‘നിങ്ങളുടെ വേദന ഞാൻ അറിയുന്നു’: സമാനുഭാവത്തിൻ്റെ സിരാവിജ്ഞാനീയം – ആൻ്റെണി പുത്തൻപുരയ്ക്കൽ

Facebook
Twitter
WhatsApp
Email

മനുഷ്യവികാരങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ, സഹാനുഭൂതിയെന്നത് മറ്റൊരാളുടെ വികാരങ്ങൾ വളരെ അടുത്തറിയാനും മനസ്സിലാക്കാനും അതുമായി താരതമ്യപ്പെടുവാനുമുളള ഒരു വ്യക്തിയുടെ കഴിവാണ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ ഒരു വ്യക്തി മറ്റൊരാളുടെ വൈകാരികാവസ്ഥയെ ആഴത്തിൽ അടുത്തറിയുകയും അതെക്കുറിച്ച് ചിന്തിക്കുകയും മറ്റു വ്യക്തി അനുഭവിക്കുന്ന വികാരത്തിന് സമാനമായ ഒരു വികാരം, അല്ലെങ്കിൽ അനുബന്ധ വികാരങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന വൈകാരികാവസ്ഥയെയാണ് നാം സമാനുഭാവം (empathy) എന്നു വിളിക്കുന്നത്. ഇതിനുപുറമേ, മറ്റൊരാൾ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നുകൂടി സങ്കൽപ്പിക്കാനും വ്യാഖ്യാനിക്കാനുമുളള ഒരു വ്യക്തിയുടെ കഴിവും സഹാനുഭൂതിയുടെ ഭാഗമാണ്.

ന്യൂയോർക്കിലെ മൗണ്ട് സിനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്‌ട്ര സംഘം ആദ്യമായി തലച്ചോറിന്റെ, അഗ്ര പൂർവമസ്തിഷ്ക ആവൃതി (anterior insular cortex) എന്ന് വിളിക്കുന്ന ഭാഗത്താണ് മനുഷ്യ സഹാനുഭൂതിയുടെ പ്രവർത്തന കേന്ദ്രമെന്ന് കണ്ടുപിടിച്ചു.
മറ്റുള്ളവരുടെ വികാരങ്ങളെ അടുത്തറിയാനോ, മനസ്സിലാക്കാനോ ഉളള ശേഷി നമ്മുടെ മസ്തിഷ്കത്തിന്റെ മറ്റൊരു ഭാഗത്തിനും ഇല്ലെന്ന അഭിപ്രായം ഇന്നും ശാസ്ത്രലോകത്തിനുണ്ട്.

സഹാനുഭൂതി അർഹിക്കുന്ന വ്യക്തിയുടെ വൈകാരികാവസ്ഥയുടെ ആന്തരിക സ്ഥിതി വ്യക്തമായി അറിയുമ്പോൾ മാത്രമാണ് സഹാനുഭൂതി നൽകുന്ന വ്യക്തിയിൽ ഭാവാത്മക വികാരം ജനിക്കുന്നത്. ഒരു വ്യക്തിയിൽ ഉടലെടുക്കുന്ന തൻമയീഭാവശക്തി വെറും വൈകാരിക ഉത്തേജനം മാത്രമല്ല, മസ്തിഷ്ക്കവുമായി ഈ കഴിവ് ഉൾച്ചേർന്നിരിക്കുന്നു. അതിനാൽ, സഹാനുഭൂതിയുളള മനസ്സ് ദ്വന്ദ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ സംയോജിത മസ്തിഷ്ക-മാനസികാവസ്ഥയുടെ രൂപീകരണം ഒരാളുടെ സ്വന്തം വികാരപരമായ സ്വാധീനാവസ്ഥയുടെ ഭാഗികമായ ലയനത്തിൽ നിന്നാണ് പിറവിയെടുക്കുക. സമാനുഭാവത്തിൻ്റെ നിർമ്മിതി മറ്റൊരു വ്യക്തിയുടെ യഥാർത്ഥമായ അല്ലെങ്കിൽ അനുമാനിച്ചതായ വൈകാരികാവസ്ഥയുടെ സ്വാധീനാനുഭവം മാത്രമല്ല. മറ്റൊരാളുടെ വൈകാരികാവസ്ഥയെക്കുറിച്ചുള്ള യാഥാർത്ഥ്യ ബോധത്തോടെയുള്ള തിരിച്ചറിയലും മനസ്സിലാക്കലും ഇതിൽ ഉൾപ്പെടുന്നുണ്ട്. സാമൂഹ്യ മനഃശാസ്ത്രം, ജ്ഞാനാത്മക സിരാവിജ്ഞാനീയം, ക്ലിനിക്കൽ ന്യൂറോ സൈക്കോളജി എന്നീ ശാസ്ത്രശാഖകളുടെ പഠനങ്ങളും വിശകലനങ്ങളും ഇതേ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്.

