അടുക്കളയില്‍ കയറി ചുറ്റും കണ്ണോടിച്ചു. ഭിത്തിയോട് ചേര്‍ന്നുള്ള കൊച്ച് അലമാരമുറികള്‍ ഓരോന്നും തുറന്ന് നോക്കി. ഓരോ സാധനങ്ങളും നല്ല പരിചയമാണ്. ആ വിഷം കണ്ടെടുക്കണം. ഉളളില്‍ പരിഭ്രമം ഉണ്ട്. കുഞ്ഞമ്മ കണ്ട് കഴിഞ്ഞാല്‍ അടിച്ച് കൊല്ലും. കള്ളനായി മുദ്ര കുത്തും. ധൃതിയില്‍ നോക്കികൊണ്ടിരിക്കെ മുറ്റത്തൊരു ശബ്ദം കേട്ടു. കുഞ്ഞമ്മ എത്തിയോ? ഒരു തരം മരവിപ്പ് തോന്നി. വേഗത്തില്‍ വാതിലിനടുത്തേക്ക് നടന്നു. കുഞ്ഞമ്മ തൊഴുത്തില്‍ കയറുന്ന സമയം രക്ഷപ്പെടണം. ആശങ്കയോടെ കതക് പാളി പതുക്കെ തുറന്ന് നോക്കി. ആരെയും കാണാനില്ല. ഇളകിയാടിയ മനസ്സിന് ധൈര്യം കൈ വന്നു. അവന്‍ ഭിത്തിക്ക് മറഞ്ഞുനിന്ന് നോക്കി. കുഞ്ഞമ്മ പറമ്പില്‍ തന്നെയാണ്. മനസ്സിന് ആശ്വാസമായി. കതകടച്ചിട്ട് അകത്തേക്കോടി അന്വേഷണം തുടര്‍ന്നു. കുഞ്ഞമ്മ എവിടെയാണ് വിഷം ഒളിപ്പിച്ചിരിക്കുന്നത്? കിടക്കമുറിയില്‍ കൊണ്ടുപോകാന്‍ സാധ്യതയില്ല. വിഷമല്ലേ അതിനാല്‍ എവിടെയെങ്കിലും സുരക്ഷിതമായി വെച്ചിട്ടുണ്ടാകും. അടുക്കളയിലെ അലമാരകളാണ് അതിന് പറ്റിയ സ്ഥലം. ഇവിടെ ഇല്ലെങ്കില്‍ പിന്നെ എവിടെയാണ്?
അടുപ്പിന് താഴെയും തടികൊണ്ടുള്ള അലമാരകളുണ്ട്. അതിലൊന്നില്‍ കണ്ണോടിച്ചു. ഒരു ചെറിയ കുപ്പിയില്‍ അവന്‍റെ കണ്ണുകള്‍ പതിഞ്ഞു. അതെടുത്ത് തുറന്നിട്ട ഒന്ന് മണപ്പിച്ചു നോക്കി. വല്ലാത്തൊരു ദുര്‍ഗന്ധം. കണ്ണുകള്‍ വിടര്‍ന്നു. ഇത് വിഷം തന്നെയായിരിക്കും. മുറ്റത്തേക്ക് കാതോര്‍ത്തു. കുഞ്ഞമ്മ എത്തിയിട്ടില്ല. കുഞ്ഞുകുപ്പിയില്‍ ഏതാനും തുള്ളികളേയുള്ളൂ. എന്നിട്ടും എന്തൊരു നാറ്റം. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല.
വിഷം വെള്ളത്തില്‍ ഒഴുക്കി അത്രയും വെള്ളം കുപ്പിയില്‍ നിറക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. പരിഭ്രമമുണ്ടെങ്കിലും പാത്രങ്ങള്‍ കഴുകുന്ന പൈപ്പിന്‍ വെള്ളത്തിലൂടെ അതവന്‍ ഒഴുക്കി.
അത്രയും വെള്ളം നിറച്ച് കുപ്പി യഥാസ്ഥാനത്ത് വെച്ചു. വേഗത്തില്‍ പുറത്തേക്കിറങ്ങി ഒന്നുമറിയാത്തവനെപോലെ കുഞ്ഞമ്മയുടെ അടുക്കലേക്ക് ചെന്നു.
‘എടാ നീ കോഴിയെ നോക്ക്. ഞാന്‍ ബോബിച്ചനെ ഒന്ന് കണ്ടിട്ടു വരട്ടെ.’
റീന കെവിനൊപ്പം അടുത്ത വീട്ടിലേക്ക് റബര്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു.
