ചിലിയുടെ 9/11ന്‌ അരനൂറ്റാണ്ട്‌ – ( ദേശാഭിമാനി മുഖപ്രസംഗം )

Facebook
Twitter
WhatsApp
Email
Monday Sep 11, 2023
ആധുനിക ലാറ്റിനമേരിക്കയുടെ ചരിത്രത്തിൽ, ജനാധിപത്യത്തിന്റെ മുന്നേറ്റം തടയാൻ അമേരിക്ക നടപ്പാക്കിയ ഏറ്റവും കുടിലമായ അട്ടിമറിയും രാഷ്‌ട്രീയ കൊലപാതകവും അരങ്ങേറിയിട്ട്‌ ഇന്ന്‌  അരനൂറ്റാണ്ട്‌ തികയുന്നു. ചിലിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ്‌ പ്രസിഡന്റ്‌ ഡോ. സാൽവദോർ അലൻഡെയുടെ ഇടതുപക്ഷ സർക്കാരിനെ അമേരിക്കൻ പണവും പരിശീലനവും നേടിയ സൈനിക നേതൃത്വം അട്ടിമറിച്ചത്‌ 1973 സെപ്‌തംബർ പതിനൊന്നിനാണ്‌. ബൊളീവിയയിൽ ചെ ഗുവേര സിഐഎയുടെ കൂലിപ്പട്ടാളത്താൽ വധിക്കപ്പെട്ടതിനുശേഷം ലാറ്റിനമേരിക്കൻ വിപ്ലവപ്രസ്ഥാനത്തിനുണ്ടായ ഏറ്റവും കനത്ത നഷ്‌ടമായിരുന്നു അലൻഡെയുടെ മരണം. തങ്ങളുടെ അടുക്കളത്തോട്ടമായി കണക്കാക്കുന്ന തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ഇതോടെ ഇടതുപക്ഷത്തിന്റെ കഥകഴിക്കാമെന്നും തങ്ങളുടെ തോന്ന്യാസങ്ങൾ എതിർപ്പില്ലാതെ നടപ്പാക്കാമെന്നുമാണ്‌ അമേരിക്ക കരുതിയിരുന്നത്‌. എന്നാൽ, ലോകം അലൻഡെയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാംവാർഷികം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിലിയടക്കം ഭൂരിപക്ഷം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇടതുപക്ഷമാണ്‌ അധികാരത്തിൽ.
ജനകീയ ഡോക്ടർ എന്നനിലയിൽ സർവാദരണീയനായിരുന്നു അലൻഡെ. ധീരരക്തസാക്ഷിത്വം വരിക്കുന്നതിന്‌ മൂന്നു വർഷം മുമ്പാണ്‌ അമേരിക്കയുടെ എല്ലാ ഉപജാപങ്ങളെയും പരാജയപ്പെടുത്തി ചിലിയുടെ 28–-ാമത്‌ പ്രസിഡന്റായി അദ്ദേഹം അധികാരമേറ്റത്‌. 58ൽ ആദ്യമായി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾമുതൽ അലൻഡെ യാങ്കി സാമ്രാജ്യത്വത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. വെറും മൂന്നു ശതമാനം വോട്ടിനാണ്‌ അന്നദ്ദേഹം രണ്ടാമതായത്‌. അതിനാൽ 64ലെ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയം തടയാൻ അറുപത്തൊന്നിൽത്തന്നെ അമേരിക്കയിലെ കെന്നഡി ഭരണനേതൃത്വം സിഐഎയിലെയും വൈറ്റ്‌ഹൗസിലെയും ഉന്നതരടങ്ങുന്ന സമിതിയുണ്ടാക്കി കോടിക്കണക്കിന്‌ ഡോളർ ചെലവഴിച്ച്‌ അലൻഡെയ്‌ക്കും ഇടതുപക്ഷത്തിനുമെതിരെ നുണപ്രചാരണം ആരംഭിച്ചിരുന്നു. 64ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനാർഥികൾ ചെലവഴിച്ച പ്രതിശീർഷ തുകയേക്കാൾ അധികമായിരുന്നു ചിലിയിൽ അവർ ഒഴുക്കിയത്‌ എന്നാണ്‌ പിന്നീട്‌ പുറത്തുവന്നത്‌. സ്‌ത്രീകളെ ഭീതിയിലാക്കുന്ന തരത്തിൽ മതമേധാവികളെ കൂട്ടുപിടിച്ച്‌  നികൃഷ്ടമായ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണമാണ്‌ നടത്തിയത്‌. പുരുഷന്മാരുടെ വോട്ടിൽ ഭൂരിപക്ഷം അലൻഡെയ്‌ക്കായിരുന്നെങ്കിലും സ്‌ത്രീകളുടെ വോട്ടിൽ ബഹുഭൂരിപക്ഷവും നേടി വലതുപക്ഷ സ്ഥാനാർഥി