നിത്യമൊരേ കുറ്റിക്കുചുറ്റും കറങ്ങി,
നീളം കുറഞ്ഞിടുന്നു പാശ ബന്ധത്തിൻ.
നിശ്വാസ വായുവിൻ താളം മുറിയുന്നു,
നീൾമിഴിയിതളിൽ നിറയുന്നു ദൈന്യം.
നിരവദ്യ മോഹനക്കാഴ്ചകൾ മങ്ങുന്നു,
നീളുന്നു നിറം കെട്ട ജീവിത നാൾവഴി.
നിറയുന്ന ഭഗ്നസങ്കല്പ കോലങ്ങൾ,
നൃത്തമാടുന്നു ചുറ്റും ഭീതിദമായി.
നിശ്ചലം നിൽക്കുന്നു ഘടികാര സൂചി
നീളമേറുന്നു നിഴലാം നിമിഷങ്ങൾക്ക്.
നെയ്തതാം സ്വപ്ന പട്ടാംബരമാകവേ,
നൂലിഴ പൊട്ടിപ്പറക്കുന്നു വാനിലായി.
നക്ഷത്രക്കണ്ണുകൾ ചിമ്മിയടയുന്നു
നാവുകൾ നീട്ടി മിഴിക്കുന്നു പച്ചപ്പിനായി .
നിനവുകളെല്ലാം കനവുകളായി.
നഷ്ടവസന്തവ്യഥകൾ കോമരമായിത്തുള്ളുന്നു.
നാട്ടുപച്ചത്തളിരാകവേ കരിഞ്ഞു ,
നാളെയിനിയെന്തെന്നാരാരറിഞ്ഞു
നാമം ജപിച്ചു കാക്കുന്നു ശിഷ്ടകാലം .
നാമം ജപിച്ച് നാമം ജപിച്ച് കാക്കുന്നു ശിഷ്ടകാലം