വിയർപ്പുതുള്ളികൾ പൊടിയുന്ന തുടിപ്പുവറ്റിയ മേൽച്ചുണ്ടും കവിളുകളും സാരിത്തുമ്പുകൊണ്ട് അമർത്തി തുടച്ച്,മാർക്കറ്റിൽ വില കുറച്ചു പച്ചക്കറികൾ വിൽക്കുന്ന സ്ഥലത്തേക്ക് ഉമ ധൃതിയിൽ നടന്നു. ചീഞ്ഞ പച്ചക്കറികളുടെ
മനം മടുപ്പിക്കുന്ന ഗന്ധം.
കാലത്തുതന്നെ പണികൾതീർത്ത് പച്ചക്കറിച്ചന്തയിലേക്ക് നടക്കുമ്പോൾ ഒന്ന് കണ്ണാടി നോക്കാനുംകൂടി കഴിഞ്ഞിട്ടില്ല.
അടുത്തുകണ്ട ഒരു ടൂവീലറിന്റെ കണ്ണാടിയിൽ അവൾ സ്വന്തംമുഖം ഒരു മിന്നായംപോലെ കണ്ടു.
പ്രായം കുറച്ചധികം തോന്നിക്കുന്നോ.
പെട്ടന്ന് അവളിൽ ഒരു മ്ലാനത .
മൊത്ത വ്യാപാരക്കാരന്റെ കടയിൽനിന്ന് പച്ചക്കറികൾ വാങ്ങിയാൽ നല്ല ലാഭം ഉണ്ട്. തിരഞ്ഞെടുത്താൽ മോശമല്ലാത്തത് കിട്ടുകയും ചെയ്യും. ഇവിടെനിന്നും കായ്കറികൾ വാങ്ങരുതന്ന് പ്രതാപേട്ടൻ വിലക്കിയിട്ടുണ്ടെങ്കിലും ഒറ്റവരുമാനത്തിൽ തീർക്കേണ്ടുന്ന ചിലവുകൾ ഓർക്കുമ്പോൾ താനെ കാലുകൾ ഇങ്ങോട്ടേക്കു ചലിക്കും.കടകളിലേക്ക് കൊണ്ടുപോയിട്ടു ബാക്കിവരുന്ന പച്ചക്കറികളാണ് ഇവിടെ കിട്ടുക. തിരഞ്ഞെടുത്തതിന് ശേഷമുള്ളവ. എങ്കിലും നോക്കിയെടുത്താൽ നല്ലതുതന്നെ ലഭിക്കും. പച്ചക്കറി വാങ്ങി തിരികെ നടക്കുമ്പോൾ
കരിക്കു വിൽക്കുന്ന ഹാജിയാർ പുഞ്ചിരിയോടെ നോക്കി. വരണ്ട ചുണ്ടുകൾ നാവുകൊണ്ട് നനച്ച് ഹാജിയരുടെ പ്രലോഭനത്തെ അവഗണിച്ചു നടക്കുമ്പോൾ കരിക്ക് കുടിച്ചു കൊണ്ടിരുന്ന ഒരു സുന്ദരിയായ സ്ത്രീ തനിക്കുനേരെ നടന്നുവരുന്നു.
ആധുനിക രീതിയിലുള്ള വസ്ത്രധാരണവും അടുത്ത് നിർത്തിയിട്ട വിലപിടിപ്പുള്ള കാറും.അടുത്തെത്തി “ഉമയല്ലേ” എന്ന ചോദ്യത്തിന് “അതേ” എന്ന് മറുപടി കൊടുത്ത് ജിജ്ഞാസയോടെ ചോദ്യക്കാരിയെ ഉറ്റുനോക്കി.
വിസ്മയവും ആകാംഷയും മുഖത്ത് പ്രതിഫലിച്ചു.
എവിടെയോ കണ്ടുമറന്ന മുഖം. “എന്റെമോളേ നീയെന്നെ മറന്നോ”. ഓടിവന്നു കെട്ടിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.അവളുടെ വിലപിടിപ്പുള്ള പെർഫ്യൂമിന്റെ മണം ഉമയുടെ മോടിയില്ലാത്ത വസ്ത്രത്തിൽ പുരണ്ടു. “ഞാൻ ഷർലി വർഗീസ്. ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ചവർ.”
കെട്ടിപ്പിടുത്തത്തിന്റെ ശക്തി കൂടി. “അയ്യോ ഷർലി നിന്നെ കണ്ടിട്ട് മനസ്സിലായില്ലല്ലോ. നീ എത്ര മാറി.”
“ഇതെന്തു കോലം ഉമാ “
ദാഹിച്ചിരുന്ന അവളുടെ കയ്യിൽ ഒരു കരിക്ക് കൊടുത്ത് ഷർലി അവളോട് ഒരു നൂറു ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
ആർത്തിയോടെ കരിക്ക് കുടിച്ച് അവൾ ഷർലിയോട് ചോദിച്ചു “നീ ഇപ്പോൾ എവിടെയാണ് മോളേ?”
