അപ്പൂപ്പന്‍ താടികള്‍ എത്ര മനോഹരമാണ്. എരുക്ക് മരത്തില്‍ നിന്നും വേര്‍പ്പെട്ട് പാറി പറന്ന് നടക്കുമ്പോള്‍ മാത്രമാണ് അഴകുളളൂ. അക്ഷരകൂട്ടങ്ങള്‍ നിയമഗ്രന്ഥങ്ങളില്‍ നിന്നും നല്ല ഭരണാധികാരികളുടെ കരങ്ങളിലൂടെ പരിലാളിക്കപ്പെടുമ്പോള്‍ മാത്രമാണ് ആ ആത്മാവിന് തിളക്കമുളളു.
പണാധിപത്യം എന്താണന്നറിയാത്ത സ്വാമിനാഥന്‍. സഹജീവികളെ സ്നേഹിക്കുവാനും കരുതുവാനും മാത്രം വിവേകമുളള സംസ്ക്കാരത്തിന്‍റെ യഥാര്‍ത്ഥമുഖം. പ്രകൃതി കനിഞ്ഞ് നല്‍കുന്ന വിഷമില്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ച് ശീലിച്ചവന്‍. കാടും, കാട്ടു മൃഗങ്ങളെയും പ്രണയിച്ചവര്‍. ആഢംഭരങ്ങള്‍ തൊട്ടു തീണ്ടാത്ത പച്ചയായ മനഷ്യവര്‍ഗ്ഗം.
വിവാഹശേഷം തന്‍റെ ചോരയില്‍ പിറക്കുന്ന കണ്‍മണിയെ കാണുവാനായി കാലങ്ങളോളം കാത്തിരുന്നു. കാടിന്‍റെ മക്കളെങ്കിലും കാടത്തമില്ലാതെ കാമവലയത്തില്‍ കൊത്തിയെടുത്ത പിണ്ഡങ്ങള്‍ ആയുസിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ വെളിച്ചം കാണാന്‍ കഴിയാതെ പലനാള്‍ കൊഴിഞ്ഞുപോയി.
കാത്തിരിപ്പിനൊടുവില്‍ വീണ്ടും ഗര്‍ഭപാത്രം പൂര്‍ണ്ണതയില്‍. ഇനിയും നഷ്ടങ്ങളുടെ ആവര്‍ത്തി ഉണ്ടാകരുത് എന്നയാള്‍ ആഗ്രഹിച്ചു. കേട്ടറിവുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രിയപ്പെട്ടവളെ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തനിക്കും ഒരുനാള്‍ ജന്മം നല്‍കിയ ഉദരത്തോട് പറ്റിചേര്‍ന്ന് വരാന്തയില്‍ കാത്തിരുന്നു. ഇരുമുഖങ്ങളും പ്രശോഭിതമായിരുന്നു.
ചില സമയങ്ങളില്‍ മാലാഖമാര്‍ പറയുംവിധം പല ആവശ്യങ്ങള്‍ക്കായി ഉത്സാഹഭരിതനായി ഓടി നടന്നു. നേരില്‍ കാണാത്ത ആ തുടിപ്പ് കാണാന്‍ മനസ് വെമ്പല്‍ പൂണ്ടു. ചട പിടിച്ച് വെട്ടിമുറിക്കാതെ അലങ്കോലമായി പാറികളിക്കുന്ന തലമുടി. വെളളം കാണാത്ത വിയര്‍പ്പുനാറുന്ന വസ്ത്രങ്ങള്‍. അയാള്‍ സന്തോഷവാനാണെങ്കിലും നിരകളിലും, ആള്‍കൂട്ടങ്ങളിലും മറ്റുളളവര്‍ക്ക് ഈര്‍ഷയുണ്ടാക്കുന്നു. സ്വാമിനാഥന് അത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലാ. കുളിയില്ലെങ്കിലും കൗപീനം പുരപുറത്ത് തന്നെയിടുന്ന മനുഷ്യത്വം ലവലേശം തൊട്ടു കൂടാത്ത ചിലര്‍ക്ക് അയാളെ ഉള്‍കൊളളാന്‍ കഴിയുമായിരുന്നില്ല. ഓട്ടങ്ങള്‍ക്കൊടുവില്‍ അല്പ വിശ്രമത്തിനായി തിരക്കുളള ഒരിടത്ത് ബഞ്ചിന്‍റെ ഒഴിഞ്ഞ് കിട്ടിയ ഇടയില്‍ ആസനം കുത്തി.
പിണ്ണാക്ക് വെളളം ഊറി കുടിച്ച ആട് ചീറ്റുന്ന പോലെ അടുത്തിരുന്ന ഒരാള്‍ ചീറ്റാന്‍ തുടങ്ങി. തലേന്ന് മുതല്‍ ആശുപത്രിവാസത്തിലായിരുന്ന സ്വാമിനാഥന്‍ ഇതൊന്നും അറിയുന്നില്ല. മൂക്ക് ചീറികൊണ്ടിരുന്നയാള്‍ അടുത്തിരുന്ന മറ്റൊരാളുടെ കാതില്‍ മന്ത്രിച്ചു.
“നാറിയിട്ട് പാടില്ലാ. കുളിയും നനയുമില്ലാത്ത വര്‍ഗ്ഗങ്ങള്. ഇതുങ്ങളെയെല്ലാം മെഡിക്കല്‍ കോളേജിലേക്ക് കയറ്റരുത്. കാട്ടിലെങ്ങാനം കിടന്ന് ചത്ത് കെട്ട് പോകേണ്ട വര്‍ഗ്ഗം. തല്ലിയോടിക്കണം അതാ വേണ്ടത്. നാല് പേരെ നാല് പൊട്ടിക്കല്‍ കൊടുത്താല്‍ പിന്നെ വരില്ലാ.”
പണവും പവറും സവര്‍ണ്ണനുമാണെങ്കില്‍ അവന് കുട പിടിക്കാന്‍ ഇപ്പോഴും ഉണ്ട് കുറെ അല്പന്മാര്‍. ഇതെല്ലാം കേട്ട് അയാള്‍ ചോദിച്ചു. “രണ്ട് പൊട്ടിക്കല്‍ കൊടുത്ത് ഓടിക്കണോ സാര്‍. വഴിയുണ്ട്.”
“എന്ത് വഴി.”
“സാര്‍ കൂടെ നിന്ന് തന്നാല്‍ മതി”
“പ്രശ്നമാകുമോ.”
“എന്ത് പ്രശ്നം. സാര്‍ ഉറക്കം നടിക്കണം എന്നിട്ട് അവന്‍ ഇവിടെന്ന് മാറുമ്പോള്‍ സാറിന്‍റെ പേഴ്സ് പോക്കറ്റടിച്ചു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കണം. ബാക്കി കാര്യം ഞാന്‍ ഏറ്റു.”
“എന്തെങ്കിലും സംഭവിച്ചാല്‍.”
“എന്ത് സംഭവിക്കാന്‍ ആള്‍ക്കൂട്ടത്തിന് നേരെ ആര് എന്ത് ചെയ്യാന്‍. ആദിവാസികള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം യാദൃശ്യകമല്ല കൃത്യമായ പ്ലാനാണ്. സാര്‍ ഒന്നുകൊണ്ടും പേടിക്കണ്ടാ. പോലീസ് കണ്ണടക്കും സര്‍ക്കാര്‍ മുഖം തിരിക്കും. ബുദ്ധിജീവികള്‍ എന്ന് പറയുന്ന ഫെമനിസ്റ്റുകള്‍ കുറെ കുരക്കും കേസ് ഇലാസ്റ്റിക് പോലെ നീളം. കുറെ കാലം കഴിയുമ്പോള്‍ ആ തീകെട്ടാറും. ഏറിയാല്‍ അത്രയുളളൂ സാര്‍.”
അവര്‍ കാര്യങ്ങള്‍ നീക്കി. ഒരു കളളനെ കയ്യോടെ പിടികൂടിയതുപോലെ കണ്ടുനിന്നവര്‍ പോലും മര്‍ദ്ദിച്ചു. സെക്യൂരിറ്റി ഓടിയെത്തി. മോഷണം അവിടെ പതിവായതുകൊണ്ട് അയാളും മൗനാനുവാദം നല്‍കി. സ്വാമിനാഥന്‍റെ അമ്മ അവിടെ ഓടിയെത്തി അക്രമികളുടെ കാലുപിടിച്ച് യാചിച്ചു.
“എന്‍റെ മോന്‍ അങ്ങനെ ചെയ്യില്ലാ. അവനെ തല്ലരുത് ഞങ്ങള്‍ എങ്ങോട്ടെങ്കിലും പോയികൊളളാം. അവന്‍റെ ഭാര്യയുടെ പ്രസവത്തിന് വന്നതാണ്.”
