*അമ്മയുടെ മടിത്തട്ടിൽ നിന്നും ‘മാക്ബർഗർ’ ജീവിതത്തിലേക്ക്* – സപ്ന അനു ബി ജോർജ്

Facebook
Twitter
WhatsApp
Email
കൈവിട്ടു പോകുന്നു നമ്മുടെ പഴയകാലത്തെ അമ്മമാരും, ഭക്ഷണ   രീതികളും, അവർ കുട്ടികളെ വളർത്തുന്ന രീതികളും! പക്ഷെ ഇവിടെ നാം അമ്മമാർ,സ്വയം കുറ്റക്കാരാണ്. നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന ഈ ആരോഗ്യജീവിതവും,ഇന്നത്തെ ഫാസ്റ്റ് ജീവിതവും,നമ്മൾ ഓരോരുത്തരും ജോലിയുടെയും, സമ്പാദ്യത്തിന്റെയും പുറകെപോയതിന്റെ അനന്ദരഫലം ആണ്.
മലയാളം നിർബന്ധമായും പഠിച്ചിരിക്കണം ഒരു വിഷയമായിത്തന്നെ,  ആഴ്ചയിലൊരിക്കൽ വീട്ടിൽ കഞ്ഞി  അത്താഴമാക്കണം, നാലുമണി പലഹാരം, കപ്പയും കാച്ചിലും ,മുളകുചമ്മന്ദിയും മാത്രമെ പാടുള്ളു , ഉച്ചയൂണിനൊപ്പം സംഭാരം   കുടിക്കണം,  എല്ലാവരും ചേർന്ന് ഒരു നേരം പ്രാർത്ഥന ഉണ്ടായിരിക്കണം എന്നും തീരുമാനിക്കാനും ,ചെയ്തു കാണിക്കാനും, നമ്മുക്കു സമയം ഇല്ലാത്തടത്തോളം, എന്തിനാ ജീവിതത്തെയും കുട്ടികളെയും പഴിക്കുന്നത്! ഇതിനെല്ലാം കാരണം,  നമ്മൾ  അമ്മമാർ മാത്രം!
ജീവിതത്തിന്റെ തത്രപ്പാടിൽ നാം ചെന്നെത്തുന്ന രാജ്യത്ത്, ഒരു വിധത്തിലല്ലെങ്കിൽ  മറ്റൊരുവിധത്തിൽ കാശുമിച്ചം പിടിക്കാനും, കറന്റും വെള്ളവും ലാഭിക്കാനും  ശ്രമിക്കുന്നതിനിടയിൽ, നാം സ്വയം മാഗിയെയും , സാൻഡ് വിച്ചുകളെയും,മയോണിസിനെയും  കൂട്ടുപിടിക്കുന്നു. പിന്നെ ഏതെങ്കിലും ഒരു ദിവസം ഫ്രീയായി , അല്ലെങ്കിൽ ഒരു ‘ കുക്കിംഗ്  മൂഡ്’ വരുബോൾ, മുട്ട  ഓം ലെറ്റും, പുട്ടും കടലയും കൊടുത്താൽ,പിള്ളാർ  തിരിച്ചു കമെന്റടിക്കും, “യക്ക്,  വൈ ഡസ് ദിസ് റ്റേസ്റ്റ് വിയേഡ്?മയോണിസിന്റെയും  മസ്റ്റാർഡിന്റെയും റ്റാഞ്ചി  രുചികൾ പരിചയമുള്ള അവർക്ക്,കടലക്കറിയും,പൂരിമസാലയുടെയും, അപ്പവും മുട്ടക്കറിയുടെയും രുചി അറിയില്ല! നമ്മൾ ഒരോരുത്തരും അറിയാൻ  ഇടം കൊടുത്തിട്ടില്ല!.
ഹോംവർക്കിന്റെയും,പാഠപുസ്തകങ്ങളുടെയും ഇടയിൽ നാലു ചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമ്മർത്തപ്പെടുന്ന കൊച്ചു ജീവിതങ്ങൾ. സ്കൂളിൽ ചെന്നാൽ റ്റീച്ചർമാരുടെ വക, വീട്ടിൽ വന്നാൽ,ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിൽ, ഓഫീസിൽ പോയിരിക്കുന്ന അപ്പനമ്മമാരെ നോക്കിയുള്ള കാത്തിരിപ്പ്. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഓഫീസ്സിൽ നിന്നു വന്ന് ആഹാരം ഉണ്ടാക്കിയാൽ മാത്രം, കഴിക്കാൻ സാധിക്കയുള്ളു എന്നുള്ളവരും ഉണ്ട്. ആഹാരം വാങ്ങി പൊതിഞ്ഞ്,കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ടു പോകുന്ന മാതാപിതാക്കൾ ധാരാളം. സ്വന്തമായി ആഹാരം ചൂടാക്കി, റ്റി വി യുടെ മുന്നിൽ ഇരുന്നു കഴിക്കുന്ന കുഞ്ഞുങ്ങളും ഇല്ലാതില്ല. സ്കൂളിൽ നിന്നു വന്നാലുടൻ കുളിക്കണം,ഉടുപ്പുമാറണം എന്നു പറയാനും, പഠിക്കുന്നുണ്ടോ എന്നു നോക്കാനും ആരും ഇല്ലാത്ത ഇവർ ‘സ്വയം പര്യാപ്തത’ കൈമുതലായുള്ള തലമുറയായി വാർത്തെടുക്കപ്പെടും, സത്യം.
