ലോകമഹാകവി രവീന്ദ്രനാഥ ടാഗോർ -ശ്രീനിവാസ് ആർ ചിറയത്ത് മഠം

Facebook
Twitter
WhatsApp
Email

ഭാരതീയ സാഹിത്യത്തിന്റെ ഉത്ഭവം സൃഷ്ടിച്ച മഹാത്രയത്തിലെ പ്രകൃത്യാ അവതരിച്ച മഹാകവി കാളിദാസനുശേഷം, ആഗോളമായറിയപ്പെടുന്ന ഒരു ഭാരതീയ മഹാകവി, ശ്രീ രവീന്ദ്രനാഥ ടാഗോർ തന്നേയെന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാകാൻ തക്ക വിശ്വപ്രശസ്തി നേടിയ മറ്റൊരു മഹാകവി ഇതുവരെ, അദ്ദേഹത്തിനു ശേഷം, ആരുടെ അറിവിലും കാണുകയില്ല.

കാളിദാസനേയും രവീന്ദ്രനാഥ ടാഗോറിനേയും താരതമ്യപ്പെടുത്തുമ്പോൾ, വസ്തുനിഷ്ഠമായല്ലെങ്കിലും, അറിവിൽ വരുന്ന കാര്യങ്ങളിലൊന്ന്, കവിതാ, നാടകരചന ഇത്യാദി കാര്യങ്ങളിൽ മാത്രമല്ലാ, പക്ഷെ ചിത്ര രചനയിലും ടാഗോർ മഹത്വം നേടിയിട്ടുണ്ടെന്നതാണ്.

പല പ്രശസ്ത കലാകാരരുടേയും അഭിപ്രായമനുസരിച്ച്, ടാഗോർ കവിയല്ലാതെ, കേവലം ഒരു ചിത്ര രചയിതാവ് മാത്രമായിരുന്നെങ്കില്പോലും ഒരു മഹാനീയ ചിത്രകാരനെന്ന നിലയിൽ ഇന്നദ്ധേഹത്തിന് കവിത നൽകിയേടത്തോളംതന്നെ പ്രശസ്തി ഉണ്ടാകുമായിരുന്നുവെന്നതിൽ സംശയമില്ലാ!

പല കലാ-സാഹിത്യ വിമർശകരും ചൂണ്ടിക്കാണിക്കുന്നത്, “ഗീതാഞ്ജലി”യുടെ രചയിതാവെന്ന നിലയ്ക്കാണ് ലോകം മുഴുവനും ടാഗോർ അറിയപ്പെടുന്നതെങ്കിലും, “ഗീതാഞ്ജലി”യേക്കാൾ വളരേയധികം മേന്മയേറിയ കൃതികൾ അദ്ദേഹം രചിച്ചതായുണ്ടെന്ന വസ്തുതയേയാണ്!

ആകയാൽ, അദ്ദേഹം അർഹിക്കുന്ന ‘നോബൽ’ പുരസ്കാരം, വാസ്തവത്തിൽ “ഗീതാഞ്ജലി”ക്കല്ലെന്നും, ഇതര പല കൃതികളും ‘നോബലി’നായി വിശകലനം ചെയ്യപ്പെട്ടിരുന്നെങ്കിൽ ഒന്നല്ലാ, മൂന്നു ‘നോബലെ’ങ്കിലും ലഭിക്കുവാൻ അർഹനായിരിക്കുമെന്നും, പ്രശസ്ത, സാഹിത്യ വിമർശകർ പ്രസ്താവിച്ചിട്ടുണ്ട്.

രവീന്ദ്രനാഥ ടാഗോർ, കാളിദാസനേപ്പോലെ, നാടകരചനയിലും മഹനീയതയാർന്നു. പന്ത്രണ്ട് വിഖ്യാദ നോവലുകളും അദ്ദേഹമെഴുതി പ്രസിദ്ധീകരിച്ചവയായുണ്ട്.

ആയിരത്തിനാനൂറില്പരം കവിതകളെഴുതി. രണ്ടായിരത്തി ഇരുന്നൂറ് ഗാനങ്ങളും. “റൊബീന്ദ്ര സംഗീതം” വളരേ പ്രസിദ്ധമാണല്ലോ.

“ചൗരംഗീ ലൈൻ” ഇത്യാദി കൃതികൾ സുപ്രസിദ്ധ ചലച്ചിത്രകാരൻ സത്യജിത് റേ സിനിമയാക്കിയത് ഓർക്കുക.

ചെറുകഥാ പ്രസ്ഥാനത്തിന്റെ പിതൃത്വം വഹിക്കുന്ന രവീന്ദ്രനാഥ ടാഗോർ, കുട്ടികൾക്കായി ഒരുപാട് കൃതികൾ എഴുതിയിട്ടുണ്ട്.

