മറുനാട്ടിൽ മാതൃഭാഷ നിലനിൽക്കാനൊരൗഷധം -ശ്രീനിവാസ് ആർ ചിറയത്ത് മഠം

Facebook
Twitter
WhatsApp
Email

ഓണക്കാലത്താണ് പല മറുനാടരും മാതൃഭാഷയേക്കുറിച്ചോർക്കുക.

ചുരുക്കം ചില കുടുംബങ്ങളിലെങ്കിലും ഒരുക്കാറുള്ള ഓണസദ്യ ഉണ്ണുമ്പോഴാണ്, മക്കൾ ‘മാതാ-പിതാക്കളുടെ നാട്ടി’ലെ ആഹാരത്തിന്റെ അസ്സൽ സ്വാദറിയുന്നത്!

ഓണാഘോഷംപോലും മറക്കേണ്ടി വരുന്നവരുടെ മക്കൾക്കോ, അതിനും മാർഗമില്ല!

ഏറേക്കുറെ അഞ്ചിലൊന്ന് അനുപാദംവരുന്ന കേരളീയർ മറുനാടുകളിലും മറുദേശങ്ങളിലുമാണിന്ന് നിവസിക്കുന്നത്.

സ്വാഭാവികമായും അവരുടെ കുട്ടികൾ അതാതു നാടുകളിലേയും ദേശങ്ങളിലേയും ഭാഷകൾക്കും സംസ്ക്കാരങ്ങൾക്കും അധീനമായിത്തീരുന്നു!

ഏതൊരു ഭാഷയും ശോഷിക്കാതിരിക്കണമെങ്കിൽ, അത് സംസാരിക്കുന്നവൻ സ്വന്തം നാടുവിട്ട് മറുനാടുകളിലും മറ്റും സ്ഥിരതാമസമാക്കാതിരിക്കേണ്ടി വരും!

അതേതായാലും, പ്രത്യേകിച്ചും ഈ പരിഷ്കൃത ലോകത്ത്, പ്രാവർത്തികമല്ലല്ലൊ!

ശരാശരി മനുഷ്യന് ഇന്ന് മാതൃഭാഷയ്ക്കല്ലാ, മറിച്ച് വയറ്റുപ്പിഴപ്പിനാണ് മുന്തൂക്കം കൊടുക്കേണ്ടി വരുന്നത്;

പ്രത്യേകിച്ചും, കേരളം പോലുള്ള നാടുകളിൽ ഏവർക്കും ജീവിതായോധനത്തിനുള്ള മാർഗമില്ലായ്കയാൽ!

ആകയാൽ, അതിന് ഉപാധിയുള്ള ഭാഷാ കേന്ദ്രങ്ങളിൽ, ചരിത്രാതീത കാലം തൊട്ടേ, മനുഷ്യരുടെ കുടിയേറ്റം തുടങ്ങുകയും, ഇന്നുമത് തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഒരാൾ മാതൃനാടുവിട്ട് മറുനാട്ടിലേക്ക്, മിക്കവാറും ഉദ്യോഗാർത്ഥം, ചേക്കേറുമ്പോൾ അയാൾക്ക് പരമപ്രധാനമായി മനോർജിതമാകുന്നത് ഭാഷയല്ലാ, തൊഴിലാണ്.

സ്വാഭാവികമായും എത്തിയേടത്ത് എവിടേയെല്ലാം നാട്ടുകാരെ കാണാനിടയാകുന്നുവോ, ആ നിമിഷങ്ങളിൽ ഗൃഹാതുരത്വം ഊർജിതമാകുന്നു.

പൊകെപ്പോകെ തദ്പ്രദേശഭാഷ സ്വായത്തമാകുമ്പോൾ, അത് സംസാരിക്കുന്നവരുമായി ഇടപഴകുവാനുള്ള സങ്കോചം പോയ്ക്കൊണ്ടുമിരിക്കും;

തദ്വാര, സ്വഭാഷക്കാരെ കാണുമ്പോഴുള്ള പ്രത്യേക അഭിനിവേശവും ലോഭിച്ചുകൊണ്ടിരിക്കും.

