ഇരുചക്ര വണ്ടി-പൂന്തോട്ടത്ത് വിനയകുമാര്‍

Facebook
Twitter
WhatsApp
Email

കുളിര്‍മയുള്ള പ്രാഭാതത്തില്‍ മോഹനേട്ടന്റെ ചായക്കടയുടെ മുന്പിലിട്ടിരിക്കുന്ന കസേരയിലിരുന്ന് ആവി പൊങ്ങുന്ന ചൂട് ചായ ആസ്വദിച്ച് മൊത്തികുടിച്ചിരിക്കുമ്പോഴാണ് ആ വാര്‍ത്തയുമായി വേലുആശാന്‍ അവിടേക്ക് എത്തിയത്.
‘ അപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ ഒന്നും അറിഞ്ഞില്ലേ …’??
‘ഇല്ല ‘- മോഹനേട്ടനും ശശാങ്കനും ഒരേ പോലെ പറഞ്ഞു.
‘അപ്പോള്‍ ഇനി നിങ്ങള്‍ മാത്രമേ അറിയാനുള്ളൂ…’-
‘ ഇങ്ങള് കാര്യം പറയ് ..’- മനുഷ്യനെ ബേജാറാക്കാതെ …’?
‘നമ്മുടെ റഹിം ഹാജിയില്ലെ …’.??
”ഓ …അദ്ദേഹത്തിന് എന്ത് പറ്റി …’?
ഇനി വല്ല ഹാര്‍ട്ട്അറ്റാക്കോ മറ്റോ …?
നല്ല മനുഷ്യനായിരുന്നു.എത്രയോ ആളുകളെ സഹായിച്ചിരിക്കുന്നു..ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു.മക്കളെല്ലാം ഗള്‍ഫിലും നാട്ടിലുമൊക്കെയായി പൊടിപൊടിച്ചു ബിസിനസ് നടത്തുന്നു.എന്നാല്‍ അദ്ദേഹത്തിന് അതിന്റെ യാതൊരുവിധ അഹങ്കാരവുമൊട്ടില്ല താനും.പറ്റുമെങ്കില്‍ നടന്നാണ് പീടികയിലേക്കു വരിക.ടൗണില്‍ പോകുമ്പോള്‍ മാത്രമേ അദ്ദേഹം വാഹനം ഉപയോഗിക്കാറുള്ളൂ… മൂന്ന് നാല് പുതിയ വാഹനങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്.
റഹിംഹാജി ടൗണിലേക്ക് പോകുമ്പോള്‍ ആരെങ്കിലും അങ്ങോട്ടേക്കുണ്ടെങ്കില്‍ കൂടെ കൊണ്ടുപോവുകയും ചെയ്യും.ഒരു മടിയുമില്ലാത്ത മനുഷ്യന്‍.
മുക്കവലയിലെ പാപ്പച്ചന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവനും വഹിച്ച ആളാണ്.പാവപ്പെട്ട അഞ്ചിലധികം പെണ്‍കുട്ടികളുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തത് വേറെ.വീടില്ലാത്തവര്‍ക്ക് തന്റെ രണ്ടേക്കര്‍ സ്ഥലത്തു മോശമല്ലാത്ത ഇരുപത് വീടുകള്‍ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച് പാര്‍പ്പിച്ച ആളാണ്.
ഇനിയും പറഞ്ഞാലും പറഞ്ഞാലും തീരാത്തതുപോലെ ഉണ്ട് ഹാജിയെക്കുറിച്ച്.
”ദൈവമേ ഹാജിക്ക് ഒന്നും വരുത്തല്ലേ”-, ശശാങ്കന്‍ ഒരുവേള ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു.റഹിംഹാജി അയാളുടെ ഗ്രാമത്തിലെ ,അയാള്‍ക്കും മറ്റുള്ളവര്‍ക്കും , അത്രയ്ക്കും വേണ്ടപ്പെട്ട ഒരാള്‍ ആയിരുന്നല്ലോ. മോഹനേട്ടന്‍ വീണ്ടും ചോദിച്ചു.
”പറ ആശാനേ എന്താണ് കാര്യമെന്ന്”-
‘ അതല്ലേ രസം, റഹിംഹാജി ഒരു വിശേഷപ്പെട്ട വണ്ടി വാങ്ങിയിരിക്കുന്നത്രെ …
ഡീസല്‍ ,പെട്രോള്‍ , കറന്റ് ഒന്നും വേണ്ട പോലും … ‘-
‘ ഹോ, ഏതായാലും റഹിംഹാജിക്ക് ഒന്നും പറ്റിയതല്ലല്ലോ ആശ്വാസം…’- ശശാങ്കന്‍ ആശ്വസിച്ചു. നമ്മള്‍ ചിലര്‍ അങ്ങനെയാണല്ലോ.ആരെങ്കിലും എന്തെകിലും കാര്യം പറഞ്ഞാല്‍ അതിഭയങ്കരമായി ചിന്തിച്ചു കൂട്ടുമല്ലോ.
