ഒറിയോ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയാണ്.യജമാനൻ വളരെ ഓമനിച്ചാണ് അവനെ വളർത്തുന്നത്..രാവിലെ ഗേറ്റിനടുത്തു ചെന്ന്
പത്രമെടുത്തു കൊണ്ടുവരുന്നത് അവന്റെ ജോലിയായിരുന്നു.യജമാനന്റെ കുട്ടിയെ സ്കൂൾബസ്സിൽ സുരക്ഷിതമായി കയറ്റി വിടുന്നതും
വൈകുന്നേരം കാത്ത് നിന്ന് തിരികെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ട് വരുന്നതും ഒറിയോ ആയിരുന്നു.വീട്ടുകാർ കൊടുക്കുന്ന ഭക്ഷണം സന്തോഷപൂർവ്വം കഴിച്ച് വരാന്തയിൽ കാവൽ കിടക്കും. ആവശ്യമില്ലാതെ കുരച്ച് ബഹളവും
ഉണ്ടാക്കുകയില്ല.
ഇതൊന്നും അടുത്ത വീട്ടിലെ വളർത്തുനായ ടോമിക്ക് ഇഷ്ടപ്പെട്ടില്ല. ഒറിയോയ്ക്കു
ലഭിക്കുന്ന സൗകര്യങ്ങളൊന്നും അവന് ലഭിക്കുന്നുണ്ടായിരുന്നില്ല.രാ ത്രി മുഴുവനും വെറുതെ കുരച്ച് ബഹളമുണ്ടാക്കുന്നത് അവന്റെ പതിവായിരുന്നു.വീട്ടുകാർ ഉണർന്ന് വന്ന് നല്ല അടി
കൊടുക്കുമ്പോൾ വീണ്ടും വെറുതെ മോങ്ങുംതരം കിട്ടുമ്പോഴൊക്കെ മതിലിന്റെ അടുത്ത് ചെന്ന് ഒറിയോയോട് വഴക്കുണ്ടാക്കുവാൻ ശ്രമിക്കും.ഒറിയോ അതൊന്നും ശ്രദ്ധിക്കാനേ പോകാറില്ല.
അങ്ങനെയിരിക്കെ ഒറിയോയ്ക്ക് ഒരു അപകടം പറ്റി.യജമാനന്റെ കുട്ടിയെ സ്കൂൾ ബസ്സിൽ
കയറ്റി വിട്ട് മടങ്ങി വരുന്ന വഴി ഒരു സ്കൂട്ടറിന്റെ
മുന്നിൽ അവൻ അകപ്പെട്ടു. പരിക്ക് പറ്റിയ ഒറിയോയ്ക്കു പിന്നീട് കാൽ വലിച്ച് ഏന്തി മാത്രമേ
നടക്കുവാൻ സാധിച്ചിരുന്നുള്ളൂ.ടോമിക്ക് അത് കണ്ട് വലിയ സന്തോഷമായി. അവൻ മതിൽ ചാടിക്കടന്ന് ഒറിയോയുടെ അരികിലെത്തി.
“നിനക്കിനി നടക്കുവാനേ കഴിയുമെന്ന് തോന്നുന്നില്ല.കുറച്ചു കഴിയുമ്പോൾ യജമാനൻ ദൂരെ വഴിയിലെവിടെയെങ്കിലും കൊണ്ടു പോയി ഉപേക്ഷിക്കും.ഭക്ഷണം പോലും കിട്ടാതെ നീയവിടെ
കിടന്ന് ചത്തു പോകും”.ടോമിയുടെ ക്രൂരമായ വാക്കുകൾ കേട്ട് പാവം ഒറിയോ പൊട്ടിക്കരഞ്ഞ് പോയി.
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഒറിയോയുടെ യജമാനൻ
പുറത്തേക്ക് വന്നു.
“സങ്കടത്തിൽ കഴിയുന്നവരെ വീണ്ടും വിഷമിപ്പിക്കുന്നോടാ “.അദ്ദേഹം ടോമിയെ ഓടിച്ചു വിട്ടു .യജമാനൻ ഒറിയോയെ എടുത്ത് മടിയിൽ വച്ചു.
“മറ്റുള്ളവരെ പരിഹസിക്കുന്നത് വിവരമില്ലാത്തവരാണ്. ആപത്തിൽ പെട്ട് മനസ്സ്
തകർന്നിരിക്കുന്നവരെ വാക്കുകൾ കൊണ്ട് നോവിക്കുന്നവർ ദുഷ്ടന്മാരാണ്. ബുദ്ധിയുള്ളവർ
ഇങ്ങനെയുള്ളവരെ ശ്രദ്ധിക്കുകയേ ചെയ്യാറില്ല..മരുന്ന് വച്ച് കെട്ടുന്നത് കൊണ്ട് നിന്റെ
കാൽ വേഗം സുഖപ്പെടും.മനസ്സിന്റെ ശക്‌തിയാണ്
എല്ലാത്തിലും പ്രധാനം.ആവശ്യമില്ലാത്തതൊന്നും
ശ്രദ്ധിക്കാതെ നന്നായി വിശ്രമിക്കണം. എല്ലാം വേഗം ഭേദമാകും”,യജമാനൻ അവനെ എടുത്ത് അവന്റെ മെത്തയിൽകിടത്തി.യജമാനന്റെ വാക്കുകൾ കേട്ടു ഒറിയോയ്ക്കും സമാധാനമായി.
About The Author
No related posts.
One thought on “പരിഹസിക്കുന്നത് നല്ല ശീലമല്ല – മിനി സുരേഷ്”
വളരെ നല്ല ഗുണപാഠം ഉള്ള കഥ കുട്ടികളോടൊപ്പം മുതിർന്നവർ കൂടി മനസ്സിലാക്കാൻ പറ്റിയ കഥ അഭിനന്ദനങ്ങൾ മിനി ചേച്ചി