ആകേയുള്ള കേരളീയരിൽ അഞ്ചിലൊന്ന് മുംബൈ പോലുള്ളിടങ്ങളിലാകുമ്പോൾ, മലയാളികൾ തന്നെ പരസ്പരം ഹിന്ദിയിൽ മാത്രം സംസാരിക്കുന്ന ഒരീക്കാലഘട്ടത്തിൽ, ക്രമേണ, “വസുദൈവ കുടുംബം” എന്നൊരു ബോധോദയമുണ്ടാകുന്നു!

പ്രത്യേകിച്ച് അനേകദശകക്കാലമായി, മാതൃനാട് വിട്ട് ഉപജീവിക്കുന്നവർ, ഗൃഹാതുരത്വത്തേയും അതിജീവിക്കുമാറാകുന്നു!

ആദ്യ തലമുറക്കാർ, മിക്കവാറും സ്വനാട്ടിൽ നിന്നുതന്നെ മാത്രം ‘പെണ്ണുകെട്ടു’വാൻ കുറേക്കാലം മുമ്പുവരെ തല്പരരായിരുന്നു.

ആകയാൽ, വിവാഹാനന്തരം സ്വഭാഷയോടുള്ള പ്രത്യേക കൂറും വർദ്ധിച്ചിരുന്നു.

ഇന്നു പക്ഷേ അതല്ലാ സ്ഥിതി. മക്കളും മക്കളുടെ മക്കളും ഭാഷാന്തരത്തിന് ഹേതുവായിക്കൊണ്ടിരിക്കുന്നു!

മക്കളാരും നാട്ടിൽനിന്ന് ‘കെട്ടു’വാൻ, മാതാ-പിതാക്കൾ എത്ര ശ്രമിച്ചാലും, സന്നദ്ധരാകുന്നില്ലാ!

മക്കൾക്ക്, അവരുടെ ‘പശ്ചാത്തല’ത്തിന് അനുയോജ്യരായ, നടപ്പിലുള്ള ഭാഷകളറിയുന്ന  സഹനഗരവാസികളുമൊത്തേ ജീവിക്കാൻ ഒക്കൂ!

ലോകചരിത്രത്തിൽത്തന്നെ, ‘മാതൃഭാഷ’ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങൾക്കും ഇത:പര്യന്തം  സ്ഥിരമായിരുന്നിട്ടില്ല.

നാല-യ്യായിരം വർഷങ്ങൾക്കു മുമ്പുതൊട്ടുള്ള സംസ്ക്കാരസഭ്യത തന്നെ ഇതിന് ദൃഷ്ടാന്തമാണ്.

യുറേഷ്യയിൽനിന്നും ആര്യവംശജർ, അക്കാലത്തെ അവരുടെ മാതൃഭാഷയായിരുന്ന സംസ്കൃതവുംകൊണ്ട് പലേടങ്ങളിലും കുടിയേറിയതിനുശേഷം, ഇന്നേവരേയുള്ള ചരിത്രം തന്നെ ഇത്തരുണം സ്പഷ്ടമായോർക്കാം;

ദക്ഷിണേഷ്യ പൂകിയവരേക്കുറിച്ച് പരിശോധിക്കാം:

ദക്ഷിണേഷ്യയുടെ മുഖ്യധാരയായ ഭാരത ഉപഭൂഖണ്ഡത്തിലും ചുറ്റുപാടുകളിലുമാണിവർ, അതികഠിന ശൈത്യത്തിൽനിന്നും സ്ഥിരമോചനാർത്ഥം ചേക്കേറി, ഇവിടത്തെ അത്യതിപുരാതന ‘ദ്രമിഡ’ സംസ്ക്കാരവുമായൊത്തുചേർന്നതും ഒരു ഹൈന്ദവ ദേശീയത കെട്ടിപ്പടുത്തതും, പ്രാദേശിക ‘ദ്രമിഡ’ മൊഴികളുമായി സങ്കരിച്ച്, ഇന്നോളം ആ സംസ്കൃതഭാഷമാറി, ഇന്നത്തെ വിവിധ ഭാഷക്കാരായി ഉരുത്തിരിഞ്ഞതും!

ഇതിനു സാരം, മാതൃഭാഷ, കുടിയേറ്റങ്ങൾക്കനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുന്നുവെന്നും.

