ഉറുമ്പുകൾ – ഒ.എൻ.വി.കുറുപ്പ്‌

നിലത്തൊരു വറ്റ്‌;
പൊടിയുറുമ്പുകൾ
പൊതിഞ്ഞു നിൽക്കുന്നി-
തതിന്റെ ചുറ്റിലും.

ഒരു നിവേദ്യത്തെ-
യൊരുമിച്ചങ്ങനെ
പരമനിശ്ശബ്ദം
നുകർന്നിടും പോലെ!

അതല്ലവറ്റതൻ
ചൊടിയിലെ മന്ത്രം
നമുക്കു കേൾക്കുവാ-
നരുതാത്തതാവാം.

നിവേദ്യമൽപ്പാൽപ്പം
ചെറുതാകു, ന്നുള്ളം
നിറഞ്ഞവർ മെല്ലെ-
യകന്നു പോകുന്നു.

അതുപോൽ നമ്മെയും
പൊതിഞ്ഞുനിൽക്കയാം
അദൃശ്യമാമെത്ര
പൊടിയുറുമ്പുകൾ!

LEAVE A REPLY

Please enter your comment!
Please enter your name here