മോഹനേട്ടന്റെ ചായക്കടയില്‍ ആളുകള്‍ കൂടി വന്നു. മില്ലിലേക്ക് പണിക്കു പോകുന്ന
ശശാങ്കന്‍ , പുല്ലു ചെത്താന്‍ പോകുന്ന കേളപ്പന്‍ , മോഹനേട്ടന്റെ ചായപ്പീടികയിലെ പതിവുകാരായ രാജന്‍ നായര്‍ , താഴത്തെ പീലിപ്പോസ്,സുധാകരന്‍ , തെങ്ങുചെത്താന്‍ പോകുന്ന മാധവന്‍, പെയിന്റ് പണിക്കു പോകുന്ന ആന്റണിയും,സിജോയും,സന്തോഷും..
പണിക്ക് വന്നവന്‍, പണിക്ക് പോകാതെ അവിടെ കൂടി.
‘പണിക്കു പോകുന്നതല്ലല്ലോ ഇന്നത്തെ വലിയ കാര്യം …’
മോഹനേട്ടന് സംശയം ബാക്കി ….’ അപ്പൊ പെട്രോളും ഡീസലുംഒന്നുമില്ലാതെങ്ങനെ വണ്ടി ഓടും ..’- കൊള്ളാമല്ലോ റഹിം ഹാജി .
”ശശാങ്കാ നിങ്ങളും ഒരെണ്ണം എടുത്തോളിന്‍ , കുട്ട്യോളെ സ്‌കൂളിലാക്കാമല്ലോ ?….’-
”എന്നാലും കാലം പോയ പോക്കേ …”-
”പെട്രോളും വേണ്ട, ഒരു കുന്തവും വേണ്ടാത്ത വണ്ടി…”-
”ഒരുതരത്തില്‍ പറഞ്ഞാല്‍ ആരുടെ കണ്ടുപിടുത്തമാണെങ്കിലും ഐഡിയ സൂപ്പര്‍ ..!
എന്താ പെട്രോളിന് വില…ദിവസവും കൂട്ടുവല്ലേ….”-
”നല്ല വേഗതയൊക്കെ കാണുവോ …??”-
‘എത്ര പേര്‍ക്കിരുന്നു യാത്ര ചെയ്യാന്‍ കഴിയും ‘-
‘അഞ്ചാറുപേര്‍ക്കു സുഖമായിട്ടിരുന്ന് പോകാമെന്നാണ് പറയുന്നത് ..’-
‘എന്ത് വിലയാകും ‘-
‘ അത് പല ബ്രാന്‍ഡ് കാണുമല്ലോ …അപ്പോള്‍ അതനുസരിച്ചു വിലവ്യത്യാസം കാണുമായിരിക്കും ‘-
അപ്പോള്‍ വലിയ വിലയായിരിക്കും …?
‘അതല്ലേ രസം …വില ഒരു സ്‌കൂട്ടിയുടെയത്രപോലുമില്ലാന്ന് ….’-
‘ഇങ്ങള് കണ്ടോ ..’-
‘ചൂടാകാതെ മോഹനേട്ടാ, ഞാന്‍ ഇന്നല്ലേ അറിഞ്ഞത്..എന്നോട് പറഞ്ഞത് , പടിഞ്ഞാറ്റേ കുഞ്ചെറിയയാണ് ….’
എന്നാ നമുക്ക് ഒന്ന് പോയികണ്ടാലോ..?
ഇഷ്ട്ടപ്പെട്ടാല്‍ നമുക്കും റഹിം ഹാജിയോട് ചോദിച്ചു ഓരോ എണ്ണം സംഘടിപ്പിക്കാം
”എന്നാല്‍ പോയിക്കളയാം… അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം ..അല്ല പിന്നെ”-
മോഹനേട്ടനും കടയുടെ തട്ടി താഴ്ത്തി …ഇന്ന് ചായക്കച്ചവടം നടന്നില്ലെങ്കിലും സാരമില്ല.അവര്‍ ഇടത്തോട്ടുള്ള വഴിയിയിലൂടെ മുന്നോട്ട് നടന്നു. ഹാജിയുടെ വലിയ വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ അവിടെയുണ്ട് കുറേയാളുകള്‍ ഈ വര്‍ത്തയറിഞ്ഞെത്തിയിരിക്കുന്നവര്‍.റഹിംഹാജി ഒരിക്കലും ആ വലിയ വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല…ആര്‍ക്കുവേണമെങ്കിലും ഏതു പാതി രാത്രിക്കുവേണമെകിലും അവിടേക്ക് ചെല്ലാം എന്നതായിരുന്നു രീതി.