പിന്നോട്ട് ചലിക്കാത്ത സൂചികൾ- Dr. മായ ഗോപിനാഥ്

Facebook
Twitter
WhatsApp
Email
☘️പാർക്കിംഗ് ലോട്ടിൽ വച്ചു
നന്ദയെ കണ്ടത് വളരെ യാദൃശ്ചികമായാണ്.
ഏകദേശം രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു പരസ്പരം കണ്ടിട്ട്.
‘അർജുൻ വാട്ട്‌ എ സർപ്രൈസ് ‘
പണ്ടത്തെ അതെ പ്രസരിപ്പോടെ നന്ദ പറഞ്ഞു.
അവൾക്ക് ഒരു മാറ്റവുമില്ല.
ഗ്ലോസി ലിപ്സ്റ്റിക്കും ഇളം നീല നിറം ലെൻസ്‌ വച്ച കണ്ണിന് ഡാർക്ക്‌ ഐ മേക്കപ്പും കാതിന് താങ്ങാൻ വയ്യാത്ത കമ്മലും എല്ലാം പഴയ പോലെ തന്നെ.
 ഷോപ്പിംഗ് മാൾ ഒന്നാകെ കവറുകളിൽ ഒതുങ്ങി നിന്ന പോലെ അവളുടെ കൈ നിറയെ കവറുകൾ…
ഇയാളുടെ ഷോപ്പിംഗ് ത്രില്ലൊക്കെ പണ്ടേ പോലെ തന്നെ അല്ലേ?
ഓഫ്‌കോഴ്സ് അർജുൻ.
ഐ ആം ഓൾ ദി സെയിം…
ഹൌ എബൌട്ട്‌ എ കോഫി?
നന്ദ കവറുകൾ ഒക്കെ കാറിൽ വച്ച ശേഷം അർജുനൊപ്പം കോഫീ കോർണറിലേക്ക് നടന്നു.
ഒപ്പം ചേർന്ന് നടക്കുമ്പോൾ ഏതോ കാട്ടു പൂക്കളുടെ വന്യമായ സുഗന്ധം അവളെ പൊതിഞ്ഞ് നിൽക്കുന്ന പോലെ..
ഏതാ ഇന്നത്തെ ക്ലാസ്സിക് ഫ്രാഗ്രൻസ്? അർജുൻ ചോദിച്ചു
സാറയുടെ മിഡിൽ നോട്ട് ആണ്
ജറെനിയം…
നിനക്ക് പറയാമോ പ്രൈസ്?
ഒരു ടെൻ തൗസൻഡ് എബൌവ് ല്ലേ…അർജുൻ ഊഹിച്ചു പറഞ്ഞു
അതെ സ്മാർട്ട്‌ ബോയ്.
പണ്ടും അവൾക്കു പെർഫ്യൂം എന്നാൽ ഭ്രാന്താണ്….
ഒരു മാസത്തെ ശമ്പളം അപ്പാടെ അവൾ ഒരു കുപ്പി പെർഫ്യൂം വാങ്ങാൻ ചിലവിടും.
ഒരിക്കൽ കിലിയൻ മൂൺലൈറ്റ് എന്ന ഒരു പെർഫ്യൂം വാങ്ങാൻ വേണ്ടി അവളുടെ ഒരു സ്വർണ്ണ വള തന്നെ വിറ്റ കഥ അയാളോർത്തു..
ആ പെർഫ്യൂം തേച്ചു കണ്ണടച്ച് കൈനീട്ടി രാത്രി ആകാശം നോക്കി നിന്നാൽ ഉയർന്നു പറന്നു ചന്ദ്രനെ തൊടുന്ന പോലെ തോന്നുമത്രേ.
എന്തിലും ഏതിലും നമ്മൾ തൊട്ടാൽ അവിടെ നമ്മുടെ സിഗനേച്ചർ പതിഞ്ഞു കിടക്കണം. അതാ എന്റെ പോളിസി എന്ന സ്ഥിരം ഡയലോഗിന്റെ അകമ്പടിയോടെ ആവും എല്ലാറ്റിനും ന്യായീകരണം കണ്ടെത്തൽ.
ചെറിയ വട്ട മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നപ്പോഴാണ് കണ്ടത് അവളുടെ റിസ്റ് വാച്ചിന് താഴെ ഒരു പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു .
തന്റെ നോട്ടത്തെ അവഗണിക്കാൻ എന്ന വണ്ണം എസ്‌കേലേറ്ററിലൂടെ താഴോട്ടും മുകളിലോട്ടും പോകുന്നവരിലേക്ക് അവൾ ശ്രദ്ധ തിരിച്ചുകൊണ്ട് ഒരു വെറും മൂളലിൽ മറുപടി ഒതുക്കാവുന്ന ആ ചോദ്യം ചോദിച്ചു
“നിനക്ക് സുഖമല്ലേ അർജുൻ?”
അർജുൻ മറുപടി പറയാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
നിനക്കോ നന്ദ?
സുഖത്തെ കുറിച്ചുള്ള എന്റെ ഡെഫിനിഷൻ തന്നെ മാറിപ്പോയി അർജുൻ..
നിനക്കിപ്പോഴും എന്നോട് വെറുപ്പുണ്ടോ?
അത് ചോദിച്ചപ്പോൾ അവളുടെ നീല കണ്ണുകളിൽ ഒരു നിമിഷം ആ പഴയ നന്ദ മിന്നി മാഞ്ഞ പോലെ…
നോ നെവർ എന്ന് പറഞ്ഞെങ്കിലും വെറുപ്പും ദേഷ്യവും കുറേ നാൾ നെഞ്ചിൽ നുരഞ്ഞു പതഞ്ഞത് ഓർമ്മ വന്നു.
കാലം പോകെ കുറേശെ പെയ്തൊഴിഞ്ഞെങ്കിലും കരിമേഘങ്ങൾ ഇപ്പോഴും ഉള്ളിൽ ഉറഞ്ഞു കിടപ്പുണ്ട്..
 തന്റെ രണ്ട് കൈകളും കൂട്ടി ചേർത്തു പിടിച്ചു പെട്ടെന്നാണവൾ പറഞ്ഞത്..
‘അർജുൻ ഐ ആം റിയലി സോറി ഫോർ ഹെർട്ടിങ് യു.’
‘സാരമില്ല അതൊക്കെ പഴയ കാര്യങ്ങളല്ലേ..
നിന്റെ ഫാഷൻ ഡിസൈനിങ് എങ്ങനെ പോകുന്നു?
അർജുൻ വിഷയത്തിൽ നിന്ന് തെന്നി മാറാൻ ഒരു ശ്രമം നടത്തി.
പക്ഷെ നന്ദ അതിന് തയാറാല്ലായിരുന്നു.
‘നിന്റെ ആ വാടക വീടിന്റെ മുറ്റത്തെ ചെമ്പകം ഇപ്പോഴും അവിടെയുണ്ടോ?’ അതിലിപ്പോഴും പൂക്കളുണ്ടോ?
ങും.. അർജുൻ വെറുതെ മൂളി.
മറക്കാൻ ശ്രമിക്കുന്നതൊക്കെ വീണ്ടും പുറത്തേക്കു വലിച്ചിടാൻ അയാൾ ഒരുക്കമല്ലായിരുന്നു.
നന്ദ നിന്റെ
പുതിയ ട്രെൻഡി ഡിസൈൻസിനെ കുറിച്ച് പറയു..
‘അർജുൻ നിനക്ക് വിരോധമില്ലെങ്കിൽ എന്നെ ആ വീട് വരെ ഒരിക്കൽ കൂടി കൊണ്ട് പോകുമോ?’
“അതൊക്കെ ക്ലോസ്ഡ് ചാപ്റ്റേഴ്സ് അല്ലേ നന്ദ.”
അർജുൻ ആ സംഭാഷണം തുടരാൻ ഒട്ടും ആഗ്രഹിച്ചില്ല.
അയാൾക്ക്‌ മുന്നിൽ ഒച്ചയോടെ വലിച്ചടക്കപ്പെട്ട വാതിലും പൊട്ടിച്ചിതറിയ ഫോട്ടോഗ്രാഫുകളും ശാപ
വചനങ്ങളും കലപില കൂട്ടി.
“എന്താ നിന്റെ കയ്യിൽ ഈ മുറിവ്.. “അർജുൻ അവളുടെ കൈതണ്ട തൊട്ടു ചോദിച്ചു.
“അത് ശരത്തിനോടുള്ള വാശിക്ക് ഞാൻ ഒരു സൂയിസൈഡ് അറ്റെംപ്റ്റ് ചെയ്തതാ… മൂന്നാലു ദിവസം ഹോസ്പിറ്റലിൽ കിടന്നു…..
അവിടുന്നിറങ്ങി നേരെ വന്നത് ഷോപ്പിംഗിനാണ്..
“ഒരാവശ്യവും ഇല്ലെങ്കിലും വെറുതെ എന്തെങ്കിലുമൊക്കെ വാങ്ങി കൂട്ടിയാൽ ഒരു സംതൃപ്തി… അത്രേ ഉള്ളു..”
“നിനക്കിപ്പോഴും എല്ലാം കുട്ടിക്കളി ആണോ നന്ദ?”.
മുൻപ് എത്രയോ തവണയെന്ന പോലെ അയാൾ അവളുടെ തുടുത്ത വിരലുകൾ ഓരോന്നായി ഓമനിച്ചു.. പിന്നെ മെല്ലെ പറഞ്ഞു.
“കുറച്ചൊക്കെ ക്ഷമ വേണം…. വെറുതെ എടുത്ത് ചാടി ശരത്തിനെ കൂടെ ഇല്ലാതാക്കരുത്…”
പെട്ടെന്ന് തേങ്ങി കരഞ്ഞു കൊണ്ട് അവൾ അർജുന്റെ കൈകളിൽ മുഖമമർത്തിയപ്പോൾ അയാൾക്കും സങ്കടം അടക്കാനായില്ല ..
താൻ പ്രണയിച്ചവൾ.. തനിക്കൊപ്പം ഒന്നര കൊല്ലം ജീവിച്ചവൾ. തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചവൾ. ഒടുവിൽ പ്രസവിക്കാൻ ഇഷ്ടമല്ലെന്ന് പറഞ്ഞ് ആ ഗർഭം നശിപ്പിച്ചവൾ.. പിന്നീട്
ഓരോ നിസ്സാര കാരണങ്ങൾക്കും വഴക്കുണ്ടാക്കി തന്റെ സ്വസ്ഥത കളഞ്ഞവൾ
ഒടുവിൽ എല്ലാം തട്ടിത്തെറിപ്പിച്ചു ഇറങ്ങിപോയെങ്കിലും തന്റെ നെഞ്ചിൽ നിന്ന് ഇറങ്ങി പോവാത്തവൾ…..
നന്ദ… തന്റെ ഭാര്യ…
അയാൾക്ക്‌ വേദന തോന്നി
“അർജുൻ കാലം പിന്നോട്ട് പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു….”
അപ്പോഴും അയാളവളുടെ വിരലുകൾ തലോടികൊണ്ടേയിരുന്നു..
നമുക്കു ചുറ്റിലും ധാരാളം പേരുണ്ട്.. മോശമല്ലേ.. കരയാതിരിക്കൂ..
 സമാധാനമായിരിക്കൂ..
