മഹാബലിക്ക് സുസ്വാഗതം – ( Sreenivas R Chirayathmadom )

Facebook
Twitter
WhatsApp
Email

പൊന്നിൻ ചിങ്ങമാസം വന്നു,
പൊന്നോണം വന്നൂ പിറന്നു;
മന്നിൽ വന്നൊരാഹ്ലാദം തൻ
മതി മറന്നു!
(പൊന്നിൻ……)

കുന്നുകളും മലകളും,
മരതകപ്പട്ടുടുത്ത്,
പൊന്നുമഹാബലിക്കായെ-
ഴുന്നു നിൽക്കുന്നു!
(പൊന്നിൻ……)
(കുന്നുകളും….)

സ്വർണവർണം പൂശിമിന്നി-
ത്തിളങ്ങീടുമിടങ്ങളും;
വന്നരുളും മാവേലിക്കായ്
പൂക്കളമെങ്ങും!
(പൊന്നിൻ…..)
(സ്വർണവർണം……)

എങ്ങുമാനന്ദത്തിമർപ്പായ്,
എല്ലാരും വിന മറന്നു;
തങ്ങളിൻ പൊന്നെജമാന-
നെഴുന്നള്ളുന്നൂ!
(പൊന്നിൻ…..)
(എങ്ങുമാനന്ദ……)

എങ്ങും സമത്വവും സമൃ-
ദ്ധിയും കളിയാടീരുന്നോ-
രുന്നതമാം ഭരണം ന-
ടത്തിയ ദേവാ!
(പൊന്നിൻ……)
(എങ്ങും സമത്വവും….)

ഇങ്ങു പുനരാവിർഭവി-
ക്കേണമങ്ങിൻ കാലമഹൊ;
ഇന്നു ഞങ്ങൾ ഛിന്നഭിന്ന-
മെങ്ങും കലഹം!
(പൊന്നിൻ……)
(ഇങ്ങു പുന….)

പൊന്നുതേജസ്സിന്നുടമേ,
അങ്ങുതന്നാ സത്ചൈതന്യം
എങ്ങുമെന്നും തങ്ങിനിൽക്കു-
മാറാകേണമേ!
(പൊന്നിൻ ചിങ്ങ…….)
(പൊന്നും തേജ….)

വന്നരുളൂ മാവേലിത-
ന്നാശിസ്സുകൾ പ്രജകൾക്കു
തന്നരുളൂ, മാനവർതൻ
മഹാരാജാവേ!
(പൊന്നിൻ ചിങ്ങ…..)
(വന്നരുളൂ……..)

കണ്ണിനേപ്പോൽ കാത്തു പ്രജ
തന്നുടെ താത്പര്യം പിന്നെ
കണ്ണിലുണ്ണിയായ് ഭവിച്ച
കരുണാകരാ!
(പൊന്നിൻ ചിങ്ങ….)
(കണ്ണിനേ…..)

ഒന്നുതവ ജനതാപ-
രമ്പര കാണുമാറാക്കാ-
പൊന്നു തേജസ്സിൻപ്രഭാവം
തന്നാവിർഭാവം!
(പൊന്നിൻ ചിങ്ങ….)
(ഒന്നും തവ…..)

അമ്പരന്നീടാമങ്ങിന്നീ-
സുന്ദരമാം വേഷം കാൺകി-
ലമ്പോ, തമ്പുരാനെയിതു
കപടവേഷം!
(പൊന്നിൻ ചിങ്ങ…..)
(അമ്പരന്നീടാ……)

അന്തരംഗം തൻതകർച്ച
കണ്ടീടേണമെങ്കിലങ്ങിൻ
സന്ദർശനം തമ്പുരാന-
നന്തരമാക്കൂ!
(പൊന്നിൻ ചിങ്ങ….)
(അന്തരംഗം…..)

ഇന്നു സുഖിതർക്കു മേൽമേൽ
സുഹൃതമാം നാടെമ്പാടും;
എന്നാൽ നരകികൾക്കഹൊ,
നരകം മേൽമേൽ!
(പൊന്നിൻ ചിങ്ങ….)
(ഇന്നു സുഖിതർക്കു…)

അങ്ങൊരു സാധാരണ നാൾ
വന്നൊന്നൊന്നീ നാടു കാൺകിൽ;
തിങ്ങീടും ഹൃദയം വിങ്ങും
വിധം കദനം –

തന്നുടെ കഥാകഥനം
ഇങ്ങെങ്ങുമെന്നുടയാളേ,
തങ്ങീടൂം ദുരിതകഥാ-
കദനം കേൾക്കാം!
(പൊന്നിൻ ചിങ്ങ….)
(തന്നുടെ കഥാ…..)

എന്നാലുമങ്ങക്കായ് ഞങ്ങ-
ളൊരുക്കിയ വിരുന്നിതിൽ
വന്നാലും, ഭുജിച്ചാലു,മ-
നുഗ്രഹിച്ചാലും!
(പൊന്നിൻ ചിങ്ങ…..)
(എന്നാലും അങ്ങ്…..)

വള്ളംകളി കാണേണ്ടയോ,
വേമ്പനാട്ടു കായലിങ്കൽ;
ഉള്ളം കുളിർത്തീടും അഹാ
വമ്പനുത്സവം!
(പൊന്നിൻ ചിങ്ങ……)
(വള്ളംകളി……)

വെള്ളം കണ്ണുകളിലിന്നു,
തുള്ളിപോലും കാണൂകീല;
അല്ലലെല്ലാം മറന്നാരു-
മാഹ്ലാദിക്കുന്നൂ!
(പൊന്നിൻ ചിങ്ങ……)
(വെള്ളം കണ്ണു…….)

പൊന്നിൻ ചിങ്ങ മാസം വന്നു,
പൊന്നോണം വന്നൂ പിറന്നു;
മന്നിൽ വന്നോരാഹ്ലാദം തൻ മതിമറന്നൂ!
(പൊന്നിൻ ചിങ്ങ……)

Written- AUG 30-2022

About The Author

Leave a Reply

Your email address will not be published. Required fields are marked *