കവിത : എന്റെ ഭാഷ – രചന : വള്ളത്തോള്‍

മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ

അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു
ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം

ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു-
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍;
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍

ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി
പാടവഹീനയെന്നാര്‍പറയും?

കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു
കേറാന്‍ പിടിക്കയറെന്തുവേറെ?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍

LEAVE A REPLY

Please enter your comment!
Please enter your name here