ഒരു വ്യക്തിയിൽ കാണപ്പെടുന്ന സഹാനുഭൂതിയെന്ന വികാരം മറ്റുള്ളവരുടെ വികാരപരമായ അനുഭവങ്ങൾ പങ്കിടാനുള്ള കഴിവിനെ ഉൾക്കൊള്ളുന്നു.
മറ്റൊരാൾക്ക് എന്താണ് തോന്നുന്നതെന്ന് അനുഭവിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന നാഢീതന്തുപരമായ സംവിധാനങ്ങൾ കണ്ടുപിടിക്കുന്നതിൽ സമീപ വർഷങ്ങളിൽ സോഷ്യൽ ന്യൂറോ സയൻസ് ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു. അടുത്തകാലത്തുണ്ടായിട്ടുളള പര്യന്വേഷണങ്ങൾ ഈ കണ്ടെത്തലുകളുടെ ആഴത്തിലുള്ളതും വിമർശനാത്മകവുമായ ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തെളിവുകൾ സൂചിപ്പിക്കുന്നത്, മറ്റുള്ളവരുടെ വികാരങ്ങൾ പങ്കിടുന്നതും ആ വികാരത്തിന്റെ ആദ്യ അനുഭവവേളയിൽ സജീവമാകുന്ന നാഢീയ ഘടനകളിലെ സജീവമാക്കലുമായി ബന്ധപ്പെട്ടിട്ടുളളതാണ്. സമീപകാല പഠനങ്ങൾ തെളിയിക്കുന്നത് സഹാനുഭൂതി വളരെ വഴക്കമുള്ള ഒരു പ്രതിഭാസമാണെന്നാണ്. ശാസ്ത്രലോകത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച്, സമാനുഭാവക്കാരനും മറ്റുള്ളവരും തമ്മിലുള്ള വ്യക്തിബന്ധം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹാനുഭൂതിയുടെ വൈകാരിക പ്രതികരണങ്ങൾ മറ്റുള്ളവരെ നിരീക്ഷിക്കുന്ന മാത്രയിൽ തന്നെ ഒരാളിൽ സംഭവിക്കുന്നു. സമാനുഭാവത്തിൻ്റെ വിവിധ ഘടകങ്ങളെക്കുറിച്ചും അവയുടെ സിരാവിഷയകമായ അടിസ്ഥാനങ്ങളെക്കുറിച്ചും കൂടുതൽ വിശദമായ ഉൾക്കാഴ്ചകൾ ഇനിയും അന്വേഷണവിധേയമാകേണ്ടതുണ്ട്. സഹാനുഭൂതിയിലെ വ്യക്തിഗത വ്യത്യാസങ്ങളും വ്യക്തിത്വ സവിശേഷതകളും വിശദീകരിക്കുവാൻ ശാസ്ത്രം കൂടുതൽ ഗവേഷണങ്ങൾ ഇന്നും നടത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലെ, സഹാനുഭൂതിയുള്ളവരായിരിക്കാൻ നമുക്കു സ്വയം പരിശീലിപ്പിക്കാൻ കഴിയുമോ, സാമൂഹിക പെരുമാറ്റവുമായി സഹാനുഭൂതി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ ശാസ്ത്രത്തിനും സമൂഹത്തിനും വളരെ പ്രസക്തമാണ്.

സഹാനുഭൂതി വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. സമാനുഭാവം വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന അനുഭവങ്ങൾ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവ പങ്കിടാനും സാമൂഹിക അനുകൂല സ്വഭാവത്തെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കുന്ന ഒരു വൈകാരിക മാനസികാവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് തീർച്ചയായും ഒരു നാഢീയ ശൃംഖലയുടെ സഹായവും ഇടപെടലും ആവശ്യവുമാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ മറ്റുള്ളവരുടെ വികാരങ്ങൾ അതതു സമയം ഗ്രഹിക്കാനും അവരുമായി വൈകാരികമായും വൈജ്ഞാനികമായും (cognitively) സ്വാനുകമ്പം പ്രതികരിക്കാനും നമുക്ക് കഴിയൂ. മറ്റുള്ളവരുടെ വീക്ഷണവും വികാരങ്ങളും വിവേചിച്ചറിയുന്നതിനൊടൊപ്പം നമ്മിലെ വികാരങ്ങളുടെ വികാസവും പരിണാമവും അടുത്തറിയുവാനുമുളള കഴിവും നമുക്കുണ്ടാകണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *