വൈകിവന്ന വിവേകം { അദ്ധ്യായം 8 } – മേരി അലക്സ് ( മണിയ )

Facebook
Twitter
WhatsApp
Email

വൈകിവന്ന വിവേകം 8


തുടരുന്നു  ….                           
           അമ്മ പായ്ക്ക് ചെയ്തു തന്ന സാധനങ്ങൾ ബാഗിൽ വച്ച് യാത്ര പറഞ്ഞിറങ്ങി .സാധാരണ കൂടെ അനുജനാണ് ബസ് സ്റ്റോപ്പ്‌ വരെ വരാറുള്ളത്.അപ്പോൾ കൂടെ വന്നത് അപ്പൻ ആണ്. അപ്പൻ ഒന്നും മിണ്ടാതെ ഒപ്പം ഒപ്പം നടന്നു. എന്തോ ഉള്ളിൽ തിങ്ങി നിൽക്കുന്നതുപോലെ. തന്നോട് എന്തോ പറയാനുള്ളതു പോലെ.പക്ഷെ ഒന്നും പറഞ്ഞില്ല, ബസ്സ് സ്റ്റോപ്പ് എത്തുകയും ചെയ്തു. ബസ്സിൽ കയറി ഇരുന്നു കഴിഞ്ഞപ്പോൾ, അപ്പൻ ചോദിച്ചു.
“മോളോട് അമ്മ വല്ലതും പറഞ്ഞോ?”
 എന്നിട്ട് അർത്ഥവത്തായ ഒരു നോട്ടവും.
“ഇല്ലപ്പാ എന്താ അങ്ങനെ ചോദിച്ചത്. അപ്പൻ പറ. ഞാൻ അടുത്ത ബസ്സിന്‌ പോകാം.” “വേണ്ട വേണ്ട ഇനിയത്തെ വരവിനാട്ടെ,അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടൊന്നു വരാം അമ്മയ്ക്കും അവിടൊക്കെ ഒന്നു കാണാമല്ലോ.”
അതു നല്ല കാര്യം. ഹോസ്റ്റലിൽ നേരത്തെ പറയണം എന്നേയുള്ളു. ഗസ്റ്റ് റൂം ഉണ്ട്‌ ഭക്ഷണവും കിട്ടും. അല്ലെങ്കിൽ പുറത്തു തനിക്കും കൂടി താമസിക്കാം. ബസ് വിട്ടു. താൻ കൈ വീശി യാത്ര പറഞ്ഞു.
           ബാഗുമായി താൻ ഓഫീസിലേക്കുള്ള വഴിയിൽ അല്പം നടന്നുകാണും. എതിർദിശയിൽ നിന്നും ജോസ് സാർ നടന്നു വരുന്നു. അടുത്തുവന്ന് നിന്നു.നമസ്കാരം പറഞ്ഞു, പതിവില്ലാത്ത ഒരു കാര്യം ആണ്. താനും. സാർ പറഞ്ഞു.
 “നല്ല ഒരു വിസിറ്റ് ആയിരുന്നു ഞങ്ങളുടേത്. എല്ലാർക്കും നിങ്ങളുടെ ട്രീറ്റ്‌ ഇഷ്ടപ്പെട്ടു.ഫുഡ്‌ പ്രത്യേകിച്ച്,ഫുഡ്‌ മാത്രമല്ല തന്റെ പേരൻസിന്റെ പെരുമാറ്റവും. ഞങ്ങൾക്ക് കൃഷിയിടത്തിൽ നിന്ന് തന്നയച്ച സാധനങ്ങളും, എല്ലാം എല്ലാം. അറിയിക്കാതെ വന്നതിൽ ക്ഷമിക്കണം.”
“അതു സാരമില്ല സാറിനൊരു പെണ്ണുകാണാൻ പോയിട്ടു വന്നവഴിയല്ലേ? അങ്ങനെയെങ്കിലും വരാൻ പറ്റിയല്ലോ. ഞാൻ വിളിക്കണം എന്നാഗ്രഹിച്ച് ഇരിക്കയായിരുന്നു എന്തു പറഞ്ഞു വിളിക്കും.”
