ചന്ദ്രനിൽ താവളം നിർമിക്കാനൊരുങ്ങി ചൈന, ലക്ഷ്യമിടുന്നത് വൻ പദ്ധതികൾ

Facebook
Twitter
WhatsApp
Email

മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ബഹിരാകാശത്ത് രാജ്യാന്തര ചാന്ദ്ര ഗവേഷണ കേന്ദ്രം നിര്‍മിക്കുമെന്ന് ചൈന. 2050നുള്ളില്‍ മൂന്നു ഘട്ടങ്ങളായി പൂര്‍ത്തിയാവുന്ന ദീര്‍ഘകാല പദ്ധതിയുടെ വിശദമായ രൂപമാണ് ചൈനീസ് ചാന്ദ്ര ഗവേഷണ പദ്ധതിയുടെ ചീഫ് ഡിസൈനര്‍ വു വെയ്‌റന്‍ അവതരിപ്പിച്ചത്. ഏഴു വിക്ഷേപണങ്ങളിലൂടെ 2028ലാണ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാവുക. 2030 മുതല്‍ 2040 വരെ ആറ് ദൗത്യങ്ങള്‍ (ILRS1-5) കൂടി കഴിയുന്നതോടെ ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംഘട്ടവും പൂര്‍ത്തിയാവുമെന്നും ഹെഫെയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ വു വെയ്‌റന്‍ പറഞ്ഞു.

ചന്ദ്രനില്‍ നിന്നും ലഭ്യമായ ദീര്‍ഘകാല ഊര്‍ജ സ്രോതസ് തേടുകയാണ് ILRS ഒന്ന്, രണ്ട് ദൗത്യങ്ങള്‍ ചെയ്യുക. ഇതിനൊപ്പം സാംപിളുകള്‍ ശേഖരിക്കുന്നതിനായി റോബോട്ടുകളേയും ഈ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെത്തിക്കും. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനായി റഡാറുകള്‍ സ്ഥാപിക്കുക ILRS മൂന്ന് ദൗത്യത്തിലായിരിക്കും. ആദ്യ രണ്ടു ദൗത്യങ്ങള്‍ ശേഖരിച്ച ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ ഭൂമിയിലേക്കെത്തിക്കുന്നതും മൂന്നാം ദൗത്യമായിരിക്കും.

വിവിധ ശാസ്ത്ര മേഖലകളിലെ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ചന്ദ്രനില്‍ ആണവോര്‍ജ നിലയങ്ങള്‍ ILRS നാല് ദൗത്യത്തിനിടെ സ്ഥാപിക്കും. വിപുലമായ ജ്യോതിശാസ്ത്ര നിരീക്ഷണത്തിനു വേണ്ടിയുള്ള ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ അഞ്ചാം ദൗത്യത്തിലാണ് ഒരുക്കുക. ചന്ദ്രനില്‍ പര്യവേഷണത്തിനും ജ്യോതിശാസ്ത്ര നിരീക്ഷണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക വഴി ഭാവിയിലെ ചൊവ്വയിലേക്കും അതിനപ്പുറത്തുള്ള ഗ്രഹങ്ങളിലേക്കുമുള്ള ദൗത്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയും വു വെയ്‌റന്‍ പ്രകടിപ്പിച്ചു.

ബഹിരാകാശ ശക്തിയെന്ന നിലയിലുള്ള ചൈനയുടെ വളര്‍ച്ച മാത്രമല്ല മറ്റു ലോകരാജ്യങ്ങളുമായി ശാസ്ത്ര വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ പദ്ധതി വഴി യാഥാര്‍ഥ്യമാവുന്നതെന്നും വു പറഞ്ഞു. ILRS ദൗത്യം പ്രഖ്യാപിച്ച 2021 മുതല്‍ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ റഷ്യ, അര്‍ജന്റീന, പാക്കിസ്ഥാന്‍, യുഎഇ, ബ്രസീല്‍, ഏഷ്യ പസിഫിക് സ്‌പേസ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിനു പുറമേ പത്തു രാജ്യങ്ങളുമായി ബഹിരാകാശ പങ്കാളിത്ത സാധ്യതകള്‍ ചൈന സജീവമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (ILRSSCO) എന്ന രാജ്യാന്തര കൂട്ടായ്മ ഭാവി ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കായി രൂപീകരിക്കുകയും ചെയ്യും.

അടുത്തവര്‍ഷം നടക്കുന്ന ചാങ് ഇ6 ദൗത്യത്തിലാണ് ആദ്യമായി ചന്ദ്രന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ഭൂമിയിലെത്തിക്കുക. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളെ ഈ ദൗത്യത്തിനായി ചൈന ഉപയോഗിക്കുന്നുണ്ട്. ചന്ദ്രനിലെ കിടങ്ങുകളില്‍ മഞ്ഞുകട്ടകള്‍ ഉണ്ടോയെന്ന തിരച്ചില്‍ നടത്തുകയായിരിക്കും ചാങ് ഇ7 ദൗത്യത്തിന്റെ ലക്ഷ്യം. ചാങ് ഇ6, 7, 8 ദൗത്യങ്ങള്‍ക്കായി ചൈന ക്വികിയാവോ 2 സാറ്റലൈറ്റുകളുടെ വിക്ഷേപണവും അടുത്തവര്‍ഷമുണ്ടാവും. ഈ കൃത്രിമോപഗ്രഹങ്ങള്‍ ചന്ദ്രനെയായിരിക്കും വലംവയ്ക്കുക.

English Summary: China’s moon ambitions take shape with construction road map for research station

About The Author

Leave a Reply

Your email address will not be published. Required fields are marked *