ഓർമ്മകളുടെ വസന്ത കാലം കൈമോശം വന്ന ഒരു പാവം മനുഷ്യന്റെ നെടുവീർപ്പോടെ അയാൾ കഷണ്ടി കയറി തുടങ്ങിയ തലയിൽ സ്വയം വിരലുകൾ ഓടിച്ചു
ഓർക്കുമ്പോൾ ഇടനെഞ്ചു പൊട്ടുന്നു. ഓർമകളുടെ സേതുബന്ധനം ചിലപ്പോൾ ആനന്ദമാണ് പലപ്പോഴും ദുഖകരവും. ഒരു ഞെട്ടിൽ വിരിഞ്ഞ നാലു പൂക്കളായിരുന്നു ഞങ്ങൾ. അധ്യാപക ദമ്പതിമാരുടെ ഓമന മക്കൾ, സ്കൂളിനടുത്തുള്ള ഭംഗിയുള്ള ചെറിയ വീട്ടിൽ ഞങ്ങൾ ആറു പേർ സ്വർഗം തീർത്തു. കുട്ടികളായ ഞങ്ങളെ നോക്കാൻ വെളുത്ത ചേച്ചി എന്ന് ഞങ്ങൾ വിളിച്ചിരുന്ന സുനന്ദ ചേച്ചി കൂടെയാകുമ്പോൾ ഞങ്ങളുടെ ലോകം പൂർണ്ണമാകുന്നു
മൂത്തയാൾ എന്ന പരിഗണന എന്നും എനിക്ക് കിട്ടിയിരുന്നു എന്റെ പേരിന്റെ തുടർച്ചയായാണ് ഇളയവർക്കും പേരിട്ടത്
സേതു,സിന്ധു. സജി, സീമ എന്നിങ്ങനെ ആകെ ഒരു ‘സ’ മയം
ബാല്യത്തിലേക്ക് ഒരു നിമിഷം അയാളുടെ ഓർമകളിൽ മാധുര്യം നിറഞ്ഞു. പാളയിൽ ഇളയ കുട്ടികളെ ഇരുത്തി വണ്ടിവലിക്കുന്ന ജ്യേഷ്ഠനായ താനും . വലിച്ചു തളരുമ്പോൾ ഓടിവന്നു ഉമ്മ തരുന്ന കൊച്ചനുജത്തിയും. അവൾക്കായിരുന്നു തന്നെ ഏറ്റം ഇഷ്ടം. അവളുടെ കൊഞ്ചലിൽ അലിഞ്ഞില്ലാതാവുന്ന ക്ഷീണം. അനിയത്തികുട്ടിയുടെ കൈ പിടിച്ചു നടക്കുമ്പോൾ അവളുടെ ഒപ്പം കളിക്കുമ്പോൾ താൻ എന്തെല്ലാമോ ആയി മാറുകയായിരുന്നു
പച്ച പായൽ നിറഞ്ഞ പൊളിഞ്ഞ കുളപടവിൽ ചെറു വിരൽ തട്ടി ചോര കിനിയുമ്പോൾ മത്സരബുദ്ധിയോടെ വിരലിൽ കൊത്തി അകന്നു പോകുന്ന ചെറിയ പരൽ മീനുകൾ കാലിൽ വേദന യുണ്ടാക്കിയിരുന്നു
അയാളുടെ കൈകൾ കാലിന്റെ ചെറുവിരലുകളിൽ അറിയാതെ സ്പർശിച്ചു
ബാല്യം തെറ്റാത്ത ഒരു താളം പോലെ മുൻപോട്ടു പോയി. കൗമാരം കഴിഞ്ഞു എന്നു പറയുന്ന ഒരു പ്രായത്തിലേക്കു ഞങ്ങൾ എത്തി. മാതാ പിതാക്കളുടെ നഷ്ടം
ഞങ്ങളെ വല്ലാതെ ബാധിച്ചു. വെളുത്ത ചേച്ചി മാത്രമായിരുന്നു ഏക ആശ്രയം. അവരുടെ സ്നേഹ ലാളനങ്ങളിൽ കുറേശെയായി സാധാരണ ജീവിതത്തിലേക്ക് നീങ്ങി.
യൗവ്വനത്തിൽ എത്തിയ ഞാൻ വെളുത്ത ചേച്ചിയുമായി അതിരു കടന്ന ഒരു ബന്ധം തുടങ്ങിയിരുന്നു ഇതിനിടയിൽ . കയ്യോടെ പിടിക്കപ്പെട്ട എന്നെയും വെളുത്ത ചേച്ചിയെയും വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ സഹോദരങ്ങളിൽ നിന്നും അകന്നു.
വെളുത്ത ചേച്ചിയും അമ്മയും മാത്രമുണ്ടായിരുന്ന ആ വീട്ടിൽ ആദ്യ കാലങ്ങൾ മധുരമായി പോയി.
ചെറുപ്പത്തിന്റെ ചോര തിളപ്പ് അൽപ്പം ഒന്ന് കുറഞ്ഞപ്പോൾ കലഹങ്ങൾ പതിവായി. എന്നിലെ ആസക്തി കുറഞ്ഞ വെളുത്ത ചേച്ചി പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നത് നിശബ്ദനായി നോക്കി നിന്നു. പതുക്കെ പതുക്കെ രോഗിയായി മാറിക്കൊണ്ടിരുന്ന ഞാൻ ക്ഷീണിതനും അവശനും ആയി.
ഇതിനിടയിൽ അനാഥആശ്രമത്തിൽ ഒരു അന്തേവാസിയായി മാറിയ ഞാൻ അവിടം പൊരുത്ത പ്പെട്ടു പോന്നു ചെറിയ ജോലികൾ ചെയ്തും മറ്റുള്ളവരുമായി കഥകൾ പറഞ്ഞും മുൻപോട്ടു പോയി.
എല്ലാമാസവും ഉള്ള വൈദ്യ പരിശോധനയും മരുന്നുകളും ആരോഗ്യം തിരിച്ചു കിട്ടാൻ കാരണമായി.
അവിചാരിതമായി ഒരു ദിവസം വന്ന കുറേ ഡോക്ടർ മാരിൽ ഒരുവൾ ഏട്ടാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു. പരിഭ്രാമത്തോടെ തിരിഞ്ഞു നോക്കുമ്പോൾ അതു മാറ്റാരുമായിരുന്നില്ല തന്റെ അനിയത്തി കുട്ടി ആയിരുന്നു അത്. ഏട്ടൻ ഈ അവസ്ഥയിൽ എന്താ ഏട്ടാ പറ്റിയത്. ഏട്ടന്റെ കൈ പിടിച്ച് അവൾ പഴയ അനിയത്തി കുട്ടിയായി. വരൂ പറയാൻ കുറെയുണ്ട്.പുറത്തു നിരത്തിയിട്ട കസേരകൾ വലിച്ചിട്ടു രണ്ടുപേരും ഇരുന്നു. നിറഞ്ഞു കവിയുന്ന കണ്ണുകൾ ഇരുവർക്കും അടക്കിവെക്കാനായില്ല.
മനസ്സിന് ലാഘവം വരുത്തി രണ്ടുപേരും പരസ്പരം നോക്കിയിരുന്നു കഴിഞ്ഞുപോയ വിഴുപ്പു ഭാണ്ടങ്ങൾ അനിയത്തികുട്ടിയുടെ മുൻപിൽ ഒന്നൊന്നായി നിരത്തി. നീ ക്ഷമിക്കില്ലേ മോളേ എന്നോട്. ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ഒന്നും ചെയ്യാനാവാതെ തന്നിഷ്ടക്കാരനായ ഈ ഏട്ടനോട് ക്ഷമിക്കൂ. വിറകൊണ്ട അയാളുടെ കൈകൾ ചേർത്തു പിടിച്ച് അവൾ പറഞ്ഞു ഏട്ടന് ഞങ്ങൾ മൂന്നു പേരും ഉണ്ട്. നമ്മുടെ പഴയ വീട് തന്നെ കുറച്ചു വലുതാക്കി ഞങ്ങൾ അവിടെ തന്നെ കൂടി. പിരിയാൻ വയ്യാത്ത സഹോദരങ്ങൾ ആയിരുന്നില്ലേ നമ്മൾ. ഏട്ടന്മാർ വിവാഹിതരായി. എന്റെ കാര്യവും ഏതാണ്ട് തീരുമാനമായി. സൂരജ് മെലിഞ്ഞു നീണ്ട സുമുഖനായ പയ്യൻ. അടുത്തേക്ക് നടന്നുവന്ന അവനെ നിറുകയിൽ കൈവെച്ചു അനുഗ്രഹിച്ചു
എല്ലാ കഥകളും അറിയാം. ഏട്ടനെ ഞങ്ങൾ കൊണ്ടുപോകുന്നു. വേണ്ട ഫോർമാലിറ്റീസ് എല്ലാം തീർത്തു വരാം. അവിടെ നിന്ന് എടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല അനിയന്മാരുടെ മുഖങ്ങൾ ഒരുപാടു മാറിയിരിക്കും ഇപ്പോൾ. രണ്ടാൾക്കും കുട്ടികളുമായി. ഇനിയുള്ള ജീവിതം അവർക്കു വേണ്ടിയുള്ളതായിരിക്കണം. അല്പം ജാള്യതയുണ്ടായിരുന്നുവെങ്കിലുംv അന്തേവാസികളോട് യാത്ര പറയുമ്പോൾ മനസ്സിൽ അകന്നു പോയ ഒരു സ്വർഗ്ഗത്തിന്റെ തിരിച്ചു വരവ് സ്വപ്‌നങ്ങൾ തീർത്തു.













