ചെമ്മരിയാടുകൾ ചെമ്മേയലയുന്ന
കുന്നിൻചരുവു ഞാൻ കണ്ടൂ
ചെന്തളിർ ചുംബിച്ചോരർക്ക ബിന്ദുക്കളെൻ സുന്ദര സ്വപ്നമുടച്ചൂ .
അമ്പിളിപ്പെൺകൊടി അഞ്ചനം ചാലിച്ചൊരമ്പരം താനേ വെളുക്കേ
മഞ്ഞിൽ ചിരിക്കുന്ന പൂവിന്റെ തുമ്പത്ത്
പൊന്നുമ്മയേകുന്നു വണ്ടായ്…
ജീവൽപ്രപഞ്ചത്തിന്നാഴത്തിലാശകൾ വാരി വിതറുന്നുണ്ടാർദ്രം
പൊന്നശോകത്തിന്റെ തുഞ്ചത്തുയിർക്കുന്നു കുഞ്ഞിക്കിളിയുടെ പാട്ടും
പൂമരം പെയ്യുന്ന നാട്ടു വഴികളിൽ
തൂകിത്തുളുമ്പിയ നേരം
പൂവാലിപ്പശുവിന്റെ പാല് കറക്കുവാൻ
കാലത്തെഴുന്നള്ളും സൂര്യൻ
കാവിലെയോട്ടു മണികൾ കിലുങ്ങുന്നു
കാതിലിന്നുത്സവ മേളം
മോഹങ്ങൾ ചിന്നിച്ചിതറിയൊഴുകുന്ന കുന്തിപ്പുഴയുടെ താളം
മാനസ വീണയിൽ മോഹനം മീട്ടുന്ന മാർകഴിപ്പൂങ്കാറ്റു പോലെ.
മഞ്ഞൾ നീരാടുമ്പോൾ മന്ത്രം മറന്നൊരു മന്ദനാം തെയ്യം മനസ്സിൽ
നമ്മളൊരുക്കിയ പച്ചിലപ്പന്തലിൽ പാടുന്ന തോറ്റത്തിൻ വേഗം
ചെങ്കടൽ പോലെയലയടിച്ചീടവേ ചിന്തകൾ പഞ്ചാരി കൊട്ടും
അങ്ങനെ രാവിന്റെ മഞ്ജരി വള്ളിയിൽ കൊഞ്ചിക്കളിക്കും കവിത.
ഇന്ന് വെളുപ്പിന് ഞാൻ കണ്ട സ്വപ്നത്തിൽ
എന്തൊക്കെ മായകളാണോ
എന്നും നിനയ്ക്കാത്ത രമ്യതകളൊക്കെയും
എന്നിൽ നിറയുകയാണോ..
രചന
ദീപു. R. S ചടയമംഗലം
About The Author
No related posts.