കുറേക്കാലമായി നമ്മുടെ മാതൃഭാഷാ സ്നേഹികൾ, വാതോരാവിധം, വിവിധ വേദികളിൽ, മലയാളത്തിന്റെ ആശങ്കാജനക ശോഷണത്തേച്ചൊല്ലി വിലപിക്കുന്നത് കേട്ടു വരുന്നു.

ഏവരും ഉപദേശിക്കുന്ന ഉപാധി, അച്ഛന-മ്മമാർ കുട്ടികളെ സനിർബന്ധം മലയാളം പഠിപ്പിക്കുവാനുള്ള ഉപായമുണ്ടാക്കണമെന്നാണ്.

ഈ നിർദ്ദേശം എത്രകണ്ട് ഫലവത്താകും? ഇന്ന് മാതൃസംസ്ഥാനത്തുതന്നെ മലയാളം ‘വർജിത’മായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവൈപരീത്യത്തിലാണ് നാം!

ശതശതമാനം മലയാളം സംസാരിച്ചാൽ, പല മലയാളീസഹോദരർക്കും, മുഴുക്കെ മനസ്സിലാകാത്ത ഒരു ‘വിരോധാഭാസ’ത്തിലുമാണിന്നുനാം!

നാട്ടിൽപ്പോലും, ഇംഗ്ലീഷ് മാത്രമല്ലാ, ഹിന്ദിയും ഒരവിഭാജ്യഘടകമെന്നോണം, മലയാളമഹാസമുദ്രത്തിൽ, ‘ലവണയഥേഷ്ട’മെന്ന തോതിൽ, ലയിച്ചുകൊണ്ടിരിക്കുന്നു!

എന്തായാലും, മലയാളവും മറ്റിതര ഭാരതീയ സഹോദര ഭാഷകളും ഘട്ടം ഘട്ടമായി ഉരുത്തിരിഞ്ഞ്, അംഗീകൃത പ്രത്യേക ഭാഷകളായതിനുശേഷം, സംസ്കൃതമെന്നപോൽ, കേവലം ‘പുരാവസ്തു’ക്കളെന്ന കണക്കിലായി മാത്രം അവശേഷിക്കുമാറാകുന്ന ഒരവസ്ഥയിലേക്ക് മാറുമോയെന്ന ആശങ്കക്ക് എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്നാലോചിക്കാം!

ആദ്യതലമുറയ്ക്കു മാത്രമാണ്, മറുനാട് കേവലം, പോറ്റമ്മ; പക്ഷെ, അവരുടെ പരമ്പരയ്ക്കുംകൂടി അല്ലാ എന്ന പ്രായോഗിക, പ്രാവർത്തിക ശാസ്ത്രീയ വസ്തുതയെ നാമോർക്കണം!

അവർക്ക് അവർ വളരുന്നേടം പെറ്റമ്മയ്ക്കു സമമാണ്!

പിള്ളേരെ മലയാളം പഠിപ്പിക്കുവാൻ നമുക്ക്, വിരളമായെങ്കിലും, സാധിച്ചേക്കാം.

പക്ഷേ, നാം കുടിയേറിയ സ്ഥലത്തും ഒരു മലയാളാന്തരിക്ഷം തീർക്കാനാകും എന്ന് ആർക്കെങ്കിലും മോഹമുണ്ടെങ്കിൽ അതു കേവലം വ്യാമോഹം മാത്രമാണ്!

എന്തെന്നാൽ, നമ്മുടെ മക്കൾ മലയാളികളെന്ന അനുഭുതിക്ക് ഉതകും വിധം മലയാളം സംസാരിക്കണമെങ്കിൽ, അവരുപജീവിക്കുന്നിടത്തെ അന്തരീക്ഷത്തിലും മലയാളം വേണമല്ലോ!

എന്നാൽ, തദ്ദേശീയരേക്കാൾ ഏറേയധികം ശതമാനം മലയാളികൾ പെരുകിയാൽ അത് മലയാളാന്തരീക്ഷം സൃഷ്ഠിക്കാനുതകും – അതിനൊരു ഉജ്വല ഉദാഹരണമാണ്, ചില അറേബ്യൻ രാഷ്ട്രങ്ങളിലെ ഇന്നത്തെ സ്ഥിതി!
എത്രയെത്ര വാഗ്ധോരണികൾക്ക് ‘ഭാഷാഭിഷഗ്വരർ’ നന്നെ പാത്രമാക്കുന്നുണ്ടെങ്കിലും, അവരുടെ പക്കലും അതിനുള്ള പ്രാവർത്തികമായ മരുന്നില്ലാ എന്നതാണ് സത്യാവസ്ഥ!

