ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു.ഒന്നിനും ഒരു ഉർജ്ജസ്വലത ഇല്ലായ്മ, തന്റെടക്കുറവ്,മറവി അങ്ങനെ പലതും.അപ്പോഴാണ് അടുത്ത പട്ടണത്തിലെ ഒരു സ്കൂളിൽ അങ്ങനെയൊരു ക്യാമ്പ് നടക്കുന്നതായി അറിഞ്ഞത്. പിന്നെ താമസിച്ചില്ല ഫോൺ വിളിച്ച് സംഗതി ഉറപ്പിച്ചു.ക്ലാസ്സ് അല്ലേ ഒരു ബുക്കും പേനയും കണ്ണാടിയും കരുതണമല്ലോ.
ഒരു വാനിറ്റി ബാഗ് റെഡിയാക്കി എല്ലാം എടുത്തു വച്ചു .ഡ്രൈവറെ വിളിച്ച് സമയം പറഞ്ഞുറപ്പിച്ചു.
കാർ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നു. വലിയ സ്കൂളും കോമ്പൗണ്ടും. സംഭവം ഏതു ക്ലാസ്സ് റൂമിൽ? അതോ ഹാളിലൊ? ഏതായാലും ഓഫീസ് എന്ന ബോർഡ് കണ്ട് കാർ അങ്ങാട്ട് വിടാൻ പറഞ്ഞു.ഡ്രൈവർ കാർ നിർത്തി.മുടിയൊതുക്കി ബാഗിൽ നിന്ന് കണ്ണാടി എടുത്തു വച്ച് ഡോർ തുറക്കാനാഞ്ഞപ്പോഴേക്ക് ആരോ പുറത്തു നിന്ന് തുറന്നു തന്നു.ക്യാമ്പിന്റ പേരുള്ള കിന്നരി വച്ച ബാഡ്ജ് കുത്തിയ രണ്ടു ചെറുപ്പക്കാർ.
‘വരു മാഡം കറക്റ്റ് ടൈമിംഗ് ആണല്ലോ ‘
നല്ല സ്വീകരണം.നല്ല അപ്റീ സിയേഷനും. ഇതു തന്നെ ഒരു മോട്ടിവേഷൻ അല്ലേ? ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വരുന്നവർക്ക് ഈ തരത്തിൽ ആണെങ്കിൽ ക്ലാസ്സ് എടുക്കുന്നവർക്ക് ഏതു തരത്തിലായിരിക്കും സ്വീകരണം? കാർ പറഞ്ഞയച്ചു. ടൗണിൽ നടത്തേണ്ട പല കാര്യങ്ങളുടെയും ലിസ്റ്റ് കൊടുത്തിട്ടുണ്ട്.രണ്ടോ മൂന്നൊ സ്റ്റെപ്പ് നടന്ന് ഒരു മുറിയിലേക്ക് കയറ്റി അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുത്തി.വി ഐ പി എന്നു തോന്നിക്കുന്ന ഒരാൾ കടന്നുവന്ന് ഉപചാരവാക്കുകൾ മൊഴിഞ്ഞു, കുശലം ചോദിച്ചു.പുറകെ ചായയും പലഹാരവും എത്തി. ഒരുമിച്ചിരുന്നാണ് ചായ കുടിച്ചത്. പലതിനെപ്പറ്റി ചോദിച്ചു,വീടും വീട്ടു കാര്യങ്ങളും അന്വേഷിച്ചു,പലതും സംസാരിച്ചു. ആളയക്കുമ്പോൾ എത്തിയാൽ മതി എന്നു പറഞ്ഞ് പുറത്തേക്കു പോകുകയും ചെയ്തു.ക്യാമ്പിന്റ നടത്തിപ്പുകാർ ആരെങ്കിലുമായിരിക്കും .
അരമണിക്കൂർ കഴിഞ്ഞു കാണും ബാഡ്ജ് ധരിച്ച രണ്ടു പേരെത്തി. ആദ്യത്തെ ആൾക്കാരല്ല എന്നു മനസ്സിലായി . “വരൂ മാഡം “വളരെ ഭാവ്യതാപൂർവ്വം അവർ ക്ഷണിച്ചു. “അടുത്ത ബിൽഡിങ്ങിലാണ് വണ്ടി എടുക്കണോ മാം “
“അത്ര ദൂരമുണ്ടോ “
“ഇല്ല മാമിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്നു പറഞ്ഞേൽപ്പിച്ചിട്ടുണ്ട് “
“എങ്കിൽ സാരമില്ല നടക്കാം, സ്കൂളും ഒന്നു നടന്നു കാണുന്നത് നല്ലതാണ്.”