അദ്ധേഹമെഴുതിയ ലേഖനങ്ങൾ ഒട്ടാകെ ഒരായിരത്തില്പരം താളുകൾ വരും.

ടാഗോർ വരച്ച ചിത്രങ്ങൾ അമൂല്യം എന്നുതന്നെ വിശേഷിപ്പിക്കാം.

“ഗീതാഞ്ജലി”ക്ക് 1913ൽ കരഗതമായ നോബൽ സമ്മാനപ്പതക്കം കുറേക്കാലം മുമ്പ് കളവു പോയതും ഒരു സംഭവമായി.

ഇന്ന് ആ മെഡലിന്റെ അഭാവത്തിൽ കൃത്രിമമായ ഒന്നാണ് പ്രദർശിപ്പിച്ചിരിക്കുന്നത്!

ടാഗോർ, അങ്ങിനെ ഒരു ശതകവും അഞ്ച് ദശകങ്ങളും പിന്നിട്ടിരിക്കുന്നു.

വിശ്വപ്രശസ്തിയിലേക്ക് ഒരു ‘കേക് വാക്കൊ’ന്നുമായിരുന്നില്ല, ടാഗോറിന്റേത്!

ബംഗാളിൽ അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും കുശുംബരും കുനിഷ്ടരുമായ നിരവധി ചെറുകിട എഴുത്തുകാരുണ്ടായിരുന്ന വസ്തുത പ്രസ്താവ്യമാണ്.

1913ൽ ‘നോബൽ പ്രൈസ്’ കിട്ടിയതിനുശേഷം അദ്ദേഹം നേടിയ അനിതരസാധാരണ ലോകസാഹിത്യപ്രശസ്തിയേപ്പോലും വിലമതിക്കാതെ, അതിനടുത്ത നാല് ദശകങ്ങളിലേറേക്കാലം നടന്ന കുപ്രചരണം, സാഹിത്യകന്മഷർ അദ്ദേഹത്തെ
വിലയിടിച്ച് കാണിക്കാൻ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്നതിന് ദൃഷ്ടാന്തമാണ്.

ഉദാഹരണത്തിന്, ‘റൊബീന്ദ്ര ബിരോധി’ സംഘടനകളും മറ്റു വൈയക്തിക സാഹിത്യ വിരോധികളും!

1941ൽ കാലയവനികയ്ക്കകത്ത് മറഞ്ഞതിനുശേഷവും ഈ കുപ്രചാരണം അദ്ദേഹത്തിന്റെ അത്യന്തപ്രശസ്തിയെ വെല്ലു വിളിച്ചുപോന്നു!

ടാഗോറിനേക്കാളേറെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുവാചകരായ അഭ്യുദയകാംക്ഷികളേപ്പോലും ഇവർ വാഗ്വാക്രമിച്ചിരുന്നു!

കുപ്രചാരകരിൽ, ഇന്ന് ജീവിച്ചിരിപ്പുള്ള, ഒരു വ്യക്തി പറയുന്നു:

“റൊബീന്ദ്ര ബിരോധികൾ’ പരസ്യമായി അദ്ദേഹത്തെ, നിശിതമായിപ്പോലും, വിമർശിച്ചിരുന്നുവെങ്കിലും, തങ്ങളുടെ ഗൃഹാന്തരീക്ഷത്തിൽ, കൂട്ടുകാരുമൊത്ത് രഹസ്യമായി, ‘റൊബീന്ദ്ര സംഗീതം’ ധാരാളമായി, സരസാവഹം, പാടാറുണ്ടായിരുന്നു!

ഇപ്പോൾ, അദ്ധേഹത്തേ അനുസ്മരിക്കുമ്പോൾ, പശ്ചാത്തപിക്കുന്നു”, എന്നും പ്രസ്തുത വിമർശകൻ, സഖേദം, പ്രസ്താവിച്ചു!

ഭാരതമെന്ന മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന്റെ “ജനഗണമന”യെന്നു തുടങ്ങുന്ന ദേശീയ ഗാനം മാത്രമല്ലാ, ടാഗോർ രചിച്ചതായി വിരാജിക്കുന്നത്.

രാഷ്ട്ര വിഭജനത്തിൽ കിഴക്കൻ ഭാഗമായിരുന്ന പൂർവ്വ പാക്കിസ്ഥാൻ (പൂർവ്വ ബംഗാൾ) 1971ൽ സ്വതന്ത്രമായിപ്പിരിഞ്ഞ്, “ബംഗ്ലാദേശ്” എന്ന രാഷ്ട്രം ഉരുത്തിരിഞ്ഞപ്പോൾ, തദ്ദേശ രാഷ്ട്രപിതാ, ബംഗബന്ധു മുജീബുർ റഹ്മാൻ, തലസ്ഥാനമായ ഡാക്കയിൽ ഭൂജാതനായ ‘റൊബീന്ദ്ര ബന്ധു’വിന്റെ ഒരു രചനയാണ് പുതിയ ദേശീയ ഗാനമായി അംഗീകരിച്ചത്!

