ഇന്നത്തെ സംസാരവിഷയം: – സതീഷ് കളത്തിൽ.

Facebook
Twitter
WhatsApp
Email
മദ്ധ്യവയസ്കരായ
രണ്ടുപേർതമ്മിലുള്ള പ്രണയമാണ്
ഇന്നത്തെ സംസാരവിഷയം;
‘അന്നവർ സംസാരിക്കാൻ
തുടങ്ങിയപ്പോൾതന്നെ
പ്രണയത്തിലാകാൻ
കാരണമെന്തായിരിക്കും?’

അന്നവർക്കിടയിൽ,
നേർത്ത കാറ്റ് മാത്രമായിരുന്നു
ഇടനിലക്കാരൻ.
പിന്നെ,
കുശലാന്വേഷണങ്ങൾക്കിടയിലുള്ള
മൗനങ്ങളും.

അധിനിവേശം തേടിയുള്ള

അപ്പൂപ്പൻതാടികളുടെ
പ്രയാണങ്ങൾപോലെ,
പരസ്പരം പറത്തി വിട്ടിരുന്ന
നിശ്വാസങ്ങളുടെ ചൂടുംകൂടി
കാപ്പി കോപ്പകളിലെ ആവി
മോഷ്ടിച്ചതുകൊണ്ടാകണം,
നഷ്ടപ്പെടുത്തിയ നെടുവീർപ്പുകൾക്കു
മീനത്തിലെ ചൂടുണ്ടായിരുന്നു.

രണ്ടുപേരും വിവാഹമോചിതർ.
അന്നേരത്തെ
അവിചാരിത കൂടിക്കാഴ്ചയിൽ;
ആ ചുരുങ്ങിയ നേരത്തിനുള്ളിൽ,
ഒരുപാടു ദൂരമവർ  സഞ്ചരിച്ചു;

ഒറ്റക്കും ഒരുമിച്ചും.
ഒടുവിലാണവർ,
ഒരിക്കൽകൂടി ഒരുമിച്ചു നടക്കാൻ
തീരുമാനിച്ചത്.

‘തഴച്ചു മുറ്റിയ മുള്ളുകളെ പിഴുത്,
വസന്തത്തിൻറെ വിത്ത് പാകാൻ
എന്തിനൊരു പുനർജന്മമെന്ന്’,
അന്നേരം കാറ്റും ചോദിച്ചിരുന്നു.
അതുകേട്ടാകണം, അവർ വീണ്ടുമാ
പ്രണയഗാനങ്ങൾ കേൾക്കുവാൻ
ആഗ്രഹിച്ചിട്ടുണ്ടാകുക.

എന്നിരിക്കലും,
‘അന്നവർ സംസാരിക്കാൻ
തുടങ്ങിയപ്പോൾതന്നെ
പ്രണയത്തിലാകാൻ
കാരണമെന്തായിരിക്കും?’;
‘ഇന്നത്തെ സംസാരവിഷയം’
ഉത്തരം അവശേഷിച്ച
ഈ ചോദ്യത്തോടെ അവസാനിപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *