ഡയലോഗ് മറന്നാൽ എന്തു ചെയ്യും? – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

1936 ൽ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ ഒരു നാടകമുണ്ട്. “വീരബലി അഥവാ വൈക്കം പത്മനാഭപിള്ള”! 1765 മുതൽ 1809 വരെയുള്ള വേലുത്തമ്പിദളവയുടെ ജീവിതത്തിൽ വൈക്കം പത്മനാഭപിള്ള ആരാണ്?

വേലുത്തമ്പിയുടെ അന്ത്യ കാലം ഓർക്കുന്നില്ലേ; ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ ഓടിച്ച് വട്ടംചുറ്റിച്ച കാലം. 1809 ൽ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു കൊണ്ട് കുണ്ടറ വച്ച് നടത്തിയ വിളംബരമാണ് വേലുത്തമ്പിക്ക് വിനയായത്. കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തിയാൽ പിന്നെന്തു ചെയ്യും! അതോടെ ബ്രിട്ടീഷുകാർക്ക് ഹാലിളകി. ആരുവാമൊഴി വഴി വെള്ളപ്പട്ടാളം വേലുത്തമ്പിയെ വേട്ടയാടാൻ എത്തിയില്ലേ! പദ്മനാഭപുരം കോട്ടയും ഉദയഗിരി ക്കോട്ടയും ഇംഗ്ലീഷുകാർ പിടിച്ചെടുത്തു.

വേലുത്തമ്പിയെ പിടിച്ചു കൊടുക്കുന്നവർക്ക് അമ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. അന്നത് അമ്പത് കോടി രൂപയുടെ മൂല്യമാണെന്നോർക്കണം. പാവം ബാലരാമവർമ്മ രാജാവിനു തന്നെ ആ കല്പന പുറപ്പെടുവിക്കേണ്ടി വന്നു. ഉമ്മിണിത്തമ്പിയെ ദളവയാക്കി വാഴിച്ചു. വേലുത്തമ്പിയെ സഹായിച്ച വൈക്കം പത്മനാഭപിള്ളയേയും കുഞ്ചുക്കുട്ടിപ്പിള്ളയേയും പിടിച്ച് കൊല്ലാക്കൊല ചെയ്തില്ലേ? വേലുത്തമ്പിയും അനുജൻ പത്മനാഭൻ തമ്പിയും മണ്ണടി ഭദ്രകാളി ക്ഷേത്രത്തിൽ പ്രാണരക്ഷാർഥം ഒളിച്ചിരുന്നു. ക്ഷേത്രത്തിന്റെ വാതിൽ വെട്ടിപ്പൊളിച്ച് ലവന്മാർ വന്ന് പിടികൂടുമെന്ന് തീർച്ചയായപ്പോൾ അനുജനോട് തന്റെ കഴുത്തറക്കാൻ തമ്പി ആജ്ഞാപിച്ചു. വേലുത്തമ്പിയുടെ മൃതദേഹമാണ് ബിട്ടീഷുകാർക്ക് കിട്ടിയത്. ഉമ്മിണിത്തമ്പിയുടെ സഹായത്തോടെ ആ മൃതദേഹം കണ്ണമ്മൂല കുന്നിൽ കൊണ്ടുവന്ന് കഴുമരത്തിൽ കെട്ടിത്തൂക്കിയ കഥ പ്രസിദ്ധമാണല്ലോ! ഈ കഥ കൈനിക്കര പത്മനാഭപിള്ള നാടകമായി എഴുതിയിട്ടുണ്ട്. “വേലുത്തമ്പിദളവ”. 1932ലാണ് ഈ ചരിത്ര നാടകം പ്രസിദ്ധപ്പെടുത്തുന്നത്. ഈ നാടകത്തിൽ ഇരുപത്തൊന്ന് കഥാപ്രാത്രങ്ങളുണ്ട്. വൈക്കം പത്മനാഭപിള്ള ഇതിലൊരു പ്രധാന കഥാപാത്രമാണ്. വൈക്കം ചന്ദ്രശേഖരൻ നായരുടെ നാടകം വായിച്ചാൽ കിട്ടും ആളാരെന്ന്.

ഈ കുറിപ്പ് 1898 ൽ ജനിച്ച കൈനിക്കര പത്മനാഭപിള്ളയെപ്പറ്റിയാണ്.

പിരപ്പൻ കോട് മുരളി സ്വാതിതിരുനാളിനെപ്പറ്റി നാടകം എഴുതുന്നതിനും മുമ്പ് ലെനിൽ രാജേന്ദ്രൻ സിനിമ എടുക്കുന്നതിനും മുമ്പ് വൈക്കം ചന്ദ്രശേഖരൻ നായർ വത്സല എം.എ. എന്ന പേരിൽ “സ്വാതിതിരുനാൾ” നോവൽ എഴുതുന്നതിനും മുമ്പ്, 1966 ൽ കൈനിക്കര പത്മനാഭപിളള എഴുതിയ നാടകമാണ്, “സ്വാതിതിരുന്നാൾ”. കേരള സാഹിത്യ അക്കാദമിയുടെ 1967 ലെ നാടക ഗ്രന്ഥത്തിനുള്ള അവാർഡും ആ കൃതിക്കായിരുന്നു. അതുകൊണ്ട് പിൽക്കാലത്തെ നാടകം എഴുത്തുകാർക്കും സിനിമ എടുപ്പുകാർക്കും പണി എളുപ്പമായി.

