കഥ – ദേവാലയ കാഴ്ചകൾ – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email
ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റ്  ഫോൺ ശബ്‌ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ  പൂക്കൾ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തൻ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.   ഇംഗ്ലണ്ടിൽ നിന്നെത്തിയ സാം സാമുവലിന്റെ   കുടുംബം കാറിൽ ദേവാലയത്തിലേക്ക് തിരിച്ചു.   നാട്ടിൽ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കൾ അന്തിയുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറിൽ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിർമ്മ നൽകുന്ന ഗ്രാമീണ ഭംഗി.   അന്ധാളിപ്പോടെ ദേവാലയ    ഗേറ്റിനെ  നോക്കി. വാതിൽ  പുട്ടിയിരിക്കുന്നു.    ആദ്യമായിട്ടാണ് വാതിൽ  പൂട്ടി കണ്ടത്.  ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന മനോഹര    ദേവാലയ൦ സമ്പദ് സമൃദ്ധിയുടെ  ഗാ൦ഭീര്യം വിളിച്ചോതുന്നു.   മനസ്സിൽ തെളിഞ്ഞത്  പാശ്ചാത്യ രാജ്യങ്ങളിലെ  ദേവാലയങ്ങളാണ്. പത്താം   നൂറ്റാണ്ടു മുതൽ   കാടുപിടിച്ചു കിടക്കുന്ന സ്മാരകശിലകൾ. പ്രാർത്ഥിക്കാനും ആളില്ല.  സമ്പന്ന  രാജ്യങ്ങളിൽ മതവിശ്വാസം വളർച്ചയറ്റു മൊട്ടുകളായി കൊഴിഞ്ഞ വീഴുന്നു.   ദരിദ്ര രാജ്യങ്ങളിൽ  ശിരസ്സിലേറ്റി തളിർക്കുന്നു.  ദേവാലയത്തിന് മുകളിൽ പ്രാവുകളുടെ സ്വരമാധുരി കേൾക്കാം. ആനന്ദാശ്രുക്കൾ നിറഞ്ഞ കുട്ടികളുടെ   കണ്ണുകളിൽ  ഉത്കണ്ഠയുണ്ട്. അവരുടെ ചോദ്യം എന്താണ് ദേവാലയ വാതിൽ പുട്ടിയിരിക്കുന്നത്?
 
തിളക്കമുള്ള വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്നവരെ വഴിപോക്കർ ശ്രദ്ധിക്കുന്നുണ്ട്. അവിടേക്ക് വടിയുന്നി വന്ന ഒരു വൃദ്ധ പള്ളിയെ തൊഴുതു പോയി.   അടുത്തുള്ള പട്ടക്കാരൻ താമസിക്കുന്ന ബംഗ്ളാവിലേക്ക്  നടന്നു. അവിടുത്തെ ഗേറ്റ് പുട്ടിയിട്ടില്ല. ഭിത്തിയിലെ കോളിംഗ്  ബെല്ലിൽ വിരലമർത്തി. ഇടുങ്ങിയ അരകെട്ടോടുകൂടിയ   സൗന്ദര്യം പൂത്തുലഞ്ഞ പട്ടക്കാരൻ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ  കതക് അല്പം  തുറന്ന്   തിടുക്കപ്പെട്ട്  ചോദിച്ചു.
 
“എന്താണ്” സാം   വിളറിയ മന്ദഹാസത്തോടെ വന്ന കാര്യമറിയിച്ചു. 
 
മാത്യു  അകത്തുണ്ടെങ്കിലും പുറത്തേക്ക് വന്നില്ല. കുഞ്ഞുമോൾ  മൊബെയിലിൽ   കപ്യാരെ വിളിച്ചു് കാര്യങ്ങൾ ധരിപ്പിക്കുന്നത് പുറത്തു നിന്ന് കേട്ടു. അകത്തു് ഇരിപ്പിടമുണ്ടെങ്കിലും അകത്തേക്ക് ക്ഷണിച്ചില്ല.    സാം  താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. 
 
“പള്ളിയുടെ താക്കോൽ സൂക്ഷിക്കേണ്ടത് പട്ടക്കാരനല്ലേ മാഡം? അവരുടെ  കണ്ണുകൾ തടിച്ചു വീർത്തു.  തുറിച്ചുനോക്കി പുരികം ചുളിച്ചുകൊണ്ട്   പരിഭവത്തോടെ  പറഞ്ഞു.
 
“നിങ്ങൾക്ക് ശവക്കല്ലറ കണ്ടാൽ പോരായോ? മറ്റുള്ളതൊക്കെ എന്തിന് തിരക്കണം?
 