ഈ നൂറ്റമ്പതാം ജയന്തി സമാരോഹണ വർഷത്തിൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ രവീന്ദ്രനാഥ ടാഗോർ എന്ന ഭാരതാംബയുടെ ഈ ഒരത്യുത്തമ സംസ്ക്കാരവർദ്ധക പുത്രന് അനുയോജ്യമാംവണ്ണമാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മൻമോഹൻസിങ് തന്നെ നേരിട്ട് ഈ സംരംഭത്തിൽ മേൽക്കോയ്മ വഹിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നു. സർക്കാരുകൾ പല വലിയ പദ്ധതികൾക്കും ടാഗോറിന്റെ നാമകരണം ചെയ്തുകൊണ്ടിരിക്കുന്നു.

രവീന്ദ്ര ജയന്തി മഹോത്സവത്തിൽ സർക്കാരുകൾ മാത്രമല്ലാ, നിരവധി ഇതര സംഘടനകളും പങ്കുചേരുന്നുണ്ട്.

സർവോപരി, ഐക്യരാഷ്ട്ര സംഘടനപോലും ഇതിൽ ഭാഗഭാക്കാകുന്നുണ്ടെന്ന വസ്തുത തെളിയിക്കുന്നത്, രവീന്ദ്രനാഥ ടാഗോറിന്റെ അന്താരാഷ്ട്രീയ പ്രാഗത്ഭ്യത്തെത്തന്നേയാണ്.

പങ്കെടുക്കുന്ന സംഘടനകളിൽ, സാഹിത്യ-സംഗീത-നാടക-ലളിതകലാ അക്കാഡമികൾ, അത്യന്തം, സജീവമാണെന്നത് തികച്ചും സ്വാഭാവികം മാത്രം; എന്തെന്നാൽ, ടാഗോർ ഒരു പരിപൂർണ്ണ സർവകലാവല്ലഭനായിരുന്നല്ലോ!

നൂറ്റമ്പതാം ജന്മവാർഷിക പരിപാടികളിൽ ബംഗ്ലാദേശും, സ്വാഭാവികമായും, തിരുതകൃതിയായി പങ്കുവഹിക്കുന്നുണ്ട്.

ടാഗോറിന്റെ പല കൃതികളും പാശ്ചാത്യ ഭാഷകളിലും, സ്വദേശ ഭാഷകളിലും തർജമ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും നിരവധിയെണ്ണം ഭാഷാന്തരപ്പെടുത്തുവാനായുണ്ട്; ഈ കാര്യം മുന്നിൽക്കണ്ടുകൊണ്ടാണ്, കേന്ദ്ര സാഹിത്യ അക്കാഡമി, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ നാല്പത് പ്രഗത്ഭ പ്രതിഭാശാലികളെ ‘ശാന്തിനികേതനി’ലേക്ക് ക്ഷണിച്ചിട്ടുള്ളത്.

ആധുനിക ബംഗാളി ഭാഷയുടെ വളർച്ചയ്ക്ക് അസ്തിവാരമിട്ട് വളർത്തിയെടുത്തത് രവീന്ദ്രനാഥ ടാഗോർ ആണെന്ന വസ്തുത, ഏതു ബംഗാളിയും അംഗീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ടാഗോറിന്റെ ജീവിതത്തിൽ സഫലീകൃതമായ വലിയൊരു ആശയായി സംജാതമായ സ്ഥാപനമാണ് ‘ശാന്തിനികേതൻ’ എന്ന സർവകലാശാല. അവിടെ പുരാതന ‘ഗുരുകുല’ സമ്പ്രദായമാണ് നിലവിലുള്ളത്!

ധാരാളം വൃക്ഷങ്ങളുള്ള ആ മഹാ കലാലയത്തിൽ, വിദ്യാർത്ഥികൾ വൃക്ഷഛായയിൽ വിദ്യയഭ്യസിക്കുന്നു.

എളിയ നിലയിലാണ് ‘ശാന്തിനികേതൻ’ ആരംഭിച്ചതെങ്കിലും, ടാഗോർ അതിനെ താലോലിച്ച് വളർത്തുകയും അതൊരു മഹാവിദ്യാലയമായി പരിണമിക്കുകയും, ഇന്ദിരാഗാന്ധി, ജ്യോതിബസു തുടങ്ങിയ വിശ്വമഹാ രാഷ്ട്രീയ നേതാക്കൾ പോലും അതിൽ വിദ്യയഭ്യസിച്ചതായും ചരിത്രം പറയുന്നു.