കുട്ടികൾ ഇവിടെ സുഖസൗകര്യത്തോട് കൂടിയാണ് വളരുന്നത്. തിങ്ങി നിറഞ്ഞ ഓട്ടോറിക്ഷ ഇല്ല .  അന്തരീക്ഷമലീനീകരണം കുറവ്, ഇന്റര്നെറ്റ്, പ്ലേസ്നേഷൻ, അതിന്റെ സിഡികൾ ഏതു കുട്ടിക്കടകളിലും ലഭ്യം. ആഗ്രഹിക്കുന്ന കലകൾ അഭ്യസിക്കാൻ ഇഷ്ടം പോലെ കലാകേന്ദ്രങ്ങൾ. പ്രകൃതിയുമായുള്ള ഇട പെടലുകൾ നന്നേ കുറവാണ്. വീട്ടിനുള്ളൽ മാത്രം കാണുന്ന അലങ്കാരചെടികൾ മാത്രം പ്രക്രുതി എന്നു വിശേഷിക്കപ്പെടുന്ന ബാല്യം. ജീവിതത്തിന്റെ ചെറുതെങ്കിലും,തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നന്നെ കുറവാണ്. എല്ല്ലാ കാര്യങ്ങളും,കസ്റ്റം മെയ്ഡ് ആയി,കൊടുക്കപ്പെടുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം,24 മണിക്കുറും വഴിക്കണ്ണുമായി, മോണിറ്റർ ചെയ്യപ്പെടുന്ന ബാല്യം. പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തി ലഭിക്കാതെ പോകുന്നു.
ഒരു കഥപോലെ എനിക്കു വിവരിക്കാൻ സാധിക്കുന്ന ബാല്യം. രാവിലെ 6.30നു സ്കൂളിൽ പോയ കുട്ടികൾ ഉച്ചക്ക് 1.45സ്കൂളിൽ നിന്ന് എത്തും. എന്റെ 3 സന്തതികളുടെയും  വിശേഷം പറച്ചിൽ കാറിൽ ഇങ്ങിവിടെ വീട്ടിലെത്തുന്നതുവരെ കാണും. അതുകഴിഞ്ഞാൽ  ബാഗും  റ്റിഫിനും വെച്ച്, കുളിച്ച്, അടുത്ത റ്റ്യൂഷനുള്ള വേഷം മാറി വരും. വിളമ്പിയ ചോറും പാത്രവും എടുത്ത്, ‘അമ്മെ, റ്റി വി. കണ്ടോണ്ടു കഴിക്കാം” എന്ന ഭവ്യ, ദയനീയമായ ചോദ്യം. സ്ഥിരം സെന്റിയിൽ വീഴാറില്ലങ്കിലും, ചിലപ്പോൾ എന്റെ മറുസെന്റി ഞാനും അവതരിപ്പിക്കുന്നു,‘സ്കൂളിലെ വിശേഷം ഒന്നും അമ്മയോടു പറയാനില്ലെ! ഇപ്പൊ അമ്മയോട് ആർക്കും വിശേഷം ഒന്നും പറയാനില്ല  അല്ലെ!“ …..”അല്ല ,അല്ല  അമ്മെ,നമ്മുക്കിവിടെ ഇരുന്നു കഴിക്കാം”….ദാ കിടക്കുന്നു.“വീണിതല്ലോ  ഇരിക്കുന്നു ഊണുമേശയിൽ എന്റെ  പാവം പിള്ളേർ“.പിന്നെ വിശേഷങ്ങളുടെ  മാലപ്പടക്കം,അതു ഒച്ച അടച്ചു തുടങ്ങിയ ,‘കര കര ,കിരി കിരി‘ വർത്തമാനം തുടങ്ങിയ എന്റെ 14 വയസ്സുകാരൻ മകൻ ,ആരംഭിക്കുന്നു. ‘അമ്മെ,എനിക്ക് ഇന്നും ഒരു ഗേളിന്റെ  കോംപ്ലിമെന്റ് കിട്ടി.