മനസാക്ഷി മരിച്ചുപോയ മനുഷ്യമൃഗങ്ങളോട് എന്ത് പറയാന്‍. അവരെ കാട് കയറ്റിയതും ഈ കാട്ടാള വര്‍ഗ്ഗമല്ലേ? സെക്യൂരിറ്റി സ്വാമിനാഥനെ രക്ഷപ്പെടാന്‍ സഹായിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിയെത്തിയത് പോലീസ് സ്റ്റേഷനില്‍. കാര്യങ്ങള്‍ ധരിപ്പിച്ചു. പോലീസിന് കേള്‍ക്കാന്‍ പോലും താത്പര്യമില്ലാ. പേരിന് ആശുപത്രി സെക്യൂരിറ്റിയെ ഫോണില്‍ വിളിച്ച് ഒരു അന്വേഷണം. മറ്റു പരാതികള്‍ എന്തെങ്കിലും വരുമോ എന്നറിയാന്‍ ഇരുട്ടുവോളം പോലീസ് കാത്തിരുന്നു. പരാതി ഒന്നും എത്തിയില്ലാ. ഒടുവില്‍ പരാതിയുമായി വന്ന സ്വാമിനാഥനെ പോലീസ് വിരട്ടി. “മോഷണം നടത്തിയിട്ട് നീ പരാതിയുമായി വന്നിരിക്കുന്നു എന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. നിന്നെ പിടിച്ച് അകത്തിടണോ അതോ ഇതില്‍ നിന്നും ഒഴിവാക്കി തരണമോ.”
അല്പ നേരത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു. “എന്നെ ഒഴിവാക്കിക്കോളൂ എനിക്ക് പരാതിയില്ലാ സാര്‍.”
പോലീസ് എഴുതിയ വെളള പേപ്പറില്‍ ഒപ്പിടുവിച്ച് വാങ്ങി. സ്വാമിനാഥന്‍ വെളിയിലേക്കിറങ്ങി. പോലീസ് മേധാവി ആ പേപ്പര്‍ കീറി വേയ്സ്റ്റ് ബോക്സിലിട്ടു. മറ്റുളളവരോട് പറഞ്ഞു. “ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലാ.”
ചോരയൊലിപ്പിച്ച് ശാരീരിക വേദനയോടെ നടക്കുമ്പോഴും അയാള്‍ക്ക് അറിയാമായിരുന്നു. കാടിന്‍റെ മക്കള്‍ക്ക് നാടിന്‍റെ പുത്രന്മാര്‍ ഇത്രയും നീതിയെ തരൂ. ഇതിന് മുന്‍പ് തല്ലികൊന്ന മധുവിനെ ഓര്‍ത്തു. അയാള്‍ മനം നൊന്തുപറഞ്ഞു. “ഞങ്ങള്‍ കാട്ടില്‍ മുളച്ച മക്കളല്ലാ. ജാതിയുടെ പേരില്‍ നിങ്ങള്‍ ക്രൂരപീഡനങ്ങള്‍ നല്‍കിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കാട്ടില്‍ അഭയം തേടിയതാണ്. ഞങ്ങളും നിങ്ങളെ പോലെ ഈ മണ്ണിന്‍റെ മക്കളാണ്. നിങ്ങള്‍ ഞങ്ങളെ കാടിന്‍റെ മക്കളാക്കി.
നിറകണ്ണുകളോടെ ഇരുളിലേക്ക് നീങ്ങി. പിറന്ന് വീണ എന്‍റെ കുഞ്ഞിന്‍റെ മുഖം ഒരു നോക്ക് കാണാന്‍ അനുവദിക്കാത്ത നീച വര്‍ഗ്ഗമേ. നിങ്ങള്‍ കളളനാക്കിയ അച്ഛനെ എന്‍റെ കുഞ്ഞ് കാണരുത്. പെറ്റവയറിനോടും മാപ്പപേക്ഷിച്ചു. മരണം വരെയും ഒരു മെയ്യായി ജീവിക്കാന്‍ ആഗ്രഹിച്ച പ്രിയതമേ നീ എന്നോട് പൊറുക്കണം. ആകാശത്ത് തെളിഞ്ഞ് നില്‍ക്കുന്ന നക്ഷത്രമേ സാക്ഷി. ഒരു മരക്കമ്പില്‍ ഉടുതുണിയില്‍ ആ ആത്മാവ് വിടചൊല്ലി.
ജോണ്‍സണ്‍ ഇരിങ്ങോള്‍
About The Author
No related posts.