1988 ൽ കൊല്ലത്ത് സുവർണരേഖ ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഇന്ത്യൻ പനോരമയും നടക്കുന്നു. ഫെസ്റ്റിവൽ ചെയർമാൻ കെ. രവീന്ദ്രനാഥൻ നായർ. വൈസ് ചെയർമാൻ കാക്കനാടൻ.
ഫിലിം സൊസൈറ്റി പ്രസിഡന്റ് സുവർണരേഖ രവി. ഞാൻ ഫെസ്റ്റിവൽ മാഗസിൻ എഡിറ്റർ.
രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസാണ് ഫെസ്റ്റിവൽ ഓഫീസ്. അവിടെ ഓട് മേഞ്ഞ കാസിനോ ലോഡ്ജും ഉണ്ട്. ഫെസ്റ്റിവൽ ഓഫീസിൽ, അതായത് രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസിൽ, രാവും പകലും ഇരുന്നാണ് ഞാൻ അനുദിന ബുള്ളറ്റിൻ തയ്യാറാക്കിയത്. കൂടാതെ മാഗസിൻ പണിയും. മാഗസിനു വേണ്ടി Pather Paanjali മലയാളം തിരക്കഥ ആവിഷ്ക്കാരവും എഴുതി. പിന്നീട് പുസ്തകമായി. ആ പുസ്തകം ഇന്ന് പതിമൂന്നാം പതിപ്പിലെത്തി. ഏറ്റവും കൂടുതൽ പതിപ്പുകൾ ഉള്ള മലയാള ചലച്ചിത്ര ഗ്രന്ഥം. എം. ജി. യൂണിവേഴ്സിറ്റിയിൽ എട്ടു വർഷം ബിരുദം പാഠപ്പുസ്തകവും. (ചിന്നക്കടയിലെ ഈ ഓഫിസ് പിന്നീട് ഹോട്ടൽ നാണിയായി. )
1979 മുതൽ ആരംഭിച്ച സുവർണരേഖ ഫിലിം സൊസൈറ്റിയുടെ രക്ഷകർത്താവും രവീന്ദ്രനാഥൻ നായർ ആയിരുന്നു. ഫിലിം സൊസൈറ്റിയെ മുന്നോട്ട് നയിക്കാൻ വലിയ പിന്തുണ നൽകി.
ആദരാഞ്ജലികൾ