ജവഹർലാൽ നെഹ്റു പോലും ഇടയ്ക്കിടെ ശാന്തിനികേതൻ സൻദർശിക്കാറുണ്ടായിരുന്നതും പ്രസിദ്ധം തന്നെ.

ഭാരതീയ സംസ്ക്കാരത്തിന്റെ ജീവൻ കാത്തു സൂക്ഷിക്കുന്ന, അത്യന്തം അപൂർവ സ്ഥാപനങ്ങളിൽ, അഗ്രഗണ്യമായവയിലൊന്നാണ് ‘ശാന്തിനികേതൻ’ എന്ന് സ്പഷ്ടം.

ഒരു കണക്കിൽ പറയുകയാണെങ്കിൽ നമ്മുടെ ഉള്ളൂരും വള്ളത്തോളും ജി.യും പി.യും, ഇതര ഭാരതീയ മഹാകവികളിൽ ചിലരുമെങ്കിലും ടാഗോറിനെ പിന്തുടർന്നിരിക്കാം!

പക്ഷേ, എന്തുകൊണ്ടായില്ലാ?

കാരണം, ബംഗാളി ഭാഷ, പണ്ടുതൊട്ടു തന്നെ (വെള്ളക്കാരുടെ കാലം), ഭാരതത്തിന്റെ ഒരത്യുജ്വല ഭാഷയായി വളർന്നിരുന്നുവെന്നു മാത്രമല്ലാ, ആദ്യമാദ്യം പാശ്ചാത്യ ദേശങ്ങളുമായി സജീവസമ്പർക്കം പുലർത്തിയിരുന്ന ഭാരതീയ വീരപുരുഷരിൽ ബംഗാളികൾ അദ്വിതീയരായിരുന്നുവെന്ന വസ്തുതയുമാണ്; ഉദാഹരണത്തിന്, രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, ജഗദീശ്ചന്ദ്ര ബോസ്, ബങ്കിംചന്ദ്ര ചാറ്റർജീ, സത്യജിത് റേ എന്നിത്യാദി മഹോദയരുടെ വൈദേശിക സമ്പർക്കം.

ഇതര പ്രവിശ്യകളിലെ ജനതയേക്കാൾ കൂടുതലായി, ഭാരതീയ വൈഭവം പാശ്ചാത്യർക്ക് ബോദ്ധ്യമാകുന്നതിൽ ബംഗാളികൾ, പുരാതന കാലം തൊട്ടേ, കാരണഭൂതരായി!

ടാഗോറിന്റെ നവയുവകാല പ്രേമകഥകളേക്കുറിച്ച് അറിയുകിൽ, അദ്ദേഹം ഇന്നത്തെ പ്രണയികൾക്ക് ഒട്ടും പിന്നിലായിരുന്നില്ലായെന്ന് മനസ്സിലാകും!

റാണു മുഖർജിക്ക് കേവലം പതിനൊന്നു വയസ്സുമാത്രം ഉണ്ടായിരുന്നപ്പോളൊരിക്കെ രവീന്ദ്രനാഥ് അവരെ നഗ്നരൂപത്തിൽ ദർശിച്ചത് വലിയ ഒച്ചപ്പാടിനും കിംവദന്തികൾക്കും വഴിയൊരുക്കി!

ഈ സംഭവം, റാണുവിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതായുണ്ട്!

ടാഗോറിന്റെ പുരാതന തറവാടായ “ജൊരാസൻകോ” ഈ സന്ദർഭത്തിൽ, പുതുപുത്തനെന്നപോലായിക്കൊണ്ടിരിക്കുന്നു; ആ മഹാദേഹം, 1941ൽ, പല:സഹസ്രം അനുവാചകരടങ്ങുന്ന ജനതയുടെ അകമ്പടിയോടെ, അന്ത്യ യാത്രചെയ്ത്, ചിതയിൽ ജ്വലിച്ച് പ്രകൃതിയിൽ ലയിച്ച ‘നിമിതല’ സ്മശാനവും പുനരുദ്ധരിക്കപ്പെടുന്നു!

അന്ത്യ യാത്രയ്ക്കിടെ, അമൂല്യമെന്നപോൽ, പലരും അദ്ദേഹത്തിന്റെ താടിയിൽനിന്നും മുടി പറിച്ചെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നതും ചരിത്രമാണ്!

അത്രത്തോളം മഹത്വമാണ്, ആ വിശ്വമഹാകവിക്ക് ജനത അരുളിയിരുന്നത്!

About The Author

Leave a Reply

Your email address will not be published. Required fields are marked *