സാർ അതു കേട്ട് ഒന്നൂറിച്ചിരിച്ചു നടന്നുപോയി. എന്തായിരിക്കും ആ ചിരിയുടെ അർത്ഥം. പെൺകുട്ടിയെ ഇഷ്ടപ്പെട്ടെന്നാണോ. അതോ താൻ അതു എങ്ങനെ അറിഞ്ഞു എന്നാണോ?. ആലോചിച്ചുകൊണ്ട് താനും ഓഫീസിലേക്കു നടന്നു. പതിവുപോലെ കയ്യും മുഖവും കഴുകി കൊണ്ടുവന്ന ബ്രേക്ഫാസ്റ്റ് കഴിച്ചു. ചെറുതായി ഒരു മേക്ക് അപ്പ്‌ ഒക്കെ നടത്തി സീറ്റിൽ ഇരുന്നു. ആളുകൾ ഓരോരുത്തരായി വന്നു തുടങ്ങി.ഒടുവിൽ കൂട്ടുകാരിയും ഭർത്താവും. വന്നപാടെ തന്റെ അടുത്തേക്കാണ് എത്തിയത്.
“ഞങ്ങളുടെ വരവ് എങ്ങനുണ്ടാരുന്നു?
പപ്പയും മമ്മിയും എന്തുപറഞ്ഞു ?”
“പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല “.
 “ഒന്നും?”
“നിങ്ങൾ ഞങ്ങളോട് അടുപ്പവും സ്നേഹവും ഉള്ളവരായതുകൊണ്ടാണ് നമ്മുടെ വീട്ടിൽ വന്നത്. നല്ല ആൾക്കാർ”
എന്നൊക്കെ പറഞ്ഞു.
“വേറൊന്നും”
“അതെന്താ അങ്ങനെ?വേറെന്തു പറയാൻ?”വേറെ വല്ലതും ഉണ്ടോ? സാറിന് പോയി കണ്ട പെൺകുട്ടിയെ ഇഷ്ടപ്പെട്ടോ? അതു പറഞ്ഞില്ലല്ലോ? ഞാൻ ചോദിക്കാഞ്ഞിട്ടാണോ?”
പിന്നെ ഒന്നും പറയാനില്ലാത്തതുപോലെ
അവർ സീറ്റിലേക്ക് പോയി. താൻ പ്യൂൺ കൊണ്ടുവന്ന രജിസ്റ്റർ വാങ്ങി ഒപ്പിട്ടു കൊടുത്ത് ജോലിയിലേക്ക് കടന്നു.
                      കുറച്ചു സമയം സീറ്റിൽ ഇരുന്നിട്ട് കൂട്ടുകാരി എഴുനേറ്റു പോകുന്നതു കണ്ടു. കുറേ സമയത്തേക്ക് ആളെ തിരികെ കണ്ടതും ഇല്ല. ഭർത്താവിന്റെ അടുത്ത് വല്ലതും പറയാൻ പോയിരിക്കും.വരട്ടെ. അവൾ തന്റെ ജോലി തുടർന്നു.ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭാര്യ അല്ല ഭർത്താവിന്റെ വീതം ആണ് തുടക്കം.
 “അവർക്കൊക്കെ തന്റെ വീടും കാര്യങ്ങളും ഇഷ്ടപ്പെട്ടു കേട്ടോ. ഞങ്ങൾ പിന്നെ നേരത്തെ ഇഷ്ടപ്പെട്ടവരാണല്ലോ. ഹോ എന്തൊക്കെയാ അപ്പാപ്പൻ തന്നു വിട്ടത് വീതം വച്ചു മടുത്തു. കപ്പേം ചക്കേം തേങ്ങയും എന്നു വേണ്ട. ഞങ്ങൾ കൂട്ടാൻ തരുന്നത് മൊതലായി.കൂടെ വന്നവർ കോളടിച്ചു. “
മിണ്ടില്ലെന്നു വിചാരിച്ചിരുന്ന ആൾ എന്തെല്ലാമാണ് പറയുന്നത് . കൊള്ളാം. അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