കൈനിക്കര പത്മനാഭപിള്ളയുടെ കാലത്തെ അതിജീവിക്കുന്ന നാടകമേതാണ്? ഞാൻ പറയും. “വിധിമണ്ഡപം” 1955 ൽ എഴുതിയ നാടകമാണിത്. മൂന്ന് വർഷം കൂടിക്കഴിഞ്ഞാൽ ഈ നാടകത്തിന് 70 വയസ്സാകും. വിവാഹേതര ബന്ധമാണ് ഇതിലെ പ്രമേയം. അക്കാലത്തെ “കല്യാണി മേനോൻ” പ്രൈസ് നേടിയ നാടകമാണത്. ഇതിന്റെ ആമുഖത്തിൽ നാടകകൃത്ത് എഴുതുന്നു:

“വിവാഹ ബന്ധത്തിലേർപ്പെട്ട പുരുഷനോ സ്ത്രീക്കോ യഥാക്രമം അന്യസ്ത്രീയിലോ പുരുഷനിലോ അഭിനിവേശം ജനിക്കുക സാധാരണമാണ്. ചാരിത്ര്യ പരിപാലനത്തിലുള്ള ധാർമ്മികമായ നിഷ്ഠ, സമുദായ നിയമത്തോടുള്ള ബഹുമാനം, മറുഭാഗത്തു നിന്നുള്ള പ്രതികൂല ഭാവം, അധൈര്യം, അസൗകര്യം ഇങ്ങനെ പല കാരണങ്ങളിൽ പലരും ആ അഭിനിവേശത്തിന് വഴങ്ങിയില്ലെന്നു വരാമെങ്കിലും വഴങ്ങിപ്പോകുമെന്നുള്ളത് ഒരു സത്യം മാത്രമാണ്.” എത്ര സത്യസന്ധമാണ്. പത്തെഴുപതു കൊല്ലത്തിന് മുമ്പ് ആരെങ്കിലും ഇത് തുറന്നു പറയുമോ! “പെങ്ങൾക്കൊരുണ്ണിയെയുണ്ടാക്കി” സദാചാരം പറയുന്ന കാലത്താണ് ഈ തുറന്നു പറച്ചിൽ. ഇന്നും പ്രസക്തമല്ലേ ഈ വാക്കുകൾ? അതാണ് പറയുന്നത് സത്യം മറച്ചുവച്ച്
ഞഞ്ഞാ പിഞ്ഞാ എഴുതിയ നാടകകൃത്തല്ല കൈനിക്കര പത്മനാഭപിള്ളയെന്ന്! രാജാവിനു മുന്നിലും ദിവാനു മുന്നിലും വളഞ്ഞു വില്ലു പോലെ വളഞ്ഞു നിൽക്കും.

ഇനി കഥയിലേക്കു കടക്കാം. ശേഖര പിള്ളയുടെ ഭാര്യയാണ് രാധ. അവർക്ക് രണ്ടു കുട്ടികൾ ലതികയും ശശിയും. പതിനെട്ടു വർഷം കഴിഞ്ഞാണ് നാടകത്തിലെ സംഭവങ്ങൾ നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ ലതികയുടെ പതിനെട്ടാം പിറന്നാളിന്!

ശേഖരൻ നായരെ വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ അകന്ന ബന്ധു വേണുഗോപാലിനെ പ്രണയിക്കുന്ന രാധ. മനസ്സിലൊളിപ്പിച്ച കാര്യം പതിനെട്ടു കൊല്ലത്തിനു ശേഷം  ഭർത്താവിനെ അറിയിക്കുകയാണ്. അത്രയും കാലം സ്വന്തമാണെന്ന് കരുതിയ പുത്രി തന്റേതല്ലെന്നറിയുന്ന ഭർത്താവ് പക്ഷേ, ക്ഷോഭിക്കുന്നില്ല. മകളും അതെ. എല്ലാം സ്മൂത്തായി പോകുന്നു.

ഗാന്ധിയനായ കൈനിക്കര പത്മനാഭപിളളയ്ക്ക് കുടുംബം തകർക്കാൻ താത്പര്യമില്ലെന്ന് ഈ നാടകം തെളിയിക്കുന്നു. അല്ലെങ്കിൽ അദ്ദേഹം പതിനെട്ടു കൊല്ലം തന്നെ വഞ്ചിക്കുകയായിരുന്ന ഭാര്യയുടെ തലമുടി കുത്തിപ്പിടിച്ച് പിടിച്ച് രണ്ട് വീക്കു കൊടുത്തോ? നായകനും അങ്ങനെ ഏതാണ്ട് ഏടാകൂടത്തിൽ ചെന്ന് ചാടിയിട്ടുണ്ടാവാം. അതുകൊണ്ടല്ലേ, ഈ സമാസമചിന്ത!