രണ്ടു കെട്ടിടങ്ങൾ പിന്നിട്ട്
ചെന്നു നിന്നത് ഒരു വലിയ ഹാളിന്റെ മുന്നിലാണ്.മൂന്ന് ആർച്ച് വാതിലുകൾ കണ്ടു. ആദ്യത്തേതിൽക്കൂടി അകത്തേക്ക് കയറാൻ കാൽ മുന്നോട്ടു വച്ചു. അപ്പോൾ കേൾക്കാം. ‘അതിലെ അല്ല മാം ‘
വീണ്ടും രണ്ടാമത്തെ വാതിലിൽ ഒന്നു പകച്ചു നിന്നു. അപ്പോഴും പറയുന്നു
‘അടുത്തതിൽ ആണ് മാം ‘
പിന്നെ കടന്നു ചെന്നത് ഒരു സ്റ്റേജിലേക്കാണ്. അതിൽ ഒരു മേശയും രണ്ടു മൂന്നു കസേരകളും.രണ്ടു പേർ കൈ പിടിച്ചു കുലുക്കി നടുവിലെ കസേരയിൽ ആസനസ്ഥയാക്കി. ഒരാൾ തന്റെ അടുത്ത സീറ്റിൽ ഇരുന്നു. മറ്റേയാൾ
പോഡിയത്തിനടുത്തേക്ക് നീങ്ങി
ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വന്നവരെ അഭിസംബോധന ചെയ്ത് സ്വാഗതം പറഞ്ഞു തുടങ്ങി .തന്നെ പുരസ്കരിച്ചു രണ്ടു മൂന്നു വാചകങ്ങൾ പറഞ്ഞ് തന്നെയും സ്വാഗതം ചെയ്തു. പിന്നെ ആ ആൾ തന്റെ അടുത്തേക്ക് വന്ന് അടുത്തു കിടന്ന കസേരയിൽ ഉപവിഷ്ടനായി . ഇതെന്താണ് സംഭവിക്കുന്നതെന്നറിയാതെ
താൻ മറ്റേ ആളെ നോക്കി. അപ്പോൾ ആ ആൾ പറഞ്ഞു.
‘മാഡം അങ്ങോട്ടു നോക്കു ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വന്നവരെ കണ്ടോ?ഏറിയാൽ അൻപതു വയസ്സ്. അതിൽ കൂടിയ ആരെങ്കിലും ഉണ്ടോ അപ്പോൾ മാം അവരോടൊപ്പം ഇരുന്ന് ക്ലാസ്സ് അറ്റൻഡ് ചെയ്യണോ അതോ മാമിന്റെ ഇത്രയും പ്രായത്തി നിടയിലെ അനുഭവങ്ങൾ പങ്കു വച്ച് അവരെ ഒരു മണിക്കൂർ ഓക്യൂപ്പയ്ഡ് ആക്കുന്നോ ഏതാണ് നല്ലത്?’
ആൾ ശരിക്കും തന്നെ ഒരു കെണിയിൽ അകപ്പെടുത്തുകയായിരുന്നു.
‘ഞങ്ങൾക്ക് തീർച്ചയായും അതൊരനുഗ്രഹമായിരിക്കും മാം.
ക്ഷണിച്ച ആൾക്ക് ഇന്ന് വരാൻ ഒക്കില്ലെന്ന് ഇന്നാണറിയിച്ചത് ‘
അതു രണ്ടാമത് വന്നിരുന്ന ആളുടെ അപ്പോളജി ആയിരുന്നു.
ഇനി എന്തു ചെയ്യും താൻ? മുന്നിൽ ഒട്ടും ചെറുതല്ലാത്ത ഒരു സദസ്സ്. ഇരുവശത്തും ഒരു വിഷമസന്ധിയിൽ പെട്ടുപോയ രണ്ടു പേർ.വീണിടത്തു കിടന്നുരുളുക തന്നെ.
സമസ്ത ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് എഴുനേറ്റ് മൈക്കിനടുത്തേക്ക്
നീങ്ങി. ചുറ്റും ഒന്നു കണ്ണോടിച്ചു. എല്ലാവരും മക്കളുടെയോ മരുമക്കളുടെയോ പ്രായമുള്ളവർ ചുരുക്കം ചിലർ കൊച്ചു മക്കളുടെയും.അത് ചിലപ്പോൾ അവരിൽ ആരുടെയെങ്കിലും മക്കളായിരിക്കും.എന്തായാലും അഭിമുഖീകരിക്ക തന്നെ.
‘പാടാൻ അറിയാവുന്ന ആരെങ്കിലും ഒരു പാട്ടു പാടു. തുടക്കം നന്നാവട്ടെ.’
ആഹ്വാനം ചെയ്തെങ്കിലും അതായിരുന്നില്ല മനസ്സിൽ, പറയാനുള്ളത് ഉള്ളിൽ ഒന്ന് ഓർഡറിൽ ആക്കണമല്ലോ.
ആരോ പാടിത്തുടങ്ങി :-
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ
പിരിയുമ്പോൾ കരയുന്നോ പുഴ….
പാട്ടു നിർത്തിയപ്പോൾ താൻ കരഘോഷം മുഴക്കി.നിറഞ്ഞ സദസ്സ് അത് അനുകരിച്ചു. പാടിയ സ്ത്രീ കൈ കൂപ്പി സീറ്റിൽ ഇരുന്നു അവളുടെ മുഖം മ്ലാനമായിരുന്നു.
തനിക്കവൾ മകളുടെ പ്രായമേ വരൂ.അവളുടെ മുഖം മ്ലാനമായതെന്തേ?സ്വന്തം കുടുംബത്തെക്കുറിച്ചോർത്തു ഭർത്താവ്,മക്കൾ മരുമക്കൾ, കൊച്ചുമക്കൾ അവരുടെ രീതികൾ, ദിനചര്യകൾ ടീൻ ഏജിൽ കുട്ടികൾ കാട്ടിയ, സ്വയം കാട്ടിയ ധാർഷ്ട്യങ്ങൾ അങ്ങനെ പലതും. മകളെ കെട്ടിച്ചു പറഞ്ഞയച്ചതും രണ്ടാമൻ കെട്ടിയപ്പോൾ മൂത്തവൻ വീടു വിട്ടു മാറിയതും തന്നെ ഒറ്റപ്പെടുത്തി ഭർത്താവ് കാല യവനികക്കുള്ളിൽ മറഞ്ഞതും ഒക്കെ.ഇതിൽ ഏതായിരിക്കും?.
പിന്നെ ഒട്ടും ശങ്കിച്ചില്ല.
പാടിയ പാട്ടിനെക്കുറിച്ചും പാടിയ ആളിന്റെ മാനസിക വ്യാപാരങ്ങൾ ഏതു രീതിയിൽ ആണെന്നും അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു ക്ലാസ്സിൽ പങ്കെടുക്കാൻ ഫീസടച്ചു് കടന്നു വന്നതും അത്തരം ഒരു പാട്ട് പാടാൻ തോന്നിയതെന്നും സന്തോഷമുള്ള മനസ്സിൽ നിന്നു സന്തോഷിപ്പിക്കുന്ന ഗാനങ്ങൾ മാത്രമേ പുറപ്പെട്ട് വരൂ എന്നും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പല കാര്യങ്ങൾ ഒളിച്ചും തെളിച്ചും പറഞ്ഞത് സദസ്സിന് ഇഷ്ടപ്പെട്ടുവെന്ന് ഇടയ്ക്കു കേട്ട കയ്യടികൾ
സൂചിപ്പിച്ചു.
പഠിത്തം പൂർത്തിയാ ക്കാനാവാതെ, ആഗ്രഹിച്ച ജോലിക്ക് പോകാനാകാതെ,
കഴുത്തു നീട്ടിക്കൊടുക്കേണ്ടി വന്ന ഹതഭാഗ്യ. മധുവിധു യാത്രകളോ,മറ്റു ആനന്ദദായകമായ എന്തെങ്കിലുമൊ നേടാനാകാതെ എന്തിന്, സ്വന്തമായി ചില്ലിക്കാശ് ചെലവാക്കാൻ കയ്യിലില്ലാതെ എല്ലാം ഉള്ളിലൊതുക്കി കടന്നു പോന്ന ദിനരാത്രങ്ങൾ. എല്ലാം മനസ്സിൽ ഉൾക്കൊണ്ട് ഇനിയുള്ള തലമുറക്ക്,ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അതൊക്കെ അന്യമാകരുത് എന്നു കരുതിത്തന്നെ കുടുംബഭദ്രതക്ക് അനിവാര്യമാണ് ഇടക്കിടയ്ക്കു വീടിനു പുറത്തുപോയി ഒരു ദിവസം ഭക്ഷണം കഴിക്കുന്നതോ, ബീച്ചിലോ കാഴ്ചബംഗ്ലാവിലോ സമയം ചിലവഴിക്കുന്നതോ, കുട്ടികളുമൊത്ത് ഒരു സിനിമ കാണുന്നതോ,ഉല്ലാസയാത്ര പോകുന്നതോ എന്നൊക്കെ വാ തോരാതെ നടത്തിയ പ്രഭാഷണം. ഇടക്കിടക്ക് താൻ വാച്ചിൽ നോക്കുന്നതു ശ്രദ്ധിച്ചിട്ടാവണം ‘സ്റ്റേജിലിരുന്ന ആൾ പറഞ്ഞു കുഴപ്പമില്ല ആവശ്യമുള്ള സമയം എടുത്തോളൂ. ലഞ്ച് വരെ സമയമുണ്ട് ‘
‘അതേ മാഡം ഇഷ്ടം പോലെ സമയമുണ്ട് ഞങ്ങൾക്ക് കേൾക്കാൻ ഇന്ററസ്‌റ്റും.’
സദസിൽ നിന്നാരോ പിൻതാങ്ങുകയും ചെയ്തു .
അങ്ങനെ ഒരു മണിക്കൂർ എന്നു പറഞ്ഞത് രണ്ടു മണിക്കൂറായി. കൈ കൂപ്പി സംഘാടകർക്കും ക്ഷമയോടെ കേട്ടിരുന്ന സദ സ്സിനും നന്ദി പറഞ്ഞ് സീറ്റിൽ ഇരുന്നപ്പോൾ ഉയർന്ന കരഘോഷങ്ങളുടെ മുന്നിൽ താൻ തന്റെ മറവി മറന്നു,
ഊർജസ്വലത ഇല്ലായ്മ മറന്നു,തന്റേടക്കുറവ് മറന്നു.പഴയ യൗവ്വനം തിരിച്ചു കിട്ടിയപോലെ. അടുത്തിരുന്ന ആൾ എഴുന്നേറ്റ് തന്റെ വാചകക്കസർത്തിനെ വാനോളം പുകഴ്ത്തി നന്ദി പറഞ്ഞത് താൻ കേട്ടതേയില്ല .
ഒപ്പമിരുന്നു ബിരിയാണിയും കഴിപ്പിച്ച് കടന്നു വന്ന കാറിൽ കയറ്റുമ്പോൾ കവറുമായി ഒരു കൈ നീണ്ടു വന്നു. വേണ്ട എന്നു തിരസ്കരിച്ചെങ്കിലും ‘ഇതു ഞങ്ങളുടെ ഒരു സന്തോഷത്തിനു മാത്രമല്ല, മാം ഇത്ര ദൂരം പെട്രോൾ കത്തിച്ച് ഒരു ഡ്രൈവറേയും വച്ച് കടന്നു വന്നതല്ലേ? അതും പോരാഞ്ഞിട്ട് ഞങ്ങളെ ഒരു വലിയ പ്രതിസന്ധിയിൽ നിന്നു കരകയറ്റിയില്ലേ?അതിനുള്ള നന്ദി പ്രകാശനം കൂടിയാണ് എന്നു കൂട്ടിക്കോളു.’അതിന്റെ മുന്നിൽ താൻ വീണുപോയി. കവർ വാങ്ങി കൈ കുപ്പുമ്പോൾ സെൽഫി എടുക്കാനും ഫോൺ നമ്പർ വാങ്ങാനും ചുറ്റും കൂടിയവരും
കൂപ്പുകയ്യുമായി നിൽക്കുന്നതു കണ്ട് മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു.
ഇന്നു താൻ പേരെടുത്ത ഒരു മോട്ടിവേറ്റർ ആണ്. ദിവസവും ഫോണിൽ വിളി വരുന്നു. തിരിച്ചു പോരുമ്പോൾ കൈ നിറയെ പണവും .