എല്ലാം ശെരിയാവും…
അയാളവളെ ആശ്വസിപ്പിക്കാൻ പലതും പറഞ്ഞു…
നന്ദയ്ക്ക് പ്രിയപ്പെട്ട സിഗനേച്ചർ ഹോട്ട് ചോക്ലേറ്റ് മുന്നിലേക്ക്‌ നീക്കി വച്ച് അർജുൻ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു.
അയാളുടെ ഉള്ളിലെ ദേഷ്യമൊക്കെ അലിഞ്ഞു പോയിരുന്നു.
“നന്ദ ഞാൻ മൂന്നാലു മാസം മുന്നെ സാൻസിബാർ വരെ ഒരു യാത്ര പോയിരുന്നു. അവിടെ ഒരു ദ്വീപുണ്ട്. പെമ്പ. സാധാരണക്കാരായ ധാരാളം മത്സ്യത്തൊഴിലാളികളുടെ ഇടം.
ലളിത ജീവിതം നയിക്കുന്നവർ..
അക്ഷരം കൂട്ടിവായിക്കാനല്ലാതെ മറ്റൊന്നും അറിയാത്തവർ..
പ്രകൃതിയെ നാളേക്ക് വേണ്ടി പരിരക്ഷിക്കുന്നവർ.
അവർ ഓരോരുത്തരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
ക്വാണിനി…ക്വാണിനി എന്നാണത്…
അതായത് ഞാൻ എന്തിന് വേണ്ടി ഇത് ചെയ്യുന്നു..?
ആർക്കു വേണ്ടി…
എന്ത്‌ കർമ്മം ചെയ്താലും തനിക്കു ചുറ്റിലും ഉള്ള മറ്റൊന്നിനേയും വേദനിപ്പിക്കാതെ ചെയ്യണം എന്നതാണ് അവരുടെ രീതി.
 മറ്റൊരാൾക്ക്‌ അതുകൊണ്ടൊരു ഗുണം ഉണ്ടാവുകയും വേണം..
അപ്പോഴാണ് ജീവിതം സാർത്ഥകമാവുക….
ആ ദ്വീപ് നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചും മത്സ്യങ്ങൾക്ക് മുട്ടയിടാൻ ചെറു തടാകങ്ങൾ കെട്ടിയുണ്ടാക്കിയും കൂട്ടംകൂടി വലിയ പാത്രങ്ങളിൽ ഭക്ഷണം വിളമ്പിയും സന്ധ്യകളിൽ കടൽതീരത്തിരുന്നു വെറുതെ സ്വപ്നം കണ്ടും അവർ സുഖം തിരിച്ചറിയുന്നു…
എത്ര മനോഹരമായ ജീവിതമെന്നോ…….
നീ പണ്ട് പറയാറില്ലേ ആകാശം തൊടാൻ തോന്നുമെന്ന്….
അങ്ങനെ കണ്ണൊന്നടച്ചാൽ ആകാശം തൊടനാവും വിധം ഉള്ളു നിറയെ സന്തോഷിക്കുന്നവർ……
വെരി ഇന്റെറേസ്റ്റിങ്… നന്ദ പറഞ്ഞു…
അർജുൻ ഐ വിഷ്….
അവൾ അത് പൂർത്തിയാക്കിയില്ല….
രണ്ടാളും പരസ്പരം വെറുതെ നോക്കിയിരുന്നു…
 ജീവിതത്തിന്റെ പുതിയ മുഖങ്ങളിൽ പുത്തൻ ഉണർവോടെ അവർ അവരവരെ തേടി…..
പിന്നെ അവരവരുടെ ആകാശനീലത്തിലേക്കു സ്വപ്നങ്ങളെ പറക്കാൻ വിട്ടു…
Dr മായാ ഗോപിനാഥ് 

About The Author

One thought on “പിന്നോട്ട് ചലിക്കാത്ത സൂചികൾ- Dr. മായ ഗോപിനാഥ്”

Leave a Reply

Your email address will not be published. Required fields are marked *