സാം  നിശ്ശബ്ദനായി  നിമിഷങ്ങൾ തരിച്ചു നിന്നു.   കലശലായ വെറുപ്പ് തോന്നി.  സ്‌നേഹപൂർവ്വമായ ഒരു പ്രതികരണമാണ് പ്രതിക്ഷിച്ചത്.   ഒരു വാഗ്വാദം വേണമെങ്കിൽ നടത്താം. ദേവാലയത്തിന്റ ഉടമസ്ഥൻ പട്ടക്കാരനാണ്.  താക്കോൽ ഇരിക്കേണ്ടത് പട്ടക്കാരനെന്റ് വീട്ടിലാണ്. വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ ദേവാലയം തുറന്നുകൊടുക്കണം, ഗേറ്റ് തുറക്കണം, അടക്കണം. അതൊക്കെ മറ്റുള്ളവരെ ഏല്പിച്ചിട്ട് നടക്കുന്ന സ്വാർത്ഥമതികൾ.   
 
ജനാല ഞെരിഞ്ഞമർന്നു.  ജനൽപ്പാളികൾക്കിടയിലൂടെ  വെളിച്ചത്തിന്റ ഒരു  കീറ് പുറത്തേക്ക് വന്നു. ഭാര്യയുടെ ശബ്ദത്തിന് കനം കുടിയതുകൊണ്ടാണ് ഭർത്താവ് പൊത്തിലെ പാമ്പിനെപ്പോലെ   ഒളികണ്ണിട്ട് നോക്കിയത്. സാം   തറപ്പിച്ചൊന്ന് നോക്കിയിട്ട് മനസ്സിൽ പറഞ്ഞു.  ദേവാലയം ഇവൾക്ക്  സ്ത്രീധനം കിട്ടിയതുപോലുണ്ട്. അടുത്ത് നിന്ന ഭാര്യ ഏലി   ഇമവെട്ടാതെ അവളെ  നോക്കി ഊറിച്ചിരിച്ചു.    പഴയെ ആര്യപൗരോഹിത്യത്തിലെ ഇളം തലമുറക്കാരിയെന്ന് തോന്നി. മലയാളികൾ  ആത്മീയ അജ്ഞതയിൽ നിന്ന് എന്നാണ് മുക്തി നേടുക? 
 
ഒരു മണിക്കൂർ കഴിഞ്ഞു ആജ്ഞാനുവർത്തിയായ കറുത്തു  മെലിഞ്ഞ കപ്യാർ എത്തി. ഒരു നെടുവീർപ്പുമായി കപ്യാർക്കൊപ്പം നടന്നു. അയാൾ  ഗേറ്റ് തുറന്നു. സ്‌നേഹസഹജമായ പെരുമാറ്റം.   അയാളുടെ മുഖത്തെ മന്ദസ്മിതം പട്ടക്കാരന്റെ ഭാര്യയുടെ  മുഖത്തു്  കണ്ടില്ല.  ദേവാലയ മതിൽ അധികാരത്തിന്റ  കെട്ടുറപ്പുള്ള കോട്ടയാണ്. അതിലെ ഓരോ കല്ലുകളും  അന്ധവിശ്വാസികളായ അടിമകളുടേതാണ്.   നിശ്ശബ്ദമായ  ശവക്കല്ലറകൾക്ക് മീതെ കുരിശുകൾ ഉറങ്ങുന്നു.ശ്മശാന മണ്ണിലെ തെങ്ങുകളിൽ  കാക്കകൾ കലപില ശബ്ദങ്ങൾ പുറപ്പെടുവിച്ഛ് പറക്കുന്നു.  അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി. കുളിർകാറ്റ് ആശ്വാസമായി.
 
വീട്ടിലെത്തിയ സാം പട്ടക്കാരൻ മാത്യുവിനെ  മൊബൈലിൽ  വിളിച്ചു് തന്റെ സങ്കടം പങ്കുവെക്കാൻ തീരുമാനിച്ചു. ഫോൺ രണ്ടുവട്ടം ശബ്‌ദിച്ചു.  മൂന്നാമത്തെ പ്രാവശ്യം  ഹൃദയ ശൂന്യനായ പട്ടക്കാരൻ ഫോൺ നിരസിച്ചു. വീണ്ടും വിളിച്ചു. വീണ്ടും വെട്ടി.   വല്ലാത്ത നിരാശയും ജാള്യതയും തോന്നി.   ആത്മാവിൽ പുണ്ണുപിടിച്ച  പട്ടക്കാരൻ. ഇയാൾക്കൊപ്പം  വിശന്നുവലഞ്ഞു നടക്കുന്ന ആത്മാക്കൾ. സ്വാർത്ഥതയും ആഡംബരവും ആസ്വദിച്ചു് പാവങ്ങളെ വേട്ടയാടി യേശുവിനെ ക്രൂശിക്കുന്ന മഹാപാപികൾ.  സാമിന്റെ  നിരാശാനിഹതമായ മനസ്സിൽ ജീവനുള്ള   ഭൂത-പ്രേതങ്ങങ്ങൾ ഒരു നിഴലായി തെളിഞ്ഞു വന്നു.  തൊഴിൽ ലഭിക്കാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാദികൾ പട്ടക്കാരായി  ദേവാലയങ്ങളിൽ നുഴഞ്ഞു കയറിയോ? 
 
(കടപ്പാട് ജന്മഭൂമി)

About The Author

Leave a Reply

Your email address will not be published. Required fields are marked *