മദ്ധ്യവേനലവധിക്കാലത്ത് കിങ്ങിണിമോൾ നാട്ടിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തും. കോട്ടയത്തുള്ള ഒരു ഗ്രാമത്തിലാണ് മുത്തശ്ശിയുടെ വീട്.
പുഴയും ,പാടങ്ങളും ,തലയാട്ടിരസിക്കുന്ന തെങ്ങുകളുമെല്ലാം അവൾക്ക് വലിയ ഇഷ്ടമാണ്,
അവൾ താമസിക്കുന്ന നഗരത്തിൽ വലിയ കെട്ടിടങ്ങൾ മാത്രമേയുള്ളൂ.മുത്തശ്ശിയുടെ അയൽക്കാരായ ജേക്കബ്ബൂട്ടിയും ,ഹസീനയും
അവളുടെ കൂട്ടുകാരാണ്.
ദിവസവും രാവിലെ ദേഹത്തെല്ലാം എണ്ണ പുരട്ടി
മുത്തശ്ശിയവളെ കുളിപ്പിക്കും.മുറ്റത്തിന്റെ അരികിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ്
മുത്തശ്ശിയുടെ കിണർ.കിണറ്റിലെ വെള്ളം അനങ്ങാതെ കിടക്കുന്നത് കൊണ്ട് വെയിൽ തട്ടണമത്രേ.ചക്രം പോലെയുള്ള കപ്പിയും
കയറും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരുന്ന
വിധവും മുത്തശ്ശി അവൾക്ക് കാണിച്ചു കൊടുത്തു.
കുളി കഴിഞ്ഞാൽ മുത്തശ്ശി മഞ്ഞൾപ്പൊടിയിട്ട് കാച്ചിയ പശുവിൻ പാലും ,അടയും നൽകും. മഞ്ഞൾപ്പൊടി
ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നത് കൊണ്ട്
രോഗങ്ങൾ വരുവാനുള്ള സാധ്യത കുറയുമെന്നതും
കിങ്ങിണിക്ക് പുതിയ അറിവായിരുന്നു.
മുത്തശ്ശിയുടെ പശുവിന്റെ പേര് നന്ദിനി എന്നാണ്. നന്ദിനി എപ്പോഴും അതിന്റെകിടാവിനെ നക്കിത്തുടച്ചു കൊണ്ടിരിക്കും.
“എന്തിനാ മുത്തശ്ശീ ,നന്ദിനി എപ്പോഴും ചവച്ചു
കൊണ്ടിരിക്കുന്നത്”കിങ്ങിണിമോൾക്ക് കാണുന്നതെല്ലാം സംശയമാണ്.
“അതോ .കൊമ്പുള്ള നാല്ക്കാലികൾ എപ്പോഴും കഴിക്കുന്ന
ഭക്ഷണം വിഴുങ്ങിയ ഭക്ഷണം വായിലേക്ക് കൊണ്ടു വന്ന് ചവച്ചു കൊണ്ടിരിക്കും.പുല്ലും ,വൈക്കോലുമെല്ലാം നല്ല വണ്ണം ദഹിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.അയവിറക്കുക എന്നാണതിന് പറയുന്നത്. “മുത്തശ്ശി പറഞ്ഞു കൊടുത്തു.
“ഉമ്മാന്റെ ആടും ഇങ്ങനെ ചെയ്യും” കേട്ടു നിന്ന ഹസീന പറഞ്ഞു.
മുത്തശ്ശിയുടെ സഹായി കുഞ്ഞാപ്പിച്ചേട്ടൻ മുറ്റത്തെ
ചെടികൾക്കെല്ലാം നന്ദിനിപ്പശുവിന്റെ ചാണകം വളമായി ഇടുന്നുണ്ടായിരുന്നു.ചീരക്ക് നന്ദിനിയുടെ
മൂത്രം വെള്ളം ചേർത്ത് നേർപ്പിച്ചൊഴിക്കുന്നത് കണ്ട്
വീണ്ടും കിങ്ങിണിക്ക് കൗതുകമായി.