എന്നിരിക്കിലും, ലേഖകനൊരു ഉപാധി നിർദ്ദേശിക്കുന്നത് എത്രകണ്ട് ഫലവത്താകുമെന്ന് പരീക്ഷിക്കുവാൻ അഭ്യർത്ഥിക്കുന്നു:

നമുക്ക് നാമുപയോഗിച്ചിരുന്ന – ഇന്നുവരേക്കും പോലും പലരുമുപയോഗിച്ചുവരുന്ന – ലിപിയോടാണോ പ്രേമം,
അതോ മൊഴിയൊടോ?

മൊഴിയോടാണെങ്കിൽമാത്രം, മരുന്നു നിർണയിക്കാം:

ഇന്നത്തെ സംസ്കൃത ലിപി ആയ ‘ദേവനാഗരി’ ഹിന്ദിയിലും അതിന്റെ ചില വകഭേദങ്ങളിലും മറാഠിയിലും തൊണ്ണൂറു ശതമാനത്തിലേറേയും, ഇതര ഭാരതീയ ഭാഷകളിൽ താരതമ്യേന കുറഞ്ഞ അളവിലും ഉപയോഗിച്ചു വരുന്നു.

ആകയാൽ, ദക്ഷിണേതര സംസ്ഥാനങ്ങളിൽ ഈ വസ്തുത പരസ്പര പ്രാവർത്തികതയ്ക്ക് നമ്മുടേതിനേക്കാൾ മാറ്റുകൂട്ടുന്നു!

എന്നതിനാൽ, നമുക്ക് നമ്മുടെ മക്കൾ മലയാളം കൈകാര്യം ചെയ്ത് കാണണമെങ്കിൽ, അവർക്കായി, മറുനാടുകളിലെല്ലാം ‘ദേവനാഗരി’ ലിപി ഉപയോഗിക്കണം!

മറുനാടൻ കുട്ടികൾക്ക് ഈ പുരാതന ലിപി സുപരിചിതമാണല്ലോ. ആകയാൽ ലിപി പഠിപ്പിക്കുവാനായി, ഭാഷയ്ക്കെന്നതിനേക്കാളേറെ, ഒഴുക്കിനെതിരേയെന്ന കണക്കിൽ, അദ്ധ്വാനിക്കേണ്ട പ്രശ്നവുമുദിക്കില്ല.

ആംഗലേയ മാധ്യമമാണ് മക്കൾക്ക് അഭിമതമെങ്കിൽ, ആ ലിപിയും വർജ്യമല്ലാ.

എന്തെന്നാൽ, നമ്മുടെ പരമോദ്ധേശ്യം, ‘മാതൃഭാഷ’ പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുകയെന്നതാണല്ലോ!

ലേഖകന്റെ ‘ഔഷധം’ സേവിച്ചു നോക്കാൻ താൽപ്പര്യമുണ്ടാകുന്ന പക്ഷം,  ആനുകാലികങ്ങളായ ദൈനികകൾ, വാരികകൾ, മാസികകൾ ഇത്യാദികൾ – മലയാളം, ഹിന്ദി, ഇംഗ്ലീഷ്, മറാഠി എന്നിത്യാദി പത്രമാധ്യമങ്ങൾ വഴി, തദ്ലിപികളിൽ, മലയാള ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ, പത്രാധിപ സമൂഹം സന്നദ്ധമാകണം!

ആരംഭാർത്ഥം, ഏറേയധികം അനുവാചക സ്വാധീനമുള്ള മറുനാടൻ ആനുകാലികങ്ങളായ ‘ജ്വാല’, ‘വൈറ്റ് ലൈൻ’, ‘പ്രവാസി ശബ്ദം’, വിശാല കേരളം’ എന്നിവകളുടെ പത്രാധികൃതർ ഈ ഉദ്ധ്യേശത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.