                  കൂട്ടുകാരിയും ഭർത്താവും ഇല്ലാതിരുന്ന ഒരു ദിവസം ഹെഡ്ക്ലർക്ക്
മേശക്കരികിൽ വന്ന് കസേര വലിച്ചിട്ടു ഇരുന്ന് ഒരു രഹസ്യം പോലെ ചോദിച്ചു.
 “വല്ലോം നടക്കുമോ “
ഒന്നും മനസ്സിലാകാതെ താൻ അദ്ദേഹത്തെ നോക്കി.
“എന്താ സാർ?”
“അല്ല ചില അടിയോഴുക്കുകൾ ഇവിടെ നടക്കുന്നുണ്ടെന്നു ഞാനറിഞ്ഞു. അതുകൊണ്ട് ചോദിച്ചതാ.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല സാർ.എന്തായാലും തെളിച്ചു പറയണം.”
“അപ്പൊ കുട്ടിക്കൊന്നും അറിഞ്ഞുകൂടേ. പിന്നെ എല്ലാരും കൂടെ വീട്ടിൽ വന്നതോ?”
“അതു ജോസ് സാറിന് ഒരു പെൺകുട്ടിയെ കാണാൻ പോയിട്ടു വരുന്ന വഴി അവിടെ കയറി എന്നേയുള്ളു”
 “ഓ അതു ശരി അപ്പൊ അങ്ങനെയാ കാര്യത്തിന്റെ കിടപ്പ്.കുട്ടി ഒരു പൊട്ടി തന്നെ. എടൊ തന്നെ കാണാനും തന്റെ വീടു കാണാനും ഒക്കെയായിട്ടാടോ അവർ അവിടെ വന്നത്.”
          സാർ എഴുന്നേറ്റു.
“എല്ലാം വഴിയേ അറിഞ്ഞോളും. നല്ല കാര്യമാ കേട്ടോ. രണ്ടുപേർക്കും ഒരുമിച്ചു ജോലി എന്നു പറഞ്ഞാൽ പകുതി ചെലവ് കുറയും. ഈ ഓഫീസ് ആയതുകൊണ്ടു ആരും ഇങ്ങോട്ടു വരാനും കാണില്ല. വിട്ടുകളയണ്ട.”
         എന്തോ തനിക്ക് കൂട്ടുകാരിയുടെ ആ ഒളിച്ചു കളി അത്ര ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്തൊക്കെയോ ഉള്ളിൽ ഇരുന്ന് പുകഞ്ഞു, ഒരുതരം മണ്ടിയാക്കൽ ആയിരുന്നില്ലേ?അതുവരെ എത്ര ഹൃദയം തുറന്ന സമീപനം ആയിരുന്നു തമ്മിൽ തമ്മിൽ. രോഷം,സങ്കടം,പരിഭവം എല്ലാം സമ്മിശ്രമായി തന്നിൽ ഉടലെടുത്തു.ഒരു
ലീവ് അപ്ലിക്കേഷൻ പൂരിപ്പിച്ച് ഹെഡ്ക്ലർക്കിനെ ഏൽപ്പിച്ചു.
“എന്താ എന്തുപറ്റി? പെട്ടെന്ന്?”
“ഒന്നുമില്ല സാർ നേരത്തെ പറഞ്ഞിട്ടുള്ളതാണ്, ഞങ്ങളുടെ പള്ളിയിൽ പെരുന്നാൾ.പോയിട്ടു വരുമ്പോ പെരുന്നാൾ പടി കൊണ്ടുവരാം. പെൻഡിങ് വർക്ക്‌ ഒന്നും ഇല്ല സാർ.”
                                   തുടരും

About The Author

Leave a Reply

Your email address will not be published. Required fields are marked *