ഹാജി എഴുന്നെറ്റതേയുള്ളൂ അല്‍പ്പസമയത്തിനകം പുറത്തേക്ക് വരും. ഇന്നലെ ദൂര യാത്ര കഴിഞ്ഞു ഒരുപാട് വൈകിയാണെത്തിയത്. വലിയ വീടിന്റെ മുറ്റത്തെ നിറയെ കണ്ണിമാങ്ങകളുള്ള മാവിന്റെ ചുവട്ടില്‍ വന്നവരെല്ലാം കൂടിയിരുന്നു അവരുടെയല്ലാം കണ്ണുകള്‍ വാഹനങ്ങള്‍ ഇട്ടിരുന്ന ഷെഡിലേക്കായിരുന്നു …പക്ഷെ അവിടെയൊന്നും ഇന്ധനം ആവശ്യമില്ലാത്ത വാഹനം കാണുന്നുണ്ടായിരുന്നില്ല. ഇടത്തേയറ്റത്തെ ഒരെണ്ണം വലിയ പടുത കൊണ്ട് മറച്ചിരിപ്പുണ്ട് …ഓ …അപ്പൊ അതായിരിക്കും… സംഗതി.
ഒടുവില്‍ റഹിംഹാജി പുറത്തേക്ക് വന്നു.
‘ എന്താപ്പാ എല്ലാരും കൂടെ കാലത്തേ തന്നെ …’-ഹാജി ചിരിച്ചു കൊണ്ട് ചോദിച്ചു ‘ഞങ്ങള്‍ ഹാജി വാങ്ങിയ പുതിയ വാഹനം കാണാനെത്തിയതാണ് -‘- വന്നവര്‍ ഒരുമിച്ചു ഒരേസ്വരത്തില്‍ പറഞ്ഞു .
‘ആരാണ് ഇങ്ങനെ നിങ്ങളോടു പറഞ്ഞത് …..’-
‘അത് പലരും പറഞ്ഞു ഹാജി’- കവലയില്‍ നിന്നും ഇനിയും ആളുകള്‍ വരുന്നുണ്ട് അത് കാണാന്‍ …ഞങ്ങള്‍ക്കും അത്തരം ഒരു വണ്ടി വേണം…പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ പൊള്ളുന്ന വിലയെന്താ ‘-
‘ ഓഹോ…അപ്പോള്‍ അതാണ് കാര്യം ‘-ഞാന്‍ നിങ്ങള്‍ പറഞ്ഞതുപോലെ ഒരു വണ്ടി വാങ്ങിയെന്നത് സത്യം തന്നെയാണ്.വളരെ ദൂരെന്നാണ് കൊണ്ട് വന്നതും.പെട്രോളും വേണ്ടാ , ഡീസലും വേണ്ട എന്നതും നേര് തന്നെ..”-
‘സലീമേ നീ ആ പടുത മാറ്റൂ..’-
ഹാജി , തൊട്ടടുത്ത് നിന്നിരുന്ന സലീമിനോട് വാഹനനിരയുടെ ഇടത്തെ അറ്റത്തെ മറച്ചിരിക്കുന്ന വലിയ പടുത ചൂണ്ടിക്കാട്ടി പറഞ്ഞു. ആളുകള്‍ ആദ്യം കാണണമെന്ന വാശിയോടെ തിക്കിക്കേറി.
സലീമും പിന്നെ ഹാജിയുടെ പണിക്കാര്‍ രണ്ടുപേരും ചേര്‍ന്ന് ആ വലിയ പടുത എടുത്തു മാറ്റി. എല്ലാവരും കണ്ടു.പെട്രോള്‍ ആവശ്യമില്ലാത്ത , ഡീസല്‍ വേണ്ടാത്ത , കറണ്ട് ചാര്‍ജ് ചെയ്യേണ്ടാത്ത ഹാജിയുടെ പുതിയ വാഹനം.
മനോഹരമായ തടിയില്‍ തീര്‍ത്ത വലിയ രണ്ടു ചക്രങ്ങളുള്ള ഒരു ‘കാളവണ്ടി’…
ഇനി ഒന്നൂടെ കാണിക്കാം ….അദ്ദേഹം അവരെ വിശാലമായ പറമ്പിന്റെ മറ്റൊരു വശത്തെ അരികിലേക്ക് നടത്തി…ഞാന്‍ വാങ്ങിയ വണ്ടിയുടെ എന്‍ജിന്‍ അതാണ് …അദ്ദേഹം ചൂണ്ടിയ ഇടത്തേക്ക് അവര്‍ നോക്കി , തലയെടുപ്പോടെ നിന്നിരുന്ന രണ്ട് ‘വമ്പന്‍ കാളകള്‍’ ….
ശശാങ്കനും കൂട്ടരും തിരികെ നടക്കുമ്പോള്‍ ആളുകള്‍ പിന്നെയും വന്നു കൊണ്ടിരുന്നു, പുതിയ വാഹനം കാണാന്‍.അപ്പോഴേക്കും ഒരു സ്‌കൂള്‍ ബസ് മുഴുവനും കുട്ടികളുമായെത്തി.അവര്‍ വരിവരിയായി അച്ചടക്കത്തോടെ ഗേറ്റിന് അകത്തേക്ക്. സ്‌കൂള്‍ കൂട്ടികള്‍ അത്ഭുതത്തോടെ നോക്കിനിന്നു.അവര്‍ ജീവിതത്തില്‍ ആദ്യം കാണുകയായിരുന്നു പെട്രോളും ഡീസലും കറണ്ടും വേണ്ടാത്ത ഇരുചക്ര വണ്ടി…!

About The Author

Leave a Reply

Your email address will not be published. Required fields are marked *