“ബാംഗ്ലൂരിൽ ഒരു അഡ്വർടൈസിങ് കമ്പനി യിൽ ആണ്.”
“നീ എന്ത് ചെയ്യുന്നു ഉമ?”
“ഞാൻ വീട്ടു കാര്യങ്ങൾ നോക്കി കഴിയുന്നെടി പെണ്ണെ.” “ജോലിക്കൊന്നും പോയില്ല.
വീട് ഇവിടെ അടുത്താണ് കയറിയിട്ട് പോകാം.”
ഉമ ക്ഷണിച്ചു.
“എന്തായാലും നിന്റെ വീട്ടിൽ വന്നിട്ടു തന്നെ കാര്യം.” ചലപില സംസാരിച്ചുകൊണ്ട് ഷർലി ഉമയെ കാറിൽ പിടിച്ചുകയറ്റി.
“ഉമാ നിന്റെ പഴയ സുന്ദരമായ മുഖം എവിടെ?
“ഇന്നു നീ വാടിയ പൂവ്പോലെ.” “നിന്നെ തിരിച്ചറിയാൻ പാടുപെട്ടു”. “താടിയിലെ ഈ മറുകാണ് നിന്നെ എനിക്ക് കാണിച്ചു തന്നത്.”
വീട്ടുപടിക്കൽ കാർനിർത്തി ഷർളിയെ കൂട്ടി ഉമ അകത്തേക്ക് കയറി.
അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കസേരകൾ. “നീ ഇരിക്കൂ. ഞാൻ ഇപ്പോൾ വരാം.”
“നിന്റെ കാര്യം വളരെ പരിതാപ കരമാണല്ലോ ഉമ”
” ഏയ്,അങ്ങനെയൊന്നുമില്ല എന്റെ അടുത്ത് അമൂല്യങ്ങളായ നാലു രത്നങ്ങൾ ഉണ്ട്. നിനക്കു കാണേണ്ടേ.”
അകത്തേക്ക് പോയ ഉമ മടങ്ങിവന്നത് ഭംഗിയുള്ള നാലു കുട്ടികളുമായാണ്.
“ഇതാണ് എന്റെ രത്നങ്ങൾ.”
“മക്കളെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ഈ ആന്റി.” ഉമ കൂട്ടുകാരിയെ മക്കൾക്ക് പരിചയപ്പെടുത്തി.
“അടുത്തേക്ക് വരൂ”
ഷർലി അവരെ അടുത്തോട്ടു ചേർത്തു നിർത്തി. “ഇവർ നാലുപേരും നിന്റെ കുട്ടികളോ?”
” അതേ മോളേ.”
അവൾ പൊട്ടി ചിരിച്ചു. “ഈ ജീവിതം എനിക്ക് വളരെ സംതൃപ്തി തരുന്നു.”
“ആട്ടെ നിനക്ക് എത്ര കുട്ടികൾ?”
നിറഞ്ഞ കണ്ണുകൾ മറച്ച് പിടിച്ചു കുനിഞ്ഞ മുഖത്തോടെ ഷർലി പറഞ്ഞു. “എനിക്ക് കുട്ടികൾ ഇല്ല.
നീയാണ് ഭാഗ്യവതി. ഇതാണ് യഥാർത്ഥ രത്നങ്ങൾ.
നീ പറഞ്ഞത് ശരിയാണ് ഉമ.”
കുട്ടികളെ മാറിമാറി ചുംബിച്ചു. പോകാനൊരുങ്ങുമ്പോൾ പേഴ്‌സ് തുറന്നു കുറച്ചു പണം കുട്ടികളുടെ കയ്യിൽ വെച്ചു. ഇതു വേണ്ട ഷർലി. കുട്ടികൾക്ക് ഇങ്ങനെ ഒരു ശീലം ഉണ്ടാക്കിയിട്ടില്ല ഇതുവരെ . തിരിച്ചു അവളുടെ ബാഗിൽതന്നെ പണം വെച്ചുകൊടുത്തു ഉമ.കൈ ഉയർത്തി വീശി. തിരിച്ചു ഷർലിയും. അവളുടെ ഉത്സാഹം ആറിതണുത്തതുപോലെ . തിരിച്ചു വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അവൾ സ്വയം മന്ത്രിച്ചു. അതേ ഞാനാണ് അവളെക്കാൾ സമ്പന്ന. എന്റെ കയ്യിലുള്ളത് വിലമതിക്കാത്ത രത്നങ്ങൾ.
കുട്ടികൾ കുറച്ചു വലുതായിട്ട് നല്ല ഒരു ജോലി തിരഞ്ഞെടുക്കണം.
ഇനിയും സമയമുണ്ടല്ലോ.
ആദ്യം ഈ രത്നങ്ങളെ ഉരച്ചു മിനുക്കി തിളക്കമുള്ളതാക്കട്ടെ. തിളച്ച വെള്ളത്തിൽ അരി കഴുകിയിടുമ്പോൾ അകാരണമായ ആത്മസംതൃപ്തി അവളെ പൊതിഞ്ഞു.
About The Author
No related posts.