എന്തായാലും ഒരു കാര്യത്തിൽ സംശയത്തിനിടയില്ല. വിവാഹേതര ബന്ധങ്ങളെ ആ തലമുറ എന്ത് ഗോപ്യമായിട്ടാണ് വച്ചിരുന്നത്. പൊട്ടിച്ചെറിഞ്ഞില്ലല്ലോ! രണ്ടും രണ്ടു പാത്രമായില്ലല്ലോ.

നാടകം, നോവൽ, ചെറുകഥ, ഉപന്യാസം എന്നിവയിലെല്ലാം കൃതികൾ രചിച്ച കൈനിക്കര പത്മനാഭപിള്ള നല്ല നാടക നടനായിരുന്നു. വിദ്യാഭ്യാസ വകുപ്പിലായിരുന്നു ജോലി. 1942 ൽ എൻ.എസ്.എസ്. സ്കൂളിൽ അധ്യാപകനായി. ഹെഡ് മാസ്റ്റർ കഴിഞ്ഞ് സ്ക്കൂൾ ഇൻസ്പെക്ടർ വരെയായി. പിന്നീട് ഗവണ്മന്റ് സർവീസിൽ കയറി. കോ- ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സ്പെഷ്യൽ ഓഫീസറായി. വിദ്യാഭ്യാസ പുനസംഘടനാ കമ്മറ്റി സെക്രട്ടറി, ശമ്പള കമ്മീഷൻ ചെയർമാൻ, തിരു കൊച്ചി സർവ്വീസ് സംയോജകക്കമ്മിറ്റി ചെയർമാൻ, ഭക്ഷ്യവകുപ്പ് സെക്രട്ടറി തുടങ്ങി 1951 വരെ പല സ്ഥാനമാനങ്ങളും വഹിച്ചു. പിന്നീട് ഉദ്യോഗം രാജിവച്ച് ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടതോടെ നാടകത്തിലും സാഹിത്യത്തിലുമായി ശ്രദ്ധ.

എഴുത്തുകാരൻ എന്ന നിലയിലാണ് കൈനിക്കര പത്മനാഭപിള്ളയുടെ ഖ്യാതി. കൈനിക്കര സഹോദരന്മാരാണ് കുമാരപിള്ളയും പത്മനാഭപിള്ളയും. അവരൊന്നിച്ച് പല നാടകങ്ങളും അഭിനയിച്ചു.

1935 ൽ പ്രസിദ്ധപ്പെടുത്തിയ “കാൽവരിയിലെ കല്പപാദപം” കൈനിക്കര പത്മനാഭപിള്ളയുടെ യശ്ശസ്സുയർത്തി. കൃസ്തുവിനെ നായകനാക്കി എഴുതിയ നാടകമാണ്. ആർട്ടിസ്റ്റ്  പി.ജെ. ചെറിയാന്റെ സന്മാർഗ വിലാസ സഭ “മിശിഹാചരിതം” കേരളത്തിൽ തട്ടുപൊളിച്ച് കളിച്ചു കൊണ്ടിരുന്ന കാലമാണ്. പത്മനാഭപിള്ളയുടെ യേശു. അതങ്ങ് ഹിറ്റായി. 1976 ൽ കൈനിക്കര പത്മനാഭപിള്ള അന്തരിക്കുന്നതിന് രണ്ട് കൊല്ലം മുമ്പാണ്. ടാഗോർ തിയേറ്ററിൽ വയസ്സന്മാരുടെ ഒരു നാടകം കളി നടന്നു. ഞാനന്ന് പ്രീ ഡിഗ്രി വിദ്യാർത്ഥി. രംഗത്ത് എല്ലാം പത്തറുപത് വയസ്സ് കഴിഞ്ഞവർ. കൈനിക്കര സഹോദരമാരും ടി.എൻ. ഗോപിനാഥൻ നായരും ടി.ആർ. സുകുമാരൻ നായരും ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ സകല ആഢ്യനായന്മാരുമുണ്ട്. കൂടെ എം.കെ.ജോസഫ് ഐ.പി.എസും. 

നാടകത്തിനിടയിൽ വച്ച് നടന്മാർക്ക് ഡയലോഗുകൾ മറന്നു. പിന്നെ ഏറെ താമസിച്ചില്ല. പോക്കറ്റിലും ഷർട്ടിന്റെ മടക്കിലും ഒളിപ്പിച്ചു വച്ചിരുന്ന തുണ്ടു വച്ച് ഡയലോഗ് കാച്ചി. കാണികൾ കൈയ്യടിച്ചു. ഈ സംഭവം പിറ്റേന്നാളത്തെ പത്രങ്ങളിൽ വാർത്തയായി. നാടക ചരിത്രത്തിൽ ആരെങ്കിലും ഇത് രേഖപ്പെട്ടത്തിയിട്ടുണ്ടോ ആവോ!

About The Author

Leave a Reply

Your email address will not be published. Required fields are marked *