അടുത്തുള്ള പള്ളീന്ന് അസർബാങ്ക് കൊടുക്കുന്നു… ആ പെരേല്ളള പെണ്ണുങ്ങളപ്പാടെ തലേല് സാരീം തട്ടോം ഇടണ് കണ്ടപ്പളാണ് ഓക്ക് ബോധം വന്നത്…
ഇന്ന് ഉച്ചമുതല് താനും മുസ്ലീമായിക്കഴിഞ്ഞിരുന്നു.
വേഗം ചെന്ന് ഒരു ഷാളിനകത്ത് തല മറച്ചു.
താൻ ഈ വീട്ടിൽ എത്തിയപ്പോൾ ഏക ദൈവ വിശ്വാസിയായ അവർ ശഹാദത് കലിമ ചൊല്ലി…
അശ്അഹ്ദു ആൻ ലാഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്…
മിണ്ടാനാവാത്ത ഞാൻ മൂളിക്കൊണ്ട് ഏറ്റു.
ഒരു തുള്ളി കഅബ വെള്ളം തന്റെ നാവിലും തൊട്ടു.
അതൊരു ചെറിയ മഹല്ലാണ്..
വളരെ കുറച്ച് കുടുംബങ്ങൾ..
അന്നന്നാളത്തെ അന്നത്തിന് പണിയെടുക്കുന്നവർ.
ഇത് കുന്നിന് മുകളിലുള്ള ഒരു കൊച്ചു വീട്.. ഇവിടെ താമസിക്കുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബമാണ്.
നബി വചനങ്ങളും,
മത ചിട്ടകളും അനുസരിക്കുന്നവരാണ് ഇവിടത്തെ അംഗങ്ങൾ.
ഇതാണ് ഇനി തന്റെയും വീട്.
ഇവിടത്തെ മൂത്ത മകൾ ഖദീജാന്റെ മുഖം കാണാൻ എന്തൊരു അഴകാണ്…
സിന്ദൂരിയും ഇതുപോലെ തന്നെ സുന്ദരിയായിരുന്നല്ലോ…
പക്ഷെ ഖദീജയ്ക്ക് മറ്റെന്തോ പ്രത്യേകതയുണ്ട്.. അവൾ സൂക്ഷിച്ചു നോക്കി…
ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം കാര്യം മനസ്സിലായി…
സിന്ദൂരി എഴുതിയിരുന്ന പോലെയല്ല ഖദീജ കണ്ണും പുരികവും എഴുതുന്നത്…
കണ്ണിന് നീണ്ട വാലും, അതിലുപരി രണ്ടു പുരികവും തമ്മിൽ നെറ്റിയുടെ നടുക്ക് നേർപ്പിച്ച് കൂട്ടിമുട്ടിച്ചിട്ടുണ്ട്.
അതാണ് ഖദീജയെ കൂടുതൽ സുന്ദരിയാക്കുന്നത്.
ഖദീജയെ കുറച്ചു നേരം നോക്കി നിന്നു…
ഖദീജ അടുത്തുവന്നു ചോദിച്ചു.. എന്തേ നിനക്കും വേണോ….?
വെറുതെ ഒന്ന് മൂളി… ഉം.
ഖദീജ പുരികം വരച്ചു കൊടുത്തുകൊണ്ട് അനുജത്തി ആയിഷാനോട് ചോദിച്ചു.. അല്ലിബളെ… ഇബക്ക് ഇമ്മളൊരു പേരിടണ്ടെ…?
മേണം…
ഇന്നാ ഇഞ്ഞഞ്ഞെ പറ..
ഇമ്പക്ക് ലൈലാന്ന് വിളിച്ചാലാ…?
ലൈല…ഈ മൊഞ്ചത്തിക്ക് പറ്റിയ പേര് തന്നെ… വാപ്പച്ചിയോടും ഉമ്മച്ചീനോടും പറയാം… ഓളെ ലൈലാന്ന് വിളിക്കാനെക്കൊണ്ട്.
ആയിഷ ലൈലയുടെ കയ്യിൽ മൈലാഞ്ചിയിട്ടു കൊണ്ട് പറഞ്ഞു.
അങ്ങിനെ ചിക്കൻ തിന്നതിന്റെ പേരിൽ പൂജയും ഹോമവുമുള്ള ഹൈന്ദവ ഇല്ലത്ത് നിന്ന് പുറത്താക്കപ്പെട്ട ലച്ചു എന്ന ലക്ഷ്മിയായ ഞാൻ ഇന്നുച്ചമുതൽ ഏകദൈവ വിശ്വാസിയായ ലൈലയായി, ജാതി, മതം, രൂപം, ആചാരം, ഭാഷ ഇത്യാദികൾ മാറി.
തനിക്ക് അതിൽ വിഷമമില്ല.