ചാര്‍ളിയുടെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം കുളിര്‍മ്മ. എപ്പോഴും തത്തമ്മയുടെ കാര്യത്തില്‍ ദുഃഖവും പേറി നടക്കുകയായിരുന്നു.ഇപ്പോള്‍ മനസ്സാകെ ഓടി കളിക്കുന്നു. ഇനിയും ഈ കാര്യം മനസ്സിനെ അലട്ടില്ല. ഇടയ്ക്കവന്‍ ആകാശത്തേക്ക് നോക്കി.
സൂര്യന്‍ എരിഞ്ഞടങ്ങിയിട്ടും നല്ല ചൂട് തോന്നി. കോഴിയേയും കുഞ്ഞുങ്ങളെയും വീട്ടിലേക്ക് നടത്തി. സന്ധ്യയോടെ കുഞ്ഞമ്മ വീട്ടിലേക്കു വന്നു കയറിയുടനെ ചാര്‍ളിയെ വിളിച്ചു.
‘എടാ ബോബിച്ചന്‍ നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്.’
അവന്‍റെ കണ്ണുകള്‍ പ്രകാശിച്ചു. വിചാരിച്ചതു പോലെയല്ല കാര്യം. മടിച്ച് ചോദിച്ചു.
‘എന്ത് ജോലിയാ.’ ആകാംക്ഷ കണ്ണുകളിലുണ്ടായി.
‘രാവിലെ പത്രം വീടുകളില്‍ കൊണ്ടിടുന്ന ജോലിയാ. വെറുതെയല്ല കാശ് തരും’
അത് കേട്ടപ്പോള്‍ അവന് താല്പര്യമായി. വല്യപ്പന്‍ പല പ്രമുഖ പത്രങ്ങളുടെയും ഏജന്‍റാണെന്ന് അവനറിയാം. കുറെ പാവപ്പെട്ട പിള്ളാരാണ് പത്രം വീടുകളില്‍ കൊണ്ടു കൊടുക്കുന്നത്. അതിലൊരാള്‍ വീട് വിറ്റിട്ട് പോയി. ആ കാര്യം റീനയോട് പറയുമ്പോഴാണ് ചാര്‍ളിയെ വിട്ടു തരാമെന്ന് റീന ഏറ്റത്.
‘അത് ഷാജിക്ക് ഇഷ്ടപ്പെടുമോ റീനെ? അവന്‍റെ ഇഷ്ടമില്ലാതെ…’
‘ബോബിച്ചന്‍ എന്തിനാ ഷാജിയെ അറിയിക്കുന്നേ.
അതോക്കെ അങ്ങേരറിയാതെ ഞാന്‍ നോക്കികൊള്ളാം.’
എല്‍സിയും അതിനോട് യോജിച്ചു.
‘അല്ല ഒന്നുകൂടി ആലോചിച്ചിട്ട് പോരായോ?’ ബോബി ചോദിച്ചു.
‘എന്നാ ആലോചിക്കാന്‍. ചെറുപ്പത്തിലെ പിള്ളാര് ജോലി ചെയ്തു പഠിക്കട്ടെ.’ റീനപറഞ്ഞു.
ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ചാര്‍ളിക്കു സന്തോഷമായി.
‘നെനക്ക് ഇഷ്ടമാണോ? ബോബിച്ചന്‍ നെനക്കു സൈക്കിളും തരും’അത് കൂടി കേട്ടപ്പോള്‍ അവന് ഒന്ന് കൂടി ഇഷ്ടം തോന്നി. ഒരു സൈക്കിള്‍ ചവുട്ടി പോകാന്‍ വലിയ ആഗ്രഹമാണ്. എനിക്കൊരു സൈക്കിള്‍ വാങ്ങിത്തരാന്‍ അപ്പന്‍ കാശയച്ചതാണ്. അത് വാങ്ങാന്‍ കുഞ്ഞമ്മ സമ്മതിച്ചില്ല.
‘രാവിലെ അഞ്ചു മണിക്ക് ബോബിച്ചന്‍റെ അടുത്ത് ചെല്ലണം. മറ്റ് കുട്ടികള്‍ക്കൊപ്പം നിന്നെ അയക്കും. സൈക്കിളില്‍ കയറി അപകടമൊന്നും ഉണ്ടാക്കരുത്. മനസ്സിലായോ?’ അവന്‍ തലയാട്ടി.
റീനക്ക് അത്രയും കേട്ടാല്‍ മതിയായിരുന്നു. ഇനി അവന്‍റെ അപ്പനറിഞ്ഞാലും തെറ്റില്ല. എല്ലാ കുറ്റവും അവന്‍റെ തലയില്‍ കെട്ടിവെക്കാം. അവന്‍റെ ഇഷ്ടത്തിന് താനെന്തിന് എതിര്‍ക്കണമെന്ന ചോദ്യവുമുണ്ട്. ഇതിലൂടെ എല്‍സി ചേച്ചിയുടെ പ്രീതിയും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇനി സൈക്കിള്‍ എവിടെ പോയി ഇടിച്ചാലും പറയാന്‍ കഴിയും. അപകടമുണ്ടാക്കരുതെന്ന് പ്രത്യേകം പറഞ്ഞതാണെന്ന്.
അമ്മയെ പോലെ ഇവനും പെട്ടെന്നങ്ങ് മരിക്കണം. അങ്ങനെയായാല്‍ ഈ വീടിന്‍റെയും സ്വത്തിന്‍റെയും അവകാശി കെവിനാകും. വലിയ തെങ്ങുകളില്‍ തേങ്ങയിടാന്‍ വരെ കയറ്റിയിട്ടിണ്ട്. തെങ്ങുപോലും അവനെ ചതിക്കൂന്നില്ല. ഒരു ഒഴിയാബാധ പോലെ മുന്നില്‍ നില്‍ക്കയല്ലേ. എന്തു ചെയ്യാനാണ്. ഒടുവിലായി പറഞ്ഞു.
‘നീ ചെന്ന് നിന്‍റെ ക്ലോക്കില്‍ നാലരയാക്കിവെക്ക്.
എങ്കിലേ സമയത്ത് എഴുന്നേക്കാന്‍ പറ്റൂ. പോ…
ചാര്‍ളീ അനുസരിച്ചു. മേശപ്പുറത്തിരുന്ന ക്ലോക്കിലെ സമയസൂചിക മാറ്റിവെച്ചു. എങ്ങും സന്ധ്യ പടര്‍ന്നു. മുറിക്കുള്ളിലെ ലൈറ്റിട്ടു. മുറിക്കുള്ളില്‍ വെളിച്ചമുണ്ടായാല്‍ ആദ്യമവന്‍ വിശുദ്ധ വേദപുസ്തകം വായിക്കയും കണ്ണടച്ചിരുന്ന് മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
കട്ടിലില്‍ കിടന്ന് മറ്റുള്ള കുട്ടികള്‍ക്കൊപ്പം പത്രം കൊടുക്കുന്നത് ചിന്തിച്ചു. സൈക്കിളില്‍ സഞ്ചരിക്കുക വലിയ മോഹമായിരുന്നു. കണ്ണുകള്‍ മയങ്ങിവന്നു. ക്ഷണ നേരം കൊണ്ട് അമ്മ ഒരു മെഴുകുതിരി വെട്ടം പോലെ മനസ്സിലേക്ക് വന്നു. അമ്മയുടെ മരണദിനം ഈ വെള്ളിയാഴ്ചയെന്നവന്‍ ഓര്‍ത്തു. കിടന്നുറങ്ങിയത് അറിഞ്ഞില്ല.
ക്ലോക്കില്‍ മണിയടിശബ്ദം കേട്ടവന്‍ ഉണര്‍ന്നു. നേരം പുലര്‍ന്നില്ല. പക്ഷികള്‍ ഉണര്‍ന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി. ഉടുപ്പ് എടുത്തണിഞ്ഞ് അടുത്ത വീട്ടിലേക്ക് നടന്നു. അവനൊപ്പം കുട്ടനുമുണ്ടായിരുന്നു. മഞ്ഞുതുള്ളികള്‍ തലയില്‍ വീണു. വല്യപ്പന്‍ ഉണര്‍ന്നിട്ടില്ല. മുറ്റത്തു നിന്നപ്പോള്‍ നല്ല തണുപ്പ് തോന്നി. വരാന്തയുടെ ഒരു മൂലയിലുള്ള ഗ്ലാസിലേക്കു ശ്രദ്ധയോടെ നോക്കി. തത്തമ്മയെപ്പോലെ തടവുകാരായി കഴിയുന്ന ഏതാനും മത്സ്യങ്ങള്‍ ഗ്ലാസിലെ വെള്ളത്തില്‍ നീന്തുന്നു. അടുത്തേക്ക് ചെന്നു. ഈ മത്സ്യങ്ങളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം.
About The Author
No related posts.