തൊരു സ്വപ്നം’

‘പക്ഷിപാതാളം’ ആണോ സ്വപ്നത്തില് വിരിഞ്ഞത്? ക്ലോക്കില് മണി നാലായിരിക്കുന്നു. വീണ്ടും പുതപ്പിന്നടിയില് കയറിക്കിടന്ന അവള് ആ സ്വപ്നത്തിന്റെ വിരിമാറിലൂടെ ഊയലിട്ടു. രാത്രി ഇനിയും ബാക്കി ഉണ്ട്. ഉറങ്ങാന് കഴിയുന്നില്ല. നന്ദിനി എഴുന്നേറ്റിരുന്നു മെഴുകുതിരി കത്തിച്ചു. സ്വപ്നത്തില് തന്റെ കവിത ഒരു യുഗ്മഗാനമായി മാറിയത് അവളുടെ അന്തരംഗത്തില് നിറഞ്ഞു തുളുമ്പി. ഒട്ടും  താമസിക്കാതെ അവള് ആ ഗാനം ചിട്ടപ്പെടുത്തി. അതിന്റെ വരികള് രാഗവുമായി ചേര്ന്ന് ഒരു ഗാനതരംഗമായി. ഇന്ന് വരെ കേള്ക്കാത്ത മാധുര്യം അതില് നിറഞ്ഞ് അലയായി ഒഴുകി. ആദ്യമായാണ് ഒരു ഗാനം ചിട്ടപ്പെടുത്തുന്നത്.

‘മഞ്ഞലയില് മുങ്ങി തോര്ത്തി മധുമാസ ചന്ദ്രിക വന്നപോലെ.. ‘ നന്ദിനിയുടെ ഹൃത്തടത്തില് അതിന്റെ ഈരടികള് വിതുമ്പി നിന്നു. മനസ്സിലിട്ടു മനനം ചെയ്തു ചെയ്ത് അതിന്റെ മാധുര്യം അവള് ഇരട്ടിയാക്കി. നേരം പരപരാ വെളുത്തു വരുന്നതെയുള്ളു. ചിട്ടപ്പെടുത്തിയ ഗാനം മേശയ്ക്കകത്തു വച്ചു നന്ദിനി. തലേന്നത്തെ അപകടം ഇനി പറ്റരുതല്ലോ . രാവിലെ എഴുന്നേറ്റു കോളേജിലേക്ക് പോകും വഴി ‘കവയിത്രി’വിളികളും ‘കവിത കലക്കി’എന്ന അഭിനന്ദനങ്ങളും വേണ്ട്രത കേട്ടു.

‘രേണുക’എന്ന വാക്കും ഇടയ്ക്കുയരുന്നുണ്ടായിരുന്നു. എന്നിട്ടും നന്ദിനിയുടെ ഉള്ളില് താന് ഈണം പകര്ന്ന ഗാനം നിറഞ്ഞു തുളുമ്പി. വൈകുന്നേരം വന്ന ഉടനെ അവള് ഫോണിനു മുന്നില് എത്തി. ജോണ്‌സണ് ഓഫീസിലായിരുന്നു. അഞ്ചു മണിക്ക് ദിനേശനുമൊത്തു വരാമെന്ന് ഏറ്റു.

പറഞ്ഞപോലെ ഇരുവരും എത്തി. വാര്ഡനോട് സമ്മതം വാങ്ങി പുറത്തിറങ്ങി. ജീപ്പില് മൂന്നുപേരും പുറകില് ഇരുന്നു. ജോണ്‌സണും ദിനേശനും ഗാനത്തിലൂടെ ചുഴിഞ്ഞിറങ്ങി.

‘എന്ത് മനോഹരം നന്ദിനി’ ജോണ്‌സണ് പറഞ്ഞു ‘എനിക്കറിയുന്ന നിര്മ്മാതാക്കള് ഉണ്ട്. നമുക്കീ ഗാനം സിനിമയിലാക്കണം.’

ദിനേശനും ശരി വച്ചു. നന്ദിനി ഒന്നും പറഞ്ഞില്ല. മൈതാനത്തിന്റെ ഒഴിഞ്ഞ കോണില് ഇരുന്നു നന്ദിനിയും ജോണ്‌സണും ആ യുഗ്മഗാനം പാടിയപ്പോള് ദിനേശന് മതിമറന്നു കയ്യടിച്ചു.

‘എന്താ ഞാനീ കേട്ടത്?’ ദിനേശന് പറഞ്ഞു. ‘ഞാനൊരു സിനിമയാണോ കാണുന്നത്? ‘

നന്ദിനി നാണത്താല് കൂമ്പിപ്പോയി. പ്രിയന്റെ സ്വരരാഗ സുധയോട് ചേര്ന്ന് പാടിയതിന്റെ ഉള്ക്കുളിര് അവളില് നിറഞ്ഞു നിന്നു. കൂടെ ഒരു ലജ്ജയും! ദിനേശന്റെ മുന്നിലാണ് അതൊക്കെ കാഴ്ച വച്ചത്. അവള് നഖം കടിച്ചു. ആദ്യമായി കാല്വിരല് നിലത്തുരച്ചു ലജ്ജാവതിയായി നിന്ന അവളെ നോക്കി ദിനേശന് പറഞ്ഞു ‘എന്റെ ഝാൻസി റാണി  , തനിക്കിത് ചേരില്ലട്ടോ.’

ജോണ്‌സന്റെ ഉള്ളു നിറഞ്ഞു വിങ്ങുകയായിരുന്നു. ഏത് ജന്മസുകൃതമാണ് തനിക്ക് ഈ ഭാഗ്യം നേടിത്തന്നത്!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px