അല്ലെങ്കിൽ തന്നെ താൻ
ജാതിയിലും മതത്തിലും വിശ്വസിക്കുന്നില്ല.
ആരെല്ലാം ഇനി എന്തെല്ലാം പേരിട്ട് വിളിച്ചാലും താൻ താൻതന്നെ.
സ്വന്തം തടി സ്വയം സൂക്ഷിച്ചു കൊള്ളണം.
വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കണം.
മഴയും വെയിലും കൊള്ളാതെ കിടക്കാനൊരു ഇടം വേണം.
എന്നാൽ ഇല്ലത്ത് ഇന്നാരും ഭക്ഷണം കഴിച്ചിരിക്കില്ല…
അവർക്ക് എന്നോട് അത്രയ്ക്കിഷ്ടമാണ്…
അച്ഛനാരെന്നോ, അവന്റെ ജാതി എന്തെന്നോ പറയാതെ ഞാനൊരു കറുമ്പനെ പെറ്റപ്പോഴും അവർ എന്നെയും അവനെയും പുറത്താക്കിയില്ല.
പൊതുവെ സ്വൈര്യ വിഹാരിണിയായ, രാത്രിഞ്ചരയായ എനിക്ക് അല്ലെങ്കിലും അവിടം ഇനി പറ്റുകയില്ല.
അവനെക്കുറിച്ച് എനിക്ക് ഭയമില്ല…
അവൻ സുരക്ഷിതനാണ് അവരുടെ കൂടെ.
അവർ അവനെ പൊന്നുപോലെ നോക്കുന്നുണ്ട്.
മകനെ എന്നെന്നേക്കുമായി പിരിയണം എന്നത് വിഷമമുള്ള കാര്യം തന്നെ.
അവൻ വളർന്നു വലുതാവുമ്പോൾ എന്നെ തിരിച്ചറിയണമെന്നില്ല.
എന്നാൽ, ഞാനിനിയും അവിടെ നിൽക്കുന്നത് അവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കും.
വീട്ടിൽ എന്നും അയൽവാസികളുടെ പരാതികളാണ്.
മോഷണമാണ് ആരോപണം.
പറഞ്ഞാൽ തിരിച്ചു പറയാത്തവരുടെ മേൽ ആർക്കും എന്തും ആരോപിക്കാം.
ഞാൻ കള്ളിയല്ല…
എനിക്കതിന്റെ ആവശ്യവുമില്ല.
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവരാണ് സിന്ദൂരിയുടെ വീട്ടുകാർ.
ആയതിനാൽ എത്ര വിഷമിച്ചാലും അവിടെ നിന്ന് അവരായിട്ട് ഇറക്കിവിടുന്ന സാഹചര്യം ഉണ്ടാക്കണം.
അതിനാലാണ് അപ്പുറത്തെ തങ്കമണിച്ചേച്ചി വളർത്തുന്ന രണ്ട് പിടകളെ ഞാൻ പിടിച്ചത്.
ആദ്യത്തേത് ആരും കണ്ടില്ല…
രണ്ടാമത് പിടിച്ച് അവരുടെ മുന്നിലൂടെ പതുക്കെ നടന്നു പോയത് എല്ലാവരും കാണാനായിരുന്നു.
കണ്ടു എന്നു മാത്രമല്ല നല്ലവനായ അയൽക്കാരന്റെ കയ്യിലിരുന്ന പട്ടികക്കഷ്ണം കൃത്യമായി തന്റെ തലയുമായി ഒരു ബാലാബലം നോക്കുകയും ചെയ്തു,
ആകെ ബഹളം… നിലവിളി.. ആക്രോശങ്ങൾ.. വെല്ലുവിളികൾ..
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സിന്ദൂരി പിറുപിറുത്തു കൊണ്ട് വണ്ടി കൊണ്ടുവന്ന് എന്റെ അടുത്ത് നിറുത്തി.
എനിക്കു വയ്യ നിന്നെ തല്ലിക്കൊല്ലുന്നത് കാണാൻ…
ഞാൻ സ്വമനസ്സാലെ വണ്ടിയിൽ കയറി.
സിന്ദൂരിയുടെ സ്കൂട്ടി സ്റ്റാർട്ടായി… ഒപ്പം അവളുടെ കരച്ചിലും.
അവളുടെ ഏകാന്തതകളിൽ വാരിപ്പുണരാനും കൊഞ്ചാനും കളിക്കാനും പറ്റിച്ചേർന്ന് കിടന്നുറങ്ങാനും താൻ മാത്രമായിരുന്നല്ലോ കൂട്ട്.
അന്ന് ഒരു ഡിസംബറിലെ തണുത്ത രാത്രിയിൽ സ്വന്തം ഇഷ്ടപ്രകാരം ഇതേ വണ്ടിയിൽ കയറി വന്നതാണ്.
റബറിന്റെ മണമുള്ള കറുത്ത കറിയാച്ചന്റെ വീട്ടിൽ നിന്ന്.
അന്ന് താൻ ഹനാൻ വെള്ളം തലയിൽ വീണ ലിസിയായിരുന്നു…
നീളമുള്ള വെളുത്ത ളോഹയിട്ട അച്ഛൻ, അതിരാവിലെ കറിയാച്ചന്റെ റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുര വെഞ്ചരിക്കാൻ വന്നപ്പോൾ പാലപ്പോം താറാവ് കറിയും കഴിക്കാനായി വീട്ടിനകത്ത് കയറിയതാ…
ചട്ടുകാലൻ കപ്യാരുടെ കയ്യിലെ കുന്തിരിക്കം പുകച്ച ധൂപക്കുറ്റി അച്ചന്റെ കാലിൽ കൊണ്ടതും,
ഞെട്ടിത്തെറിച്ച അച്ഛന്റെ കയ്യേന്ന് ഉറങ്ങിക്കിടന്ന എന്റെ തലയിലും വീണു ഹനാൻ വെള്ളം.
അതീപ്പിന്നെ കറിയാച്ചന്റെ കൂടെ എവിടേം പോകാനുള്ള സ്വാതന്ത്ര്യം… അവരുടെ ഒപ്പം പ്രാർത്ഥനയിൽ പങ്കുകൊണ്ട് കുരിശു വരച്ചേ കഴിക്കൂ… കിടക്കൂ…
ഹൊ എന്നാ സൊഖമായിരുന്നു.
കറിയാച്ചന്റെ മക്കളുടെ തിരിച്ചു വരവോടെ താൻ അവിടെ അധികപ്പറ്റാവുകയായിരുന്നു.
ആ ഇളയ ചെറുക്കൻ വല്ലാതെ ദ്രോഹിക്കാൻ തുടങ്ങി.
അവന്റെ ചെയ്തികൾ അതിരു വിട്ടേന്റന്ന് രാത്രിയാണ് പുൽക്കൂട് കാണാൻ വന്ന സിന്ദൂരിയുടെ കൂടെ ആ വീട് വിട്ട് ഇറങ്ങിയത്
പിറ്റേന്ന് കാലത്ത് അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന പുണ്യാഹം തളിച്ചുകൊണ്ട് സിന്ദൂരിയുടെ മകൻ വിളിച്ചു… ലച്ചൂ…..
ഇന്ന് അവൾ തന്നെ ഞാൻ ഈ വീട്ടിലേക്ക് കയറുന്നത് വെറുതെ നോക്കി നിന്നു.
അവളുടെ പക്കൽ എന്റെ മകനുണ്ടല്ലോ…
കാലം സിന്ദൂരിയുടെ വിഷമങ്ങൾ മായ്ക്കട്ടെ.
ലൈല പതുക്കെ മൂക്ക് വിടർത്തി.
നല്ല മീൻ വറുക്കുന്ന മണം…
ഉമ്മാ… ഇത് രണ്ടെണ്ണം ലൈലയ്ക്കാട്ടോ…
മഗരിബ് വിളി…
ഉമ്മാ… ലൈലയ്ക്ക് തട്ടം തലയില് നിക്ക്ന്നില്ല…
നിങ്ങളാ പൂച്ചേനെ വിട്ടുംങ്ങണ്ട് എന്തേലും പഠിക്കാൻ നോക്ക് പിള്ളേരെ…
ലൈല ചെവി വട്ടം പിടിച്ചു… കണ്ണ് വിടർത്തി.. ആ ശബ്ദം…. അല്ല.. അത് സിന്ദൂരിയുടെ വണ്ടിയല്ല..
സിന്ദൂരി നാളെ ഈ വഴി പോകുമ്പോൾ എന്നെ തിരയും…
ഞാൻ അവളെ ഒളിഞ്ഞു നിന്നു നോക്കും.
സമയം വീണ്ടും ഇഴഞ്ഞു…
ഇഷഹബാങ്ക് കൊടുത്തു…
പുറത്ത് നല്ല മഴ…
ആ കുന്നുചുറ്റി ഒരു കൊച്ച് തോട് ഒഴുകുന്നുണ്ട്.. മഹല്ലും, സിന്ദൂരിയുടെ വീടും കടന്ന് കറിയാച്ചന്റെ റബ്ബർ തോട്ടത്തിന് താഴെക്കൂടെ ഒഴുകി, വരണ്ട പുഴയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു കൊച്ച് തോട്.
അതിന്റെ നേർത്ത ശബ്ദം.
തലയ്ക്ക് നല്ല വേദന…
ലൈല കാലുകൾക്ക് ഇടയിലേയ്ക്ക് മുഖം പൂഴ്ത്തി വാലു ചുരട്ടി ഉറങ്ങാൻ കിടന്നു.
ദേവീപ്രസാദ് പീടീയ്ക്കൽ.
About The Author
No related posts.