“പശുവിന്റെ ചാണകവും ,മൂത്രവുമെല്ലാം വളമാണ്,”അങ്ങോട്ടേക്ക് വന്ന ജേക്കബ്ബൂട്ടി വലിയ ആളെപ്പോലെ ഗമയിൽ പറയുന്നത് കേട്ട് കുഞ്ഞാപ്പിചേട്ടൻ ചിരിച്ചു പോയി.
“നമുക്ക് സാറ്റ് കളിച്ചാലോ” ഹസീന പറഞ്ഞു.
“ശരി ,ശരി ഹസീന എണ്ണാൻ തുടങ്ങിക്കോളൂ.ഞങ്ങൾ ഒളിക്കാം.ജേക്കബ്ബൂട്ടി കിങ്ങിണിയുടെ കൈയ്യും പിടിച്ചു കൊണ്ട് വൈക്കോൽ തുറുവിന്റെ പുറകിൽ ഒളിച്ചു.
വൈക്കോൽപൊടി ദേഹത്ത് തട്ടിയപ്പോൾ കിങ്ങിണിയുടെ
ദേഹം ചെറുതായി ചൊറിയുവാൻ തുടങ്ങി.
“പേടിക്കണ്ട കിങ്ങിണീ ,കൊയ്ത്ത് കഴിഞ്ഞ് ഉണക്കിയെടുക്കുന്ന നെൽച്ചെടികളാണ് വൈക്കോൽ.ചൊറിയുന്നത് വേഗം മാറിക്കോളും”അവൾ കരയുവാൻ തുടങ്ങുന്നത് കണ്ട് ജേക്കബ്ബൂട്ടി ആശ്വസിപ്പിച്ചു.
“കണ്ടു പിടിച്ചേ”ഹസീന അവരെ കണ്ടെത്തിക്കഴിഞ്ഞു.
“ഇനി കിങ്ങിണിമോൾ എണ്ണ്”.അടുത്തത് കിങ്ങിണിയുടെ ഊഴമായിരുന്നു.
“വൺ.ടു..ത്രി.” അവളെണ്ണുവാൻ ആരംഭിച്ചു.
“വേണ്ട ..വേണ്ട മലയാളത്തിൽ എണ്ണിയാൽ മതി.
കിങ്ങിണിയുടെ മലയാളം നന്നാക്കി എടുക്കുന്നത്
ജേക്കബ്ബൂട്ടിയാണ്.
“ഒന്ന് ..രണ്ട്..മൂന്ന് .ഒരു വിധത്തിൽ അവൾ പത്ത് വരെ എണ്ണിയൊപ്പിച്ചു.
“ജേക്കബ്ബൂട്ടി..ഹസീനാ ..തൊടിയിലെല്ലാം അവരെ തപ്പി അവൾ നടന്നു.
ഡും..ഡും പാത്രങ്ങൾ മറിഞ്ഞു വീഴുന്ന ശബ്ദം.
കിങ്ങിണി ഓടി മുത്തശ്ശിയുടെ ഉരൽപ്പുരയിലേക്ക്
ചെന്നു.
“ഹായ്”അവിടെ അവൾ കാണാത്ത കുറെ സാധനങ്ങൾ നിരന്നു കിടക്കുന്നു.
“കിങ്ങിണിമോളേ ,ഹസീനാമോളേ..ഇടക്ക് മുത്തശ്ശി
കുട്ടികളെ തിരക്കി വന്നതാണ്.കയ്യിലൊരു പാത്രത്തിൽ ഉപ്പേരിയും ,കളിയടക്കയുമുണ്ട്.
“ഇതൊക്കെയെന്താണ് മുത്തശ്ശീ .അവിടെയുള്ള വലിയൊരു ചക്രത്തിൽ തൊട്ട്കൊണ്ട് ചോദിച്ചു.
“അതൊക്കെ എനിക്കറിയാം. പണ്ട് പാടത്ത് വെള്ളം
തേകി വിടുന്ന ജലചക്രമാണ്.”
“ഇത് കലപ്പ .കാളകളുടെ കഴുത്തിൽ വച്ചാണ് പണ്ട്
പാടം ഉഴുതിരുന്നത്.ഇന്ന് ട്രാക്ടറാണല്ലോ അത് ചെയ്യുന്നത്.”
“ഇത് ഉരൽ .പണ്ട് അരി പൊടിച്ചിരുന്നത് ഇതിലാണ്.
പണ്ടത്തെ ഗ്രൈൻഡറും ,മിക്സിയുമാണ് ആട്ടുകല്ലും ,അമ്മിക്കല്ലും “ഹസീനയും വിട്ടു കൊടുത്തില്ല.
“ഇതെന്താണെന്നറിയാമോ”മുത്തശ്ശി ചോദിച്ചു.
“ഇതാണ് തിരിക്കല്ല്.ഇതിലാണ് പണ്ട് ധാന്യങ്ങൾ
പൊടിച്ചിരുന്നത്. ജേക്കബ്ബൂട്ടിക്കും ,ഹസീനക്കും
അതറിയില്ലായിരുന്നു.
പിന്നെയും കുറെ സാധനങ്ങൾ അവിടെയുണ്ടായിരുന്നു.നെല്ല് പുഴുങ്ങുവാൻ ഉപയോഗിക്കുന്ന ചെമ്പ് ,ധാന്യങ്ങൾ അളക്കുന്ന പറ,ഉപ്പും ,പുളിയുമെല്ലാം പണ്ട് സൂക്ഷിച്ചിരുന്ന തടിപ്പാത്രങ്ങൾ ,കിണ്ടി ,മൊന്ത ,ഉരുളികൾ .എല്ലാത്തിന്റെയും ഉപയോഗം മുത്തശ്ശി അവർക്ക് പറഞ്ഞു
കൊടുത്തു.
“ഇതെല്ലാം ഇങ്ങനെ കൂട്ടിയിടാതെ ഒരിടത്ത് ഭംഗിയായി വച്ചാൽ എല്ലാ കുട്ടികൾക്കും കണ്ട് മനസ്സിലാക്കാമായിരുന്നു മുത്തശ്ശീ”കിങ്ങിണിമോൾ
പറഞ്ഞു.
“നഗരത്തിൽ വളരുന്ന കുട്ടികൾക്ക് ഇതൊന്നും
കാണുവാനുള്ള സൗകര്യവും ഇല്ലല്ലോ” കുഞ്ഞാപ്പിച്ചേട്ടനും പിൻതാങ്ങി.
“നല്ലൊരു കാര്യമാണ് കിങ്ങിണിമോൾ പറഞ്ഞത്.
വായനശാലയുടെ ഒരു മുറിയിൽ
ഇതെല്ലാം പേരെഴുതി പ്രദർശിപ്പിച്ച് വയ്ക്കുവാൻ
അധികാരികളുമായി മുത്തശ്ശി സംസാരിക്കാം.എല്ലാ
കുട്ടികൾക്കുമിതെല്ലാം പ്രയോജനപ്പെടട്ടെ.”
“എന്റെ ചക്കരമുത്തശ്ശി..ഉമ്മ”കിങ്ങിണി മോൾ
മുത്തശ്ശിയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.
അത് കണ്ട് ഹസീനയും.ജേക്കബ്ബൂട്ടിയും പൊട്ടിച്ചിരിച്ചുപോയി.
ഗുണപാഠം: നമ്മുടെ നാടിന്റെ പഴമയും ,സംസ്കാരവും തലമുറകളിലേക്ക് പകർന്ന്
കൊടുക്കേണ്ടതും ,പഠിക്കേണ്ടതും ആവശ്യമാണ്.
About The Author
No related posts.