വിജയിച്ചു. എന്നാൽ, ആറുവർഷംകൂടി കഴിഞ്ഞപ്പോൾ അമേരിക്കയുടെ എല്ലാ കുതന്ത്രങ്ങളും പൊളിച്ച്‌ അദ്ദേഹം വിജയിച്ചു. അപ്പോഴും അദ്ദേഹം അധികാരമേൽക്കുന്നതിനു മുമ്പ്‌ വധിക്കാൻ അമേരിക്ക പദ്ധതി ഇടാതിരുന്നില്ല. എന്നാൽ, അത്‌ പരാജയപ്പെടുകയായിരുന്നു. ലോകബാങ്ക്‌, ഇന്റർ അമേരിക്കൻ വികസനബാങ്ക്‌, യുഎസ്‌ എക്‌സ്‌പോർട്ട്‌–- ഇംപോർട്ട്‌ ബാങ്ക്‌ തുടങ്ങിയവയിൽനിന്ന്‌ ലഭിക്കേണ്ട വായ്‌പകൾ തടഞ്ഞ്‌ അലൻഡെ സർക്കാരിനെ അമേരിക്ക പരമാവധി ദ്രോഹിച്ചെങ്കിലും ജനപക്ഷ വികസനനയങ്ങൾ നടപ്പാക്കുന്നത്‌ തടയാനായില്ല. അദ്ദേഹം നടപ്പാക്കിയ ഭൂപരിഷ്‌കരണം, ദേശസാൽക്കരണം, വിദ്യാഭ്യാസ– -ആരോഗ്യ സേവനങ്ങൾ സാർവത്രികമാക്കൽ തുടങ്ങിയവ അമേരിക്കയ്‌ക്ക്‌ സഹിക്കാവുന്നതായിരുന്നില്ല. ജനിച്ച്‌ ആദ്യ എട്ടുമാസത്തിൽ വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാൽ ആറു ലക്ഷത്തിൽപ്പരം ചിലിയൻ കുട്ടികൾക്ക്‌ ബുദ്ധിവളർച്ചയില്ലെന്ന്‌ മനസ്സിലാക്കിയ അദ്ദേഹം സൗജന്യ പാൽവിതരണംപോലുള്ള പദ്ധതികൾ ആരംഭിച്ചത്‌ ഭൂരിപക്ഷം സ്‌ത്രീകളെയും അദ്ദേഹത്തിന്റെ ആരാധകരാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ്‌ കൂടുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഇടതുപക്ഷത്തേക്ക്‌ തിരിയുന്നതു തടയാൻ ചിലിയിൽ പട്ടാള അട്ടിമറി അമേരിക്ക ആസൂത്രണം ചെയ്‌തത്‌. പട്ടാള മേധാവിയായിരുന്ന റെനെ സ്‌നെയ്‌ഡർ ഇതിന്‌ കൂട്ടുനിൽക്കാതിരുന്നപ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കി ജനറൽ അഗസ്‌തോ പിനോഷെയെ ദൗത്യം ഏൽപ്പിച്ചു. പിനോഷെയുടെ ശിങ്കിടികൾ അലൻഡെയെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. ജനകീയ ഗായകൻ വിക്തർ യാറയെ പൊതുജനമധ്യത്തിൽ വച്ച്‌ പട്ടാളഭരണകൂടം നിഷ്ഠുരമായി വധിച്ചു. അർബുദബാധിതനായിരുന്ന വിശ്വമഹാകവി പാബ്ലോ നെരുദയുടെ മരണത്തിലും പിനോഷെയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ പിന്നീട്‌ വ്യക്തമായി. ഇരുപതിനായിരത്തിലധികം ഇടതുപക്ഷപ്രവർത്തകരാണ്‌ പട്ടാളവാഴ്‌ചയിൽ കൊല്ലപ്പെട്ടത്‌. അതിലെത്രയോ ഇരട്ടി ആളുകൾ തിരോധാനം ചെയ്‌തു.
എന്നാൽ, ഇതുകൊണ്ടൊന്നും ചിലിയിലും ലാറ്റിനമേരിക്കയിലാകെയും ഇടതുപക്ഷത്തെ തടയാൻ അമേരിക്കയ്‌ക്ക്‌ സാധിച്ചില്ല. അവിടത്തെ 19 രാജ്യത്തിൽ 12 എണ്ണത്തിൽ ഇപ്പോൾ ഇടതുപക്ഷമാണ്‌ ഭരിക്കുന്നത്‌. ഇവയിൽ പലതിലും നാലു പതിറ്റാണ്ടോളം മുമ്പുവരെ അമേരിക്ക വാഴിച്ച പട്ടാള ഭരണമായിരുന്നു. ലാറ്റിനമേരിക്കൻ ജനസംഖ്യയിൽ 92 ശതമാനവും ഇപ്പോൾ ഇടതുപക്ഷ ഭരണത്തിലാണ്‌ എന്നാണ്‌ പ്രസിദ്ധമായ ഇക്കണോമിസ്റ്റ്‌ വാരിക അടുത്തിടെ റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ മുന്നേറ്റത്തിൽ അലൻഡെയടക്കം അനശ്വര രക്തസാക്ഷികൾക്കും പങ്കുണ്ട്‌. അവരുടെ വീരസ്‌മരണയ്‌ക്ക്‌ ചുവപ്പൻ അഭിവാദനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *