പണ്ടു കാലത്തു പ്രവാസി ഭാര്യമാർ അനുഭവിച്ചബുദ്ധിമുട്ട്
ഞാൻ അനുഭവിച്ചറിഞ്ഞതാണ്.
മാസത്തിൽ ഒരിക്കൽ കിട്ടുന്ന ഒരു കത്തുമാത്രമാണ് ആകെ ആശ്വാസം
അഞ്ചു പേജിൽ കുറയാതെ എഴുതുന്ന കത്തുകൾ
അന്നു ഫോണിലൂടെ ആശയവിനിമയം നടത്താൻ പറ്റില്ല ,
കാരണം എന്റെ ഹൃദയം തയ്യാറായ ഒരു എഴുത്തുകാരന്റെ തൂലികയാണെന്ന് അദ്ദേഹത്തിനറിയാം.
ജോലിയെല്ലാം തീർത്തു രാത്രിയിൽ ആണ് കത്തെഴുതുന്നത്.
പാതിരാത്രിയിൽ ഇരുന്നു കത്തെഴുതുമ്പോൾ മുറിയിൽ ലൈറ്റ് കണ്ടു അമ്മ വഴക്കു പറയും.
അപ്പോൾ ഞാൻ എന്റെ അപ്പച്ചന്റെ പട്ടാളത്തിൽ
പോയപ്പോൾകിട്ടിയ
ഒരു തൊപ്പിയുണ്ട്
അതു കൊണ്ടു ലൈറ്റ് കവർ ചെയ്തു വെക്കും.
അപ്പോൾ വെട്ടം വെളിയിൽ വരില്ല.
ജനൽ അല്പം തുറന്നു വെക്കും,അപ്പോൾ നക്ഷത്രങ്ങൾ കണ്ണു ചിമ്മി എന്റെ എഴുത്തിലെ അക്ഷരങ്ങളെ നോക്കുന്ന പോലെ തോന്നും.
അപ്പോൾ ഞാൻ ജനൽ അടയ്ക്കും.
ഏഴു പേജ്ഉള്ള എന്റെ കത്തിൽ എത്രവിവരങ്ങൾ എഴുതും. പരാതിയും, പരിഭവവും ഇടകലർന്ന കത്തു.
ഞാൻ എല്ലാം എഴുതി കവറിൽ ഇട്ടു അമർത്തി ഒട്ടിച്ചു വെക്കും.
വീടിനടുത്തുള്ള എഴുത്തു പെട്ടിയിൽ ഇട്ടാൽ താമസിക്കുമെന്ന് കരുതി 3km നടന്നു മെയിൻ പോസ്റ്റൊഫീസിന്റെ മുന്നിൽ ഇരിക്കുന്ന എഴുത്തു പെട്ടിയിൽ കൊണ്ടുപോയി ഇട്ടു.
എന്റെ കത്തു എഴുത്തു പെട്ടിയുടെ വായിൽ ഇട്ടപ്പോൾ തന്നെ വിഴുങ്ങിയപോലെ
എഴുത്തു താഴോട്ടു പോയി.
അതിനു ശേഷം ഞാൻ ചുറ്റും നോക്കി അടുത്തുള്ള കുറുപ്പച്ചന്റെ
കടയിൽ ഇരുന്നു നോക്കുന്ന പോസ്റ്മാൻ അച്യുതൻ എന്നെ പരിഹാസരൂപത്തിൽ നോക്കുന്നു.
ഞാൻ അതു ഗൗനിക്കാതെ ഒരു നാരങ്ങാവെള്ളം ഉപ്പും സോഡയും ചേർത്തു ടപ്പ്
ടപ്പ് ന്നു സ്പ്പൂൺ ഇട്ടടിച്ചതു
കുടിച്ചു നടന്നു വീട്ടിൽ വന്നു.
പിന്നെ മാസം രണ്ടു കഴിഞ്ഞിട്ടും ആ കത്തിനു മറുപടി കിട്ടിയില്ല. ആ കത്തു മസ്കറ്റിൽ കിട്ടിയില്ല.
അന്നു ഞാൻ മനസ്സ് നൊന്തു കരഞ്ഞു, ആ പോസ്റ്മാനെയും. ചുവന്ന എഴുത്തു പെട്ടിയെയും.
പിന്നെ ഞാൻ അതു വഴി പോയപ്പോൾ അവിടെ ആ എഴുത്തു പെട്ടി കണ്ടില്ല.
അച്യുതൻ വീട്ടിൽ നിന്നു കപ്പ നടീൽ ആണ്.
എന്നെ കണ്ട മാത്രയിൽ കളിയാക്കുന്ന പോലെ ഒരു ചിരി.
എത്ര പ്രവാസി ഭാര്യ മാരുടെ വിഷമത്തിനുള്ള മറുപടി യാണ് ഇന്നു വിരൽ ഒന്നു തൊട്ടാൽ മറു ഭാഗത്തുള്ള ഭർത്താവിനെ കാണാൻ കഴിയുന്നത്.
എന്നാലും കത്തെഴുതുന്ന
സുഖം ഒന്നുവേറെയാണ്.
(ലീലാമ്മ തോമസ് ബോട്സ്വാന )
About The Author
No related posts.