“ഓ പിന്നെ, വാട്ട് ഡൂട്” അതിന്റെ വാലിൽ   തൂങ്ങി എന്റെ 11വയസ്സുകാരൻ. 15 വയസ്സുകാരി എന്റെ മകള്ക്ക്,ഒന്നെ  പറയാനുള്ളു. “അമ്മക്ക് 70‘സിന്റെ സ്റ്റൈൽ മാത്രമെ അറിയുള്ളു“ എന്ന് സ്വയം  തീരുമാനിച്ചിറങ്ങിയ മകൾക്ക്, റ്റീച്ചർമാരുടെ  സാരി, പൊട്ട്, ക്യുട്ടെക്സിന്റെ  കളർ എന്നിവക്ക്  മാത്രം  പ്രാധാന്യം. കുളിച്ച്,ആഹാരം കഴിക്കുന്ന ഒരു മണിക്കൂർ സമയം കഴിഞ്ഞാൽ 2.15 എന്റെ  മകൾക്ക് കണക്കു റ്റ്യൂഷൻ. അവിടെ നിന്ന്  അങ്ങോട്ട് ഓട്ടപ്രദക്ഷിണം തന്നെ, 4 മണിക്ക് കണക്കു തീർന്നാൽ  വീട്ടിലേക്ക്, ഹോംവർക്ക് ബുക്കിലേക്കും മുങ്ങിത്താഴുന്നു. ഇതിനിടെ 3.40 നും സയൻസ് റ്റ്യൂഷനായി എന്റെ ആൺ സന്തതികൾ രണ്ടും പോയിക്കഴിയും. 6 മണിക്ക് തിരിച്ചെത്തിയാൽ ചെറിയ ഒരു സ്നാക്കിന്റെയും, ജൂസിന്റെയും ബലത്തിൽ  ഹോംവർക്കിലേക്ക്, അവരും തിരിയുന്നു. 9 മണിയോടെ  ഒരുമാതിരിയെല്ലാം  ഒതുക്കി തീർത്ത്,‘എല്ലാം  പഠിച്ചു തീർന്നു ‘ എന്ന് വിവരിച്ചുകൊണ്ട്, നാളത്തെ തയ്യാറെടുപ്പുകൾക്കായി ഒരുങ്ങുന്നു. റ്റൈംറ്റേബിൾ എടുത്ത് ബാഗ് ഒരുക്കി, നാളത്തെ സ്കൂൾ ദിവസത്തിനായി യൂണിഫോമും എടുത്തു അടുക്കി വെക്കുന്നു.
ഇന്നു നാം  പഴയകാലെത്തെ ഓർമ്മകളെയും, ജീവിതരീതികളെയും ബ്ളോഗുകളിലും ഫെയിസ് ബുക്കി ലും  എഴുതിച്ചേർത്ത് സായൂജ്യമടയുന്നു. നഷ്ടപ്പെടുന്നതൊക്കെ  ഗ്യഹാതുരത മാത്രമാണ്. ഇന്നത്തെ ഈ ‘ഫാസ്റ്റ് ‘ജീവിതത്തിൽ കപ്പപുഴുക്കും ചക്ക കറിയും, ചക്ക തോരനും, വാഴപ്പിണ്ടി തോരനും ഒന്നും ഒട്ടും പ്രായോഗിക മല്ല, നാട്ടിൽ പോലും അല്ല, പിന്നെല്ലെ പ്രവാസികൾക്ക്! . ലോകത്തിന്റെ നാനാ കോണുകളിൽ പതിനായിര കണക്കിനു വ്യത്യസ്ഥങ്ങളായ ഭക്ഷണമാണ്  ഇന്നു ഹോട്ടലുകളിലെ തീന്മേശകളിൽ നിറയുന്നത്. എന്നും ചോറും കറിയും കഴിച്ചുകൊണ്ടിരുന്നാൽ ഇതൊക്കെ ജീവിതത്തിൽ ഒരിക്കലങ്കിലും ആസ്വദിക്കാനുള്ള സമയം കിട്ടില്ല എന്നത് ഇതിനൊരു മറുവശം ആണ്.  എന്നാൽ തായ് ,ഇന്തോനേഷ്യൻ, വിയറ്റ്നാം , ചൈനീസ്, കൊറിയൻ തുടങ്ങിയ രാജ്യങ്ങൾക്ക് തന്നെ ആയിരകണക്കിനു തരത്തിലുള്ള ഡിഷുകളുണ്ട്.  ഈ രാജ്യങ്ങളിലെ വിഭവങ്ങൾ നമ്മളോരുത്തരും, ഒരു ഹോട്ടലിൽ നല്ല ഭക്ഷണത്തിന്റെ മൂലഭാഗമായി കണക്കാക്കിയിട്ടുണ്ട്. ഇപ്പറയുന്ന ഒരു രാജ്യക്കാരും, അവരുടെ ഭക്ഷണരീതി മാറ്റുന്നില്ല, ഏതുരാജ്യത്തു ചെന്നാലും എന്നത് അവിശ്വസനീയമാണ്.  പണ്ട് നമ്മളോരൊരുത്തരും ശാരീരികമായി അധ്വാനിക്കുമായിരുന്നു. നട കയറുക, അല്പദൂരം നടക്കുന്ന ദൂരം മാത്രമെയുള്ളു എങ്കിൽ കുടയും പിടിച്ചു നടക്കുക, ഇതെല്ലാം തന്നെ ഇന്നു, ലിഫ്റ്റും, കാറും, ഓട്ടോയും റ്റാക്സിയും സ്കൂട്ടറിനുമായി വഴിമാറി.