ലേഖകൻ ‘ദേവനാഗരി’, ‘ആംഗലേയ’മിത്യാദി ലിപികളിലൂടെ മലയാളം എഴുതിത്തരുവാൻ സന്നദ്ധനാണ്; ക്രമേണ, ഇതരരും തയ്യാറാകും.
പ്രാകൃതരീതിയിൽ മലയാളം പഠിപ്പിക്കാൻ തുനിയുന്നതിനേക്കാൾ എത്രയോ എളുപ്പമാണ്, ‘ഡാ മോനേ,  ഡീ മോളേ, ഇതൊന്നു വായിച്ചേ’ എന്ന് അവർക്ക് സാദ്ധ്യമായ കാര്യം പറയുവാൻ.

അല്ലാതെ, നമ്മുടെ സാമ്പ്രദായിക ലിപി പഠിപ്പിക്കുന്നതിൽ തലമണ്ട കായുകയല്ലാ വിവേകം!

‘ഴ’ ഇത്യാദി അല്ലറ ചില്ലറ പ്രശ്നങ്ങളേച്ചൊല്ലിയും വിഷമിക്കേണ്ടതില്ലാ!

പല ആംഗലേയ വാക്കുകളുടെ ഉച്ഛാരണവും ലിപിയും തമ്മിൽ ഏറെ അന്തരമുണ്ടെന്നുള്ള വസ്തുതയും ഓർക്കണം.

ഉദാഹരണത്തിന്, ‘that'(ദാറ്റ്); ‘താറ്റ്’ എന്ന് അല്ലല്ലോ, ലിപിപ്രകാരം!

മലയാളം, ഇതര പ്രാദേശിക ഭാഷകളും, മറുനാടുകളിൽ ഏറേക്കാലം നിലനിലനിൽക്കണമെങ്കിൽ, ‘ലിപി സ്വാതന്ത്ര്യം’ തന്നെ ഏക ഉപാധി!

ഇന്നത്തെ മാതൃഭാഷകളേച്ചൊല്ലി, എത്ര ‘തലകുത്തി മറിഞ്ഞാലും’, ഇഹലോക മാനവരാശി, ഇനിയുമൊരു നൂറോളം വർഷം തുടരുമെങ്കിൽ, ഒരു കാര്യം തീർച്ചയാണ്: ലോകജനതയെമ്പാടും, ഏറേക്കുറെ, ഏകഭാഷക്കാരാകും – ആംഗലേയം സംസാരിക്കുന്നവരായി!

ഒരുപക്ഷേ, ചൈന, ജപ്പാൻ ഇത്യാദി ഏകഭാഷാ രാഷ്ട്രങ്ങൾ, അതുവരേക്കും പിടിച്ചു നിന്നേക്കാം!

പക്ഷേ, ഇന്നത്തെ ആംഗലീകരണ പ്രതിഭാസത്തേക്കുറിച്ചോർക്കുമ്പോൾ, അതിനും സാദ്ധ്യത വിരളം തന്നെ!

ഇന്നു നമുക്ക്, ‘ഒഡിസി’, ‘ബംഗാളി’, ‘തമിഴ്’, ‘തെലുഗു’, ‘ഗുജറാത്തി’, ‘മറാഠി’, ‘കന്നഡ’, ‘തുളു’, ‘ഹിന്ദി’, ‘സിന്ധി’, ‘അസമിയ’, ‘ഇംഗ്ലീഷ്’, എന്തിനേറേപ്പറയണം, ‘സംസ്കൃതം’പോലും, ഇത്യാദി വിവിധ ഭാഷകൾ, കുടുംബമടച്ചുപോലും സംസാരിക്കുന്ന, ഒരു കണക്കിലും മലയാളമറിയാത്ത, “മലയാളികളെ” സുലഭമായിത്തന്നെ കാണാം!

തഥൈവ, നാമമാത്രംതന്നെ, പല ഇതര ഭാഷക്കാരുടേയും പരസ്പരാവസ്ഥ!

ആകയാൽ, മാതൃഭാഷയേച്ചൊല്ലി ആണയിടേണ്ട കാലം  മറഞ്ഞിരിക്കുന്നു എന്നതും സ്ഥിരീകൃതം തന്നെ!

About The Author

Leave a Reply

Your email address will not be published. Required fields are marked *