 ഇന്ന് ചിപ്സ് പാക്കറ്റുകളും, റ്റെയ്ക് എവെ ഭക്ഷണപ്പൊതികളുമായി  ഏ.സി. റൂമിലെ സോഫയിൽ, കസേരയിൽ മാത്രമായി ജീവിക്കുന്നു. ഞാനുൾപ്പെടെ ഒരു സാധനം എടുക്കണമങ്കിൽ കസേരയിൽ നിന്ന് എഴുനേറ്റു പോയി എടുക്കുക എന്നൊരു ശീലമില്ല. കസേരയിൽ ഇരുന്നുകൊണ്ട് ഒന്നു കറങ്ങി അല്ലങ്കിൽ ഒന്നുരുട്ടി നീക്കി പേപ്പറൊ ഫയലോ ഒക്കെ എടുക്കും. ഇവിടെയാണ് അപകടം , നാം സ്വയം വരുത്തിവെക്കുന്ന , അനുഭവിക്കുന്ന അസുഖങ്ങളുടെ ഉറവിടം. ഭാര്യയും ഭർത്താവും  ഒരുപോലെ ജോലി ചെയ്തു തിരികെ വീട്ടിൽ എത്തുമ്പോൾ പിന്നെ രണ്ടും മൂന്നും മണിക്കൂർ അടുക്കളയിൽ ചോറും കറിയും വയ്ക്കാൻ ചിലവിടുക എന്നത് ഒരിക്കലും പ്രായോഗികമല്ല.  എന്നാൽ ഇതും ചെയ്യുന്നവരും ഇല്ലാതില്ല. ഫ്രോസൺ ഫുഡുകളും, കെ.എഫ്.സിയും, മാക്ഡൊണാൾഡും, പിസയും ഒക്കെയാണ് മിക്കവാറും ദിവസങ്ങളിലും ആവശ്യാനുസരണം നാം സ്വയം തീരുമാനിച്ചു കഴിക്കുന്നത്. ഈ ജോലിയും ,യാത്രയുടെയും ഇടയിൽ  ആരോഗ്യപരിപാലനത്തിനായി, നടത്തവും, ജിം ഒന്നും തന്നെ ഇല്ലേ ഇല്ല, പിന്നെ, ഒരു ജാഡക്ക്, വാങ്ങിയ ഷൂസിന്റെ ബലത്തിൽ  ഒന്നു രണ്ടു ദിവസം നടന്നാലായി.
പിന്നെ നേർച്ചയുടെയും കാഴ്ചയുടെയും, സഹാനുഭൂതിയുടെ പേരിൽ, നാട്ടിലെ ഏതെങ്കിലും ഒരനാഥാലയത്തിനോ, വൃദ്ധസദനത്തിനോ  ഒരു മാസത്തെ  ചിലവോ  കൊടുക്കാൻ മറക്കാറില്ല!! അവിടെത്തീ‍രുന്നു  ഗ്രഹാതുരത്വം. വീണ്ടും നാട്ടിൽ എത്തിച്ചേരുംബോൾ  ഓർക്കുന്ന  കപ്പയും കഞ്ഞിയും ചോറും മീൻകറിയും, നമ്മുടെ കുട്ടികൾക്ക്  ഒരു മാസത്തെ ജയിൽ വാസമാകാതിരിക്കാൻ, നാം സ്വയം തീരുമാനിച്ചു, ജീവിതരീതിയിൽ ചെറിയമാറ്റങ്ങൾ നടത്തുക. സൌകര്യങ്ങളുടെയും ,റ്റെൻഷന്റെ, മനപ്രായസങ്ങളുടെയും  കിടപിടിച്ചു നമ്മൾ ഉണ്ടാക്കിയെടുക്കുന്ന “ മാക് ബർഗർ’ ജീവിതരീതിക്ക്  കുട്ടികളെയും കാലത്തെയും പഴി പറഞ്ഞിട്ടു കാര്യമില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *